പുറകോട്ടു നടക്കുന്ന കേരളം
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത് മതരഹിത, ജാതിരഹിത വിവാഹങ്ങളാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ വാര്‍ത്ത പോലുമാകാതിരുന്ന സംഭവങ്ങളാണ് കേരളപ്പിറവിയുടെ 61-ാം വര്‍ഷത്തില്‍ ആഘോഷിക്കേണ്ടിവരുന്നത് എന്നതാണ് ഖേദകരം. അതോടൊപ്പം തന്നെയാണ് ഹാദിയ വിഷയവും തൃപ്പൂണിത്തറ ഖര്‍ വാപ്പസി കേന്ദ്രവും ദളിത് പൂജാരിയുടെ നിയമനവുമെല്ലാം വന്‍വാര്‍ത്താപ്രാധാന്യം നേടുന്നത്. കേരളം പുറകോട്ട് നടക്കുകയാണ് എന്നുതന്നെയാണ് ഈ കേരളപ്പിറവി ദിനത്തില്‍ ആര്‍ക്കും നിസ്സംശയം പറയാന്‍ കഴിയുക. ബിജെപിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് കേരളത്തെ ദേശീയതലത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണമുന്നയിച്ച്, ഇടതുചിന്താഗതിക്കാരുടെ നേതൃത്വത്തില്‍ കേരളം […]
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത് മതരഹിത, ജാതിരഹിത വിവാഹങ്ങളാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ വാര്‍ത്ത പോലുമാകാതിരുന്ന സംഭവങ്ങളാണ് കേരളപ്പിറവിയുടെ 61-ാം വര്‍ഷത്തില്‍ ആഘോഷിക്കേണ്ടിവരുന്നത് എന്നതാണ് ഖേദകരം. അതോടൊപ്പം തന്നെയാണ് ഹാദിയ വിഷയവും തൃപ്പൂണിത്തറ ഖര്‍ വാപ്പസി കേന്ദ്രവും ദളിത് പൂജാരിയുടെ നിയമനവുമെല്ലാം വന്‍വാര്‍ത്താപ്രാധാന്യം നേടുന്നത്. കേരളം പുറകോട്ട് നടക്കുകയാണ് എന്നുതന്നെയാണ് ഈ കേരളപ്പിറവി ദിനത്തില്‍ ആര്‍ക്കും നിസ്സംശയം പറയാന്‍ കഴിയുക.
ബിജെപിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് കേരളത്തെ ദേശീയതലത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണമുന്നയിച്ച്, ഇടതുചിന്താഗതിക്കാരുടെ നേതൃത്വത്തില്‍ കേരളം നമ്പര്‍ വണ്‍ എന്ന കാമ്പയിന്‍ നടക്കുമ്പോഴാണ് ഈ വര്‍ഷം കേരളപ്പിറവിദിനം കടന്നുവരുന്നത്. ഇപ്പോഴിതാ വാഷിംഗ്ടണ്‍ പോസ്റ്റ് കേരളത്തെ കമ്യൂണിസ്റ്റ് വിജയഗാഥ എന്നു വിശേഷിപ്പിച്ചതിനേയും പ്രചരണായുധമാക്കുന്നു. വാസ്തവമെന്താണ്? കാര്‍ഷിക, വ്യവസായിക, ഉല്‍പ്പാദന മേഖലകളിലെല്ലാം കേരളം വളരെ പുറകിലാണ്. സാമൂഹ്യ – സാംസ്‌കാരിക മേഖലകളിലാണ് കേരളം മുന്‍നിരയില്‍ എന്ന് പറയാന്‍ കഴിയുക. ഇപ്പോഴാകട്ടെ അവിടെയും നാം പുറകോട്ട് പോകുകയാണ്. വാസ്തവത്തില്‍ കേരളപ്പിറവിക്കുമുമ്പ, എന്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനുമുമ്പുനടന്ന നവോത്ഥാനമുന്നേറ്റങ്ങളാണ് കേരളത്തിന്റെ മുഖഛായ മാറ്റിയത്. കമ്യൂണിസ്റ്റുകാര്‍ പലപ്പോഴും പറയാറുള്ളത് തങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് കേരളത്തെ മാറ്റി മറിച്ചതെന്നാണ്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണം നടന്നത് 1939ലായിരുന്നു. എന്നാല്‍ പ്രധാന നവോത്ഥാന മുന്നേറ്റങ്ങളെസ്സാം നടന്നത് അതിനുമുമ്പായിരുന്നു. മാറ് മറക്കാനുള്ള ആദ്യസമരം നടന്നത് 1859 ലായിരുന്നു. അയ്യന്‍കാളിയുടെ വില്ല് വണ്ടി യാത്ര നടന്നത് 1893 ലും ദളിതര്‍വേണ്ടി കുടിപള്ളികൂടം സ്ഥാപിച്ചത് 1905 ലും കല്ലുമാല വലിച്ചെറിഞ്ഞു മാറുമറയ്ക്കാന്‍ സമരം നടന്നത് 1915 ലുമായിരുന്നു. പന്തിഭോജനം 1917ലും വൈക്കം സത്യാഗ്രഹം 1924ലും .ഗുരുവായൂര്‍ സത്യാഗ്രഹം 1931ലുമാണ് നടന്നത്. അരുവിപ്പുറം പ്രതിഷ്ഠയടക്കമുള്ള മറ്റു മിക്കവാറും നവോത്ഥാന മുന്നേറ്റങ്ങളും നടന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനുമുമ്പുതന്നെ. ആ നവോത്ഥാനധാര പിന്നീട് മുരടിക്കുകാണുണ്ടായത്. ദേശീയപ്രസ്ഥാനവും മിഷണറിമാരും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമൊക്കെ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും നവോത്ഥാനധാരയെ കൈവിട്ടതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ പിന്‍യാത്രക്കുള്ള കാരണം. പൊതുവില്‍ സാമ്പത്തിക മാത്രവാദത്തിലേക്ക് കേരളം മാറുകയായിരുന്നു. മിശ്രഭോജനത്തിനും ക്ഷേത്രപ്രവേശനവിളംബരത്തിനുമൊന്നും തുടര്‍ച്ചയുണ്ടായില്ല. അതിനാലാണ് മിശ്രഭോജനത്തിനു 100 വര്‍ഷത്തിനുശേഷവും മിശ്രവിവാഹങ്ങള്‍ വലിയ വാര്‍ത്തകളാകുന്നത്. ഹാദിയയെ പോലുള്ളവര്‍ വീട്ടുതടങ്കലില്‍ കിടക്കുന്നത്. മതംമാറ്റം വലിയ കുറ്റമാകുന്നത്. ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് ഇപ്പോഴും പ്രവേശനമില്ലാത്തത്. ദളിത് പൂജാരിമാര്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ക്കുള്ള നീക്കം നടക്കുന്നത്. ഈ വിഷയം തന്നെയാണ് ഈ വര്‍ഷത്തെ കേരളപ്പിറവിയില്‍ ചര്‍ച്ചയാകേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതല്ല നടക്കുന്നത്. ജനരക്ഷായാത്രയും ജനജാഗ്രതാ യാത്രയും പടയൊരുക്കവും പരസ്പരാരോപണങ്ങളും കേരളത്തിനെതിരായ പ്രചരണങ്ങളും നമ്പര്‍ വണ്‍ കാമ്പയിനും സിപിഎം – ബിജെപി സംഘര്‍ഷങ്ങളും വര്‍ഗ്ഗീയപ്രചരണങ്ങളും അഴിമതി വാര്‍ത്തകളുമാണ് അരങ്ങു തകര്‍ക്കുന്നത്.
വാസ്തവത്തില്‍ ഇന്ത്യയെന്നത് വൈവിധ്യമാര്‍ന്ന നിരവധി ദേശീയതകളുടെ സമുച്ചയമാണ്. കൊളോണിയല്‍ കാലഘട്ടമില്ലായിരുന്നെങ്കില്‍ വ്യത്യസ്ത രാഷ്ട്രങ്ങള്‍ തന്നെ ഇവിടെ ഉണ്ടാകുമായിരുന്നു. യൂറോപ്പില്‍ നിലനിന്നിരുന്ന ലാറ്റിന്‍ ആധിപത്യത്തിനെതിരെ പ്രാദേശികഭാഷകള്‍ വളര്‍ന്നുവരുകയും അവസാനം ദേശീയരാഷ്ട്രരൂപീകരണത്തില്‍ എത്തുകയും ചെയ്തപോലുള്ള സംഭവവികാസങ്ങള്‍ ഇവിടേയും ആരംഭിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ കൊളോണിയല്‍ ആധിപത്യം. ചരിത്രഗതിയെ വഴിമാറ്റിവിട്ടു. പിന്നീട് കൊളോണിയല്‍ വിരുദ്ധ സമരത്തിലുണ്ടായ ഐക്യമാണ് ഇന്ത്യയെന്ന രാജ്യത്തിന്റെ രൂപീകരണത്തിന്റെ അടിത്തറയായത്. പക്ഷെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ചരിത്രപരമായ വളര്‍ച്ച വളറെയധികം വ്യത്യസ്ഥമാണ്. ഇന്നും അങ്ങനെതന്നെ. അവ തമ്മില്‍ താരതമ്യം ചെയ്ത് നമ്മള്‍ മുന്നിലാണ്, അവര്‍ പിന്നിലാണ് എന്ന വാദം തന്നെ അര്‍ത്ഥരഹിതമാണ്. നമ്മുടെ പ്രയാണം മുന്നോട്ടോ പുറകോട്ടോ എന്നാണ് പരിശോധിക്കേണ്ടത്. അപ്പോള്‍ കാണുന്നത് നിരാശ മാത്രമാണ്. ക്രസമാധാനം, സാമുദായിക സാഹോദര്യം, ഭരണക്ഷമത, അഴിമതിയില്ലായ്മ, മനുഷ്യവികസന സൂചികകള്‍, സാക്ഷരത, ആളോഹരി വരുമാനം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലാണ് കേരളം മുന്നിലാണെന്ന അവകാശവാദം. ആയിരിക്കാം. എന്നാല്‍ ഇവയില്‍ മിക്കതിലും അടുത്ത കാലത്തായി കേരളം പുറകോട്ടടിക്കുകയാണെന്നതാണ് വസ്തുത. ഓരോ വിഷയമെടുത്ത് സൂക്ഷ്മമായി പരിശോധിച്ചാലും ഇതു വ്യക്തമാകും.
തീര്‍്ച്ചയായും പ്രതേകം പരാമര്‍ശിക്കേണ്ട ചില വിഭാഗങ്ങളുണ്ട്. ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, ലൈംഗികന്യൂനപക്ഷങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, അസംഘടിത തൊഴിലാളി വിഭാഗങ്ങള്‍, ഇതരസംസ്ഥാനത്തൊഴിലാളികള്‍, ഭിന്നശേഷിക്കാര്‍, വൃദ്ധര്‍, കുട്ടികള്‍ എന്നിങ്ങനെ പോകുന്നു അത്. കേരളപ്പിറവിക്കുശേഷം കാര്യമായ മാറ്റമൊന്നും ഇവരുടെ ജീവിതത്തിലുണ്ടായിട്ടില്ല. ഭൂപരിഷ്‌കരണത്തില്‍ പുറന്തള്ളപ്പെട്ട ദളിതര്‍ ഇപ്പോഴും ഭൂരഹിതരോ മുന്നുസെന്റുകാരോ ആയി അവശേഷിക്കുന്നു. ക്രയവിക്രയത്തിനു ഭൂമിയില്ലാത്തതിനാല്‍ സംരംഭകമേഖലയിലോ ഗള്‍ഫിലോ അവരുടെ സാന്നിധ്യം തുലോം തുച്ഛം. സ്വന്തം വിദ്യാഭ്യാസസ്ഥാപനങ്ങളില്ലാത്തതിനാല്‍ ആ മേഖലയിലും പ്രാതിനിധ്യമില്ല. വനത്തിന്റെ ഉടമകളായ ആദിവാസികളില്‍ വലിയൊരു ഭാഗവും ഇപ്പോള്‍ ഭൂരഹിതരാണ്. കടലിന്റെ ഉടകളായിരുന്ന മത്സ്യത്തൊഴിലാളികളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. വഴി നടക്കാനുള്ള അവകാശ ംപോലും അവര്‍ക്ക നിഷേധിക്കപ്പെടുന്നു. സ്വന്തം വീടുകള്‍ പോലും സുരക്ഷിതമല്ലാത്ത അവസ്ഥ. കുട്ടികളുടേയും വൃദ്ധരുടേയും ഭിന്നശേഷിക്കാരുടേയും അവസ്ഥയും വ്യത്യസ്ഥമല്ല. ട്രാന്‍സ്‌ജെന്റര്‍ പോളിസിയൊക്കെയുണ്ടെങ്കിലും ലൈംഗികന്യൂനപക്ഷങ്ങളെ മനുഷ്യരായി അംഗീകരിക്കാന്‍ ബഹുഭൂരിപക്ഷവും തയ്യാറല്ല. നഴ്‌സുമാര്‍, പീടികത്തൊഴിലാളികള്‍, അണ്‍ എയ്ഡഡ് അധ്യാപകര്‍ എന്നിങ്ങനെ തുച്ഛം വേതനം ലഭിക്കുന്നവരുടെ എണ്ണം ലക്ഷങ്ങളാണ്. ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് മാന്യമായ ജീവിതം ഇനിയും ലഭ്യമല്ല. ഇസ്ലാമോഫോബിയയുടെ വളര്‍ച്ച മുസ്ലിം വിഭാഗങ്ങളെ അരക്ഷിതരാക്കുന്നു. അവഗണനയാല്‍ വൃദ്ധരും അമിതഭാരങ്ങളാല്‍ കുട്ടികളും പീഡിപ്പിക്കപ്പെടുന്നു. ഇത്തരത്തില്‍ ജനസംഖ്യയില്‍ പകുതിയേക്കാള്‍ കൂടുതല്‍ പേര്‍ക്ക് സാമൂഹ്യനീതിയും മാന്യമായ ജീവിതവും നിഷേധിച്ചാണ് നമ്മള്‍ 61-ാം ജന്മദിനത്തിലേക്ക് കടക്കുന്നത്. സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ചൂണ്ടികാട്ടി ന്യായീകരിക്കാവുന്നതല്ല ഇതൊന്നും.
വര്‍ദ്ധിക്കുന്ന ജീവിതചര്യരോഗങ്ങളും കഴുത്തറപ്പന്‍ കച്ചവടമായി മാറിയ ആരോഗ്യമേഖലയും ആത്മഹത്യകളും മദ്യവും ഗുണനിലവാരം നഷ്ടപ്പെട്ട വിദ്യാഭ്യാസരംഗവും തകര്‍ന്നു തരിപ്പണമായ കാര്‍ഷികമേഖലയും മുരടിച്ച വ്യവസായരംഗവും കുത്തകകള്‍ അനധികൃതമായി കയ്യടക്കിയിരിക്കുന്ന തോട്ടങ്ങളും തലതിരിഞ്ഞ വികസനനയത്താല്‍ നശിക്കുന്ന പശ്ചമിമഘട്ടവും വനങ്ങളും പുഴകളും നീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും വര്‍ദ്ധിക്കുന്ന വ്യവസായിക – നഗരവല്‍ക്കരണ മാലിന്യങ്ങളും കുറ്റകൃത്യങ്ങളും രാഷ്ട്രീയസംഘര്‍ഷങ്ങളും സദാചാരപോലീസിംഗും എന്നിങ്ങനെ സമൂഹത്തെ പുറകോട്ടടിപ്പിക്കുന്ന പ്രവണതകളുടെ പട്ടിക നീളുമ്പോഴാണ് ഈ കേരളപിറവി ദിനം കടന്നു വരുന്നത്. കൃഷിയും വ്യവസായവുമില്ലാത്ത നാടിനെ രക്ഷിക്കുന്നത് ഗള്‍ഫും ഭാഗ്യക്കുറിയും മദ്യവില്‍പ്പനയുമാണ്. അടിത്തറയില്ലാത്ത അവകാശവാദങ്ങള്‍ കൈവിട്ട്, യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി കാണാനാണ് ഈയവസരത്തിലെങ്കിലും നാം തയ്യാറാകേണ്ടത്. അല്ലെങ്കില്‍ വാഷിംഗടണ്‍ പോസ്റ്റ് പറഞ്ഞപോലെ കമ്യൂണിസ്റ്റുകാര്‍ക്ക് ഇപ്പോഴും സ്വപ്നം (മാത്രം) കാണാവുന്ന സ്ഥലമായി കേരളം മാറുമെന്നതില്‍ സംശയം വേണ്ട.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in