മതഫാസിസത്തിനെതിരെ, സാമൂഹ്യ നീതിക്കുവേണ്ടി മനുഷ്യസംഗമം
ഷീബ അമീര്‍ , ചെയര്‍ പേഴ്‌സന്‍ പി.എന്‍.ഗോപികൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ 2016 മാര്‍ച്ച് 2627 തൃശൂരില്‍ സെമിനാര്‍, ജനകീയ സദസ്സ്, നാടകം, സംഗീതം, വിവിധ കലാപരിപാടികള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള നടത്തം ആറരപതിറ്റാണ്ടിലധികം കാലമായി ഇന്ത്യയില്‍ വേരുറയ്ക്കുകയും അതിജീവനശേഷി കൈവരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ മതേതര ജനാധിപത്യ സംവിധാനത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് സമീപകാലത്ത് സവര്‍ണ്ണ ഹിന്ദുത്വഫാസിസം ഇവിടെ മേധാവിത്വം നേടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. മതേതരത്വവും, സാര്‍വ്വലൗകിക മാനവികതയും, വ്യക്തിസ്വാതന്ത്ര്യവും, നിയമത്തിനു മുന്നിലെ തുല്യതയും വിഭാവനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ക്കെതിരായാണ് […]
ഷീബ അമീര്‍ , ചെയര്‍ പേഴ്‌സന്‍
പി.എന്‍.ഗോപികൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍
2016 മാര്‍ച്ച് 2627 തൃശൂരില്‍
സെമിനാര്‍, ജനകീയ സദസ്സ്, നാടകം, സംഗീതം, വിവിധ കലാപരിപാടികള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള നടത്തം
ആറരപതിറ്റാണ്ടിലധികം കാലമായി ഇന്ത്യയില്‍ വേരുറയ്ക്കുകയും അതിജീവനശേഷി കൈവരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ മതേതര ജനാധിപത്യ സംവിധാനത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് സമീപകാലത്ത് സവര്‍ണ്ണ ഹിന്ദുത്വഫാസിസം ഇവിടെ മേധാവിത്വം നേടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. മതേതരത്വവും, സാര്‍വ്വലൗകിക മാനവികതയും, വ്യക്തിസ്വാതന്ത്ര്യവും, നിയമത്തിനു മുന്നിലെ തുല്യതയും വിഭാവനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ക്കെതിരായാണ് മതഫാസിസം വെല്ലുവിളികളുയര്‍ത്തുന്നത്.
ഭരണഘടനയുടെ നിയമവ്യസ്ഥക്കകത്തുനിന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും അധികാരത്തിലെത്തുമ്പോള്‍, തങ്ങളുടെ അക്രമാസക്തമായ വര്‍ഗ്ഗീയ അജണ്ടകള്‍, അധികാരവും നിയമസംവിധാനവും ദുരുപയോഗം ചെയ്ത് നടപ്പിലാക്കാന്‍ ശ്രമിക്കുകയുമെന്ന തന്ത്രമാണ് ഹിന്ദുത്വവര്‍ഗ്ഗീയപാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാര്‍നിയമസംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ആ സംവിധാനത്തെതന്നെ അട്ടിമറിക്കുന്ന ഈ മാതൃക മുസ്‌ലിം കൂട്ടകൊലയ്ക്കു നേതൃത്വം കൊടുത്ത നരേന്ദ്രമോദി ഗുജറാത്തില്‍ പരീക്ഷിച്ചിട്ടുള്ളതുമാണ്.
എതിര്‍സ്വരങ്ങളെയും ഭിന്നസ്വരങ്ങളെയും ബലംകൊണ്ട് അടിച്ചമര്‍ത്തുക, മതന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രചരണം നടത്തുകയും അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്യുക, ബോധപൂര്‍വ്വം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക, ചില വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പശു ആരാധനയുടെ പേരില്‍ മുസ്ലീം, ക്രിസ്ത്യന്‍, ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടിയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭക്ഷണശീലങ്ങളെ വിലക്കുക, ലംഘിക്കുന്നവരെ പരസ്യമായി ആക്രമിക്കുക, ദലിത് വിഭാഗങ്ങള്‍ക്കുനേരെ അക്രമങ്ങള്‍ അഴിച്ചുവിടുക, യാഥാസ്ഥിതിക മതാശയങ്ങളെ വിമര്‍ശിക്കുന്ന സ്വതന്ത്രചിന്തകരെ വധിക്കുക, സംഗീത നിരോധനങ്ങളും പുസ്തകനിരോധനങ്ങളും നടപ്പിലാക്കുക…ഇങ്ങനെ ഒരുവശത്ത് വര്‍ഗ്ഗീയഭ്രാന്തരായ അവരുടെ വിവിധ ‘സേന’കള്‍ ഭക്ഷണം, വസ്ത്രം, എഴുത്ത,് മതാതീത പ്രണയങ്ങള്‍, സദാചാരം തുടങ്ങി വ്യക്തികളുടെ മൗലിക സ്വാതന്ത്ര്യത്തില്‍പ്പോലും ഇടപെടുകയും ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നു; മറുവശത്ത് അധികാരവും സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗിച്ച് അത്തരം ഹീനപ്രവര്‍ത്തികളെ പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്യുന്നു.
സ്വതന്ത്രവിദ്യാഭ്യാസശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെല്ലാം മതമൗലികവാദ അജണ്ടകള്‍ നടപ്പിലാക്കാന്‍ അവര്‍ ശ്രമിക്കുന്നു. സ്വതന്ത്രചിന്തയും ക്രിയാത്മകതയും വളര്‍ന്നുവരാനുള്ള ഇടങ്ങള്‍ ഇല്ലാതാക്കുകയാണ് അതിന്റെ ലക്ഷ്യം. FTII, NCERT, ICHR, HCU പോലുള്ള നിരവധി സ്ഥാപനങ്ങള്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടതിനുശേഷം ഇപ്പോള്‍ JNU യിലേക്കും അസഹിഷ്ണുതയുടെ നീരാളികൈകള്‍ നീണ്ടുചെന്നിരിക്കുന്നു.
അന്ധമായ പാരമ്പര്യങ്ങളോ, അബദ്ധജടിലമായ വിശ്വാസങ്ങളോ അല്ല, ബുദ്ധിപരമായ വിവേചനശേഷിയാണ് മനുഷ്യസമൂഹത്തെ മുന്നോട്ടു നയിക്കേണ്ടത് എന്നത് പുരാതന സംസ്‌ക്കാരങ്ങള്‍ മാനവരാശിക്കു കൈമാറിയതും നവോത്ഥാനത്തിലൂടെ വീണ്ടും വീണ്ടും ഉറപ്പിക്കുകയും ചെയ്ത ഒരു സത്യമാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി ആ സത്യത്തെ നാം നിയമപരമായി ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ശാസ്ത്രീയമായ മനോഭാവവും മാനവികതയും അന്വേഷണപരതയും നവീനതയും വളര്‍ത്തേണ്ടത് ഓരോ പൗരന്റെയും മൗലിക കര്‍ത്തവ്യങ്ങളില്‍പ്പെട്ട കാര്യങ്ങളാണ്. ഭരണഘടനാപരമായ ആ ഉത്തരവാദിത്വത്തെക്കുറിച്ച് ഓരോ പൗരനെയും ഓര്‍മ്മപ്പെടുത്തേണ്ട ചരിത്രസന്ദഭത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇത്തരമൊരു കൂട്ടായ്മ സാധ്യമാക്കിയ സന്ദര്‍ഭവും ഇതാണ്.
മതേതര, ജനാധിപത്യ ആശയങ്ങള്‍ തത്വത്തില്‍ അംഗീകരിയ്ക്കുന്ന സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും യുവജന, സ്ത്രീ, വിദ്യാര്‍ത്ഥി വിഭാഗങ്ങളുടെയും സാമൂഹ്യനീതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെയും വ്യക്തികളുടെയും പൊതുവേദിയാണ് ‘ഫാസിസത്തിനെതിരെ ബഹുജനങ്ങള്‍’ എന്ന കൂട്ടായ്മ. ജനാധിപത്യത്തിലും മതേതരത്വത്തിലും അടിയുറച്ചു നിന്നുകൊണ്ടു മാത്രമേ, മതഫാസിസത്തെ നേരിടാനാകൂ എന്നും, ഒരു മതരാഷ്ട്രവാദത്തെ മറ്റൊരു മതരാഷ്ട്രവാദംകൊണ്ട് എതിര്‍ത്ത് തോല്‍പിക്കാനാവില്ലെന്നും, ജന്‍ഡറിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള എല്ലാ സാമൂഹ്യവിവേചനങ്ങളും ഇല്ലാതാകണമെന്നും, ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശങ്ങളും നീതിയും എല്ലാവര്‍ക്കും ലഭ്യമാകണമെന്നും കരുതുന്നവരുടെ കൂട്ടായ്മ.
ഫാസിസത്തിനെതിരെ, നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനങ്ങള്‍ക്കകത്തുനിന്നുകൊണ്ടുള്ള സാംസ്‌കാരികവും, ആശയപരവുമായ പ്രതിരോധങ്ങളെ വളര്‍ത്തുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ജനാധിപത്യത്തെ കൂടുതല്‍ വികസ്വരമാക്കുന്നതിനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെയോ പ്രസ്ഥാനങ്ങളുടെയോ ഏതു ശ്രമത്തെയും ഈ കൂട്ടായ്മ മാനിക്കുകയും അവ ഉയര്‍ത്തിക്കൊണ്ടുവരുന്ന രാഷ്ട്രീയ സംവാദങ്ങളുടെ ഇടങ്ങളെ പ്രതീക്ഷയോടെ കാണുകയും ചെയ്യുന്നു. എന്നാല്‍ മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ താല്‍ക്കാലിക ലക്ഷ്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന മതപ്രീണനങ്ങളോട്, വര്‍ഗ്ഗീയ സന്ധികളോട്, ജനാധിപത്യ ധ്വംസനങ്ങളോട്, രാഷ്ട്രീയ കൊലപാതകങ്ങളോട് ഈ കൂട്ടായ്മ ശക്തമായി വിയോജിക്കുകയും ചെയ്യുന്നു. തുറന്നതും സഹിഷ്ണുതാപൂര്‍വ്വവുമായ ജനാധിപത്യ സംവാദങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ കൂട്ടായ്മയെ വിപുലമാക്കുന്നത്.
മതവിശ്വാസത്തില്‍ നിന്നോ ആത്മീയതയില്‍ നിന്നോ ഉണ്ടാകുന്ന ഒന്നല്ല മതഫാസിസം. മതങ്ങള്‍ ഉപയോഗിക്കുന്ന ഏതാനും ചിഹ്നങ്ങള്‍ മാത്രം എടുത്തുപയോഗിച്ച് അധികാരവും സമ്പത്തും ആര്‍ജ്ജിക്കാനുള്ള അക്രമാസക്തമായ ഒരു മാര്‍ഗമാണത്. ഏതു മതവിശ്വാസിക്കും മതഫാസിസത്തിനെതിരെയുള്ള ഈ കൂട്ടായ്മയില്‍ പങ്കെടുക്കാം. മനുഷ്യന്‍ എന്ന പദം ഒരു സ്വത്വബോധത്തെയും നിഷേധിക്കുന്നില്ല. എല്ലാ സ്വത്വങ്ങള്‍ക്കും വന്നുചേരാവുന്ന ഇടമാണ് അത്.
അന്ധമായ ദേശീയതയെ ഏതു ഗുണ്ടായിസത്തെയും ന്യായീകരിക്കാനുള്ള വൈകാരിക ഇന്ധനമായി ഉപയോഗിക്കുന്നു. പതാകയിലും ചിഹ്നങ്ങളിലും അഭിരമിക്കലോ പാരമ്പര്യാരാധനയോ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കലോ അല്ല; ജനാധിപത്യം സാധ്യമാക്കിയ, ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ട മൂല്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് യഥാര്‍ത്ഥത്തില്‍ രാജ്യസ്‌നേഹം. മതവിദ്വേഷം പ്രചരിപ്പിച്ചും, വര്‍ഗ്ഗീയ ലഹളകള്‍ സൃഷ്ടിച്ചും, വ്യാജ രാഷ്ട്രഭക്തി പെരുപ്പിക്കുന്ന ഹിന്ദുത്വ ബ്രാന്റ് ദേശീയവാദത്തിന് തടസ്സമായതുകൊണ്ടാണ് ഗാന്ധിജി വധിക്കപ്പെട്ടതെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ പ്രകടിപ്പിക്കുന്ന ഗോഡ്‌സേ ആരാധന, അക്രമാസക്തമായ അവരുടെ ദേശീയവാദം എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഭരണഘടനയില്‍ അയിത്തം കുറ്റകൃത്യമായി പ്രഖ്യാപിക്കപ്പെട്ട് ആറരപതിറ്റാണ്ടു കഴിഞ്ഞിട്ടും ജാതീയമായ വിവേചനങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല. ഇത്തരം വിവേചനങ്ങളുടെ അവസാന ഉദാഹരണമാണ് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ. സ്ത്രീപുരുഷ തുല്യത അംഗീകരിച്ച ഒരു ഭരണഘടനയുണ്ടായിട്ടും പുരുഷാധിപത്യത്തിന്റെ കടുംപിടുത്തം നമ്മുടെ സമൂഹത്തില്‍ ഇന്നും തുടരുന്നു; ലിംഗസമത്വം ഇന്നും നിയമപരമായിപോലും സംരക്ഷിക്കപ്പെടുന്നില്ല. വിമത ലൈംഗിക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് ഇന്നും നിയമപരമായ പ്രാബല്യം പോലും വന്നിട്ടില്ല. ഭരണഘടനയ്ക്കുനേര മതഫാസിസം ഉയര്‍ത്തുന്ന വെല്ലുവിളികളും സാമൂഹ്യനീതിയും വിഷയമാക്കിയാണ് മനുഷ്യസംഗമത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.
ഒരു പുതിയ സംഘാടനത്തിന്റെയും പ്രതിരോധത്തിന്റെയും, ഒരു പുത്തന്‍ കൂട്ടായ്മയുടെയും ഒരു പുത്തന്‍ പ്രബുദ്ധതയുടെയും രാഷ്ട്രീയം രൂപപ്പെടുത്തിയെടുക്കുകയാണ് ഫാസിസ ത്തിനെതിരെ ബഹുജനങ്ങള്‍ എന്ന സാംസ്‌ക്കാരിക കൂട്ടായ്മ. നിഷേധാത്മകതയേക്കാള്‍, പുതിയ സാമൂഹ്യ സഹകരണത്തെയും, ജീവിത കര്‍തൃത്വത്തെയും, സംവാദാത്മകതയേയും, സര്‍ഗ്ഗാത്മകതയേയും ആഘോഷമാക്കുന്ന, ജീവിതത്തെ പ്രതിഷ്ഠാപിക്കുന്ന ഈ തുറന്ന കൂട്ടായ്മയിലേക്ക് എല്ലാ ജനാധിപത്യ, മതേതരവാദികളെയും സ്വാഗതം ചെയ്യുന്നു. അതിരുകളി ല്ലാത്ത സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യ സംഗമപരിപാടികളിലേക്ക് താങ്കളുടെയും താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
K M Venugopalan
February 26, 2016 at 8:10 am
ഹിന്ദുത്വവാദികളായ ഒരു ചെറുവിഭാഗം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിയമാനുസൃതവും ഭരണഘടനാനുസൃതവും ആയ നടപടികളിലൂടെ നിയന്ത്രിച്ച് നിലയ്ക്ക് നിർത്തുന്നതിന് നിർലോഭമായ ബഹുജനപിന്തുണ ലഭിക്കുമായിരുന്നിട്ടും, 1980 കളുടെ രണ്ടാം പകുതി മുതൽ കോൺഗ്രസ് -കോൺഗ്രസ്സിതര സർക്കാരുകൾ എന്ത് കൊണ്ട് ആ വഴിയ്ക്ക് ഒരു ശ്രമവും നടത്തിയില്ല ? ഈ ചോദ്യത്തിന്റെ ഉത്തരത്തിലേയ്ക്ക് എത്തിപ്പെടുന്ന ഒരു സൂചനയാണ് പി സായ് നാഥ് നടത്തിയ പ്രധാനപ്പെട്ട ഒരു നിരീക്ഷണം :
കമ്പോള മൗലിക വാദികൾക്കും മത മൌലിക വാദികൾക്കും അന്യോന്യം സഹായിച്ചുകൊണ്ടും സഹകരിച്ചുകൊണ്ടും മാത്രമേ നിലനിൽപ്പ് സാധ്യമാകൂ . രാജ്യത്ത് ആദ്യമായി പാർലമെന്റിൽ ഭൂരിപക്ഷം സീറ്റുകളും നേടി ഒരു സംഘ ചാലകന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുന്നതോടെ ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു മാറ്റം വിയോജിപ്പുകൾ ക്രിമിനൽ വരിക്കപ്പെടുന്നു എന്നുള്ളതാണ് .
ജെ എൻ യുവിൽ സമരം ചെയ്യുന്ന വിദ്യാർഥികളോട് ഐക്യദാർഢയപ്പെട്ട് തന്റെ പഴയ കാംപസിൽ എത്തിയ സായ് നാഥ് ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ പറഞ്ഞ ഓരോ കാര്യവും ഹിന്ദുത്വ ശക്തികൾക്കെതിരായ ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന്റെ ഭാവനയ്ക്ക് സങ്കുചിതമായ കക്ഷി രാഷ്ട്രീയഅതിരുകൾക്കപ്പുറം കരുത്തും ആത്മബലവും നല്കാൻ ഉതകുന്നതാണ്.
https://www.youtube.com/watch?v=DvLvfTY3XKI