പൂരം തകര്‍ക്കാന്‍ ഗൂഢാലോചന : ആനയുടമകളുടെ തമാശ
വര്‍ദ്ധിക്കുന്ന ആനപീഡനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാകുകയും അതിനെതിരെ സര്‍ക്കാരും കോടതിയും രംഗത്തുവരുകയും ചെയ്തപ്പോള്‍ പുതിയ തന്ത്രവുമായി ആനയുടമകള്‍. ആഘോഷങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ വിദേശ ഗൂഢാലോചന നടക്കുന്നത്രെ. എന്നാല്‍ ഏതു വിദേശിയാണ് ഇത്തരം ഗൂഢാലോചന നടത്തുന്നതെന്ന് വ്യക്തമല്ല. . ഫൈബര്‍ ആനയെ വച്ച് ഉത്സവം നടത്തുന്നതിനെ കുറിച്ച് ആലോചിച്ചുകൂടെ എന്ന് ഹോളിവുഡ് നടിയും മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയുടെ രക്ഷാധികാരികൂടിയായ പമേല ആന്‍ഡേഴ്‌സന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയതായിരിക്കാം വിദേശ ഗൂഢാലോചന. വിഷയത്തെ വളച്ചൊടിച്ച് ആനയെ വെച്ചുള്ള തങ്ങളുടെ കച്ചവടം തുടരാനുള്ള തന്ത്രമല്ലാതെ […]
വര്‍ദ്ധിക്കുന്ന ആനപീഡനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാകുകയും അതിനെതിരെ സര്‍ക്കാരും കോടതിയും രംഗത്തുവരുകയും ചെയ്തപ്പോള്‍ പുതിയ തന്ത്രവുമായി ആനയുടമകള്‍. ആഘോഷങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ വിദേശ ഗൂഢാലോചന നടക്കുന്നത്രെ. എന്നാല്‍ ഏതു വിദേശിയാണ് ഇത്തരം ഗൂഢാലോചന നടത്തുന്നതെന്ന് വ്യക്തമല്ല. . ഫൈബര്‍ ആനയെ വച്ച് ഉത്സവം നടത്തുന്നതിനെ കുറിച്ച് ആലോചിച്ചുകൂടെ എന്ന് ഹോളിവുഡ് നടിയും മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയുടെ രക്ഷാധികാരികൂടിയായ പമേല ആന്‍ഡേഴ്‌സന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയതായിരിക്കാം വിദേശ ഗൂഢാലോചന. വിഷയത്തെ വളച്ചൊടിച്ച് ആനയെ വെച്ചുള്ള തങ്ങളുടെ കച്ചവടം തുടരാനുള്ള തന്ത്രമല്ലാതെ മറ്റെന്താണ് ഈ പ്രസ്താവന?
ആചാരങ്ങളോടുള്ള വെല്ലുവിളിയായാണ് ഈ വിഷയത്തെ ആനയുടമകള്‍ വിശേഷിപ്പിക്കുന്നത്. അതും സാമുദായിക വികാരം ഇളക്കിവിടാനുള്ള തന്ത്രം മാത്രം. ഒരാചാരവും ശാശ്വതമല്ല. ഒരു ഘട്ടത്തില്‍ ഉണ്ടാകുന്നതും പിന്നീട് ഇല്ലാതാവുന്നതുമാണ്. ആനയെഴുന്നള്ളിപ്പുകള്‍ ഇല്ലാത്തയിടങ്ങളില്‍ പോലും അവയുണ്ടാകുന്നതും ആനകളുടെ എണ്ണം കൂടുന്നതും എങ്ങനെയാണ്? പിന്നില്‍ കച്ചവട താല്‍പ്പര്യം തന്നെ. ഗുരുവായൂരില്‍ ഇപ്പോള്‍ ആനയെ നടയിരുത്താന്‍ ആന വേണ്ട, പണം മതി. അതെങ്ങിനെയാണ്? അധസ്ഥിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പണ്ടു കഴിഞ്ഞിരുന്നോ? ചുരിദാറിട്ട് ക്ഷേത്രത്തില്‍ കടക്കാന്‍ കഴിഞ്ഞിരുന്നോ? എല്ലാം മാറ്റത്തിനു വിധേയമാണ്. അത്തരമൊരു മാറ്റം ഉത്സവങ്ങള്‍ക്കും വരുത്തേണ്ട സമയമായി. ഉത്സവങ്ങള്‍ക്കുമാത്രമല്ല ഉദ്ഘാടനങ്ങള്‍ക്കും സ്വീകരണങ്ങള്‍ക്കും വിനോദസഞ്ചാരമേഖലകളിലെ സവാരിക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആന എഴുന്നളളിപ്പു സംബന്ധിച്ച കോടതി നിരീക്ഷണങ്ങളേയും നിയമങ്ങള്‍ കര്‍ക്കശമാക്കാനുള്ള കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടേയും നീക്കത്തെ ചെറുക്കാന്‍ ആനയുടമകള്‍ പറയുന്നതിങ്ങനെ. നൂറ്റാണ്ടുകള്‍ പഴക്കമുളള തൃശൂര്‍ പൂരം ഉള്‍പ്പെടെ ഇല്ലാതാക്കാന്‍ വിദേശസഹായം തേടുന്ന ചില എന്‍.ജി.ഒകള്‍ ശ്രമിക്കുന്നതിനെ എന്തുവില കൊടുത്തും പരാജയപ്പെടുത്തും. സുപ്രയുടെ നിരീക്ഷണങ്ങള്‍ ഭാഗികമായെങ്കിലും അംഗീകരിച്ച് ഉത്സവങ്ങള്‍ക്ക് ആനയെ വിട്ടുകൊടുക്കില്ല എന്നു തീരുമാനിച്ച് ഗുരുവായൂര്‍ ദേവസ്വത്തേയും കുറ്റപ്പെടുത്താന്‍ അവര്‍ മടിച്ചില്ല. ആന ഉടമസ്ഥരെ കച്ചവടക്കാരായി ചിത്രീകരിക്കുന്നതാണത്രെ അവരെ വേദനിപ്പിക്കുന്നത്. ആന പ്രത്യക്ഷ ഗണപതിയാണെത്രെ. എന്നിട്ടാണ് ഈ പീഡനം. പീഡനത്തിനുള്ള പ്രതികരണമെന്നോണം കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ 526 പേരെയാണ് ആനകള്‍ കൊല്ലപ്പെടുത്തിയത്. രണ്ടാളെ കൊന്ന കടുവയെ കൊല്ലാന്‍ എന്തായിരുന്നു നമ്മുടെ വേവലാതി. അതേ വേവലാതി ഇവിടെ കാണിക്കാത്തതെന്താണ്? കടുവയെപോലെ ആനയും കാട്ടുമൃഗമാണല്ലോ. നാട്ടാന എന്നൊക്കെ ഓമനപേരിട്ടിരിക്കുന്നതാണല്ലോ.
എന്തായാലും ചില നടപടികള്‍ സ്വീകരിക്കാന്‍ ഉടമകള്‍ തയ്യാറായി. അത്രയും നന്ന്. ആനകളുടെ ക്ഷേമത്തിന് ട്രസ്റ്റ് രൂപീകരിക്കുന്നു. ആനകളുടെ തലയെടുപ്പ് ഉള്‍പ്പെടെയുളള മത്സരങ്ങള്‍ ഒഴിവാക്കും. നാട്ടാനകള്‍ക്കു പരിശോധന നടത്താന്‍ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കും. സ്വകാര്യ വ്യക്തികളുടെ ക്ഷേത്രങ്ങളിലെ എഴുന്നളളിപ്പ് സമയം ക്രമീകരിക്കും. പകല്‍ എഴുന്നള്ളിപ്പുകള്‍ പരമാവധി കുറക്കും.
അതിനിടെ നാട്ടാന പരിപാലനത്തിന് വനംവകുപ്പ് മാര്‍ഗ്ഗരേഖ പുറത്തിറക്കയിട്ടുണ്ട്. നാട്ടാനകള്‍ക്ക് ആനക്കൂടുകള്‍ നിര്‍ബന്ധമാണെന്ന് മാര്‍ഗ്ഗരേഖയില്‍ പറയുന്നു. മൂന്നു മാസത്തിനകം ഉടമകള്‍ ആനക്കൂടുകള്‍ നിര്‍മ്മിക്കണം. അല്ലാത്തപക്ഷം 25,000 രൂപ പിഴ ചുമത്തും. കാലതാമസം വരുത്തുന്ന ഓരോ ദിവസവും 500 മുതല്‍ 4000 രൂപ വരെ അധിക പിഴ ചുമത്തും. കൂടാതെ ഉടമയുടെ ഉടമസ്ഥാവകാശവും റദ്ദാക്കുമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു. ഇതെല്ലാമാണ് ആനയുടമകളെ പ്രകോപിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തം.
അമിതമായ ജോലിഭാരവും പീഡനങ്ങളും മദമുള്ളപ്പോള്‍ പോലും എഴുന്നള്ളിക്കുന്നതും മറ്റുമാണ് ആനകളിടയാന്‍ കാരണമാകുന്നത്. ഉത്സവങ്ങള്‍ക്ക് ആരാധനാലയങ്ങളുടെ മതില്‍ക്കെട്ടിനകത്ത് മൂന്നില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുക, പകല്‍ 11 മുതല്‍ മൂന്നുമണിവരെ ആനയെഴുന്നള്ളത്തുകള്‍ നടത്തുക, മൂന്നുമണിക്കൂറില്‍ കൂടുതല്‍ സമയം ആനകളെ തുടര്‍ച്ചയായി എഴുന്നള്ളിക്കുക തുടങ്ങിയ നിയമവിരുദ്ധമായ നടപടികള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നു. മൂന്നില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നുണ്ടെങ്കില്‍ സംസ്ഥാന വനംസെക്രട്ടറിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണം, മൂന്ന് ആനകളെയാണെങ്കില്‍ ജില്ലാകലക്ടറുടെ പക്കല്‍നിന്നും 72 മണിക്കൂറിനു മുന്നേ അനുമതിപത്രം വാങ്ങണം. ആനകള്‍ക്ക് മദമില്ലെന്നും പരുക്കുകള്‍ ഇല്ലെന്നും വ്യക്തമാക്കി എഴുന്നള്ളിപ്പു ദിവസം എഴുന്നള്ളിപ്പ് സ്ഥലത്തെ വെറ്ററിനറി സര്‍ജന്‍ നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എഴുന്നള്ളിക്കാവൂ, പകല്‍ എഴുന്നള്ളിച്ച ആനകളെ രാത്രി എഴുന്നള്ളിക്കരുത്, എഴുന്നള്ളിപ്പുകഴിഞ്ഞ് 12 മണിക്കൂര്‍നേരം വിശ്രമം നല്‍കിയ ശേഷമേ ആനകളെ പിന്നീട് എഴുന്നള്ളിക്കാവൂ, എഴുന്നള്ളിപ്പ് സ്ഥലത്ത് 12 മണിക്കൂര്‍ മുന്നേ ആനകളെ എത്തിച്ചിരിക്കണം തുടങ്ങിയ 2008 മാര്‍ച്ച് 16 ലെ കേരള ഹൈക്കോടതി വിധികളെല്ലാം ലംഘിക്കപ്പെടുകയാണ്. 14 ദിവസം മുന്നേ ലഭ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ആനകളെ തുടര്‍ച്ചയായി എല്ലാദിവസവും രാവുംപകലും എഴുന്നള്ളിക്കുകയാണ്.
അടിസ്ഥാനപരമായി ആന കാട്ടുമൃഗമാണ്. കാട്ടില്‍ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ജീവി. ചൂടുകൂടിയാല്‍ മണിക്കൂറുകളോളം കാട്ടരുവികളില്‍ കുളിച്ചുതിമര്‍ക്കുന്ന ജീവി. ഇടയുന്ന ആനകള്‍ മിക്കപ്പോഴും ജലാശയങ്ങളിലിറങ്ങിയാണല്ലോ നീരാടുന്നത്. വൃക്ഷലതാതികളുടെ തണല്‍പറ്റി ഗര്‍വ്വോടെ തലയുയര്‍ത്തി നടക്കുന്ന കാട്ടിലെ രാജാവ്.. അവനെയാണ് മണിക്കൂറുകളോളം പൊരി വെയിലത്ത് അനങ്ങാന്‍ പോലും അനുവദിക്കാതെ നിര്‍ത്തി നാം പൊരിക്കുന്നത്.. ദൈവമാകട്ടെ അവന് നല്കിയത് കറുത്ത ശരീരം. കറുപ്പ് താപവികിരണങ്ങളെ ഒന്നടങ്കം ആഗിരണം ചെയ്യുമെന്ന് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാം. പോരെങ്കില്‍ ഇത് ആഗോളതാപനത്തിന്റെ കാലവും. മദപ്പാടുപോലും മറച്ചുവെച്ച് ആനകളെ എഴുന്നള്ളിക്കാന്‍ മടിക്കാത്തവരാണ് ആന ഉടമകളും ഏജന്റുമാരും പാപ്പാന്മാരും. അതിനെതിരായ അവബോധം ചെറിയ രീതിയിലെങ്കിലും വളര്‍ന്നു വരുന്നത് കാണുമ്പോഴാണ് വിദേശ ഗൂഢോലോചനാവാദവുമായി ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in