മദ്യാസക്തി രോഗമാണ്. അമിതമദ്യപാനി രോഗിയും

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ജോണ്‍സന്റെ മദ്യപരറിഞ്ഞ് കുടിനിര്‍ത്താം എന്ന പുസ്തകത്തില്‍ നിന്ന് ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷര കേരളത്തെക്കുറിച്ച് അഭിമാനപുളകിതരാകാത്ത മലയാളികളാരുമുണ്ടാകില്ല. രാഷ്ട്രീയാതിപ്രസരവും തട്ടിപ്പും അഴിമതിയും കൊലയും ബലാത്സംഗങ്ങളും പീഡനങ്ങളും മോഷണവും മാധ്യമങ്ങളുടെയെല്ലാം പകുതിയിലേറെ സമയവും സ്ഥലവും കവര്‍ന്നെടുക്കുമ്പോഴും ഒരു സാമൂഹികാരോഗ്യപ്രശ്‌നമെന്ന നിലയില്‍ മദ്യം ആരുടെയും ശ്രദ്ധയില്‍ പെട്ടുകാണാറില്ല. മദ്യത്തിനെതിരേ പടപൊരുതുന്ന അനേകം സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് കാലമേറെയായി. ഡി-അഡ്ക്ഷന്‍ സെന്ററുകളുടെ പുഷ്‌കലകാലമാരംഭിച്ചിട്ടും പതിറ്റാണ്ടുകള്‍ കഴിഞ്ഞു. കേരളസര്‍ക്കാരിന്റെ ഖജനാവുനിറയ്ക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് മദ്യനിര്‍മ്മാര്‍ജനത്തിനായുള്ള ശ്രമങ്ങള്‍ക്കായി […]

Untitled-1

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ജോണ്‍സന്റെ മദ്യപരറിഞ്ഞ് കുടിനിര്‍ത്താം എന്ന പുസ്തകത്തില്‍ നിന്ന്

ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷര കേരളത്തെക്കുറിച്ച് അഭിമാനപുളകിതരാകാത്ത മലയാളികളാരുമുണ്ടാകില്ല. രാഷ്ട്രീയാതിപ്രസരവും തട്ടിപ്പും അഴിമതിയും കൊലയും ബലാത്സംഗങ്ങളും പീഡനങ്ങളും മോഷണവും മാധ്യമങ്ങളുടെയെല്ലാം പകുതിയിലേറെ സമയവും സ്ഥലവും കവര്‍ന്നെടുക്കുമ്പോഴും ഒരു സാമൂഹികാരോഗ്യപ്രശ്‌നമെന്ന നിലയില്‍ മദ്യം ആരുടെയും ശ്രദ്ധയില്‍ പെട്ടുകാണാറില്ല.
മദ്യത്തിനെതിരേ പടപൊരുതുന്ന അനേകം സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് കാലമേറെയായി. ഡി-അഡ്ക്ഷന്‍ സെന്ററുകളുടെ പുഷ്‌കലകാലമാരംഭിച്ചിട്ടും പതിറ്റാണ്ടുകള്‍ കഴിഞ്ഞു. കേരളസര്‍ക്കാരിന്റെ ഖജനാവുനിറയ്ക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് മദ്യനിര്‍മ്മാര്‍ജനത്തിനായുള്ള ശ്രമങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നുമുണ്ട്. മതങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സംഘടനകളുടെ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള അനേകം സന്നദ്ധ സംഘടനകളും ധ്യാനകേന്ദ്രങ്ങളും ഈ രംഗത്ത് കാഴ്ചവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയങ്ങളാണ്. ദുര്‍മന്ത്രവാദിയും പണിക്കരും ദിവൃന്മാരായ മനുഷ്യദൈവങ്ങളും മദ്യത്തിനെതിരെയുള്ള മരുന്നുല്‍പ്പാദിപ്പിച്ച് വിതരണം നടത്തി സാമൂഹികസേവനമനുഷ്ഠിക്കുന്ന സ്വകാര്യസ്ഥാപനങ്ങളും ഇന്ന് ആവശ്യക്കാരെക്കൊണ്ട് പൊറുതിമുട്ടുകയാണ്.
മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ പര്യാപ്തമായ അനേകം പുസ്തകങ്ങള്‍ വിപണിയില്‍ സുലഭമാണ്. എന്തിന്? നാമുപയോഗിക്കുന്ന മദ്യത്തിന്റെ കുപ്പികളിലോരോന്നിന്റേയും പുറത്തൊട്ടിച്ചിരിക്കുന്ന ലേബലില്‍ വരെ ‘മദ്യപാനം ആരോഗ്യത്തിന് ഹാനികര’മെന്ന് പല ഭാഷകളില്‍ എഴുതിവെച്ചിട്ടുണ്ട്.
കുടിച്ചാല്‍ കരളിന് കേടുവരുമെന്നറിയാത്ത ഏതെങ്കിലുമൊരാള്‍ ഈ നാട്ടിലുണ്ടോ? പഴയകാലത്ത് ഓലടാക്കീസുകളില്‍ കേട്ടിരുന്ന ‘ബീഹാറില്‍ വെള്ളപ്പൊക്കം…’ എന്ന ന്യൂസ് റീലുപോലെ പുകവലിയുടെയും മദ്യപാനത്തിന്റേയും ദൂഷ്യഫലങ്ങള്‍ വ്യക്തമാക്കുന്ന പരസ്യങ്ങള്‍, എല്ലാ തിയേറ്ററുകളിലും ഓടിക്കൊണ്ടിരിക്കുന്നുമുണ്ട്. മദ്യം മൂലമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് ധാരണയിലാത്തവരല്ല മദ്യപര്‍! എന്നിട്ടും ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് ദിനംപ്രതി കൂടിക്കൂടി വരികയും മദ്യപാനമാരംഭിക്കുന്നവരുടെ പ്രായം കുറഞ്ഞുവരികയുമാണ്.
എന്താണിതിന് കാരണം? എന്താണ് ശാശ്വതമായ പരിഹാരം? ഈ കാര്യത്തില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്ന മദ്യവിരുദ്ധ-വിമുക്തി-നിര്‍മാര്‍ജ്ജന പ്രവര്‍ത്തകരെല്ലാം ലക്ഷ്യം വെക്കുന്നത് ഒരേ കാര്യമാണ്-മദ്യപാനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് അറുതിവരുത്തുക.
യാഥാര്‍ത്ഥ്യബോധത്തോടുകൂടിയല്ലാതെ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് എന്റെ വിനീതമായ അഭിപ്രായം.
എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെയുള്ള ഒരേര്‍പ്പാടാണ് മദ്യനിരോധമെന്നാണ് എന്റെ പക്ഷം. മനുഷ്യന്റെ ചരിത്രമാരംഭിച്ചകാലം മുതല്‍ നിലനില്‍ക്കുന്നതായി കാണാവുന്ന രണ്ട് കാര്യങ്ങളാണ് മദ്യപാനവും വേശ്യാവൃത്തിയും. അതിന്റെ ശരിതെറ്റുകളെക്കുറിച്ചുള്ള വ്യത്യസ്താഭിപ്രായങ്ങള്‍ നിലനില്‍ക്കെത്തന്നെ, നാം ഒരു കാര്യം വിസ്മരിച്ചുകൂടാ. ജന്മനാ തന്നെ സുഖാന്വേഷിയാണ് മനുഷ്യന്‍. അവന്റെ നിലനില്‍പ്പിനും സന്തോഷത്തിനും വേണ്ടിയാണ് അവനെന്നും നിലകൊള്ളുക. ഭൗതികസാഹചര്യങ്ങളുടെയും മാനസികസംഘര്‍ഷങ്ങളുടെയും നിത്യവ്യവഹാരത്തില്‍ നിന്നും ഒളിച്ചുമാറി ശാരീരികവും മാനസികവുമായ സ്വര്‍ഗ്ഗീയാനുഭവങ്ങളുടെ സ്വപ്നഭൂമിയിലൂടെ പറന്നു നടക്കാനാഗ്രഹിക്കുന്ന മനുഷ്യന്‍, ലഹരിക്കു പിന്നാലെ പായാന്‍ ആഗ്രഹിച്ചുപോകുന്നതില്‍ അവനെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല!
സാമൂഹിക ജീവിയായി പരിണമിച്ച കാലം മുതല്‍ ഇത്തരം സ്വകാര്യസുഖങ്ങള്‍ അന്യര്‍ക്ക് ദോഷകരമാകാതിരിക്കണമെന്ന് മനുഷ്യര്‍ക്ക് ബോധ്യപ്പെട്ടു. ചില വിശേഷാവസരങ്ങളില്‍ ആഘോഷങ്ങള്‍ പൊലിപ്പിക്കാന്‍ മദ്യം ഉപയോഗിച്ച്, പിന്നീടത് ശീലമാക്കിയ മനുഷ്യര്‍ പ്രകൃതിദത്തമായ വസ്തുക്കളുപയോഗിച്ച് സ്വയം നിര്‍മ്മിച്ചെടുക്കുന്ന മദ്യമുപയോഗിച്ചിരുന്ന കാലത്ത്, ലഹരിക്കടിമപ്പെടുന്നുവരുടെ എണ്ണം തുലോം തുച്ഛമായിരുന്നു. എല്ലാ നാട്ടിന്‍പുറങ്ങളിലും കുടിയനെന്ന പേരിലറിയപ്പെട്ടിരുന്ന ഒന്നോ രണ്ടോ പേരുണ്ടായിരുന്നിരിക്കാം. മദ്യാസക്തിയെന്നൊരു രോഗത്തെക്കുറിച്ചും ഡി-അഡിക്ഷന്‍ സെന്ററുകളെക്കുറിച്ചും ആര്‍ക്കും അറിവില്ലാത്തൊരു കാലം.
പക്ഷേ, രാസപ്രക്രിയകളിലൂടെ മദ്യമുണ്ടാക്കാനാരംഭിക്കുകയും ജീവിതത്തിന്റെ ലാളിത്യവും പ്രകൃതിയുമായുള്ള സഹവര്‍ത്തിത്വവും കുറഞ്ഞുവരികയും ജീവിതം കൂടുതല്‍ സാങ്കേതികവും സങ്കീര്‍ണ്ണവും ആകുകയും ചെയ്തതോടെ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയും അവരില്‍ ലഹരിക്കടിമയാകുന്നവരുടെ എണ്ണം പെരുകിവരികയുമാണുണ്ടായത്.
മദ്യം മൂലമുണ്ടാകാനിടയുള്ള രോഗങ്ങളെക്കുറിച്ച് ബോധ്യപ്പെടാത്തതിനാലല്ല മദ്യപാനികളുടെ എണ്ണം കുറയാത്തത്. ഉപദേശങ്ങള്‍ നിര്‍ലോഭമായി കിട്ടാത്തതുകൊണ്ടുമല്ല. കണക്കുകള്‍ ഉദ്ധരിച്ചും മഹദ്‌വചനങ്ങളാവര്‍ത്തിച്ചും മദ്യപാനിയെ ബോധവല്‍ക്കരിക്കാനുള്ള ശ്രമം എത്രമാത്രം വിജയം കണ്ടെത്തുന്നുണ്ടെന്ന് ആരും ശ്രദ്ധിക്കാറില്ല.
ഒരിക്കല്‍ യാഥാര്‍ത്ഥ്യമെന്തെന്ന് തിരിച്ചറിഞ്ഞാല്‍ മരണം വരെ ആ സത്യമംഗീകരിച്ചുകൊണ്ട് ജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവും നേടാന്‍ ഒരാള്‍ക്ക് കഴിയണം; കഴിയും. മദ്യാസക്തി മറ്റു പല രോഗങ്ങള്‍ പോലെയും ഒരു മാറാരോഗമാണെങ്കില്‍, ആ രോഗം തനിക്കുണ്ടെന്ന് വിളിച്ചുപറയാനുള്ള തന്റേടം ആര്‍ജിക്കാതെ, തലയില്‍ മുണ്ടിട്ട് അജ്ഞാതനായിരുന്ന് മദ്യവിമുക്തനാകാന്‍ ശ്രമിക്കുന്നവരുടെ ബോധവല്‍ക്കരണശ്രമങ്ങള്‍, കേരളത്തിന്റെ മണ്ണില്‍ വേണ്ടത്ര വേരോടിയിട്ടില്ല. അതിനുള്ള കാര്യകാരണങ്ങളെക്കുറിച്ച് പുനര്‍ചിന്തനം നടത്താന്‍ നാം ഇനിയെങ്കിലും ശ്രമിക്കേണ്ടതുണ്ട്.
ചട്ടക്കൂടുകളിലൊതുങ്ങാതെ ചിന്തയിലും ജീവിതത്തിലും ഊടാടി നടക്കാന്‍ ഇഷ്ടപ്പെടുന്ന മദ്യാസക്തനെ തടവിലിട്ട് പുറമെ നിന്ന് നിയന്ത്രിക്കാനോ ഉപദേശിച്ച് നേരെയാക്കാനോ ശ്രമിക്കുന്നത് തികച്ചും വിഫലമായിരിക്കുമെന്ന് മദ്യപാനിയുടെ മനസ്സു വായിക്കാന്‍ കഴിഞ്ഞവര്‍ക്കേ അറിയൂ. ആന്തരികമായ സ്വയം തീരുമാനത്തിലൂടെയല്ലാതെ ഒരാള്‍ക്ക് പൂര്‍ണ്ണ മദ്യവിമുക്തനാകാന്‍ കഴിയുകയില്ല എന്നതാണ് വസ്തുത. അതിനയാളെ പ്രേരിപ്പിക്കുകയും, സഹായിക്കുകയും ചെയ്യാന്‍ സന്മനസ്സുള്ളവരുടെ പൂര്‍ണ്ണ പിന്തുണയാണയാള്‍ക്കാവശ്യം. ഇത്തരം വസ്തുതകള്‍ മനസ്സിലാക്കിക്കൊടുക്കാനും രോഗവിമുക്തിശ്രമങ്ങള്‍ ഫലവത്താകുന്നതുവരെയും ശേഷവും, നിര്‍ലോഭമായ സഹായം അവന് നല്‍കുവാനും സ്വന്തം കുടുംബത്തിനും സമൂഹത്തിനും കഴിയണമെങ്കില്‍, മദ്യത്തെക്കുറിച്ചും മദ്യാസക്തിയെന്ന രോഗത്തെക്കുറിച്ചും അതിനുള്ള പ്രതിവിധികളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്.
മദ്യപാനമുപേക്ഷിക്കാന്‍, സമൂഹത്തെയാകെ മദ്യവിമുക്തമാക്കാന്‍ മദ്യത്തിനെതിരേ നിരോധനാജ്ഞപുറപ്പെടുവിച്ചതുകൊണ്ടോ നിയമാനുസൃതം നടപടിയെടുക്കുന്നതുകൊണ്ടോ, സമൂഹം പുറന്തള്ളിയതു കൊണ്ടോ, ശാസ്ത്രീയ സമസ്യകള്‍ മദ്യപന് അജ്ഞാതമായ ഭാഷയിലൂടെ വെളിപ്പെടുത്തുന്നതിലൂടെയോ കഴിയില്ലെന്ന വിശ്വാസമാണെന്നനിക്കുള്ളത്.
പകരം മറ്റൊരു ബോധവല്‍ക്കരണരീതിയാണ് ഈ പുസ്തകത്തിലെ പരാമര്‍ശം. യഥാര്‍ത്ഥ വസ്തുതകള്‍ തിരിച്ചറിയുന്നതിലൂടെ സ്വയം മദ്യവിമുക്തനാകാന്‍ കഴിയുന്ന ഒരു മുന്‍മദ്യപന്‍, ചികിത്സകനായിത്തീരുകയും, അയാള്‍ മറ്റൊരു രോഗിയെ രോഗവിമുക്തനാക്കാന്‍ സഹായിക്കുകയും ചെയ്യുന്നപക്ഷം കേരളം ഇന്നുവരെ കണ്ട ”ചങ്ങലകളില്‍” നിന്നെല്ലാം വ്യത്യസ്തമായി സുസ്ഥിരമായൊരു കൂട്ടായ്മയുണ്ടാക്കാം. വരും തലമുറയെയെങ്കിലും മദ്യത്തിന്റെ ഇരകളാക്കി തീര്‍ക്കാതിരിക്കാന്‍, താങ്കളും ഈ ചങ്ങലയില്‍ കണ്ണിയാകൂ. തുല്യദുഃഖിതര്‍ തമ്മിലുള്ള ബന്ധത്തിന് രക്തബന്ധത്തെക്കാള്‍ ഊഷ്മളതയുണ്ടെന്ന് നിങ്ങള്‍ക്കും ബോധ്യപ്പെടും, തീര്‍ച്ച!
അനേകകാലത്തെ മദ്യപാനശീലത്തിനൊടുവില്‍ കുടിയനെന്ന പേരിലറിയപ്പെടാന്‍ തുടങ്ങുന്ന ഒരാള്‍ എല്ലാ തലങ്ങളിലും സാധാരണക്കാരില്‍ നിന്നും വ്യത്യസ്തനായിത്തീരും. അവന്റെ പെരുമാറ്റത്തിലും ചിന്തയിലും ദര്‍ശനത്തിലും മൂല്യങ്ങളിലും, എന്തിന് ഭാഷയില്‍ പോലും, രൂപാന്തരം സംഭവിച്ചിരിക്കും. അത്തരം ഒരാളെ മദ്യവിമുക്തനാക്കാന്‍ മതിയായ പുതിയ രീതികളും സങ്കേതങ്ങളുമന്വേഷിച്ച് നടത്തിയ ചില നിരീക്ഷണപരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ വസ്തുതകളുടെ ക്രോഡീകരണമാണ് ഈ പുസ്തകം.
സാധാരണക്കാരില്‍ ഒരുവനായി ജനിക്കുകയും ജീവിക്കുകയും ഉന്നത വിദ്യാഭ്യാസമെന്നു പറയപ്പെടുന്ന ഡോക്ടറേറ്റ് വരെ കരസ്ഥമാക്കുകയും ചെയ്ത, എന്റെ അന്‍പത്തൊന്നുവയസ്സുവരെയുള്ള ജീവിതത്തിലുടനീളം മദ്യപന്മാരോടൊപ്പം ജീവിക്കാനിടയാവുകയും, മുഴുകുടിയനായിത്തീരുകയും അനേകം ഡി-അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സനേടിയെങ്കിലും ഫലിക്കാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച വേളയില്‍ ഡോ. വി.ജെ. പോള്‍ എന്ന നല്ല മനുഷ്യന്റെ ഇടപെടലിലൂടെ മദ്യാസക്തിയെക്കുറിച്ച് കുറേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇടവരികയും, അവ സത്യമാണെന്ന് സ്വയം തിരിച്ചറിയാന്‍ ഇടയാകുകയും ചെയ്തതിലൂടെ മദ്യാസക്തി എന്ന രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ എനിക്കു കഴിഞ്ഞു. തുടര്‍ന്ന് പതിനാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ അനേകായിരം കുടുംബങ്ങളെ മദ്യവിമുക്തരാക്കാന്‍ സഹായിക്കുന്ന ഒരാളെന്ന നിലയില്‍, തികച്ചും ആധികാരികമല്ലാത്ത ഈ കുറിപ്പുകളിലൂടെ കടന്നു പോകുന്നവര്‍, ഇതില്‍ പരാമര്‍ശിക്കുന്ന സംഗതികളെക്കുറിച്ച്, അതിന്റെ ശരിതെറ്റുകളെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ പരിശോധിക്കാനും പഠിക്കാനും ഇടവരുമെന്ന പ്രത്യാശ എനിക്കുണ്ട്. ഒപ്പം ഈ പുസ്തകം വായിക്കുന്നതിലൂടെ ഒരാളെയെങ്കിലും മദ്യവിമുക്തനാക്കാന്‍ കഴിഞ്ഞാല്‍, വരും തലമുറയില്‍പ്പെട്ടവര്‍ക്ക് മദ്യത്തെക്കുറിച്ച് കൂടുതലായി ചില കാര്യങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചാല്‍ മദ്യമുപയോഗിക്കുന്നതില്‍ നിന്നും അവരെ പിന്‍തിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ ധന്യനായി.
മദ്യാസക്തി അഥവാ ”ആല്‍ക്കഹോളിസം” എന്നു പേരുള്ള ഒരു രോഗമുണ്ടെന്ന കാര്യം ഇതു വായിക്കുന്നവരില്‍ എത്രപേര്‍ക്കറിയാം? നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇക്കാര്യം അന്വേഷിച്ചറിയാന്‍ നിങ്ങളൊന്ന് ശ്രമിച്ചുനോക്ക്, നമ്മളെത്രമാത്രം നിരക്ഷരരാണെന്ന് അപ്പോഴറിയാം.
സത്യമാണ് സുഹൃത്തേ, മദ്യാസക്തി ഒരു രോഗമാണ്!
നമ്മുടെ പല ധാരണകളും തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തിരുത്തപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഭൂമി ഉരുണ്ടതാണെന്നുള്ള കണ്ടെത്തല്‍ പോലും അപ്രകാരമുണ്ടായതാണ്. മദ്യപാനിയെന്നും മുഴുക്കുടിയനെന്നും മറ്റും നാം വിളിച്ചുവരുന്ന, പരിഹാസ്യരും നിന്ദൃരുമായ മനുഷ്യരെക്കുറിച്ച്, അവരുടെ കുടുംബാംഗങ്ങള്‍ക്കൊഴികെ മറ്റാര്‍ക്കും ഉല്‍ക്കണ്ഠയില്ലാത്ത ഈ കാലത്ത് , എന്തുകൊണ്ട് ചിലര്‍ മാത്രം ആ പേരിന്നുടമകളാകുന്നു എന്ന് പരിശോധിക്കാനുള്ള ക്ഷമ നിങ്ങള്‍ക്കുണ്ടെങ്കില്‍ തുടര്‍ന്നു വായിക്കുക. മദ്യപനെന്ന മേല്‍വിലാസമുപേക്ഷിച്ച് മനുഷ്യനായി ജീവിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന നിസ്സഹായനായ ഒരു പാവം മനുഷ്യനെ കണ്ടെത്താന്‍ നിങ്ങള്‍ക്കാകും. അവനെ സഹായിക്കാന്‍ ‘നല്ല സമരിയക്കാരനായി’ മാറാനുള്ള സന്മനസ്സ് നിങ്ങള്‍ക്കില്ലെങ്കില്‍ പോലും ഭൂമിയുടെ അതിരുകളിലേക്കവനെ ആട്ടിപ്പായിക്കാതിരിക്കാനെങ്കിലും നിങ്ങള്‍ക്ക് കഴിയുമെന്നാണെന്റെ പ്രതീക്ഷ. വൈക്കോല്‍തുരുമ്പുപോലെ നിസ്സാരമായ ഒരു ത്യാഗമനുഷ്ഠിക്കുവാന്‍ നിങ്ങള്‍ തയ്യാറാവുകയാണെങ്കില്‍, കുടിയനും അവന്റെ കുടുംബത്തിനും ഒരു പുനര്‍ജന്മം നല്‍കാന്‍ നിങ്ങള്‍ക്കുമാകുമെന്ന പ്രത്യാശയും എനിക്കുണ്ട്.
‘കുടിയ’നെന്ന പേര് ഈ ലോകത്തിലാര്‍ക്കെങ്കിലും ഇഷ്ടമുണ്ടാകുമോ? എയ്ഡ്‌സ് ബാധിച്ച രോഗിയോടും മനോരോഗിയോടും അല്‍ഷിമേഴ്‌സ് ബാധിച്ച വൃദ്ധരോടും കരുണ കാണിക്കുന്ന നാം ഒരു മദ്യാസക്തനോട് എങ്ങനെയാണ് പെരുമാറുന്നതെന്നു കൂടി നിങ്ങളൊന്ന് ആലോചിച്ചുനോക്കുക!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply