ഫ്‌ളാറ്റ് പാര്‍പ്പിട പദ്ധതി : യാഥാര്‍ത്ഥ്യമെന്ത്?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

fff

സന്തോഷ് കുമാര്‍

പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കുന്ന ഫഌറ്റ് പാര്‍പ്പിട പദ്ധതി ഭവന – ഭൂരഹിതരെ വഞ്ചിക്കുന്നതാണ്. LIFE പദ്ധതിയുടെ മാതൃകയില്‍ 100 ഭൂരഹിത ഭവന രഹിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന തൃശൂര്‍ പൂളാക്കിലെ ഫ്‌ളാറ്റ് സമുച്ചയം തന്നെ ഉദാഹരണം. പൂളാക്കില്‍ നിര്‍മ്മാണത്തിലുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ ഒരു ഫ്‌ളാറ്റിന്റെ വിസ്തീര്‍ണ്ണം 350 സ്വകയര്‍ ഫീറ്റ് ആണ്. ഒരു ചെറിയ ഹാള്‍, ഒരു മുറി, ഇടുങ്ങിയ ഒരു അടുക്കള എന്നിവ മാത്രമാണ് ഇതിലുള്ളത്.ശരാശരി 5 അംഗങ്ങള്‍ ഉള്ള ഒരു കുടുംബം എങ്ങനെയാണ് ഇവിടെ കഴിയുന്നത് ? നിര്‍മ്മാണം പൂര്‍ത്തിയായ മുപ്പതോളം ഫ്‌ളാറ്റുകളില്‍ താമസക്കാര്‍ എത്തിയിട്ടുണ്ട്. 15 വര്‍ഷത്തേയ്ക്ക് കുടുംബങ്ങള്‍ക്ക് ഈ ഫ്‌ളാറ്റ് സ്വന്തമല്ല. 15 വര്‍ഷം കഴിഞ്ഞാലും ഇവര്‍ക്ക് ഈ ഫ്‌ളാറ്റ് വില്‍ക്കാനോ വാടകയ്ക്ക് കൊടുക്കാനോ സാധ്യമല്ല. അതായത് വാടയ്‌ക്കെന്ന പോലെ താമസിക്കാം എന്നതിനപ്പുറം ഈ ഫ്‌ളാറ്റിന് യാതൊരു ക്രയവിക്രയ മൂല്യവുമില്ല. ബഹുഭൂരിപക്ഷം മലയാളി കുടുംബങ്ങളും വ്യവസായത്തിനും, കച്ചവടം തുടങ്ങുന്നതിനും, മക്കളെ പഠിപ്പിക്കുന്നതിനും, വാഹനം വാങ്ങുന്നതിനും, മകളെ വിവാഹം കഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള തങ്ങളുടെ സാമ്പത്തിക അവശ്യം നിറവേറ്റാന്‍ വീടും വസ്തുവും ‘വിഭവം’ എന്ന നിലയില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനെയെല്ലാമാണ് ‘ഫ്‌ളാറ്റ് പദ്ധതി’ എന്ന് ഓമന പേരിട്ടിരിക്കുന്ന പുതുകോളനി പദ്ധതിയിലൂടെ നിഷേധിക്കുന്നത്.
തൃശൂര്‍ പൂളാക്ക്, വില്ലടം, സി. കെ മേനോന്റെ സാമ്പത്തിക സഹായത്താല്‍ തൃശൂര്‍ കോര്‍പറേഷന്‍ നിര്‍മ്മിച്ച് നല്‍കിയ ഫ്‌ളാറ്റ് പാര്‍പ്പിട പദ്ധതികളൊക്കെ തന്നെ കോളനികളായി മാറിയിരിക്കുന്നു. വില്ലടത്തേയും പൂളാക്കിലേയും ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കിച്ചിട്ട് 10 വര്‍ഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് പട്ടയമോ ഉടമസ്ഥതയോ ലഭിച്ചിട്ടില്ല. ഒരു മുറിയും ഒരു ചെറിയ ഹാളും ഇടുങ്ങിയ അടുക്കളയും മാത്രമുള്ള ഫ്‌ളാറ്റില്‍ അംഗങ്ങള്‍ക്ക് കിടക്കാന്‍ പോലും സ്ഥലമില്ല. മക്കളുടെ വിവാഹ സമയത്ത് കുടുംബങ്ങളില്‍ ഭൂരിഭാഗവും മുന്നോ നാലോമാസം വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയും വിവാഹത്തിന്റെ ചടങ്ങുകള്‍ മുഴുവന്‍ കഴിഞ്ഞ് തിരിച്ച് ഇവിടേയ്ക്ക് വരികയുമാണ് ചെയ്യുന്നത്. സ്ഥലപരിമിതി കൊണ്ടു തന്നെ കുടുംബങ്ങളില്‍ വിവാഹിതരാക്കുന്ന പുതുതലമുറ കുടുംബങ്ങള്‍ വാടയ്ക്ക് താമസം മാറ്റുകയാണ് പതിവ്. ഫ്‌ളാറ്റ് പദ്ധതി കൊണ്ട് കേരളത്തിലെ ഭൂരഹിതരും ഭവന രഹിതരും ഒരിക്കലും അവസാനിക്കില്ലെന്ന് മാത്രമല്ല സര്‍ക്കാര്‍ അവരെ ‘സൃഷ്ടിച്ചു കൊണ്ടേയിരിക്കുക’യാണ് ചെയ്യുന്നത്.
കേരളത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ 4,72000 കുടുംബങ്ങള്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കുവാനാണ് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയില്‍ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം ഫ്ാറ്റ് നിര്‍മ്മിക്കുന്നതിന് ബഡ്ജക്ടില്‍ പണം വകയിരുത്തുകയും ചെയ്തു. 350 സ്വകയര്‍ ഫീറ്റില്‍ നിര്‍മ്മിക്കുന്ന (400 സ്വകയര്‍ ഫീറ്റ് ആക്കുന്നതിന് ചര്‍ച്ച നടക്കുന്നു എന്ന് പറയുന്നു ) ഫ്‌ളാറ്റ് ഭൂരഹിതരും ഭവന രഹിതരുമായിട്ടുള്ളവര്‍ക്ക് നല്‍കുന്നതിനാണ് മുന്‍ഗണന. ചുരുക്കത്തില്‍ ആദിവാസികളും ദളിതരും ഉള്‍പ്പെടുന്ന ഭൂരഹിതര്‍ക്ക് 3 സെന്റ് ഭൂമി പോലും ഇനി ലഭിക്കില്ല. നീണ്ട മുപ്പത് വര്‍ഷക്കാലം ഭൂമിക്കു വേണ്ടി സമരം ചെയ്തിട്ടും കേരളത്തിലെ ഭൂരഹിതര്‍ക്ക് ഒരുതുണ്ട് ഭൂമി പോലും നല്‍കാതെ അവരെല്ലാം ഫഌറ്റ് / പാര്‍പ്പിട സമുച്ചയം എന്ന പുതുകോളനിയിലേക്ക് തള്ളിമാറ്റുക വഴി ഭൂരഹിതര്‍ക്ക് വിഭവാധികാരതത്തിനും സാമൂഹിക നീതിക്കും ഭൂമി എന്ന മര്‍മ്മപ്രധാനമായ ആവശ്യത്തില്‍ നിന്ന് സ്റ്റേറ്റ് ഗൂഢതന്ത്രത്തിലൂടെ രക്ഷപ്പെട്ടിരിക്കുന്നു. ടാറ്റ ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈവശം വെയ്ക്കുന്ന 5 ലക്ഷത്തിലധികം വരുന്ന തോട്ടം ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന ഡോ. രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ പറയുന്നതും അതിനെതിരെ പ്രക്ഷോഭം നടത്തുന്നതും കേരളത്തിലെ ഭൂരഹിതരാണ്. അവര്‍ക്ക് ഫഌറ്റ് കിട്ടി ഭൂരഹിതരല്ലാതെയായാല്‍ പിന്നെ എന്ത് ഭൂപ്രശ്‌നം ? ചുരുക്കത്തില്‍ സ്വകാര്യ കുത്തകളുടെയും കോര്‍പറേറ്റുകളുടെയും ഒരു സെന്റ് ഭൂമി പോലും സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരില്ല.
ടാറ്റ ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ അഞ്ച് ലക്ഷത്തിലധികം ഭൂമി കയ്യടക്കി വെച്ചിട്ടുണ്ടെന്നും ഇത് ഏറ്റെടുക്കണമെന്നും ആറോളം കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഹൈക്കോടതി വിധിയും സുപ്രീം കോടതി വിധിയും സര്‍ക്കാരിന്റെ മുന്പിലുണ്ട്. ‘ഭൂരഹിതര്‍ ഇല്ലാതാകുന്ന’തോട് കൂടി ഭൂമി ഏറ്റെടുക്കല്‍ എന്ന രാഷ്ട്രീയ ആവശ്യത്തില്‍ നിന്ന് രക്ഷപെടാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ചുരുക്കത്തില്‍ അടിസ്ഥാന ജനതയുടെ പരിതാപകരമായ സാമൂഹികാവസ്ഥ അതേപടി തുടരുകയും അധീശ്വത്വ സമൂഹങ്ങള്‍ക്ക് തങ്ങളുടെ അധികാരങ്ങള്‍ ഒരു കോട്ടവും തട്ടാതെ ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്യും . ജാതിയുടെ ഘടനാപരമായ അധികാര ബന്ധങ്ങളാല്‍ ഭൂമിയും വിഭവാധികാരങ്ങളും നഷ്ടപ്പെട്ട് സാമൂഹിക രാഷ്ട്രീയാധികാരത്തിന് പുറത്ത് നില്‍ക്കേണ്ടിവന്നവര്‍ അതിനെ മറികടക്കാന്‍ ഭൂ ഉടമസ്ഥതയും വിഭവങ്ങളുടെ തുല്യമായ പുനര്‍വിതരണവും ആവശ്യപ്പെടുമ്പോള്‍ അവരെ വീണ്ടും കോളനിവല്‍ക്കരിക്കുന്നത് ഈ ജനതയെ എക്കാലവും സാമൂഹിക രാഷ്ട്രീയ അധികാരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുക ജാതീയബോധമാണ് സര്‍ക്കാര്‍ ഫഌറ്റ്/പാര്‍പ്പിട സമുച്ചയ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply