ഫാക്ടിന്റെ ഭാവി
സി ആര്‍ നീലകണ്ഠന്‍ കേരളത്തിന്റെ അടിസ്ഥാന വ്യവസായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്നു പറയാവുന്ന ഒന്നാണ് കൊച്ചിക്കടുത്ത് ഉദ്യോഗ് മണ്ഡലിലെ ഫാക്ട് – ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ എന്ന സ്ഥാപനം. 1943 -ല്‍ നിര്‍മിച്ച് 1947 ല്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് ഇതിന്റെ അടിസ്ഥാനകേന്ദ്രം. പ്രതിവര്‍ഷം 10000 മെട്രിക് ടണ്‍ അമോണിയം സള്‍ഫേറ്റ് എന്ന നൈട്രജന്‍ അധിഷ്ഠിത രാസവളം ഉല്‍പാദിപ്പിച്ചുകൊണ്ടാണ് തുടക്കം. 1960 ആഗസ്റ്റ് 15ന് കേരള സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുത്ത് 1962-ല്‍ അതിന്റെ പ്രധാന ഭാഗം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങി. […]
സി ആര്‍ നീലകണ്ഠന്‍
കേരളത്തിന്റെ അടിസ്ഥാന വ്യവസായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്നു പറയാവുന്ന ഒന്നാണ് കൊച്ചിക്കടുത്ത് ഉദ്യോഗ് മണ്ഡലിലെ ഫാക്ട് – ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ എന്ന സ്ഥാപനം. 1943 -ല്‍ നിര്‍മിച്ച് 1947 ല്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് ഇതിന്റെ അടിസ്ഥാനകേന്ദ്രം. പ്രതിവര്‍ഷം 10000 മെട്രിക് ടണ്‍ അമോണിയം സള്‍ഫേറ്റ് എന്ന നൈട്രജന്‍ അധിഷ്ഠിത രാസവളം ഉല്‍പാദിപ്പിച്ചുകൊണ്ടാണ് തുടക്കം. 1960 ആഗസ്റ്റ് 15ന് കേരള സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുത്ത് 1962-ല്‍ അതിന്റെ പ്രധാന ഭാഗം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങി. രാസവളാധിഷ്ഠിത കൃഷിയുടെ (ഹരിത വിപ്ലവത്തിന്റെ പ്രചാരകനായിരുന്നുവല്ലോ സര്‍ക്കാരുകള്‍ അന്ന്). കേവലം ഉല്‍പ്പാദന മേഖലക്കപ്പുറം രാസവ്യവസായങ്ങളുടെ സാങ്കേതിക വിദ്യകള്‍ നല്‍കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഫെഡോ 1965-ല്‍ സ്ഥാപിക്കപ്പെട്ടു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പല കമ്പനികള്‍ക്കും അടിസ്ഥാന രൂപ രേഖകള്‍ തയ്യാറാക്കി അതിന്റെ നിര്‍മാണമേല്‍നോട്ടം വരെ നടത്താന്‍ ശേഷിയുള്ള സ്ഥാപനമായി വളര്‍ന്നു ഫെഡോ. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന്റെ ഭാഗമായുള്ള വന്‍ യന്ത്രസാമഗ്രികളും ടാങ്കുകളും പ്രഷര്‍ പൈപ്പുകളും മറ്റും ഉണ്ടാക്കുന്ന മറ്റൊരു കമ്പനി (എഇഡബ്‌ളിയു) 1965-ല്‍ സ്ഥാപിച്ചു.
ഫാക്ടിന്റെ രണ്ടാമത്തെ പ്രധാന ഉല്‍പ്പന്ന യൂണിറ്റായ അമ്പലമേട്ടിലെ കൊച്ചി ഡിവിഷന്‍ 1973 ലാണ് സ്ഥാപിതമായത്. യൂറിയ, സള്‍ഫ്യൂരിക്കാസിഡ്, ഫോസ്‌ഫോറിക് ആസിഡ്, എന്‍പികെ മുതലാവയാണ് കൊച്ചി ഡിവിഷനിലെ ഉല്‍പാദനം. ഉദ്യോഗമണ്ഡല്‍ ഡിവിഷനില്‍ 12 മെഗാവാട്ട് ശേഷിയുള്ള ഒരു ആഭ്യന്തര താപനിലയവും സ്ഥാപിച്ചു. ഫാക്ടം ഫോസ് എന്ന വളം ഫാക്ടിന്റെ പ്രധാന ബ്രാന്റാണ്. അമോണിയം ഫോസ്‌ഫേറ്റ് 40 ശതമാനവും അമോണിയം സള്‍ഫേറ്റ് 60 ശതമാനവും ചേര്‍ന്നതാണിത്. 1.8 ലക്ഷം ടണ്‍ അമോണിയം സള്‍ഫേറ്റും വരെ ഉല്‍പാദിപ്പിക്കപ്പെട്ടിരുന്നു. 1990-ല്‍ പുതുതായി കാപ്രോലാക്ടം യൂണിറ്റ് ആരംഭിച്ചതാണ് ഫാക്ടിന്റെ തകര്‍ച്ചയുടെ തുടക്കമായതെന്നു പറഞ്ഞാല്‍ അതു തെറ്റല്ല. പ്രതി വര്‍ഷം 50,000 മെട്രിക് ടണ്‍ ആണ് ഉല്‍പാദനശേഷി. ഒപ്പം 900 ടണ്‍ പ്രതിദിനം അമോണിയം ഉല്‍പാദനവും നടത്താം. ഇവ രണ്ടിനും ചേര്‍ന്നു മുടക്കിയത് 638 കോടി.
സാങ്കേതികമായും മാനേജുമെന്റ് രംഗത്തും താരതമ്യേന കാര്യക്ഷമമായി നടന്നുവന്ന ഒരു പൊതു മേഖലാ സ്ഥാപനമാണിത്. അയ്യായിരത്തിലധികം പേര്‍ക്ക് വിവിധ ജീവനോപാധികള്‍ ആ കമ്പനി നല്‍കുന്നുമുണ്ട്. ഹരിത വിപ്ലവത്തിന്റെ പതാകവാഹകരായി ഫാക്ട് മാറി. അതിലവരെ കുറ്റപ്പെടുത്താനാവില്ല. അതിനായിരുന്നു അന്നത്തെ സര്‍ക്കാര്‍ കമ്പനിയുടെ മേലുള്ള സമ്മര്‍ദ്ദം. ‘ശാസ്ത്രീയത’ എന്നാലിതാണെന്ന ‘അന്ധവിശ്വാസ’ വും ശക്തമായിരുന്നു.
പൊതുമേഖലയും പൊതു ആസ്തികളുമെല്ലാം ‘വ്യാപാരമൂല്യ’ മുള്ളവയാമെന്നു കണ്ടെത്തിയ 1990 കളോടെയാണ് ഫാക്ടിന്റെ തകര്‍ച്ച ആരംഭിക്കുന്നത്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഫാക്ടിന്റെ വളം പോലും വേണ്ടത്ര വില്‍ക്കാന്‍ കഴിയാതായി. കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കിയ ഉദാരീകരണ നയങ്ങളും അന്താരാഷ്ട്ര വ്യാപാര കരാറുകളുമെല്ലാം കര്‍ഷകര്‍ക്ക് വന്‍ കട ബാധ്യത വരുത്തിവച്ചു. ലക്ഷക്കണക്കിനു കര്‍ഷകര്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്തു.
രാസവള വ്യവസായമെന്നത് സര്‍ക്കാരിന്റെ സബ്‌സിഡിയെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന ഒന്നാണ്. ഹരിത വിപ്ലവ വ്യാപനത്തിനായി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വളരെയേറെ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നു. ഭക്ഷ്യ സ്വയം പര്യാപ്തതയായിരുന്നു പ്രഖ്യാപിച്ച ലക്ഷ്യം. സബ്‌സിഡി പണമല്ല. രാസവളം, കീടനാശിനി അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍, ട്രാക്ടര്‍, ടില്ലര്‍ തുടങ്ങിയവയാണ് കുറഞ്ഞ നിരക്കില്‍ നല്‍കിയിരുന്നത്. രാസവളങ്ങളുടെ കമ്പോള വില സര്‍ക്കാര്‍ നിശ്ചയിക്കുന്നു. കമ്പനികള്‍ ആ വിലക്ക് കര്‍ഷകര്‍ക്ക് വളം നല്‍കണം. വിതരണവും കമ്പനികളുടെ കടമയാണ്. ഉല്‍പാദന ചിലവിനേക്കാള്‍ കുറവായിരിക്കും ഈ വില. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കുന്നു. രാജ്യത്തെ നിരവധി വന്‍കിട രാസവളക്കമ്പനികള്‍ (സിന്‍ദി മുതലുള്ളവ) വളര്‍ന്നതിങ്ങനെയാണ് . എന്നാല്‍ സബ്‌സിഡി കുറയുകയും വിവിധ കാരണങ്ങളാല്‍ കമ്പനികളുടെ ഉല്‍പാദന ചിലവ് കൂടുകയും ചെയ്തതോടെ കമ്പനികളുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായി.
മറ്റു പല ഉല്‍പ്പനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് രാസവളങ്ങളുടെ ഉല്‍പാദന വിതരണകാലഘടന. വര്‍ഷത്തില്‍ 11 മാസവും (ചിലപ്പോള്‍ 12 മാസവും) മുടങ്ങാതെ ഉല്‍പാദനം നടത്തണം. എന്നാല്‍ മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന മഹാഭൂരിപക്ഷം കര്‍ഷകര്‍ക്കും പരമാവധി 4 മാസക്കാലമേ രാസവളം ആവശ്യമുള്ളൂ. ഫലത്തില്‍ 7-8 മാസം പ്രവര്‍ത്തിക്കാന്‍ വേണ്ട മൂലധനം ഉണ്ടാക്കണം. ഇതിന്റെ പലിശ ചിലവു തന്നെ അതി ഭീമമാകുന്നു.
അസംസ്‌കൃത വസ്തുക്കളുടേയും ഇന്ധനത്തിന്റേയും വിലയിലുണ്ടാകുന്ന വര്‍ദ്ധനവും കമ്പനികളെ ബാധിക്കുമല്ലോ. ഫാക്ടിന്റെ കാര്യത്തില്‍ ഇതുവളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇന്ധനത്തിന്റെ ലഭ്യതയും പാരിസ്ഥിതിക ഘടകങ്ങളും ഇന്ന് ആര്‍ക്കും അവഗണിക്കാനാവില്ല. ഇതിനോടൊപ്പമാണ് രാസവളങ്ങളും കീടനാശിനികളും ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ നേരില്‍ കാണുക വഴി അവക്കെതിരെ ശക്തമായ ജനകീയ വികാരമുണരുന്നതും മറ്റുമായ വിഷയങ്ങള്‍ വരുന്നത്. ദേശീയ ഭരണത്തില്‍ ഉത്തരേന്ത്യന്‍ ലോബികള്‍ക്കുള്ള ആധിപത്യവും മറ്റും നയരൂപീകരണങ്ങളാല്‍ സൃഷ്ടിക്കുന്ന സ്വാധീനം ദക്ഷിണേന്ത്യന്‍ സ്ഥാപനങ്ങള്‍ക്കു ദോഷകരമായി സംഭവിക്കാറുണ്ട്.
നമുക്ക് ഫാക്ടിന്റെ സവിശേഷ പ്രശ്‌നങ്ങളിലേക്കു വരാം. മേല്‍പറഞ്ഞ പ്രശ്‌നങ്ങളെല്ലാം ഫാക്ടിനേയും തളര്‍ത്തിയിട്ടുണ്ട്. അതു കൂടാതെ കേരളത്തിന്റെതായ സാഹചര്യങ്ങളുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക വികസന നയങ്ങളില്‍ വരുത്തിയ മാറ്റങ്ങളുടെ പ്രത്യക്ഷ ഫലങ്ങള്‍ നമുക്കിവിടെ കാണാം. ഉദാരവല്‍ക്കരണം നടപ്പിലായെങ്കിലും രാസവളത്തിന്റെ വില നിര്‍ണയാവകാശം സര്‍ക്കാര്‍ തന്നെ കൈവശം വച്ചു. (പെട്രോള്‍- ഡീസല്‍ വില കൈവിട്ടിട്ടും) ഇത് വലിയ രാഷ്ട്രീയ പ്രശ്‌നവുമാണല്ലോ. ഉല്‍പാദന ചിലവിനേക്കാള്‍ കുറഞ്ഞ തുകക്ക് ഉല്‍പ്പന്നം വില്‍ക്കേണ്ടി വരുന്നു. ഉദാഹരണത്തിന് ഒരു കിലോ ഫാക്ടം ഫോസ് എന്ന മിശ്രിത വളം ഉല്‍പാദിപ്പിക്കാന്‍ (2010)ല്‍ ഫാക്ടിനു ചിലവാകുന്നത് 31.50 രൂപയായിരുന്നു. അതിന്റെ വില്‍പന വില 16.00 രൂപ. അതിന്റെ സബ്‌സിഡി 8.13 രൂപ. നാഫ്ത. ഇതിന്റെ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്നതിന്റെ നഷ്ടപരിഹാരമായി 3.12 രൂപയുമടക്കം കമ്പനിയുടെ വരുമാനം കിലോക്ക് 27.25 രൂപ മാത്രം. ഫലത്തില്‍ ഒരു കിലോ ഫാക്ടം ഫോസ് വില്‍ക്കുമ്പോള്‍ ഫാക്ടിനു നഷ്ടം 4.25 രൂപ. അമോണിയം സല്‍ഫേറ്റിനിത് 3.955 രൂപയാണ്. ലക്ഷകണക്കിനു ടണ്‍ ആണ് വാര്‍ഷിക ഉല്‍പാദനം. 5 വര്‍ഷം കൊണ്ട് (2006-11) മാത്രം ഫാക്ടിനുണ്ടായ നഷ്ടം 1776.75 കോടി രൂപയാണ്. ഇത് കമ്പനിയുടെ അസ്ഥിവാരം തോണ്ടുമെന്നു തീര്‍ച്ചയാണല്ലോ.
ഇന്ന് ഫാക്ട് നേരിടുന്ന ഏറ്റവും പ്രധാന പ്രതിസന്ധി ഇന്ധനത്തിന്റേതാണ്. കൊച്ചിയില്‍ എല്‍എന്‍ജി (ദ്രവീകൃത പ്രകൃതിവാതകം) ടെര്‍മിനല്‍ വന്നാല്‍ നമ്മുടെ വ്യവസായ, വൈദ്യുതി മേഖലകളാകെ തളിര്‍ക്കും പൂക്കും കായ്ക്കും എന്നാണ് പലരും പറഞ്ഞിരുന്നത്. ആദ്യകാലത്ത് വിറകും പിന്നീട് നാഫ്തയും ഉപയോഗിച്ചിരുന്ന ഫാക്ടിന് പ്രകൃതിവാതകം ലഭിച്ചാല്‍ ഉല്‍പാദന ചിലവും പാരിസ്ഥിതിക ഘടകവും വലിയ തോതില്‍ കുറയുമെന്നാണു കരുതിയിരുന്നത്. നാഫ്തയായിരുന്നപ്പോള്‍ യൂണിറ്റിന് 22-24 ഡോളര്‍ ആയിരുന്നു വില നല്‍കേണ്ടിയിരുന്നത്. എന്നാല്‍ നാഫ്ത്ത നഷ്ടപരിഹാരമെന്ന രൂപത്തില്‍ ഒരു കിലോ ഫോസ്‌ഫേറ്റിന് 3.121 രൂപയും സള്‍ഫേറ്റിന് 3.658 രൂപയും സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രകൃതി വാതകം ഉപയോഗിക്കുന്ന പുതിയ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ വലിയൊരു തുക ചിലവായി. എന്നാല്‍ പ്രകൃതി വാതകം യൂണിറ്റിന് 19.5 ഡോളര്‍ തന്നെ നല്‍കണമെന്ന സ്ഥിതിയായി. ഇതോടൊപ്പം നാഫ്ത്താ നഷ്ടപരിഹാരമെന്ന രൂപത്തില്‍ നല്‍കിയിരുന്ന പണം ഇല്ലാതെയുമായി. ഉത്തരേന്ത്യയിലെ വളം നിര്‍മാണശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് യൂണിറ്റിന് 4.2 ഡോളര്‍ എന്ന നിരക്കിലാണ്. ഇതു ഫലത്തില്‍ നാലിരട്ടിയിലേറെയാണ്. രണ്ടുപേരും കര്‍ഷകര്‍ക്ക് രാസവളം നല്‍കേണ്ടത് ഒരേ വിലയിലാണ്. ഒരേ തുക തന്നെ സബ്‌സിഡിയായും നല്‍കുന്നു. പ്രകൃതി വാതകവിള രാജ്യത്താകമാനം പല തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടല്ലോ. വൈദ്യുതി ഉല്‍പാദനത്തിനും ഗതാഗതത്തിനും പ്രകൃതി വാതകം ഉപയോഗിക്കുന്നതിന്റെ പ്രശ്‌നവുമുണ്ട്. ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതക വിലയുമായി താരതമ്യം ചെയ്ത് (റിലയന്‍സിനുവേണ്ടി) നിശ്ചയിക്കപ്പെട്ടത് യൂണിറ്റിന് 8.2 ഡോളറാണ്. ഉത്തരേന്ത്യക്കാര്‍ക്കു നല്‍കുന്ന 4.2 ഡോളര്‍ നിരക്കില്‍ പ്രകൃതിവാതകം ലഭിച്ചാല്‍ ഫാക്ടിന് പ്രതിവര്‍ഷം295 കോടിരൂപയുടെ ലാഭം ഉണ്ടാകും.
ഇറക്കുമതി വില താരതമ്യമായാല്‍ (8.4 ഡോളര്‍) ഈ ലാഭം 82 കോടിയായി കുറയും. ഇത് ഇപ്പോള്‍ കിട്ടുന്ന 19.5 ഡോളര്‍ നിരക്കാണെങ്കില്‍ പ്രതിവര്‍ഷം നഷ്ടം 485 കോടി രൂപയാണ്. 2014 ജനുവരിയില്‍ 19.5 എന്നത് 24.35 ഡോളര്‍ ആയി. അതുമൂലം നഷ്ടം പ്രതിവര്‍ഷം 730 കോടി രൂപയായി ഉയര്‍ന്നു. കൂനിമേല്‍ കുരുവെന്നപോലെ സംസ്ഥാന സര്‍ക്കാരിന്റെ വാറ്റ് (കെവാറ്റ്) ഇന്ധനത്തിനുപയോഗിക്കുന്ന പ്രകൃതി വാതകത്തിന് 14.5 ശതമാനം നികുതി വാങ്ങുന്നു. ഇതും ഫാക്ടിന് പ്രതിവര്‍ഷം 150 കോടി രൂപയുടെ അധികച്ചിലവുണ്ടാക്കുന്നു.
2003ല്‍ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ നാഫ്താ അടിസ്ഥാനമാക്കിയ യൂറിയ യൂണിറ്റുകള്‍(11എണ്ണം) അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഫാക്ടിന്റെ കൊച്ചി ഡിവിഷനും അതില്‍പ്പെടുന്നു. ഇതൊരു മരമണ്ടന്‍ തീരുമാനമായിരുന്നുവെന്ന് പെട്ടെന്നു മനസ്സിലായി. പ്രതിദിനം 3500 ടണ്‍ യൂറിയായും 2800 ടണ്‍ അമോണിയയും ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകളാണ് കൊച്ചിയിലുള്ളത്. രാജ്യത്ത് കൃഷിക്ക് യൂറിയ അനിവാര്യമായതിനാല്‍ യൂറിയ വന്‍ തോതില്‍ ഇറക്കുമതി ചെയ്യേണ്ടിവന്നു. അതിന്റെ വിലയും ലഭ്യതയും പ്രശ്‌നമായപ്പോള്‍ സര്‍ക്കാര്‍ തീരുമാനം മാറ്റി. 8 കമ്പനികള്‍ (യൂറിയ ഉല്‍പാദിപ്പിക്കുന്നവ) വീണ്ടും തുറക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പ്രകൃതിവാതക ലഭ്യതയും റെയില്‍ റോഡ് ജല ഗതാഗതസാധ്യതകളുമുള്ള കൊച്ചിയിലെ യൂണിറ്റ് തുറക്കുന്നവയില്‍പ്പെട്ടില്ല. ഈ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതായാല്‍ അതു വലിയ നേട്ടമാകും.
കമ്പനിയുടെ തന്നെ സ്വയം കൃതനാര്‍ത്ഥങ്ങളുമുണ്ട്. 1990-ല്‍ സ്ഥാപിച്ച കാപ്രോലാക്ടം പ്ലാന്റ് ഇത്തരത്തിലൊരു അബദ്ധമാണ്. 1989-ല്‍ 600 കോടി രൂപ മുടക്കിയാണ് ഇതു നിര്‍മ്മിച്ചത്. എന്നാല്‍ പ്രാഥമിക കണക്ക് വച്ച് പോലും വന്‍ തോതില്‍ ബാധ്യത സൃഷ്ടിക്കുന്ന ഒന്നായി അതുമാറി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും കൊച്ചി നാവിക കമാണ്ടും ഷിപ്പ്‌യാര്‍ഡും തുറമുഖവും മറ്റും തൊട്ടടുത്തുള്ള വെല്ലിങ്ങ്ടണ്‍ ഐലന്റില്‍ കൂറ്റന്‍ അമോണിയ ടാങ്കുകള്‍ നിലനില്‍ക്കുന്നത് അപകടകരമാണെന്ന് കേരള ഹൈക്കോടതി വിധിച്ചു. തുടക്കത്തില്‍ തന്നെ അതു മാറ്റാന്‍ ശ്രമിക്കുന്നതിനുപകരം പരിസ്ഥിതി പ്രവര്‍ത്തകരെ അപമാനിക്കാനാണ് ശ്രമിച്ചത്.
കമ്പനിയുടെ തകര്‍ച്ച പരിഹരിക്കാന്‍ സിലോയിറ്റ് എന്ന ഒരു കമ്പനിയെ സര്‍ക്കാര്‍ നിയോഗിച്ചു. അവര്‍ ചില അടിയന്തര നടപടികള്‍ നിര്‍ദ്ദേശിച്ചു. 991 കോടി രൂപയുടെ ഒരുപാക്കേജായിരുന്നു അത്. അതില്‍ 250 കോടി രൂപ ഒറ്റത്തവണ സാമ്പത്തിക സഹായവും 300 കോടി രൂപ പലിശ രഹിതവായ്പയായും നല്‍കുക. ഇപ്പോഴുള്ള കടവും പലിശയും ചേര്‍ന്ന 441 കോടി രൂപ എഴുതി തള്ളുക എന്നിവയാണ് പാക്കേജിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. കമ്പനിയുടെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി അവിടെ തൊഴിലാളി യൂണിയനുകള്‍ ശക്തമായി സമരം നടത്തുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മെയ് 12ന് എറണാകുളം ജില്ലയില്‍ സര്‍വ്വകക്ഷികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലടക്കം വരികയാണ്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കം നിരവധിപേര്‍ ഈ സമരം ഒത്തു തീര്‍പ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോടു തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
മുമ്പു പറഞ്ഞ 991 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പിലാക്കുക, പ്രകൃതി വാതക വില അഖിലേന്ത്യ തലത്തില്‍ ഒന്നാക്കുക, പ്രകൃതി വാതകത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികള്‍ പിന്‍വലിക്കുക, കൊച്ചി ഡിവിഷനിലെ യൂറിയാപ്ലാന്റ് പ്രവര്‍ത്തിപ്പിക്കുക, കാപ്രോലാക്ടം പ്ലാന്റ് ഉല്‍പാദനം പുനരാരംഭിക്കുക, പ്രകൃതി വാതകത്തിലേക്ക് മാറ്റാന്‍ കമ്പനി പണം ചിലവാക്കിയതു പരിഗണിച്ച് നികുതി ഇളവുകാലം (ഒഴിവുകാലം) നല്‍കുക ഇങ്ങനെ പോകുന്നു ആവശ്യങ്ങള്‍.
തീര്‍ച്ചയായും ഇത്തരം ആവശ്യങ്ങള്‍ പരിഗണിച്ച് ഫാക്ട് എന്ന കമ്പനിയെയും അതില്‍ തൊഴിലെടുക്കുന്നവരേയും സംരക്ഷിക്കേണ്ടതുണ്ട്. എല്ലായൂണിയനുകളും രാഷ്ട്രീയ കക്ഷികളും ഇതു നേടിയെടുക്കാന്‍ ദീര്‍ഘകാലമായി സമരത്തിലാണ്. തെരഞ്ഞെടുപ്പില്‍ ഇതൊരു ചൂടേറിയ ചര്‍ച്ചാവിഷയമായിരുന്നു. സിറ്റിങ്ങ് എംപിയും കേന്ദ്രമന്ത്രിയുമായ കെ.വി. തോമസിനു വലിയൊരു ഭീഷണിയുമായിരുന്നു. തെരഞ്ഞെടുപ്പു രാഷ്ട്രീയമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇനി കുറച്ചു കൂടി യഥാര്‍ത്ഥ്യത്തിലേക്ക് വരാം. മേല്‍പറഞ്ഞ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചാല്‍ ഫാക്ടിനുണ്ടാകുന്ന പുതുജീവന്‍ എത്രകാലത്തേക്കുണ്ടാകും? ഇന്നത്തെ ഉല്‍പന്നങ്ങളും വച്ച് ദീര്‍ഘകാല ഭാവി ആ സ്ഥാപനത്തിനുണ്ടോ? പാരിസ്ഥിതികമായി ചിന്തിക്കുന്നവരെ ശത്രുക്കളായി കാണുന്ന ഒരു വിഭാഗം നേതാക്കള്‍ യൂണിയനുകളുടെ തലപ്പത്തുണ്ട്. അവര്‍ക്കുപോലും നിഷേധിക്കാനാവില്ല. രാസവളം- കീടനാശിനി മാതൃകയിലെ കൃഷി ഇനി ഏറെക്കാലം മുന്നോട്ടുകൊണ്ടുപോകാനാവില്ല എന്ന് ആഗോളീകരണകാലത്തു തന്നെ നമ്മുടെ വ്യവസ്ഥയുടെ പല ആന്തരിക ദൗര്‍ബല്യങ്ങളും വൈരുദ്ധ്യങ്ങളും നാം കണ്ടതാണ്. എത്ര മരുന്നും ഓക്‌സിജനും കൊടുത്താലും രാസവളാധിഷ്ഠിതമായ ഒരു വ്യവസായത്തിന് ദീര്‍ഘകാല ആയുസ്സില്ല എന്ന സത്യം ഇവര്‍ തിരിച്ചറിയണം. കേരളം തന്നെ 2010 ന് മുമ്പ് ജൈവ കാര്‍ഷിക നയം പ്രഖ്യാപിച്ചതാണ്. 10 വര്‍ഷത്തിനകം രാസവളം, രാസകീടനാശിനി മുതലായവ പൂര്‍ണമായും ഒഴിവാക്കുമെന്നതാണ് നയം. കര്‍ഷകരുടെ ചിലവ് പലമടങ്ങായി ഉയര്‍ത്തിയതില്‍(വളം, കീടനാശിനി, ജലസേചനം, ഊര്‍ജം) രാസകൃഷിക്ക് വലിയ പങ്കുണ്ട്. ഇതിന്റെ ഉപജ്ഞാതാവായ എംഎസ് സ്വാമിനാഥന്‍ തന്നെ മൂന്ന് വഴി മുറിച്ചിരിക്കുന്നു. തന്നെയുമല്ല ഈ രാസവസ്തുക്കള്‍ക്കടിസ്ഥാനമായ പ്രകൃതി വിഭവങ്ങള്‍ മുതലായവ എത്ര കാലത്തേക്ക്? അസംസ്‌കൃത വസ്തുക്കളും ഉല്‍പ്പന്ന കമ്പോളവും അനിശ്ചിതമായ ഒന്നാണിതെന്ന വസ്തുത മനസ്സിലാക്കിക്കൊണ്ടേ ഇതിന്റെ പ്രശ്‌നപരിഹാരം തേടാന്‍ പാടുള്ളൂ.
രാസവള വില വര്‍ദ്ധനവ് പൂര്‍ണമായും സബ്‌സിഡിയിലൂടെ മറി കടക്കാന്‍ കഴിയുന്ന അവസ്ഥ ഇന്നുണ്ടോ? ഏതാണ്ടെല്ലാ സാമൂഹ്യ സുരക്ഷാമേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും നല്‍കാത്ത സബ്‌സിഡി രാസവളങ്ങള്‍ക്ക് നല്‍കുമോ? 1991 മുതല്‍ രാസവള മേഖലയില്‍ ഒരു പൈസ പോലും പുതുതായി ആരും മുടക്കുന്നില്ലെന്ന വസ്തുതയും മറക്കരുത്. എന്താണിതിനു പരിഹാരം? ഒറ്റയടിക്ക് പ്രതിഷേധാര്‍ഹമായി തോന്നിയേക്കാം. എങ്കിലും അതാകണം ദീര്‍ഘകാല ലക്ഷ്യം എന്ന ഉദ്ദേശത്തോടെ ചില ബദല്‍ മാര്‍ഗങ്ങള്‍ നിരദ്ദേശിക്കാം.
കൊച്ചിയടക്കമുള്ള കേരളത്തിലെ നഗരങ്ങളിലും പട്ടണങ്ങളിലും മിക്ക ഗ്രാമങ്ങളിലും ഇന്നു മാലിന്യം വലിയൊരു പ്രതിസന്ധിയാണ്. ഇതിലെ ജൈവ ഘടകത്തെ വേര്‍തിരിച്ച് വളമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ കുറെ പരിഹാരം ആ പ്രശ്‌നത്തിനുണ്ടാക്കാം. പഞ്ചായത്തുകളും നഗരസഭകളും പല സ്വകാര്യ ഏജന്‍സികളും (വലുതും ചെറുതും) ശ്രമിച്ചിട്ടും പരിഹൃതമാകാത്ത ഇതില്‍ ഫാക്ടിന് ഇടപെടാനാകും. ഈ രംഗത്ത് തദ്ദേശ സ്ഥാപനങ്ങള്‍ ഇന്ന് പൊട്ടിക്കുന്ന (മോഷ്ടിക്കുന്ന) തുക ഫാക്ടിനു കിട്ടിയാല്‍ അതു വഴി പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാം. കേരളത്തിന്റെ പല ഭാഗത്തും ശരിയായ വികേന്ദ്രീകൃത സംസ്‌ക്കരണ ശാലകള്‍ സ്ഥാപിക്കുകയും അവരുടെ വളങ്ങള്‍ ഫാക്ട് ശേഖരിച്ച് പരിശോധിച്ച് ഗുണനിലവാരമനുസരിച്ച് ജൈവളമാക്കി സ്വന്തം ലേബലില്‍ വില്‍ക്കാനാകും. ശേഖരണത്തിനും വിതരണത്തിനും വില്‍പനയ്ക്കും ഫാക്ടിന്റെ നിലവിലുള്ള ഔട്ട് ലെറ്റുകളും മറ്റും ഉപയോഗിക്കാം.
കാപ്രോലാക്ടം പോലുള്ള കമ്പനികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് അബദ്ധമാണ്. വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കേണ്ടി വരിക. ആരുടെ ചിലവില്‍, ആരുടെ നന്മക്ക്? തീര്‍ച്ചയായും തൊഴിലാളി കുടുംബങ്ങള്‍ക്ക് രക്ഷയാകാം. പക്ഷേ, അത്തരം സ്ഥാപനങ്ങള്‍ പുതുതായി നിര്‍മിക്കാന്‍ 1200 കോടി രൂപ വേണം തുടങ്ങിയ വാദങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ല. അവ പ്രവര്‍ത്തിപ്പിച്ചാല്‍ അതിലേറെ നഷ്ടം വരും. ഒരു രാജ്യത്തും പുതുതായി ഇത്തരം ഒരു കമ്പനി വരുന്നില്ലെന്നും നാം അറിയണം.
ചുരുക്കത്തില്‍ ‘സേവ് ഫാക്ട’ എന്ന മുദ്രാവാക്യം പ്രധാനമാണ് എങ്കിലും അതിന്റെ ഹൃസ്വ ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കാന്‍ നമുക്കു കഴിയണം. ഫെഡോ പോലുള്ള സ്ഥാപനങ്ങള്‍ വേണ്ട രീതിയില്‍ വളര്‍ത്തിയെടുക്കണം. പുതിയതും ദീര്‍ഘകാല പ്രസക്തിയുള്ളതുമായ മേഖലകളിലേക്കുമാറണം. കൃഷി എന്നും വേണ്ടി വരും. എന്നാല്‍ അതു രാസകൃഷിയായിരിക്കില്ലെന്നു മനസ്സിലാക്കാന്‍ തയ്യാറായാല്‍ തന്നെ കാര്യങ്ങള്‍ എളുപ്പമാണ്. അതല്ല ഈ പറയുന്നവര്‍ തന്നെ ശത്രുക്കളെന്നു പറയുന്ന ചില നേതാക്കളുടെ ഇന്നത്തെ സമീപനം ഫാക്ടിനെ രക്ഷിക്കില്ലെന്നുതീര്‍ച്ച.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Don Charly
September 16, 2014 at 3:00 pm
I was an engineer at FACT. In the olden time FACT was a must to sustain out agriculture. Kochi was less populated. Now situations are different. Kochi is thickly populated. India got more technologican advancees. So now we can afford to import fertilizer. Our priority should be to save the health of people in Kochi. So shut down such loss making poluting companies and save the people of the city. Few months back I read that local MPs are syphoning 1100 crore ruppees to FACT to revive it. That is a waste of money to destroy the people of the city of Kochi. Think out of the box, friends.