ബില്‍ഗേറ്റ്‌സിനെ വിസ്മയിപ്പിച്ച തൃശൂരിന്റെ ചിട്ടിമാഹാത്മ്യം
സര്ക്കാരിന്റെ നിഷേധാത്മക സമീപനത്തിനെതിരെ ചിട്ടി കമ്പനികള്‍ രംഗത്ത്. ചിട്ടികളെ തട്ടിപ്പുകാരായി കാണുന്നവരും കുറവല്ല. ഈ സാഹചര്യത്തില്‍ തൃശൂരിന്റെ ചിട്ടി പാരമ്പര്യത്തെ കുറിച്ച് ഒരവലോകനം സാംസ്‌കാരികനഗരത്തിന്റെ ചിട്ടിമാഹാത്മ്യം കണ്ട് വിസ്മയിച്ചവര്‍ നിരവധി. റിസര്‍വ്വ് ബാങ്കടക്കമുള്ള വന്‍കിട ബാങ്കുകള്‍ മാത്രമല്ല, സാക്ഷാല്‍ ബില്‍ഗേറ്റ്‌സും അതിലുള്‍പ്പെടും. വാസ്തവത്തില്‍ ഒരു സമാന്തര സമ്പദ് വ്യവസ്ഥ തന്നെയാണ് ചിട്ടി. ലാഭമല്ല, പരസ്പരസഹകരണമാണ് അതിന്റെ മുഖമുദ്ര. ചിട്ടിയുടെ ഉദ്ഭവവും അങ്ങനെതന്നെ. തൃശൂര്‍ നഗരശില്പിയായ ശക്തന്‍ തമ്പുരാന്‍, വാണിജ്യമേഖലയുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്കായി മുഖ്യമായും കൃസ്ത്യന്‍ വിഭാഗത്തില്‍പെട്ട കച്ചവടക്കാരെ […]
സര്ക്കാരിന്റെ നിഷേധാത്മക സമീപനത്തിനെതിരെ ചിട്ടി കമ്പനികള്‍ രംഗത്ത്. ചിട്ടികളെ തട്ടിപ്പുകാരായി കാണുന്നവരും കുറവല്ല. ഈ സാഹചര്യത്തില്‍ തൃശൂരിന്റെ ചിട്ടി പാരമ്പര്യത്തെ കുറിച്ച് ഒരവലോകനം
സാംസ്‌കാരികനഗരത്തിന്റെ ചിട്ടിമാഹാത്മ്യം കണ്ട് വിസ്മയിച്ചവര്‍ നിരവധി. റിസര്‍വ്വ് ബാങ്കടക്കമുള്ള വന്‍കിട ബാങ്കുകള്‍ മാത്രമല്ല, സാക്ഷാല്‍ ബില്‍ഗേറ്റ്‌സും അതിലുള്‍പ്പെടും.
വാസ്തവത്തില്‍ ഒരു സമാന്തര സമ്പദ് വ്യവസ്ഥ തന്നെയാണ് ചിട്ടി. ലാഭമല്ല, പരസ്പരസഹകരണമാണ് അതിന്റെ മുഖമുദ്ര. ചിട്ടിയുടെ ഉദ്ഭവവും അങ്ങനെതന്നെ. തൃശൂര്‍ നഗരശില്പിയായ ശക്തന്‍ തമ്പുരാന്‍, വാണിജ്യമേഖലയുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്കായി മുഖ്യമായും കൃസ്ത്യന്‍ വിഭാഗത്തില്‍പെട്ട കച്ചവടക്കാരെ കൊണ്ടുവന്ന ചരിത്രം ഏറെ പ്രസിദ്ധം. അങ്ങനെയാണ് പ്രശസ്തമായ അരിയങ്ങാടിയും നായരങ്ങാടിയുമൊക്കെ ഉണ്ടായത്. ഈ കച്ചവടക്കാരാണ് ചിട്ടിയെന്ന സാമ്പത്തികവിദഗ്ധര്‍ അത്ഭുതത്തോടെ കാണുന്ന ഈ സമാന്തര സാമ്പത്തിക സംവിധാനം രൂപപ്പെടുത്തിയത്. ആദ്യകാലത്ത് രാജാവ് കച്ചവടക്കാരെ ധാരാളം സഹായിച്ചു. പിന്നീട് സഹായം കറഞ്ഞുവന്നു. അപ്പോഴാണ് ചിട്ടിയുടെ ഉദ്ഭവം. ഒരു വ്യാപാരിയുടെ സാമ്പത്തിക പ്രതിസന്ധി എല്ലാവരുടേതുമാണെന്ന, മുതലാളിത്ത വ്യവസ്ഥിതിക്കു അന്യമായ ചിന്താഗതിയായിരുന്നു ചിട്ടിയുടെ ഉദ്ഭവത്തിനു കാരണമായത്. എല്ലാവരും മാസംതോറും തുല്ല്യമായ തുകയെടുക്കുകയും അത് ആവശ്യക്കാര്‍ക്ക് വായ്പയായി നല്‍കുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നുമല്ല ചിട്ടി. ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ ആദ്യകാലത്ത് നറുക്കെടുത്താണ് നല്‍കിയിരുന്നത്. പിന്നീടാണ് കുറി വിളിക്കല്‍ അഥവാ ചിട്ടി പിടിക്കല്‍ ആരംഭിച്ചത്. ചിട്ടി നടത്തി കൊണ്ടുപോകാനുള്ള ചെറിയ മിച്ചം മാത്രമാണ് ലാഭമായി ഉണ്ടായിരുന്നത്.
വ്യവസ്ഥാപിതമായ രീതിയില്‍ ഒരു ചിട്ടി കമ്പനി സ്ഥാപിതമായിട്ട് 200 വര്‍ഷം കഴിഞ്ഞതായാണ് കണക്ക്. മാര്‍ത്തമറിയം വലിയ പള്ളിയുമായി ബന്ധപ്പെട്ടാണ് ആദ്യചിട്ടി കമ്പനി സ്ഥാപിതമായത്. ഇന്നത് കേരളം മുഴുവന്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്നു. കേരളത്തില്‍ മൊത്തം 5000ത്തോളം കുറി കമ്പനികളുണ്ട്. അതില്‍ പകുതിയോളം തൃശൂര്‍ ജില്ലയില്‍ തന്നെ. കാല്‍ഭാഗത്തോളം തൃശൂര്‍ നഗരപരിസരത്തും. സംസ്ഥാനത്തുടനീളം നടക്കുന്ന ചങ്ങാതി കുറികളുടെ കൃത്യമായ കണക്കു ലഭ്യമല്ല. അവ ലക്ഷങ്ങള്‍ ഉണ്ടാകാം. ചിട്ടിയില്‍ ഇന്‍വസ്റ്റര്‍ ഇല്ല, ബോറോവറുമില്ല. ഇന്‍വെസ്റ്റര്‍ തന്നെ ബോറോവറാകാം, ബോറോവര്‍ തന്നെ പിന്നീട് ഇന്‍വെസ്റ്ററുമാകാം. അതുതന്നെ ഒരുപക്ഷെ അവയുടെ വളര്‍ച്ചയുടെ രഹസ്യം. ചിട്ടികമ്പനികളുടെ വളര്‍ച്ചയുടെ പ്രത്യേക ഘട്ടത്തിലാണ് കേരളത്തിലെ പ്രമുഖമായ നാലു ബാങ്കുകളില്‍ മൂന്നിന്റേയും ആസ്ഥാനം തൃശൂരായി മാറിയത്. പിന്നീട് സര്‍ക്കാരിന്റെ സ്വന്തം ചിട്ടികമ്പനിയായ കെ.എസ്.എഫ്.ഇയുടേയും.
ഏതൊരു സാമ്പത്തിക സംവിധാനവും ഇടക്കെങ്കിലും പ്രതിസന്ധി നേരിടുക സ്വാഭാവികം. എന്നാല്‍ 200 വര്‍ഷത്തെ ചരിത്രത്തില്‍ എടുത്തുപറയത്തക്ക പ്രതിസന്ധിയൊന്നും ചിട്ടികമ്പനികള്‍ അഭിമുഖീകരിച്ചിട്ടില്ല എന്നതാണ് വാസ്തവും. ഒരു മാനേജ്‌മെന്റിന്റെ കീഴിലുണ്ടായിരുന്ന നാലു കമ്പനികള്‍ ഒരിക്കല്‍ തകര്‍ന്നതുമാത്രമാണ് എടുത്തുപറയത്തക്ക സംഭവം. അതേസമയം 1975 മുതല്‍ നിരവധി ബുദ്ധിമുട്ടുകളാണ് തങ്ങള്‍ നേരിടുന്നതെന്ന ചിട്ടി നടത്തിപ്പുകാര്‍ പറയുന്നു. 75ല്‍ നിലവില്‍ വന്ന കേരള ചിട്ടി നിയമത്തിലെ പല വകുപ്പുകളും ചിട്ടി കമ്പനി നടത്തി കൊണ്ടുപോകാന്‍ കഴിയാത്ത രീതിയിലുള്ളതാണ്. ഉദാഹരണമായി ചിട്ടിയില്‍ ചേരുന്നവരുടെ പേരുവിവരം തുടങ്ങുന്നതിനുമുമ്പെ സര്‍ക്കാരിനെ അറിയിക്കുക, ചിട്ടി സലക്കു തുല്യമായ സംഖ്യ ട്രഷറിയില്‍ നിക്ഷേപിക്കുക, പരമാവധി 25000 രൂപയുടെ കുറിയെ നടത്താന്‍ പാടൂ, അതാകട്ടെ കമ്പനിയുടെ മൊത്തം ആസ്തിക്കു പകുതിക്കു താഴെ മാത്രമെ വരാന്‍ പാടൂ തുടങ്ങിയ വകുപ്പുകള്‍ പ്രായോഗികമല്ല. ഒരു ചട്ടികമ്പനിയുമായി അഭിപ്രായവ്യത്യാസമുണ്ടായ തൃശൂര്‍ക്കാരനായ അന്തരിച്ച എം.എല്‍.എയാണ് ഇത്രയും കടുത്ത നിയമത്തിനു പിന്നിലെന്ന വസ്തുത പരസ്യമായ രഹസ്യമാണ്. നിയമത്തിനെതിരായ നിയമയുദ്ധം അന്നേ ആരംഭിച്ചു. അതോടൊപ്പം ചിട്ടി കമ്പനികളുടെ ആസ്ഥാനം ബാംഗ്ലൂരായി. ബാംഗ്ലൂരിലെ ഏതെങ്കിലും അഡ്രസ്സ് വെച്ചു ഇവിടെ തന്നെ ചിട്ടി നടത്തുന്ന രീതി വ്യാപകമായി. ഇന്ന് ബാംഗ്ലൂര്‍ക്ക് ഐ.ടി മേഖലയില്‍ ജോലിക്കു പോകുന്നവരേക്കാള്‍ തിരക്കായിരുന്നു അന്നത്തെ ട്രെയിനുകളില്‍. ചിട്ടി പിടിക്കാന്‍ പോകുന്നവരുടെ തിരക്കായിരുന്നു അത്. പിന്നീട് കേന്ദ്ര ചിട്ടി നിയമം നിലവില്‍ വന്നു. കേരള ചിട്ടി നിയമത്തേക്കാള്‍ ഉദാരമാണ് കേന്ദ്രനിയമമെങ്കിലും അതിലെയും ചില വകുപ്പുകളോട് ചിട്ടി നടത്തിപ്പുകാര്‍ക്ക് എതിര്‍പ്പുണ്ട്. അങ്ങനെയാണ് കേന്ദ്രനിയമം നിലവിലില്ലാത്ത ഫരീദാബാദും കാശ്മീരും ചിട്ടി കമ്പനികളുടെ ആസ്ഥാനമായി മാറിയത്. അതേ സമയം കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ളത് കേന്ദ്ര നിയമമോ കേരള നിയമമോ എന്നത് സര്‍ക്കാരിനു പോലും അറിയില്ലത്രെ. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയില്‍ തുടരുന്നു.
ഇന്ന് ചിട്ടി കമ്പനികള്‍ വളച്ചയുടെ മറ്റൊരു ഘട്ടത്തിലാണ്. ലക്ഷങ്ങളുടെ നിരവധി ചിട്ടികള്‍ നടത്തുന്ന പല കമ്പനികളും മാസംതോറും കോടികളാണ് കൈകാര്യം ചെയ്യുന്നത്. മാസാമാസം കൊടുക്കുന്ന സമ്മാനങ്ങല്‍ പോലും ലക്ഷങ്ങളാണ്. ആധുനിക സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതാണ് ഇതിനു കാരണം. ലോകത്തെവിടെയിരുന്നും ചിട്ടിയില്‍ ചേരാനും ഏതു ബാങ്കുവഴിയും ചിട്ടിപണമടക്കാനും ഓണ്‍ലൈനില്‍ ചിട്ടി വിളിക്കാനുമുള്ള സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്നതാണ് ഈ വിജയത്തിന്റെ രഹസ്യം. അതുകൊണ്ടുതന്നെ പ്രവാസി മലയാളികള്‍ക്ക് ചിട്ടികള്‍ പ്രിയങ്കരമായിരിക്കുന്നു. പരമ്പരാഗതമായ പല കമ്പനികളും പഴയ ശൈലി തന്നെ തുടരുമ്പോള്‍ പുതിയ കമ്പനികള്‍ സ്വാഭാവികമായും നീങ്ങുന്നത് ആധുനിക ശൈലിയില്‍ തന്നെ. വന്‍തുകകളുടെ ഇടപാടുകള്‍ നടത്തുന്ന ഈ കമ്പനികള്‍ പൊളിഞ്ഞുപോകുമോ എന്ന ആശങ്ക ചിലരെങ്കിലും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സമീപകാലത്തെ ഒരു കോടതി വിധി ആ ആശങ്കക്ക് അടിസ്ഥാനമില്ലാതാക്കുന്നു എന്ന് കമ്പനിയുടമകള്‍ ചൂണ്ടികാട്ടുന്നു. ചിട്ടിയുടെ നടത്തിപ്പില്‍നിന്നുള്ള ലാഭത്തില്‍ നിന്നുമാത്രമേ സമ്മാനങ്ങള്‍ കൊടുക്കാവൂ എന്നതാണത്. ചിട്ടികള്‍ വന്‍തുകയുടേതാകുമ്പോള്‍ ലാഭത്തിലും വന്‍വര്‍ദ്ധനവുണ്ടാകുന്നു എന്നും അതില്‍നിന്നാണ് കൂടുതല്‍ സമ്മാനങ്ങള്‍ കൊടുക്കുന്നതെന്നും നടത്തിപ്പുകാര്‍ പറയുന്നു. മണിചെയിന്‍ തട്ടിപ്പു കമ്പനികളെ പോലുളള സ്ഥാപനങ്ങളല്ല തങ്ങളുടേതെന്നും തികച്ചു നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ചൂണ്ടികാട്ടുന്നു.
പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ആശ്രയിക്കുന്ന സംവിധാനമാണ് ചിട്ടി. മാസം തോറും കൃത്യമായി ചിട്ടി അടച്ചാല്‍ ഏതൊരു ബാങ്ക് വായ്പയേക്കാളും ലാഭകരം. കാരണം പലിശ എന്ന സംഭവം ഇവിടെയില്ല എന്നതുതന്നെ. (സമയത്ത് ചിട്ടിയടക്കാത്തവര്‍ക്ക് സ്വാഭാവികമായും ചെറിയ പലിശവരുമെന്നത് വേറെ കാര്യം) പലിശരഹിത ബാങ്കുകളെ കുറിച്ച് ലോകം മുഴുവന്‍ ഇന്നു ചര്‍ച്ച ചെയ്യുമ്പോള്‍ 200 വര്‍ഷം മുമ്പ് സാംസ്‌കാരികനഗരം അതിനു ചിട്ടിയിലൂടെ തുടക്കം കുറിച്ചുകഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ അത്ഭുതം തിരിച്ചറിഞ്ഞാണ് കുറികളിലെ ദുര്‍ബ്ബലരായ വരിക്കാരെ സഹായിക്കാമെന്ന നിര്‍ദ്ദേശവുമായി ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷന്‍ രംഗത്തുവന്നത്. എന്നാല്‍ തങ്ങളുടെ സ്വതന്ത്രമായ ഈ സംവിധാനത്തിലേക്ക് ബില്‍ഗേറ്റ്‌സിനെ പോലുള്ള ഒരാളെ അടുപ്പിക്കണ്ട എന്ന തീരുമാനത്തിലാണ് ചിട്ടി നടത്തിപ്പുകാര്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in