പഴശ്ശിയുടെ മണ്ണില്‍ വീണ്ടും ഭൂസമരം

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളോടൊപ്പം കേരളവും പോളിംഗ് ബൂത്തിലേക്ക് പോയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ രാജ്യശ്രദ്ധയാകര്‍ഷിച്ച വയനാട് വളരെ രാഷ്ട്രീയപ്രാധാന്യമുള്ള ഒരു പോരാട്ടത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു. കൃഷിഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടി ഭൂരഹിതരായ കര്‍ഷകരും ആദിവാസികളുമടങ്ങിയ നൂറുകണക്കിനു കുടുംബങ്ങളാണ് തൊവരിമലയില്‍ കുടില്‍ കെട്ടി സമരമാരംഭിച്ചത്. എന്നാല്‍ വോട്ടെടുപ്പിന്റെ പിറ്റേന്നുതന്നെ മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷക – ആദവാസി – ദളിത് പോരാട്ടങ്ങളെകുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ബലമായി അവരെ കുടിയിറക്കി. എന്നാല്‍ സ്വന്തമായി ഭൂമി ലഭിക്കാതെ […]

KK

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളോടൊപ്പം കേരളവും പോളിംഗ് ബൂത്തിലേക്ക് പോയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ രാജ്യശ്രദ്ധയാകര്‍ഷിച്ച വയനാട് വളരെ രാഷ്ട്രീയപ്രാധാന്യമുള്ള ഒരു പോരാട്ടത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു. കൃഷിഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടി ഭൂരഹിതരായ കര്‍ഷകരും ആദിവാസികളുമടങ്ങിയ നൂറുകണക്കിനു കുടുംബങ്ങളാണ് തൊവരിമലയില്‍ കുടില്‍ കെട്ടി സമരമാരംഭിച്ചത്. എന്നാല്‍ വോട്ടെടുപ്പിന്റെ പിറ്റേന്നുതന്നെ മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷക – ആദവാസി – ദളിത് പോരാട്ടങ്ങളെകുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ബലമായി അവരെ കുടിയിറക്കി. എന്നാല്‍ സ്വന്തമായി ഭൂമി ലഭിക്കാതെ തങ്ങള്‍ തിരിച്ചുപോകില്ല എന്നു പ്രഖ്യാപിച്ച് കല്‍പ്പറ്റയില്‍ കളക്ടറേറ്റിനുമുന്നില്‍ പോരാട്ടം തുടരുകയാണ്.
1970 ല്‍ അച്ചുത മേനോന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും തിരിച്ചുപിടിച്ച നൂറില്‍ പരം ഹെക്ടര്‍ വരുന്ന മിച്ചഭുമിയിലാണ് ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ ഭൂസമരമാരംഭിച്ചത്. കുടില്‍ കെട്ടിയവരില്‍ നൂറ് കണക്കിന് ആദിവാസികളുമുണ്ട്. സി.പി.ഐ (എംഎല്‍) റെഡ് സ്റ്റാര്‍ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ വിപ്ലവ കിസാന്‍ സഭ യുടേയും ആദിവാസി ഭാരത് മഹാസഭയുടേയും നേതൃത്വത്തിലാണ് ഭൂസമര സമിതി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഹാരിസണ്‍, ടാറ്റ ഉള്‍പ്പെടെ തോട്ടം കുത്തകകള്‍ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തുക, തോട്ടം തൊഴിലാളികള്‍ക്കും ആദിവാസികളുള്‍പ്പെടെ മുഴുവന്‍ ഭൂരഹിതര്‍ക്കും കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഭൂസമരം.
സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നെന്മേനി പഞ്ചായത്തിലാണ് എടക്കല്‍ ഗുഹയില്‍ നിന്നും വെറും 4 കി.മിറ്റര്‍ മാത്രം അകലത്തുള്ള തൊവരിമല ഭൂമി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പു പോലും വയനാടന്‍ ആദിമ ഗോത്ര ജനത അധിവസിച്ചിരുന്ന ഭൂമിയായിരുന്നു തൊവരിമല. ഇവിടെ അങ്ങിങ്ങായി കാണുന്ന കൂറ്റന്‍ പാറകളില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ആലേഖനം ചെയ്യപ്പെട്ടെതന്ന് കരുതുന്ന ശിലാചിത്രങ്ങള്‍ ഇപ്പൊഴും നിലനില്ക്കുന്നു. എടക്കല്‍ ഗുഹാചിത്രങ്ങളോളം തന്നെ പഴക്കമുള്ളതും അവയോട് അടുത്ത സാദൃശ്യം പുലര്‍ത്തുന്നതുമായ ശിലാചിത്രങ്ങളാണ് ഇവ. പാറകളില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള മാന്ത്രികചതുരങ്ങളും ചിഹ്നങ്ങളും ചരിത്രത്തിന്റെ ശേഷിപ്പുകളായി ഇവിടെ നിലകൊള്ളുന്നു. അന്നത്തെ ഈ വനമേഖലയാകെ കോട്ടയം രാജവംശത്തിന്റെ പിടിയിലായി. കൊളോണിയല്‍ ശക്തികളുടെ ആഗമനത്തോടെ പഴശ്ശി കലാപത്തിന് ശേഷമാണ് തദ്ദേശീയരായ ആദിവാസി ജനവിഭാഗങ്ങളെ തുരത്തി വിദേശതോട്ടം കമ്പനികള്‍ തോട്ടങ്ങള്‍ സ്ഥാപിച്ചത്.
തൊവരിമല എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഈ ഭൂമി കമ്പനി വിറക് തോട്ടമായി മാറ്റിനിര്‍ത്തിയതായിരുന്നു. 1970 ലെ അച്ചുതമേനോന്‍ സര്‍ക്കാരാണ് തൊവരിമലയിലെ ഈ ഭുമി ഉള്‍പ്പെടെ മിച്ചഭൂമിയായി പ്രഖ്യാപിച്ചു കൊണ്ട് വയനാട് ജില്ലയില്‍ മാത്രമായി 5000 ഏക്കറോളം ഭൂമി എറ്റെടുത്തത്. ഇങ്ങനെ ബത്തേരി ,വൈത്തിരി താലൂക്കുകളിലായി സര്‍ക്കാര്‍ ഏറ്റെടുത്ത ആയിരക്കണക്കിന് ഏക്കര്‍ വരുന്ന മിച്ചഭുമിയില്‍ ഒരു സെന്റ് ഭൂമി പോലും വിതരണം ചെയ്യാന്‍ ഒരു സര്‍ക്കാറും ഇതേ വരെ തയ്യാറായില്ല. സര്‍ക്കാര്‍ ഈ ഭുമി കസ്റ്റോഡിയനായി വനംവകുപ്പിനെ ഏല്‍പ്പിച്ചു. വെസ്റ്റ് ചെയ്ത ഭൂമിയുടെ 50 ശതമാനം ആദിവാസികള്‍ക്കും 30 ശതമാനം ഇതര ഭൂരഹിത വിഭാഗങ്ങള്‍ക്കും 20 ശതമാനം ഭുമി വികസന പ്രവര്‍ത്തനങ്ങള്‍ക്കും വെസ്റ്റഡ് ഫോറസ്റ്റ് ആക്ട് അനുസരിച്ചും സര്‍ക്കാര്‍ തിരിച്ചുപിടിച്ച മിച്ചഭൂമി എന്ന നിലക്കും പതിച്ചു നല്‍കാവുന്നതാണ്. ജില്ലയിലെ 17% ത്തോളം വരുന്ന ആദിവാസി ജനത കടുത്ത ഭൂരാഹിത്യത്തെ അഭിമുഖീകരിക്കുകയും ഈ വയനാടന്‍ അടിസ്ഥാനകാര്‍ഷിക ജനവിഭാഗങ്ങള്‍ കോളനികളികളില്‍ ദുരിതജീവിതം തള്ളിനീക്കുകയും ചെയ്യുമ്പോള്‍ പോലും ഭൂവിതരണത്തിന് സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ല. സര്‍ക്കാര്‍ മിച്ചഭുമിയായി പ്രഖ്യാപിച്ച് കഴിഞ്ഞ അരനൂറ്റാണ്ടായി കൈവശം വെച്ച് കൊണ്ടിരിക്കുന്ന ഈ ഭൂമി വീണ്ടും ഹാരിസണ്‍ കമ്പനിക്ക് തന്നെ വിട്ടു കൊടുക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. ഈ ഭൂമി ഏറ്റെടുത്തത് മുതല്‍ കോടതിയില്‍ പോയ ഹാരിസണ്‍ മാനേജ്മെന്റിനെതിരെ പല കേസ്സുകളിലും വാദിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. മണ്ണിന്റെ മക്കളായ ദലിത്-ആദിവാസി ജനവിഭാങ്ങള്‍ ദരിദ്ര- ഭൂരഹിത കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, തോട്ടം തൊഴിലാളി വിഭാഗങ്ങള്‍ തുടങ്ങിയ എല്ലാ അടിസ്ഥാന കര്‍ഷക വിഭാഗങ്ങളും മരിച്ചാല്‍ ശവമടക്കാന്‍ ആറടി മണ്ണ് പോലുമില്ലാതെ പട്ടികജാതി – പട്ടികവര്‍ഗ്ഗ കോളനികളിലും പുറമ്പോക്കുകളിലും പാടികളിലും ചേരികളിലും മൃഗസമാനമായ ജീവിതം നയിക്കുമ്പോഴാണ് ഈ അനീതി സംഭവിക്കുന്നത്. വാസ്തവത്തില്‍ ഹാരിസണ്‍ മലയാളം, കണ്ണന്‍ ദേവന്‍ തുടങ്ങി ഏതാനും തോട്ടം കുത്തകകള്‍ കേരളത്തില്‍ 7 ജില്ലകളില്‍ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കിയിരിക്കുന്ന അഞ്ചു ലക്ഷത്തില്‍ പരം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച് തോട്ടം തൊഴിലാളികള്‍ക്കും ദലിത് ആദിവാസികള്‍ക്കും ഉള്‍പ്പെടെ ദരിദ്ര ഭൂരഹിത കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വിതരണം ചെയ്യണമെന്ന് കേരളത്തിലെ ദളിതര്‍ ഏറെ കാലമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ ആവശ്യത്തെ പൂര്‍ണ്ണമായും ശരി വെക്കുന്നതായിരുന്നു റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരന്റേയും, ജസ്റ്റിസ് മനോഹരന്‍ കമ്മിറ്റിയുടേയും ഡോ: എം.ജി.രാജമാണിക്കത്തിന്റേയും റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാര്‍ ഒരു നടപടികളും സ്വീകരിച്ചില്ല.
ഐക്യകേരളം രൂപം കൊണ്ട് ആറ് ദശകം കഴിഞ്ഞിട്ടും കേരളത്തിലെ ആദിവാസികള്‍, ദലിതര്‍, ദലിത് ക്രൈസ്തവര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍, പരമ്പരാഗത തൊഴില്‍ സമൂഹങ്ങള്‍ തുടങ്ങിയവര്‍ക്ക് രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ഭൂ അധികാരത്തില്‍ ഒരിടവുമില്ല എന്നതാണ് വസ്തുത. പ്രകൃതി-വനം-മണ്ണ്-തണ്ണീര്‍തടങ്ങള്‍-കടല്‍ തുടങ്ങിയ മേഖലകളെ ആശ്രയിച്ച് ജീവിച്ചുവന്ന ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ ഇന്ന് കോളനികള്‍, ചേരികള്‍, പുറമ്പോക്കുകള്‍ തുടങ്ങിയവയിലേക്ക് ഒതുക്കപ്പെട്ടിരിക്കുകയാണ്. ഏറെ കൊട്ടിഘോഷിച്ച ഭൂപരിഷ്‌കരണ നടപടികള്‍ കൊണ്ട് ഇവര്‍ക്കൊരു ഗുണുമുണ്ടായില്ല. മാത്രമല്ല, അത് വന്‍കിട എസ്റ്റേറ്റുകളെയും ഭൂവുടമകളെയും ബാധിച്ചതുമില്ല. ജാതിവ്യവസ്ഥയ്ക്ക് പോറല്‍പോലും ഏല്‍പിച്ചില്ല. ഭൂപരിഷ്‌കരണ നടപടികളില്‍ മണ്ണില്‍ പണിയെടുക്കുന്ന ദരിദ്രരും ഭൂരഹിതരുമായ കര്‍ഷക- കര്‍ഷക തൊഴിലാളികളെയും ,നൂറ്റാണ്ടുകളായി ജാതീയ അടിച്ചമര്‍ത്തലിന്‍ കീഴില്‍ ദുരിതമനുഭവിക്കുന്ന ദലിത് ആദിവാസി ജന വിഭാഗങ്ങളെയും അവഗണിച്ചു. കുടികിടപ്പുകളിലൊ, നാല് സെന്റ് .രണ്ടു സെന്റ് കോളനികളിലോ ലക്ഷം വീട് കളിലോ ലക്ഷക്കണക്കായ ഈ ഭൂരഹിത കുടുംബങ്ങളെ ഒതുക്കി. വനം-പ്രകൃതി-മണ്ണ് എന്നിവയെ ആശ്രയിച്ച് ജീവിച്ചുവന്ന ആദിവാസി ദലിത് പാരമ്പര്യസമൂഹങ്ങളുടെ വിഭവാധികാരം സംരക്ഷിക്കാന്‍ യാതൊരുവിധ നിയമനിര്‍മ്മാണവും പിന്നീട് നടന്നില്ല. കൃഷിഭൂമിയില്‍ ഇപ്പോഴും കോര്‍പ്പറേറ്റുകളും ഭൂമാഫിയകളും കുത്തക നിലനിര്‍ത്തുകയാണ.ഇതോടൊപ്പം കേരളത്തിലെ തോട്ടം തൊഴിലാളികളാകട്ടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം തോട്ടങ്ങളില്‍ അടിമസമാനമായി ജോലി ചെയ്യുകയും അവസാനം പാടികളില്‍ നിന്ന് പുറന്തള്ളപ്പെട്ട് നരകതുല്ല്യമായ ജീവിതം തള്ളിനീക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ അധ്വാനിക്കുന്ന ഈ വിഭാഗങ്ങളുടെ ഭൂരാഹിത്യം പരിഹരിക്കാവുന്ന രീതിയില്‍ തോട്ടം കുത്തകകള്‍ അനധികൃതമായി കയ്യടക്കിയ 525000 ഏക്കര്‍ ഭൂമി ഉടന്‍ തിരിച്ചുപിടിച്ച് തോട്ടം തൊഴിലാളികള്‍ക്കും, ദലിത് ആദിവാസി വിഭാഗങ്ങള്‍ക്കും കര്‍ഷക-കര്‍ഷക തൊഴിലാളി വിഭാഗങ്ങള്‍ക്കും കൃഷിഭൂമി വിതരണം ചെയ്യണമെന്നും തോട്ടങ്ങള്‍ ഏറ്റെടുത്ത് തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയില്‍ പുന:സംഘടിപ്പിക്കണമെന്നുമുള്ള ന്യായമായ ആവശ്യമാണ് ദളിത് – ആദിവാസി സംഘടനകള്‍ മുന്നോട്ടുവെക്കുന്നത്. വികസനത്തിനു ജനങ്ങളുടെ മൂന്ന് സെന്റും വയലുകളും തണ്ണീര്‍ത്തടങ്ങളും ആകെയുള്ള ‘കൂര’വരെ എറ്റെടുക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണു വിദേശ കമ്പനി വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈയ്യടക്കിയതും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് ഇപ്പോള്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ഉടമസ്ഥയില്‍ ഉള്ളതുമായ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ഏറ്റെടുക്കാത്തതെന്നത് അത്ഭുതകരമാണ്. ഹാരിസണ്‍ മലയാളം ലിമിറ്റഡ് നിയമവിരുദ്ധമായും അനധികൃതവുമായാണ് എന്‍പതിനായിരത്തോളം ഏക്കര്‍ ഭൂമി കൈയ്യടക്കി വെച്ചിരിക്കുന്നതെന്ന് നിവേദിത പി ഹരന്‍ റിപ്പോട്ട്, ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മറ്റി റിപ്പോര്‍ട്ട്, ഡി സജിത്ത് ബാബു റിപ്പോര്‍ട്ട്, നന്ദനന്‍ പിള്ള വിജിലന്‍സ് റിപ്പോര്‍ട്ട്, ഡോ എം ജി രാജമാണിക്യം റിപ്പോട്ട് തുടങ്ങിയ അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2013 ഫെബ്രുവരി 28ന് കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് പി വി ആശ ഹാരിസണ്‍ കൈയ്യടക്കി വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും ഭൂസംരക്ഷണ നിയപ്രകാരം ഏറ്റെടുക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഡോ. എം ജി രാജമാണിക്യത്തെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കുന്നത്. എന്നാല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാതെയും കോടതി നടപടികള്‍ സ്വീകരിക്കാതെയും സ്പെഷ്യല്‍ ഓഫീസിന്റെ അധികാരം ദുര്‍ബലപ്പെടുത്തിയും ഭൂമിയേറ്റെടുക്കല്‍ കേസുകള്‍ അട്ടിമറിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. കോടതികളില്‍ ഫലപ്രദമായി കേസ് വാദിക്കുന്നുമില്ല. മാത്രമല്ല പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യം ചെയ്തത് ഹാരിസണ്‍ ടാറ്റ കേസുകള്‍ സൂക്ഷമമായും കൃത്യമായും പഠിക്കുകയും കോടതിയില്‍ കൃത്യസമയത്ത് റിപ്പോര്‍ട്ടുകള്‍ നല്‍കി അനുകൂലവിധി സമ്പാദിക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ടിനെ മാറ്റുകയും സമഗ്രമായ രാജമാണിക്യം റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നു സ്ഥാപിക്കുകയുമാണ്. കൂടാതെ ഹാരിസണ്‍ മലയാളത്തിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാക്കുകയും ഹാരിസണ്‍ ഭൂമി സ്വകാര്യ ഭൂമിയാണെന്ന് വാദിക്കുകയും ചെയ്ത രജ്ഞിത്ത് തമ്പാനെ ഹാരിസണ്‍ന് എതിരായി കേസ് വാദിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. കേസ് ഇപ്പോളും ഹാരിസണനുകൂലമായാണ് മുന്നോട്ടും നീങ്ങുന്നത്. മാറി മാറി വന്ന ഒരു സര്‍ക്കാറും നിയമനിര്‍മ്മാണം നടത്തിക്കൊണ്ട് 1947ലെ ഗവ. ഓഫ് ഇന്ത്യാ ആക്ടപ്രകാരം കേരള സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കേണ്ട ഈ ഭുമി തിരിച്ച് പിടിക്കാനും തയാറാവുന്നില്ല. ഈ സാഹചര്യത്തിലാണ് വയനാട് ആരംഭിച്ചിരിക്കുന്ന പോരാട്ടം പ്രസക്തമാകുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply