പെരുമ്പാവൂരും അന്യസംസ്ഥാന തൊഴിലാളികളും

വി ആര്‍ രാജ്‌മോഹന്‍ മുമ്പൊക്കെ നാട് എവിടെ എന്ന ചോദ്യത്തിന് പെരുമ്പാവൂര്‍ എന്ന മറുപടി കേള്‍ക്കേണ്ട താമസം പലരും കളിയാക്കി ഒരു മറു ചോദ്യം ചോദിക്കാറുണ്ട് .’ഓ നിങ്ങളുടെ നാട്ടില്‍ മുഴുവന്‍ പെരുമ്പാമ്പുകളാണ് അല്ലേ?’.അതിന് ചെറിയൊരു വിശദീകരണം തന്നിട്ട് തന്നെ കാര്യത്തിലേക്ക് കടക്കാം. ഈ നിരീക്ഷണത്തില്‍ കാര്യമില്ലാതില്ല. കാരണം ഇപ്പോഴൂം പെരുമ്പാവൂരും പരിസര പ്രദേശത്ത് നിന്നും തന്നെയാണ് ഏറ്റവും അധികം പെരുമ്പാമ്പുകളെ പിടികൂടുന്നത്. പിന്നീട് കുറേ നാള്‍ പെരുമ്പാവുരുകാരനാണ് എന്ന് പറയുമ്പോള്‍ മിക്കവരും രവീന്ദ്രനാഥിന്റെ (പെരുമ്പാവൂര്‍ ജി.രവീന്ദ്ര […]

perumbavoor

വി ആര്‍ രാജ്‌മോഹന്‍
മുമ്പൊക്കെ നാട് എവിടെ എന്ന ചോദ്യത്തിന് പെരുമ്പാവൂര്‍ എന്ന മറുപടി കേള്‍ക്കേണ്ട താമസം പലരും കളിയാക്കി ഒരു മറു ചോദ്യം ചോദിക്കാറുണ്ട് .’ഓ നിങ്ങളുടെ നാട്ടില്‍ മുഴുവന്‍ പെരുമ്പാമ്പുകളാണ് അല്ലേ?’.അതിന് ചെറിയൊരു വിശദീകരണം തന്നിട്ട് തന്നെ കാര്യത്തിലേക്ക് കടക്കാം. ഈ നിരീക്ഷണത്തില്‍ കാര്യമില്ലാതില്ല. കാരണം ഇപ്പോഴൂം പെരുമ്പാവൂരും പരിസര പ്രദേശത്ത് നിന്നും തന്നെയാണ് ഏറ്റവും അധികം പെരുമ്പാമ്പുകളെ പിടികൂടുന്നത്. പിന്നീട് കുറേ നാള്‍ പെരുമ്പാവുരുകാരനാണ് എന്ന് പറയുമ്പോള്‍ മിക്കവരും രവീന്ദ്രനാഥിന്റെ (പെരുമ്പാവൂര്‍ ജി.രവീന്ദ്ര നാഥ്) കാര്യം തിരക്കും. ആകാശവാണിയിലെ ഉദ്യോഗവുമായി ബന്ധപ്പെട്ട് അദ്ദേഹം തലസ്ഥാന നഗരിയില്‍ സ്ഥിരതാമസമാക്കിയെങ്കിലും സ്വന്തം പേരിനോടൊപ്പം അഭിമാനത്തോടെ നാടിന്റെ പേരും ചേര്‍ത്ത് തന്നെയാണ് അറിയപ്പെടുന്നത്. പെരുമ്പാവൂര്‍ സ്വദേശികളായ പല പ്രമുഖരും സാമൂഹിക രാഷ്ട്രീയ  കലാ സാഹിത്യ പൊതുമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും അവരില്‍ ഏറ്റവും അധികം പേര്‍ നടന്‍ ജയറാമിന്റെ സ്വദേശം എന്ന നിലയില്‍ അടുത്ത കാലം വരെ ഞങ്ങളുടെ നാടിനെ കുറിച്ച് സംസാരിക്കുമ്പോള്‍ വിശേഷിച്ച് കേട്ടിരുന്നു. എന്നാല്‍ അതെല്ലാം പോയി മറഞ്ഞു എന്ന കാര്യം ചൂണ്ടി കാണിക്കുന്നതിന് വേണ്ടിയാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചത്.
അന്യ സംസ്ഥാന തൊഴിലാളികളുടെ സ്വന്തം നാട് എന്നാണ് ഇപ്പോള്‍ ഞങ്ങളുടെ പെരുമ്പാവൂര്‍ അറിയപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പത്രപ്രവര്‍ത്തനത്തിന് ശേഷം പത്ത് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചത്തെിയപ്പോഴായിരുന്നു അന്യ സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് ആദ്യമായി ശ്രദ്ധയില്‍ പെടുന്നത്. അതിന് കുറച്ച് നാളുകള്‍ മുമ്പ് അയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ നിന്ന് തൊഴിലാളികള്‍ വലിയ തോതില്‍ പെരുമ്പാവൂരില്‍ കാണപ്പെട്ടിരുന്നു. ചെറിയ കൈക്കോട്ടു(തൂമ്പ)മായി വീടുകളില്‍ വന്ന് മനോഹരമായി മണ്ണില്‍ പണിയെടുക്കുന്നവരായിരുന്നു അവര്‍. പട്ടണത്തിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്ന ‘പാണ്ടി’കളെ ആവശ്യക്കാര്‍ ചെന്ന് പണിയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോരുകയായിരുന്നു പതിവ്. ഒരിക്കല്‍ റിട്ടയേഡ് കോളജ് പ്രൊഫസറായ ബന്ധു അദ്ദേഹത്തിന്റെ പെരിയാറിന്റെ തീരത്തുള്ള പറമ്പില്‍ പണിയെടുക്കാനായി ഒരാളെ രാവിലെ തന്നെ പിടികൂടണമെന്നും പറവൂരിലെ തറവാട്ടില്‍ നിന്നും അദ്ദേഹം  വരുന്ന വരെ സൂക്ഷിച്ച് വെക്കണമെന്നും വിളിച്ച് പറയുകയുണ്ടായി. അതനുസരിച്ച് രാവിലെ ചെന്ന് മനസ്സിനിണങ്ങിയ ഒരു ചെറുപ്പക്കാരനെ കണ്ടത്തെി ഏല്പിച്ച് കൊടുക്കുകയും ചെയ്തു. വൈകുന്നേരമായപ്പോള്‍ അതാ ബന്ധുവിന്റെ ഫോണ്‍. എന്താണാവോ പയ്യന്‍ വല്ല വേണ്ടാതീനവും കാണിച്ചുവോ?. അല്പ നേരത്തേക്ക് ഒന്ന് അമ്പരന്നു. കാര്യം തീര്‍ത്തും നിസ്സാരമായിരുന്നു. എന്നാല്‍ പ്രൊഫസറെ സംബന്ധിച്ചിടത്തോളം പ്രശ്‌നം അല്പം ഗുരുതരമായിരുന്നു. പറമ്പില്‍ ജോലി എടുക്കും നേരം ആള്‍ക്ക് ഒരു മരങ്ങ് കുറവ് ഉണ്ടോ എന്നൊരു സംശയം. അതൊന്ന് ദൂരീകരിച്ച് കളയാമെന്ന് കരുതി   ചോദിച്ചപ്പോഴല്ലേ കാര്യം പുറത്ത് വന്നത്. പയ്യന്‍ നിസ്സാരക്കരനല്ല. തമിഴ് നാട്ടിലെ പ്രശസ്തമായ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 70ശതമാനം മാര്‍ക്കോടെ ബി.എസ്സി ഇലക്ട്രോണിക്‌സ് പാസ്സായ ആളാണത്രെ കക്ഷി. കുമാര്‍ എന്ന് പരിചയപ്പെട്ടപ്പോള്‍ പേര് പറഞ്ഞ താടിയും മുടിയും നീട്ടി വളര്‍ന്ന നിലയില്‍ കഴുത്തില്‍ തോര്‍ത്ത് ചുറ്റിയ ആ ചെറുപ്പക്കാരന്റെ നിസംഗത നിറഞ്ഞ മുഖം മനസ്സില്‍ ഇപ്പോഴുമുണ്ട്. നിരവധി കുട്ടികളെ കലാലയത്തില്‍ പഠിപ്പിച്ച ജീവശാസ്ത്ര അധ്യാപകനെ സംബന്ധിച്ചിടത്തോളം അതൊരു നീറുന്ന അനുഭവമായിരുന്നു. അവനെ കൊണ്ട് പണിയെടുപ്പിക്കാന്‍ തോന്നിയില്ലെന്ന് അദ്ദേഹം അങ്ങേയറ്റം വിഷമത്തോടെ പറയുകയുണ്ടായി. പുരട്ചി തലൈവി മുഖ്യമന്ത്രി പദത്തിലേക്ക് തിരികെ വന്നപ്പോള്‍ പാണ്ടികള്‍ അവരുടെ ഊരുകളിലേക്ക് മടങ്ങി. അന്യനാടുകളില്‍ പോയി പണിയെടുക്കുന്ന തമിഴ് മക്കള്‍ക്കായി ജയലളിത സര്‍ക്കാര്‍ പ്രത്യേകം പാക്കേജുകള്‍ പ്രഖ്യാപിച്ചുവത്രെ. ഏതായാലും കുമാറുള്‍പ്പെടെയുള്ള അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാര്‍ക്ക് അത് ഗുണം ചെയ്തിട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.
കാലം പിന്നേയും മുന്നോട്ട് പോയി. ചില മാധ്യമങ്ങള്‍ അടിമക്കച്ചവടം എന്നും മറ്റ് ചിലര്‍ മനുഷ്യ ചന്തയെന്നുമൊക്കെ വിശേഷിപ്പിച്ച് പോരുന്ന പെരുമ്പാവൂരിലെ സവിശേഷമായ ആ പ്രതിഭാസം അനുദിനം വികസിച്ചു. പാണ്ടികള്‍ക്ക് പകരം പുതിയ മേച്ചില്‍പുറങ്ങള്‍ തേടി എത്തിയവരെ ഞങ്ങള്‍   ‘ഭായി’മാര്‍ എന്ന് വിളിച്ചു. അവരില്‍ ബംഗാളികളും അസാമികളും ഒഡീഷക്കാരും ബീഹാറികളുമൊക്കൊ ഉണ്ടായിരുന്നു. രാജ്യത്തിന്റെ അതിരുകള്‍ക്ക് ഭരണകൂടങ്ങള്‍ നല്‍കുന്ന രാഷ്ട്രീയമാനങ്ങളേയും നിയമങ്ങളേയും കുറിച്ചൊക്കൊ അജ്ഞാരായവരും വംഗനാടിനെ സ്വന്തം നാടായി തന്നെ കണ്ട് അവിടേക്ക് എത്തപ്പെട്ടവരുമായ  നിരവധി പേരുണ്ട്. വ്യക്തമായ സ്വത്വബോധമോ കൃത്യമായ രാഷ്ട്രീയ അസ്തിത്വമോ ഒന്നും തന്നെ ഇല്ലാത്ത പൗതത്വ പ്രശ്‌നങ്ങളുടെ ഉള്ളുകളികളെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരു പറ്റം അവയിലുണ്ട്. ഭൗതിക സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍  ഇങ്ങനെ ബംഗ്‌ളാദേശില്‍ നിന്നും പലായനം ചെയ്യപ്പെട്ട നിരവധി മനുഷ്യ ജന്മങ്ങള്‍ തങ്ങളുടെ കര്‍മ്മഗതി അനുഭവിച്ച് തീര്‍ക്കുന്നതിന്റെ ഭാഗമായി ആദ്യം പശ്ചിമ ബംഗാളിലും പിന്നീട് കാതങ്ങള്‍ അകലെയുള്ള ‘ദൈവത്തിന്റെ സ്വന്തം’ നാട്ടിലേക്കും എത്തപ്പെട്ട പല യുവത്വങ്ങളും നേരത്തെ സൂചിപ്പിച്ച കര്‍മ്മഫലം ‘അനുഭവി’ച്ച് തീര്‍ക്കുകതയാണ്. പൊതു മേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്കിന്റെ പെരുമ്പാവൂരിലെ ശാഖയില്‍ നിന്നും പ്രതിദിനം അന്യ സംസ്ഥാന തൊഴിലാളികള്‍  തങ്ങളുടെ നാട്ടിലേക്ക് അയക്കുന്നത് കോടികളാണ്. മലയാളികള്‍ മടിച്ചും അറച്ചും നില്‍ക്കുന്ന തൊഴിലിടങ്ങളില്‍ എല്ല് മുറിയെ പണിയെടുത്ത് സമ്പാദിക്കുന്ന പണം ഉറ്റവര്‍ക്കായി അയക്കാന്‍ ബാങ്കിലത്തെുന്നവരോടുള്ള ജീവനക്കാരുടെ സമീപനം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. നാട്ടുകാര്‍ ഇതേ ആവശ്യത്തിനത്തെുമ്പാള്‍ നല്‍കുന്ന പരിഗണന അവര്‍ക്ക് നല്‍കാതിരിക്കുന്നതിന്റെ പിന്നിലെ യുക്തിയും ബുദ്ധിയും ഒന്ന്് വേറെ തന്നെയാണ്. തീര്‍ത്തും വര്‍ണ വിവേചനം എന്ന് വിശേഷിപ്പിക്കാന്‍ പോന്ന വിധമാണ് അവരോടുള്ള ബാങ്ക് അധികൃതരുടെ സമീപനം. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേകം ക്യൂ എന്നത് അവരുടെ സൗകര്യത്തിന് അല്ല മറിച്ച് മറ്റുള്ളവര്‍ക്ക് സൗകര്യമൊരുക്കാന്‍ ആണെന്നതില്‍ തര്‍ക്കമില്ല. നമ്മുശട കാര്യം കൃത്യമായി നടക്കണം എന്നതിലുപരി മറ്റൊന്നും അജണ്ടയിലില്ലാത്ത മലയാളിക്ക് അതില്‍ പ്രത്യേകിച്ച് മനുഷ്യാവകാശ ലംഘനമൊന്നും കണ്ട്  പിടിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അക്കാരണത്താല്‍ അത്തരം വേര്‍ തിരിവുകള്‍ വളരെ കൃത്യമായി തന്നെ അരങ്ങേറുന്നു.
ബസ്സിലും സിനിമാശാലയിലും ഷോപ്പിങ്ങ് സെന്ററുകളിലും ഒക്കെ  അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നാട്ടുകാരില്‍ നിന്ന് തിക്താനുഭവങ്ങള്‍ മാത്രമാണ് അധികവും ലഭിക്കാറുള്ളത്.  അവരുമായി അല്ലറ ചില്ലറ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുക എന്നത് നാട്ടുകാരില്‍ പലരും ഒരു അനുഷ്ടാനമായി കണക്കാക്കുന്നത് പോലെ  അനുഭവപ്പെടാറുണ്ട്. മണ്ണിന്റെ മക്കള്‍ വാദം എന്ന് വിശേഷിപ്പിക്കത്തക്ക വിധം പ്രശ്‌നം ഗുരുതരമായിട്ടില്ലെങ്കില്‍ തന്നേയും ചിലര്‍ അവരെ പരസ്യമായി തന്നെ കായികമായി നേരിടുന്ന കാഴ്ച പതിവാണ്. മലയാളത്തിലെ സകലമാന അശ്‌ളീല പദങ്ങളും അവര്‍ക്ക് നേരെ ചൊരിഞ്ഞ് സ്വയം ആഹ്‌ളാദചിത്തരാകുന്ന നമ്മുടെ നാട്ടുകാരെ ഏത് ഗണത്തിലാണ് പെടുത്തേണ്ടതെന്ന് അറിയില്ല. മലയാളത്തില്‍ പറയുന്ന തെറികളൊന്നും മനസ്സിലായില്ലെങ്കില്‍  നിങ്ങളുടെ ഭാഷയില്‍ പറയാനും ഞങ്ങള്‍ തയ്യാറാണ് എന്ന മട്ടില്‍ ഉത്തരേന്ത്യന്‍ ഭാഷയില്‍ ശകാരവര്‍ഷം നിര്‍വഹിക്കാന്‍ ത്യാഗപ്പെടുന്നവരെ  വാഴ്ത്തുക തന്നെ വേണം.പക്ഷെ കുറ്റം പറയരുതല്ലോ മലയാളി ഉത്തരേന്ത്യന്‍ ഭാഷകളും അന്യ സംസ്ഥാനക്കാര്‍ മലയാളവും വളരെ ഭംഗിയായി തന്നെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന കാര്യം തള്ളിക്കളയാവുന്നതല്ല. ആദ്യകാലങ്ങളില്‍ പെരുമ്പാവൂരില്‍ ചില റൂട്ടുകളിലെ സ്വകാര്യ ബസ്സുകളുടെ ബോര്‍ഡുകളിലും ആശുപത്രികളിലും മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് മുന്നിലും  ഹിന്ദിയില്‍  എഴുതിയിരിക്കുന്നത്  കൗതുകം നല്‍കിയിരുന്നു. പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ ഉദ്ദേശിച്ചാണ് അപ്രകാരം എഴുതിയിരിക്കുന്നതെന്നത് മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം കൗതുക വാര്‍ത്തയായിരുന്നു. പെരുമ്പാവൂര്‍ പട്ടണത്തില്‍ അന്നൊരു ദിവസം സംസ്ഥാന ആരോഗ്യ വകുപ്പിന്റെതായ മെഡിക്കല്‍ ക്യാമ്പിന്റെ ബാനര്‍ മുഴുവന്‍ തന്നേയും ഹിന്ദിയിലായില്‍ കണ്ട ഉടന്‍  പ്രാദേശിക ലേഖകന്റെ ശ്രദ്ധയില്‍ പെടുത്തിയ കാര്യം ഓര്‍ക്കുന്നു. എന്നാലിന്ന് ഏതെങ്കിലും ബോര്‍ഡില്‍ ഹിന്ദി കണ്ടില്ലെങ്കില്‍ മാത്രമാണ് വാര്‍ത്ത. ഒരു പക്ഷേ മറു നാട്ടുകാര്‍ സംസാരിക്കാന്‍ പഠിച്ചത് പോലെ എഴുതുവാനൂം വായിക്കുവാനും പഠിക്കുന്ന കാലം വിദൂരത്തല്ല. മലയാളം പഠിപ്പിക്കാന്‍ അന്യ സംസ്ഥാന തൊഴിലാളി എന്നത് അതിശയോക്തി അല്ലാതാകും. കാരണം മലയാളികള്‍ക്ക് മാത്രമായി പ്രത്യേക ജോലികള്‍ ഒന്നും സംവരണം ചെയ്യപ്പെട്ടിട്ടില്ലോ?. പെരുമ്പാവൂരില്‍ മുഖ്യമായി പൈ്‌ളവുഡ് മില്‍ കമ്പനികളില്‍ ജോലിയെടുക്കുന്നവര്‍ മുഴുവനും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഹോട്ടല്‍ തൊഴിലാളികളും ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ മലയാളികള്‍ അല്ലാതായി മാറിയിരിക്കുന്നു.
ഞായറാഴ്ചകള്‍  നഗരത്തിലേക്കിറങ്ങിയാല്‍ അന്യ സംസ്ഥാനക്കാരായ ചെറുപ്പക്കാര്‍ക്കായി പ്രത്യേക മാര്‍ക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും അവിടെ നിന്ന് തിരിച്ച് പിടിക്കുകയാണ് ഈ മാര്‍ക്കറ്റുകള്‍ എന്ന് പറഞ്ഞാല്‍ ഒരിക്കലും തെറ്റാണെന്ന് പറയാന്‍ കഴിയില്ല. കാരണം ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ വരെ യുവാക്കളെ ആകര്‍ഷിക്കുന്ന എന്ത് വേണോ അതെല്ലാം  അവിടെ കിട്ടും. അശ്ലീല സി.ഡികള്‍ മുതല്‍ ഹിന്ദിയിലെ ‘കൊച്ച് പുസ്തകം’ വരെയുള്ളവയും അവര്‍ക്കായി തയ്യാര്‍ ചെയ്തിട്ടുണ്ട് എന്ന് അറിയുമ്പോള്‍ നാം അന്യ സംസ്ഥാനക്കാരുടെ കാര്യത്തില്‍ എത്ര മാത്രം ശ്രദ്ധാലുക്കളാണെന്ന് ഓര്‍ക്കണം. മദ്യവും ലഹരി മരുന്നും ഒപ്പം നല്‍കാനും മറന്നിട്ടില്ലെന്ന് പത്ര വാര്‍ത്തകള്‍ തെളിയിക്കുന്നു.
അന്യ സംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാരുകളുടെ ഭാഗത്ത്  നിന്നും ക്രിയാത്മകമായ യാതൊരു നീക്കവും ഉണ്ടാകുന്നില്ല എന്നത്  ഖേദകരം തന്നെ .തൊഴില്‍ വകുപ്പിന്റെ കൈയില്‍ ഒരു കണക്കും കൃത്യമായി ഇല്ല. അനൗദ്യോഗിക കണക്കുള്‍ വെച്ചുള്ള കളികളാണ് അവര്‍ പയറ്റുന്നത്. കുറച്ച്  വര്‍ഷങ്ങള്‍ക്ക്  മുന്‍പ്  കൊച്ചിയില്‍ അന്യ ദേശക്കാര്‍ താമസിക്കുന്ന ഒരു കെട്ടിടം തകര്‍ന്ന് വീണ് കുറച്ച് പേര്‍ ദാരുണമായി കൊല്ലപ്പെടു യുണ്ടായി. അന്ന്  ലേബര്‍ ഉദ്യോഗസ്ഥന്മാര്‍ തലങ്ങും വിലങ്ങും റയിഡ്  നടത്തി മുഖം രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ആരും മറന്നിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളികളായി 25 ലക്ഷം പേര്‍ കേരളത്തില്‍ പണി ചെയ്യുന്നു എന്നൊരു കണക്ക് അടുത്തിടെ പല ചര്‍ച്ചകളിലും ഉദ്ധ രിച്ചു കണ്ടു. ഇത് കുറവ് ആകാനേ തരമുള്ളൂ. അവര്‍ക്ക്  അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍  തൊഴില്‍ ഉടമകള്‍ നല്‍കുന്നില്ല. അസംഘടിതായ അവരുടെ കാര്യത്തില്‍ മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും തന്നെ മുന്നോട്ട് വന്നിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പകരം ചില സര്‍ക്കാരേതര സംഘടനകള്‍ മാത്രമാണ് അവരുടെ പ്രശ്‌നങ്ങളില്‍  സജീവമായി ഇടപെടുന്നുള്ളൂ. മതങ്ങളുമായി ബന്ധമുള്ള ഇവരുടെ പ്രവര്‍തനങ്ങള്‍ നൂറു ശതമാനം സുതാര്യമായിരിക്കണം എന്ന്  നിര്‍ബന്ധം ഇല്ല.
വിഷയത്തിന്റെ സാമൂഹികമായ മാനത്തെ കുറിച്ച്  ഏതെങ്കിലും വിധത്തിലുള്ള പഠനങ്ങള്‍ ആരെങ്കിലും ഇത് വരെ നടത്തിയതായി അറിവില്ല.അതിനുള്ള സമയം വൈകി എന്ന കാര്യത്തില്‍ സംശയം വേണ്ട തില്ല. അതിനായുള്ള ശ്രമങ്ങള്‍ക്ക്  തുടക്കം കുറിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍ കൈയ്യെടുക്കേണ്ടി യിരിക്കുന്നു. അല്ലാത്ത പക്ഷം ഭാവിയില്‍ ഗുരുതര മായ പല പ്രശ്ങ്ങള്‍ക്കും അത് വഴി വെക്കും എന്ന കാര്യം ഉറപ്പാണ് .അതൊഴിവാക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെ പ്രതിനിധികളേയും വിദഗ്ദരേയും ഉള്‍പ്പെടുത്തിയുള്ള സമിതിയാണ് ആദ്യം വേണ്ടത്. അത്തരം ഒരു സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ച് കൊണ്ട്  സമഗ്രമായ ഒരു നയത്തിന് എത്രയും പെട്ടെന്ന് രൂപം കൊടുക്കുകയാണ് തുടര്‍ന്ന് ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: unorganised | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply