ഭൂമിയുടെ അവകാശികള്‍ക്ക് വേണ്ടത് ഭൂമിയാണ് കോളനിയല്ല

കെ കെ കൊച്ച് കേരളത്തില്‍ നൂറ്റാണ്ടുകളോളം ഭൂവുടമസ്ഥത കേന്ദ്രീകരിച്ചിരുന്നത്, ദേവസ്വം, ഭ്രഹ്മസ്വം, ചേരിക്കല്‍ എന്നിവയിലൂടെ ഭ്രാഹ്മണരുള്‍പ്പെടുന്ന സവര്‍ണ്ണ ജാതി മേധാവികളിലായിരുന്നു. ഇതിനടിസ്ഥാനമായത്, ജാതിവ്യവസ്ഥിതിയെ നിലനിര്‍ത്തിയ ധര്‍മ്മ ശാസ്ത്രങ്ങളും നാടുവാഴിത്ത മര്‍ദ്ദക ഭരണകൂടങ്ങളുമായിരുന്നു. ഇപ്രകാരമുള്ള സ്ഥിതി വിശേഷത്തിന് മാറ്റം വരുത്തുവാന്‍ ബ്രിട്ടീഷ് ഭരണകൂടം ശ്രമിച്ചതോടെയാണ് ഭൂപരിഷ്‌ക്കരണങ്ങളുടെ അനിവാര്യത ബോധ്യപ്പെട്ടു തുടങ്ങിയത്. 1814-18 കാലത്ത് കേണല്‍ മണ്‍റോ 378 ക്ഷേത്രങ്ങളുടെ ഭൂമി ഏറ്റെടുത്തതും, ബ്രിട്ടീഷ് ഭരണ മേഖലയിലെന്നതു പോലെ ഭൂമിയില്‍ നിന്നുള്ള വരുമാനം വിഭജിക്കാന്‍ തുടങ്ങിയതും ഭൂബന്ധങ്ങളിലെ മാറ്റങ്ങളുടെ ആരംഭമായി […]

Chengara audience
കെ കെ കൊച്ച്

കേരളത്തില്‍ നൂറ്റാണ്ടുകളോളം ഭൂവുടമസ്ഥത കേന്ദ്രീകരിച്ചിരുന്നത്, ദേവസ്വം, ഭ്രഹ്മസ്വം, ചേരിക്കല്‍ എന്നിവയിലൂടെ ഭ്രാഹ്മണരുള്‍പ്പെടുന്ന സവര്‍ണ്ണ ജാതി മേധാവികളിലായിരുന്നു. ഇതിനടിസ്ഥാനമായത്, ജാതിവ്യവസ്ഥിതിയെ നിലനിര്‍ത്തിയ ധര്‍മ്മ ശാസ്ത്രങ്ങളും നാടുവാഴിത്ത മര്‍ദ്ദക ഭരണകൂടങ്ങളുമായിരുന്നു. ഇപ്രകാരമുള്ള സ്ഥിതി വിശേഷത്തിന് മാറ്റം വരുത്തുവാന്‍ ബ്രിട്ടീഷ് ഭരണകൂടം ശ്രമിച്ചതോടെയാണ് ഭൂപരിഷ്‌ക്കരണങ്ങളുടെ അനിവാര്യത ബോധ്യപ്പെട്ടു തുടങ്ങിയത്. 1814-18 കാലത്ത് കേണല്‍ മണ്‍റോ 378 ക്ഷേത്രങ്ങളുടെ ഭൂമി ഏറ്റെടുത്തതും, ബ്രിട്ടീഷ് ഭരണ മേഖലയിലെന്നതു പോലെ ഭൂമിയില്‍ നിന്നുള്ള വരുമാനം വിഭജിക്കാന്‍ തുടങ്ങിയതും ഭൂബന്ധങ്ങളിലെ മാറ്റങ്ങളുടെ ആരംഭമായി മാറി. പിന്നീട് 1865 ജൂണ്‍ മാസം തിരുവിതാംകൂര്‍ മഹാരാജാവ് പുറപ്പെടുവിച്ച പാട്ട വിളംബരപ്രകാരം സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന കുടിയാന്മാര്‍ക്കും അവരവരുടെ പാട്ടഭൂമിയില്‍ സ്ഥിരാവകാശം ലഭിക്കുകയുണ്ടായി. തുടര്‍ന്ന് 1867ലെ പാട്ടവിളംബരം ജന്മഭൂമിയിലെ കുടിയാന്മാര്‍ക്കും സ്ഥിരാവകാശം നല്‍കുകയുണ്ടായി. കൊച്ചിയില്‍ 1863 ല്‍ കാണക്കുടിയാന്മാരെ 12 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഒഴിപ്പിക്കാന്‍ പാടില്ലെന്ന നിയമം പാസ്സാക്കപ്പെട്ടു. 1885 ലെ പാട്ടപ്രഖ്യാപനവും 1896ലെ ജന്മി കുടിയാന്‍ നിയന്ത്രിക്കുന്നതിനു പാട്ടഭൂമിയിലും കുടിയാന്റെ അവകാശം ഉറപ്പിക്കുവാനുമാണ് സഹായകമായത്.
മലബാറിലാകട്ടെ വില്യംലോഗന്റെ ശുപാര്‍ശപ്രകാരം 1887ല്‍ മലബാര്‍ കുടിയാന്‍ – കുഴിക്കൂര്‍ ചമയ ആക്ട് പാസ്സാക്കപ്പെട്ടു. 1930 ല്‍ ഉണ്ടായ കുടിയായ്മ നിയമം സങ്കടക്കാര്‍ക്ക് സിവില്‍ക്കോടതി വഴി പാട്ടം നിശ്ചയിച്ചു കിട്ടാനുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. ഈ നിയമം 1945, 51, 54 എന്നീ വര്‍ഷങ്ങളില്‍ ഭേദഗതി ചെയ്യപ്പെടുകയുണ്ടായി. കൂടാതെ, ഭൂവുടമാ ബന്ധങ്ങളില്‍ മാറ്റം വരുത്തുന്നതില്‍ വലുതായ പങ്ക് വഹിച്ചത് തോട്ടം വ്യവസായത്തിന്റേയും കായല്‍ കൃഷിയുടേയും ആരംഭമാണ്. 1864 ല്‍ നടന്ന പാട്ട പ്രഖ്യാപനം, ഭൂമിയെ സ്വതന്ത്രമായി ക്രയ വിക്രയം ചെയ്യാവുന്ന ചരക്കാക്കി മാറ്റി. ഇതോടെയാണ് വന്‍കിട തോട്ടങ്ങള്‍ ആരംഭിക്കുന്നത്. യൂറോപ്യന്മാരെ പിന്തുടര്‍ന്ന് തദ്ദേശീയരും തോട്ടം വ്യവസായത്തിലേക്ക് കടന്നതോടെ ഭൂവുടമസ്ഥത ഒരു ചെറിയ ന്യൂന പക്ഷത്തില്‍ കേന്ദ്രീകരിക്കാനിടയായി. 1947ല്‍ ബ്രിട്ടീഷുകാരുടെ പിന്‍മാറ്റത്തോടെ തോട്ടങ്ങള്‍ സ്വകാര്യ വ്യക്തിയുടേയും സ്വദേശിയും വിദേശിയുമായ കമ്പനികളുടേയും സര്‍ക്കാരിന്റേയും ഉടമസ്ഥതയിലായി. മാത്രമല്ല, സ്‌പൈസസ് ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, കോഫി ബോര്‍ഡ് എന്നിങ്ങനെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വന്‍കിടയെന്നതുപോലെ ചെറുകിടയുമായ തോട്ടങ്ങള്‍ക്ക് പ്രോത്സാഹനമായതോടെ തോട്ടം വ്യവസായം 65 ശതമാനം കാര്‍ഷിക ഭൂമിയേയും ഉള്‍ക്കൊള്ളുന്നതായി മാറി. ഇപ്രകാരം നടന്ന ഭൂമിവിതരണത്തിന്റെ ഉപഭോക്താക്കള്‍, ജാതി നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്ന സമൂഹത്തിനുള്ളില്‍ സവര്‍ണ്ണ-മാധ്യമ ജാതികളും, ക്രിസ്ത്യന്‍, മുസ്ലീം മത സമുദായങ്ങളിലെ പ്രമാണിയുമായിരുന്നു. ജാതി വ്യവസ്ഥക്കുള്ളില്‍ അസ്പൃശ്യരായിരുന്ന അയിത്ത ജാതി വിഭാഗങ്ങള്‍ക്ക് ഗുണഭോക്താക്കളാകാന്‍ കഴിയുമായിരുന്നില്ല. തന്മൂലം ജന്മിമാരുടെയോ, കുടിയാന്മാരുടേയോ ഭൂമിയില്‍ കുടിപാര്‍ത്ത് കാര്‍ഷിക-കാര്‍ഷികേതര വൃത്തിയിലേര്‍പ്പെട്ടിരുന്ന ദലിത് സമുദായം ഒന്നടങ്കം അടിമത്തവും അടിയാളത്തവും പേറാന്‍ വിധിക്കപ്പെട്ടപ്പോള്‍, ജനസംഖ്യയിലെ വലിയൊരു വിഭാഗം ഭൂരഹിതരായി നിലകൊള്ളുകയായിരുന്നു. ഈയവസ്ഥക്കെതിരെ ശബ്ദമുയര്‍ത്തിയത് നവോത്ഥാന പ്രസ്ഥാനങ്ങളായിരുന്നു. ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന മഹാത്മ അയ്യങ്കാളി ദലിതര്‍ക്ക് പുതുവല്‍-റവന്യു ഭൂമികള്‍ പതിച്ചു നല്‍കണമെന്നാവശ്യപ്പെടുകയുണ്ടായി. അയ്യങ്കാളിയുടെ അഭ്യര്‍ത്ഥന പ്രകാരം 1936 ല്‍ സ്ഥാപിച്ച സചീവോത്തമപുരം കോളനിയില്‍ 75 സെന്റ് ഭൂമി വീതമാണ് ദലിതരുള്‍പ്പെടുന്ന ഭൂരഹിതര്‍ക്ക് നല്‍കിയത്. പൊയ്കയില്‍ അപ്പച്ചനാകട്ടെ ഭൂവുടമസ്ഥതക്കു വേണ്ടി വാദിക്കുക മാത്രമല്ല, ഭൂമി വിലക്ക് വാങ്ങി വിതരണം ചെയ്യുകയുമുണ്ടായി. എന്നാല്‍ ഭൂവുടമസ്ഥതയുടെ സമഗ്ര മാറ്റത്തിനു വേണ്ടി നില കൊണ്ടത് എസ്. എന്‍.ഡി.പി. പ്രസ്ഥാനമാണ്. 1920 കളില്‍ റവന്യു വകുപ്പിനെ ദേവസ്വത്തില്‍ നിന്ന് വേര്‍പ്പെടുത്തുക നഗരസ്വത്തിന് പരിധി നിര്‍ണ്ണയിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെടലുകളിലൂടെ ഭൂവുടമ ബന്ധങ്ങളിലെ മാറ്റം അനിവാര്യമാക്കുകയായിരുന്നു.
കീഴാള നവോത്ഥാന പ്രസ്ഥാനങ്ങള്‍ ദലിത്-പിന്നോക്ക-ദരിദ്രജനവിഭാഗങ്ങളുടെ ഭൂവുടമസ്ഥതക്കു വേണ്ടി നിലകൊണ്ടപ്പോള്‍ മുന്‍ചൊന്ന വിഭാഗങ്ങളുടെ താല്‍പര്യങ്ങളെ അവഗണിക്കുന്ന നിലപാടാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൈക്കൊണ്ട്ത്. 1906 ല്‍ രൂപീകരിക്കപ്പെട്ട ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കേരളാ ഘടകത്തിന്റെ പിന്തുണയുണ്ടായിരുന്ന കുടിയായ്മ പ്രസ്ഥാനം, കുടിയാന്മാരുടെ പാട്ടം കുറക്കുക കുടിയായ്മക്ക് സ്ഥിരാവകാശം നല്‍കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ടു വച്ചത്. 1921 ലെ വിശ്രുതമായ മലബാര്‍ കലാപത്തില്‍, ഭൂരഹിതരായ മാപ്പിളമാരുടെ ആവശ്യങ്ങളോട് കുടിയായ്മ പ്രസ്ഥാനം പുലര്‍ത്തിയ നിഷേധാത്മകമായ സമീപനമാണ് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തലിനും കൂട്ടക്കൊലക്കും കാരണമായത്. 1936 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊള്ളുന്നത് സവര്‍ണ്ണ മാധ്യമ ജാതികളുടെ അടിത്തറയിലും നേതൃത്വത്തിലുമായിരുന്നു. തന്മൂലം കോണ്‍ഗ്രസ്സെന്ന പോലെ കുടിയാന്മാരായ പാട്ടക്കാരുടേയും വാരക്കാരുടേയും ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്. ഫലമോ നവോത്ഥാന കാലത്തുയര്‍ന്നു വന്ന ദലിതരുള്‍പ്പെടുന്ന ഭൂരഹിതരുടെ ഭൂവുടമസ്ഥാവകാശം നിഷേധിക്കപ്പെടുകയും 1957 ലെ പ്രഥമ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ കാലത്ത് കര്‍ഷകരെന്ന നിര്‍വ്വചനത്തിലുള്‍പ്പെട്ട പാട്ടക്കാരുടേയും വാരക്കാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്തു. ചുരുക്കത്തില്‍ പല രൂപങ്ങളില്‍ നിലനിന്നിരുന്ന കുടിയാന്‍ നിയമങ്ങളിലൂടെ കേരളത്തിലെ സവര്‍ണ്ണ മാധ്യമ ജാതികള്‍ക്കും ക്രിസ്ത്യന്‍ മുസ്ലീം മതത്തിലെ പ്രമാണിമാര്‍ക്കും ഭൂമിയുടെ മേല്‍ അവകാശം നല്‍കിയ രാജഭരണകാലത്തെ നിയമങ്ങളുടെ ആവര്‍ത്തനമായിരുന്നു പ്രസിദ്ധമായ കേരള ഭൂപരിഷ്‌ക്കരണ നിയമം.
1957 ല്‍ അവതരിപ്പിച്ചതും നിരവധിയായ നിയമഭേദഗതികള്‍ക്ക് വിധേയമായതുമായ ഭൂപരിഷ്‌ക്കരണ നിയമം 1970 ല്‍ ജന്മിത്വം അവസാനിച്ചു എന്ന പ്രഖ്യാപനത്തിലൂടെ പൂര്‍ത്തിയാവുമ്പോള്‍ 27 ലക്ഷം പേര്‍ക്കാണ് ഭൂവുടമസ്ഥാവകാശം ലഭിക്കുന്നത്. ഇവര്‍ ഭൂമിയിലെ വിഭവോല്പാദനത്തെ ഉപജീവനമാര്‍ഗ്ഗമാക്കിയവരോ ഭൂമിയില്‍ അധ്വാനിക്കുന്നവരോ ആയിരുന്നില്ല. മറിച്ച് ഭൂമിയിലെ കുടിപ്പാര്‍പ്പുകാരുടെ അധ്വാന ശേഷിയെ ചൂഷണം ചെയ്തിരുന്നവരും ജന്മിക്കും ഭൂമിയില്‍ അധ്വാനിക്കുന്നവരുടേയും ഇടയിലെ മധ്യവര്‍ത്തികളായിരുന്ന പാട്ടക്കാര്‍, വെറും പാട്ടക്കാര്‍, കാണക്കാര്‍, കുഴിക്കാണംദാര്‍, വാരക്കാര്‍ എന്നിവരായിരുന്നു. ജാതി വ്യവസ്ഥതയുടെ സവിശേഷത കൊണ്ട് ഈഴവര്‍ക്ക് താഴെയായിരുന്ന ദലിത് സമുദായവും ആവാസവ്യവസഥയുടെ പ്രത്യേകത മൂലം തീരദേശവാസികളും മുകളില്‍ പറഞ്ഞ ശ്രേണിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. തന്മൂലം ഈ വിഭാഗങ്ങള്‍ ഒന്നടങ്കം ഭൂവുടമസ്ഥതയില്‍ നിന്നും പുറംതള്ളപ്പെടുകയായിരുന്നു. ഇപ്രകാരം ഭൂരഹിതരായി മാറിയ ദലിത് സമുദായത്തിലെ അഞ്ചു ലക്ഷം പേര്‍ക്ക് ലഭിച്ചത് കുടികിടപ്പായി പഞ്ചായത്തുകളില്‍ പത്തു സെന്റും മുനിസിപ്പാലിറ്റികളില്‍ 5 സെന്റും കോര്‍പ്പറേഷനുകളില്‍ 3 സെന്റും ഭൂമിയായിരുന്നു. അതേ സമയം കുടികിടപ്പവകാശം നിഷേധിക്കപ്പെട്ടവര്‍ക്കാണ് ഹരിജന്‍ ലക്ഷംവീട് കോളനികള്‍ നല്‍കിയത്. പിന്നെയും മിച്ചം വന്നവരാണ് റോഡ്, തോട് പുറംമ്പോക്കുകളില്‍ അഭയം തേടിയത്. ഭൂപരിഷ്‌ക്കരണം നടപ്പാക്കപ്പെടുന്നത് കാര്‍ഷിക ഭൂമിയുടെ 65 ശതമാനവും വരുന്ന 11 ലക്ഷം ഏക്കര്‍ ചെറുകിട തോട്ടങ്ങളേയും 18 ലക്ഷം ഏക്കര്‍ വന്‍കിട തോട്ടങ്ങളേയും ഒഴിവാക്കിക്കൊണ്ടായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത് സമ്പദ്ഘടനയുടെ മുഖ്യവലംബം നാണ്യവിളകളാണെന്നും തോട്ടത്തില്‍ 15 ലക്ഷത്തോളം തൊഴിലാളികളുണ്ടെന്നുമാണ്. എന്നാല്‍ വിദേശികളും സ്വദേശികളുമായ തോട്ടമുടമകള്‍ കൈവശം വച്ചിരിക്കുന്നത് പാട്ടക്കാലാവധി കഴിഞ്ഞതും തോട്ടങ്ങള്‍ക്കുള്ളില്‍ തരിശിട്ടിരിക്കുന്നതുമായ 7 ലക്ഷം ഏക്കര്‍ ഭൂമിയാണ് ഇപ്പോഴാകട്ടെ തോട്ടങ്ങള്‍ സമ്പദ്ഘടനക്ക് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നില്ല. നാണ്യവിളകളില്‍ വന്‍തോതില്‍ ചെറുകിട ഉല്പാദനം നിലനില്‍ക്കുന്ന റബ്ബര്‍ ഒഴിച്ചുള്ളവ ലാഭകരമല്ല. ആഗോളവല്ക്കരണത്തിന്റേയും ഉദാരവല്ക്കരണത്തിന്റേയും ഫലമായി ഏതുതരം നാണ്യ വിളകളും ഇറക്കുമതി ചെയ്യാനാവും. തന്മൂലം തോട്ടങ്ങളിലെ ഉല്പാദനവും തൊഴിലാളികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് തോട്ടങ്ങളിലെ 5 ശതമാനം ഭൂമിയായ 90,000 ഏക്കര്‍ ടൂറിസം വ്യവസായത്തിനും റിസോര്‍ട്ട് നിര്‍മ്മാണത്തിനുമായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്.
ഭൂപരിഷ്‌ക്കരണം മുന്നോട്ട് വച്ച പരിമിതമായ വാഗ്ദാനങ്ങള്‍ പോലും നടപ്പാക്കപ്പെടുന്നില്ല. ഇതാണ് മിച്ചഭൂമി വിതരണം തെളിയിക്കുന്നത്. 1957 ലെ ലാന്റ് സര്‍വ്വെ പ്രകാരം തോട്ടങ്ങളിലേതുള്‍പ്പടെ 17.5 ലക്ഷം ഏക്കര്‍ മിച്ചഭൂമിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ തോട്ടങ്ങളെ ഒഴിവാക്കിയാല്‍ ലഭ്യമാകുന്നത് 7.5 ലക്ഷം ഏക്കറാണ്. ഈ മിച്ചഭൂമിയില്‍ 2012 വരെ ഏറ്റെടുക്കാന്‍ കഴിഞ്ഞത് 1,03421 ഏക്കറാണ്. വിതരണം ചെയ്തതാകട്ടെ 73,796 ഏക്കറാണ്. ഇതില്‍ 50 ശതമാനം ദലിതര്‍ക്ക് നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കിലും 2012 വരെ 61267 പേര്‍ക്ക് ലഭിച്ചത് 35,252 ഏക്കറാണ്. ചുരുക്കത്തില്‍ ഭൂപരിഷ്‌ക്കരണത്തിന്റെ ഗുണഭോക്താക്കളായി കര്‍ഷകരെ മാറ്റുക, തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്നും ഒഴിവാക്കുക, കൈവശഭൂമിയുടെ വിസ്തീര്‍ണ്ണം 15 ഏക്കറാക്കുക, ഇഷ്ടദാന വ്യവസ്ഥയിലൂടെ കൈവശ ഭൂമിയുടെ വിസ്തീര്‍ണ്ണം 25 ഏക്കറായി വര്‍ദ്ധിപ്പിക്കുക, ട്രസ്റ്റുകള്‍ മതസ്ഥാപനങ്ങള്‍ എന്നിവക്ക് ഭൂമി നല്‍കുക, നിയമനടപടികളിലൂടെ ഭൂവുടമസ്ഥതയില്‍ നിന്നും പുറം തള്ളുക എന്നിവയാണ് ഭൂപരിഷ്‌ക്കരണത്തിലൂടെ നടപ്പാക്കപ്പെട്ടത്. തന്മൂലം ദലിത് സമുദായത്തേയും ഭൂരഹിതരേയും സംബന്ധിച്ചിടത്തോളം ഭൂപരിഷ്‌ക്കരണം കാലഹരണപ്പെട്ടിരിക്കയാണ്. അതിന്റെ സംരക്ഷണവും വിപുലീകരണവും മുന്‍ചൊന്ന വിഭാഗങ്ങളുടെ ബാധ്യതയല്ല. അതുകൊണ്ടു തന്നെ സമുദായിക പരിഗണനകളെ കണക്കിലെടുക്കാതെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക, രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും നിഷേധിക്കപ്പെടേണ്ടതുണ്ട്.
കേരളത്തിലെ ദലിത് സമുദായവും, ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം മതസമുദായങ്ങളിലുള്‍പ്പെട്ട ഭൂരഹിതരും ഭൂമിയുടെ നീതിപൂര്‍വ്വകമായ വിതരണത്തിനായുള്ള അതിജീവന പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കു വേണ്ടിയുള്ള സമരം. തിരുവനന്തപുരത്തെ കുടില്‍ കെട്ടല്‍ സമരം, മുത്തങ്ങ, ചെങ്ങറ എന്നിവ നടന്നതും ഇപ്പോള്‍ അരിപ്പ ഭൂസമരം നടന്നു കൊണ്ടിരിക്കുന്നതും. ചെറുതും വലുതുമായ ഇത്തരം സമരങ്ങള്‍ക്കടിസ്ഥാനമായിരിക്കുന്നത്, ചരിത്രപരമായി രൂപപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളാണ്.
കേരളത്തിലൊരു വ്യവസായിക സമ്പദ്ഘടന കെട്ടിപ്പടുക്കാനുള്ള കാര്‍ഷിക മിച്ചത്തിന്റെ അഭാവത്തില്‍ പ്രവാസികളയയ്ക്കുന്ന പണവും കേന്ദ്ര സംസ്ഥാന ഗവണ്‍മന്റുകളുടെ നിക്ഷേപവും സ്വദേശിയും വിദേശിയുമായ കോര്‍പ്പറേറ്റുകളുടെ മൂലധനവുമാണ് സമ്പദ്ഘടനയുടെ ചലനാത്മകതക്കടിസ്ഥാനമായിരിക്കുന്നത്. ഈ മൂലധന നിക്ഷേപം അടിസ്ഥാന വിഭവസ്രോതസ്സുകളായ കയര്‍, കശുവണ്ടി, കൈത്തറി, മത്സ്യബന്ധനം എന്നിവയുടെ വ്യവസായവല്ക്കരണത്തിന് പ്രയോജനപ്പെടുത്താതെ, സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും ആവാസവ്യവസ്ഥയും അനുയോജ്യമല്ലാത്ത ടൂറിസം നിര്‍മ്മാണ മേഖല, വ്യാപാരം എന്നീ മേഖലകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കയാണ്. തന്മൂലം കുന്നുകള്‍, പാറകള്‍ എന്നിവ വന്‍തോതില്‍ ഇടിച്ചു നിരത്തപ്പെടുകയും നദികള്‍, വനങ്ങള്‍,നെല്‍വയലുകള്‍,കണ്ണീര്‍തടങ്ങള്‍ എന്നിവ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഷിയിലെ രാസവളങ്ങളുടേയും കീടനാശിനികളുടേയും അമിത പ്രയോഗം മണ്ണിന്റെ ഘടനയെ മാറ്റിതീര്‍ക്കുകയും ഭക്ഷ്യ വസ്തുക്കളെ വിഷമയമാക്കിയിരിക്കുകയുമാണ്. ഭൂമിയെ ഉല്പാദനപരമായി വിനിയോഗിക്കാതിരുന്നാല്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് തരിശായി മാറിക്കൊണ്ടിരിക്കുന്നത്. അവിശ്വസനീയ വിലക്കൂടുതലുള്ള ഭൂമി, ധനമൂലധനം കേന്ദ്രീകരിച്ചിരിക്കുന്ന ബാങ്കുകള്‍, സഹകരണസംഘങ്ങള്‍ എന്നിങ്ങനെയുള്‌ല ധനകാര്യ സ്ഥാപനങ്ങളില്‍ വായ്പക്കുള്ള ഈടായി മാറിയിരിക്കുന്നതിനാലാണ്, ഭൂവുടമസ്ഥതയുള്ളവര്‍ക്ക് വ്യാപാരം, വാണിജ്യം എന്നിവയില്‍ ഏര്‍പ്പെടാനും, ഉന്നത വിദ്യാഭ്യാസം വിദേശ തൊഴിലുകള്‍ എന്നിവ കൈവരിക്കാനും കഴിയുന്നത്. ഭൂവുടമസ്ഥതയില്ലാത്തതിനാലാണ് ദലിത് സമുദായത്തിനും ഇതര ഭൂരഹഗിതര്‍ക്കും മെച്ചപ്പെട്ട ജീവിതാവസ്ഥ നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഇത്, സമൂഹത്തിലെ സാമ്പത്തികവും സാമുദായികവുമായ അസന്തുലിതാവസ്ഥ വര്‍ദ്ധിപ്പിച്ചിരിക്കയാണ്. സമത്വാധിഷ്ഠിതമായൊരു ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിനായി ഇത്തരം അവസ്ഥകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്.
ഭൂമിയുടെ നീതിപൂര്‍വ്വകമായ വിതരണത്തിന്റെ അഭാവത്തില്‍ യാതനാ പൂര്‍ണ്ണമായ ജീവിതം നയിക്കുന്നത് ദലിതരും തീരദേശ വാസികളുമാണ്. ജനസംഖ്യയില്‍ 10.4 ശതമാനം വരുന്ന ദലിതരില്‍ 55 ശതമാനവും 26,198 കോളനികളിലാണ് വസിക്കുന്നത്. ഇവരുടെ കൈവശാവകാശ ഭൂമിയുടെ വിസ്തീര്‍ണ്ണം 1 സെന്റു മുതല്‍ 8.5 ലക്ഷം വരുന്ന മത്സ്യതൊഴിലാളികളില്‍ 9.25 ശതമാനം പേര്‍ക്കും 1 സെന്റില്‍ മാത്രമാണ് ഭൂമിയുള്ളത്. ഇവരില്‍ 66.43 ശതമാനം പേരുടെ കൈവശഭൂമിയുടെ വിസ്തീര്‍ണ്ണം 5 സെന്റില്‍ താഴെയാണ്. അതേ സമയം ലണ്ടന്‍ ആസ്ഥാനമായ കുത്തക കമ്പനിയായ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശം വച്ചിരിക്കുന്നത് 76,000 ഏക്കര്‍ ഭൂമിയാണ്. ടാറ്റയുടെ കൈവശമുള്ളത് 50,000 ഏക്കര്‍ ഭൂമിയാണ്. കൂടാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ 6093.5 ഏക്കര്‍, ഓയില്‍ഫോം കോര്‍പ്പറേഷന്‍ 9005.6 ഏക്കര്‍ തേയില, റബ്ബര്‍, ഏലം തോട്ടങ്ങളിലായി 15,67914 ഏക്കര്‍ ഭൂമിയാണുള്ളത്. കൂടാതെ കെ.എസ്.ഇ.ബി, വ്യവസായ വകുപ്പ് എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വച്ചിട്ടുണ്ട്. തോട്ടങ്ങളുടെ കൈവശമുള്ള പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയില്‍ അനധികൃത കൈയ്യേറ്റങ്ങളും തരിശു ഭൂമിയും നിലവിലുള്ള 47663 ഏക്കര്‍ മിച്ചഭൂമിയുമടക്കം 12 ലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്താല്‍ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കാനാവും. ജനാധിപത്യപരമായ ഈ മാര്‍ഗ്ഗം അവലംബിക്കാതെ നിലവിലുള്ള കോളനികളെ ഇരട്ടിയാക്കുന്ന വിധത്തിലുള്ള 3 സെന്റ് ഭൂമിയും പാര്‍പ്പിടവും നല്‍കാനാണ് പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ നിലപാടിനെ ചെറുത്ത് തോല്‍പ്പിക്കുന്നതോടൊപ്പം ഗ്രാമ പ്രദേശങ്ങളില്‍ കൃഷിക്കും നഗരങ്ങളില്‍ വ്യാപാര വ്യവസായങ്ങള്‍ക്കും അസംഘടിത സമുദായങ്ങള്‍ക്കും സമുദായികാവശ്യങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാനും ഈ പ്രക്ഷോഭം അന്തിമ വിജയം തുടരേണ്ടതുണ്ട്. ഭൂമിയുടെ അവകാശികള്‍ ഭൂമിയില്‍ അദ്ധ്വാനശേഷി വിനിയോഗിക്കുന്നവരും ഭൂമിയെ ഉപജീവനോപാധി ആക്കുന്നവരുമാണെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ആവശ്യങ്ങള്‍ നേടിയെടുക്കേണ്ടതുണ്ട്.
1. അരിപ്പയില്‍ സമരം ചെയ്യുന്ന ദലിതരുള്‍പ്പെടുന്ന ഭൂരഹിതര്‍ക്ക് അവരുടെ ജില്ലകളില്‍ ഒരു ഹെക്ടര്‍ വീതം കഷിഭൂമി നല്‍കുക, നഗരവാസികള്‍ക്ക് നഗരങ്ങളില്‍ വ്യാപാരവ്യവസായികാവശ്യങ്ങള്‍ക്ക് ഭൂമി നല്‍കുക, വീടു വെയ്ക്കുവാന്‍ 5 ലക്ഷം രൂപയും കാര്‍ഷിക വ്യാപാര വ്യവസായ ആവശ്യത്തിന് ഒരു ലക്ഷം രൂപയും നല്‍കുക.
2. കേരളത്തിലെ ഭൂവുടമസ്ഥതയെക്കുറിച്ച് വസ്തുതാപരമായ അന്വേഷണം നടത്തി ധവളപത്രം പുറപ്പെടുവിക്കുക.
3. ഹരിജന്‍, ലക്ഷംവീട് വാസികളായ ദലിതര്‍ക്കും, റോഡ്, തോട്, പുറമ്പോക്ക് വാസികള്‍ക്കും മുന്‍ഗണന നല്‍കി മുഴുവന്‍ ഭൂരഹിതര്‍ക്കും ഗ്രാമങ്ങളില്‍ ഒരു ഹെക്ടര്‍ ഭൂമിയും, നഗരങ്ങളില്‍ വ്യാപാര വ്യവസായ ആവശ്യത്തിനും അസംഘടിതരായ സമുദായങ്ങള്‍ക്കും സാമുദായികാവശ്യത്തിനും ഭൂമി നല്‍കുക.
4. വിതരണം ചെയ്യുന്ന ഭൂമിയില്‍ സ്ത്രീകളുടെ തുല്യാവകാശം ഉറപ്പാക്കുക
5. കൃഷിയെ ഉപജീവനോപാധിയാക്കിയ കൈവശ ഭൂമിയുടെ വിസ്തീര്‍ണ്ണം പത്ത് ഏക്കറായി നിജപ്പെടുത്തുക.
6. ഉയര്‍ന്ന വരുമാനമുള്ള വ്യാപാരികള്‍, വ്യവസായികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൈവശ ഭൂമിയുടെ പരിധി മൂന്ന് ഏക്കറാക്കുക.
7. നാണ്യവിളകളെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനം നടത്തി ലാഭകരമല്ലാത്തതോ തൊഴിലാളികളുടെ എണ്ണം കുറവായതോ ആയ തോട്ടങ്ങള്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യുക.
8. പാട്ടക്കാലാവധി കഴിഞ്ഞതും അനധികൃത കൈയ്യേറ്റങ്ങള്‍ നിലനില്‍ക്കുന്നതുമായ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക.
9. അഞ്ചു വര്‍ഷത്തിലധികമായി തരിശിട്ടിരിക്കുന്ന ഭൂമി രഹിതര്‍ക്ക് വിതരണം ചെയ്യുക.
10. ട്രസ്റ്റുകള്‍, മതസ്ഥാപനങ്ങള്‍ സമുദായ സംഘടനകള്‍ എന്നിവര്‍ കൈവശം വച്ചിരിക്കുന്ന അധിക ഭൂമി ഏറ്റെടുക്കുക.
11. പരിസ്ഥിതി വിനാശകരമായ കുന്നിടിക്കല്‍, പാറപൊട്ടിക്കല്‍, എന്നിവ നിയന്ത്രിക്കുക. വനങ്ങള്‍, നദികള്‍, നെല്‍വയലുകള്‍, തണ്ണീര്‍ തടങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായി അതോറിറ്റികള്‍ രൂപീകരിക്കുക.
12. പാട്ടകൃഷി സമ്പ്രദായം അവസാനിപ്പിക്കുക.
13. ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ച വ്യവസ്ഥകളുണ്ടാക്കി ഭൂമി വില നിയന്ത്രിക്കുക.
14. വന്‍തോതില്‍ ഭൂമി ആവശ്യമുള്ള വികസന പദ്ധതികള്‍ വേണ്ടെന്ന് വയ്ക്കുക.
15. വികസനാവശ്യങ്ങള്‍ക്കായി കുടിയിറക്കപ്പെടുന്നവരെ ഭൂമി രഹിതരായി കണക്കാക്കി ഭൂമി നല്‍കുക.
16. കൃഷിയിലെ രാസവളം കീടനാശിനി പ്രയോഗം നിയന്ത്രിച്ച് ജൈവകൃഷിക്ക് പ്രോത്സാഹനം നല്‍കുക.
17. ഭൂമിയുടെ നീതിപൂര്‍വ്വകമായ വിതരണത്തിലൂടെ സമത്വാധിഷ്ഠിതമായ സാമൂഹ്യ സൃഷ്ടിക്ക് വിഘാതമായ നിയമങ്ങള്‍ റദ്ദ് ചെയ്ത് പുതിയ നിര്‍മ്മാണം നടത്തുക.
18. ഭൂമി സംബന്ധമായ കേസ്സുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുക. ഭൂമിയുടെ നീതി പൂര്‍വ്വകമായ വിതരണത്തിലൂടെ കാര്‍ഷികോല്പാദന വര്‍ദ്ധനവ്, പിന്നോക്ക പ്രദേശങ്ങളുടെ വികസനവും, ഭക്ഷ്യ സുരക്ഷയും കീടനാശിനിയും രാസവളവുമില്ലാത്ത കൃഷി ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനാല്‍ ദലിതരുടേയും ഇതര ഭൂരഹിതരുടേയും ഭൂസമരങ്ങളെ മുഴുവന്‍ ജനങ്ങളും പിന്തുണക്കണം.

കടപ്പാട് : ഗോത്രഭൂമി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply