ബസ്തറിനു പറയാനുള്ളത്
പ്രശാന്ത് പ്രഭ ശാരംഗധരന്‍ അതിവിശാലമായ ദണ്ഡകാരണ്യ മേഖല ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. ഒഡീഷ, ബംഗാള്‍, ആന്ധ്ര, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ എട്ടു വലിയ സംസ്ഥാനങ്ങളിലായി ദണ്ഡകാരണ്യ മേഖല വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയിലെ ആദിവാസി മേഖലയെന്നറിയപ്പെടുന്ന ഈ പ്രദേശത്തെക്കുറിച്ച് അല്‍പ്പം വിശദീകരണം ആവശ്യമാണ്. പ്രാചീന കാലത്ത് സ്വന്തം ഗോത്ര റിപ്പബ്ലിക്കുകളുണ്ടായിരുന്ന, ഇപ്പോള്‍ ഏറ്റവും നിസ്വരായ ആദിമ ജനതകളുടെ ആവാസകേന്ദ്രമാണ് ഈ വനമേഖല. ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടില്‍, മൗര്യസാമ്രാജ്യ രൂപികരണകാലത്താണ് ഈ പ്രദേശം […]
പ്രശാന്ത് പ്രഭ ശാരംഗധരന്‍
അതിവിശാലമായ ദണ്ഡകാരണ്യ മേഖല ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. ഒഡീഷ, ബംഗാള്‍, ആന്ധ്ര, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ എട്ടു വലിയ സംസ്ഥാനങ്ങളിലായി ദണ്ഡകാരണ്യ മേഖല വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയിലെ ആദിവാസി മേഖലയെന്നറിയപ്പെടുന്ന ഈ പ്രദേശത്തെക്കുറിച്ച് അല്‍പ്പം വിശദീകരണം ആവശ്യമാണ്.
പ്രാചീന കാലത്ത് സ്വന്തം ഗോത്ര റിപ്പബ്ലിക്കുകളുണ്ടായിരുന്ന, ഇപ്പോള്‍ ഏറ്റവും നിസ്വരായ ആദിമ ജനതകളുടെ ആവാസകേന്ദ്രമാണ് ഈ വനമേഖല. ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടില്‍, മൗര്യസാമ്രാജ്യ രൂപികരണകാലത്താണ് ഈ പ്രദേശം നാടുവാഴിത്തത്തിന്‍ കീഴിലാവുന്നത്. രക്തരൂക്ഷിതമായ ഒരു സുദീര്‍ഘ പ്രക്രിയയായിരുന്നു അത്. ആദിമസമൂഹങ്ങള്‍ തകര്‍ക്കപ്പെട്ടു. ജനങ്ങള്‍ ചിന്നിച്ചിതറുകയും ഗോത്ര റിപബ്ലിക്കുകള്‍ നാമാവശേഷമാവുകയും ചെയ്തു. അത് അവരെ നിരാലംബരാക്കി.2,000 വര്‍ഷത്തോളമായി അവര്‍ ദിഖൂസിന്റെ അഥവാ വിദേശികളുടെ ആധിപത്യത്തിന്‍ കീഴിലാണ്. യജമാനന്മാര്‍ മാറിമാറി വന്നു.നാടുവാഴിത്തത്തിന്റെയും കോളനിവാഴ്ചയുടെയും കീഴില്‍ അവര്‍ അമര്‍ന്നു.ഭീകരമായ ചൂഷണത്തിനും അടിച്ചമര്‍ത്തലിനും വിധേയരായി.
ഇടയ്ക്കിടെ വമ്പിച്ച കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. കൊളോണിയല്‍ ഭരണത്തിനെതിരെ നടന്ന ശ്രദ്ധേയമായ പല കലാപങ്ങളും ഈ മേഖലയിലാണുണ്ടായത്.മുഖ്യധാര ചരിത്രകാരന്മാര്‍ മിക്കപ്പോഴും ഇത് മറച്ചുവയ്ക്കുകയാണ്.അതി പ്രാചീനമെങ്കിലും അവരുടെ മിക്ക ഭാഷകള്‍ക്കും ലിപിയില്ല.ലിപികളുള്ള അപൂര്‍വം ചില ഭാഷകള്‍ക്കു പോലും വേണ്ടത്ര ഔദ്യോഗിക പരിരക്ഷ ലഭിക്കുന്നില്ല. ഈ ഭാഷകളെ സ്വയം നശിച്ചുപോവാന്‍ അനുവദിക്കുകയെന്നതാണ് ഔദ്യോഗിക നയം. ജനസംഖ്യാകണക്കുകളില്‍ ‘പട്ടികവര്‍ഗം’ എന്നപേരില്‍ പ്രത്യക്ഷപ്പെടുന്ന ഇവരുടെ യഥാര്‍ഥ സംഖ്യ ഔദ്യോഗിക കണക്കുകളെക്കാള്‍ വളരെ കൂടുതലാണ്. 1947 നു ശേഷം വന്‍ കിട പദ്ധതികളുടെ പേരില്‍ ഏതാണ്ട് അഞ്ചുകോടി ആദിവാസികളെ കുടിയിറക്കി.കൊള്ളപ്പലിശക്കാരുടെയും ജന്മിമാരുടെയും അടിമകളാണിവര്‍.ഈ മേഖലയാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനകേന്ദ്രമായി മാറിയത്.മാവോയിസ്റ്റുകള്‍ക്കു സംസ്ഥാന അതിര്‍ത്തികളോ ഭാഷകളുടെ ബാഹുല്യമോ പ്രശ്‌നമായിരുന്നില്ല.
ദരിദ്രരുടെ വാസമേഖലയാണ് ദണ്ഡകാരണ്യം. പ്രകൃതിവിഭവങ്ങളില്‍ ഭൂമിയിലെ ഏറ്റവും സമ്പന്നമായ മേഖലയാണെങ്കിലും അസമത്വം നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. കല്‍ക്കരി, ഇരുമ്പ്, ബോക്‌സൈറ്റ് തുടങ്ങി അതീവ പ്രാധാന്യമുള്ള ധാതുക്കള്‍ ഇവിടെയുണ്ട്. ഇവിടത്തെ ഇരുമ്പയിര് ലോകത്തില്‍ വച്ചേറ്റവും വിശിഷ്ടമാണ്. ഇതിനുപുറമെ ചെമ്പും ക്രോമിയവും മാംഗനീസും നാകവും സ്വര്‍ണവും ഇവിടെയുണ്ട്. കൂടാതെ ചുണ്ണമ്പുകല്ല്, ഫോസ്‌ഫൈറ്റ് തുടങ്ങിയ അനേകം മറ്റു ധാതുവിഭവങ്ങളും ഇവിടെയുണ്ട്. ‘ചുവപ്പന്‍ ഇടനാഴി’ എന്ന് ഇപ്പോള്‍ വിളിക്കപ്പെടുന്ന പ്രദേശത്താണ് ഈ ധാതുനിക്ഷേപങ്ങള്‍ മുഖ്യമായും കാണപ്പെടുന്നത്. കൊളോണിയല്‍ ഭരണാധികാരികള്‍ അമൂല്യമായ ഈ ധാതുനിക്ഷേപം കണ്ടെത്തുകയും അതേത്തുടര്‍ന്ന് ദേശീയ, അന്തര്‍ദേശീയ കുത്തകകളുടെ വിഹാരഭൂമിയായി ഈ പ്രദേശം മാറുകയും ചെയ്തു.
അനിയന്ത്രിതമായി ധാതുസമ്പത്ത് കൊള്ളയടിക്കുന്നതിന് ഏക തടസ്സം ഇവിടുത്തെ ദരിദ്രജനവിഭാഗങ്ങളായിരുന്നു.അവരുടെ മണ്ണിലായിരുന്നു ഈ ധാതുനിക്ഷേപങ്ങള്‍ ഉണ്ടായിരുന്നത്. ഭരണവര്‍ഗ താല്‍പ്പര്യങ്ങള്‍ ഭാവിതലമുറകളേയും പാരിസ്ഥിതികമായ പ്രത്യാഘാതങ്ങളെയും പോലും പരിഗണിക്കാതെ ഈ അമൂല്യ സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടി ഇവരെ പുറന്തള്ളാന്‍ ശ്രമിച്ചുപോന്നു. ഏകപക്ഷീയമായ ഇത്തരം കുടിയൊഴിപ്പിക്കലുകളെ ഈ ജനത അത്ര വിജയകരമല്ലാതിരുന്നിട്ടും നേരിട്ടുപോന്നു. ഇത്തവണയും അതു സാധ്യമാവുമെന്നു ഭരണകൂടം കരുതി. എന്നാല്‍, മാവോയിസ്റ്റുകളുടെ സാന്നിധ്യം അതിനു വിഘാതമായി. അതുകൊണ്ടാണ് ‘ദേശീയ അഖണ്ഡത’യ്ക്കും ‘വികസന’ ത്തിനും ഏറ്റവും വലിയ ഭീക്ഷണി മാവോയിസ്റ്റുകളാണെന്ന് ഇന്ത്യന്‍ ഭരണകൂടം പ്രഖ്യാപിച്ചത്. പ്രശ്‌നത്തിനു സൈനിക പരിഹാരമാണ് പ്രധാനമായും ഉദ്ദേശിച്ചിരുന്നത്. ‘ദേശവിരുദ്ധ’, ‘വികസനവിരുദ്ധ’ ശക്തികള്‍ക്ക് പിന്തുണ നല്‍കരുതെന്ന് പൊതുജനങ്ങള്‍ക്ക് താക്കീത് നല്‍കി. ആദിവാസി ജനതയോട് അനുഭാവം കാട്ടുന്നവരെ നിശബ്ദരാക്കുമെന്ന ഭീക്ഷണിയുര്‍ന്നു.ആദിവാസിജനതയ്ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ.ബിനായക് സെന്‍ മുതല്‍ സോണി സോറി വരെയുള്ളവരുടെ അനുഭവം ഈ ഭീക്ഷണി യാഥാര്‍ഥ്യമാണെന്നു തെളിയിച്ചു. ഭീകരനിയമങ്ങള്‍ എത്ര വേണമെങ്കിലും നടപ്പാക്കുന്നതിനു ഭരണകൂടത്തിന് യാതൊരു മടിയുമില്ല. പൗരാവകാശ, മനുഷ്യാവകാശ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ഇപ്പോഴുള്ള നിയമങ്ങള്‍ തന്നെ അധികമാണ്. സജീവ പ്രവര്‍ത്തകരെ ‘ഏറ്റുമുട്ടലുകളി’ ലൂടെ വകവരുത്തുന്നതിനു യാതൊരു തടസ്സവുമില്ല. ചര്‍ച്ചകള്‍ക്ക് വിളിച്ച് കെണിയില്‍ പ്പെടുത്തി വധിച്ച ആസാദ് മുതല്‍ കിഷന്‍ ജി വരെയുള്ള മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ അനുഭവം ഇത് വ്യക്തമാക്കുന്നു.
ജനങ്ങളുടെ മുഴുവന്‍ സ്വത്തായ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനു വളരെ വളഞ്ഞ വഴികളാണ് സ്വീകരിക്കുന്നത്.ഉദാഹരണമായി ധാതുവിഭങ്ങളുടെ ഖനനത്തിനായി ഒഡീഷ സര്‍ക്കാര്‍ വന്‍ കിട കമ്പനികളുമായി 200 ലേറെ ധാരണാപത്രങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. അവയെല്ലാം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമ്പോള്‍ മാത്രമാണ് കുറച്ചെങ്കിലും വിവരങ്ങള്‍ പുറത്തുവരുന്നത്.ഇതിനുപുറമെ,മറ്റു നൂറുകണക്കിനു ഖനന കരാറുകളും ഈ മേഖലയില്‍ ഒപ്പുവച്ചിട്ടുണ്ട്.കുപ്രസിദ്ധരായ ആഗോള കുത്തകകളും ഇന്ത്യന്‍ കുത്തകളുമാണ് ഈ കരാറുകള്‍ ഒപ്പുവച്ചിട്ടുള്ളത്.ജനങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും പൊതുഖജനാവിലേക്കുള്ള വരുമാനവും വളരെ പരിമിതമാണ്.എന്നാല്‍,കുത്തകകള്‍ക്ക് വമ്പിച്ച ലാഭം നേടാന്‍ കഴിയുന്നുണ്ട്.രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ മേധാവികളും അതിന്റെ പങ്കുപറ്റുകയും ചെയ്യുന്നു.കുത്തകകള്‍ക്ക് നിര്‍ബാധം വിഹരിക്കാന്‍ കഴിയുംവിധം വിശാലമായ ഈ മേഖല ‘ശുദ്ധീകരിക്കുക ‘ എന്നതാണ് ഭരണകൂടത്തിന്റെ കടമ.ഈ ശുദ്ധീകരണത്തിനായി ജനങ്ങളെ കൊല്ലേണ്ടിവരും.ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഈ മേഖലയിലാണ് ഏറ്റവും വിപുലമായ തോതില്‍ ഭൂമി പിടിച്ചെടുക്കല്‍ നടക്കുന്നത്.മാവോയിസ്റ്റുകള്‍ അത് തടയുന്നു.ഗറില്ലാ പോരാട്ടങ്ങളിലൂടെ നേരിടുന്നതുകൊണ്ടാണ് മാവോയിസ്റ്റുകള്‍ക്ക് അതിനു കഴിയുന്നത്.
ഭരണകൂടം പോലീസ്, സൈനിക പിന്തുണയോടെ ആദിവാസികളെ നേരിടുന്നതിനു രൂപികരിച്ച സാല്‍ വാജൂദുമിനും കേന്ദ്രസര്‍ക്കാറിന്റെ അര്‍ധസൈനിക വിഭാഗങ്ങളും അതത് സംസ്ഥാനങ്ങളിലെ പോലീസ് സേനകളും ഈ ശുദ്ധീകരണപ്രക്രിയ നടപ്പാക്കാന്‍ കഴിയുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് വ്യോമസേന ഉള്‍പ്പെടെ ഇന്ത്യന്‍ പട്ടാളത്തെ നിയോഗിച്ചു ജനങ്ങള്‍ക്കെതിരെ യുദ്ധം നടത്തി 2016 നുള്ളില്‍ ശുദ്ധീകരിക്കാനാണു ഫാസിസ്റ്റ് മോഡിയുടെ തീരുമാനം.1950 കളില്‍ തെലങ്കാനയിലും 1970 കളില്‍ കല്‍ക്കത്തയിലും അതാണു ചെയ്തത്.ദണ്ഡകാരണ്യത്തില്‍ കരസേനയ്ക്കു പുറമേ വ്യോമ നാവിക സേനയെകൂടി രംഗത്തിറക്കി നടത്തുന്ന ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കുമെന്നതില്‍ സംശയമില്ല.
പിന്‍ കുറിപ്പ്: ആദിവാസികള്‍ തന്നെ മാവോയിസ്റ്റുകള്‍ക്ക് എതിരാണെന്നു വരുത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സേനകളുടെ ആഭിമുഖ്യത്തില്‍ ആദിവാസികളുടെ ഒരു കൂലിപ്പട്ടാളത്തെ സാല്‍ വാജൂദും എന്ന പേരില്‍ രൂപികരിച്ചത്.നിശ്ചിത മാസശമ്പളത്തിനു പുറമെ,ഗ്രാമങ്ങള്‍ കൊള്ളയടിക്കാനും ചുട്ടെരിക്കാനും യഥേഷ്ടം കൊലയും ബലാല്‍സംഗങ്ങളും നടത്താനും ഇവര്‍ക്ക് അനുമതി നല്‍കപ്പെട്ടു.സല്‍ വാജൂദുമില്‍ ചേരാന്‍ വിസമ്മതിച്ചവരെ ക്രൂരമായി പീഡിപ്പിച്ചു.നിരവധി ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയും സൈനിക ക്യാമ്പുകളിലേയ്ക്ക് അവരെ ആട്ടിത്തെളിക്കുകയും ചെയ്തു. ഇത്തരം നടപടികള്‍ പുതുമയില്ലെങ്കിലും ആദിവാസികളെ തന്നെ അതിനു നിയോഗിക്കുന്നത് ആദ്യമായിട്ടായിരുന്നു.ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടുകയോ അതില്‍ പങ്കാളികളാവാന്‍ വിസമ്മതിക്കുകയോ ചെയ്യുന്നവര്‍ മാവോയിസ്റ്റുകളായിരുന്നു.അവരെ അങ്ങനെ തന്നെ കൈകാര്യം ചെയ്യുകയും ചെയ്തു.ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാന്‍ ആദിവാസികള്‍ നിര്‍ബന്ധിതരായി.ഗറില്ലകളുടെയും സൈന്യത്തിന്റെയും വെടിയുണ്ടകള്‍ക്കിടയില്‍ ആദിവാസികള്‍ അകപ്പെട്ടുപോയിരിക്കുകയാണെന്നു മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു.മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയിലാണ് ദണ്ഡകാരണ്യത്തിലെ ഈ സാഹചര്യത്തെ അവതരിപ്പിക്കുന്നത്.യഥാര്‍ഥത്തില്‍ മാവോയിസ്റ്റുകളുടെയും ഭരണകൂടത്തിന്റെയും രണ്ടു അധികാരകേന്ദ്രങ്ങള്‍ അവിടെനിലനില്‍ക്കുന്നുണ്ട്.കുടിയൊഴിപ്പിച്ച് നിഷ്‌ക്രിയരാക്കാനുള്ള ശ്രമത്തിനിടെ ,കൂടുതല്‍ രാഷ്ട്രീയബോധമുള്ള ആദിവാസികള്‍ ഗറില്ലാ പോരാളികള്‍ക്കൊപ്പം നില്‍ക്കാന്‍ കാടുകളിലേയ്ക്ക് ഒളിച്ചോടും.അതുകൊണ്ട് ആദിവാസികള്‍ മാവോയിസ്റ്റുകള്‍ക്കും സൈന്യത്തിനുമിടയില്‍ നിസ്സഹായരായി അകപ്പെട്ടിരിക്കുകയാണെന്ന വാദത്തില്‍ കഴമ്പില്ല. സൈന്യം വിദ്യാലയങ്ങളും ആരോഗ്യകേന്ദ്രങ്ങളും കൈടക്കിയിരിക്കുന്നു.ഉപജീവനം തേടി എവിടെയെങ്കിലും പോവാന്‍ ആദിവാസികള്‍ക്ക് കഴിയുന്നില്ല.ഗറില്ലാ പോരാളികളെ ആദിവാസികളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ ഭരണകൂടം സ്വീകരിക്കുന്ന നടപടികള്‍ തന്നെയാണ് മാവോയിസ്റ്റുകളുടെ അംഗബലം വര്‍ധിപ്പിക്കുന്നത്…
Refers:-
Left to Right: Decline of Communism in India by T.G.Jacob ,
Bastar Solidartiy Network
India Resist
Walking with comrades..Arundhathi Roy..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in