പ്രബുദ്ധകേരളവും പിടിക്കപ്പെടാത്ത ദിലീപ് – പള്‍സര്‍മാരും

എത്ര നീചമായ സംഭവങ്ങളുണ്ടായാലും കേരളം പ്രബുദ്ധമാണ്, എന്നിട്ടും ഇവിടെ ഇങ്ങനെ സംഭവിക്കുന്നു എന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് എങ്ങും കാണുക. അതുവഴി നാമൊക്കെ വളരെ ഉയര്‍ന്നവരാണെന്നും രാഷ്ട്രീയപ്രബുദ്ധത നേടിയവരാണെന്നും അപൂര്‍വ്വം ചിലര്‍ മാത്രമാണ് അതില്‍ നിന്ന് വ്യത്യസ്ഥമെന്നും അത് അപവാദമാണെന്നു സ്ഥാപിക്കാനുമാണ് ശ്രമം. ഡെല്‍ഹിയിലെ പെണ്‍കുട്ടി അക്രമിക്കപ്പെട്ടത് യാദൃച്ഛികമായിരുന്നു. എന്നാല്‍ കൊച്ചിയില്‍ നടി സമാനമായ രീതിയില്‍ അക്രമിക്കപ്പെട്ടത് കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു. എന്നിട്ടും മന്ത്രി മണി അദ്ഭുതത്തോടെ പറയുന്നു, ഇത് ഉത്തരേന്ത്യയല്ല, എന്നിട്ടും ഇങ്ങനെ സംഭവിക്കുന്നു എന്ന്. മണി […]

kk

എത്ര നീചമായ സംഭവങ്ങളുണ്ടായാലും കേരളം പ്രബുദ്ധമാണ്, എന്നിട്ടും ഇവിടെ ഇങ്ങനെ സംഭവിക്കുന്നു എന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് എങ്ങും കാണുക. അതുവഴി നാമൊക്കെ വളരെ ഉയര്‍ന്നവരാണെന്നും രാഷ്ട്രീയപ്രബുദ്ധത നേടിയവരാണെന്നും അപൂര്‍വ്വം ചിലര്‍ മാത്രമാണ് അതില്‍ നിന്ന് വ്യത്യസ്ഥമെന്നും അത് അപവാദമാണെന്നു സ്ഥാപിക്കാനുമാണ് ശ്രമം. ഡെല്‍ഹിയിലെ പെണ്‍കുട്ടി അക്രമിക്കപ്പെട്ടത് യാദൃച്ഛികമായിരുന്നു. എന്നാല്‍ കൊച്ചിയില്‍ നടി സമാനമായ രീതിയില്‍ അക്രമിക്കപ്പെട്ടത് കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു. എന്നിട്ടും മന്ത്രി മണി അദ്ഭുതത്തോടെ പറയുന്നു, ഇത് ഉത്തരേന്ത്യയല്ല, എന്നിട്ടും ഇങ്ങനെ സംഭവിക്കുന്നു എന്ന്. മണി മാത്രമല്ല നിരവധി പേര്‍. വസ്തുത എന്താണ്? സിനിമയിലെ മാത്രം വിഷയമെടുക്കാം. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഒരു തമിഴ് നടി പറഞ്ഞത് അവിടെയൊക്കെ സിനിമാമേഖലയില്‍ രണ്ടാം കിട എന്ന അവസ്ഥ നടികള്‍ ഏറെക്കുറെ മറി കടന്നു എന്നാണ്. ന്മമുടെ അമ്മയേക്കാള്‍ ജാഗ്രതയോടെ ഈ വിഷയത്തില്‍ ഇടപെട്ടത് തെന്നിന്ത്യന്‍ നടികര്‍ തിലകമായിരുന്നു. എന്നാലും നമ്മള്‍ മഹാന്മാരാണ്. നേരത്തെ നടന്മാരെ ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികളാക്കുന്ന സംസ്ഥാനങ്ങളെ നമ്മള്‍ ഏറെ ആക്ഷേപിച്ചിരുന്നു. ഇപ്പോഴെന്താണ് അവസ്ഥ..? ലോകസഭയില്‍ എങ്ങനെ മിണ്ടാതിരിക്കാമെന്നാണ് താന്‍ ഗവേഷണം നടത്തുന്നതെന്നുപോലും ഹാസ്യസാമ്രാട്ടായ നമ്മുടെ എം പി പറഞ്ഞത് അടുത്താണല്ലോ.
സിനിമയിലെ മാത്രം അവസ്ഥയല്ല ഇത്. മറ്റെല്ലാ മേഖലയും വ്യത്യസ്ഥമല്ല. രാഷ്ട്രീയമായി ഏറ്റവും പ്രബുദ്ധമാണ് കേരളം എന്നാണല്ലോ വെപ്പ്. എന്നാല്‍ ഇതുപോലെ കക്ഷിരാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന, ജനാധിപത്യസംവിധാനം നിലനില്‍ക്കുന്ന ഒരു പ്രദേശവും ലോകത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രീയപ്രബുദ്ധമായ ഒരു പ്രദേശത്ത് നടക്കുക ആശയപരമായ സംവാദങ്ങളാണ്. ശാരീരിക സംഘട്ടനങ്ങളല്ല. കഴിഞ്ഞില്ല. ഏത്ര നീചമായ സംഭവമുണ്ടായാലും, ശരിയല്ല എന്ന് സ്വയം തോന്നിയാളും കക്ഷിരാഷ്ട്രീയ താല്‍പ്പര്യമനുസരിച്ചും നേതൃത്വത്തിന്റെ താല്‍പ്പര്യപ്രകാരവും നിലപാടെടുക്കുന്ന, ചിന്താശേഷി പണയം വെച്ച ഒരു സമൂഹം വേറെ എവിടെയുണ്ട്. ഇന്ന് എന്തു ചെയ്തു എന്നു ചോദിച്ചാന്‍ അന്നു എന്തു ചെയ്തു എന്നു ചോദിക്കുന്ന, പിണറായി തെറ്റല്ലേ ചെയ്യുന്നത് എന്നു ചോദിച്ചാല്‍ അന്നു ഉമ്മന്‍ ചാണ്ടിചെയ്തതോ (തിരിച്ചും) എന്നു ചോദിക്കുന്ന, ഉന്നയിക്കുന്ന വിഷയത്തെ കുറിച്ച് ഒന്നും പറയാനില്ലാത്തവരാണ് കൂടുതല്‍. ഭരണകൂടത്തിന്റെ നിലപാടുകളെ ജാഗ്രതയോടെ നോക്കികാണുകയും തെറ്റുകളെ മുഖം നോക്കാതെ വിമര്‍ശിക്കലുമാണ് യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകരുടെ കടമ എന്ന പ്രാഥമികതത്വം പോലുംവിസ്മരിക്കപ്പെടുന്നു.
വാസ്തവത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള താരതമ്യം തന്നെ നിരര്‍ത്ഥകമാണ്. കേരളത്തില്‍ ഇങ്ങനെ, ഗുജറാത്തില്‍ അങ്ങനെ, യുപി എത്ര മോശം, ബീഹാര്‍ പ്രാകൃതം, തമിഴര്‍ ഭ്രാന്തന്മാര്‍.. നിരന്തരമായി കേള്‍ക്കുന്ന വാചകങ്ങളാണിവ. ഗോവിന്ദാപുരം കോളനിയില്‍ അയിത്തമെന്നു പറഞ്ഞാല്‍ തമിഴ്‌നാട്ടിലോ, അട്ടപ്പാടിയില്‍ ആദിവാസിമരണമെന്നു പറഞ്ഞാല്‍ ജാര്‍ക്കണ്ഠിലോ, കേരളത്തില്‍ മുസ്ലിമിനു നേരെ അക്രമണം എന്നു പറഞ്ഞാല്‍ ഗുജറാത്തിലോ, സൗമ്യയെ പറ്റി പറഞ്ഞാല്‍ നിര്‍ഭയയോ എന്നിങ്ങനെ ചോദ്യങ്ങളും ഉയര്‍ന്നു വരും. എന്തര്‍ത്ഥമാണ് ഇത്തരം വാദങ്ങള്‍ക്കുള്ളത്? തികച്ചും വ്യത്യസ്ഥമായ സാമൂഹ്യസാഹചര്യമാണ് ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത്. അതാകട്ടെ ചരിത്രപരമായി ഉരുത്തിരിഞ്ഞതുമാണ്. ഇന്ത്യന്‍ ദേശീയത എന്ന പ്രതിഭാസത്തിന്റെ വളര്‍ച്ചക്ക് ചരിത്രപരമായി ഒരു രാഷ്ട്രീയ അടിസ്ഥാനവും ഇല്ലായിരുന്നു. പല ഘട്ടങ്ങളില്‍ വലിയ വെട്ടിപ്പിടുത്തങ്ങള്‍ നടത്തിയ ചക്രവര്‍ത്തിമാര്‍ പോലും ഇപ്പോഴത്തെ ഇന്ത്യയുടെ പകുതിഭാഗം പോലും കീഴടക്കിയിരുന്നില്ല. അതുപോലും വളരെ കുറഞ്ഞ കാലത്തേക്കായിരുന്നു. സത്യത്തില്‍ അനവധി രാജാക്കന്മാരുടേയും ചക്രവര്‍ത്തിമാരുടേയും ഭരണമേഖലകളായിരുന്നു ഇന്ത്യന്‍ ഉപഭൂഖണ്ഡം. പൊതുവായ ദേശീയതക്ക് അടിസ്ഥാനമായി ഒന്നുമുണ്ടായിരുന്നില്ല. പുരാണങ്ങളുടേയും വേദങ്ങളുടേയും സ്വാധീനവും തികച്ചും നിഷേധാത്മകമായ ജാതിവ്യവസ്ഥയും മറ്റും നിലവിലുണ്ടായിരുന്നു എന്നത് ശരിയാണ്. അതൊന്നും പക്ഷെ ദേശീയ ഏകീകരണത്തിനു കാരണമാകുന്നില്ല. അതേസമയം ലോകത്തുപലഭാഗത്തും ഭാഷയുടെ അടിസ്ഥാനത്തില്‍ ആധുനിക രാഷ്ട്ര രൂപവല്‍ക്കരണങ്ങള്‍ നടക്കുകയായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും പ്രാദേശിക ഭാഷകള്‍ വളരാന്‍ തുടങ്ങിയിരുന്നു. യൂറോപ്പില്‍ നിലനിന്നിരുന്ന ലാറ്റിന്‍ ആധിപത്യത്തിനെതിരെ പ്രാദേശികഭാഷകള്‍ വളര്‍ന്നുവരുകയും അവസാനം ദേശീയരാഷ്ട്രരൂപീകരണത്തില്‍ എത്തുകയും ചെയ്തപോലുള്ള സംഭവവികാസങ്ങള്‍ ഇവിടേയും ആരംഭിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഈ പ്രക്രിയ അധികം മുന്നോട്ടു പോയില്ല. കാരണം കൊളോണിയല്‍ ആധിപത്യം. ചരിത്രഗതിയെതന്നെ അത് വഴിമാറ്റിവിട്ടു. പിന്നീട് ഇവിടെ നടന്നത് കൊളോണിയല്‍ വിരുദ്ധ സമരമായിരുന്നു. അതിലൂടെ ഭാഷാസമൂഹങ്ങളുടെ ഒരു പരിധിവരെയുള്ള ഐക്യം ഉണ്ടായി എന്നതു ശരിയാണ്. ഭാഷാസമൂഹങ്ങള്‍ ദേശീയസമൂഹങ്ങളായി മാറുന്ന ചരിത്രപരമായ പ്രക്രിയ നടക്കാതിരിക്കുകയും സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാകുകയും ചെയ്തു. ലോകത്തൊരിടത്തും കാണാത്ത പ്രതിഭാസമാണിത്. തികച്ചും വ്യത്യസ്ഥ ദേശീയരാ്ര്രഷ്ടങ്ങളായി മാറുമായിരുന്ന പ്രദേശങ്ങളാണ് ഇന്ന് സംസ്ഥാനങ്ങളായി നിലനില്‍ക്കുന്നത്. വ്യത്യസ്ഥമായ സാമൂഹ്യവികാസത്തിലുള്ള അവ തമ്മിലുള്ള താരതമ്യം അസംബന്ധമാണ്. പക്ഷെ നിര്‍ഭാഗ്യവാശാല്‍ അങ്ങനെ ചെയ്ത് സ്വന്തം തെറ്റുകളെ വെള്ളപൂശുകയാണ് പൊതുവില്‍ മലയാളി ചെയ്യുന്നത്.
വാസ്തവത്തില്‍ കേരളത്തെ താരതമ്യം ചെയ്യേണ്ടത് മറ്റു സംസ്ഥാനങ്ങളുമായല്ല, നമ്മോടുതന്നെയാണ്. അപ്പോഴാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരുക. അയിത്തത്തിനും അനാചാരങ്ങള്‍ക്കും ജാതിമേധാവിത്വത്തിനുമെതിരായ നവോത്ഥാന പോരാട്ടങ്ങളായിരുന്നു കേരളത്തിന്റെ സാമൂഹ്യചലനങ്ങളില്‍ സുപ്രധാനമായ ഒന്ന്. അതുണ്ടാക്കിയ മാറ്റങ്ങളാണ് നാമിപ്പോഴും അഹങ്കാരത്തോടെ ഉരുവിടുന്നത്. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത്? അതിനു തുടര്‍ച്ചയുണഅടായോ? പ്രത്യക്ഷമായ അയിത്തം മാത്രമാണ് കുറഞ്ഞത്. മറിച്ച് വിവാഹമടക്കമുള്ള, ജാതിവ്യവസ്ഥയെ നിലനിര്‍ത്തുന്ന വിഷയങ്ങളില്‍ അയിത്തം മാറിയോ? ഒരു കാലത്ത് പുറകോട്ടുപോയ ജാത്യാഭിമാനവും ജാതിവാലുകളും മറ്റും തിരിച്ചുവന്നില്ലേ? അവസാനം പേരാമ്പ്രയിലും ഗോവിന്ദാപുരത്തുമൊക്കെ പ്രത്യക്ഷ അയിത്തവും. ഏതുമേഖലയെടത്താലും ഇതു തന്നെ അവസ്ഥ. നവോത്ഥാന – ഇടതുപക്ഷ – ദേശീയ പ്രസ്ഥാന – മിഷണറിവിഭാഗങ്ങളുടെ പ്രവര്‍ത്തനഫലമായി നേടിയ നേട്ടങ്ങളെല്ലാം ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയല്ലേ? ഏറെ മുന്നേറി എന്നഹങ്കരിച്ചിരുന്ന വിദ്യാഭ്യാസ – ആരോഗ്യമേഖല ഒന്നടങ്കം കച്ചവടവല്‍ക്കരിക്കപ്പെട്ടില്ലേ? പനി വന്നാല്‍ പോലും മരിക്കുന്ന, കാന്‍സര്‍, പ്രഷര്‍, ഷുഗര്‍, ഹൃദയസ്തംഭനം, കരള്‍, വൃക്ക തുടങ്ങിയ രോഗങ്ങളുടെ പറുദീസയായില്ലേ കേരളം? ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന ഒരു ജനതക്ക് എത്രമാത്രം മാനസിക ആരോഗ്യമുണ്ട് ? ഉന്നതവിദ്യാഭ്യാസത്തില്‍ ഏത്ര പുറകിലാണ്. മറ്റു മേഖലകളും എടുക്കുക. കാര്‍ഷികപരിഷ്‌കരണമൊക്കെ കഴിഞ്ഞപ്പോള്‍ കൃഷി തകരുകയല്ലേ ഉണ്ടായത്? വ്യവസായമേഖലയെ കുറിച്ച് പറയാനില്ല. ഉപഭോഗസംസ്‌കാരത്തില്‍ ഒന്നാം സ്ഥാനമായതിനാലല്ലേ ജി എസ് ടി ഗുണകരമാണെന്ന് ധനമന്ത്രി പറയുന്നത്? ഏറ്റവും കൂടുതല്‍ വരുമാനം മദ്യത്തില്‍ നിന്നും ഭാഗ്യക്കുറിയില്‍ നിന്നും പ്രവാസികളില്‍ നിന്നും ലഭിക്കുന്ന ഒരു സംസ്ഥാനം പ്രബുദ്ധമാണോ? ആഡംബരവാഹനം, ആഡംബരവിവാഹം, ആഡംബരഭവനം, സ്വര്‍ണ്ണം ഇതൊക്കെയല്ലേ നമ്മുടെ പൊങ്ങച്ചത്തിന്റെ പ്രതീകങ്ങള്‍..? ഇത്തരമൊരു സാഹചര്യത്തെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
നടിയുടെ അനുഭവത്തിലേക്ക് തിരിച്ചുവരാം. സമൂഹത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന സിനിമാ, സീരിയല്‍ മേഖലകളൊക്കെ എത്രമാത്രം സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്നത് പകല്‍ പോലെ വ്യക്തമായിട്ടും അവയിലഭിരമിക്കുന്നവരാണല്ലോ ബഹുഭൂരിപക്ഷം പേരും. ഒരു തരത്തിലുള്ള ജനാധിപത്യവല്‍ക്കരണ പ്രക്രിയയും ഈ മേഖലകളില്‍ നടന്നിട്ടില്ല. സിനിമക്കകത്തുമാത്രമല്ല, സിനിമാ നിര്‍മ്മാണ മേഖലയും വ്യത്യസ്ഥമല്ല എന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് നടിക്കുണ്ടായ അനുഭവം. എന്നിട്ടും താരങ്ങളെ പൂജിക്കുകയും തെരഞ്ഞെടുപ്പുകളില്‍ പോലും വിജയിപ്പിക്കുകയും ചെയ്യുന്ന നിലവാരത്തിലേക്ക് നാമെത്തി കഴിഞ്ഞിരിക്കുന്നു. ഒരു സംഭവം പുറത്തുവന്നപ്പോഴോ നിരര്‍ത്ഥകമായ മാധ്യമവിചാരണയും തെരുവിലെ പേക്കൂത്തുകളും. എത്രമാത്രം മോശപ്പെട്ട അവസ്ഥയിലേക്ക് കേരളം എത്തിക്കഴിഞ്ഞു എന്നതിനുള്ള പ്രകടമായ തെളിവുകളാണിത്. അപ്പോഴും സ്ത്രീകളും സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാകാതെ പീഡകരുടെ മറ്റൊരു രൂപമായ ആങ്ങളമാരാകാനാണ് മിക്കവര്‍ക്കും താല്‍പ്പര്യം. അല്‍പ്പം ഇരുട്ടയായാല്‍ സ്ത്രീകള്‍ക്ക് വഴി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് തിരിച്ചറിയാത്തത്. അതിനു കാരണം പിടിക്കപ്പെടാത്ത ദിലീപുമാരും പള്‍സറുമാരുമാണ്. തൈരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും ഇക്കാര്യത്തില്‍ ‘പ്രബുദ്ധമല്ലാത്ത’ മറ്റു സംസ്ഥാനങ്ങള്‍ നമ്മളേക്കാള്‍ എത്രയോ ഭേദമാണ്…!!!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply