പശ്ചിമഘട്ടം വിമോചിതമേഖലയാക്കും
വരവരറാവു (ഇന്ത്യയിലെ നക്‌സലൈറ്റ് – മോവോയിസ്റ്റുകളുടെ സാസ്‌കാരികരംഗത്തെ പ്രധാന വക്താവായ വരവരറാറു ഇപ്പോഴും വിപ്ലവസ്വപ്‌നങ്ങളുമായി സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം സാഹിത്യ അക്കാദമിയില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം മാവോയിസ്റ്റ് വിപ്ലവത്തിലുള്ള തന്റെ വിശ്വാസവും പ്രതീക്ഷയും അടിവരയിടുന്നതായിരുന്നു. പ്രസംഗത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍…) ചൂഷണമില്ലാത്ത, വര്‍ഗ്ഗവ്യത്യാസങ്ങളില്ലാത്ത, അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു കാലമാണല്ലോ എല്ലാവരുടേയും സ്വപ്നം. അവിടെ മനുഷ്യരെ ചൂഷണം ചെയ്യുന്ന സ്വകാര്യസ്വത്തോ വിപണിയോ സായുധ സര്‍ക്കാരോ ഉണ്ടാകില്ല. അത്തരമൊരു സ്വപ്നത്തെ സമൂഹത്തിനുമുന്നില്‍ ശാസ്ത്രീയമായി അവതരിപ്പിച്ചത് കാറല്‍ […]
(ഇന്ത്യയിലെ നക്‌സലൈറ്റ് – മോവോയിസ്റ്റുകളുടെ സാസ്‌കാരികരംഗത്തെ പ്രധാന വക്താവായ വരവരറാറു ഇപ്പോഴും വിപ്ലവസ്വപ്‌നങ്ങളുമായി സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം സാഹിത്യ അക്കാദമിയില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം മാവോയിസ്റ്റ് വിപ്ലവത്തിലുള്ള തന്റെ വിശ്വാസവും പ്രതീക്ഷയും അടിവരയിടുന്നതായിരുന്നു. പ്രസംഗത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍…)
ചൂഷണമില്ലാത്ത, വര്‍ഗ്ഗവ്യത്യാസങ്ങളില്ലാത്ത, അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു കാലമാണല്ലോ എല്ലാവരുടേയും സ്വപ്നം. അവിടെ മനുഷ്യരെ ചൂഷണം ചെയ്യുന്ന സ്വകാര്യസ്വത്തോ വിപണിയോ സായുധ സര്‍ക്കാരോ ഉണ്ടാകില്ല. അത്തരമൊരു സ്വപ്നത്തെ സമൂഹത്തിനുമുന്നില്‍ ശാസ്ത്രീയമായി അവതരിപ്പിച്ചത് കാറല്‍ മാര്‍ക്‌സ് തന്നെ. ലോകമെങ്ങും എത്രയോ പേര്‍ അത്തരമൊരു ലക്ഷ്യത്തിനായി രക്തസാക്ഷികളായി. ഇപ്പോഴുമത് തുടരുന്നു. ഇന്ത്യയില്‍ ചാരുമഞ്ജുദാറും വര്‍ഗ്ഗീസുമൊക്കെ അതില്‍ പ്രമുഖരാണ്.
വളരെ ചരിത്രപ്രധാനമുള്ള കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കാറല്‍ മാര്‍ക്‌സ് ജനിച്ച് 200 വര്‍ഷവും ചാരുമഞ്ജുദാര്‍ ജനിച്ച് 100 വര്‍ഷവുമായി. റഷ്യന്‍ വിപ്ലവത്തിന് 100 വയസ്സും ലോകം ഒന്നടങ്കം ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ അണിനിരന്ന 70 വര്‍ഷവും നക്‌സല്‍ബാരിക്ക് 50 വര്‍ഷവുമാകുന്നു. വിപ്ലവപ്രസ്ഥാനങ്ങള്‍ നിരവധി തിരിച്ചടികളെ നേരിട്ടു. എന്നാലതിനെ തകര്‍ക്കാനാര്‍ക്കും കഴിയില്ല. വര്‍ഗ്ഗങ്ങളുള്ളിടത്തോളം വര്‍ഗ്ഗസമരവുമുണ്ടാകുമെന്ന് ചൈനയിലെ സാംസ്‌കാരിക വിപ്ലവത്തില്‍ നിന്നു നാം പഠിച്ചു. അതിനാല്‍ നിരാശരാകേണ്ട ആവശ്യമില്ല.
തങ്ങള്‍ക്കവകാശപ്പെട്ട ഭൂമി പിടിച്ചെടുക്കാനായി സന്താള്‍ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കൊളോണിയല്‍ – ഫ്യൂഡല്‍ ഭരണകൂടത്തിനെതിരെ നടന്ന പോരാട്ടത്തിലൂടെയായിരുന്നല്ലോ നക്‌സല്‍ബാരി കലാപം ആരംഭിച്ചത്. ജമീന്ദാര്‍മാരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് നല്‍കുമെന്ന ബംഗാളിലെ ഇടതുസര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നേതാവായിരുന്ന ചാരുമഞ്ജുദാര്‍ കലാപത്തിന് നേതൃത്വം നല്‍കിയത്. ഭൂമി മാത്രമല്ല, അധികാരം പിടിച്ചെടുക്കു എന്ന ലക്ഷ്യത്തിലേക്ക് അത് വളരുകയായിരുന്നു. ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം എന്ന വിശേഷണമുണ്ടാകുന്നതുതന്നെ അങ്ങനെയാണല്ലോ. ഇന്ത്യയ്ില്‍ മാത്രമല്ല, ലോകത്തെ എത്രയോ രാജ്യങ്ങൡ ലെനിനിസ്റ്റ് പ്രസ്ഥാനം രൂപം കൊള്ളുകയായിരുന്നു. ലെനിന്റെ നൂറാം ജന്മവര്‍ഷത്തിലായിരുന്നു അതെന്നത് യാദൃശ്ചികമാകാം. നക്‌സല്‍ബാരിയുടെ സന്ദേശം ഇന്ത്യയിലുടനീളം ആളിപടരുകയായിരുന്നു. കേരളത്തിലെ വയനാട്ടിലടക്കം. വാസ്തവത്തില്‍ കൊളോയണീയല്‍ ശക്തികള്‍ക്കെതിരെ ലോകത്തെങ്ങുമുള്ള ആദിമജനതയുടെ പോരാട്ടം നേരത്തെതന്നെ ആരംഭിച്ചിരുന്നു. കൊളംബസിന്റെ കാലത്തും അതുണ്ടായിരുന്നു. എന്നാല്‍ പല രാജ്യങ്ങളിലും അത് കാര്യമായി മുന്നോട്ടുപോയില്ല. ഇന്ത്യയിലും മറ്റും ഈ പോരാട്ടം ശക്തമായി മുന്നോട്ടുപോയി. അതിന്റെ തുടര്‍ച്ചയായിരുന്നു എം എല്‍ – മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ രൂപീകരണം.
തീര്‍ച്ചയായും ഈ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടായിരുന്നു. പലതും പാര്‍ലിമെന്ററി പാത അംഗീകരിച്ചു. എന്നാല്‍ മുഖ്യമായും മൂന്നുപാര്‍ട്ടികള്‍ വിപ്ലവപാതതന്നെ പിന്തുടര്‍ന്നു. പീപ്പിള്‍സ് വാര്‍, എംസിസി, സിപിഐ എംഎല്‍ നക്‌സല്‍ ബാരി എന്നിവയാണവ. ബംഗാള്‍, ആന്ധ്ര, ബീഹാര്‍, ഛത്തിസ്ഗഡ് തുടങ്ങി പല സംസ്ഥാനങ്ങളിലും ഇവ വളര്‍ന്നു. പിന്നീട് ആദ്യരണ്ടുപാര്‍ട്ടികളും ലയിച്ച് സിപിഐ മാവോയിസ്റ്റ് രൂപം കൊണ്ടു. പിന്നീട് നക്‌സല്‍ബാരിയും അതില്‍ ലയിച്ചു.
പാര്‍ലിമെന്ററി വ്യവസ്ഥയെ കുറിച്ച് എന്തെല്ലാം പ്രതീക്ഷകളാണ് നമ്മുടെ മധ്യവര്‍ഗ്ഗം വെച്ചുപുലര്‍ത്തുന്നത്. ഇപ്പോഴും അതുതുടരുന്നു. എന്നാല്‍ 1947 മുതല്‍തന്നെ അത് അതിന്റെ യഥാര്‍ത്ഥ സ്വഭാവം കാണിച്ചിട്ടുണ്ട്. കാശ്മീരിലേക്കും ഹൈദരാബാദിലേക്കുമൊക്കെ പട്ടാളത്തെ അയച്ചായിരുന്നു ജനാധിപത്യം അതിന്റെ ആദ്യരൂപം തന്നെ പ്രകടമാക്കിയത്. പിന്നീടത് നിരന്തരമായി ആവര്‍ത്തിച്ചു. ഇപ്പോഴും തുടരുന്നു. പഞ്ചാബും വടക്കുകിഴക്കന്‍ മേഖലകളും ഗ്രീന്‍ ഹണ്ടുമൊക്കെ ഉദാഹരണം. ഇടക്ക്് അടിയന്തരാവസ്ഥ വന്നു. രാജ്യത്തിന്റെ വലിയ ഒരു ഭാഗം ഇന്ന് പട്ടാളത്തിന്റെ അധിനിവേശത്തിലാണ്. തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദിക്കുന്നവരെയെല്ലാം അവര്‍ കൊന്നൊടുക്കുന്നു.
റഷ്യയോടും അമേരിക്കയോടും ബന്ധം കാത്തുസൂക്ഷിച്ച് മിക്‌സഡ് എക്കോണമിക്കായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍ രൂപം കൊടുത്തത്. റഷ്യയുടെ തകര്‍ച്ചയോടെ അതും തകര്‍ന്നു. ഐഎംഎഫും ലോകബാങ്കും ലോകത്തിന്റെ നിയന്ത്രണമേറ്റതോടെ ആ വഴിക്കുതന്നെയായി നാമും. അവര്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികളാണ് ഭരണാധികാരികള്‍ നടപ്പാക്കിയത്. അടിയന്തരാവസ്ഥയില്‍ ക്ലീന്‍ ഡെല്‍ഹി എന്ന പേരില്‍ നടത്തിയ നരനായാട്ടുകളും മുസ്ലിം വിഭാഗങ്ങളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയതുമൊക്കെ അതിന്റെ തുടക്കമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജനം അതിനെതിരെ വിധിയെഴുതി.
അതിനുശേഷം അടിയന്തരാവസ്ഥ ഔപചാരികമായി പ്രഖ്യാപിക്കാതെ തന്നെയായിരുന്നു അടിച്ചമര്‍ത്തല്‍ നടന്നത്. അതിനെതിരെ നടന്ന ദേശീയസമരങ്ങലേയും വിപ്ലവകാരികളുടെ പോരാട്ടങ്ങളേയും സായുധമായി സര്‍ക്കാര്‍ നേരിട്ടു. സുവര്‍ണ്ണക്ഷേത്രമാക്രമണം ആ ദിശയില്‍ ഒരു വഴിത്തിരുവായിരുന്നു. അതേതുടര്‍ന്ന് ഇന്ദിരാഗാന്ധി വധിക്കപ്പെടുകയും രാജീവ് ഗാന്ധി അധികാരത്തിലെത്തുകയും ചെയ്തു. ഇന്ത്യയെ വികസനത്തിലേക്ക് കൊണ്ടുപോകുന്നു എന്നവകാശപ്പെട്ട് രാജീവ് ഗാന്ധി ആരംഭിച്ച സാമ്രാജ്യത്വനയങ്ങളാണ് ഇപ്പോഴും തുടരുന്നത്. രാജീവ് ഗാന്ധിയുടെ ഊതിവീര്‍പ്പിച്ച രൂപമാണ് മോദിയെന്നു മാത്രം.ഭോപ്പാല്‍ കൂട്ടക്കൊലയും ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കലും ബാബറി മസ്ജിദ് തകര്‍ക്കലും ഗുജറാത്ത് കലാപവും മുസ്ലിംകൂട്ടക്കൊലകളുമൊക്കെ ഈ നയങ്ങളുടെ സ്വാഭാവികഫലങ്ങളാണ്. രാജീവ് ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കൂടുതല്‍ രൂക്ഷമായി അച്ഛേ ദിന്‍ എന്ന പേരില്‍ മോദിയും പറയുന്നത്. 1951ല്‍ നടപ്പാക്കിയ കരുതല്‍ തടങ്കല്‍ കൂടുതല്‍ ഭീകരമായി മിസ, ആഫ്‌സപ, ടാഡ, പോട്ട, യുഎപിഎ തുടങ്ങിയ പേരുകളില്‍ ഇപ്പോഴും തുടരുന്നു. ഭരണഘടനാപരമായി ആദിവാസികള്‍ക്ക് സ്വയംഭരണാവകാശമുള്ള മേഖലകളെല്ലാം പട്ടാളം കയ്യേറിയിരിക്കുന്നു. പ്രകൃതിവിഭവങ്ങള്‍ കുത്തകകളുടെ റിസോര്‍സ് ആയി മാറുന്നു. മനുഷ്യര്‍ ഹ്യൂമണ്‍ റിസോഴ്‌സ് ആകുന്നു. വിദ്യാഭ്യാസവകുപ്പ് ഹ്യൂമണ്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റാകുന്നു. ബിജെപി മുതല്‍ സിപിഎം വരെയുള്ള പ്രസ്ഥാനങ്ങളെല്ലാം ഈ നയങ്ങളുടെ വക്താക്കളാകുന്നു. ആഗോളവല്‍ക്കരണനയവും ഹിന്ദുത്വഫാസിസവും കൈകോര്‍ത്തിരിക്കുന്നു.
ഈ സാഹചര്യത്തില്‍ ഈ ആഗോളവല്‍ക്കരണ ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കുന്ന മേഖലയും രാജ്യത്തുണ്ടെന്നു മറക്കരുത്. അത് മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള ദണ്ഡകാരണ്യമാണ്. കഴിഞ്ഞ 35 വര്‍ഷമായി അവിടെ നടക്കുന്നത് ആദിവാസികളുടെ നേതൃത്വത്തിലുള്ള സ്വയം ഭരണമാണ്. ജനകീയാധികാരമാണ്. ഒരുകോടിയോളം ജനസംഖ്യയുള്ള മേഖലയാണത്. കര്‍ഷകരും ദളിതരും പിന്നോക്കക്കാരുമൊക്കെ ജനകീയാധികാരപ്രയോഗത്തില്‍ ആദിവാസികള്‍ക്കൊപ്പം കൈകോര്‍ക്കുന്നു.
ദണ്ഡകാരണ്യം പോലുള്ള വിമോചിത മേഖലകള്‍ പടുത്തുയര്‍ത്താനുള്ള നീക്കത്തിലാണ് ഇന്ന് മാവോയിസ്റ്റുകള്‍. തീര്‍ച്ചയായും പശ്ചിമഘട്ടവും അതിന്റെ ലക്ഷ്യമാണ്. ആ ലക്ഷ്യത്തില്‍ താല്‍ക്കാലികമായ തിരിച്ചടി മാത്രമാണ് മുരളി കണ്ണമ്പിള്ളിയുടേയും രൂപേഷിന്റേയും മറ്റും അറസ്റ്റ്. അത്തരം തിരിച്ചടികള്‍ ലോകമെങ്ങും വിപ്ലവകാരികള്‍ നേരിട്ടിട്ടുണ്ട്. അവയെ അതിജീവിക്കാനുള്ള കരുത്ത് വിപ്ലവപ്രസ്ഥാനം നേടിയെടുക്കുകതന്നെ ചെയ്യും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in