പോരാട്ടം ഇഞ്ചോടിഞ്ച്
സംഭവബഹുലമായ ഒരുമാസത്തിലേറെ നീണ്ട പ്രചാരണങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ രണ്ടരക്കോടിയോളം സമ്മതിദായകര്‍ പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ഇരുമുന്നണികളും പ്രതീക്ഷയില്‍. തീര്‍ച്ചയായും ഇഞ്ചോടിഞ്ചുപോരാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിജെപിയും. നേരിയ മുന്‍തൂക്കം നേടാനാകുമെന്നാണ് അവസാനവട്ട വിലയിരുത്തലുകള്‍ക്ക് ശേഷം ഇരുമുന്നണികളും അവകാശപ്പെടുന്നത്. പ്രചാരണം തുടങ്ങിയതിനുശേഷം പോലും ജയസാധ്യതകള്‍ മാറിമറിയുന്ന കാഴ്ചയാണ് കേരളം കണ്ടത്. മുഖ്യമന്ത്രിക്കെതിരായ കോടതിപരാമര്‍ശം പോലും പ്രചാരണ സമയത്തുണ്ടായി. എന്നാല്‍ അതൊന്നും രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം കാര്യമായി വിജയിച്ചില്ല. സരിതയടക്കമുള്ള പ്രശ്‌നങ്ങളില്‍ പെട്ട് യുഡിഎഫ് കനത്ത പ്രതിസന്ധി നേരിടുമ്പോഴായിരുന്നു തെരഞ്ഞെടുപ്പ് […]
സംഭവബഹുലമായ ഒരുമാസത്തിലേറെ നീണ്ട പ്രചാരണങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ രണ്ടരക്കോടിയോളം സമ്മതിദായകര്‍ പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ഇരുമുന്നണികളും പ്രതീക്ഷയില്‍. തീര്‍ച്ചയായും ഇഞ്ചോടിഞ്ചുപോരാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിജെപിയും.
നേരിയ മുന്‍തൂക്കം നേടാനാകുമെന്നാണ് അവസാനവട്ട വിലയിരുത്തലുകള്‍ക്ക് ശേഷം ഇരുമുന്നണികളും അവകാശപ്പെടുന്നത്. പ്രചാരണം തുടങ്ങിയതിനുശേഷം പോലും ജയസാധ്യതകള്‍ മാറിമറിയുന്ന കാഴ്ചയാണ് കേരളം കണ്ടത്. മുഖ്യമന്ത്രിക്കെതിരായ കോടതിപരാമര്‍ശം പോലും പ്രചാരണ സമയത്തുണ്ടായി. എന്നാല്‍ അതൊന്നും രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം കാര്യമായി വിജയിച്ചില്ല.
സരിതയടക്കമുള്ള പ്രശ്‌നങ്ങളില്‍ പെട്ട് യുഡിഎഫ് കനത്ത പ്രതിസന്ധി നേരിടുമ്പോഴായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനം. പ്രതിപക്ഷമാകട്ടെ ടിപി വധത്തിലെ കോടതി വിധിയുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലുമായിരുന്നു. അതിനുശേഷം ഇരുമുന്നണികളും മാറി മാറി ഗോളടിക്കുകയായിരുന്നു. വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റായതായിരുന്നു യുഡിഎഫിന്റെ ആദ്യഗോള്‍. എന്നാല്‍ അധികം താമസിയാതെ ടിപി വധകേസിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കി, പേരിനു നടപടിയെടുത്ത്, വിഎസ് അച്യുതാനന്ദനെ രംഗത്തിറക്കാന്‍ സിപിഎമ്മിനു കഴിഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇരുമുന്നണികളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. യുഡിഎഫിനു തൃശൂര്‍, ചാലക്കുടി, വയനാട്, മലപ്പുറം, ഇടുക്കി പോലുള്ള മണ്ഡലങ്ങളില്‍ അതുണ്ടാക്കിയ പ്രശ്‌നങ്ങള്‍ മുഴുവനായി പരിഹരിക്കാന്‍ അവര്‍ക്കായിട്ടില്ല. അതുകൊണ്ടുമാത്രം ചില സീറ്റുകള്‍ അവര്‍ക്ക് നഷ്ടപ്പെടാം. മറുവശത്തും സ്ഥിതി വ്യത്യസ്ഥമല്ല. യാതൊരു തത്വദീക്ഷയുമില്ലാതെ 5 സ്വതന്ത്രന്മാരെ സിപിഎം മത്സരിപ്പിച്ചത് അണികള്‍ക്കുപോലും ദഹിച്ചിട്ടില്ല. ആര്‍എസ്പിയും കൊല്ലം മണ്ഡലവും സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ വേറെ. മത്സരിക്കുന്ന ഏക പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയെ വിജയിപ്പിക്കാനാവുമോ എന്ന ഭീതിയിലാണ് സിപിഎം. ആര്‍ എസ്പി പോയെങ്കിലും ജെഎസ്എസിനേയും സിഎംപിയിലെ ഒരു വിഭാഗത്തേയും ഒപ്പം കൂട്ടാന്‍ എല്‍ഡിഎഫിനു കഴിഞ്ഞു. എന്നാല്‍ ഈ മാറ്റങ്ങള്‍ മുന്നണി സംവിധാനത്തിന്റെ വിശ്വാസ്യത നശിപ്പിച്ചു എന്നത് വേറെ കാര്യം.
എം പി ഫണ്ടും കസ്തൂരിരംഗനുമായിരുന്നു പ്രചാരണത്തിലെ പ്രധാന വിഷയങ്ങള്‍. ഒപ്പം കേന്ദ്രഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും. എന്തായാലും ഇവിടെ നിന്നു ജയിച്ചുപോകുന്നവര്‍ അവിടെ ഒന്നിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. മൂന്നാം മുന്നണി എന്നവകാശപ്പെടുന്നവര്‍ യുപിഎക്കോ അതോ തിരിച്ചോ പിന്തുണ കൊടുക്കുക എന്നതുമാത്രമേ നോക്കേണ്ടതുള്ളു. അതിനാല്‍തന്നെ മത്സരത്തിലും ഒരു സൗഹൃദസ്വഭാവമുണ്ട്. എങ്കിലും അക്കാര്യത്തില്‍ അല്‍പ്പം മുന്‍കൈ യുഡിഎഫിനു തന്നെ.
മറുവശത്ത് തിരുവനന്തപുരവും കാസര്‍ഗോഡും പിടിക്കണമെന്ന വാശിയിലായിരുന്നു ബിജെപി. മോഡി തരംഗത്തിലെങ്കിലും കേരളത്തില്‍ നിന്നൊരു സീറ്റ് അവരുടെ രാഷ്ട്രീയ സ്വപ്നമാണ്. എന്നാല്‍ അതുനടക്കാനിടയില്ല എന്നാണ് പൊതുവിലയിരുത്തല്‍. എന്നാലും തിരുവനന്തപുരത്തും കാസര്‍കോട്ടും ത്രികോണ മത്സര പ്രതീതി സൃഷ്ടിക്കാന്‍ ബി.ജെ.പിക്കും കഴിഞ്ഞു. മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് മാറി ചിന്തിക്കുന്ന സ്വഭാവം മലയാളിക്കില്ലെങ്കിലും കഴിയുന്നത്ര വോട്ടുപിടിക്കാന്‍ ആം ആദ്മി പാര്‍ട്ടി രംഗത്തുണ്ട്. മുസ്ലിം വിഭാഗങ്ങളില്‍ തങ്ങളുടെ സ്വാധീനം തെളിയിക്കാന്‍ എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും രംഗത്തുണ്ട്. സംസ്ഥാനവ്യാപകമായി തങ്ങളുടെ സാന്നിധ്യം തെളിയിക്കാനുള്ള ശ്രമത്തിലാണ് ആര്‍എംപി. നോട്ട വന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അതിനോട് ജനം എങ്ങനെ പ്രതികരിക്കുന്നുവെന്നതും കാത്തിരുന്നു കാണാം. വലിയ പോര്‍വിളികളൊക്കെ നടത്തിയെങ്കിലും എന്‍എസ്എസ്, എസ്എന്‍ഡിപി പോലുള്ള സാമുദായിക സംഘടനകള്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ല. പോരാട്ടം രാഷ്ട്രീയമായി കഴിഞ്ഞു. സഭയുടെ ഇടപെടല്‍ മലയോരമേഖലകളില്‍ ചെറിയ സ്വാധീനം ഉണഅടാക്കിയേക്കാം. ബിഎസ്പി മത്സരരംഗത്തുണ്ടെങ്കിലും ദളിതര്‍ ഇനിയും കേരളത്തില്‍ രാഷ്ട്രീയ ശക്തിയായിട്ടില്ല. എന്‍ഡോസള്‍ഫാന്‍, കാതിക്കുടം, നേഴ്‌സസ് അസോസിയേഷന്‍ തുടങ്ങിയ സമരസംഘടനകള്‍ മത്സരരംഗത്തുണ്ടെങ്കിലും കാര്യമായ സ്വാധീനം ആരും പ്രതീക്ഷിക്കുന്നില്ല.
ആറ് മണ്ഡലങ്ങളില്‍ പ്രവചനാതീതമായ പോരാട്ടമാണ് നടക്കുന്നതെന്ന് പറയാം. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വടകര, കണ്ണൂര്‍, പാലക്കാട് എന്നിവയാണത്. ഇവയുടെ ഫലമനുസരിച്ചായിരിക്കും ഏതുമുന്നണിക്ക് നേരിയ മുന്‍തൂക്കം ലഭിക്കുക. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍, തൃശൂര്‍, ഇടുക്കി സീറ്റുകള്‍ ജയിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. അതേസമയം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മാവേലിക്കര, എറണാകുളം, ചാലക്കുടി, വയനാട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളില്‍ വിജയം ഉറപ്പിക്കാമെന്നാണ് യു.ഡി.എഫ് പറയുന്നത്. പാര്‍ലിമെന്റില്‍ കേരളത്തില്‍നിന്ന് സ്ത്രീ പ്രാതിനിധ്യം ഉണ്ടാകാനുള്ള സാധ്യത ഇക്കുറിയും കുറവാണ്.
ദേശീയ നേതാക്കള്‍ സജീവമായി കേരളത്തിലെത്തിയ പ്രചാരണമായിരുന്നു ഇക്കുറി നടന്നത്. പ്രചാരണ സമാപനദിനത്തില്‍ ബി.ജെ.പിക്കുവേണ്ടി നരേന്ദ്ര മോദി കാസര്‍കോട്ടും എല്‍.കെ. അദ്വാനി തിരുവനന്തപുരത്തും പൊതുസമ്മേളനങ്ങളില്‍ പങ്കെടുത്തു. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി കേരളം മുഴുവന്‍ കറങ്ങി പ്രചാരണം നടത്തി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണത്തിനത്തെിയിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ നേതാവ് എ.ബി. ബര്‍ദന്‍എന്നിവരെല്ലാം എല്‍.ഡി.എഫിന്റെ പ്രചാരണത്തിനും സജീവമായിരുന്നു.
കേരളത്തില്‍ 2009ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 10.11 ശതമാനം വര്‍ധനയുണ്ട്. വനിതാ വോട്ടര്‍മാര്‍ പത്ത് ശതമാനം വര്‍ധിച്ചു. വോട്ടര്‍മാരില്‍ 1,25,70,439 പേര്‍ വനിതകളാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in