മല്ലികാ സാരാഭായ്, ഇതു കേരളമാണ്…
രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയെ നേരിടുന്നതിന് ആശയപരമായ പടച്ചട്ടയണിയുന്നതിനെ കുറിച്ചായിരുന്നു സാഹിത്യ അക്കാദമിയില്‍ കഴിഞ്ഞ ദിവസം നടന്ന യോഗം. കേരളത്തിലെ പ്രമുഖരായ നിരവധി എഴുത്തുകാരും ചിന്തകരുമെല്ലാം പങ്കെടുത്ത യോഗം. യോഗമുല്‍ഘാടനം ചെയ്ത നര്‍ത്തകിയും ആക്ടിവിസ്റ്റുമായ മല്ലികാ സാരാഭായിക്ക് ഒരു സംശയം – എന്തുകൊണ്ട് ഇത്രയും പ്രസക്തമായ ഒരു യോഗത്തില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ മാത്രം? ഗുജറാത്തിലടക്കം പല സംസ്ഥാനങ്ങലിലും താന്‍ പങ്കെടുത്ത സമാനയോഗങ്ങളുടെ അവസ്ഥയിതല്ല. എന്തുകൊണ്ട് സാക്ഷരവും പ്രബുദ്ധവുമെന്ന് കൊട്ടിഘോഷിക്കപ്പെടുന് കേരളത്തില്‍ ഈയവസ്ഥ? അതെ മല്ലികാ സാരാഭായ്, […]
രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയെ നേരിടുന്നതിന് ആശയപരമായ പടച്ചട്ടയണിയുന്നതിനെ കുറിച്ചായിരുന്നു സാഹിത്യ അക്കാദമിയില്‍ കഴിഞ്ഞ ദിവസം നടന്ന യോഗം. കേരളത്തിലെ പ്രമുഖരായ നിരവധി എഴുത്തുകാരും ചിന്തകരുമെല്ലാം പങ്കെടുത്ത യോഗം. യോഗമുല്‍ഘാടനം ചെയ്ത നര്‍ത്തകിയും ആക്ടിവിസ്റ്റുമായ മല്ലികാ സാരാഭായിക്ക് ഒരു സംശയം – എന്തുകൊണ്ട് ഇത്രയും പ്രസക്തമായ ഒരു യോഗത്തില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ മാത്രം? ഗുജറാത്തിലടക്കം പല സംസ്ഥാനങ്ങലിലും താന്‍ പങ്കെടുത്ത സമാനയോഗങ്ങളുടെ അവസ്ഥയിതല്ല. എന്തുകൊണ്ട് സാക്ഷരവും പ്രബുദ്ധവുമെന്ന് കൊട്ടിഘോഷിക്കപ്പെടുന് കേരളത്തില്‍ ഈയവസ്ഥ?
അതെ മല്ലികാ സാരാഭായ്, ഇതാണ് കേരളം. പ്രബുദ്ധതയും സാക്ഷരതയുമെല്ലാം എങ്ങനെ സമൂഹത്തിന് യാതൊരു ഗുണവുമില്ലാതായി മാറുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം. ഫാസിസത്തിന്റെ ഒരടയാളം പുരുഷാധിപത്യമാണെന്ന് വ്യക്തമായിട്ടും അതിനെതിരായ പോരാട്ടത്തില്‍ സ്ത്രീകളുടെ പ്രാധാന്യത്തെ പറ്റി ബോധ്യമാകാത്ത സമൂഹം. വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലുമെല്ലാം പങ്കാളിത്തം കൂടുതലുണ്ടെങ്കിലും അതു തങ്ങളുടെ സമൂഹത്തിന്റെ മോചനത്തിനുള്ള മാര്‍ഗ്ഗമാക്കാന്‍ അവര്‍ പരാജയപ്പെടുന്നു. അഥവാ അവരെ മുന്‍കൂട്ടി തീരുമാനിച്ചയിടങ്ങളില്‍ തളച്ചിടാന്‍ പുരുഷനു കഴിയുന്നു.
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രക്രിയകള്‍ സജീവമായ സമയത്താണ് മല്ലികാ സാരാഭായുടെ ഈ പ്രതികരണം. സ്ത്രീകള്‍ക്ക് അമ്പത് ശതമാനം സീറ്റ് സംവരണം ചെയ്യുക വഴി കേരളം രാജ്യത്തിന് മാതൃകയാണെന്നാണല്ലോ അവകാശവാദം. സത്യമന്തൊണ്? ആദ്യഘട്ടത്തില്‍ നിരവധി സ്ത്രീകള്‍ സജീവമായി പൊതുരംഗത്തെത്തി എന്നത് ശരിയാണ്. ശക്തരായ നിരവധി സ്ത്രീ ഭരണാധികാരികള്‍ സംസ്ഥാനത്തുടനീളം ഉയര്‍ന്നു വരുകയും ചെയ്തു. എന്നാല്‍ അടുത്ത കാലത്തായി ആ അവസ്ഥ മാറിവരുകയാണ്. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നത് വ്യക്തമാണ്. സ്വന്തം പ്രയത്‌നത്തിലൂടേയും പ്രവര്‍ത്തനത്തിലൂടേയും ഉയര്‍ന്നു വന്ന സ്ത്രീകള്‍ക്കല്ല ഇരുമുന്നണികളും ബിജെപിയുമെല്ലാം പ്രധാനമായും സീറ്റുകള്‍ നല്‍കിയിരിക്കുന്നത്. മിക്കവാറും സീറ്റുകളില്‍ നേരത്തെ ജയിച്ചവരുടേയും തോറ്റവരുടേയും ഭാര്യമാരോ ബന്ധുക്കളോ ആണ് സ്ഥാനാര്‍ത്ഥികള്‍. അടുത്ത തവണ വീണ്ടും ജനറല്‍ വാര്‍ഡാകുമ്പോള്‍ അതു തങ്ങള്‍ക്കുതന്നെ തിരിച്ചുകിട്ടുമെന്നവര്‍ക്കറിയാം. അതുവരെ പിന്‍സീറ്റ് ഡ്രൈവിംഗ് തന്നെയാണവരുടെ ലക്ഷ്യം. ഭാര്യമാരും ബന്ധുക്കളുമൊന്നും രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ല എന്നല്ല പറയുന്നത്. എല്ലാവരും തന്നെ രാഷ്ട്രീയത്തില്‍ വരണം. പല നേതാക്കളും തങ്ങളുടെ മക്കള്‍ രാഷ്ട്രീയത്തില്‍ വരരുതെന്ന നിഷ്‌കര്‍ഷയിലാണെന്നും മറക്കരുത്. തെറ്റായ നിലപാടുതന്നെയാണത്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും അധാകാരസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെടുന്നവരുടെ യാഗ്യതയായി പിതാവിന്റേയോ ഭര്‍ത്താവിന്റേയോ സ്ഥാനങ്ങള്‍ പരിഗണിക്കപ്പെടുന്നത് ഗുണകരമല്ല. ഫലത്തില്‍ സ്ത്രീസംവരണത്തെതന്നെ അട്ടിമറിക്കുന്ന സമീപനമാണിത്. നായനാരുടേയും സി എന്‍ ബാലകൃഷ്ണന്റേയും എംവിആറിന്റേയും മക്കള്‍ മുതല്‍ ഏറ്റവും അടിത്തട്ടില്‍ വരെ ഈ രീതിയാണ് കാണുന്നത്. ഇതിനെ കാപട്യമെന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക? കാന്തപുരവും അബ്ദുറഹ്മാനുമൊക്കെ പരസ്യമായി സ്ത്രീസംവരണത്തിനെതിരെ നിലപാടെടുക്കുന്നതിനെ കുറ്റപ്പെടുത്താന്‍ ആര്‍ക്കാണവകാശം? അവരൊന്നുമില്ലെങ്കില്‍ സത്യസന്ധമായി കാര്യം പറയുന്നു. മറ്റുള്ളവരോ? മലപ്പുറത്ത് സ്ഥാനാര്‍ത്ഥികളുടെ ഭര്‍ത്താവിന്റെ പടം വെച്ച പോസ്റ്ററുകള്‍ കണ്ടല്ലോ. സത്യത്തില്‍ കേരളം മുഴുവന്‍ നടക്കുന്നത് അതാണ്. സ്ത്രീസംവരണമില്ലാത്ത സീറ്റുകളിലാകട്ടെ എത്ര കഴിവുള്ള സ്ത്രീകളുണ്ടെങ്കിലും മത്സരിപ്പിക്കില്ല എന്നതും ശ്രദ്ധേയമാണ്. സംവരണത്തിന്റെ പേരില്‍ ജനറല്‍ സീറ്റുകള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കുന്നു.
രാഷ്ട്രീയത്തിലെ ഈയവസ്ഥ തന്നെയാണ് എല്ലാ മേഖലയിലും നിലനില്‍ക്കുന്നതെന്നാണ് മല്ലികാ സാരാഭായ് മനസ്സിലാക്കേണ്ടത്. ബൗദ്ധികനിലവാരം നേടാനുള്ള എല്ലാ അവസരങ്ങളും നിഷേധിച്ചുതന്നെയാണ് ഇപ്പോഴും പെണ്‍കുട്ടികളെ നമ്മള്‍ വളര്‍ത്തുന്നത്. വൈകീട്ട് ആണ്‍കുട്ടികള്‍ ലൈബ്രറി ഉപയോഗിക്കുമ്പോള്‍ തങ്ങള്‍ക്ക് നിഷേധിക്കുന്നതിനെതിരെ സി ഇ ടിയിലെ വിദ്യാര്‍ത്ഥിനികള്‍ രംഗത്തിറങ്ങിയത് അടുത്തയിടെയാണല്ലോ. എല്ലാമേഖലയിലും പെണ്‍കുട്ടികള്‍ക്ക് കടന്നുവരാന്‍ അവസരമുണ്ടെന്നു പറയുകയും മറുവശത്ത് വളരെ തന്ത്രപൂര്‍വ്വം അത് നിഷേധിക്കുകയും ചെയ്യാന്‍ വിദഗ്ധരാണ് നാം. പെണ്‍കുട്ടി ജനിക്കുമ്പോഴേക്കും വിവാഹത്തിനുള്ള സ്വര്‍ണ്ണശേഖരണം ആരംഭിക്കുന്നവരാണല്ലോ ഭൂരിഭാഗവും. അടിസ്ഥാനപരമായി കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നര്‍ത്ഥം. പിന്നെങ്ങിനെ ഇത്തരമൊരു സമ്മേളനത്തില്‍ സ്ത്രീപ്രാതിനിധ്യം കാണും സാരാഭായ്?
സ്ത്രീകളുടെ പ്രാതിനിധ്യകുറവ് മാത്രമല്ല അവരുന്നയിച്ചത്. ഫാസിസത്തിനെതിരായി ശക്തമായ പ്രതിരോധം കേരളത്തില്‍ നിന്നുയരുന്നില്ല എന്നും മല്ലികാ സാരാഭായ് ചൂണ്ടികാട്ടി. കേരളത്തിലെ കലാകാരന്മാരും സാംസ്‌കാരിക നായകരും എഴുത്തുകാരുമൊന്നും കാലമാവശ്യപ്പെടുന്ന ധീരമായ നിലപാടുകളിലേക്ക് എത്തുന്നില്ല. ആരെങ്കിലും നിലപാടെടുത്താല്‍ തന്നെ ഇതുവരെ നിങ്ങളെവിടെയായിരുന്നു എന്ന ചോദ്യങ്ങളാണുയര്‍ത്തുന്നത്. മാനവികതയും ധീരതയുമില്ലെങ്കില്‍ സാക്ഷരത കൊണ്ട് എന്നു മെച്ചം എന്നും മലയാളികളുടെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതക്കുനേരെ വിരല്‍ ചൂണ്ടി സാരാഭായ് ചോദിക്കുന്നു.
വളരെ പ്രസക്തമായ ചോദ്യങ്ങളാണ് മല്ലികാ സാരാഭായ് ഉന്നയിക്കുന്നത്. ഫാസിസത്തിനെതിരായ പ്രതിരോധത്തെ കുറിച്ചുള്ള ദിശാബോധം ഇനിയും തെളിയാത്ത അവസ്ഥയിലാണ് നാമെല്ലാം. ഒരു വശത്ത് കായികമായി അവരെ നേരിടാമെന്നു ധരിച്ചിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയം. കായികമായി ഒരാസയത്തേയും തകര്‍ക്കാനാവില്ലെന്ന ചരിത്രമാണവര്‍ വിസ്മരിക്കുന്നത്. അതുപോലെതന്നെ ബാലിശമാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ മതേതരത്വനിലപാട് ഇവിടേയും പകര്‍ത്താന്‍ ശ്രമിക്കുന്നത്. പ്രധാനമായും ഒരു മതത്തിന്റെ ആധിപത്യം നിലനിന്നിരുന്ന അവിടങ്ങലില്‍ മതവും രാഷ്ട്രീയവും വേര്‍പിരിയല്‍ എളുപ്പമായിരുന്നു. എന്നാല്‍ ആയിരകണക്കിന് ജാതികളും ഭാഷകളും സാംസ്‌കാരിക വൈവിധ്യങ്ങളും നിലനില്‍ക്കുന്ന ഇന്ത്യയുടെ അവസ്ഥ അതാണോ? നൂറ്റാണ്ടുകളായി അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയ വിഭാഗങ്ങളെ അവിടേക്കെത്തിക്കുക എന്നതായിരിക്കണം നമ്മുടെ അടിയന്തിരകടമ. അവിടെ മേല്‍സൂചിപ്പിച്ച മതേതരത്വത്തിനല്ല പ്രസക്തി. ജാതിപരവും ഭാഷാപരവും ലിംഗപരവുമൊക്കെയുള്ള സ്വത്വബോധത്തിന്റെ പ്രാധാന്യം ഇനിയും നാം തിരിച്ചറിയുന്നില്ല. ഇതിനെയെല്ലാം സ്വത്വരാഷ്ട്രീയമെന്നാരോപിച്ച് മതേതരത്വത്തോടൊപ്പം വര്‍ഗ്ഗസമരവും ചേര്‍ത്താല്‍ പ്രശ്‌നപരിഹാരമായി എന്ന ധാരണതന്നെ വിഡ്ഢിത്തമല്ലേ? അതുപോലെതന്നെയാണ് കണ്‍മുന്നിലെത്തിയിരിക്കുന്ന ഫാസിസത്തെ കുറിച്ചു പറയുമ്പോഴും ബാലന്‍സിങ്ങിനുവേണ്ടി പന്നികളേയും കൈവെട്ടിനേയും ഐഎസിനേയും കുറിച്ചു പറയുന്ന പ്രവണതയും.
ഒന്നുറപ്പാണ്. അടിയന്തരാവസ്ഥകാലത്തേക്കാള്‍ എത്രയോ വ്യത്യസ്ഥമായി സകലമാന പ്രത്യയശാസ്ത്ര – പുനരുദ്ധാരണ ആയുധങ്ങളുമായാണ് ഫാസിസ്റ്റ് ശക്തികളുടെ വരവ്. സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രമെന്ന കൃത്യമായ ലക്ഷ്യമവര്‍ക്കുണ്ട്. അതിനെതിരായ പ്രവര്‍ത്തനങ്ങളാകട്ടെ ഇരുട്ടില്‍ തപ്പുകയുമാണ്. അങ്ങനെ നാം തന്നെയാണവര്‍ക്ക് പരവതാനി വിരിച്ചുകൊടുക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in