പ്രബുദ്ധ കേരളത്തില്‍ ഇവരുടെ ജീവിതം പീഡനപര്‍വ്വം

ഐ. ഗോപിനാഥ് (കോട്ടയത്ത് മോഷ്ടാവെന്നാരോപിച്ച് ആസാമീസ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തുകയും പെരുമ്പാവൂര്‍ സംഭവത്തില്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ക്കെതിരെ വികാരമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതരസംസ്ഥാനതൊഴിലാളികളെ കുറിച്ചുള്ള പഴയ ഒരു ലേഖനം പുനപ്രസിദ്ധീകരിക്കുന്നു. കേരളത്തിലെ അവരുടെ ദുരിതജീവിതത്തിന് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു) അരൂരില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി തകര്‍ന്നു വീണു. രണ്ടുപേര്‍ മരിച്ചു. ഏതാനും പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ പെട്ടു. എന്നാല്‍ എത്രപേര്‍ എന്ന ചോദ്യത്തിനുമുന്നില്‍ പള്ളി അധികാരികള്‍ക്കോ കോണ്‍ട്രാക്ടര്‍ക്കോ മറുപടിയില്ല. കാരണം മറ്റൊന്നുമല്ല, അവര്‍ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു […]

assameeseഐ. ഗോപിനാഥ്

(കോട്ടയത്ത് മോഷ്ടാവെന്നാരോപിച്ച് ആസാമീസ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തുകയും പെരുമ്പാവൂര്‍ സംഭവത്തില്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ക്കെതിരെ വികാരമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതരസംസ്ഥാനതൊഴിലാളികളെ കുറിച്ചുള്ള പഴയ ഒരു ലേഖനം പുനപ്രസിദ്ധീകരിക്കുന്നു. കേരളത്തിലെ അവരുടെ ദുരിതജീവിതത്തിന് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു)

അരൂരില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി തകര്‍ന്നു വീണു. രണ്ടുപേര്‍ മരിച്ചു. ഏതാനും പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ പെട്ടു. എന്നാല്‍ എത്രപേര്‍ എന്ന ചോദ്യത്തിനുമുന്നില്‍ പള്ളി അധികാരികള്‍ക്കോ കോണ്‍ട്രാക്ടര്‍ക്കോ മറുപടിയില്ല. കാരണം മറ്റൊന്നുമല്ല, അവര്‍ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു എന്നതുതന്നെ.
ഏതാനും ആഴ്ച മുമ്പ് വയനാട്ടില്‍ അപകടത്തില്‍ മരിച്ചു എന്നു പറഞ്ഞ് ഒരാളുടെ മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ചു. നിയമപരമായി ചെയ്യേണ്ട പോസ്റ്റുമോര്‍ട്ടം പോലും ചെയ്യാതെ. അക്കാര്യം വാദിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കാരണം മരിച്ചത് ഒരു ഒറീസ്സക്കാരനായിരുന്നു. ഉപജീവനത്തിനുവേണ്ടി ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ദൗര്‍ഭാഗ്യവാന്‍. ഇയാള്‍ മരിച്ച വിവരം ഒറീസ്സയിലെ ഉറ്റവരെ ആരറിയിക്കാന്‍? ആരുമറിയിക്കാനിടയില്ല. പ്രബുദ്ധനും സാക്ഷരനുമായ മലയാളിയുടെ യഥാര്‍ത്ഥ മുഖം ഇത്.
തുറവൂരില്‍ ഏതാനും ദിവസം മുമ്പുണ്ടായ സംഭവം. സമയം രാത്രി. ശരീരമാസകലം പരിക്കേറ്റ ഒരു ബംഗാളി യുവാവ് വീടുവീടാന്തരം കയറിയിറങ്ങുന്നു. ഒരല്പം ദയക്കും സഹായത്തിനും വേണ്ടി. ട്രെയിനില്‍നിന്ന് വീണാണ് യുവാവിന് പരിക്കേറ്റത്. നിരവധി വീടുകള്‍ കയറിയിറങ്ങിയിട്ടും ഒരു സഹായഹസ്തം പോലും അയാള്‍ക്കു നേരെ നീണ്ടില്ല. അവസാനം വേദന സഹിക്കാതെ ഇയാള്‍ സമീപത്തുകണ്ട ഒരു ക്ഷേത്രത്തില്‍ കയറി. ക്ഷേത്രത്തിലെ മണി കെട്ടിയ കയറില്‍ കെട്ടിതൂങ്ങി വേദനക്ക് ശാശ്വതപരിഹാരം നേടി. അങ്ങകലെ കിലോമീറ്ററുകള്‍ക്കകലെ ആരെങ്കിലും ഇയാളെയും കാത്തിരിക്കുന്നുണ്ടാകില്ലേ?
ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു കരുതിയാല്‍ തെറ്റി. അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുടനീളം പീഡിപ്പിക്കപ്പെടുന്നതായുള്ള പരാതി വ്യാപകമാകുകയാണ്. നേരത്തെ തമിഴ് നാട്ടില്‍ നിന്നുള്ളവരാണ് പീഡിപ്പിക്കപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ആ ഗതികേട് വന്നിരിക്കുന്നത് മുഖ്യമായും ബംഗാളികള്‍ക്കും ഒറീസ്സക്കാര്‍ക്കുമാണ്. ഏറ്റുമാനൂരില്‍ ഏതാനും ദിവസംമുമ്പ് റോഡു മുറിച്ചുകടക്കുമ്പോള്‍ കാര്‍ തട്ടി പരിക്കേറ്റ ഒറീസയില്‍നിന്നുള്ള ബീട്ടു എന്ന യുവാവിനുണ്ടായ അനുഭവം ഇങ്ങനെ. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് കൃത്യമായ ചികിത്സ ലഭച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ചെയ്തതെന്താണെന്നോ? ഇയാള്‍ക്ക് രാത്രി ഓക്‌സിജന്‍ പമ്പുചെയ്യേണ്ട ഉത്തരവാദിത്തം 12 വയസ്സുള്ള ഒരു ബംഗാളിപയ്യനെ ഏല്പിച്ചു. അവന്‍ അല്പം കഴിഞ്ഞപ്പോള്‍ ഉറങ്ങിപ്പോയി. ബീട്ടുവാകട്ടെ അവസാനത്തെ ഉറക്കവും.
എറണാകുളം വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന മറ്റൊരു തൊഴിലാളി ഷോക്കേറ്റ് മരിക്കാന്‍ കാരണവും നാം തന്നെ. ഏറെ സമയം ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആരും തയ്യാറായില്ല. പിന്നാട് സമീപത്തെ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ ക്ലീനിക്കില്‍ എത്തിച്ചു. ഫലമെന്താ? ഉറ്റവരേയും ഉടയവരേയും ഒരിക്കല്‍കൂടി കാണാനാവാതെ ആ പാവവും പോയി. കണ്ടെയ്ന്‍ ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 16 അന്യസംസ്ഥാനതൊഴിലാളികളെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇവരുടെ ബന്ധുക്കള്‍ക്കൊന്നും ന്യായമായ നഷ്ടപരിഹാരം പോലും നല്‍കിയിട്ടില്ല. മൂന്നു വര്‍ഷം മുമ്പ് എറണാകുളത്ത് ജീര്‍ണ്ണിച്ച കെട്ടിടം തകര്‍ന്ന് അവിടെ താമസിപ്പിച്ചിരുന്ന ബംഗാളി യുവാവ് മരിച്ച സംഭവമുണ്ടായപ്പോള്‍ നഷ്ടപരിഹാരം ലഭിക്കാന്‍ വിരലിലെണ്ണാവുന്ന മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് മൃതദേഹവുമായി റോഡ് സ്തംഭിപ്പിക്കേണ്ടിവന്നു.
ഏതാനും മാസം മുമ്പ് ഒരു സന്ധ്യക്ക് പോലീസ് അനാവശ്യമായി ഓടിച്ചപ്പോള്‍ ഭയന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ മതില്‍ ചാടിയ ദീപന്‍ കോഡ എന്ന ബംഗാളി യുവാവിനേറ്റ മര്‍ദ്ദനത്തിനു കയ്യും കണക്കുമില്ല. മാവോയിസ്റ്റ് എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ ഇയാല്‍ സഹായിക്കാന്‍ ആരുമുണഅടായില്ല. ആറുമാസത്തോളം ഇയാള്‍ അനാഥനായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടന്നു. പിന്നീട് പോലീസ് പറഞ്ഞു തങ്ങള്‍ക്ക് തെറ്റുപറ്റിയതാണെന്ന്. ഇയാളോട് സംസാരിച്ച് കാര്യം മനസ്സിലാക്കാന്‍ ഭാഷയറിയുന്നവര്‍ പോലും നമ്മുടെ പോലീസ് സേനയില്‍ ഇല്ലാത്ത അവസ്ഥയാണ്.
കരാറുകാര്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെ പേരിലായിരുന്നു ഏതാനും മാസംമുമ്പ് കായംകുളത്ത് നൂറോളം പേര്‍ ചേര്‍ന്ന് ബംഗാളി യുവാക്കളെ മര്‍ദ്ദിച്ചത്. ആരോ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ചവര്‍ക്കെതിരെ എടുത്തത് നിസ്സാരകേസ്. പിറ്റേന്ന് എറണാകുളം കലൂരില്‍ വര്‍ഷങ്ങളായി അന്യസംസ്ഥാനക്കാരും നാടോടികളും താമസിച്ചിരുന്ന ഷെഡുകള്‍ മുന്നറിയിപ്പില്ലാതെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തു. നഗരം വളരുകയാണല്ലോ. വളര്‍ച്ചക്കുവേണ്ടി വിയര്‍പ്പൊഴുക്കുന്നവര്‍ക്ക് അവിടെ എന്തുകാര്യം? എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ലഭിച്ചത് ക്രൂരമായ മര്‍ദ്ദനം ലഭിച്ചു. തൃശൂരില്‍ മാലിന്യം റോഡിലിടുന്നു എന്നരോപിച്ച് ഇവരുടെ ഷെഡ്ഡുകള്‍ അക്രമിച്ചു. മാലിന്യസംസ്‌കരണത്തിനു സൗകര്യം ഉണ്ടായിട്ടും അതു റോഡിലും ലാലൂരം വിളപ്പില്‍ശാലയിലും നിക്ഷേപിക്കുന്നവരാണ് യാതൊരു സൗകര്യവുമില്ലാത്ത ഷെഡ്ഡുകളില്‍ കഴിയുന്നവരെ ഇക്കാര്യം പറഞ്ഞ് മര്‍ദ്ദിക്കുന്നത്.
ശരാശരി മലയാളി അന്യസംസ്ഥാനതൊഴിലാളികളെ എങ്ങനെ നോക്കി കാണുന്നു എന്നതിനു മറ്റൊരു ഉദാഹരണമിതാ. മണ്ണുത്തിയിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരു തൊഴിലാളി മരിച്ചു. സ്ഥലത്തെത്തിയ കോണ്‍ട്രാക്ടര്‍ മൊബൈല്‍ ഫോണില്‍ വിളിച്ചു പറഞ്ഞത് ഇങ്ങനെ.. ‘സാരമില്ല, ബംഗാളിയാ….‘
പ്രവാസം മലയാളിക്ക് അന്യമല്ല. സിലോണ്‍, സിംഗപ്പൂര്‍, കറാച്ചി, ചെന്നൈ, മുംബൈ, ഗള്‍ഫ്, യൂറോപ്പ്, യു.എസ്, ബാംഗ്ലൂര്‍ എന്നിങ്ങനെ നമ്മുടെ കുടിയേറ്റത്തിന്റെ ചരിത്രം നീളുന്നു. ഉല്പാദനമേഖലകളെല്ലാം തകര്‍ന്നിട്ടും കേരളം പിടിച്ചുനിന്നത് പ്രവാസികളയച്ച പണം കൊണ്ടായിരുന്നല്ലോ. അതേസമയം എവിടെപോയാലും നാമവിടെ സംഘടിക്കും. മലയാളി സമാജമുണ്ടാക്കും. യൂണിയനുണ്ടാക്കും. നാം പുറത്തുപോയാല്‍ എന്തിനെല്ലാം വേണ്ടി ശബ്ദമുയര്‍ത്തുന്നു, അവയൊന്നും കേരളത്തില്‍ ഉപജീവനം തേടുന്നവര്‍ക്ക് എന്തേ ചെയ്തുകൊടുക്കുന്നില്ല? മൈഗ്രന്റ് ലേബര്‍ ആക്ട്, ക്ഷേമനിധി, ലേബര്‍ രജിസ്‌ട്രേഷന്‍, ലേബര്‍ കാര്‍ഡ് തുടങ്ങിയവയൊന്നും നടപ്പാക്കപ്പെടുന്നില്ല. ക്ഷേമനിധി പ്രഖ്യാപിച്ചിട്ടും അതില്‍ ഇവരെ ചേര്‍ക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ല. താമസം പഴയ ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളേക്കാള്‍ എത്രയോ ദയനീയം. താല്ക്കാലിക ഷെഡ്ഡുകളിലോ നിര്‍മ്മാണം നടക്കുന്ന കെട്ടിടങ്ങളിലോ. തുച്ഛമായ വേതനം. അതില്‍ നിന്ന് ഒരു വിഹിതം ഏജന്റുമാര്‍ക്ക്. അതിലേറെ ദുരിതം ട്രെയിന്‍ യാത്ര. കല്‍ക്കട്ടയില്‍ നിന്ന് ഇവിടെ വരെ സൂചി കുത്താനിടമില്ലാത്ത കംബാര്‍ട്ട്‌മെന്റുകളില്‍ അറവുമാടുകളേക്കാള്‍ കഷ്ടമായി. മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായ സമയത്തും ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്തില്ല. കേരളത്തിലെ റെയില്‍വേ യാത്രാവശ്യങ്ങളെ കുറിച്ച് നിരന്തരമായി കേന്ദ്രത്തോട് ശണ്ഠകൂടുന്ന നാമും ഇക്കാര്യം കാണാറേയില്ല.
നേരത്തെ തമിഴരോടാണ് മലയാളി ഇങ്ങനെ പെരുമാറിയിരുന്നത്. തമിഴരെല്ലാം നമുക്ക് കള്ളന്മാരായിരുന്നു. കാരണം തിരട്ടുഗ്രാമം. ഏതാനും വര്‍ഷം മുമ്പ് തൃശൂരില്‍ ഒരു പ്രധാന ആശുപത്രിയില്‍ നടന്ന ഒരു വന്‍പരിപാടിയില്‍ ‘തമിഴന്മാര്‍ വരാനിടയുണ്ട്, എല്ലാവരും ബാഗുകള്‍ സൂക്ഷിക്കണം‘ എന്ന അറിയിപ്പു തന്നെയുണ്ടായി. യോഗത്തില്‍ പ്രാസംഗികനായിരുന്ന ദൂരദര്‍ശനിലെ ഉയര്‍ന്ന തമിഴ് ഉദ്യാഗസ്ഥവന്‍ പിന്നീട് ഇക്കാര്യം പറഞ്ഞ് പൊട്ടിത്തെറിച്ചിരുന്നു. തമിഴ്‌നാട്ടില്‍ മലയാളികളോട് തമിഴര്‍ പെരുമാറുന്നത് ഇങ്ങനെയാണോ എന്ന് അന്വേഷിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. സ്വന്തം നാട്ടിലെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ടപ്പോള്‍ തമിഴര്‍ മിക്കവാറും തിരിച്ചുപോയി ആ വിടവിലാണ് ബംഗാളികളും ബീഹാറികളും ഒറീസ്സക്കാരുമൊക്കെ കേരളത്തില്‍ വ്യാപകമായത്. ഇവര്‍ക്കിടയില്‍ കുറ്റ കൃത്യങ്ങള്‍ പൊതുവെ കുറവാണെന്നു പോലീസും സമ്മതിക്കുന്നു. എന്നാല്‍ തിരട്ടുഗ്രാമത്തിനുപകരം നാമിപ്പോള്‍ ഉപയോഗിക്കുന്നത് മാവോയിസ്റ്റുകളെ. ഒരു മാവോയിസ്റ്റിനെ പോലും ഇന്നോളം ഇവര്‍ക്കിടയില്‍ കണ്ടിട്ടില്ലെന്നിരിക്കെ മാവോയിസ്റ്റ് എന്ന പ്രചരണം നടത്തിയാണ് പലപ്പോഴും പീഡനം അരങ്ങേറുന്നത്. മല്ലരാജറെഡ്ഡി എന്ന മാവോയിസ്റ്റ് നേതാവിനെ പെരുമ്പാവൂരില്‍ ഒരു മലയാളി മാവോയിസ്റ്റിന്റെ വസതിയില്‍ നിന്ന് പിടികൂടിയതിനുശേഷമാണ് ഈ പ്രവണത ശക്തമായത്. ഇപ്പോഴിതാ ഇവരോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെടുന്നു. ബാംഗ്ലൂരിലെങ്ങാനും നമ്മോട് അതാവശ്യപ്പെട്ടാലോ? നാം തയ്യാറാകുമോ? എങ്കില്‍ ഇന്ത്യ ഒരു രാജ്യമാണെന്നു എന്തിനു വീമ്പിളക്കുന്നു?
കേരളത്തില്‍ ബംഗാളികള്‍ കൂട്ടമായി താമസിക്കുന്ന പ്രധാന പട്ടണം പെരുമ്പാവൂര്‍. ഞായറാഴ്ച അവിടെ പോയാല്‍ തോന്നുക നമ്മള്‍ ബംഗാളിലെ ഒരു പട്ടണത്തിലാണെന്നാണ്. ഇവിടത്തെ പ്ലാസ്റ്റിക്, പ്ലൈവുഡ് കമ്പനികളിലെ ഇവരുടെ ജീവിതാവസ്ഥയും വ്യത്യസ്ഥമല്ല. ഞായറാഴ്ച ഇവിടത്തെ തിയറ്ററില്‍ നാം ഇവര്‍ക്ക് ബംഗാളി സിനിമ കാണിച്ചു കൊടുക്കുമെന്നത് വേറെ കാര്യം. മൊബൈല്‍ കടകളെല്ലാം തുറന്നു കൊടുക്കും. അതുമതിയോ? മിനിമം മാനുഷിക പരിഗണനയെങ്കിലും വേണ്ടേ? എന്തിനും ഏതിനും സംഘടിക്കുന്ന കേരളത്തില്‍ വിരലില്ലെണ്ണാവുന്ന ഏതാനും മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. ഒരിക്കല്‍ യൂണിയന്‍ ഉണ്ടാക്കാന്‍ സി.പി.എം ശ്രമിച്ചു. എന്നാല്‍ ആ ശ്രമം കാര്യമായി മുന്നോട്ടുപോയില്ല. അത്തരമൊരു ശ്രമം ബംഗാളിലെ തങ്ങളുടെ മൂന്നു പതിറ്റാണ്ടിലെ ഭരണനേട്ടങ്ങളുടെ അവകാശവാദങ്ങള്‍ തകര്‍ക്കുമെന്ന് ആരോ പറഞ്ഞത്ര. ഹാ.. കഷ്ടം. മറ്റു പാര്‍ട്ടിക്കാരുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ഒരു വോട്ടുപോലുമില്ലാത്ത ഇവര്‍ക്കുവേണ്ടി എന്തിനു സമയം കളയണം അല്ലേ?
ഒന്നു മാത്രം മറക്കാതിരുന്നാല്‍ നന്ന്. സിവിക് ചന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞപോലെ ഡോക്ടര്‍മാരില്ലെങ്കില്‍ രോഗവും അനാവശ്യമായ മരുന്നു കച്ചവടവും കുറയുമെന്നല്ലാതെ കേരളത്തില്‍ ഒന്നും സംഭവിക്കില്ല. അധ്യാപകരില്ലെങ്കില്‍ കുട്ടികള്‍ സര്‍ഗ്ഗാത്മക കഴിവുകള്‍ നേടും. സര്‍ക്കാര്‍ ജീവനക്കാരില്ലെങ്കില്‍ അഴിമതി കുറയും. രാഷ്ട്രീയക്കാരില്ലെങ്കില്‍ പുതിയ ജനകീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വരും. മാധ്യമപ്രവര്‍ത്തകരില്ലെങ്കില്‍ വൈകീട്ട് ന്യൂസ് അവറില്‍ പ്രത്യക്ഷപ്പെടാന്‍ പൗഡറിട്ട് തയ്യാറായി ഇരിക്കുന്നവര്‍ക്ക് മാത്രമായിരിക്കും നഷ്ടം. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളില്ലെങ്കില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിക്കും. ആ നന്ദിയെങ്കിലും കാണിക്കണ്ടെ?..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply