മണിയുടെ ലക്ഷ്യം കയ്യേറ്റം സംരക്ഷിക്കല്‍
മന്ത്രി എം എം മണിയാണല്ലോ ഇപ്പോള്‍ താരം. എന്തെങ്കിലും വിളിച്ചു പറഞ്ഞ് എന്നും വാര്‍ത്തകളില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു. മണിക്കെന്തുപറ്റി എന്ന്, കക്ഷിരാഷ്ട്രീയ തിമിരം ബാധിക്കാത്ത പാര്‍ട്ടി പ്രര്‍ത്തകര്‍ പോലും നെടുവീര്‍പ്പിടുന്നു. മണിക്ക് സമനില തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. എല്‍ഡിഎഫിലെ വനിതാ നേതാക്കള്‍ പോലും വിഷണ്ണരാണ്. മുഖ്യമന്ത്രിയും സംസ്ഥാനസെക്രട്ടറിയുമടക്കമുള്ളവര്‍ തങ്ങളുടെ പരിമിതിക്കുളളില്‍ മണിയെ വിമര്‍ശിച്ചു. എന്നാല്‍ സത്യം മറ്റൊന്നാണ്. മണിക്കൊന്നും പറ്റിയിട്ടില്ല. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കണം. അതിനായി എന്തും ചെയ്യും. താനെന്തു പറഞ്ഞാലും അതിനെ […]
മന്ത്രി എം എം മണിയാണല്ലോ ഇപ്പോള്‍ താരം. എന്തെങ്കിലും വിളിച്ചു പറഞ്ഞ് എന്നും വാര്‍ത്തകളില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു. മണിക്കെന്തുപറ്റി എന്ന്, കക്ഷിരാഷ്ട്രീയ തിമിരം ബാധിക്കാത്ത പാര്‍ട്ടി പ്രര്‍ത്തകര്‍ പോലും നെടുവീര്‍പ്പിടുന്നു. മണിക്ക് സമനില തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. എല്‍ഡിഎഫിലെ വനിതാ നേതാക്കള്‍ പോലും വിഷണ്ണരാണ്. മുഖ്യമന്ത്രിയും സംസ്ഥാനസെക്രട്ടറിയുമടക്കമുള്ളവര്‍ തങ്ങളുടെ പരിമിതിക്കുളളില്‍ മണിയെ വിമര്‍ശിച്ചു. എന്നാല്‍ സത്യം മറ്റൊന്നാണ്. മണിക്കൊന്നും പറ്റിയിട്ടില്ല. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കണം. അതിനായി എന്തും ചെയ്യും. താനെന്തു പറഞ്ഞാലും അതിനെ ഗ്രാമീണതയെന്നും വിദ്യാഭ്യാസമില്ലായ്മയെന്നും പറഞ്ഞ്, വിമര്‍ശിക്കുന്നവരെ വംശീയവാദികളാക്കുന്ന കുറെപേരുണ്ടാകുമെന്ന് മണിക്കറിയാം. മുഖ്യമന്ത്രി എന്തുവില കൊടുത്തും തന്നെ സംരക്ഷിക്കുമെന്നും. അതിനാലാണ് മണി രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. പണ്ട് നായനാരും ഇതേതന്ത്രം ഉപയോഗിച്ചിരുന്നു. നായനാരല്ലേ, സാരമില്ല എന്നു പറഞ്ഞ് എല്ലാവരും ക്ഷമിക്കുമെന്ന തന്ത്രത്തില്‍ ബലാല്‍സംഗത്തെപോലും അ്‌ദ്ദേഹം ലലക്ഷൂകരിച്ചു ചിത്രീകരിച്ചിരുന്നു.
ജനാധിപത്യസംവിധാനത്തതിലൂടെ അധികാരത്തിലെത്തിയ ഒരു മന്ത്രിയാണ് ഇത്തരത്തില്‍ പറയുന്നതെന്നത് നഷ്ടപ്പെടുത്തുന്നത് അതിന്റെ വിശ്വാസ്യതയാണ്. എല്‍ ഡി എഫ് മന്ത്രിസഭയില്‍ നിന്ന് രണ്ടുപേര്‍ ഇതിനകം പുറത്തുപോയികഴിഞ്ഞു. സ്വജനപക്ഷപാതിത്വത്തിന്റെ പേരിലാണ് ഇ പി ജയരാജന് പോകേണ്ടി വന്നത്. എന്നാല്‍ ആര്‍ക്കും പരാതിയില്ലാത്ത വ്യക്തിപരമായ വിഷയത്തിലാണ് ശശീന്ദ്രനു രാജി വെക്കേണ്ടിവന്നത്. എന്തായാലും ശശീന്ദ്രന്‍ ചെയ്തതിനേക്കാള്‍ എത്രയോ ഗുരുതരമാണ് മണിയുടേത്. ഒരു കാരണവശാലും മന്ത്രിയായിരിക്കാന്‍ താന്‍ യോഗ്യനല്ല എന്നു വിളിച്ചുപറയുന്നത് മറ്റാരുമല്ല, മണി തന്നെയാണ്. ഇനി പറഞ്ഞില്ല എന്ന വാദം, ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് അദ്ദേഹത്തിന്റെ ആക്ഷന്‍..
മന്ത്രിയായശേഷം കൂടുതല്‍ കരുത്തോടെയാണ് മണി രംഗത്തിറങ്ങിയിട്ടുള്ളത്. എല്ലാ സംഭവങ്ങളിലും വേട്ടക്കാര്‍ക്കൊപ്പം നിന്ന് ഇരകളെയാണ് തെറിയഭിഷേകം ചെയ്യുന്നത്. അതിന്റെ അവസാന ഉദാഹരണമാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ കുതിരകയറ്റം. കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് ആത്മാര്‍ത്ഥമല്ലാത്ത രീതിയില്‍ ഖേദപ്രകടനം നടത്തിയിട്ടുണ്ട്. അടുത്തയിടെ വിദ്യാര്‍ത്ഥി സമരത്തെ എതിര്‍ത്തതിന് ഒരധ്യാപിക ക്ലാസിന്റെ വാതിലടച്ച് മറ്റെ പണിയെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. എന്തിനേറെ, സ്വന്തം മകന്റെ രക്തത്തിനു നീതി തേടി സമരം ചെയ്ത മഹീജയേയും കടന്നാക്രമിക്കാന്‍ മുന്‍നിരയില്‍ മണിയായിരുന്നു.
മണിയുമായി എന്തെങ്കിലും വിഷയത്തില്‍ വിവാദമുണ്ടാക്കുന്നവരോടാണ് ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ എങ്കില്‍ പോട്ടെ എന്നു വെക്കാം. ഇവിടെ അങ്ങനെ ഒന്നുമില്ല. കൂലിക്കൂടുതലിനായി പൊമ്പിളൈ ഒരുമൈ നടത്തിയ ഐതിഹാസിക സമരം മണിക്കോ സിപിഎമ്മിനോ എതിരായിരുന്നില്ല. അന്നു ഭരിച്ചിരുന്നതുപോലും യുഡിഎഫായിരുന്നു. എന്നിട്ടും അന്ന് സമരത്തെ ഏറ്റവും അധിക്ഷേപിച്ചത് മണിയായിരുന്നു. ഇപ്പോഴിതാ ഭൂമിക്കായുള്ള പോരാട്ടം ആരംഭിക്കാന്‍ പോകുകയാണെന്ന് പൊമ്പിളൈ ഒരുമൈ പ്രഖ്യാപിച്ചു കഴിഞ്ഞു. അതാണ് മണിയെ ചൊടിപ്പിച്ചിരിക്കുന്നത്. മഹീജക്കെതിരെ പറഞ്ഞപോലെ ഇവര്‍ക്കുപിന്നിലും മറ്റാരോ ഉണ്ടെന്നആണ് മണിയുടെ കണ്ടുപിടുത്തം. സമരം ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കുമാത്രമാണെന്നു സാരം. വന്‍കിട കുത്തകകളുടെ കൈവശം നിയമവിരുദ്ധമായി ആയിരകണക്കിനു ഹെക്ടര്‍ ഭൂമിയിരിക്കുകയും കയ്യേറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങുന്നത്. ഇതില്‍ മണിക്കെന്താനാണ് വേവലാതി? വേവലാതിക്കു കാരണം വ്യക്തം. കയ്യേറ്റക്കാരുടെ പ്രധാന സംരക്ഷകനും ഗുണഭോക്താവും മറ്റാരുമല്ല. ഒരു കാലത്തു വിഎസിന്റെ വലംകൈയായിരുന്ന മണി കയ്യേറ്റമൊഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞതും ശകാരവര്‍ഷം ചെ#ാരിഞ്ഞതും പിണറായി പക്ഷത്തേക്കു മാറിയതും മറക്കാറായിട്ടില്ലല്ലോ. പിണറായിക്ക് മണിയെ കൈയെഴിയുക പ്രയാസമായിരിക്കും. കയ്യേറ്റമൊഴിപ്പിക്കാന്‍ ശ്രമിച്ച സബ് കളക്ടര്‍ക്കെതിരെ മണി ചൊരിഞ്ഞ ശകാരവര്‍ഷം കൂടി കൂട്ടി വായിക്കുക. ഊളംപാറക്കയക്കല്‍ മുതല്‍ മന്ത്രിയായിരുന്നില്ലെങ്കില്‍ കാണാമായിരുന്നു എന്നു വരയെത്തി ഇദ്ദേഹത്തിന്റെ വെല്ലുവിളികള്‍. സംഗതി പകല്‍ പോലെ വ്യക്തം. കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ മണിയും സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്. അതു തുറന്നു പറയാന്‍ കഴിയില്ല. മാത്രമല്ല സിപിഐയും റവന്യൂ മന്ത്രിയും കളക്ടറും വിട്ടുവീഴ്ചക്ക് തയ്യാറാകുന്നുമില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ മന്ത്രിയെ കയറൂരി വിട്ടിരിക്കുന്നത്. വിശ്വാസികള്‍ക്കില്ലാതിരുന്ന മതവികാരം കുത്തിപൊക്കി കയ്യേറ്റമൊഴിപ്പിക്കല്‍ മരവിപ്പിച്ചെങ്കിലും ആ ഭീഷണി നിലനില്‍ക്കുന്നതായി മുഖ്യനും മണിക്കുമറിയാം. മണിയോട് ചോദിക്കാതെ ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രി കല്‍പ്പിച്ചിട്ടുണ്ടെങ്കിലും പ്രശ്‌നം സങ്കീര്‍ണ്ണമാകുമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. അതവസാനിപ്പി്ക്കാനുള്ള തന്ത്രങ്ങള്‍ മെനയുമ്പോഴാണ് പൊമ്പിളൈ ഒരുമൈ രംഗത്ത്. അവരുടെ നേതാവ് ഗോമതിയാകട്ടെ സിപിഎം വിട്ട് തിരിച്ച് പൊമ്പിളൈയില്‍ എത്തുകയും ചെയ്തു. കയ്യേറ്റമൊഴിപ്പിക്കുന്നതിനെഅനുകൂലിക്കുകയും ചെയ്തു. അതാണ് ഈ പാവം നാട്ടിന്‍ പുറത്തുകാരനെ ചൊടിപ്പിച്ചത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ രക്തം തിളച്ചതും ഇത്തരത്തിലുള്ള അപശബ്ദങ്ങള്‍ പുറത്തുവന്നതും. ന്യായീകരിക്കാന്‍ പതിവുപോലെ നിരവധി പേരുണ്ട്. മണി ഗ്രാമീണനാണ്, വിദ്യാഭ്യാസം കുറഞ്ഞവനാണ്, കൃത്രിമ ഭാഷ അറിയില്ല എന്നൊക്കെയുള്ള വാദങ്ങള്‍ തുടരുന്നു…!!! അപ്പോള്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മെട്രോ നഗരവാസികളാണ്, ബിരുദാനന്തര ബിരുദ ധാരികളാണ്, കൃത്രിമഭാഷയേ അറിയൂ…!!!!
മണിയെ സൈദ്ധാന്തികമായി ന്യായീകരിക്കാന്‍ അശോകന്‍ ചെരുവിലിനെ പോലുള്ളവരും രംഗത്തുണ്ട്. ഗ്രാമീണനായ മണി പലതും പറയുമെന്നും മണിയെ വിമര്‍ശിക്കുന്നത് വംശീയമാണെന്നുമുള്ള വാദഗതികളാണ് അശോകനെപോലുള്ളവര്‍ ഉന്നയിക്കുന്നത്. കേരളത്തിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും നടക്കുന്ന ദളിത് പോരാട്ടങ്ങളില്‍ വര്‍ഗ്ഗസമരം കാണാനാകാതെ, സ്വത്വവാദം എന്നാരോപിക്കുന്നവരാണ് മണി പറയുന്ന തെമ്മാടിത്തങ്ങളില്‍ സ്വത്വവാദം കണ്ടെത്തുന്നത്..!!! മുത്തങ്ങ, ചങ്ങറ പോലുള്ള സമരങ്ങളെ പിന്തുണച്ച് ഇത്തരം ഡയലോഗുകള്‍ കാച്ചാന്‍ മണി തയ്യാറായില്ലല്ലോ. മണിയുടെ കുടുംബവും കുടിയേറ്റക്കാരാ. കുടിയേറ്റക്കാരായ മനുഷ്യരുടെ ഇടയില്‍ ജീവിച്ച മണി നേതാവായത് . അല്ലാതെ ഒരു സുപ്രഭാതത്തില്‍ ഉടുമ്പഞ്ചോലയില്‍ നിന്ന് സെക്രട്ടറിയേറ്റിന്റെ മുന്നില്‍ വന്നിറങ്ങിയ ആളല്ല . ചുരുങ്ങിയത് 65 വര്‍ഷം ഉള്ള രാഷ്ട്രീയ വിദ്യാഭ്യാസം മണ്ണിനോടും മൃഗങ്ങളോടും പടവെട്ടി കിഴക്കന്‍ മല വാസയോഗ്യമാക്കിയ കുടിയേറ്റക്കാരന്റെ മനസ്സ് വായിക്കാന്‍ഉള്ള പഠിപ്പൊന്നും എറണാകുളം മെട്രോ സിറ്റിയില്‍ അച്ഛനും അമ്മയും നല്‍കുന്ന എല്ലാ സൗകര്യങ്ങളുടെയും പ്രിവിലേജ് അനുഭവിച്ചു വളരുന്ന ഷോ ഓഫുകള്‍ക്ക് മനസ്സിലാവില്ല . അതിന് അനുഭവങ്ങളുടെ കരുത്ത് വേണം എന്നിങ്ങനെ പോകുന്നു ന്യായീകരണങ്ങള്‍. ലക്ഷ്യം വ്യക്തം. ഇനി, ന്യായീകരണതൊഴിലാളികള്‍ പറയുന്നതു ശരിയാണെന്നുതന്നെ വെക്കുക. അതിനുള്ള മറുപടി എഴുത്തുകാരി ജാനകീ ശ്രീധരന്‍ പറയുന്നതിങ്ങനെ.
ചില ആവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ പറഞ്ഞു പോവുകയാണ് ..പണ്ടൊരിക്കല്‍ ഒരാള്‍ മീശമാധവന്‍ എന്നൊരു സിനിമയെടുത്തു..ഗ്രാമ്യഭാഷ ആയിരുന്നു അതിന്റെ പ്രധാന ആകര്‍ഷണം എന്നാണദ്ദേഹം അവകാശപ്പെട്ടത്…അടിമുടി ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറഞ്ഞ സംഭാഷണശൈലി…ചില ഭാഗങ്ങളില്‍ വളരെ കൃത്യമാണര്‍ത്ഥങ്ങള്‍…നായകന്‍ കള്ളനായതിനാല്‍ നായികയുടെ വീട്ടില്‍ കക്കാന്‍ വരുന്നു…നായിക ഉറങ്ങുന്നത് കണ്ടിട്ട് ഒരു ‘റേപ്പ്’ വെച്ച് കൊടുക്കാന്‍ തോന്നുന്നു എന്ന് പറഞ്ഞു കാണികളെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനെ വിമര്‍ശിച്ചു കൊണ്ട് അന്ന്ഞാന്‍ എഴുതിയപ്പോള്‍ സംവിധായകന്‍ പ്രതികരിച്ചതും ഇങ്ങിനെ ആയിരുന്നു.’ഗ്രാമത്തിലെ ജനങ്ങളുടെ സംസാര ശൈലിയാണ് ഞാന്‍ ഉപയോഗിച്ചിട്ടുള്ളത്.’ നമ്മുടെ ശാലീന സുന്ദരമായ ഗ്രാമീണ ജീവിതം ഇങ്ങിനെയാണെങ്കില്‍ ഗോമതി പറഞ്ഞത് പോലെ നമുക്കതു തിരുത്താനും സമയമായി.ഗ്രാമത്തിലെ പുരുഷന്മാരുടെ സംഭാഷണ ശൈലി ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് തന്നെ അത്ര പിടിക്കുന്നില്ലെങ്കില്‍ അത് തിരുത്തണ്ടേ.
ഒരു തൊഴിലാളി കുടുംബത്തിന് ഒരേക്കര്‍ ഭൂമി’ എന്ന മുദ്രവാക്യം ഉയര്‍ത്തി പ്രക്ഷോഭം ആരംഭിക്കുമെന്ന് പെണ്‍മ്പികളെ ഒരുമൈ ഏപ്രില്‍ 22 നാണ് പ്രഖ്യാപനം നടത്തുന്നത്. ഈ പരിപാടിക്ക് പോലീസ് അനുമതി നിഷേധിക്കുകയും തടയുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം 23 നാണ്് എം എം മണി പെണ്‍മ്പികളെ ഒരുമൈയെ സ്ത്രീവിരുദ്ധമായി, തൊഴിലാളി വിരുദ്ധമായി, ദളിത് വിരുദ്ധമായി ആക്രമിക്കുന്നത് വാമൊഴി വഴക്കത്തിന്റെ സ്വാഭാവികത കൊണ്ടല്ല മറിച്ച് ടാറ്റ ഉള്‍പ്പെടെയുള്ള കൈയ്യേറ്റ മാഫിയകളെ എന്ത് വില നല്‍കിയും സംരക്ഷിക എന്ന നിലപാട് കൊണ്ടാണ്. പ്രത്യേകിച്ച് സി പി എം ടാറ്റയേയും കൈയ്യേറ്റ കുത്തകകളെയും പ്രത്യക്ഷമായി തന്നെ സംരക്ഷിക്കുമ്പോള്‍ ടാറ്റ കയ്യേറ്റ മാഫിയകള്‍ അനധികൃതമായി കൈയ്യടക്കി വെച്ചിരിക്കുന്ന ഭൂമി നിയമര്‍മ്മാണത്തില്ലടെ ഏറ്റെടുത്ത് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യണമെന്ന് പെണ്‍മ്പിളൈ ഒരുമൈ പറയുന്ന പശ്ചാത്തലത്തില്‍. അടിമപ്പണിക്ക് അറുതി വരുത്താന്‍ മാന്യമായ കൂലിയും ബോണസും ആവശ്യപ്പെട്ട് തോട്ടംതൊഴിലാളികള്‍, പ്രത്യേകിച്ച് തമിഴ് ഭൂരിപക്ഷമായ ദളിത് സ്ത്രീകള്‍ നടത്തിയ പെണ്‍മ്പിളൈ ഒരുമൈ സമരത്തിന് പിന്നില്‍ നടന്നത് അനാശാസ്യമായിരുന്നു എന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നത് ദളിത് വിരുദ്ധവും വംശീയവുമല്ലാതെ മറ്റെന്താണ്? ആരാണ് സത്യത്തില്‍ വംശീയവാദി..? നിങ്ങള്‍ പാണ്ടികളാണ് ഇവിടെ വന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് പൊമ്പിള്ളെ ഒരുമൈ പ്രവര്‍ത്തകരോട് പോലീസ് പറഞ്ഞതെന്നുകൂടി ഓര്‍ക്കുക.
നിരവധി കയ്യേറ്റ ഭൂമികളും കെട്ടിടങ്ങളും മൂന്നാറിലുണ്ട്. ചിസരുടെ പേരുകള്‍ സബ് കളക്ടര്‍ പുറത്തുവിട്ടിട്ടുമുണ്ട്. അതാണ് അദ്ദേഹത്തെ ഊളമ്പാറക്കയക്കാന്‍ മണി തിരക്കു കൂട്ടുന്നത്. ആര്‍ക്കും എതിര്‍പ്പില്ലാതിരുന്ന കുരിശുനീക്കം ചെയ്യല്‍ മുഖ്യമന്ത്രിതന്നെ വിവാദമാക്കിയതിനു പുറകിലെ കാരണവും മറ്റൊന്നല്ല. അതിനെ ന്യായീകരിക്കാനും സൈബര്‍ പോരാളികള്‍ രംഗത്തുണ്ട്. ഒരാളുടെ വാദമുഖം നോക്കൂ. ‘ഒരു കുന്നിന്‍പുറത്ത്, മൂടല്‍മഞ്ഞില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന ഭീമന്‍ കുരിശ്. അതിനെ മറിച്ചിടുന്ന മഞ്ഞനിറത്തിലെ യന്ത്രകൈ. ആ വിഷ്വലിന്റെ ഇംപാക്റ്റ് എത്ര വലുതാണെന്ന് മനസിലാക്കാന്‍ ഒരു കാഴ്ച്ച മതിയാകും കേവലയുക്തിവാദികള്‍ അല്ലാത്ത ഏതൊരാള്‍ക്കും. പ്രത്യേകിച്ച് പാരമ്പര്യമോ സ്വാധീനമോ ആള്‍ബലമോ ഇല്ലാത്ത ഒരു മതസംഘടന സ്ഥാപിച്ച കുരിശാണ് അത് എന്നൊക്കെയാണ് മതവികാരം വൃണപ്പെടില്ല എന്ന് തറപ്പിച്ചുപറയുന്നവര്‍ നിരത്തുന്ന വാദങ്ങള്‍. പക്ഷേ ഒന്ന് മനസിലാക്കണം, പെര്‍പ്പെന്‍ഡിക്കുലര്‍ ആയി ഇന്റര്‍സെക്റ്റ് ചെയ്യുന്ന വ്യത്യസ്ത നീളത്തിലുള്ള രണ്ട് വരകള്‍ (ക്രിസ്ത്യന്‍ ക്രോസ്) ഈ ലോകത്ത് ഏറ്റവും അധികം റെക്കഗ്‌നൈസബ്ള്‍ ആയ ചിഹ്നമാണ്. സ്വാസ്തികയേക്കാള്‍, ചന്ദ്രക്കലയേക്കാള്‍, അരിവാള്‍ ചുറ്റികയേക്കാള്‍ വൈകാരിക ഭാരമുള്ള ചിഹ്നം. രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറവും ബലി ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന ചിഹ്നം. അതിനെ മറിച്ചിടുന്ന കൈയുടെ ഉത്തരവാദിത്വം ഒരു സര്‍ക്കാരും ഏറ്റെടുക്കില്ല, അതൊരു ജനാധിപത്യപ്രക്രിയയിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാരാണെങ്കില്‍. പിണറായി വിജയന് ആദ്യം നൊന്തതുകൊണ്ട് ആ വിഷ്വലിന്റെ ആഘാതത്തില്‍നിന്ന് രക്ഷപ്പെട്ടത് ഒരു കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിമാത്രമല്ല. ഒരു ജനാധിപത്യസര്‍ക്കാര്‍ കൂടിയാണ്.’ ഇല്ലാത്ത ഒരുവിഷയത്തെയാണ് സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ വഷളാക്കിയതും കയ്യേറ്റമൊഴിപ്പിക്കല്‍ മരവിപ്പിച്ചതും ഇനിയെന്തും ജനപ്രതിനിധാകളായ മണിയോടും രാജേന്ദ്രനോടും ചോദിച്ചേ ചെയ്യാവൂ എന്ന് ഉത്തരവിറക്കിയതും.
ചിത്രം വളരെ വ്യക്തം. താനല്പം മോശമായി ചിത്രീകരിക്കപ്പെട്ടാലും വിരോധമില്ല, കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി മണി രംഗത്തിറങ്ങിയിരിക്കുകയാണ്. അതിന്റെ പ്രതിഫലനങ്ങളാണ് ഇക്കാണുന്നതും കേള്‍ക്കുന്നതും ഇനി കാണാന്‍ പോകുന്നതും കേള്‍ക്കാന്‍ പോകുന്നതും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in