മതങ്ങള്‍ ഭരണകൂടത്തേക്കാള്‍ വളരുമ്പോള്‍
സാറാ ജോസഫ് മതങ്ങള്‍ ഭരണകൂടത്തേക്കാള്‍ വളരുന്ന അവസ്ഥയാണ് ഇന്നു നിലനില്‍ക്കുന്നത്. അതിന്റെ തിക്തഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്നത് സ്ത്രീകളാണ്. കുടുംബത്തേയും ഭരണകൂടത്തേയും നിയന്ത്രിക്കുന്ന നിലയിലേക്ക് മതം മാറിയിരിക്കുന്നു. രണ്ടിന്റേയും ജനാധിപത്യവല്‍ക്കരണത്തെ മതം തടയുന്നു. നിലിനില്‍ക്കുന്ന മൂല്യങ്ങളെ അത് അരക്കിട്ടുറപ്പിക്കുന്നു. അതാകട്ടെ പുരുഷാധിപത്യ മൂല്യങ്ങളാണുതാനും. അപ്പോള്‍ സ്ത്രീകള്‍ ഇരകളാകുകയാകുന്നത് സ്വാഭാവികം. നവോത്ഥാന പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും അവയുടെ തുടര്‍ച്ചയായി വന്ന ഇടതുപക്ഷ പ്രസ്ഥാനവും സ്ത്രീകളുടെ അവസ്ഥയില്‍ മാറ്റം വരുത്തുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്കാവശ്യം സംവരണമോ അല്‍പ്പം കൂടി മെച്ചപ്പെട്ട […]
സാറാ ജോസഫ്
മതങ്ങള്‍ ഭരണകൂടത്തേക്കാള്‍ വളരുന്ന അവസ്ഥയാണ് ഇന്നു നിലനില്‍ക്കുന്നത്. അതിന്റെ തിക്തഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്നത് സ്ത്രീകളാണ്. കുടുംബത്തേയും ഭരണകൂടത്തേയും നിയന്ത്രിക്കുന്ന നിലയിലേക്ക് മതം മാറിയിരിക്കുന്നു. രണ്ടിന്റേയും ജനാധിപത്യവല്‍ക്കരണത്തെ മതം തടയുന്നു. നിലിനില്‍ക്കുന്ന മൂല്യങ്ങളെ അത് അരക്കിട്ടുറപ്പിക്കുന്നു. അതാകട്ടെ പുരുഷാധിപത്യ മൂല്യങ്ങളാണുതാനും. അപ്പോള്‍ സ്ത്രീകള്‍ ഇരകളാകുകയാകുന്നത് സ്വാഭാവികം.
നവോത്ഥാന പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും അവയുടെ തുടര്‍ച്ചയായി വന്ന ഇടതുപക്ഷ പ്രസ്ഥാനവും സ്ത്രീകളുടെ അവസ്ഥയില്‍ മാറ്റം വരുത്തുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്കാവശ്യം സംവരണമോ അല്‍പ്പം കൂടി മെച്ചപ്പെട്ട അവസ്ഥയോ അല്ലെന്നും ഒരു പൗരയെന്ന നിലയിലുള്ള അവകാശങ്ങളണെന്നുമുള്ള അവബോധം വ്യാപകമാകുന്നത് എണ്‍പതുകളോടെയായിരുന്നു. ആ ആശയങ്ങളാണ് സ്ത്രീവിമോചന ആശയങ്ങളായി വളര്‍ന്നത്. പരിഷ്‌കരണവാദങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി അത് രാഷ്ട്രീയ അവകാശങ്ങളായിരുന്നു. മറ്റു പല സംസ്ഥാനങ്ങളിലും ഈ ആശയങ്ങള്‍ നഗരകേന്ദ്രീകൃതമായിരുന്നു എങ്കില്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ അതില്‍ ഗ്രാമ നഗരാന്തരമുണ്ടായിരുന്നില്ല. എന്നാല്‍ ഈ മുന്നേറ്റങ്ങള്‍ തിരിച്ചടികള്‍ നേരിട്ടു. ജീവിതത്തിന്റെ സമസ്തമേഖലകളിലുമുള്ള മതങ്ങളുടെ പിടിമുറുക്കല്‍ ശക്തമായതാണ് അതിനു പ്രധാന കാരണം.
സ്ത്രീ, പുരുഷന്റെ അടിമയാണെന്ന മൂല്യമാണ് എല്ലാ മതങ്ങളും വെച്ചുപുലര്‍ത്തുന്നത്. എല്ലാ പുരാണങ്ങലും ഇതിഹാസങ്ങളും അതിന്റ് നിദാനങ്ങളാണ്. അവയെല്ലാം പുരുഷ സൃഷ്ടിയാണ്. അവയെല്ലാം മാറ്റങ്ങള്‍ക്കതീതമാണെന്ന് അവര്‍ വിശ്വസിക്കുന്നു. അതിന്റെ ഭാഗമായാണ് പെണ്ണെഴുത്തിനെതിരായ സഭയുടെ അടുത്തിറങ്ങിയ പ്രതികരണം. വാസ്തവത്തില്‍ കൃസ്തു സ്ത്രീ – പുരുഷ സമത്വത്തില്‍ വിശ്വസിച്ചിരുന്നു. ലൈംഗികതയുട വിഷയത്തില്‍ പോലും ക്രിസ്തുവിന്റ് നിലപാട് എത്രയോ പുരോഗമനപരമായിരുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന വാക്യം തന്നെ ഉദാഹരണം. എന്തിനേറെ, സ്വവര്‍ഗ്ഗ ലൈംലഗികതയെ പോലും ക്രിസ്തു തള്ളിക്കളഞ്ഞിട്ടില്ല എന്നതിന് ബൈബിളില്‍ ഉദാഹരണമുണ്ട്. എന്നാല്‍ കൃസ്തുവിന്റെ പിന്‍ഗാമികളായി വന്നവരാണ് ലൈംഗികതയെ പോലും പാപമാക്കി മാറ്റിയത്. അവരാണ് സ്ത്രീകളുടെ തുറന്നെഴുത്തുകളെ ഭയപ്പെടുന്നത്.
ഇന്ന് ബഹുഭൂരിപക്ഷം പേരുടേയും ജീവിതം മതവുമായി ബന്ധപ്പെട്ടാണ്. സ്വകാര്യവും സാമൂഹ്യവുമായ ജീവിതത്തെ അത് നിയന്ത്രിക്കുന്നു. സ്വാഭാവികമായും അവിടെ തടയപ്പെടുന്നത് സ്ത്രീകളുടെ ആവിഷ്‌കാരങ്ങളാണ്. ആ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാതെ പെണ്ണഴുത്തിനു മുന്നോട്ടുപോകാനാവില്ല. ഈ മൂല്യങ്ങള്‍ സ്ത്രീകള്‍ക്കും പിന്തുടരേണ്ടി വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീകളുടെ വിഷയങ്ങള്‍ ഭംഗിയായി അവതരിപ്പിക്കുന്ന എഴുത്തുകാര്‍ പോലും തങ്ങള്‍ പെണ്ണഴുത്തുകാരോ ഫെമിനിസ്റ്റുകലോ അല്ലെന്നു പറയുന്നത് അതുകൊണ്ടാണ്. തീര്‍ച്ചയായും ഈ സാഹചര്യത്തില്‍ സ്വന്തം അനുഭവവും ഭാഷയും അവതരിപ്പിക്കുന്ന എഴുത്തുകാരികളുടെ രചനകള്‍ പുരുഷരചനകളില്‍ നിന്ന് വ്യത്യസ്ഥമാകുക വയ്യ. എന്നാല്‍ നമ്മുടെ മുഴുവന്‍ ചലനങ്ങളേയും നിയന്ത്രിക്കുന്ന വ്യവസ്ഥയെ സ്വാഭാവികമായും അവര്‍ ഭയപ്പെടുന്നു. ലളിതാംബിക അന്തര്‍ജ്ജനം മുതലുള്ളവര്‍ ഈ ഭയം തുറന്നു പറഞ്ഞിട്ടുണ്ട്. അതിനാലാണ് ഇത്തരത്തില്‍ ജാമ്യമെടുക്കലുകള്‍ വേണ്ടിവരുന്നത്. നിലനില്‍ക്കുന്ന മൂല്യവ്യവസ്ഥ അനുവദിക്കുന്ന പരിധികളെ ലംഘിക്കാതെ സ്ത്രീകളുടെ ആവിഷ്‌കാരങ്ങള്‍ക്കു മുന്നോട്ടുപോകാനാവില്ല. ഭാഷയില്‍ സ്വന്തം ആധിപത്യവും സ്ഥാപിക്കണം. അവയെ അശ്ലീലമെന്ന് കുറ്റപ്പെടുത്തുന്നത് സ്വാഭാവികം മാത്രം. അതിനെ മറികടക്കാന്‍ എഴുത്തുകാരികള്‍ ശക്തരാകണം.
ഇത് എഴുത്തിന്റെ മാത്രം പ്രശ്‌നമല്ല. കളിമണ്ണ് എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നോക്കുക. മറ്റുള്ളവര്‍ കാണരുതെന്ന് വിലക്കപ്പെട്ടിട്ടുള്ള പെണ്ണിന്റെ പേറ്റുനോവ് ലോകത്തെ കാണിക്കുകയാണ് ശ്വേതാമേനോന്‍ ചെയ്തത്. അത് ഒരിക്കലും സുന്ദരമല്ല. ലോകത്തെ ഏറ്റവും വേദനയോടെയുള്ള ആ നിലവിളിയുടെ സമയത്ത് പെണ്ണിന്റെ മുഖവും ഭാവങ്ങളും എത്രയോ ഭയാനകമായിരിക്കും. അത് ലോകത്തെ കാണിക്കാന്‍ തയ്യാറായ ശ്വേതാമേനോനെ അഭിനന്ദിക്കണം. സിറിയയില്‍ നൂറുകണക്കിനു കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുകയും അട്ടപ്പാടിയില്‍ പോഷകാഹാരമില്ലാതെ കുഞ്ഞുങ്ങള്‍ മരിക്കുകയും ചെയ്യുമ്പോഴാണ് ഒരു കുഞ്ഞിനെ പ്രസവിക്കുമ്പോള്‍ പെണ്ണനനുഭിക്കുന്ന കൊടുംവേദന ചിത്രീകരിക്കപ്പെടുന്നത്. ചിത്രത്തിനെതിരെ രംഗത്തുവന്നവര്‍ പോലും നിശബ്ദരായി. അവരെന്തൊക്കെയായിരുന്നാവോ പ്രതീക്ഷിച്ചിരുന്നത്?
ഇത്തരത്തിലുള്ള പൊളിച്ചെഴുത്തലുകളാണ് എഴുത്തിലും ആവശ്യം. വേശ്യക്കും കന്യകക്കുമൊന്നും പുല്ലിംഗമില്ലാത്ത ഭാഷയെയും പൊളിച്ചെഴുതണം. എങ്കിലേ സ്ത്രീകളുടെ ആവിഷ്‌കാരങ്ങള്‍ക്ക് പ്രസക്തിയുണ്ടാകൂ..
യുവകലാസാഹിതിയുടേയും വനിതാകലാസാഹിതിയുടേയും ആഭിമുഖ്യത്തില്‍ സ്ത്രീ – സമൂഹം – സര്‍ഗ്ഗചേതന എന്ന വിഷയത്തില്‍ സാഹിത്യ അക്കാദമിയില്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in