പനികേരളം ഉയര്‍ത്തുന്ന വെല്ലുവിളി

നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസ് ക്ലൈമാക്‌സിലേക്കു നീങ്ങുമ്പോള്‍ വളരെ ഗൗരവമായ മറ്റൊരു വിഷയത്തില്‍ നിന്ന് കേരളത്തിന്റെ ശ്രദ്ധ അകന്നു പോകുകയാണ്. മറ്റൊന്നുമല്ല, ഇനിയും അപ്രത്യക്ഷമാകാത്ത പല പേരുകളിലുള്ള പനികള്‍ തന്നെ. ഈ വര്‍ഷം പനി പിടിച്ച് രാജ്യത്തു മരിച്ചവരില്‍ പകുതിയേക്കാളേറെ കേരളത്തിലുള്ളവരാണ്. ആരോഗ്യമേഖലയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്താണ് വെറും പനിമൂലം ഇത്രയധികം മരണം നടക്കുന്നതെന്നത് അതര്‍ഹിക്കുന്ന ഗൗരവത്തോടെ ബന്ധപ്പെട്ടവര്‍ പരിശോധിക്കുന്നുണ്ടോ എന്ന സംശയം സ്വാഭാവികം മാത്രം. പകര്‍ച്ചപനിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ […]

d

നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസ് ക്ലൈമാക്‌സിലേക്കു നീങ്ങുമ്പോള്‍ വളരെ ഗൗരവമായ മറ്റൊരു വിഷയത്തില്‍ നിന്ന് കേരളത്തിന്റെ ശ്രദ്ധ അകന്നു പോകുകയാണ്. മറ്റൊന്നുമല്ല, ഇനിയും അപ്രത്യക്ഷമാകാത്ത പല പേരുകളിലുള്ള പനികള്‍ തന്നെ. ഈ വര്‍ഷം പനി പിടിച്ച് രാജ്യത്തു മരിച്ചവരില്‍ പകുതിയേക്കാളേറെ കേരളത്തിലുള്ളവരാണ്. ആരോഗ്യമേഖലയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്താണ് വെറും പനിമൂലം ഇത്രയധികം മരണം നടക്കുന്നതെന്നത് അതര്‍ഹിക്കുന്ന ഗൗരവത്തോടെ ബന്ധപ്പെട്ടവര്‍ പരിശോധിക്കുന്നുണ്ടോ എന്ന സംശയം സ്വാഭാവികം മാത്രം.
പകര്‍ച്ചപനിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ പ്രധാനമായും അലോപ്പതി ഒഴികെയുള്ള വൈദ്യശാഖകള്‍ക്കെതിരായ ആരോപണങ്ങളായി മാറുന്നു. മരിച്ചവരില്‍ മിക്കവാറും എ്ല്ലാവരും അലോപ്പതി ചികിത്സ തേടിയവരാണെന്നു മറച്ചുവെച്ചാണ് ഈ ആരോപണങ്ങള്‍. കൂടാതെ സംസ്ഥാനത്ത് പ്രതിരോധ വാക്‌സിനുകളെ എതിര്‍ക്കുന്ന വിരലിലെണ്ണാവുന്ന ചിലരെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. എന്നാല്‍ മരിച്ചവരില്‍ ആരെങ്കിലും വാക്‌സിനുകള്‍ എടുക്കാത്തവരാണോ എന്ന ചോദ്യത്തിന് മറുപടിയൊന്നുമില്ല. അതുപോലെ നഴ്‌സുമാരുടെ ന്യായമായ സമരത്തെ തകര്‍ക്കാനും ഈയവസരം ഉപയോഗിക്കുന്നതും കാണുന്നു.
ആരോഗ്യരംഗത്ത് വളരെ മുന്നിലെന്ന മിത്തുപോലെ മലയാളി വളരെ വൃത്തിയുള്ളവരാണെന്ന മിത്തും തകര്‍ക്കുന്ന ഒന്നാണ് ഈ പനി മരണങ്ങള്‍. സ്വന്തം വീടൊഴികെ മറ്റെല്ലാ സ്ഥലങ്ങളും വൃത്തികേടാക്കന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നു വിശ്വസിക്കുന്നവരാണ് മിക്കവാറും മലയാളികള്‍. അടിസ്ഥാനപരമായി മലയാളി നിക്ഷേപിക്കുന്ന മാലിന്യങ്ങളാണ് ഡങ്കിയടക്കമുള്ള പനികള്‍ക്കെല്ലാം പ്രധാന കാരണം. മറ്റു സംസ്ഥാനങ്ങളെ ആക്ഷേപിക്കുന്നതില്‍ നാമേറെ മുന്നിലാണല്ലോ. എന്നാല്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ആദ്യത്തെ 50 നഗരങ്ങളില്‍ കേരളത്തിലെ ഒരു നഗരവുമില്ല എന്നതാണ് കൗതുകകരം. പിന്നെങ്ങനെ കൊതുകകള്‍ക്ക് ഉത്സവമാകാതിരിക്കും?
പനിയുടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. പകര്‍ച്ച പനി ബാധിച്ചവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ പദ്ധതി തയ്യാറാക്കണമെന്ന്കമ്മിഷന്‍ ആവശ്യപ്പെട്ടു. പകര്‍ച്ചപനി കാരണം ചികിത്സ തേടുന്നവരെ കൊള്ളയടിക്കുന്ന രീതിയാണ് സ്വകാര്യാശുപത്രികളില്‍ നിലവിലുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ രക്ത ഘടകങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള സംവിധാനത്തിന്റെ അപര്യാപ്തത കാരണം സ്വകാര്യ ആശുപത്രികള്‍ പ്ലേറ്റ്‌ലെറ്റിനും രക്തത്തിനും 1000 രൂപ മുതല്‍ 1500 രൂപ വരെ ഈടാക്കുന്നുണ്ടെന്നു കമ്മീഷനു പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. പനി പടര്‍ന്നു പിടിക്കുമ്പോള്‍ രോഗികളെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്ന ആശുപത്രി വികസന സമിതികള്‍ വിളിച്ചുകൂട്ടാത്തത് എന്തുകൊണ്ടാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചോദിച്ചു. ജനറല്‍ ബോഡി വിളിച്ചു കൂട്ടാത്തതു കാരണം രോഗികളില്‍ നിന്നും സ്വരൂപിച്ച തുക രോഗികളിലെത്താതെ ചെലവാക്കപ്പെടുന്നു. ജനറല്‍ ബോഡി വിളിച്ചുകൂട്ടിയാല്‍ ജീവന്‍ രക്ഷാ മരുന്നുകളും നിലത്ത് വിരിക്കാന്‍ പായ, രോഗികള്‍ക്ക് വസ്ത്രം, ഭക്ഷണം തുടങ്ങിയവ വാങ്ങി നല്‍കാന്‍ കഴിയുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച കേസ് ഓഗസ്റ്റ് രണ്ടിന് കമ്മിഷന്‍ പരിഗണിക്കും.
എന്നാല്‍ ഇതൊന്നും പ്രശ്‌നത്തിനുള്ള ആത്യന്തിക പരിഹാരമാകുന്നില്ല. ഈ നിലക്കുപോയാല്‍ അടുത്തവര്‍ഷവും പനിമരണങ്ങള്‍ ആവര്‍ത്തിക്കുമെന്നതില്‍ സംശയം വേണ്ട. മലയാളിയുടെ ആരോഗ്യത്തെ കുറിച്ചുള്ള വാചാടോപങ്ങള്‍ നിര്‍ത്തി യാഥാര്‍ത്ഥ്യബോധത്തോടെ വിഷയത്തെ സമീപിക്കുകയാണ് വേണ്ടത്. പ്രാഥമിക ആരോഗ്യരംഗത്ത് ആദ്യകാലത്തുണ്ടായ നേട്ടങ്ങളുടെ ഗുണം കൊയിതത് സ്വകാര്യമേഖലയാണ്. സസ്ഥാനത്തെ ഏറ്റവും വലിയ കഴുത്തറപ്പന്‍ കച്ചവടമായി ആരോഗ്യമേഖല മാറി. പൊതുമേഖലയാകട്ടെ പരിമിതികളിലും ആധുനിക സൗകര്യങ്ങളില്ലാതേയും വീര്‍പ്പുമുട്ടന്നു. അടിസ്ഥാനപരമായി ഇതാണ് നമ്മുടെ ആരോഗ്യത്തെ പുറകോട്ടുനയിക്കുന്നത്. ശുചിത്വത്തോടൊപ്പം ഈ മേഖലയുടെ ഉടച്ചുവാര്‍ക്കലും അനിവാര്യമാണ്.
പനിയുടെ കാര്യം ഇങ്ങനെയാണെങ്കില്‍ മറുവശത്ത് ജീവിതശൈലി രോഗങ്ങള്‍ പേടിപ്പെടുത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു. ഹൃദ്രോഗം, രക്താതിമര്‍ദ്ദം, പ്രമേഹം തുടങ്ങിയ സമ്പന്നരുടേതെന്നും ജീവിതരീതിയുടേതെന്നും വിശേഷിപ്പിക്കപ്പെടുന്ന രോഗങ്ങള്‍ ഇന്നു സര്‍വ്വവ്യാപിയാണ്. ഇത്തരം രോഗങ്ങളും ഇന്ത്യന്‍ ശരാശരിയേക്കാള്‍ എത്രയോ കൂടുതലായാണ് കേരളത്തില്‍ കണ്ടുവരുന്നത്. മാത്രമല്ല സംസ്ഥാനത്തെ പ്രധാനപ്പെട്ട മരണകാരണങ്ങള്‍ പഠിക്കുമ്പോള്‍ പകര്‍ച്ച വ്യാധികളും, മറ്റുള്ളവയും കൂടി 13% മാത്രമേ ആകുന്നുള്ളു. 87% മരണകാരണങ്ങളും പകര്‍ച്ചേതര വ്യാധികളാണ്.1956 ല്‍ സംസ്ഥാനം രൂപംകൊള്ളുമ്പോള്‍ ഈ അനുപാതം തിരിച്ചായിരുന്നു. നേരത്തെയുണ്ടായ മാറ്റങ്ങളുടെ ഫലമായുണ്ടായ ആയുര്‍ദൈര്‍ഘ്യവര്‍ദ്ധനയുടെ ഫലമായി വൃദ്ധരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. അവരില്‍ വലിയൊരു ഭാഗവും ഇത്തരം രോഗങ്ങള്‍ക്കടിമകളാണ്. വലിയൊരു ഭാഗം കിടപ്പിലുമാണ്. വലിയൊരു പൊതുജനാരോഗ്യ സാമ്പത്തിക ബാധ്യതയായി ഇത് വളര്‍ന്നുവരാനിടയുണ്ട്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മരണകാരണമായി ഹൃദ്‌രോഗവും, രണ്ടാമത്തെ പ്രധാന കാരണമായി പക്ഷാഘാതവും കാണപ്പെടുന്നതായാണ് കണക്കുകള്‍. ക്യാന്‍സര്‍, ആത്മഹത്യ, അപകടങ്ങള്‍ എന്നിവയുടെ സംഭാവനയും ചെറുതല്ല. ഈ രോഗങ്ങള്‍ എല്ലാത്തിന്റെയും അടിസ്ഥാനമായി കാണപ്പെടുന്നത് അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. പൊതുവെ പറഞ്ഞാല്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ തളര്‍ച്ച കായികാദ്ധ്വാനത്തിന്റെ തളര്‍ച്ചയിലേക്കും അതില്‍ നിന്നും ജീവിതശൈലീരോഗങ്ങളിലേക്കും നയിക്കുന്ന രീതിയിലാണ് കേരളത്തിലെ സാമൂഹ്യവികസനം ആരോഗ്യമേഖലയില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നത്.
രോഗാവസ്ഥയുടെ അവസ്ഥ ഇതാണെങ്കില്‍ ചികിത്സക്കും മരുന്നുകള്‍ക്കുമായി ഏറ്റവുമധികം തുക ചിലവാക്കുന്നതും നമ്മള്‍ തന്നെ. അവയില്‍ വലിയൊരു ഭാഗം അനാവശ്യവും സ്വകാര്യ ആശുപത്രികളും മരുന്നു നിര്‍മ്മാണക്കാരും നടത്തുന്ന കൊള്ളയുമാണ്. മരുന്നുകളാകട്ടെ വലിയൊരു ഭാഗം ഗുണനിലവാരമില്ലാത്തതും. യാതൊരുവിധത്തിലുള്ള നൈതികതക്കും സ്ഥാനമില്ലാത്ത കൊള്ളസംഘക്കാരായി ഇവരെല്ലാം മാറിയിരിക്കുന്നു. ഇവരെ നിലക്കു നിര്‍ത്താതെ ഇനി ഒരടിപോലും മുന്നോട്ടുപാകോനാവില്ല. പനിയുടെ ഈ ഭീതിതമായ അവസ്ഥയിലെങ്കിലും അത്തരമൊരു നീക്കം സര്‍ക്കാരില്‍ നിന്നുണ്ടായാല്‍ നന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply