പാരിസ്ഥിതികാനുമതി ലഭിച്ചതുകൊണ്ടു മാത്രം അതിരപ്പിള്ളി പദ്ധതി നടപ്പാകില്ല.

ഇ പി കാര്‍ത്തികേയന്‍ പാരിസ്ഥിതികാനുമതി ലഭിച്ചതുകൊണ്ടു മാത്രം അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാകില്ല. പ്രധാനം സാങ്കേതിക സാമ്പത്തികാനുമതിയാണ്. മറ്റൊന്ന് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രദേശത്തെ ജനതയുടെ സമ്മതം. ഇതു രണ്ടും എളുപ്പല്ല. മാത്രമല്ല, ഇപ്പോഴത്തെ നിലയ്ക്കു പദ്ധതി നടപ്പാക്കണമെങ്കില്‍ 1600 കോടി രൂപയെങ്കിലും വേണ്ടിവര്ും. 2002 ല്‍ ലഭിച്ച ടെക്‌നിക്കല്‍ ഇക്കണോമിക് ക്ലിയറന്‍സ് 2005 ല്‍ കാലഹരണപ്പെട്ടതാണ്. എന്നാല്‍ ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും പുതുക്കുന്നതിന്റെ ഭാഗമായി 2008 മാര്‍ച്ച് 31 വരെ നീട്ടി. അങ്ങനെ പുതുക്കിയപ്പോള്‍ പദ്ധതിച്ചെലവ് 414 […]

ATHI

ഇ പി കാര്‍ത്തികേയന്‍

പാരിസ്ഥിതികാനുമതി ലഭിച്ചതുകൊണ്ടു മാത്രം അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാകില്ല. പ്രധാനം സാങ്കേതിക സാമ്പത്തികാനുമതിയാണ്. മറ്റൊന്ന് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രദേശത്തെ ജനതയുടെ സമ്മതം. ഇതു രണ്ടും എളുപ്പല്ല. മാത്രമല്ല, ഇപ്പോഴത്തെ നിലയ്ക്കു പദ്ധതി നടപ്പാക്കണമെങ്കില്‍ 1600 കോടി രൂപയെങ്കിലും വേണ്ടിവര്ും.
2002 ല്‍ ലഭിച്ച ടെക്‌നിക്കല്‍ ഇക്കണോമിക് ക്ലിയറന്‍സ് 2005 ല്‍ കാലഹരണപ്പെട്ടതാണ്. എന്നാല്‍ ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും പുതുക്കുന്നതിന്റെ ഭാഗമായി 2008 മാര്‍ച്ച് 31 വരെ നീട്ടി. അങ്ങനെ പുതുക്കിയപ്പോള്‍ പദ്ധതിച്ചെലവ് 414 കോടിയായി.
2007 ല്‍ പാരിസ്ഥിതികാനുമതി നല്‍കിയതിനെതിരായ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുമ്പോള്‍തന്നെ കെ.എസ്.ഇ.ബി. ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ നടപടികളുമായി മുന്നോട്ടുപോയി. ഇതിനെതിരേ എച്ച്.സി.സി. ഹൈക്കോടതിയെ സമീപിച്ചു. 2007 ല്‍ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ട് കേസുകള്‍ ഉണ്ടായിരുന്നു. ഇതു പരിഗണിക്കാതെയായിരുന്നു കെ.എസ്.ഇ.ബിയുടെ നടപടി. 2008ല്‍ ടെക്‌നിക്കല്‍ സാമ്പത്തിക ക്ലിയറന്‍സ് കാലഹരണപ്പെടുമെന്നും അതിനാല്‍ ഫെബ്രുവരിക്കു മുമ്പായി കരാര്‍ നല്‍കണമെന്നും എച്ച്.സി.സി. വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി 2008 മാര്‍ച്ച് 31ന് മുമ്പ് പണി തുടങ്ങാമെന്നു 2007 ഡിസംബര്‍ അവസാനം വിധിച്ചു.
2002 ല്‍ തന്നെ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും ചേര്‍ന്ന കണ്‍സോര്‍ഷ്യം ടെന്‍ഡര്‍ എടുക്കാമെന്നു തത്വത്തില്‍ ധാരണയായി. എന്നാല്‍ കരാര്‍ ഒപ്പുവയ്ക്കുമ്പോഴേക്കും കേസ് വന്നതിനാല്‍ കോടതി അതു റദ്ദാക്കി. 2005 ല്‍ പുതുക്കിയപ്പോഴാകട്ടെ അന്നത്തെ താരിഫ് നിരക്കനുസരിച്ച് സാമ്പത്തികഭദ്രതയില്ലാത്തതാണെന്ന് സെന്‍ട്രല്‍ ഇലക്ട്രിക്കല്‍ അഥോറിറ്റി പറയുകയും ചെയ്തു. ഇതോടെ 50 കോടി കുറയ്ക്കാന്‍ കെ.എസ്.ഇ.ബി. സമ്മതിച്ചു. എന്നാല്‍ ഇപ്പോഴത്തെ നിലയ്ക്കാണെങ്കില്‍ 1600 കോടി രൂപയെങ്കിലും ഉണ്ടെങ്കിലേ പദ്ധതി നടപ്പാക്കാനാവൂ എന്നതാണു സ്ഥിതി. 2008 ല്‍ കാലഹരണപ്പെട്ട ടി.ഇ.സി. പുതുക്കുമ്പോള്‍ സാമ്പത്തിക ബാധ്യത കൂടും.
1600 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമ്പോള്‍ ഓരോ യൂണിറ്റ് വൈദ്യുതിക്കും 10 രൂപയിലധികം ഉപയോക്താക്കള്‍ നല്‍കേണ്ടിവരും. മറ്റൊരു പ്രധാന കടമ്പ ജനകീയാനുമതിയാണ്. പദ്ധതി പ്രദേശം വനാവകാശനിയമപ്രകാരം ആദിവാസികളായ തദ്ദേശീയരുടെ അവകാശമേഖലയാണ്. പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ ഈ നിയമം ഉണ്ടായിരുന്നില്ല. വനാവകാശനിയമമനുസരിച്ച് അവകാശമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശത്ത് പദ്ധതി തുടങ്ങണമെങ്കില്‍ തദ്ദേശീയരുടെ അനുമതി വേണം. എന്നാല്‍ വാഴച്ചാല്‍ അടക്കമുള്ള പ്രദേശത്തെ ആദിവാസികള്‍ പദ്ധതിക്ക് എതിരാണ്. അവരുടെ സമ്മതം ലഭിക്കുകയുമില്ല.
സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ തണുപ്പന്‍ പ്രതികരണവും ഇതാണു സൂചിപ്പിക്കുന്നത്.
അതേസമയം അതിരപ്പിള്ളിക്കു പാരിസ്ഥിതികാനുമതി നല്‍കാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നു പരിസ്ഥിതി പ്രവര്‍ത്തക എ. ലത പറയുന്നു. പദ്ധതിക്കായി നിയമം വളച്ചൊടിച്ചിരിക്കുകയാണ്. ഇതിനെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകും. ആദിവാസികളടക്കം മുഴുവനാളുകളും എതിര്‍ക്കുന്ന പദ്ധതിയായതിനാല്‍ സര്‍ക്കാര്‍ ധൃതിപിടിച്ച് നടപടി എടുക്കില്ലെന്നാണു പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. 2012 ല്‍ ലാപ്‌സായതാണ് പദ്ധതിയെന്നു ഹൈക്കോടതി ഉത്തരവുണ്ട്. അതാണിപ്പോള്‍ എളുപ്പവഴിയില്‍ നീട്ടിയിരിക്കുന്നത്. തങ്ങളുടെ പരാതി പരിസ്ഥിതി മന്ത്രാലയത്തോടാണെന്നും അവര്‍ പറഞ്ഞു. സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന തങ്ങളുടെ വാദം കേട്ടിട്ടില്ല. 25 വര്‍ഷമായി നിരന്തരം ഈ പരാതിയുമായി മന്ത്രാലയത്തിനു മുന്നിലെത്തുന്നുണ്ട്. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി മാത്രമാണു തങ്ങളുടെ പരാതി കേട്ടത്. ആ കമ്മിറ്റി മാത്രമാണ് പദ്ധതി പ്രായോഗികമല്ലെന്നു റിപ്പോര്‍ട്ട് നല്‍കിയത്. പദ്ധതി സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് തയാറാക്കിയത് തിരുവനന്തപുരത്തെ ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ടി.ബി.ജി.ആര്‍.ഐ) ആണ്. അവരുടെ റിപ്പോര്‍ട്ടിനു പിന്നിലുണ്ടായിരുന്ന പാണ്ഡുരംഗനെ തന്നെയാണ് മന്ത്രാലയം വിളിച്ച് കാര്യങ്ങള്‍ തിരക്കിയത്. ആ റിപ്പോര്‍ട്ട് ശരിയല്ലെന്ന് 2001ല്‍ തന്നെ കോടതി പറഞ്ഞതാണ്. കേന്ദ്രമന്ത്രിയായിരുന്ന ജയറാം രമേഷിന്റെ കാലത്ത് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കണമെന്നാണ് ജൂലൈയില്‍ നടന്ന വിദഗ്ധ സമിതിയോഗത്തില്‍ നിര്‍ദേശമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിച്ചതായാണ് വിജ്ഞാപനമുണ്ടായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പ്രദേശത്തെ ആദിവാസികളടക്കമുള്ള ജനതയും പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകരും അംഗീകരിക്കില്ല. പാരിസ്ഥിതികാനുമതി സംബന്ധിച്ച് ഇത്തരത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്ന് അറിയാമായിരുന്നതുകൊണ്ടാണ് കഴിഞ്ഞദിവസം അതിരപ്പിള്ളി പദ്ധതിക്കെതിരായ ക്ലൈമറ്റ് മാര്‍ച്ച് സംഘടിപ്പിച്ചതെന്നു ചാലക്കുടി പുഴ സംരക്ഷണ സമിതി നേതാവായ എം. മോഹന്‍ദാസ് പറഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply