മനോജിന് വേണുവിനെ കുറിച്ച് എന്തറിയാം?

രതീഷ് കെ എം മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ സംഭവങ്ങളെ കുറിച്ച് കെ വേണു മാതൃഭൂമിയിലെഴുതിയ ലേഖനത്തെ വിമര്‍ശിച്ച് പി എം മനോജ് ദേശാഭിമാനിയിലെഴുതിയ ലേഖനം വായിച്ചപ്പോള്‍ തമാശ തോന്നി. സത്യത്തില്‍ കെ എം മാണിയേയും യുഡിഎഫിനേയും രൂക്ഷമായി വിമര്‍ശിച്ചാണ് വേണു എഴുതിയിരുന്നത്. അതോടൊപ്പം എല്‍ഡിഎഫ് നടത്തിയ സമരരീതിയേയും വിമര്‍ശിച്ചതാണ് മനോജിനെ ചൊടിപ്പി്ച്ചത്. വേണുവിന്റെ 25 വര്‍ഷത്തിനു പുറകിലെ നക്‌സല്‍ ജീവിതത്തേയും പിന്നീടുണ്ടായ ജെ എസ് എസ് രാഷ്ട്രീയത്തേയും അക്രമിച്ചാണ് മനോജ് തന്റെ അരിശം തീര്‍ക്കുന്നത്. […]

kvരതീഷ്

കെ എം മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ സംഭവങ്ങളെ കുറിച്ച് കെ വേണു മാതൃഭൂമിയിലെഴുതിയ ലേഖനത്തെ വിമര്‍ശിച്ച് പി എം മനോജ് ദേശാഭിമാനിയിലെഴുതിയ ലേഖനം വായിച്ചപ്പോള്‍ തമാശ തോന്നി. സത്യത്തില്‍ കെ എം മാണിയേയും യുഡിഎഫിനേയും രൂക്ഷമായി വിമര്‍ശിച്ചാണ് വേണു എഴുതിയിരുന്നത്. അതോടൊപ്പം എല്‍ഡിഎഫ് നടത്തിയ സമരരീതിയേയും വിമര്‍ശിച്ചതാണ് മനോജിനെ ചൊടിപ്പി്ച്ചത്. വേണുവിന്റെ 25 വര്‍ഷത്തിനു പുറകിലെ നക്‌സല്‍ ജീവിതത്തേയും പിന്നീടുണ്ടായ ജെ എസ് എസ് രാഷ്ട്രീയത്തേയും അക്രമിച്ചാണ് മനോജ് തന്റെ അരിശം തീര്‍ക്കുന്നത്. എന്നാല്‍ അതുപോലും വസ്തുനിഷ്ടമല്ല എന്നതാണ് തമാശ. കുരുടന്‍ ആനയെ കണ്ടപോലെയാണ് മനോജ് വേണുവിനെ കാണുന്നത്. തന്റെ രാഷ്ട്രീയപരിണാമങ്ങളുടെ കാരണങ്ങള്‍ എന്തെന്ന് പുസ്തകങ്ങളിലൂടേയും നിരവധി ലേഖനങ്ങളിലൂടേയും നിരന്തരമായി എഴുതിയിട്ടും അതൊന്നു മറിച്ചുനോക്കാന്‍ പോലും മനോജ് തയ്യാറല്ല. അല്ലെങ്കില്‍ മനോജിനത് മനസ്സിലാകുന്നില്ല.
നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ച് വേണുവെഴുതിയ വരികള്‍ മനോജ് ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്.. ”ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസാണ് ഈ സംഭവവികാസങ്ങള്‍ക്കാധാരമായി ഇടതുമുന്നണി ചൂണ്ടിക്കാട്ടുന്നത്. ശരിയാണ്, അതൊരു വിഷയംതന്നെയാണ്. വേറെയും ഗുരുതരമായ ആരോപണങ്ങളുണ്ട്. ധനവകുപ്പിനുകീഴില്‍ സര്‍ക്കാറിന് വന്‍തോതില്‍ റവന്യൂവരുമാനം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലെല്ലാം മാണിക്ക് ഉത്തരവാദിത്വമുണ്ട്. അനവധി ദൃഷ്ടാന്തങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതിലൊന്നാണ് 64 കോടിയുടെ നികുതിവെട്ടിപ്പ് ഒരു വില്പനികുതി ഉദ്യോഗസ്ഥന്‍ (ഡെപ്യൂട്ടി കമ്മീഷണര്‍) പുറത്തുകൊണ്ടുവന്നിട്ടും മാണി അതു പിരിച്ചെടുക്കാതെ ആ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി പകപോക്കുകയായിരുന്നുവെന്ന് തോമസ് ഐസക് അസംബ്ലിയിലുന്നയിച്ച ആരോപണം. ഐസക് ചൂണ്ടിക്കാട്ടിയ ആ ഉദ്യോഗസ്ഥന്‍ എനിക്ക് ഏറെയടുപ്പമുള്ള ഒരാളായതുകൊണ്ട്് വില്‍പനികുതിവകുപ്പില്‍ നടക്കുന്ന വെട്ടിപ്പുകളുടെ വ്യക്തമായ ചിത്രം എന്റെ മുന്നിലുണ്ട്. പക്ഷേ, അധികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഇത്തരം അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിവരങ്ങളന്വേഷിച്ചുപോകാന്‍ നമ്മുടെ മാധ്യമങ്ങള്‍ വലിയ താത്പര്യമെടുക്കുന്നില്ലെന്നതും ഒരു വസ്തുതയാണ്. ധനകാര്യവകുപ്പില്‍ മാത്രമല്ല യു.ഡി.എഫ്. സര്‍ക്കാറിന്റെ മിക്ക വകുപ്പുകളിലും അഴിമതിയും കെടുകാര്യസ്ഥതയും തേര്‍വാഴ്ച നടത്തുകയാണെന്ന കാര്യം ജനത്തിനു മുഴുവനുമറിയാം. രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ പതനത്തില്‍ത്തന്നെയാണ് യു.ഡി.എഫ്. സര്‍ക്കാറും എത്തിനില്‍ക്കുന്നത്.”
ഇതിനുമപ്പുറം എങ്ങനെയാണ് സര്‍ക്കാരിനെ വിമര്‍ശിക്കുക? പിന്നെ മനോജിന്റെ വിഷമം നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ അക്രമങ്ങളെ വേണു പിന്തുണക്കുന്നില്ല എന്നതാണ്. രാഷ്ട്രീയമെന്നുവെച്ചാല്‍ കറുപ്പും വെളുപ്പും മാത്രമല്ല, അത് വിബ്ജിയോറാണ് മനോജ്. ഒന്നുകില്‍ യുഡിഎഫ്, അല്ലെങ്കില്‍ എല്‍ഡിഎഫ്. അതിനപ്പുറം യാതൊന്നും മറ്റുപലരേയും പോലെ മനോജിനറിയില്ല. പൊട്ടകിണറ്റിലെ തവളയെ പോലെ തങ്ങള്‍ അകപ്പെട്ടുകിടക്കുന്നതു മാത്രമാണ് രാഷ്ട്രീയം എന്ന ധാരണയെ കുറിച്ചെന്തു പറയാന്‍? ധാര്‍മ്മികമായി മാണി രാജിവെക്കുകയാണ് വേണ്ടത്. എന്നാല്‍ അതു ചെയ്യുന്നില്ലെങ്കില്‍ നടത്തേണ്ടത് ജനാധിപത്യരീതിയിലുള്ള സമരങ്ങളാണ് എന്ന നിലപാടില്‍ തെറ്റുകാണാന്‍ രാഷ്ട്രീയതിമിരം ബാധിക്കണം, അല്ലെങ്കില്‍ രാഷ്ട്രീയം ഉപജീവനമാകണം. അതിനെയാണ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിവരങ്ങളന്വേഷിച്ചുപോകാന്‍ താല്‍പ്പര്യമില്ലെന്ന് താന്‍ തന്നെ ആക്ഷേപിച്ച മുഖ്യധാരാ മാധ്യമത്തില്‍ ലേഖനമെഴുതാന്‍ അവസരം കിട്ടിയാല്‍, ഛര്‍ദിക്കേണ്ടത് സിപിഐ എം വിരുദ്ധതയാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാമെന്ന് മനോജ് വ്യാഖ്യാനിക്കുന്നത്. ഒരുപക്ഷേ, കൊടുങ്ങല്ലൂരിലെ സമ്മതിദായകര്‍ക്ക് ദുര്‍ബുദ്ധി തോന്നിയിരുന്നുവെങ്കില്‍ നിയമസഭയില്‍ ഉമ്മന്‍ചാണ്ടിക്കും മാണിക്കും വേണ്ടി കൈപൊക്കുകയും ലഡുകഴിച്ച് അലറുകയും ശിവദാസന്‍നായരോടൊപ്പം നില്‍ക്കുകയും ചെയ്യേണ്ട ആളായി വേണു ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. ഉമ്മന്‍ ചാണ്ടിക്കും മാണിക്കുമൊപ്പം ഇരുന്ന ചരിത്രം ആര്‍ക്കാണുള്ളതെന്ന് കേരളജനതക്കറിയാം. മാസങ്ങള്‍ക്കുമുമ്പുപോലും മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ചരിത്രവും.
തുടര്‍ന്ന് വേണുവിനെ വ്യക്തിപരമായി അക്രമിക്കുകയാണ് മനോജ്. ഒരുകാലത്ത് വേണുവിനെ ആരാധനയോടെ കണ്ട്, സൈദ്ധാന്തിക സിംഹാസനത്തില്‍ കുടിയിരുത്തി സ്വന്തം ജീവിതം തുലച്ചവരുടെ നൈരാശ്യത്തില്‍ പങ്കുചേരുക എന്നതുമാത്രമാണ്, വേണുവിന്റെ ലേഖനത്തിനുള്ള മറുകുറിപ്പിന്റെ പ്രസക്തിയായി മനോജ് കാണുന്നത്.  വേണുവിനെ ആരാധിച്ച് തന്റെ ജീവിതം തുലച്ചു എന്നു പറയുന്ന  ഒരാളുടെ പേര് മനോജിനു പറയാനാകുമോ? ഇത് കമ്യൂണിസ്റ്റുകാര്‍ നിരന്തരമായി നടത്തുന്ന നുണപ്രചരണമാണ്. നിരവധി പേര്‍ വേണുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന നക്‌സലൈറ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തി്ച്ചിട്ടുണ്ട്. വ്യക്തിപരമായ പലതും അവര്‍ക്കു നഷ്ടപ്പെട്ടിട്ടുണ്ടാകാം. അതിനെ ജീവിതം തുലച്ചു എന്നു പറയുന്നവര്‍ രാഷ്ട്രീയം വ്യക്തിപരമായ നേട്ടത്തിനെന്നു വിശ്വസിക്കുന്നവരാണല്ലോ. അതാണിപ്പോള്‍ നടക്കുന്നതും. മറിച്ച് കേരളത്തില്‍ ഓരോ നാട്ടിന്‍പുറത്തും വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കായി ജീവിച്ച്, പാര്‍ട്ടിയുടെ അപചയത്തില്‍ ഖേദിക്കുന്ന എത്രയോ പേരെ കാണിച്ചുതരാം. ബഹുഭൂരിപക്ഷവും പാര്‍്ട്ടിക്കൊപ്പം അപചയത്തിനു വിധേയരായി. മറിച്ച് എംഎല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു രംഗത്തുവന്നവര്‍ ഇപ്പോഴും കേരളീയ സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പരിസ്ഥിതി, ദളിത്, സ്ത്രീ മേഖലകളെ കുറിച്ച് മനോജ് തന്നെ പരാമര്‍ശിക്കുന്നുണ്ടല്ലോ. അത്തരം മേഖലകളില്‍ ഉയരുന്ന പോരാട്ടങ്ങളെ എതിര്‍ക്കുന്നവരില്‍ മുഖ്യമായും സിപിഎം ആണുള്ളത്. സൈലന്റ്വാലി മുതല്‍ എത്രയോ ഉദാഹരണങ്ങള്‍ എണ്ണി എണ്ണി പറയാം. സത്യത്തില്‍ അവരുന്നയിക്കുന്ന വിഷയങ്ങളെ തുടക്കത്തില്‍ എതിര്‍ക്കുകയും പി്ന്നീട് മനമില്ലാ മനസ്സോടെ അംഗീകരിക്കുകയും ചെയ്യുന്നു എന്നും കാണാം. ഫെമിനിസവും പാരിസ്ഥിതിക പ്രശ്‌നങ്ങളും ഒരു പരിധിവരെ അംഗീകരിക്കുന്നതും ദളിത് – ആദിവാസി പ്രസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതുമൊക്കെ അങ്ങനെയാണല്ലോ.
താനെന്തുകൊണ്ട് കമ്യൂണിസ്റ്റ് ആശയങ്ങളോട് വിടപറയുന്നു എന്ന് രണ്ടു ദശകങ്ങള്‍ക്കു മുമ്പെ വലിയൊരു പുസ്തകം എഴുതി പ്രസ്ിദ്ധീകരിച്ചിട്ടുള്ള വ്യക്തിയാണ് വേണു. പാരീസ് കമ്മ്യൂണ്‍ മുതല്‍ ചൈനീസ് – കിഴക്കന്‍ യൂറോപ്പ് സംഭവങ്ങള്‍ വരെ വളരെ വിശദമായി തന്നെ അതില്‍ ചര്‍ച്ച ചെയ്തിരുന്നു. എന്തുകൊണ്ട് നടപ്പാക്കിയ സോഷ്യലിസം നടപ്പാക്കിയ ബൂര്‍ഷ്വാജനാധിപത്യത്തേക്കാള്‍ പുറകിലായി എന്ന് അദ്ദേഹമതില്‍ വിശദീകരിക്കുന്നു. ഇഎംഎസടക്കമുള്ളവര്‍ ആ പുസ്തകത്തിനെഴുതിയ വിമര്‍ശനങ്ങള്‍ സമാഹരിച്ച് മറുപടിയടക്കം വീണ്ടുമൊരു പുസ്തകം എഴുതിയിട്ടുണ്ട്. അതൊന്നും മറച്ചുനോക്കാതെ വേണുവിനെ ഇപ്പോഴും നക്‌സലൈറ്റ് എന്നാരോപിച്ച് വിമര്‍ശിക്കുന്നതും കമ്യൂണിസ്റ്റുകാരുടെ തന്ത്രമാണ്. ഇഎംഎസ് എഴുതിയതിനപ്പുറം ഒന്നും വായിക്കാത്തവര്‍ക്ക് മറ്റെന്ത് കഴിയാന്‍? കഴിഞ്ഞില്ല. ബൂര്‍ഷ്വാജനാധിപത്യത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ എന്തുകൊണ്ട് എല്‍ഡിഎഫിനേക്കാള്‍ യുഡിഎഫ് ഭേദമാണെന്നും വിശദീകരിച്ചാണ് അദ്ദേഹം ജെഎസ്എസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. അതും മനോജ് കാണാനിടയില്ല. കാരണം ദേശാഭിമാനിയില്ല അവ വന്നത്. ബൂര്‍ഷ്വാമാധ്യമങ്ങളിലായിരുന്നു. യാതൊരു പിന്‍ബലവുമില്ലാതെ പുല്‍പ്പള്ളി പൊലീസ് സ്‌റ്റേഷന്‍ തകര്‍ത്താല്‍ ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ പൂജാബിംബം തകരുമെന്ന് സൈദ്ധാന്തികന്യായം കണ്ടെത്തി ഒരു തലമുറയെ തന്റെ വഴിയേ നടത്താന്‍ ശ്രമിച്ച കെ വേണു എന്ന എക്‌സ് നക്‌സലൈറ്റ് കാഷായവും രുദ്രാക്ഷവും കൊന്തയും നിസ്‌കാരത്തഴമ്പും ഒന്നിച്ചണിഞ്ഞ് ബൂര്‍ഷ്വാ ജനാധിപത്യത്തിന് സ്‌തോത്രംചൊല്ലുന്ന കാഴ്ച കൗതുകകരംതന്നെ എന്നെഴുതുന്നത് അതുകൊണ്ടാണല്ലോ.
കേരളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കത്തിനായി യൗവനം ഹോമിച്ച ഒരുകൂട്ടം ഇടതുപക്ഷ തീവ്രവാദികളുടെ സ്വപ്നം എങ്ങനെ തകര്‍ന്നു എന്നോര്‍ത്ത് ആ പ്രസ്ഥാനത്തോട് ഒരു ബന്ധവുമില്ലാത്ത മനോജ് വ്യസനിക്കുന്നു. എന്നാല്‍ ആ പ്രസ്ഥാനത്തില്‍ പങ്കെടുത്തവര്‍ക്ക് അതിനെല്ലാം കൃത്യമായ മറുപടിയുണ്ട്്. അതിനു മാത്രമല്ല, ഒരു നൂറ്റാണ്ടു സമ്മാനിച്ച കമ്യൂണിസ്റ്റ് സ്വപ്‌നങ്ങള്‍ തകര്‍ന്നതിനെ കുറിച്ചും.. എന്നാല്‍ വയലാറിലേയും കയ്യൂരിലേയും മറ്റും രക്തസാക്ഷികളുടെ സ്വപ്‌നങ്ങളെ കുറിച്ച് മനോജ് എന്തു പറയുന്നു? നേതാക്കളുടെ വാക്കുകള്‍ കേട്ട് ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഹോമിച്ച കൂത്തുപറമ്പിലേയും തലശ്ശേരിയിലേയും മറ്റും ചെറുപ്പക്കാരെ കുറിച്ചും. ഒപ്പം ഈ പ്രസ്ഥാനത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് പുറത്തുവന്ന് മറ്റൊന്നിനായി ശ്രമിച്ച ടിപിമാരുടെ സ്വപ്‌നങ്ങളെ കുറിച്ചും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply