ആന : പമേല ആന്‍ഡേഴ്‌സനാണ് ശരി…
പൂരങ്ങള്‍ക്കും മറ്റാഘോഷങ്ങള്‍ക്കുമായി ആനകള്‍ പീഡിപ്പിക്കപ്പെടുന്നതായി പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ചുപോലും ഒരാഘോഷത്തിനും ആനയെ എഴുന്നള്ളിക്കാന്‍ സാധ്യമല്ല. നടക്കുന്നതെല്ലാം നിയമവിരുദ്ധമാണ്. ആഘോഷലഹരിയില്‍ നിയമപാലകരെല്ലാം നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നു. എന്നാല്‍ സഹികെടുന്ന ആനകള്‍ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതും വ്യാപകമായി. ഉത്സവപറമ്പുകള്‍ കുരുതിക്കളങ്ങളാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തിലാണ് ഹോളിവുഡിലെ പ്രശ്‌സ്തനടിയും മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയുടെ രക്ഷാധികാരികൂടിയായ പമേല ആന്‍ഡേഴ്‌സന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച കത്ത് ശ്രദ്ധേയമാകുന്നത്. തൃശൂര്‍ പൂരം സമാഗതമായ സാഹചര്യത്തില്‍ ജീവനുള്ള കരിവീരന്മാര്‍ക്കുപകരം ഇവയുടെ തനിപ്പകര്‍പ്പായ കൃത്രിമ ആനകളെ ഉപയോഗിക്കണമെന്ന വളരെ […]
പൂരങ്ങള്‍ക്കും മറ്റാഘോഷങ്ങള്‍ക്കുമായി ആനകള്‍ പീഡിപ്പിക്കപ്പെടുന്നതായി പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ചുപോലും ഒരാഘോഷത്തിനും ആനയെ എഴുന്നള്ളിക്കാന്‍ സാധ്യമല്ല. നടക്കുന്നതെല്ലാം നിയമവിരുദ്ധമാണ്. ആഘോഷലഹരിയില്‍ നിയമപാലകരെല്ലാം നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നു. എന്നാല്‍ സഹികെടുന്ന ആനകള്‍ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതും വ്യാപകമായി. ഉത്സവപറമ്പുകള്‍ കുരുതിക്കളങ്ങളാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തിലാണ് ഹോളിവുഡിലെ പ്രശ്‌സ്തനടിയും മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയുടെ രക്ഷാധികാരികൂടിയായ പമേല ആന്‍ഡേഴ്‌സന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച കത്ത് ശ്രദ്ധേയമാകുന്നത്. തൃശൂര്‍ പൂരം സമാഗതമായ സാഹചര്യത്തില്‍ ജീവനുള്ള കരിവീരന്മാര്‍ക്കുപകരം ഇവയുടെ തനിപ്പകര്‍പ്പായ കൃത്രിമ ആനകളെ ഉപയോഗിക്കണമെന്ന വളരെ പ്രസക്തമായ നിര്‍ദ്ദേശമാണ് അവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്നല്ലെങ്കില്‍ നാളെ ഈ നിര്‍ദ്ദേശം നടപ്പാക്കപ്പെടുമെന്നതില്‍ സംശയം വേണ്ട.
ചെന്നൈയില്‍ തമിഴ്‌നാട് മലയാളി അസോസിയേഷന്‍ ഓണാഘോഷവേളയില്‍ ഉപയോഗിച്ച കൃത്രിമ ആനകളെ പൂരത്തിന് അണിനിരത്തണമെന്നാണ് പമേലയുടെ നിര്‍ദ്ദേശം. മുളയും കടലാസും ഉപയോഗിച്ച് തൃശ്ശൂര്‍ സ്വദേശി സണ്ണിയും കുടുംബവും തീര്‍ക്കുന്ന കൃത്രിമ ആനകളാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ചെന്നൈയില്‍ സി.ടി.എം.എ. എന്ന മറുനാടന്‍ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയായ ‘ആവണിപ്പൂവരങ്ങി’ല്‍ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള ഒരാനയെ തീര്‍ക്കുന്നതിന് പതിനായിരം രൂപയോളമാണ് ചിലവ്. ചെലവ് താന്‍ തന്നെ വഹിച്ചുകൊള്ളാമെന്നുമാണ് പമേല പറയുന്നത്. തൃശ്ശൂര്‍ പൂരത്തിന് ആനകളെ ഉപയോഗിക്കരുതെന്ന ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ അഭിപ്രായമെന്നും അവര്‍ പറയുന്നു.
കേരളം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണെന്നും പൂരത്തിന്റെ ജനകീയത തനിക്കറിയാമെന്നും പമാല പറയുന്നു. എന്നാല്‍ ആനകളെ തടവില്‍ വെയ്ക്കുന്നതിനെതിരെ ലോകമെമ്പാടും പൊതു ജനവികാരം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് താങ്കള്‍ക്കറിയാമല്ലോ എന്നവര്‍ മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. ചങ്ങലയില്‍ പൂട്ടി, ബലംപ്രയോഗിച്ച് പണിയെടുപ്പിക്കപ്പെടുന്ന ആനകള്‍ വിനോദ സഞ്ചാരികള്‍ക്ക് വേദനയാവകയാണ് ചെയ്യുക. കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ ആനകള്‍ കാരണം കേരളത്തില്‍ മരിച്ചത് 500 പേരാണെന്നിരിക്കെ ഒരു മാറ്റം വേണമെന്നതിനോട് താങ്കള്‍ യോജിക്കുമെന്ന് താന്‍ കരുതുന്നതായും അവര്‍ കത്തിലെഴുതിയിട്ടുണ്ട്.
ഇനിയെങ്കിലും ഇത്തരം നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാനാണ് ബന്ധപ്പെട്ടവര്‍ തയ്യാറാവേണ്ടത്. ആചാരങ്ങള്‍ എല്ലാം മാറ്റത്തിനു വിധേയമാണ്. മാറ്റങ്ങള്‍ക്കുവേണ്ടി നിലകൊണ്ട ശക്തന്‍ തമ്പുരാന്‍ രൂപംകൊടുത്ത പൂരത്തിനു മാറ്റം പാടില്ല എന്നു പറയുന്നതുതന്നെ തെറ്റാണ്. ഗുരുവായൂരില്‍ ആനയെ നടക്കിരുത്താന്‍ ഇപ്പോള്‍ ആന വേണ്ട, പണം കൊടുത്താല്‍ മതി. നേരത്തെ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് അമ്പലങ്ങളില്‍ പ്രവേശനമുണ്ടായിരുന്നല്ല. ഇപ്പോള്‍ മിക്ക അമ്പലങ്ങളിലുമാകാം. പണ്ട് അമ്പലങ്ങളിലെ പ്രവേശനം തന്നെ സവര്‍ണ്ണര്‍ക്കായിരുന്നല്ലോ. എന്തിന്, ദീര്‍ഘകാലമായി ആനകളെ ശരിക്കും സ്‌നേഹിക്കുന്നവര്‍ ഉന്നയിച്ചിരുന്ന ഒരാവശ്യമുണ്ടായിരുന്നു.വൈകീട്ടത്തെ കുടമാറ്റത്തിന് ആനകളെ ചെരിഞ്ഞ പ്രതലത്തില്‍ മണിക്കൂറകളോളം നിര്‍ത്തരുതെന്ന്. അന്ന് അധികാരികളുടെ ഭാഷ്യം ഇതായിരുന്നു, കാട്ടില്‍ ആനകള്‍ സഞ്ചരിക്കുന്നത് നിരപ്പായ പ്രതലത്തലാണോ എന്ന്? മണിക്കൂറുകളോളം കാട്ടില്‍ ആനകള്‍ ചെരിഞ്ഞ പ്രതലത്തില്‍ നില്‍ക്കുമോ? എന്തായാലും ഇക്കുറി ആ ആവശ്യം അംഗീകരിച്ചു. കാലത്തിന്റെ മാറ്റങ്ങള്‍ക്കൊണ്ടായിരിക്കണം ഉത്സവങ്ങള്‍ നടത്തേണ്ടത്. പമേല പറയുന്നതിന്റെ പ്രസക്തി അതാണ്.
തൃശ്ശൂരു നിന്നുകൊണ്ടുവരുന്ന ആടയാഭരണങ്ങളും നെറ്റിപ്പട്ടവുമൊക്കെ അണിയിച്ചു കഴിയുമ്പോള്‍ ചെന്നൈയിലെ ഈ കരിവീരന്മാരെ കണ്ടാല്‍ ശരിക്കുമുള്ള ആനകളാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ. പത്തടിയോളം പൊക്കത്തില്‍ ഗജരാജന്‍ തിരുവമ്പാടി ശിവസുന്ദറിന്റെ തനിപ്പകര്‍പ്പാണ് ചെന്നൈയില്‍ 2013 ല്‍ തിടമ്പേറ്റുന്നതിന് ഉപയോഗിച്ചതത്രെ. ഓരോ ആനയുടെ മേലും രണ്ടുപേര്‍ക്ക് സുഖമായിരുന്ന് വെഞ്ചാമരവും മറ്റും വീശാനാവും. ദൃശ്യവിസ്മയത്തിന് ഇതെല്ലാം പോരേ? വേണമെങ്കില്‍ ചെവിയാട്ടുന്ന സംവിധാനവുമാകാം. തൃശൂര്‍ക്കാരുടെ സ്വകാര്യ അഹങ്കാരമെന്നെല്ലാം പറഞ്ഞ് ഈ മൃഗത്തെ ഇങ്ങനെ പീഡിപ്പിക്കണോ? മച്ചാട് കുതിരവേലയില്‍ ഒറിജിനല്‍ കുതിരയൊന്നുമല്ലല്ലോ. പണ്ട് കൃത്രിമപൂരം നടത്തി വിദേശികളെ പറ്റിച്ച സമയത്ത് ഒരു വിദേശി തന്നെയാണ് അതിനെതിരെ രംഗത്തെത്തിയത്. അതങ്ങനെ നിര്‍ത്തുകയും ചെയ്തു. പൂരങ്ങളിലും അധികം താമസിയാതെ അതേ തീരുമാനം വേണ്ടിവരും. ഉത്സവങ്ങള്‍ക്ക് ആന നിര്‍ബന്ധമല്ല എന്ന് എത്രയോ തന്ത്രിമാര്‍ പോലും അംഗീകരിച്ചുകഴിഞ്ഞു.
അതിനിടെ തൃശ്ശൂര്‍ പൂരത്തിന് ആനയെ ചട്ടം ലംഘിച്ച് എഴുന്നള്ളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രാജ്യാന്തര സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെ വിവിധ ഉത്സവങ്ങളില്‍ എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന നൂറുകണക്കിന് ആനകളുടെ വേദനയും വിഷമതകളും ഒഴിവാക്കണമെന്നാണ് പെറ്റയ്ക്കു വേണ്ടി സാക്ഷി രാഥി ആവശ്യപ്പെടുന്നത്. കേരളത്തില്‍ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകളെ 2001ലെ പ്രദര്‍ശനമൃഗ രജിസ്‌ട്രേഷന്‍ ചട്ടമനുസരിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ദേശീയ മൃഗക്ഷേമ ബോര്‍ഡിന്റെ കത്തും ഹര്‍ജിക്കൊപ്പമുണ്ട്. തൃശ്ശൂര്‍ പൂരം എഴുന്നള്ളിപ്പിന് ആനയുടമകള്‍ ആനയെ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി വാങ്ങിയിട്ടില്ലെന്ന് ബോര്‍ഡ് സെക്രട്ടറി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടികാട്ടിയിരുന്നു. 2003ലെ നാട്ടാന പരിപാലന നിയമം, 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം, 1972ലെ വന്യജീവി സംരക്ഷണ നിയമവും ചട്ടവും എന്നിവയിലെ വ്യവസ്ഥകള്‍ പാലിച്ചുവേണം ആനകളെ അണിനിരത്താനെന്നും ആവശ്യമുണ്ട്.
നാട്ടാന പരിപാലനത്തെക്കുറിച്ച് ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് 2015 ഏപ്രിലില്‍ 101 ആനകളെ അണിനിരത്താന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ചട്ടപ്രകാരമുള്ള രജിസ്‌ട്രേഷനും അനുമതിയും ഇല്ലാതെ ആനകളെ അണിനിരത്താന്‍ പറ്റില്ലെന്ന് ദേശീയ മൃഗക്ഷേമ ബോര്‍ഡ് മറുപടി നല്‍കിയ കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതി മാത്രമല്ല, സുപ്രിം കോടതിയും വിഷയത്തിലുണ്ട്. ക്‌ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്കും മറ്റും ആനകളെ പീഡിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാറിനും സുപ്രീംകോടതി പോയവാരത്തില്‍ നോട്ടീസയച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടീസയച്ചത്.
എട്ടാഴ്ചയ്ക്കുള്ളില്‍ മറുപടിനല്‍കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാണിജ്യലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി, നാട്ടാനകളെ വില്‍ക്കുകയോ കൈമാറുകയോ ചെയ്യരുതെന്ന് ഇടക്കാല ഉത്തരവിടണമെന്ന് ഹര്‍ജിക്കാരാവശ്യപ്പെട്ടു. മതസ്ഥാപനങ്ങളുടെ കൈവശമുള്ള ആനകളുടെ ക്ഷേമം ഉറപ്പുവരുത്തണമെന്നും അമിക്കസ് ക്യൂറി അപര്‍ണാ ഭട്ടിന്റെ അപേക്ഷയില്‍ പറയുന്നു.
കേരളത്തില്‍ ഉത്സവസീസണില്‍ ആനകളുടെ വാടക 35,000 മുതല്‍ 50,000 വരെ രൂപയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. താരമൂല്യമുള്ള ആനകള്‍ക്ക് ഒരുലക്ഷംരൂപവരെയുണ്ട്. പണത്തിന് ആനകളെ ഉത്സവത്തിനു കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. ക്ഷേത്രത്തില്‍ നടയിരുത്തുന്നതിനും മറ്റും ആനകളെ വിലയ്ക്കുവാങ്ങിക്കുന്നതു പതിവാണ്. പണമുള്ളവര്‍ ആനയുടമകളാകുന്നത് സമൂഹത്തിലെ പദവിക്കുവേണ്ടിയാണ്. ഹര്‍ജി നേരത്തേ ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ സാമൂഹികനീതി ബെഞ്ചിലാണ് പരിഗണനയ്ക്കുവന്നത്. സ്വകാര്യവ്യക്തികളും മതസ്ഥാപനങ്ങളുംമറ്റും ആനകളെ ലാഭത്തിനുവേണ്ടി പീഡിപ്പിക്കുന്നതില്‍ പ്രത്യേക ബെഞ്ച് നേരത്തേ ഉത്ക്കണ്ഠ രേഖപ്പെടുത്തിയിരുന്നു.
കേരളത്തില്‍ നിന്നുള്ള ആനയുടമകളുടെ സംഘടന ഈ കേസില്‍ കക്ഷിചേരുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അങ്ങനെ കേസ് നീട്ടികൊണ്ടുപോകാനൊക്കെ കഴിയുമായിരിക്കും. എന്നാല്‍ ആത്യന്തികമായി ഈ പ്രശ്‌നം പരിഹരിക്കാതെ കഴിയില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
pavithrankannapuram
April 29, 2015 at 3:08 am
it is needed in fucture.