ബീഫില്ലാത്ത പന്തീഭോജനം എങ്ങനെ സാഹസികമാകും ബേബിസഖാവേ..?
ഭോജനം തന്നെ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന കാലത്തു പന്തിഭോജനം പോലുള്ള സാഹസിക പ്രതിഷേധങ്ങള്‍ക്കു രൂപം നല്‍കണമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി പറയുന്നതുകേട്ടപ്പോള്‍ ചിരിവന്നു. ലളിതകലാ അക്കാദമി സംഘടിപ്പിച്ച പന്തീഭോജനത്തിന്റെ ഭാഗമായി നടന്ന നമുക്കു ജാതിയില്ല എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തായിരുന്നു ബേബി ഇതു പറഞ്ഞത്. നീ അതു കഴിച്ചാല്‍ നിന്നെ കൊല്ലുമെന്ന് ആക്രോശിക്കുകയും നീ എന്തോ കഴിച്ചുവെന്നാരോപിച്ചു തല്ലിക്കൊല്ലുകയും ചെയ്യുന്ന കാലമാണിത്. .തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി മാറ്റിനിര്‍ത്തിയിരുന്നവരെ ചേര്‍ത്തു പന്തിഭോജനം നടത്തിയ സഹോദരന്‍ […]
ഭോജനം തന്നെ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന കാലത്തു പന്തിഭോജനം പോലുള്ള സാഹസിക പ്രതിഷേധങ്ങള്‍ക്കു രൂപം നല്‍കണമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി പറയുന്നതുകേട്ടപ്പോള്‍ ചിരിവന്നു. ലളിതകലാ അക്കാദമി സംഘടിപ്പിച്ച പന്തീഭോജനത്തിന്റെ ഭാഗമായി നടന്ന നമുക്കു ജാതിയില്ല എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തായിരുന്നു ബേബി ഇതു പറഞ്ഞത്. നീ അതു കഴിച്ചാല്‍ നിന്നെ കൊല്ലുമെന്ന് ആക്രോശിക്കുകയും നീ എന്തോ കഴിച്ചുവെന്നാരോപിച്ചു തല്ലിക്കൊല്ലുകയും ചെയ്യുന്ന കാലമാണിത്. .തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി മാറ്റിനിര്‍ത്തിയിരുന്നവരെ ചേര്‍ത്തു പന്തിഭോജനം നടത്തിയ സഹോദരന്‍ അയ്യപ്പന്‍ ഇന്നാണതു ചെയ്തിരുന്നതെങ്കില്‍ കല്‍ബുറഗിയുടെ അവസ്ഥയുണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു.
ബേബി അറിഞ്ഞോ എ്ന്നറിയില്ല. ബേബി പ്രസംഗിച്ച ഈ പരിപാടിയുടെ ആദ്യദിവസം അതിവിപുലമായ രീതിയില്‍ അക്കാദമി പന്തീഭോജനം സംഘടിപ്പിച്ചിരുന്നു. പച്ചക്കറി വിഭവങ്ങള്‍ക്കൊപ്പം മീനും ചിക്കനും പന്നിയും വിഭവങ്ങളായി ഉണ്ടായിരുന്നു. എന്നാല്‍ മീന്‍ കഴിഞ്ഞാല്‍ മലയാളി ഏറ്റവും ഇഷ്ടപ്പെടുന്ന ബീഫ് ഒഴിവാക്കുകയായിരുന്നു. ഇടതുപക്ഷ പ്രവര്‍ത്തകര്‍ തന്നെ നയിക്കുന്ന സ്ഥാപനമാണ് ഇതു ചെയ്തത് എന്നു മറക്കരുത്. യുപിയില്‍ ബീഫ് കഴിക്കാന്‍ പാടില്ലെന്നു മുഖ്യമന്ത്രി പരസ്യമായി പറയുമ്പോള്‍ ഇവിടെ തന്ത്രപരമായി അതൊഴിവാക്കി വിപ്ലവം പറയുന്നു. അല്ലാതെന്ത്? ഭൂതകാല മറവിക്കെതിരെയുള്ള പോരാട്ടമാണു പന്തിഭോജനം അനുസ്മരണം എന്ന ബേബിയുടെ വാക്കുകള്‍ അവിടെ അര്‍ത്ഥരഹിതമാകുന്നു.
കഴിഞ്ഞില്ല. 10 ദിവസത്തോളം നീണ്ടുനിന്ന നമുക്കു ജാതിയില്ല, പന്തീഭോജന പരിപാടിയില്‍ പ്രഭാഷണം നടത്തിയ മൂന്നുപേരെങ്കിലും പേരിനു പുറകില്‍ ജാതിവാല്‍ വെക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരായിരുന്നു. കാര്‍ത്തികേയന്‍ നായര്‍, കെ കെ എന്‍ കുറുപ്പ്, എന്‍ രാധാകൃഷ്ണന്‍ നായര്‍. ഇവരില്‍ രാധാകൃഷ്ണന്‍ നായര്‍ സംഗീത നാടക അക്കാദമി സെക്രട്ടറിയാണ്. ഗുരുവിനേയും സഹോദരനേയും അനുസ്മരിക്കാന്‍ എന്തവകാശമാണ് ഇവര്‍ക്കുള്ളത്? പന്തീഭോജനം കഴിഞ്ഞ് 100 വര്‍ഷം കഴിഞ്ഞു. ഹോട്ടലുകളില്‍ ഏറെക്കുറെ മിശ്രഭോജനം നടക്കുന്നുണ്ടെങ്കിലും അതിനിയും നടക്കാത്ത എത്രയോ വസതികള്‍ ഇപ്പോഴും കേരളത്തിലുണ്ട്. (സമ്പത്തും ജാതിയും പരസ്പരബന്ധിതമായതിനാല്‍ വന്‍കിട ഹോട്ടലുകളില്‍ ഫലത്തില്‍ ഇപ്പോഴുമത് നടക്കുന്നില്ല) സ്വാഭാവികമായും മിശ്രഭോജനത്തിന്റെ തുടര്‍ച്ച മിശ്രവിവാഹങ്ങളാണ്. ഏതാനും പ്രണയവിവാഹങ്ങളല്ലാതെ ഇപ്പോഴും മിശ്രവിവാഹങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ടോ? ആധുനിക കേരളത്തിന്റെ ശില്‍പ്പി എന്ന പട്ടം ലഭിച്ചിട്ടുള്ള ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ 4 മക്കളില്‍ ഒരാള്‍ പോലും അതിനു തയ്യാറായില്ല എന്നതു മാത്രം പോരെ നാമെവിടെ എന്നു വ്യക്തമാകാന്‍? കമ്യൂണിറ്റി മാട്രിമോണിയല്‍ പരസ്യങ്ങള്‍ പോലും തടയാന്‍ നമുക്കാവുന്നില്ല. പേരിനു പുറകിലെ ജാതിവാല്‍ മുറിച്ചുകളയാന്‍ എന്തേ പുരോഗമനവാദികള്‍ പോലും മടിക്കുന്നു? എന്തുകൊണ്ട് പേരിനു പുറകില്‍ സ്വന്തം ബ്ലഡ് ഗ്രൂപ്പ് വെക്കാന്‍ നമുക്കാവുന്നില്ല? ക്ഷേത്രപ്രവേശനവിളംബരത്തെ കുറിച്ച് ഊറ്റം കൊള്ളുമ്പോള്‍തന്നെ അതിന്റെ തുടര്‍ച്ച ഉണ്ടായോ? ഇപ്പോഴും അഹിന്ദുക്കള്‍ക്ക് അവിടെ പ്രവേശനമുണ്ടോ? ക്ഷേത്രത്തിലെ ആരാധനകളിലും ആചാരങ്ങളിലും കലാപ്രകടനങ്ങളിലും ഉത്സവനടത്തിപ്പുകളിലുമെല്ലാം സവര്‍ണ്ണ പുരുഷന്മാര്‍ക്കല്ലേ ഇന്നും ആധിപത്യം? സ്ത്രീകള്‍ക്ക് പ്രവേശനംപോലും നിഷേധിക്കുന്ന ആരാധനാലയങ്ങള്‍ ഇപ്പോഴുമില്ല? ഇത്തരമൊരു സാഹചര്യത്തില്‍ ബീഫൊഴിവാക്കി, ജാതിവാല്‍ വെച്ചവരെ കൊണ്ട് പ്രഭാഷണങ്ങള്‍ നടത്തി ഇത്തരമൊരു മാമാങ്കം എന്തിനാണ് അക്കാദമി സംഘടിപ്പിക്കുന്നതെന്നു മനസ്സലാകുന്നില്ല.
100 വര്‍ഷം മുമ്പ് സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തീഭോജനത്തില്‍ എല്ലാവരും ഭയത്തോടെയായിരുന്നു പങ്കെടുത്തത്. ദൈവകോപം ഭയന്ന് ഇതരജാതിക്കാര്‍ക്ക് കുടിവെള്ളം പോലും കൊടുക്കാതിരുന്ന കാലത്താണ്, അത്തരമൊരു സമൂഹ്യഘടനെയ സഹോദരന്‍ അയ്യപ്പന്‍ വെല്ലുവിളിച്ചത്. മുഖ്യമായും പങ്കെടുത്തത് ഈഴവരും പുലയരുമായിരുന്നു. ഭോജനമൊക്കെ ഭംഗിയായി നടന്നു. എന്നാല്‍ പിന്നീടായിരുന്നു അക്രമങ്ങള്‍ നടന്നത്. അയ്യപ്പന്റെ തലയില്‍ പുളിനീറിന്റെ കൂടും ചാണകവുമൊക്കെ എറിഞ്ഞു. പുലയനയ്യപ്പന്‍ എന്ന പേരും അദ്ദേഹത്തിനു വീണു. സമകാലിക അവസ്ഥക്കെതിരെ നടത്തിയ കലാപമായിരുന്നു അത്. അതിനോട് അല്‍പ്പമെങ്കിലും നീതി പുലര്‍ത്തണമെങ്കില്‍ ഇവിടെ ബീഫ് ഒഴിവാക്കരുതായിരുന്നു. എന്നാല്‍ സംഭവിച്ചത് അതാണ്. കേരളത്തിലെ നിരവധി ഹോട്ടലുകളിലും വീടുകളിലും ബീഫ് ഒഴിവാക്കികൊണ്ടിരിക്കുകയാണ് എന്നോര്‍ക്കണം. ഈയവസ്ഥയില്‍ അക്കാദമി നടത്തിയ പന്തിഭോജനം ഫലത്തില്‍ നല്ല ശാപ്പാടായി മാറുകയാണ്. നമുക്ക് ജാതിയില്ലാ പ്രഭാഷണങ്ങളാകട്ടെ ജാതിയുടെ പ്രഖ്യാപനവുമായി. കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞപോലെ വീടിനുപുറത്ത് മതേതരത്വത്തിന്റേയും ജാതിവിരുദ്ധതയുടേയും വീടിനകത്ത് മതചിന്തയുടേയും ജാതിചിന്തയുടേയും ചെരിപ്പിടുന്ന മലയാളിയുടെ കാപട്യമാണ് വ്യക്തമായത്. ഗുരുവിനേയും അയ്യപ്പനേയും അയ്യങ്കാളിയേയും വിടിയേയും മാത്രമല്ല മുക്കുത്തി കൊടുത്തു എന്ന കുറ്റത്തിന് രക്തസാക്ഷിയായ വേലായുധന്‍ പണിക്കരാശാന്‍, സ്വാതിതിരുന്നാളിനെ വിമര്‍ശിച്ചതിന് മുളകുപൊടി നിറച്ച ജയിലിലടക്കപ്പെട്ട അയ്യാ വൈകുണ്ഠന്‍, ഉടുപ്പിടാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിനു നേതൃത്വം കൊടുത്തതിനെ തുടര്‍ന്ന് എന്നന്നേക്കുമായി കാണാതായ ഗോപാലദാസ്, ശരീരത്തിനു കരം കൊടുക്കുന്ന സംവിധാനത്തിനെതിരെ പോരാടിയ വെളിയപറമ്പില്‍ നങ്ങേലി തുടങ്ങിയ അറിയപ്പെടാത്ത പോരാളികളേയും മറന്നാണ് നമ്മുടെ ഈ ശാപ്പാട്. ഭക്ഷണം സാഹസികത്തിനു പകരം അശ്ലീലമാകുന്നത് ഇങ്ങനെയാണ്. ബേബി പോലും അതു മനസ്സിലാക്കുന്നില്ല എന്നതാണ് ഖേദകരം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in