പാര്‍ട്ടി പ്ലീനത്തിന് കൊടിയുയരുമ്പോള്‍

സി.പി.എം. സംസ്ഥാന പ്ലീനം ആരംഭിക്കുകയാണ്. കേരളത്തില്‍ കാര്യമായി ചര്‍ച്ച ചെയ്തില്ലെങ്കിലും ചൈനയിലെ പാര്‍ട്ടി പ്ലീനത്തിനു ശേഷമാണ് സിപിഎമ്മിന്റെ പ്ലീനം നടക്കുന്നത്. പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകുമ്പോഴാണ് സാധാരണനിലയില്‍ പാര്‍ട്ടി പ്ലീനം നടക്കാറ്. ഇത്തവണ അത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നും എന്നാല്‍ സംഘടനാപരമായി ചില ദൗര്‍ബല്യങ്ങള്‍ നിലനില്ക്കുന്നുണ്ടെന്നും അവ ചര്‍ച്ച ചെയ്യുന്നതിനാണ് പ്ലീനം വിളിച്ചുചേര്‍ത്തിട്ടുള്ളതെന്നുമാണ് നേതാക്കള്‍ വിശദീകരിക്കുന്നത്. വിഎസ് വിഷയം പ്ലീനത്തില്‍ ചര്‍ച്ചാവിഷയം പോലുമാകില്ല എന്നും നേതാക്കള്‍ പറയുന്നു. സംഘടനയുടെ അടിതൊട്ട് മുടിവരെയുള്ള ഘടകങ്ങളില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് […]

CPM301

സി.പി.എം. സംസ്ഥാന പ്ലീനം ആരംഭിക്കുകയാണ്. കേരളത്തില്‍ കാര്യമായി ചര്‍ച്ച ചെയ്തില്ലെങ്കിലും ചൈനയിലെ പാര്‍ട്ടി പ്ലീനത്തിനു ശേഷമാണ് സിപിഎമ്മിന്റെ പ്ലീനം നടക്കുന്നത്. പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകുമ്പോഴാണ് സാധാരണനിലയില്‍ പാര്‍ട്ടി പ്ലീനം നടക്കാറ്. ഇത്തവണ അത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നും എന്നാല്‍ സംഘടനാപരമായി ചില ദൗര്‍ബല്യങ്ങള്‍ നിലനില്ക്കുന്നുണ്ടെന്നും അവ ചര്‍ച്ച ചെയ്യുന്നതിനാണ് പ്ലീനം വിളിച്ചുചേര്‍ത്തിട്ടുള്ളതെന്നുമാണ് നേതാക്കള്‍ വിശദീകരിക്കുന്നത്. വിഎസ് വിഷയം പ്ലീനത്തില്‍ ചര്‍ച്ചാവിഷയം പോലുമാകില്ല എന്നും നേതാക്കള്‍ പറയുന്നു. സംഘടനയുടെ അടിതൊട്ട് മുടിവരെയുള്ള ഘടകങ്ങളില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഈ പ്ലീനത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. രണ്ട് സമ്മേളനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക സമ്മേളനം ചേരുന്ന രീതി കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കുണ്ടെന്നും ടൂണ്ടികാട്ടപ്പെടുന്നു.
അതേസമയം പാര്‍ട്ടി അംഗങ്ങളില്‍ വളരുന്ന തെറ്റായ പ്രവണതകളും ജീവിതശൈലികളും മൂല്യതകര്‍ച്ചയുമാണ് പ്ലീനത്തിലെ പ്രധാന ചര്‍ച്ചാവിഷയമെന്നാണ് അറിയുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് ബൂര്‍ഷ്വാഭൂപ്രഭു ഭരണവര്‍ഗം നേതൃത്വം നല്കുന്ന സമൂഹത്തിലാണെന്നും അതുകൊണ്ടുതന്നെ തൊഴിലാളിവിരുദ്ധമായ നിരവധി ആശയങ്ങള്‍ സമൂഹത്തില്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും ഇതു മനസ്സിലാക്കിക്കൊണ്ട് തെറ്റായ മൂല്യങ്ങളെ പ്രതിരോധിക്കുന്നതിന് ഉതകുന്ന ചര്‍ച്ചകളും സമീപനങ്ങളും രൂപവത്കരിക്കുക എന്നതാണ് പ്ലീനത്തിന്റെ പ്രധാന ഉദ്ദേശമെന്നും എ കെ ബാലന്‍ തന്നെ സമ്മതിച്ചു. പാര്‍ട്ടി അംഗങ്ങള്‍ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും നല്ലൊരു നാളേക്കായി ജനങ്ങളെ സംഘടിപ്പിക്കുന്നതിനും കഴിയേണ്ടവരാണ്, അതുകൊണ്ടുതന്നെ ഉന്നതമായ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്, ഈ സമീപനം എത്രത്തോളം നിലനില്ക്കുന്നുണ്ട് എന്ന പരിശോധന ഈ പ്ലീനത്തില്‍ ഉണ്ടാകും, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശക്തിപ്പെടുകയും വര്‍ഗീയമായ മൂല്യങ്ങള്‍ കടന്നുവരികയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് അതിനെതിരായുള്ള പ്രതിരോധങ്ങള്‍ സമൂഹത്തില്‍ രൂപപ്പെടുത്തുന്നതിന് ഉതകുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടും, കമ്യൂണിസ്റ്റ്മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനുള്ള വിമര്‍ശനസ്വയം വിമര്‍ശനങ്ങളുടേതായ ഒരു രീതി ഈ പ്ലീനത്തില്‍ ഉണ്ടാകും എന്നിങ്ങനെ പോകുന്നു ബാലന്റെ വിശദീകരണം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇതു ശരിവെക്കുന്നു.
നേതാക്കള്‍ കാര്യങ്ങള്‍ ഇത്തരത്തില്‍ ലഘൂകരിക്കുമ്പോഴും പ്രശ്‌നം വളരെ സങ്കീര്‍ണ്ണമാണെന്ന് അണികളും സാധാരണ പ്രവര്‍ത്തകരും പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഉണ്ടെന്നാരോപിക്കപ്പെടുന്ന മൂല്യതകര്‍ച്ചകള്‍ വളരെ ഗൗരവപരമാണ്. അത് ഏറ്റവും താഴേക്കിടയില്‍ നിന്ന് ഏറ്റവും മുകള്‍ത്തട്ടുവരെയുണ്ടെന്നും ചൂണ്ടികാട്ടപ്പെടുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനമോഹികളാകുന്നു എന്നതാണതില്‍ മുഖ്യം. സഹകരണസംഘങ്ങള്‍ മുതല്‍ മുകളിലേക്കുള്ള വിവിധ സ്ഥാനങ്ങളില്‍ കയറി പറ്റാനുള്ള പ്രവണത അതിശക്തമാണ്. കയറിപറ്റിയാല്‍ സ്വന്തക്കാരെ പ്രധാന പോസ്റ്റുകളില്‍ നിയമിക്കാനും ഇവര്‍ക്കൊരു മടിയുമില്ല. തൊഴില്‍ ലഭിക്കാനുള്ള ഒരു എളുപ്പമാര്‍ഗ്ഗം മാത്രമാണ് പലര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനം. കൂടാതെ സ്ഥാനങ്ങളില്‍ കയറിപറ്റിയവര്‍ നല്ല അഴിമതിക്കാരുമായി മാറുന്നെന്നും രൂക്ഷമായ വിമര്‍ശനമുണ്ട്. വിസനപ്രവര്‍ത്തനങ്ങളില്‍ കരാറുകാരില്‍ നിന്ന് കമ്മീഷന്‍ വാങ്ങുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു. മണല്‍ മാഫിയയുമായി പോലും പല സഖാക്കള്‍ക്കും ബന്ധമുണ്ട്. അത്തരത്തില്‍ പല പാര്‍ട്ടിക്കാരും വന്‍ പണക്കാരായി മാറിയിരിക്കുന്നു. ഒപ്പം ദൈനംദിനജീവിതം സുഖലോലുപമായി മാറുന്നു. കാറുകളില്‍ മാത്രമാണ് മിക്കവരുടേയും യാത്ര. മറുവശത്ത് പാര്‍ട്ടിപരിപാടികളിലും സമരങ്ങളിലും ഇവരുടെ സാന്നിധ്യം കുറയുന്നതായും ചൂണ്ടികാട്ടപ്പെടുന്നു. സഹപ്രവര്‍ത്തകരുടെ ഗൗരവമായ പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള സാമാന്യ മര്യാദപോലും പലര്‍ക്കുമില്ല.
പാര്‍ട്ടി പ്ലീനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ മറ്റൊരു പ്രധാന ആരോപണം സഖാക്കളുടെ വായനാശീലം ഇല്ലാതാകുന്നു എന്നാതണ്. ദേശാഭിമാനി പത്രം പോലും മിക്കവരും വായിക്കുന്നില്ല. ഗൗരവമായ പുസ്തകങ്ങളോ പാര്‍ട്ടി സാഹിത്യങ്ങളോ പഠിക്കുന്നില്ല. പൊതുസാംസ്‌കാരിക മണ്ഡലത്തിലും സാഹിത്യവേദികളിലും മറ്റും മുമ്പുണ്ടായിരുന്ന മുന്‍കൈ പാര്ട്ടിക്കു നഷ്ടപ്പെട്ടു. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയായ അധ്വാനത്തിന്റെ മഹത്വം പ്രവര്‍ത്തകര്‍ മറന്നു കഴിഞ്ഞു. ഏറെ ചര്‍ച്ച ചെയ്യുമ്പോഴും സ്വന്തമായി കൃഷി ചെയ്യാനോ മാതൃക കാണിക്കാനോ ആരും തയ്യാറാകുന്നില്ല എന്നിങ്ങനെ പോകുന്നു സ്വയം വിമര്‍ശനങ്ങളുടെ നിര. ഇതെല്ലാം ബൂര്‍ഷ്വാപ്രവണതകളാണെന്നും ആരോപിക്കപ്പെടുന്നു.
സത്യത്തില്‍ മനുഷ്യസമൂഹം എന്നും നേരിടുന്ന അടിസ്ഥാന വിഷയങ്ങളാണിവ. ഇന്നോളം എല്ലാ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും മതങ്ങളും ശ്രമിച്ചത് ഇത്തരം പ്രവണതകളില്‍ നിന്ന് മനുഷ്യനെ വിമുക്തനാക്കാനാണ്. എന്നാല്‍ ആ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. ഏതു പ്രസ്ഥാനത്തിന്റേയും ആരംഭത്തില്‍ അതുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങളുണ്ടാകും, അതിനായി രക്തസാക്ഷികളുണ്ടാകും, പ്രതീക്ഷകള്‍ ഉയരും. എന്നാല്‍ വളരെ പെട്ടെന്ന് ആ പ്രസ്ഥാനം – അത് മതമോ പാര്‍ട്ടിയോ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനമോ എന്തായാലും – അപചയത്തിനിരയാകുന്നു. ഒപ്പം അതുമായി ബന്ധപ്പെട്ടവരും അംഗങ്ങളുമെല്ലാം. ആഗോളതലത്തില്‍ പരിശോധിച്ചാല്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ ഇപ്പോള്‍ അവസാനമായി നില്‍ക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. എന്നാല്‍ മേല്‍ സൂചിപ്പിച്ച പ്രശ്‌നങ്ങളും ഒപ്പം ഫാസിസ്റ്റ് പ്രവണതയും ശക്തമായതോടെ ലോകത്തെങ്ങും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അപചയം നേരിട്ടു. പല പാര്‍ട്ടികളും സ്വയം പിരിയുകയോ സാധാരണ ജനാധിപത്യ പാര്‍ട്ടികളായി മാറുകയോ ചെയ്തു. ഇന്ത്യയിലെ പാര്‍ട്ടികളാണ് ചെറുതെങ്കിലും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ അവയും മാറികഴിഞ്ഞു. എന്നാല്‍ അതു സമ്മതിക്കാന്‍ തയ്യാറാകുന്നില്ല എന്നു മാത്രം. തങ്ങള്‍ ഇപ്പോഴും മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതായി തെളിയിക്കാനാണ് അവരുടെ ശ്രമം. അതിന്റെ ഭാഗം തന്നെ ഈ പ്ലീനവും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply