പാര്‍ട്ടിസംഘട്ടനങ്ങളില്‍ മരിക്കുന്നവരല്ല രക്തസാക്ഷികള്‍
കെ. വേണു മുമ്പു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേതു ജനപക്ഷ നിലപാടായിരുന്നു. അധികാര രാഷ്ട്രീയത്തിനെതിരേ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ നടത്തി വലിയ മാറ്റമുണ്ടാക്കാനും അവര്‍ മുന്നിട്ടുനിന്നു. അതിനിടെ സമരമുഖത്തു മരിച്ചു വീണവര്‍ തീര്‍ച്ചയായും സമൂഹത്തിന്റെ ആദരമര്‍ഹിക്കുന്നവരാണ്. അതാണ് മഹത്തായ രക്തസാക്ഷിത്വ സങ്കല്‍പ്പം. പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകള്‍ ജനപക്ഷനിലപാടില്‍നിന്നു മാറി അധികാരരാഷ്ട്രീയത്തിന്റെ ഭാഗമായി. അത്തരമൊരു മൂല്യച്യുതി രക്തസാക്ഷി എന്ന സങ്കല്‍പ്പത്തെയും ബാധിച്ചെന്നു പറയാം. ആശയത്തിനു വേണ്ടിയുള്ള മരണം പാര്‍ട്ടിക്കു വേണ്ടിയുള്ള മരണമായി. പാര്‍ട്ടിശത്രുക്കളെ വര്‍ഗശത്രുക്കളാക്കി വെട്ടിക്കൊല്ലുക എന്ന സമീപനം ജനാധിപത്യപരമായ അവകാശമേയല്ല. രക്തസാക്ഷികളെ ‘ഉല്‍പ്പാദിപ്പിച്ചെടുക്കുക’ […]
മുമ്പു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേതു ജനപക്ഷ നിലപാടായിരുന്നു. അധികാര രാഷ്ട്രീയത്തിനെതിരേ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ നടത്തി വലിയ മാറ്റമുണ്ടാക്കാനും അവര്‍ മുന്നിട്ടുനിന്നു. അതിനിടെ സമരമുഖത്തു മരിച്ചു വീണവര്‍ തീര്‍ച്ചയായും സമൂഹത്തിന്റെ ആദരമര്‍ഹിക്കുന്നവരാണ്. അതാണ് മഹത്തായ രക്തസാക്ഷിത്വ സങ്കല്‍പ്പം.
പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകള്‍ ജനപക്ഷനിലപാടില്‍നിന്നു മാറി അധികാരരാഷ്ട്രീയത്തിന്റെ ഭാഗമായി. അത്തരമൊരു മൂല്യച്യുതി രക്തസാക്ഷി എന്ന സങ്കല്‍പ്പത്തെയും ബാധിച്ചെന്നു പറയാം. ആശയത്തിനു വേണ്ടിയുള്ള മരണം പാര്‍ട്ടിക്കു വേണ്ടിയുള്ള മരണമായി. പാര്‍ട്ടിശത്രുക്കളെ വര്‍ഗശത്രുക്കളാക്കി വെട്ടിക്കൊല്ലുക എന്ന സമീപനം ജനാധിപത്യപരമായ അവകാശമേയല്ല. രക്തസാക്ഷികളെ ‘ഉല്‍പ്പാദിപ്പിച്ചെടുക്കുക’ എന്ന നയം വാസ്തവത്തില്‍ സി.പി.എമ്മിന്റെ കണ്‍കെട്ടുവിദ്യയാണ്. പാര്‍ട്ടിക്കു വേണ്ടി ചാകാനും കൊല്ലാനും തയാറുള്ളവരുടെ കുടുംബങ്ങള്‍ക്കു സംരക്ഷണവും സുരക്ഷിതത്വവും പാര്‍ട്ടിതന്നെ നല്‍കുമെന്ന സന്ദേശം കൃത്യമായി പ്രചരിപ്പിക്കുകയാണ്. അതിന് ആശയപരിവേഷവും നല്‍കുന്നതോടെ കാര്യങ്ങള്‍ മാറിമറിയുന്നു. അസഹിഷ്ണുതയുടെ കൊടി പറപ്പിച്ച് എതിരാളികളെ നിശബ്ദരാക്കുന്ന അജന്‍ഡയാണ് ഇതിനു പിന്നിലെന്നു സംശയിക്കണം.
സമൂഹത്തിന്റെ മൊത്തം ഗുണത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും പാര്‍ട്ടി നയങ്ങള്‍ക്കനുസരിച്ച് നിലപാടുകളെടുക്കുകയും ചെയ്തു ജീവത്യാഗം നടത്തുന്നവരാണ് യഥാര്‍ഥ രക്തസാക്ഷികള്‍. അവര്‍ തീര്‍ച്ചയായും ആദരിക്കപ്പെടേണ്ടവരാണ്. രക്തസാക്ഷികളെ സൃഷ്ടിക്കുന്നതു രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറിയാല്‍ അപകടമാകും.
പാര്‍ട്ടിക്കു വേണ്ടി സംഘട്ടനങ്ങളുണ്ടാക്കുകയും അതില്‍ മരിക്കുകയും ചെയ്താലുടനെ രക്തസാക്ഷി എന്ന പദവി ചാര്‍ത്തി കൊടുക്കുന്നതു ശരിയാണോയെന്ന് എല്ലാവരും ചിന്തിക്കണം. തങ്ങളുടെ ഭാഗത്താണു കൂടുതല്‍ രക്തസാക്ഷികളുള്ളത് എന്നു കാട്ടാനാണ് സി.പി.എം. സംസ്ഥാന സമ്മേളനത്തിന് 577 ബലികുടീരങ്ങളില്‍നിന്നു ദീപശിഖകള്‍ കൊണ്ടുവരുന്നത്. എണ്ണം പറയുക എന്നതിലേക്കു കാര്യങ്ങള്‍ ചുരുക്കപ്പെട്ടു. രക്തസാക്ഷിക്കു മുമ്പുണ്ടായിരുന്ന അര്‍ഥം നഷ്ടമായി. അക്രമവും ഗുണ്ടായിസവും കാട്ടുന്നവര്‍ക്കു മുമ്പത്തെ ആദര്‍ശപോരാളികളുടെ പിന്തുടര്‍ച്ച അവകാശപ്പെടാനാകുമോ?
യഥാര്‍ഥ രക്തസാക്ഷികള്‍ക്കു മഹത്തായ, പരിപാവനമായ, സങ്കല്‍പ്പമുണ്ടായിരുന്നു. പുന്നപ്ര വയലാറിലൊക്കെ സഖാക്കള്‍ മരിച്ചുവീണത് ഉദാത്തമായ സ്വപ്നം കണ്ടുകൊണ്ടാണ്. എന്നാല്‍ ഇന്നോ? വീക്ഷണങ്ങള്‍ക്ക് ഒട്ടേറെ മാറ്റംവന്നു. ആര്‍ക്കും എടുത്തണിയാവുന്ന ഒന്നാണോ രക്തസാക്ഷി പട്ടമെന്നു ചിന്തിക്കാന്‍ സമയമായി.
ജനപക്ഷ പാര്‍ട്ടിയില്‍നിന്ന് അധികാരപാര്‍ട്ടിയായി മാറുമ്പോള്‍ പല കാര്യങ്ങളിലും മാറ്റംവരുന്നതു സ്വാഭാവികം. സമരത്തിലൂടെയുള്ള രക്തസാക്ഷിത്വത്തിനു പകരം വെട്ടിക്കൊലയിലൂടെയുള്ള മരണമെന്നായി അവസ്ഥ.
വിപ്ലവം എന്നതു വഴിമാറിപ്പോകുന്നതായി ജനത്തിനു നന്നായി അറിയാം. പല രാഷ്ട്രീയസംഘട്ടനങ്ങളും ആദര്‍ശത്തില്‍നിന്നു തുലോം അകന്നുപോകുന്നതായി ഏവര്‍ക്കും മനസിലാകുന്നുണ്ട്. വിപ്ലവം എന്ന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം അക്രമമാണ് എന്ന വിവക്ഷ വളര്‍ത്തുന്ന നടപടികളുണ്ടാകുന്നതു ശരിയല്ല.
എന്നിട്ടും പലരും എന്തുകൊണ്ടാണ് പാര്‍ട്ടികള്‍ക്ക് ഒപ്പമെന്നതാണ് ചോദ്യം. ജനങ്ങള്‍ക്കു മുന്നില്‍ പാര്‍ട്ടി നേതാക്കള്‍ അധികാരദല്ലാളന്മാരായി മാറിക്കൊണ്ടിരിക്കുകയാണ്. പോലീസ് സ്റ്റേഷനില്‍ പോകണമെങ്കിലും ശിപാര്‍ശകള്‍ നടത്തണമെങ്കിലും ദല്ലാളുകളുടെ സേവനം വേണം. അതിന് അല്‍പ്പം പണം ചെലവിട്ടാലും വേണ്ടില്ലെന്ന മനോഭാവമാണു ജനത്തിന്. കൈക്കൂലി നല്‍കലും വാങ്ങലും ഒട്ടും അസ്വാഭാവികത ഇല്ലാത്തതാകുന്നു. അടിക്കു തിരിച്ചടി എന്ന ആക്രമണോത്സുക മനഃസ്ഥിതിയും ഇതുമായി കൂട്ടിവായിക്കണം.
കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടക്കുന്നത്. ഇവിടെ മുഴുവന്‍ സമയ രാഷ്ട്രീയക്കാരുടെ എണ്ണം ഏറിയിരിക്കുകയാണ്. മിക്കവരെയും രാഷ്ട്രീയപാര്‍ട്ടികള്‍ പകുത്തെടുത്തു. പൊതുസമൂഹത്തില്‍ സ്വതന്ത്രമായി ചിന്തിക്കുന്ന അംഗങ്ങളുടെ എണ്ണം കുറഞ്ഞുവരുകയാണ് എന്നു സംശയിക്കണം. എന്നാല്‍, യുവതലമുറ ഇന്നത്തെ രാഷ്ട്രീയക്കാരെ കണ്ണടച്ചു വിശ്വസിക്കുന്നവരല്ല. ഓരോ പാര്‍ട്ടിയുടെയും ഭരണം കിരാതമാകുമ്പോള്‍ അതിനെതിരേ യഥാര്‍ഥത്തില്‍ പ്രതികരിക്കുന്നത് ന്യൂനപക്ഷമായ ‘സ്വതന്ത്ര’ ചിന്താഗതിക്കാരാണ്. അടിയന്തരാവസ്ഥക്കാലത്തു ജനാധിപത്യത്തെ സംരക്ഷിച്ചു നിര്‍ത്തിയത് ഉത്തരേന്ത്യയിലെ നിരക്ഷരരാണെന്നു പറയാറുണ്ട്. അതുപോലെ ഈ ചുരുക്കം പേരാണ് വിമര്‍ശന പക്ഷത്തുനിന്നു രാഷ്ട്രീയകക്ഷികളെ വലയ്ക്കുന്നത്. പുതിയ മുദ്രാവാക്യവും തിരിച്ചുപോക്കും വേണമെന്ന ചിന്താഗതി പ്രബലമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ മാറ്റത്തെ ശരിയായി വിലയിരുത്തുന്നുണ്ടോ? പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി എന്നാല്‍ പലര്‍ക്കും അധികാരിയുടെ ഭാവമാണ്. നാട്ടുകാരുടെ തോളില്‍ കൈയിട്ടു നടക്കുന്നവരെ കാണാനില്ല.
അതിനിടെ ജനപക്ഷമെന്ന കാഴ്ച്ചപ്പാട് സര്‍ക്കാരിനും ഇല്ലാതാകുന്നു. ഇടതുസര്‍ക്കാര്‍ ചുമട്ടുതൊഴിലാളികള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്ന നിയമങ്ങളാണ് നിര്‍മിക്കുന്നത്. ഇഷ്ടമുള്ളയാളെ വിളിച്ച് പണി ചെയ്ിക്കായന്‍ സംരംഭകന് അവസരമൊരുക്കുന്നു. നിലവിലെ നിയമം അനുസരിച്ച് ഒരു പ്രദേശത്തെ പണി ചെയ്യാന്‍ മേഖല തിരിച്ച് ആളുകളെ നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയമത്തിലുടെ സമ്പന്ന വര്‍ഗത്തെ പ്രീണിപ്പിക്കുകയാണ്. അവകാശങ്ങള്‍ എടുത്തുകളയുകയാണ്. ആരുണ്ടിവിടെ ചോദിക്കാന്‍ എന്നാണ് ഭാവം. തണ്ണീര്‍ത്തട നിയമം, വ്യവസായ പരിഷ്‌കരണ നയം എന്നിവയിലെല്ലാം ഇത്തരം നയവ്യതിയാനം കണ്ടെത്താനാകും.
അടിത്തറ ദുര്‍ബലമാകുന്നു എന്നു കണ്ടറിയുന്ന സി.പി.എം. മറ്റു രീതികളും പ്രയോഗിക്കുന്നുണ്ട്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശുപത്രികളില്‍ പൊതിച്ചോറു നല്‍കുന്ന പരിപാടി സി.പി.എം. പലേടത്തും ഏറ്റെടുത്തു. നല്ല കാര്യമാണ്. ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍. പാലിയേറ്റീവ് രംഗത്തേക്കും ആഴ്ന്നിറങ്ങുന്നു. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ പിന്തുടരുന്ന ക്ഷേമരാഷ്ട്ര സിദ്ധാന്തത്തിന്റെ ചെറു പതിപ്പുകളാണിത്. നികുതി പിരിച്ച് ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ വിതരണം ചെയ്യുകയാണ് രീതി. സി.പി.എം പലപ്പോഴും ഇതേ രീതിയാണ് പിന്തുടരുന്നത്. മുതലാളിത്തത്തോടു ചേര്‍ന്നു നില്‍ക്കുന്ന രീതി. ഫലത്തില്‍ പലതും പ്രഹസനമായി മാറുന്നുണ്ട്. തൊഴില്‍രഹിത വേതനമെന്ന നിലയില്‍ വിതരണം ചെയ്യുന്ന തുക കൊണ്ട് എന്തു ഗുണമെന്ന് ചിന്തിക്കണ്ടേ? ശരിക്കും ഗുണമുണ്ടാക്കുന്ന രീതിയാണ് നടപ്പാക്കേണ്ടത്. പേരിനു വേണ്ടിയുള്ള കാട്ടിക്കൂട്ടലുകള്‍ ഭൂഷണമല്ല. ഇതു കണ്ടറിഞ്ഞ് നടപടികളെടുക്കുകയാണ് വേണ്ടത്.
(തയാറാക്കിയത്: കെ. കൃഷ്ണകുമാര്‍ – മംഗളം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in