പിണറായി നയം വ്യക്തമാക്കുമ്പോള്‍

പാര്‍ട്ടി സെക്രട്ടറിയായി 15 വര്‍ഷം തികഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് പിണറായി വിജയനെതേടി ജീവിതത്തിലെ ഏറ്റവും വലിയ വിജയം എത്തിയത്. സ്വാഭാവികമായും ഇടതുപക്ഷത്തു പൊതുവെ സന്തോഷവും വലതുപക്ഷത്തു നിരാശയുമാണ് കോടതിവിധി സമ്മാനിച്ചത്. ഇരുപക്ഷത്തും തിരിച്ചു ചിന്തിക്കുന്നവരുണ്ടെന്നത് സത്യം. എല്‍ഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി ആരാണെന്നതില്‍ തീരുമാനമായി. സംഘടനാരംഗത്തുനിന്ന് പാര്‍ലിമെന്ററി രാഷ്ട്രീയത്തിലേക്ക് പിണറായി തിരിച്ചുവരുന്നു. മുഖ്യമന്ത്രിപദത്തിനായി കുപ്പായം തുന്നിയ ചില പാര്‍ട്ടിനേതാക്കളെങ്കിലും നിരാശരായിട്ടുണ്ട്. വിഎസിന്റെ നിലപാടാകട്ടെ അദ്ദേഹത്തിന്റെ മുഖഭാവം തന്നെ വ്യക്തമാക്കി. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ വിധിയോടെ പിണറായി കരുത്തനും വിഎസും ഉമ്മന്‍ചാണ്ടിയും […]

pinarayi-vijayan1പാര്‍ട്ടി സെക്രട്ടറിയായി 15 വര്‍ഷം തികഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് പിണറായി വിജയനെതേടി ജീവിതത്തിലെ ഏറ്റവും വലിയ വിജയം എത്തിയത്. സ്വാഭാവികമായും ഇടതുപക്ഷത്തു പൊതുവെ സന്തോഷവും വലതുപക്ഷത്തു നിരാശയുമാണ് കോടതിവിധി സമ്മാനിച്ചത്. ഇരുപക്ഷത്തും തിരിച്ചു ചിന്തിക്കുന്നവരുണ്ടെന്നത് സത്യം. എല്‍ഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി ആരാണെന്നതില്‍ തീരുമാനമായി. സംഘടനാരംഗത്തുനിന്ന് പാര്‍ലിമെന്ററി രാഷ്ട്രീയത്തിലേക്ക് പിണറായി തിരിച്ചുവരുന്നു. മുഖ്യമന്ത്രിപദത്തിനായി കുപ്പായം തുന്നിയ ചില പാര്‍ട്ടിനേതാക്കളെങ്കിലും നിരാശരായിട്ടുണ്ട്. വിഎസിന്റെ നിലപാടാകട്ടെ അദ്ദേഹത്തിന്റെ മുഖഭാവം തന്നെ വ്യക്തമാക്കി. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ വിധിയോടെ പിണറായി കരുത്തനും വിഎസും ഉമ്മന്‍ചാണ്ടിയും ദുര്‍ബ്ബലരുമായി.
ലഡുവിതരണത്തോടൊപ്പം ഗംഭീരമായ പത്രസമ്മേളനവും നടത്തിയാണ് പിണറായി വിജയം ആഘോഷിച്ചത്. പിണറായിയുടെ വാക്കുകള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. എന്നാല്‍ വരികള്‍ക്കിടയല്‍ ഒളിഞ്ഞുകിടക്കുന്ന അപകടകരമായ നിലപാടുകള്‍ കാണാതിരിക്കുന്നത് ഗുണകരമായിരിക്കില്ല. മഞ്ഞ പത്രങ്ങളെയും മഹാനേതാക്കളേയും അതുപോലെ വലതുപക്ഷത്തേയും തീവ്ര ഇടതുപക്ഷത്തേയും സമീകരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടേയും പാര്‍ട്ടിക്കാരല്ലാത്തവരുടേയും അംഗീകാരത്തിനു താന്‍ ഒട്ടും വിലകല്‍പ്പിക്കുന്നില്ലെന്നും പാര്‍ട്ടിക്കു അംഗീകരിക്കാത്ത വിശുദ്ധിയില്‍ കാര്യമില്ലെന്നും ആര്‍ക്കും മനസ്സിലാകുംവിധം അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവില്‍ നിന്നുണ്ടാകേണ്ട നിലപാടാണോ ഇതെന്നതുതന്നെയാണ് ചോദ്യം.
കിഴക്കന്‍ യൂറോപ്പ്, ചൈനീസ് സംഭവവികാസങ്ങളെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനാധിപത്യവിരുദ്ധമായ ഉള്ളടക്കത്തെ കുറിച്ച് ലോകത്തെങ്ങുമുള്ള ചിന്തകര്‍ ചൂണ്ടികാട്ടി. പല രാജ്യങ്ങളിലേയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്യം ജനാധിപത്യവല്‍ക്കരണത്തിനു വിധേയമാകുകയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളായി പരിവര്‍ത്തനപ്പെടുകയും ചെയ്തു. എന്നാല്‍ അതിനു നേരം മുഖം തിരിച്ചുനിന്ന ലോകത്തെ തന്നെ പ്രധാന കമ്യൂണിസ്റ്റ് പാര്‍ട്ടി സിപിഎം ആയിരുന്നു. മനുഷ്യനു കുരങ്ങനാകാന്‍ കഴിയില്ലെന്ന അരാഷ്ട്രീയ യുക്തിയില്‍ അത്തരം നീക്കങ്ങളെ ചെറുത്തത് സാക്ഷാല്‍ ഇഎംഎസ് തന്നെയായിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന പല നേതാക്കളും ആ ദിശയില്‍ ചിന്തിക്കാന്‍ ആരംഭിച്ചിരുന്നു. പക്ഷെ പിണറായി സെക്രട്ടറി സ്ഥാനത്തെത്തിയതോടെ ആ ചിന്തകള്‍ക്ക് വിരാമമായി. ജനാധിപത്യവല്‍ക്കരണത്തിന്റേതായ ഇക്കാലത്തും പാര്‍ട്ടിയെ സ്റ്റാലിനിസ്റ്റ് ചട്ടക്കൂടില്‍ നിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കി. ഏറെ ജനപിന്തുണയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വിഎസിനെ പോലും തളച്ചു. പാര്‍ട്ടിയാണു, ജനങ്ങളല്ല മുഖ്യമെന്ന ഇപ്പോള്‍ പറഞ്ഞ നിലപാടുതന്നെയായിരുന്നു അദ്ദേഹം പ്രാവര്‍ത്തികമാക്കിയത്. കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് കാര്‍ക്കശ്യവും പരിപൂര്‍ണ്ണമായ പാര്‍ട്ടി പ്രതിബദ്ധതയും അനിവാര്യമാണെന്ന പരമ്പരാഗത വിശ്വാസം തിരിച്ചു പിടിക്കുകയാണ് ഇക്കാലയളവില്‍ പിണറായി മുഖ്യമായും ചെയ്തത്. നായനാരും വിഎസും പിന്നീട് ബേബിയും ഐസക്കും മറ്റും ഉണ്ടാക്കിയെടുത്ത സൗഹാര്‍ദ്ദപൂര്‍ണ്ണമായ അന്തരീക്ഷത്തെ പിണറായി തകര്‍ത്തു എന്ന ആരോപണം ശക്തമാണ്. അതേസമയം ആ സമീപനമാണ് രൂക്ഷമായ പ്രതിസന്ധികളിലും പാര്‍ട്ടിയെ പിടിച്ചു നിര്‍ത്തിയത് എന്ന വാദവും പ്രസക്തമാണ്. അങ്ങനെ ബംഗാളില്‍ പോലും തകര്‍ന്നെങ്കിലും കേരളത്തില്‍ പാര്‍ട്ടി പിടിച്ചു നില്‍ക്കുന്നു. പക്ഷെ, അതിനൊരു മറുവശവുമുണ്ടായി. ജനാധിപത്യ ബൂര്‍ഷ്വാ പാര്‍ട്ടികളെ മാത്രം ബാധിക്കുമെന്നു വിശ്വസിക്കപ്പെട്ടിരുന്ന അഴിമതി പോലുള്ള പ്രതിഭാസങ്ങളെ തടയാന്‍ അദ്ദേഹത്തിനായില്ല എന്നതാണ് തമാശ. അത്തരം പാര്‍ട്ടികളില്‍ നിന്ന് മോശം വശങ്ങള്‍ സിപിഎമ്മിനെ ബാധിച്ചത് തടയാന്‍ അദ്ദേഹത്തിനായില്ല. അഴിമതി വിരുദ്ധനെന്ന ഇമേജ് വിഎസിനാണല്ലോ.
ജനാധിപത്യത്തോടുള്ള സിപിഎമ്മിന്റെ നിലപാട് മറ്റു പാര്‍ട്ടികളോടുള്ള സമീപനങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്രതിപക്ഷബഹുമാനമെന്ന ജനാധിപത്യത്തിന്റെ കാതലായ വിഷയത്തില്‍ പാര്‍ട്ടി വളരെ പുറകിലാണ്. കണ്ണൂരിലും മറ്റും മറ്റു പാര്‍ട്ടികള്‍ പോലും ഈ രീതി പിന്തുടരുന്നതില്‍ സിപിഎമ്മിന്റെ പങ്ക് ഏറെയാണ്. കെ സുധാകരനെ സൃഷ്ടിച്ചത് സത്യത്തില്‍ മറ്റാരാണ്? അവസാനം സിപിഎം ഓഫീസ് പച്ച പെയിന്റ് അടിക്കാനുള്ള ചങ്കൂറ്റം പോലും മുസ്ലിംലീഗ് കാണിക്കുന്ന അവസ്ഥയിലെത്തി. എങ്കിലും കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്ക് അല്‍പ്പം കുറവുണ്ടായിട്ടുണ്ട്. പാര്‍ട്ടി ഏറെ വിമര്‍ശിക്കപ്പെട്ട ടിപി ചന്ദ്രശേഖരന്‍, ഷുക്കൂര്‍ വധങ്ങള്‍ക്കുശേഷം പ്രതിച്ഛായ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോല്‍ പിണറായി. വിഎസ് വിഭാഗം ദുര്‍ബ്ബലമായതോടെ ഔദ്യോഗിക പക്ഷത്തില്‍തന്നെ മറ്റു ഗ്രൂപ്പുകള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഈ കോടതിവിധിയോടെ എല്ലാം അപ്രസക്തമായിരിക്കുന്നു. ഇപ്പോല്‍ പാര്‍ട്ടിയല്‍ കാരാട്ടിനേക്കാള്‍, യച്ചൂരിയേക്കാള്‍ ശക്തന്‍ തന്നെയാണ് പിണറായി. പാര്‍ട്ടിയുടെ കേരള ഘടകം വളരെ സമ്പന്നമാണ് എന്ന കാരണവും അതിനു പുറകിലുണ്ട്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊണ്ട പിണറായി ഗ്രാമത്തില്‍ നിന്നാണ് പിണറായി എകെജി സെന്ററിലെത്തിയത്. ആ ഗ്രാമത്തിന്റെ പ്രസിദ്ധി പിന്നെ അദ്ദേഹത്തിന്റെ പേരിലായി. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വളരെ ചെറുപ്പത്തിലാണ് അദ്ദേഹം അമരത്തെത്തുന്നത്. അതിനു കാരണം പാര്‍ട്ടിയിലെ വിഭാഗീയതകളായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ പിണറായിയുടെ മുഖ്യശത്രുവായ വിഎസ് ആണ് വിഭാഗീയതയുടെ ഭാഗമായി പിണറായിയെ നേതൃത്വത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. എന്നാല്‍ പിന്നീടുള്ള പാര്‍ട്ടിയുടെ ചരിത്രം ഇവര്‍ തമ്മിലുള്ള പോരിന്റെ ചരിത്രമായി. പോരില്‍ ജയിച്ചു നില്‍ക്കുന്നത് പഴയ ശിഷ്യന്‍ തന്നെ. രാഷ്ട്രീയ പ്രബുദ്ധതയെ കുറിച്ചുള്ള മലയാളിയുടെ പൊള്ളയായ അവകാശവാദം പിണറായിയുടെ വിജയത്തില്‍ വ്യക്തമാണ്. ആശയസമരമെന്ന പേരില്‍ വി എസ് ഈ പോരാട്ടത്തില്‍ ആശ്രയിച്ചത് ജനങ്ങളെയാണ്. ജനങ്ങളില്‍ വലിയൊരുവിഭാഗവും എഴുത്തുകാരും ബുദ്ധിജീവികളും മാധ്യമങ്ങളും മറ്റും വിഎസിനു പുറകില്‍ അണി നിരന്നെന്ന തോന്നല്‍ സൃഷ്ടിക്കപ്പെട്ടു. വിഎസ് ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഭരണത്തിലിരുന്നപ്പോള്‍ എന്തുചെയ്തു എന്ന ചോദ്യം പോലും വിസ്മരിക്കപ്പെട്ടു. മറുവശത്ത് പിണറായി ആശ്രയിച്ചത് പാര്‍ട്ടിയെ മാത്രമായിരുന്നു. പാര്‍ട്ടിയും ജനങ്ങളും എന്ന രീതിയില്‍ അവതരിക്കപ്പെട്ട പോരാട്ടത്തില്‍ പാര്‍ട്ടി ജയിച്ചു. അതാണ് സത്യത്തില്‍ മലയാളി. ദൈനംദിന ജീവിതത്തില്‍ നമുക്കാവശ്യം ബുദ്ധിജീവികളോ എഴുത്തുകാരോ മാധ്യമങ്ങളോ അല്ലല്ലോ. പാര്‍ട്ടിയാണല്ലോ. അമിതമായ ഈ കക്ഷിരാഷ്ട്രീയവല്‍ക്കരണണാണ് ഇന്ന് നമ്മുടെ ശാപം എന്നത് മറ്റൊരു കാര്യം. ഇപ്പോഴിതാ പിണറായി ഈ നിലപാട് ആവര്‍ത്തിക്കുന്നു.
മാധ്യമവിചാരണയുടെ ഇക്കാലത്ത് മാധ്യമങ്ങളെ നില്‍ക്കേണ്ടിടത്തു നിര്‍ത്തുന്ന എക രാഷ്ട്രീയ നേതാവാണ് ഇന്ന് പിണറായി. മിക്കവാറും മറ്റെല്ലാവരും തന്നെ ഗുഡ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി മാധ്യമങ്ങള്‍ക്കു പുറകിലാണ്. ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുപോലും മാധ്യമങ്ങള്‍ക്കുമുന്നില്‍ സുസ്‌മേരവദനനായി അഭിനയിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ജനാധിപത്യവ്യവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് പ്രാധാന്യമുണ്ടെങ്കിലും അത് രാഷ്ട്രീയക്കാരനു മുകളിലല്ല എന്ന സത്യമാണ് പിണറായി നിരന്തരം ഓര്‍മ്മിപ്പിക്കുന്നത്. ജീര്‍ണ്ണതയുടെ കാര്യമാണെങ്കില്‍ മാധ്യമങ്ങളും മോശമല്ല എന്നതും ഓര്‍ക്കുന്നത് നന്ന്. അതുപോലെ തന്നെ എല്ലാറ്റിന്റേയും അവസാന വാക്കാണെന്നു കരുതുന്ന സാസ്‌കാരിക നായകരോടുള്ള പ്രതികരണവും. എംഎന്‍ വിജയന്‍ അന്തരിച്ചപ്പോള്‍ അദ്ദേഹം നല്ല അധ്യാപകനായിരുന്നു എന്ന പ്രതികരണം ഓര്‍ക്കുക. അതുപോലെ കെഇഎന്‍ ഉയര്‍ത്തി കൊണ്ടുവന്ന സ്വത്വവാദത്തെ തകര്‍ത്ത രീതിയും.
കുറ്റം ചെയ്യാത്ത ഒരാളും ശിക്ഷിക്കപ്പെടരുതെന്നതില്‍ സംശയമില്ല. പക്ഷെ ജനാധിപത്യ വ്യവസ്ഥയോടുള്ള സമീപനം പുനപരിശോധിക്കാന്‍ തയ്യാറായാല്‍ മാത്രമേ ഇനിയുള്ള കാലം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രസക്തിയുള്ളു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ അദ്ദേഹവും പാര്‍ട്ടിയും തയ്യാറാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പിണറായി നയം വ്യക്തമാക്കുമ്പോള്‍

  1. …ലാവ്‌ ലിന്‍ കേസില്‍ പിണറായിയുടെ കുറ്റകരമായ പങ്ക്,ഏതാനും മഞ്ഞ-മാധ്യമങ്ങളുടെ നുണകളെ മാത്രം ആശ്രയിച്ചുള്ളതായിരുന്നോ? വീയെസ്സടക്കമുള്ള സീപിയെമ്മിലെ പല നേതാക്കളും,സീപീഐ ,ആര്‍ എസ് പി തുടങ്ങിയ ഇടതുപക്ഷ പാര്‍ടികളും പൊതുരംഗത്തെ പല വ്യക്തിത്വങ്ങളും,ജനങ്ങളില്‍ വലിയൊരു വിഭാഗവും അദ്ദേഹത്തിന്പങ്കുണ്ടെന്നു ന്യായമായും കരുതിയിരുന്നു.അന്വേഷണ ഏജന്‍സികള്‍ നല്‍കിയ തെളിവുകളനുസരിച്ച് അതു സ്ഥിരീകരിക്കുമാറുള്ള വിധികളും നിരീക്ഷണങ്ങളും ഇതിനുമുന്‍പ് കോടതിയില്‍നിന്നുണ്ടായിട്ടില്ലേ?അക്കാര്യങ്ങള്‍ അങ്ങനെതന്നെ നില്‍ക്കെ,സീബിഐ കോടതിയില്‍നിന്നുള്ള ഒരു വിധിയോടെ,എല്ലാം കീഴ്മേല്‍ മറിയുന്നതെങ്ങനെ?അങ്ങനെ മറിഞ്ഞോട്ടെ എന്ന് ഭരണകക്ഷിക്കാര്‍ ഏതോ അവിശുദ്ധപ്രേരണയാല്‍ കരുതുന്നതിനനുസരിച്ചു പൊതുജനങ്ങളും കരുതേണ്ടതുണ്ടോ?
    ബൂര്‍ഷ്വാകോടതിയുടെ ഒരു വിധിയുടെ കച്ചിത്തുരുമ്പില്‍ പിടിച്ചു നെഞ്ചുവിരിക്കുന്ന പിണറായിയെ ഇതുവരെ വിയര്‍പ്പിച്ചിരുന്ന തെളിവുകള്‍ സീബീഐയുടെ ഫയലുകളില്‍ നിന്നും ആവിയായിപ്പോയിട്ടില്ല എന്ന് വിശ്വസിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നു.

Leave a Reply