ഭിന്നലിംഗക്കാരും കേരളവും
അവഗണനയും ചൂഷണവും മൂലം ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ കേരളം വിടുന്നതായ വാര്‍ത്ത ആശങ്കാജനകമാണ്. നേരത്തെ ഇതുതന്നെയായിരുന്നു അവസ്ഥ. എന്നാല്‍ ഭിന്ന ലൈംഗികത യാഥാര്‍ത്ഥ്യമാണെന്നും അവരും മനുഷ്യരാണെന്നും മറ്റെല്ലാവര്‍ക്കുമുള്ള മനുഷ്യാവകാശങ്ങള്‍ അവര്‍ക്കുമുണ്ടെന്നുമുള്ള തിരിച്ചറിവ് കേരളസമൂഹത്തിലും കടന്നു വരാന്‍ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി മുമ്പ് ഇവിടെനിന്ന് പോയവര്‍ പലരും തിരിച്ചുവരാനും തുടങ്ങി. എന്നാല്‍ പുരോഗമനമെന്നും മനുഷ്യാവകാശങ്ങള്‍ക്ക് അംഗീകാരം കൊടുക്കുന്ന സംസ്ഥാനം എന്നുമുള്ള അവകാശവാദങ്ങള്‍ തങ്ങളെ സംബന്ധിച്ചിടത്തോളമെങ്കിലും തെറ്റാണെന്ന് ലൈംഗികന്യൂനപക്ഷങ്ങള്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടിലേക്കാണ് ചേക്കേറുന്നത്. പിന്നെ ബാംഗ്ലൂരിലേക്കും. ജോലി ചെയ്ത് ജീവിക്കാനുള്ള […]
അവഗണനയും ചൂഷണവും മൂലം ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ കേരളം വിടുന്നതായ വാര്‍ത്ത ആശങ്കാജനകമാണ്. നേരത്തെ ഇതുതന്നെയായിരുന്നു അവസ്ഥ. എന്നാല്‍ ഭിന്ന ലൈംഗികത യാഥാര്‍ത്ഥ്യമാണെന്നും അവരും മനുഷ്യരാണെന്നും മറ്റെല്ലാവര്‍ക്കുമുള്ള മനുഷ്യാവകാശങ്ങള്‍ അവര്‍ക്കുമുണ്ടെന്നുമുള്ള തിരിച്ചറിവ് കേരളസമൂഹത്തിലും കടന്നു വരാന്‍ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി മുമ്പ് ഇവിടെനിന്ന് പോയവര്‍ പലരും തിരിച്ചുവരാനും തുടങ്ങി. എന്നാല്‍ പുരോഗമനമെന്നും മനുഷ്യാവകാശങ്ങള്‍ക്ക് അംഗീകാരം കൊടുക്കുന്ന സംസ്ഥാനം എന്നുമുള്ള അവകാശവാദങ്ങള്‍ തങ്ങളെ സംബന്ധിച്ചിടത്തോളമെങ്കിലും തെറ്റാണെന്ന് ലൈംഗികന്യൂനപക്ഷങ്ങള്‍ പറയുന്നു.
ഇവരില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടിലേക്കാണ് ചേക്കേറുന്നത്. പിന്നെ ബാംഗ്ലൂരിലേക്കും. ജോലി ചെയ്ത് ജീവിക്കാനുള്ള സൗകര്യത്തിനായാണ് നാടുവിടലെന്ന് ലൈംഗിക ന്യൂനപക്ഷങ്ങളുടെ സംസ്ഥാന പ്രസിഡന്റ് സി.കെ. നാസര്‍ പറയ.ുന്നു. സംസ്ഥാനത്തുനിന്ന് നിലവില്‍ ആയിരത്തിലധികം പേര്‍ കോയമ്പത്തൂര്‍, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് താമസം മാറ്റി.യിട്ടുണ്ട്
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എല്ലാ ആനുകൂല്യങ്ങളോടെയും ഭിന്നലിംഗക്കാര്‍ കഴിയുമ്പോള്‍ കേരളത്തില്‍ അവഗണന മാത്രമാണെന്നാണ് ഇവരുടെ പക്ഷം. പഠിക്കാനും ജോലിചെയ്യാനുമൊന്നും ഇവിടെ അവസരമില്ല. പൊതുസ്ഥലങ്ങളില്‍ അവഹേളനവും അവഗണനയും നേരിടുന്നു. ഭിക്ഷയെടുക്കേണ്ട ഗതികേടാണ് ഇവിടെ പലരും. പലരും ലൈംഗികത്തൊഴിലിലേക്കു തിരിയുന്നു. ആരും ജോലി നല്‍കാത്തതിനാല്‍ ഒരുപാടുപേര്‍ ലൈംഗികത്തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. പലരും ബലാത്സംഗത്തിന് ഇരകളാവുന്നു. കേസെടുക്കാന്‍ ഒരു നിയമവും തയ്യാറാകില്ല. അസുഖംബാധിച്ച് ആസ്പത്രിയില്‍ പോയപ്പോള്‍ ചികിത്സ നല്‍കാതെ ഇറക്കിവിട്ട അനുഭവം പലര്‍ക്കുമുണ്ട്. സ്ത്രീകളുടെയോ പുരുഷന്മാരുടെയോ വാര്‍ഡില്‍ കിടത്താന്‍ പറ്റില്ലെന്നതാണ് ആസ്പത്രിക്കാരുടെ വാദം.
പല സംസ്ഥാനങ്ങളിലും തൊഴിലിനും പഠനത്തിനും ഭിന്നലിംഗക്കാര്‍ക്ക് സംവരണമുണ്ട്. അപേക്ഷാഫോമുകളില്‍ ആണ്‍/പെണ്‍/മറ്റുള്ളവര്‍ എന്ന ചോദ്യമുണ്ട്. എന്തിനേറെ എഞ്ചിനിയറിംഗ്, മെഡിസന്‍ അഖിലേന്ത്യം പ്രവേശനപരീക്ഷങയിലും മറ്റു സംസ്ഥാനങ്ങളിലെ പല പ്രവേശനപരീക്ഷകളിലും ഇതു നിലനില്‍ക്കുമ്പോള്‍ കേരളത്തിലതില്ല. ഇവിടെ സര്‍ട്ടിഫിക്കറ്റുകളില്‍ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാറ്റാന്‍ ചെല്ലുമ്പോള്‍ വസ്ത്രമഴിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ട സംഭവങ്ങളുണ്ട്.
സത്യത്തില്‍ സംസ്ഥാനത്ത് നിരവധി ഭിന്നലിംഗക്കാരുണ്ട്. ഓരോ ജില്ലയിലും കുറഞ്ഞത് ആയിരംപേരെങ്കിലും ഭിന്നലിംഗക്കാരായുണ്ട്. തങ്ങളുടെ ഇഷ്ടങ്ങളെ മറ്റുള്ളവര്‍ സ്വാഭാവികമായും സാധാരണമായും കാണുന്ന കാലമാണ് ഇവര്‍ സ്വപ്നം കാണുന്നത്. വസ്ത്രധാരണം മുതല്‍ പ്രണയിക്കുന്നതിലും പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും വരെ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുള്ള, പരമ്പരാഗതരീതിയിലുള്ള ആണ്‍പെണ്‍ വിവാഹബന്ധങ്ങള്‍ ആരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാത്ത ഒരു കാലം ഇവര്‍ കിനാവു കാണുന്നു.
ലൈംഗികതയിലെ വൈവിധ്യം അംഗീകരിക്കാത്ത കേരളീയ സമൂഹത്തിനുമുന്നില്‍ ജീവിക്കാന്‍ പോരടിച്ച്് പരാജയപ്പെട്ട് ആത്മഹത്യ ചെയ്തവരും കൊലചെയ്യപ്പെട്ടവരും ഒളിവില്‍ ജീവിക്കുന്നവരും നിരവധി. തന്റെ താമസസ്ഥലത്ത് വെച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ട, അനില്‍ അഥവാ മരിയയെ ഇവര്‍ സ്മരിക്കുന്നു. തന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ടു് പരസ്യമായി പുറത്തു വന്ന മരിയ കേരളത്തില്‍ ക്വിയര്‍ പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തവരിലൊരാളായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു. തന്റെ സൗന്ദര്യവും വശ്യതയും കൊണ്ടു് ക്വിയര്‍ പരേഡുകളിലെല്ലാം കേന്ദ്രബിന്ദുവായി മാറിയിരുന്നു മരിയ. കൂടാതെ തന്റെ സംഗീതം കൊണ്ടു ക്വിയര്‍ പരേഡിനു താളവും ജീവനും നല്കിയ, പേരു വെളിപ്പെടുത്താനാഗ്രഹിക്കാതിരുന്ന മറ്റൊരാളും അടുത്തയിടെ ജീവനൊടുക്കുകയായിരുന്നു.
തങ്ങളുടെ ജീവിതങ്ങളെ കെട്ടുകഥകളിലും ഊഹാപോഹങ്ങളിലും കെട്ടിയിടാതെ, പ്രശ്‌നങ്ങളെ നിസ്സാരവല്‍ക്കരിക്കാതെ, ഉത്തരവാദിത്തത്തോടു കൂടി സമീപിക്കുവാനും മുന്‍വിധികളില്ലാതെ തങ്ങളുടെ കഥകള്‍ കേള്‍ക്കുവാനും കേരളീയ സമൂഹത്തോട് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും എന്നാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് പറയുമ്പോള്‍ സദാചാരപോലീസ് ചമയുകയും ചെയ്യുന്നവരാണ് പൊതുവില്‍ മലയാളികള്‍. ഇവര്‍ മൂന്നാംലിംഗമാണെന്ന് അസന്ദിഗ്ധമായ സുപ്രീംകോടതിയുടെ ഡിവിഷന്‍ബെഞ്ച് വിധി നിലനില്‍ക്കുമ്പോഴാണ് ഈ വിവേചനം. ഭരണഘടനയും കേന്ദ്ര, സംസ്ഥാനനിയമങ്ങളും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നുപറഞ്ഞ കോടതി, സ്വന്തം ലിംഗമേതെന്ന് നിരീക്ഷിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും അത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിക്കണമെന്നും വിധിച്ചു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കുതുല്യം പരിഗണിച്ച് മൂന്നാംലിംഗക്കാര്‍ക്ക് തൊഴില്‍സംവരണവും വിദ്യാഭ്യാസസംവരണവും ഏര്‍പ്പെടുത്താനും കോടതി വിധിച്ചിരുന്നു. എന്നിട്ടും പ്രബുദ്ധ സംസഅതാനത്തെ അവസ്ഥ പഴയപോലെതന്നെ. പക്ഷേ, കാര്യങ്ങള്‍ പഴയപടിതന്നെയാണ് ഇപ്പോഴും. വോട്ടാവകാശം പോലും അവര്‍ക്കില്ല.
ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം പാലക്കാട്ടുനടന്ന കേരളീയരായ മൂന്നാംലിംഗക്കാരുടെ സംസ്ഥാന സമ്മേളനവും അവിടെ ഉയര്‍ന്ന ആവശ്യങ്ങളും പ്രസ്‌ക്തമാകുന്നത്. ഭിന്നലൈംഗികതയുള്ളവര്‍ക്ക് പത്തുശതമാനം തൊഴില്‍സംവരണവും 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വാര്‍ധക്യപെന്‍ഷനും തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍കാര്‍ഡുമുള്‍പ്പെടെയുള്ള രേഖകളില്‍ മൂന്നാംലിംഗമെന്ന് രേഖപ്പെടുത്താനുള്ള അവസരവും അവര്‍ ആവശ്യപ്പെടുന്നു.
അതിനിടെ ആറാമത് ക്വിയര്‍ പ്രൈഡ് കേരളത്തിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി കേരളത്തിലെ വിമത ലൈംഗിക സമുദായങ്ങളില്‍പ്പെട്ടവരുടെയും സാമൂഹ്യപ്രവര്‍ത്തകരുടേയും പത്രമാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടേയും കലാ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായവരുടേയും മറ്റ് സംഘടനകളുടേയും സംയുക്താഭിമുഖ്യത്തില്‍ ക്വിയര്‍ പ്രൈഡ് മാര്‍ച്ചും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ വിമത ലൈംഗികതയുടെ രാഷ്ട്രീയം അല്‍പ്പമെങ്കിലും ഉയര്‍ന്നുവരാന്‍ ക്വിയര്‍ പ്രൈഡ് കേരളം വഹിച്ച പങ്ക് ചെറുതല്ല. സെക്ഷ്വാലിറ്റി / ജെന്‍ഡര്‍ ആയി ബന്ധപ്പെട്ട സെമിനാറുകള്‍ ചര്‍ച്ചകള്‍ കലാപരിപാടികള്‍ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, ക്യാമ്പെയ്‌നുകള്‍ എന്നിവയും പ്രൈഡിനു മുന്നോടിയായി സംഘടിപ്പിക്കും. മെയ് മൂന്നിന് തൃശൂരിലാണ് സ്വാഗതസംഘം യോഗം നടക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in