മലയാളിയുടെ ഇരട്ടവ്യക്തിത്വം : ഋഷിരാജ്‌ സിങ്ങിനും കാര്യം മനസ്സിലായി

മലയാളികളുടെ തനിസ്വഭാവം ഋഷിരാജ്‌ സിങ്ങിനും മനസ്സിലായി. ഇരട്ടവ്യക്തിത്വമുള്ളവരാണ്‌ മലയാളികളെന്ന്‌ അദ്ദേഹം തുറന്നു പറഞ്ഞു. അഴിമതിക്കെതിരെ പ്രസംഗിക്കുകയും സിനിമയില്‍ അഴിമതിക്കെതിരെ പ്രതികരിക്കുന്ന നായകനെ കണ്ട്‌ കൈയടിക്കുകയും ചെയ്‌തിട്ട്‌ തന്‍െറ കാര്യം നടക്കാന്‍ സര്‍ക്കാര്‍ ഓഫിസില്‍ കൈക്കൂലി കൊടുക്കുന്നയാളാണ്‌ മലയാളി എന്നാണ്‌ അദ്ദേഹം കണ്ടെത്തിയത്‌. എല്ലാ കാര്യത്തിലും അങ്ങനെതന്നെ എന്ന്‌ അദ്ദേഹം എന്നാണാവോ മനസ്സിലാക്കുക? രാഷ്ട്രീയ പ്രബുദ്ധമെന്ന്‌ സ്വയം അവകാശപ്പെടുകയും പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ നിരക്ഷരരുമാണ്‌ മലയാളിയെന്ന സത്യം… ഋഷിരാജ്‌ സിങ്ങിനും ഒരുപാട്‌ കയടിക്കുന്നവരാണല്ലോ നാം. സത്യമെന്താണെന്ന്‌ ഇപ്പോള്‍ അദ്ദേഹത്തിനും മനസ്സിലായല്ലോ. […]

rrrമലയാളികളുടെ തനിസ്വഭാവം ഋഷിരാജ്‌ സിങ്ങിനും മനസ്സിലായി. ഇരട്ടവ്യക്തിത്വമുള്ളവരാണ്‌ മലയാളികളെന്ന്‌ അദ്ദേഹം തുറന്നു പറഞ്ഞു. അഴിമതിക്കെതിരെ പ്രസംഗിക്കുകയും സിനിമയില്‍ അഴിമതിക്കെതിരെ പ്രതികരിക്കുന്ന നായകനെ കണ്ട്‌ കൈയടിക്കുകയും ചെയ്‌തിട്ട്‌ തന്‍െറ കാര്യം നടക്കാന്‍ സര്‍ക്കാര്‍ ഓഫിസില്‍ കൈക്കൂലി കൊടുക്കുന്നയാളാണ്‌ മലയാളി എന്നാണ്‌ അദ്ദേഹം കണ്ടെത്തിയത്‌. എല്ലാ കാര്യത്തിലും അങ്ങനെതന്നെ എന്ന്‌ അദ്ദേഹം എന്നാണാവോ മനസ്സിലാക്കുക? രാഷ്ട്രീയ പ്രബുദ്ധമെന്ന്‌ സ്വയം അവകാശപ്പെടുകയും പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ നിരക്ഷരരുമാണ്‌ മലയാളിയെന്ന സത്യം…
ഋഷിരാജ്‌ സിങ്ങിനും ഒരുപാട്‌ കയടിക്കുന്നവരാണല്ലോ നാം. സത്യമെന്താണെന്ന്‌ ഇപ്പോള്‍ അദ്ദേഹത്തിനും മനസ്സിലായല്ലോ. അത്രയും നന്നായി. അഴിമതിയല്ല, എല്ലാ കാര്യത്തിലും സ്ഥിതി ഇതുതന്നെ എന്നും അദ്ദേഹം മനസ്സിലാക്കിയാല്‍ നന്ന്‌.
മലയാളിയുടെ ഇരട്ടവ്യക്തിത്വത്തെ കുറിച്ച്‌ ഏതാനും വര്‍ഷം മുമ്പ്‌ വായിച്ചത്‌ ഓര്‍മ്മ വരുന്നു. മമ്മുട്ടി, മോഹന്‍ ലാല്‍ നടന്മാര്‍ എന്തുകൊണ്ട്‌ ദശകങ്ങളായിട്ടും മെഗാ സ്‌റ്റാറുകളായി തുടരുന്നു എന്നതായിരുന്നു ലേഖനത്തിന്റെ വിഷയം. ലേഖകന്റെ നിഗമനങ്ങള്‍്‌ വളരെ പ്രസക്തമാണ്‌. നാമെല്ലാം ഉള്ളില്‍ മോഹന്‍ ലാലും പുറത്ത്‌ മമ്മുട്ടിയുമാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌. അതെ, ഋഷിരാജ്‌ സിംഗ്‌ പറയുന്ന ഇരട്ട വ്യക്തിത്വം തന്നെ. പോലീസിനെ തല്ലുന്ന, മദ്യപിക്കുന്ന, നിരവധി പെണ്‍കുട്ടികളെ പ്രണയിക്കുന്ന, പാട്ടും നൃത്തവുമായി ഉല്ലസിക്കുന്ന ലാല്‍ കഥാപാത്രങ്ങളാണ്‌ നമ്മുടെയെല്ലാം ഉള്ളില്‍. അതുമായി നാം താദാത്മ്യം പ്രാപിക്കുന്നു. അങ്ങനെയാകാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പുറത്തേക്കോ? മമ്മുട്ടി കഥാപാത്രങ്ങളെപോലെ നീതി നടപ്പാക്കുന്ന പോലീസ്‌ ഓഫീസറായി, സ്‌ത്രീകളെ ചെകിടത്തടിച്ച്‌ മര്യാദ പഠിപ്പിക്കുന്ന, പുരുഷത്വത്തിന്റെ പ്രതീകങ്ങളായി, സദാചാരവാദികളായി നാം ജീവിക്കുന്നു. ഇതു രണ്ടും നമുക്കാവശ്യമായതിനാല്‍ ഇരുവരും സ്റ്റാറുകളായി തുടരുന്നു. ലാലിനെ കൃഷ്‌നോടും മമ്മുട്ടിയെ രാമനോടും വേണമെങ്കില്‍ ഉപമിക്കാം.
നമ്മുടെ ഇരട്ട വ്യക്തിത്വത്തെ തൃപ്‌തിപ്പെടുത്തുന്ന നിരവധി ജോഡികളെ രാഷ്ട്രീയത്തില്‍ കാണാം. ഉള്ളില്‍ കരുണാകരനും പുറത്ത്‌ ആന്റണിയുമായിരുന്നു നാം ഏറെ കാലം. ഇപ്പോള്‍ ഉള്ളില്‍ നാമെല്ലാം പിണറായിയും പുറത്ത്‌ വിഎസുമാണ്‌. അല്ലെങ്കില്‍ ഉള്ളില്‍ ഉമ്മന്‍ ചാണ്ടിയും പുറത്ത്‌ സുധീരനും. പണ്ട്‌ ഇതേപോലെയുള്ള ജോഡികളായിരുന്നു എകെജിയും ഇഎംഎസും.
അടുത്ത കാലത്തു നടന്ന ചുംബന സമരവുമായി ബന്ധപ്പെട്ട്‌ മലയാളിയുടെ സദാചാരത്തിലെ ഇരട്ടത്താപ്പ്‌ ഏറെ ചര്‍ച്ച ചെയ്‌തതാണല്ലോ. ഒരു വശത്ത്‌ സദാചാരപ്രസംഗം, മറുവശത്ത്‌ സ്‌ത്രീപീഡനം. സദാചാരഗുണ്ടകളെയാണ്‌ ഭരണകൂടം സംരക്ഷിക്കുന്നത്‌. മറ്റേതുവിഷയത്തിലും ഇതുകാണാം. തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയപ്പെടുന്ന കേരളത്തില്‍ അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ നേരിടുന്ന ചൂഷണം നോക്കൂ. എന്തിനേറെ, ഇപ്പോള്‍ നടക്കുന്ന കല്ല്യാണ്‍ സാരീസിലെ പാവപ്പെട്ട വനിതാതൊഴിലാളികളുടെ സമരത്തില്‍ ഏതെങ്കിലും പ്രസ്ഥാനം സഹകരിക്കുന്നുണ്ടോ? മാധ്യമങ്ങള്‍ ജാഗരൂഗരാണെന്നവകാശപ്പെടുന്ന ഒരു സമൂഹത്തില്‍ വിപ്ലവപത്രങ്ങള്‍ പോലും ഈ വാര്‍ത്ത കൊടുക്കുന്നുണ്ടോ?
അധ്വാനത്തെ മഹത്‌വല്‍ക്കരിക്കുന്ന മാര്‍ക്‌സിസത്തിനു ഏറെ വേരുള്ള സംസ്ഥാനമാണല്ലോ കേരളം. എന്നാല്‍ കേരളത്തില്‍ അധ്വാനിക്കാന്‍ അന്യസംസ്ഥാനക്കാര്‍ വേണം. ലോകം മുഴുവന്‍ തൊഴിലന്വഷകരായി പോകുന്ന നാം ഇവരോട്‌ സ്വീകരിക്കുന്ന സമീപനമോ?
നമ്മുടെ അടിസ്ഥാന തൊഴിലാളിവര്‍ഗ്ഗം ബാങ്ക്‌ ജീവനക്കാരും അധ്യാപകരും എന്‍ജിഒമാരും സംഘടിതമേഖലകളിലെ തൊഴിലാളികളുമാണ്‌. അസംഘടിത മേഖലകളിലെ ലക്ഷങ്ങള്‍ ഇവരുടെയൊന്നും കണക്കിലില്ല. പെട്ടിക്കടക്കാരന്‍ പോലും നമുക്ക്‌ ബൂര്‍ഷ്വാസിയാണ്‌. തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനം മുഴുവന്‍ സമൂഹത്തിന്റേയും മോചനമാണെന്നു ഉദ്‌ഘോഷിക്കുന്നവര്‍ പാവപ്പെട്ടവരുടെ ജീവക്കാനുള്ള പോരാട്ടങ്ങള്‍ക്ക്‌ എതിരു നില്‌ക്കുന്ന അത്ഭുതവും കേരളത്തില്‍ കാണാം. ആദിവാസിസമരം, പ്ലാച്ചിമട, മാവൂര്‍, നിറ്റാജലാറ്റ്‌ിന്‍, മാലിന്യവിരുദ്ധ സമരങ്ങള്‍ തുടങ്ങി എത്രയോ സമരങ്ങളില്‍ ഇവരുടെ നിലപാടെന്തായിരുന്നു? വികസനത്തിന്‌റെ ഓരങ്ങളിലേക്ക്‌ ആട്ടിപ്പായിക്കപ്പെട്ടവരുടെ കൂടെ നില്‌ക്കുന്നതാണ്‌ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം എന്നു പോലും അവര്‍ മറക്കുന്നു.
സ്‌ത്രീപീഡനവിഷയങ്ങളിലും മലയാളിയുടെ ഇരട്ടമുഖം വ്യക്തം. സ്‌ത്രീസാക്ഷരതയില്‍ ഏറ്റവും മുന്നില്‍. ഒപ്പം സ്‌ത്രീപീഡനങ്ങളിലും. പൊതുരംഗത്ത്‌ എണ്ണപ്പെട്ട ഒരു വനിതാനേതാവ്‌ നമുക്കുണ്ടോ? നമുക്ക്‌ ബുദ്ധിജീവി എന്നാല്‍ എഴുത്തുകാര്‍. മറ്റേതെങ്കിലും മേഖലയില്‍ എണ്ണപ്പെട്ട വ്യക്തിത്വങ്ങള്‍ ആരുണ്ട്‌? എത്ര ശാസ്‌ത്രജ്ഞരും ഗവേഷകരും നമുക്കുണ്ട്‌? വിദ്യാഭ്യാസത്തില്‍ മുന്നിലെന്നു വെപ്പ്‌. എന്നാല്‍ കൊള്ളാവുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമോ യൂണിവേഴ്‌സിറ്റിയോ നമുക്കുണ്ടോ? ആരോഗ്യരംഗത്ത്‌ മുന്നില്‍. ഏറ്റവുമധികം ആശുപത്രികളും മരുന്നു വില്‌പ്പനയും പനിപോലും പിടിപെട്ട്‌ മരിക്കുന്ന അവസ്ഥയും ഇവിടെതന്നെ. ആത്മഹത്യയിലും കൊലപാതകത്തിലും ഒട്ടുംമോശമല്ല. പൊതുമേഖലയെ കുറിച്ച്‌ വാചാലരാകും. എന്നാല്‍ സ്വന്തം കാര്യത്തിന്‌ സ്വകാര്യമേഖല വേണം. വിദ്യാഭ്യാസമായാലും ചികിത്സയായാലും മറ്റെന്തായാലും അങ്ങനെതന്നെ. മാതൃഭാഷയെ കുറിച്ച്‌ ഘോരഘോരം പ്രസംഗിക്കും. സ്വന്തം കുട്ടികളെല്ലാം ഇംഗ്ലീഷ്‌ മീഡിയത്തിലും.
വര്‍ഗ്ഗീയതക്കും ജാതി മത ചിന്തകള്‍ക്കുമെതിരെ ചിന്തിക്കുന്നവരാണല്ലോ മലയാളികള്‍. ഇവിടെ ആരുടെ മനസ്സിലാണ്‌ ജാതിയില്ലാത്തത്‌? വിപ്ലവകാരികളുടെ പോലും പേരിനുപുറകില്‍ ജാതിവാല്‍ കാണാം. പതിനായിരത്തിലൊന്നു പോലും മിശ്രവിവാഹം നടക്കാത്ത സമൂഹം. വര്‍ഗ്ഗീയതയുടെ വളര്‍ച്ച പകല്‍ പോലെ വ്യക്തം. പ്രബുദ്ധസമൂഹത്തില്‍ ആള്‍ദൈവങ്ങളുടെ സ്വാധീനമോ? മറുവശത്ത്‌ നാരായണഗുരുപോലും ഒരു വിഭാഗത്തിന്റേതായി മാറുന്നു.
കേരളമോഡല്‍ ലോകശ്രദ്ധയാകര്‍ഷിച്ചതെന്ന്‌ അവകാശവാദം. അയല്‍ സംസ്ഥാനത്ത്‌ ലോറിപണിമുടക്കുണ്ടായാല്‍ പട്ടിണി കിടക്കുന്നതാണ്‌ ഈ മോഡല്‍ എന്നതാണ്‌ യാഥാര്‍ത്ഥ്യം.
ഇത്തരമൊരു പരിശോധനക്ക്‌ അവസാനമുണ്ടാവില്ല. നമ്മുടെ ഇരട്ടവ്യക്തിത്വത്തിന്‌ ഇനിയും എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടാം. ഈ ഇരട്ടത്താപ്പ്‌ അന്യനാട്ടുകാരനായ ഋഷിരാജ്‌ സിംഗ്‌ കൃത്യമായി മനസ്സിലാക്കി. താങ്കളോടുള്ള ആരാധനയും അങ്ങനെതന്നെ എന്നു കൂടി മറക്കാതിരിക്കുക

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply