മദ്യ നിരോധക്കാരുടെ ഒളിസേവ.

മാത്യു പി.പോള്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കേണ്ട എന്ന വാദത്തില്‍ ഉറച്ചു നിന്ന സുധീരനെ ശേഷിക്കുന്ന 312 ബാറുകള്‍ കൂടി അടച്ചുകൊണ്ട്‌ ഉമ്മന്‍ ചാണ്ടി കടത്തി വെട്ടിയിരിക്കുകയാണല്ലോ. ബാര്‍ തര്‍ക്കം തുടര്‍ന്നു പോന്ന കാലമത്രയും പ്രായോഗ്യതയുടെ പേരില്‍ ബാര്‍ പക്ഷത്തു നിന്ന ഉമ്മന്‍ ചാണ്ടിയുടെ ഇപ്പോഴത്തെ തീരുമാനത്തില്‍ ആത്മാര്‍ത്ഥത ഒട്ടുമില്ല എന്നു കരുതുന്നതില്‍ തെറ്റില്ല. ബാര്‍ യുദ്ധത്തില്‍ തകര്‍ന്ന തന്റെ ഇമേജ്‌ ഉയര്‍ത്താനും പാതാളത്തിലേക്കു താഴുന്ന കോണ്‍ഗ്രസിനെ അടുത്ത തിരഞ്ഞെടുപ്പിലും സംസ്ഥാനത്തു പിടിച്ചു നിര്‍ത്താനും എടുത്ത ഒരു […]

barമാത്യു പി.പോള്‍

പൂട്ടിയ 418 ബാറുകള്‍ തുറക്കേണ്ട എന്ന വാദത്തില്‍ ഉറച്ചു നിന്ന സുധീരനെ ശേഷിക്കുന്ന 312 ബാറുകള്‍ കൂടി അടച്ചുകൊണ്ട്‌ ഉമ്മന്‍ ചാണ്ടി കടത്തി വെട്ടിയിരിക്കുകയാണല്ലോ. ബാര്‍ തര്‍ക്കം തുടര്‍ന്നു പോന്ന കാലമത്രയും പ്രായോഗ്യതയുടെ പേരില്‍ ബാര്‍ പക്ഷത്തു നിന്ന ഉമ്മന്‍ ചാണ്ടിയുടെ ഇപ്പോഴത്തെ തീരുമാനത്തില്‍ ആത്മാര്‍ത്ഥത ഒട്ടുമില്ല എന്നു കരുതുന്നതില്‍ തെറ്റില്ല. ബാര്‍ യുദ്ധത്തില്‍ തകര്‍ന്ന തന്റെ ഇമേജ്‌
ഉയര്‍ത്താനും പാതാളത്തിലേക്കു താഴുന്ന കോണ്‍ഗ്രസിനെ അടുത്ത തിരഞ്ഞെടുപ്പിലും സംസ്ഥാനത്തു പിടിച്ചു നിര്‍ത്താനും എടുത്ത ഒരു സാഹസിക തീരുമാനമാണിത്‌. എല്ലാ രാഷ്ട്രീയക്കാരും, പാര്‍ട്ടി ഫണ്ടിലേക്കും, സ്വന്തം കാര്യങ്ങള്‍ക്കുമായി അബ്‌കാരികളുടെ മുന്നില്‍ കൈനീട്ടാറുണ്ടെന്നും, അവര്‍ ലോപമില്ലാതെ കൊടുക്കാറുണ്ടെന്നും ഒന്നാംതരം അബ്‌കാരി കൂടിയായ വെള്ളാപ്പള്ളി തന്നെ പറയുന്നു. ഈ തീരുമാനം കൊണ്ട്‌ ഏറെ നഷ്ടമുണ്ടായ വ്യക്തികളില്‍ ഒരാളാണല്ലൊ വെള്ളാപ്പള്ളി. ഉമ്മന്‍ ചാണ്ടി മദ്യപനല്ലായിരിക്കാം. എന്നാല്‍ എ ഗ്രൂപ്പിന്റെ ഫണ്ട്‌ റെയ്‌സറായിരുന്ന ഉമ്മന്‍ ചാണ്ടിക്ക്‌ ബാറുകാരെ കൊണ്ടുള്ള പ്രയോജനം നന്നായറിയാം.
നിരോധിച്ച രാജ്യങ്ങളിലെല്ലാം മദ്യം അനധികൃതമായി ലഭിക്കുന്നുണ്ട്‌. ശക്തമായ നിയമങ്ങളിലൂടെ മദ്യം നിരോധിച്ച സൗദി അറേബ്യയില്‍ പോലും മദ്യം സുലഭമാണ്‌. ബഹറിന്‍ എന്ന സ്‌റ്റെയ്‌റ്റിന്റെ നിലനില്‍പ്പു തന്നെ സൗദി അറേബ്യയിലേയ്‌ക്ക്‌ മദ്യം കള്ളക്കടത്തു നടത്താനാണൊ എന്നു സംശയിച്ചു പോകും.പരീക്ഷിച്ച പല രാജ്യങ്ങളും, ഇന്ത്യയിലെ പല സംസ്ഥാനങ്ങളും,മദ്യ നിരോധനം പിന്‍വലിക്കുവാനുണ്ടായ കാരണവും ഇതു തന്നെ.നിലവിലുള്ള പല മാഫിയകള്‍ക്കുമൊപ്പം, ഒരു മദ്യ മാഫിയ കൂടി ഇവിടെ വളര്‍ന്നു വരും.നിലവാരമില്ലാത്ത മദ്യം വിറ്റു നാട്ടുകാരെ കൊള്ളയടിച്ചുകൊണ്ടിരുന്ന ബാര്‍മുതലാളിമാര്‍ വെറുതെയിരിക്കുമൊ? ഈ മാഫിയയേയും രാഷ്ട്രീയക്കാര്‍ തന്നെ സംരക്ഷിക്കും. ബാങ്ക്‌ വായ്‌പയെടുത്തും, ടൂറിസം വകുപ്പിന്റെ സബ്‌സിഡി വാങ്ങിയും നാട്ടിന്‍പുറങ്ങളിലും, ഹൈവേകളിലും പണിത പല വന്‍കിട ഹോട്ടലുകളും നില നിന്നു പോന്നത്‌ ബാറില്‍ നിന്നുള്ള വരുമാനം ഒന്നു കൊണ്ടു മാത്രമായിരുന്നു. ബാറുകള്‍ പൂട്ടിയാല്‍ നിരോധിക്കപ്പെട്ട മറ്റൊരു വ്യവസായത്തിനെ ഈ കെട്ടിടങ്ങള്‍ ഉപയോഗിക്കാനാവു. ലോകത്തെ ഏറ്റം പുരാതനമായ തൊഴില്‍.
1920ല്‍ അമേരിക്കയില്‍ മദ്യനിരോധനം ആരംഭിച്ചതോടെ അവിടെ മദ്യ മാഫിയകള്‍ വളര്‍ന്നു.കപ്പലുകള്‍ നിറയെ മദ്യം കൊണ്ടുവന്നവര്‍ വന്‍ സാമ്പത്തിക ശക്തിയായി.അങ്ങനെ പണക്കാരനായ ആളായിരുന്നു പ്രസിഡന്റ്‌ കെന്നഡിയുടെ മുത്തച്ഛന്‍. മദ്യനിരോധനം വളര്‍ത്തിയെടുക്കുന്ന മാഫിയക്കുടുംബങ്ങളില്‍ നിന്ന്‌ നമുക്കും ഒരു മുഖ്യമന്ത്രിയേയൊ, പ്രധാനമന്ത്രിയേയൊ ലഭിക്കുമെന്നു പ്രതീക്ഷിക്കാം.
പരിഷ്‌കൃത സമൂഹത്തില്‍ ജനങ്ങള്‍ എന്തു കുടിക്കണം എന്നു തീരുമാനിക്കാന്‍ സ്‌റ്റെയ്‌റ്റിന്‌ എന്തവകാശം? നിരോധനമല്ല, നിയന്ത്രണമായിരുന്നു ആവശ്യം.മലയാളിക്ക്‌ മദ്യത്തോട്‌ മാരകമായ ഒരു ആസക്തി വളര്‍ന്നു എന്നതു വാസ്‌തവം.മലയാളിയുടെ കുടി ഇത്ര പ്രാകൃതമാകുന്നത്‌ ചാരായ നിരോധനത്തിനുശേഷമാണ്‌. ചാരായം കുടിച്ചുകൊണ്ടിരുന്നവരുടെ തള്ളിക്കയറ്റം ബാറുകളിലുണ്ടാവുകയും, അവര്‍ക്കായി ചാരായത്തേക്കാള്‍ മോശമായ മദ്യം നിറം കലര്‍ത്തി വില്‍ക്കാനും തുടങ്ങി. അതോടെ ബാറുകളുടെ നിലവാരവും തകര്‍ന്നു. ഈ നിലവാരത്തകര്‍ച്ചയെക്കുറിച്ചുള്ള
ചര്‍ച്ചയാണല്ലൊ ഇന്നത്തെ അവസ്ഥയില്‍ കൊണ്ടെത്തിച്ചത്‌. മദ്യം നിരോധിച്ചു, ഡിസ്‌കോകള്‍ പൂട്ടിയാല്‍ യുവജനങ്ങള്‍ വൈകൃതങ്ങളിലേക്കു തിരിയും.
ബാറുകള്‍ പൂട്ടുന്നതോടെ മദ്യക്കടകളുടെ മുന്‍പിലെ ക്യൂവിനു നീളം കൂടും.പണ്ടു റെയില്‍വെ സ്‌റ്റേഷനുകളിലെ ബുക്കിങ്‌ കൗണ്ടറുകള്‍ക്കു മുന്‍പിലുണ്ടായിരുന്നതു പൊലെ തുറക്കും മുന്‍പെ നീണ്ട ക്യൂ കടകള്‍ക്കു മുന്‍പിലുണ്ടാകും. ഈ ക്യൂവില്‍ നില്‍ക്കാന്‍ മടിയുള്ള മാന്യന്മാരായ മദ്യപര്‍ മാര്‍ജിന്‍ കൊടുത്തു ചരക്കു വാങ്ങും.പണക്കാര്‍ക്കു ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളില്‍ പോയി ഹോട്ട്‌ അടിക്കാം.  രാഷ്ട്രീയ നേതക്കന്മാര്‍ക്കും, ഉദ്യോഗസ്ഥ പ്രഭുക്കന്മാര്‍ക്കും മദ്യത്തിനു മുട്ടുണ്ടാവുകയില്ല.അവര്‍ക്കു കൈക്കൂലിയായി മദ്യം ലഭിക്കും.ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളും അവ്ര്‌ക്ക്‌ അപ്രാപ്യമല്ല.
മദ്യനിരോധനത്തിനു ജയ്‌ വിളിക്കുന്നവര്‍ ആരൊക്കെയാണ്‌? അഹിംസാ പാര്‍ട്ടിക്കാര്‍ പണ്ടേ മദ്യ വിരോധികളാണല്ലൊ.കേറള കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സും, ശ്രീ ശ്രീ രവിശങ്കറും നിരോധനത്തെ സ്വാഗതം ചെയ്‌തു.മുസ്ലിം ലീഗും, കേരള കോണ്‍ഗ്രസും തങ്ങളുടെ നിലപാടുകളാണ്‌ ഈ തീരുമാനത്തിലേക്കു നയിച്ചതെന്നും, നിരോധനത്തിന്റെ ക്രെഡിറ്റ്‌ അവര്‍ക്കാണെന്നുംവാദിക്കുന്നു.
സമ്പൂര്‍ണ മദ്യ നിരോധനത്തിന്റെ വക്താവായ മാണിയുടെ കേരള കോണ്‍ഗ്രസിന്റെ കാഞ്ഞിരപ്പള്ളി ഓഫീസ്‌ പാര്‍ട്ടിക്കാരുടെ പരസ്യമായ മദ്യപാനവും, ബഹളവും, അടിപിടിയും മൂലം അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന്‌ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം ഇടപെട്ടു പൂട്ടി..യുവജന വിഭാഗത്തിനായിരുന്നു കലാപരിപാടിയുടെ നേതൃത്വം. ഓഫീസിനു മുന്‍പില്‍ ഉണ്ടായിരുന്ന ബാര്‍ പൂട്ടിയതോടെയാണ്‌ ഓഫിസില്‍ കുടി കൂടിയത്‌. ഓഫീസ്‌ പരിസരങ്ങളില്‍ ഒഴിഞ്ഞ കുപ്പികളുടെ കൂമ്പാരമായിരുന്നു.എം എല്‍ എ ഹോസ്റ്റലിന്റെ പിന്നിലെ കുപ്പികളുടെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടതാണല്ലൊ. പള്ളിമേടകള്‍ക്കു പിന്നിലും തപ്പിയാല്‍ കാണും കാലിക്കുപ്പികള്‍. മദ്യവിരുദ്ധരുടെ ഇരട്ടത്താപ്പിന്‌ വേറെ എന്തു തെളിവു വേണം?
മദ്യനിരോധനത്തിന്റെ മുന്‍ നിര്‍ക്കാരായ ക്രിസ്‌തീയ മത മേലധ്യക്ഷന്മാര്‍ക്കു ഭീഷണീയുടെ സ്വരമായിരുന്നു.സമ്പൂര്‍ണ മദ്യ നിരോധനത്തെ പിന്താങ്ങാത്തവര്‍ക്കു വോട്ടില്ല എന്നവര്‍ പറഞ്ഞു. അവര്‍ മേയ്‌ക്കുന്ന കുഞ്ഞാടുകള്‍ പോലും അവരുടെ വാക്കുകള്‍ക്ക്‌ വില കല്‌പിക്കാതായാല്‍ പാവം പിതാക്കന്മാര്‍ എന്തു ചെയ്യും?

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'