ന്യൂമാന്‍ മാനേജ്‌മെന്റിനെതിരെ കൊലകുറ്റത്തിനു കേസെടുക്കണം

new-man-photo

മതം മനുഷ്യര്‍ക്ക് ആശ്വാസവും ശാന്തിയും നല്‍കുമെന്നാണല്ലോ വെപ്പ്. എന്നാല്‍ പലപ്പോഴും മനുഷ്യചോരക്കായി കാത്തിരിക്കുന്ന കാപാലികരായി മതങ്ങളും പുരോഹിതരും മാറാറുണ്ട്. അത്തരത്തിലുള്ളവരാണ് തൊടുപുഴ ന്യൂ മാന്‍ കോളേജ് മാനേജ്‌മെന്റ്. മതനിന്ദ ആരോപിച്ച് കൈവെട്ടി മാറ്റപ്പെട്ട പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ ഭാര്യ സലോമിയുടെ മരണത്തില്‍ ഇവര്‍ക്കെതിരെ കൊലകുറ്റത്തിനു കേസെടുക്കണം. ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കാമെന്ന ധാരണയില്‍ നിന്ന് മാനേജ്‌മെന്റ് പിന്മാറിയതാണ് ഭാര്യയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പോലും വന്ന സ്ഥിതിക്ക് ഒരു ജനാധിപത്യസര്‍ക്കാര്‍ ചെയ്യേണ്ടത് മറ്റെന്താണ്?
ഈ കുറിപ്പെഴുതുമ്പോള്‍ ഏതോ ബിഷപ്പിന്റെ കാര്‍ മറ്റുകാറുകളെ പോലെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു എന്ന പേരില്‍ വിശ്വാസികള്‍ രംഗത്തിറങ്ങിയതായി വാര്‍ത്ത കണ്ടു. അര്‍ദ്ധരാത്രിയില്‍ അവര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്രെ. എന്നാല്‍ ഒരു ദാരുണമരണത്തിനു കാരണക്കാരായ തങ്ങളുടെ സഭാമേലാധികാരികള്‍ക്കെതിരെ ഒരു വിശ്വാസിയും രംഗത്തില്ല.
2010 ജൂലൈ 4ന് മൂവാറ്റുപുഴ നിര്‍മല കോളേജിനടുത്തുവച്ച് ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത് മുസ്ലിം തീവ്രവാദികള്‍. ബി.കോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേര്‍ണല്‍ പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചായിരുന്നു ജോസഫിന്റെ കൈപ്പത്തി ഒരു സംഘം വെട്ടിമാറ്റിയത്. അവര്‍ കൈയേ വെട്ടിയുള്ളു. എന്നാല്‍ പ്രൊഫസര്‍ ജോസഫിനെ കോളേജ് മാനേജ്‌മെന്റ് സര്‍വീസില്‍നിന്ന് പുറത്താക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ടതു മുതല്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ തൊഴിലുറപ്പു പദ്ധതിക്കുപോകാന്‍ സലോമി തയാറായിരുന്നുവത്രെ.
കോടതി കുറ്റവിമുക്തനാക്കിയിട്ടും പ്രഫ. ജോസഫിനു ജോലി തിരിച്ചുനല്‍കാന്‍ തയ്യാറാകാതിരുന്ന മാനേജ്‌മെന്റിന്റെ നടപടിയാണ് ഈ മരണത്തിനു കാരണമായത്. ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ അല്‍പ്പം കരുണ കാണിച്ചിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കുമായിരുന്നില്ല. എന്നാല്‍ വിദ്യാഭ്യാസവും ആരോഗ്യവുമൊക്കെ കച്ചവടം മാത്രമാക്കിയ അവരില്‍ നിന്ന് അത് പ്രതീക്ഷിക്കവയ്യ. അവര്‍ക്കിപ്പോള്‍ താല്‍പ്പര്യം തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ വിജയിപ്പിക്കാനാണ്. അധ്യാപകരുടെ അവകാശങ്ങള്‍ക്കുവേണ്ടി ഘോരഘോരം പോരാടുന്ന സംഘടനകളും രംഗത്തെത്തിയില്ല. അവര്‍ക്കുമുണ്ട് ഈ മരണത്തില്‍ ഉത്തരവാദിത്തം.
അടിയന്തിരമായി മാനേജ്‌മെന്റിനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാനും ജോസഫിനു അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാനുമുള്ള നടപടികളാണ് ഇനി സര്‍ക്കാര്‍ തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply