പോസ്‌കോ പോരാട്ടം വിജയത്തിലേക്ക്

ആദിവാസികള്‍ നടത്തുന്ന മറ്റൊരു പോരാട്ടം കൂടി വിജയത്തിലേക്ക്. ജനകീയസമരത്തെ തുടര്‍ന്ന് ഒഡീഷ്യയില്‍ കൊറിയന്‍ ഉരുക്ക് നിര്‍മ്മാണ കമ്പനിയായ പോസ്‌കോ തങ്ങളുടെ അയിരു ഖനന പദ്ധതി ഉപേക്ഷിക്കുന്നുവെന്നാണ് സൂചന. ഉരുക്ക് നിര്‍മ്മാണത്തിനായുള്ള അയിര് ഖനനം ചെയ്യാന്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഒഡീഷയിലെ ജഗത്സിംഗ്പൂര്‍ ജില്ലയിലാണ് നിര്‍ദ്ദിഷ്ട പദ്ധതി ആരംഭിക്കാനുദ്ദേശിച്ചിരുന്നത്. പദ്ധതിയ്‌ക്കെതിരെ അവിടത്തെ ആദിവാസികള്‍ തന്നെയായിരുന്നു ആദ്യം രംഗത്തെത്തിയത്. പിന്നീടത് ശക്തമായ ജനകീയ പ്രക്ഷോഭമായി മാറുകയായിരുന്നു. സമരം മൂലം ധാരണാ പത്രം ഒപ്പുവെച്ച് 10 വര്‍ഷമായിട്ടും പദ്ധതി […]

ppp

ആദിവാസികള്‍ നടത്തുന്ന മറ്റൊരു പോരാട്ടം കൂടി വിജയത്തിലേക്ക്. ജനകീയസമരത്തെ തുടര്‍ന്ന് ഒഡീഷ്യയില്‍ കൊറിയന്‍ ഉരുക്ക് നിര്‍മ്മാണ കമ്പനിയായ പോസ്‌കോ തങ്ങളുടെ അയിരു ഖനന പദ്ധതി ഉപേക്ഷിക്കുന്നുവെന്നാണ് സൂചന. ഉരുക്ക് നിര്‍മ്മാണത്തിനായുള്ള അയിര് ഖനനം ചെയ്യാന്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഒഡീഷയിലെ ജഗത്സിംഗ്പൂര്‍ ജില്ലയിലാണ് നിര്‍ദ്ദിഷ്ട പദ്ധതി ആരംഭിക്കാനുദ്ദേശിച്ചിരുന്നത്. പദ്ധതിയ്‌ക്കെതിരെ അവിടത്തെ ആദിവാസികള്‍ തന്നെയായിരുന്നു ആദ്യം രംഗത്തെത്തിയത്. പിന്നീടത് ശക്തമായ ജനകീയ പ്രക്ഷോഭമായി മാറുകയായിരുന്നു. സമരം മൂലം ധാരണാ പത്രം ഒപ്പുവെച്ച് 10 വര്‍ഷമായിട്ടും പദ്ധതി നടപ്പാക്കാന്‍ കമ്പനിക്കു കഴിഞ്ഞിരുന്നില്ല. അതേസമയം ഏക്കറകളോളം വനഭൂമി നശിപ്പിച്ചിരുന്നു.
കേരളത്തില്‍ പിന്നോക്കപ്രദേശമായ പ്ലാച്ചിമടയിലെ ആദിവാസികള്‍ നടത്തിയ ദശകങ്ങള്‍ നീണ്ട പോരാട്ടത്തിനു മുന്നില്‍ കൊക്കക്കോള എന്ന ഭീകരന്‍ മുട്ടുകുത്തിയതിനു സമാനമാണ് പോസ്‌കോയുടെ കീഴടങ്ങലും. ശക്തരായ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലാതെ അസംഘടിതരും ദുര്‍ബ്ബലരുമെന്ന് കരുതപ്പെടുന്നവരാണ് ആഗോള ഭീമന്മാരെ മുട്ടുകുത്തിച്ചത് എന്നതുതന്നെയാണ് സമാനതകൡ പ്രധാനം. പുതുകാലത്തിന്റെ രാഷ്ട്രീയ ദിശ എന്താണെന്നുതന്നെയാണ് ഇതു വ്യക്തമാക്കുന്നത്.
52,000 കോടി രൂപ നിക്ഷേപമാണ് പദ്ധതിക്കായി പോസ്‌കോ മാറ്റി വെച്ചിരുന്നത്. ഇത്രയും മുട്ടുമുതല്‍ വിരലിലെണ്ണാവുന്ന വര്‍ഷം കൊണ്ട് തിരിച്ചെടുക്കാമെന്നും പിന്നീട് കോടികള്‍ ലാഭമുണ്ടാക്കാമെന്നുമാണ് കമ്പനി കരുതിയത്. പതിവുപോലെ തദ്ദേശവാസികള്‍ക്ക് തൊഴില്‍ വാഗ്ദാനമൊക്കെ നല്‍കി. എന്നാല്‍ അതംഗീകരിക്കാന്‍ ആദിവാസികള്‍ തയ്യാറായില്ല. ആരുടേയും അനുവാദത്തിനു കാത്തുനില്‍ക്കാതെ അവര്‍ പ്രക്ഷോഭമാരംഭിച്ചു. സമരത്തെ ഭീകരമായി അടിച്ചമര്‍ത്താനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ അതെല്ലാം പരാജയപ്പെടുത്തിയ തദ്ദേശവാസികള്‍ ഭരണകൂടത്തിനും കമ്പനിക്കും അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധം തീര്‍ത്തു. നീണ്ട ജയില്‍ വാസങ്ങളെയും മര്‍ദനങ്ങളെയും കൊലപാതക ശ്രമമടക്കം ഡസന്‍ കണക്കിന് കളളക്കേസുകളെയും ആഗോള കോര്‍പറേറ്റുകളുടെ പ്രലോഭനങ്ങളെയും അതിജീവിച്ചാണ് അവര്‍ പോരാട്ടത്തില്‍ ഉറച്ചുനിന്നത്.
പ്ലാച്ചിമട സമരംപോലെ ഒറ്റപ്പെട്ട സമരമായി തോന്നാമെങ്കിലും പോസ്‌കോ പോരാട്ടം അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയപോരാട്ടമായിരുന്നു. പ്രകൃതിവിഭവങ്ങള്‍ കൈയടക്കി അമിതലാഭം കൊയ്‌തെടുക്കാനുളള കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ സംരക്ഷകരായ ഭരണകൂടങ്ങള്‍ക്കുമെതിരെ അവയുടെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണ് എന്നു പ്രഖ്യാപിച്ചായിരുന്നു പോസ്‌കോ സമരം മുന്നേറിയത്. ഭൂമിയും പ്രകൃതിവിഭവങ്ങളും വനസമ്പത്തും ജലസ്രോതസുകളും കച്ചവട ചരക്കുകള്‍ മാത്രമാക്കുന്നതിനെതിരെ തലമുറകളായി, പ്രകൃതിയെ ആശ്രയിച്ച് അതിനെ ആരാധിച്ച് ജീവിക്കുന്ന അടിസ്ഥാന ജനത നടത്തിയ നിലനില്‍പ്പിനായ പോരാട്ടം. ആദിവാസികളെയും കര്‍ഷകരെയും പാവപ്പെട്ടവരേയും ഇരകളാക്കുന്ന വികസന പ്രക്രിയക്കെതിരെ മനുഷ്യന്റെയും പ്രകൃതിയുടെയും സന്തുലിതമായ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടിയുളള പോരാട്ടം. സിപിഐ പോലുള്ള പാര്‍ട്ടികള്‍ സമരത്തിനൊപ്പം അണിനിരന്നു. കോര്‍പ്പറേറ്റുകള്‍ക്കും സര്‍ക്കാരിന്റെ സായുധ സേനയ്ക്കും തകര്‍ക്കാനാവാത്ത സമരവീര്യവുമായിരുന്നു ഒഡിഷയില്‍ അരങ്ങേറിയത്. പ്ലാച്ചിമടസമരത്തില്‍ നേരിട്ട് അണിനിരന്നവരുടെ എണ്ണം വളരെ കുറവായിരുന്നെങ്കില്‍ അവിടെ ആയിരകണക്കിനുപേരായിരുന്നു ഓരോ പോരാട്ടത്തിലും പങ്കെടുത്തിരുന്നത്. ഇന്നവര്‍ കേസുകളില്‍ പെട്ടുഴലുകയാണ്. എന്നാല്‍ അവരുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ കോടതികളും നിസ്സഹായരാകുകയായിരുന്നു. ലോകത്തെമ്പാടും കോര്‍പ്പറേറ്റ് വിരുദ്ധ പോരാട്ടം നടത്തുന്നവര്‍ പോസ്‌കോ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ഒഡീഷയിലെ ദിന്‍കിയ, നവ്ഗാവ്, കര്‍ലുജപാം മേഖലകളിലെ ആദിവാസികളും കര്‍ഷകരും അവരുടെ ചെറുത്തുനില്‍പിന് ഐക്യദാര്‍ഢ്യം നല്‍കിയ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയ ത്യാഗോജ്ജ്വലമായ സമരമാണ് ഈ വിജയത്തിലേയ്ക്ക് നയിച്ചതെന്ന് പോസ്‌കോ പ്രതിരോധ സംഗ്രാം സമിതി അധ്യക്ഷനും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ അഭയ് സാഹു പറഞ്ഞു. പ്രകൃതിവിഭവങ്ങളും ഭൂമിയും വനങ്ങളും ജലസമ്പത്തും ഖാനികളും കൊളളയടിക്കാന്‍ ബഹുരാഷ്ട്ര കുത്തക കോര്‍പ്പറേഷനുകളും ഭരണകൂടവും ആസൂത്രണം ചെയ്ത ജനദ്രോഹ പദ്ധതിയാണ് തകര്‍ക്കപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഖ്യാതമായ പാരദ്വീപ് തുറമുഖത്തെ തകര്‍ക്കാനും സ്വകാര്യ തുറമുഖം പണിയാനുമുളള നീക്കവും ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വളരെ വൈകി, വൈമുഖ്യത്തോടുളള പ്രഖ്യാപനമാണ് സോളില്‍നിന്ന് വന്നിട്ടുളളത്. വന്‍ ജനകീയ ചെറുത്തുനില്‍പ്പിനുമുന്നിലും പിടിച്ചുനില്‍ക്കാനും മുന്നോട്ടുപോകാനുമുളള സകല ശ്രമങ്ങളും പരാജയമടഞ്ഞ പശ്ചാത്തലത്തിലാണ് ആഗോള കുത്തകയുടെ പിന്‍മാറ്റം. ഐതിഹാസികമായ ചെറുത്തുനില്‍പ്പ് സമരവിജയത്തിന് പിന്നില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുളള വിപുലമായ ഐക്യദാര്‍ഢ്യം വലിയ പങ്ക് വഹിച്ചതായി അഭയ്‌സാഹു പറഞ്ഞു. പോസ്‌കോയുടെ പിന്‍മാറ്റത്തോടെ സമരം അവസാനിക്കുന്നില്ലെന്നും ജനങ്ങളില്‍നിന്ന് ബലാല്‍ക്കാരമായി പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്നും അതിന് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ജനങ്ങള്‍ ഭൂമി തിരിച്ചുപിടിച്ച് പരമ്പരാഗതമായി തുടര്‍ന്നുവരുന്ന വെറ്റില കൃഷി പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വാസ്തവത്തില്‍ ഖനനത്തിനായുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ ഉയര്‍ത്തിയ പ്രതിഷേധങ്ങളോ, പാരിസ്ഥിതിക പ്രശ്‌നങ്ങളോ മാത്രമല്ല പദ്ധതി അവസാനിപ്പിക്കാന്‍ പോസ്‌കോയെ പ്രേരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ മൈനിംഗ് നിയമത്തില്‍ കൊണ്ടുവന്ന പരിഷ്‌കാരമാണ് കമ്പനിക്ക് തിരിച്ചടിയായത്. അതനുസരിച്ച് പോസ്‌കോയും ലേലത്തിലൂടെ ഖനന ലൈസന്‍സ് വാങ്ങണം. സൗജന്യമായി ലൈസന്‍സ് നല്‍കാമെന്ന ഒഡീഷ സര്‍ക്കാരിന്റെ നിലപാട് കേന്ദ്രം അനുവദിച്ചില്ല. ലേലത്തിലൂടെ ലൈസന്‍സ് വാങ്ങുന്നതിനുള്ള ചെലവ് നിസ്സാരമായിരിക്കില്ല എന്നവര്‍ക്കറിയാം. അതായിരുന്നു പദ്ധതി ഉപേക്ഷിക്കാന്‍ നിമിത്തമായത്. ജനകീയപോരാട്ടങ്ങളായിരുന്നു കേന്ദ്രത്തിനെ കൊണ്ട് ഇത്തരമൊരു നിലപാടിലെത്തിച്ചത് എന്നതു വേറെ കാര്യം. മാത്രമല്ല, എന്തെങ്കിലും രീതിയില്‍ ആ പ്രശ്‌നത്തിനു പരിഹാരമായാലും ജനകീയ പ്രക്ഷോഭം അവസാനിക്കില്ല എന്നും കമ്പനി മനസ്സിലാക്കി.
തീര്‍ച്ചയായും നിര്‍ധനരും നിരാശ്രയരുമായ കര്‍ഷകരും ആദിവാസികളും അവരുടെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനെതിരെ പ്രതിരോധമുയര്‍ത്തിയാല്‍ കോര്‍പ്പറേറ്റ് വികസനവാദികള്‍ക്കും പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് ഈ വിജയത്തോടെ ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെടുന്നത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply