ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മാതൃക കേരളമല്ല

കേരളത്തിന്റെ കൊട്ടിഘോഷിക്കുന്ന പ്രബുദ്ധതക്കു നേരെ കൊഞ്ഞനം കുത്തി കണ്ണൂരിലെ രാഷ്ട്രീയ കൊലകള്‍ തുടരുകയാണ്. പതിവുപോലെ രണ്ടോ മൂന്നോ ദിവസത്തെ ചര്‍ച്ചകള്‍. പിന്നെ കുറച്ചുദിവസം എല്ലാം പതിവുപോലെ. ഏതെങ്കിലുമൊരു ദിവസം വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത വരും. ഇതിങ്ങനെ വര്‍ഷങ്ങളായി ആവര്‍ത്തിക്കുകയാണ്. പതിവുപോലെ ഇരുപക്ഷത്തുമുള്ള ന്യായീകരണത്തൊഴിലാളികള്‍ രംഗത്തിറങ്ങും. തങ്ങള്‍ നടത്തുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണെന്ന് ഇരുകൂട്ടരും അവകാശപ്പെടും. സത്യമെന്താണ്? കൊലകള്‍ക്കെങ്ങിനെയാണ് രാഷ്ട്രീയമാകാന്‍ കഴിയുക? ഫാസിസ്റ്റ് വിരുദ്ധമാകാന്‍ കഴിയുക? കൊലകളെല്ലാം അരാഷ്ട്രീയമാണ്. അവയെല്ലാം സഹായിക്കുക ഫാസിസത്തെതന്നെയാണ്. കണ്ണൂരിലെ കുടിപ്പക രാഷ്ട്രീയത്തിന് പതിറ്റാണ്ടുകളുടെ […]

kk

കേരളത്തിന്റെ കൊട്ടിഘോഷിക്കുന്ന പ്രബുദ്ധതക്കു നേരെ കൊഞ്ഞനം കുത്തി കണ്ണൂരിലെ രാഷ്ട്രീയ കൊലകള്‍ തുടരുകയാണ്. പതിവുപോലെ രണ്ടോ മൂന്നോ ദിവസത്തെ ചര്‍ച്ചകള്‍. പിന്നെ കുറച്ചുദിവസം എല്ലാം പതിവുപോലെ. ഏതെങ്കിലുമൊരു ദിവസം വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത വരും. ഇതിങ്ങനെ വര്‍ഷങ്ങളായി ആവര്‍ത്തിക്കുകയാണ്. പതിവുപോലെ ഇരുപക്ഷത്തുമുള്ള ന്യായീകരണത്തൊഴിലാളികള്‍ രംഗത്തിറങ്ങും. തങ്ങള്‍ നടത്തുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണെന്ന് ഇരുകൂട്ടരും അവകാശപ്പെടും. സത്യമെന്താണ്? കൊലകള്‍ക്കെങ്ങിനെയാണ് രാഷ്ട്രീയമാകാന്‍ കഴിയുക? ഫാസിസ്റ്റ് വിരുദ്ധമാകാന്‍ കഴിയുക? കൊലകളെല്ലാം അരാഷ്ട്രീയമാണ്. അവയെല്ലാം സഹായിക്കുക ഫാസിസത്തെതന്നെയാണ്.
കണ്ണൂരിലെ കുടിപ്പക രാഷ്ട്രീയത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്നു എല്ലാവര്‍ക്കുമറിയാം. ഒരു കൊലയും പകരം വീട്ടാതെ വിടുന്ന ചരിത്രമില്ല. ദശകങ്ങള്‍ കാത്തിരുന്നാലും പകരം വീട്ടിയിരിക്കും. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതുപോലുമല്ല. ഒരു കൊല നടന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പകരം വീട്ടുന്ന അവസ്ഥയിലെത്തിയിരിക്കുന്നു കണ്ണൂര്‍. കണക്ക് ബാക്കിവച്ചാല്‍ പാര്‍ട്ടി തളര്‍ന്നതായി ജനം കരുതുമോ എന്നായിരിക്കാം ഇരുകൂട്ടരും കരുതുന്നത്. പലപ്പോഴും കൊല്ലപ്പെടുന്നത് സജീവപ്രവര്‍ത്തകരാകില്ല, അനുഭാവികളായിരിക്കും. രണ്ടു വര്‍ഷം മുന്‍പ് പയ്യന്നൂരില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട് മണിക്കൂര്‍ തികയുന്നതിനു മുന്‍പ് ബി.ജെ.പി. പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ രാമചന്ദ്രനെ കൊലപ്പെടുത്തിയിരുന്നു. തില്ലങ്കേരിയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ജിജോയ്ക്ക് നേരെയുണ്ടായ ബോംബറിനുള്ള പ്രതികാരമായി ഇരിട്ടിയില്‍ വിനീഷ് കൊല്ലപ്പെട്ടു. ഇപ്പോഴും സംഭവിച്ചത് സമാനസംഭവം തന്നെ. രാത്രി ഒന്‍പതേകാലിനാണു സിപിഎം പ്രവര്‍ത്തകനായിരുന്ന ബാബു കണ്ണിപ്പൊയിലിനു വെട്ടേറ്റത്. കൊലപാതക വിവരം പുറത്തു വന്നു മുക്കാല്‍ മണിക്കൂര്‍ തികയും മുന്‍പ് ബിജെപി അനുഭാവിയായ ഷമേജിനു വെട്ടേറ്റു. സാങ്കേതികമായി ആദ്യകൊല നടന്നത് പുതുശ്ശേരിയിലെ മാഹിയിലാണ്. എന്നാല്‍ കണ്ണൂര്‍ രാഷ്ട്രീയത്തിന്റഎഭാഗം തന്നെയാണിതെന്നു വ്യക്തം. ഇത്തരം സംഭവങ്ങളെ സ്വാഭാവിക പ്രതികരണം എന്നാണ് പലരും ന്യായീകരിക്കുന്നത്. സത്യമെന്താണഅ? ഏതു നിമിഷവും കൊല നടത്താന്‍ ഇരുകൂട്ടരും സജ്ജരാണ് എന്നതുതന്നെ. കാലം കഴിയുന്തോറും, എത്ര സമാധാന ചര്‍ച്ചകള്‍ നടന്നാലും കണ്ണൂരിലെ കൊലപാതകസംഘകള്‍ കൂടുതല്‍ ശക്തരാകുകയാണെന്നു സാരം. കൊല ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും പലപ്പോഴും അയല്‍പക്കക്കാരും പരിചയക്കാരുമൊക്കെയാണെന്നതാണ് മറ്റൊന്ന്. കക്ഷിരാഷ്ട്രീയതിമിരം ബാധിച്ച കണ്ണുകള്‍ക്ക് അതുപോലും കാണാനാവുന്നില്ല.
കണ്ണൂരിലെ കൊലപാതകപരമ്പരകളില്‍ സിപിഎമ്മും ബിജെപിയും മാത്രമല്ല ഉള്ളത്. ഇടക്കാലത്ത് കോണ്‍ഗ്രസ്സും സിപിഎമ്മുമായി ഒരുപാട് സംഘട്ടനങ്ങളുണ്ടായി. അപൂര്‍വ്വമായിട്ടാണെങ്കിലും മറ്റുചില പാര്‍ട്ടികളും അക്രമത്തിലേര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രധാനമായും ഇരുപക്ഷത്തുമുള്ളത് സിപിഎമ്മും ബിജെപിയും തന്നെ. ഇവിടെ ആദ്യം അക്രമിച്ചതാര്, കൊല്ലപ്പെട്ടതാര് എന്ന ചോദ്യത്തിനു വലിയ പ്രസക്തിയില്ല. കാരണം അതു മാറി മാറി വരും. പരസ്പരം കൊന്നവരുടെ പേരെഴുതി സ്‌കോര്‍ ബോര്‍ഡ് വെച്ച സംഭവവും വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ണൂരിലുണ്ടായിട്ടുണ്ട്. പ്രത്യകിച്ച് തലശ്ശേരിയില്‍. സംസ്ഥാനത്ത് പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനില്‍ക്കുകയും അവയുടെ എണ്ണം പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്യുന്ന പാര്‍ട്ടികളുടെ നാടാണിത്. അവിടങ്ങളില്‍ മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങള്‍ പൂര്‍ണ്ണമായും തടയപ്പെടുന്നു. ഇലയനങ്ങണമെങ്കില്‍ അതാത് പാര്‍ട്ടിയുടെ അനുമതി വേണം. ഇങ്ങനെയൊക്കെയായിട്ടും എതിരാളികളെ ഇല്ലാതാക്കാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല തലേദിവസം വരെ എതിരാളികളായിരുന്നവര്‍ പിറ്റേന്നു പാര്‍ട്ടി മാറുന്ന കാഴ്ചയും ഇടക്കിടക്ക് ആവര്‍ത്തിക്കുന്നു. ഇത്രവ്യത്യാസമേ ഇവര്‍ തമ്മിലുള്ളു എന്നോര്‍ത്ത് ആരും മൂക്കത്തുവിരല്‍വെച്ചുപോകും. മറ്റൊന്നു കൂടി. ഇരുഭാഗത്തുമുള്ള നേതാക്കള്‍ അക്രമിക്കപ്പെട്ടപ്പോഴാണ് കുറച്ചുകാലം സമാധാനമുണ്ടായത്.
ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. കണ്ണൂര്‍ അശാന്തമാക്കിയതില്‍ ഇരുകൂട്ടര്‍ക്കും തുല്ല്യ ഉത്തരവാദിത്തമുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിയാണ് അത് കൂടുതല്‍ ആഗ്രഹിക്കുന്നത് എന്നതാണത്. രാജ്യം മുഴുവന്‍ അക്രമമഴിച്ചുവിടാനുള്ള ഫാസിസ്റ്റ് നീക്കങ്ങള്‍ ശക്തമാകുന്ന കാലഘട്ടമാണിത്. ശക്തിയില്‍ മൂന്നാമതായിട്ടും കേരളത്തിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത അവര്‍ ശ്രമിക്കുന്നത് അക്രമങ്ങളിലൂടെയുള്ള ധ്രുവീകരണമാണ്. എന്നാല്‍ പ്രകടമായൊരു വ്യത്യാസം നമുക്ക് കാണാന്‍ കഴിയും. മിക്കവാറും സംസ്ഥാനങ്ങളില്‍ ബിജെപി രാഷ്ട്രീയത്തേയും അക്രമങ്ങളേയും ജനാധിപത്യരീതികളിലാണ് മറ്റു പ്രസ്ഥാനങ്ങള്‍ പ്രതിരോധിക്കുന്നത്. തമിഴ് നാട്, കര്‍ണ്ണാടകം, യുപി, ബീഹാര്‍, ഡെല്‍ഹി, പഞ്ചാബ് തുടങ്ങി മിക്കവാറും സംസ്ഥാനങ്ങളിലെ രാഷ്ട്രീയമെടുത്തു പരിശോധിച്ചാല്‍ അതു പ്രകടമാണ്. അടുത്തകാലത്ത് ബംഗാൡ തന്റെ മകനെ വധിച്ചതിനെ തുടര്‍ന്ന് അക്രമത്തിനു തയ്യാറായവരോട് പിന്തിരിയാന്‍ ഇമാം നിര്‍ബന്ധിച്ച വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നല്ലോ. സംഘപരിവാറിനെതിരായ പോരാട്ടങ്ങളിലൂടെ സമീപകാലത്തുയര്‍ന്നു വന്ന ജിഗ്നേഷ് മേവാനി, ചന്ദ്രശേഖര്‍ രാവണഅ#, പ്രകാശ് രാജ് തുടങ്ങിയ ആരും തന്നെ അക്രമത്തിനു ആഹ്വാനം നല്‍കുന്നില്ല. കോണ്‍ഗ്രസ്സ്, ആം ആദ്മി, എസ് പി, ബി എസ് പി, ഡി എം കെ, അണ്ണാ ഡി എം കെ തുടങ്ങിയ പാര്‍ട്ടികളൊന്നും ആ വഴി സ്വീകരിക്കുന്നില്ല. ബംഗാളിലെ തൃണമൂലാണ് ഒരുപക്ഷെ അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും മോശം കേരളമാണ്. ജനാധിതപത്യസംവിധാനത്തിലൂടെ അധികാരത്തിലെത്തി ഇന്ത്യ ഭരിക്കുന്ന ഒരു പ്രസ്ഥാനം മുഴുവന്‍ ജനാധിപത്യ ംസവിധാനങ്ങളേയും വെല്ലുവിളിച്ച് അറുകൊലക്കിറങ്ങുമ്പോള്‍ അതേ ശൈലിയില്‍ തന്നെ തിരിച്ചടിക്കുകയാണോ ജനാധിപത്യം അംഗീകരിക്കുന്നവര്‍ ചെയ്യേണ്ടത്. ബിജെപിയെ പോലെ സിപിഎമ്മും ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെ കേരളത്തില്‍ അധികാരത്തിലെത്തിയവരാണ്. അവരുടെ പ്രിയനേതാവാണ് ആഭ്യന്തരമടക്കം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി. എന്നിട്ടും ഒരു കൊല നടന്നാല്‍ നിയമനടപടികള്‍ക്കു മുതിരാതെ വരമ്പത്തുതന്നെ കൂലി കൊടുക്കുന്ന ഈ ശൈലിയെ എങ്ങനെയാണ് ന്യായീകരിക്കാനാവുക? ഇരു കൂട്ടരും ജനാധിപത്യസംവിധാനത്തെ അംഗീകരിക്കുന്നില്ല എന്നതു തന്നെയാണ് വാസ്തവം. ഇതിനെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമായാണ് വ്യാഖ്യാനിക്കുന്നത്. സ്റ്റാലിന്‍ ഹിറ്റലറെ നേരിട്ടതൊക്കെയാണ് ഉദാഹരണമായി കൊണ്ടുവരുന്നത്. മാത്രമല്ല കൊലപാതകങ്ങളെ വിമര്‍ശിക്കുന്നവരെയെല്ലാം സംഘികളായി മുദ്രയടിക്കുന്നു. ഷുഹൈബ്, ഷുക്കൂര്‍, ടി പി ചന്ദ്രശേഖരന്‍ തുടങ്ങിയവരെയെല്ലാം കൊല ചെയ്തത് ഏതു ഫാസിസ്റ്റ് വരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണെന്നു മനസ്സിലാകുന്നില്ല. മിക്കപ്പോഴും രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ ഒരു ഭാഗത്ത് സിപിഎം ആണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സച്ചിദാനന്ദന്‍ പറഞ്ഞപോലെ ഏതു കൊലയും ആരു നടത്തിയാലും സഹായിക്കുക ഫാസിസ്റ്റുകളെയാണ്. ബിജെപി ആഗ്രഹിക്കുന്നതെന്തോ അതാണ് സിപിഎം ചെയ്തു കൊടുക്കുന്നത്. ഇതേസമയത്തുതന്നെ ബംഗാളില്‍ ഇരു കൂട്ടരും ഐക്യപ്പെട്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന വാര്‍ത്തയും വരുന്നത് യാദൃച്ഛികമാകാം.
തീര്‍ച്ചയായും ഫാസിസ്റ്റുകളെ എതിര്‍ക്കണം. ഇറ്റലിയിലും ജര്‍മ്മനിയിലുമെല്ലാം ലോകം കണ്ട ക്ലാസ്സിക്കല്‍ ഫാസിസത്തേക്കാള്‍ ശക്തമാണ് ഇന്ത്യയിലെ സവര്‍ണ്ണ ഫാസിസമെന്നതില്‍ സംശയമില്ല. 2019ലെ തെരഞ്ഞെടുപ്പില്‍ അവരെ തറപറ്റിക്കുക, അങ്ങനെ അവരുടെ സവര്‍ണ്ണ ഹിന്ദു രാഷ്ട്ര സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കുക, അതിനായി ഓരോ സംസ്ഥാനത്തും അനുയോജ്യമായ സഖ്യങ്ങള്‍ക്കു രൂപം കൊടുക്കുക എന്നതാണ് ജനാധിപത്യവിശ്വാസികളുടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേ.ും അടിയന്തിരകടമ. എന്നാല്‍ ബിജെപിയെ മുഖ്യരാഷ്ട്രീയ ശത്രവായി കാണാന്‍ പോലും കേരളത്തിലെ സിപിഎം മടിക്കുന്നു. ബംഗാളിലാകട്ടെ അവരുമായി ഐക്യപ്പെടുന്നു. ശക്തി കുറവാണെങ്കിലും മറ്റു സംസ്ഥാനങ്ങളിലും അത്തരമൊരു സമീപനം സ്വീകരിക്കുന്നില്ല. എന്നിട്ടാണ് തങ്ങള്‍ ഈ നടത്തുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണെന്നും അതിനെ പിന്തുണക്കാത്തവര്‍ സംഘികളാണെന്നും ആരോപിക്കുന്നതെന്നതാണ് തമാശ. എന്തുതന്നെയായാലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മാതൃക കേരളമല്ല എന്നതില്‍ സംശയമില്ല. അതിന്റെ മാര്‍ഗ്ഗം ആയുധങ്ങളുടേതുമല്ല. ജനാധിപത്യത്തിന്റേതാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply