നോട്ടുനിരോധനം മോദി കോര്‍പ്പറേറ്റുകളെ അറിയിച്ചു

യതിന്‍ ഓസ ഗുജറാത്ത് ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവും മുന്‍ എം എല്‍എയും മോദിയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന യതിന്‍ ഓസയുടെ തുറന്ന കത്ത് പ്രിയ നരേന്ദ്രഭായ്, താങ്കള്‍ക്കു സൗഖ്യമെന്നു കരുതുന്നു. നവംബര്‍ 8ന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ അസാധുവാക്കി താങ്കള്‍ നടത്തിയ ധീരവും ചരിത്രപരവും ആയ പ്രഖ്യാപനം കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ താങ്കളോട് വലിയ ആദരവ് തോന്നി. നിര്‍ഭാഗ്യവശാല്‍ എന്റെ സന്തോഷം അധിക സമയം നീണ്ടു നിന്നില്ല. ഒമ്പതാം തിയ്യതി രാവിലെ എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു […]

xyzയതിന്‍ ഓസ

ഗുജറാത്ത് ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവും മുന്‍ എം എല്‍എയും മോദിയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന യതിന്‍ ഓസയുടെ തുറന്ന കത്ത്

പ്രിയ നരേന്ദ്രഭായ്, താങ്കള്‍ക്കു സൗഖ്യമെന്നു കരുതുന്നു.
നവംബര്‍ 8ന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ അസാധുവാക്കി താങ്കള്‍ നടത്തിയ ധീരവും ചരിത്രപരവും ആയ പ്രഖ്യാപനം കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ താങ്കളോട് വലിയ ആദരവ് തോന്നി. നിര്‍ഭാഗ്യവശാല്‍ എന്റെ സന്തോഷം അധിക സമയം നീണ്ടു നിന്നില്ല.
ഒമ്പതാം തിയ്യതി രാവിലെ എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു സ്ത്രീ നല്‍കിയ വിവരപ്രകാരം തലേ ദിവസം ( നവംബര്‍ എട്ടിന്) ഉച്ചക്ക് പന്ത്രണ്ടു മണിയോട് കൂടി അഹമ്മദാബാദിലെ ഒരു വന്‍വ്യവസായിയുടെ ഭാര്യ നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയില്‍ വരികയും മുന്‍കൂട്ടി ഓര്‍ഡര്‍ കൊടുത്ത പ്രകാരം ഇരുപതു കോടി രൂപയുടെ സ്വര്‍ണ്ണം പണം കൊടുത്ത് വാങ്ങി കൊണ്ട് പോവുകയും ചെയ്തു. നേരത്തെ തന്നെ പറഞ്ഞു ഉറപ്പിച്ചത് പ്രകാരം ആയതുകൊണ്ട് സ്വര്‍ണ്ണം കൈമാറാനും പണം നല്‍കാനും ആകെ രണ്ടു മിനിട്ടേ വേണ്ടി വന്നുള്ളൂ.
ഞാന്‍ നേരത്തെ പറഞ്ഞ വിവരം എനിക്ക് നല്‍കിയ സ്ത്രീ ആ സമയം ആ ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനായി ഉള്ള സമയത്തായിരുന്നു ഈ ഇടപാട് നടന്നത്. അവര്‍ നഗരത്തില്‍ എല്ലാവരും ബഹുമാനിക്കുന്ന ഒരു വനിതാ ഡോക്ടറാണ്.
താങ്കളുടെ ഏറ്റവും അടുത്ത കൂട്ടത്തില്‍ കുറേക്കാലം പ്രവര്‍ത്തിച്ച ഒരാള്‍ എന്ന നിലയില്‍ ആ നിമിഷം തന്നെ ഒരു കാര്യം ഞാന്‍ മനസ്സിലാക്കി. ഈ രാജ്യത്തിലെ കള്ളപ്പണത്തിന്റെ അമ്പതു ശതമാനവും കയ്യാളുന്ന നിങ്ങളുടെ സുഹൃത്തുക്കളായ വ്യവസായികള്‍ക്ക് ഈ വിവരം താങ്കള്‍ വളരെ നേരത്തെ തന്നെ ചോര്‍ത്തി നല്‍കിയിരുന്നു എന്ന് എനിക്ക് ബോധ്യമായി. ആ ദിവസം മുഴുവന്‍ ഞാന്‍ നടത്തിയ അന്വേഷണങ്ങളില്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ഈ തീരുമാനത്തിലൂടെ താങ്കള്‍ ഈ രാജ്യത്തിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കുകയാണ് ചെയ്തത്.
രാജ്യതാത്പര്യം എന്ന മറയുണ്ടാക്കി താങ്കള്‍ താങ്കള്‍ക്കു വേണ്ടപ്പെട്ടവരെയും അടുപ്പക്കാരെയും പാര്‍ട്ടിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പോഷിപ്പിക്കുകയായിരുന്നു. യാതൊരു സംശയത്തിനും ഇട നല്‍കാത്ത വിധം വ്യക്തമായ തെളിവോടെ എന്റെ കയ്യിലുള്ള വീഡിയോ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്.
നവംബര്‍ എട്ടു തൊട്ട് ഇന്ന് വരെയായി ( നവംബര്‍ 17 ) അമിത്ഷാക്ക് ഏറ്റവും വേണ്ടപ്പെട്ടവരും അടുപ്പക്കാരുമായ ആളുകള്‍ എക്‌സ്‌ചെയ്ഞ്ച് ബിസിനസില്‍ ഏര്‍പ്പെട്ടു വരികയാണ്. 37 ശതമാനം ആണ് ഇവര്‍ ഈടാക്കുന്ന കമ്മീഷന്‍. ഒരു കോടിയില്‍ കുറയാത്ത സംഖ്യയുമായി ഇവരുടെ ഓഫീസില്‍ പോയാല്‍ ജോലിക്കാര്‍ പണം എണ്ണി ബോധ്യമായ ശേഷം 63 ലക്ഷം രൂപയുടെ നിരോധിക്കാത്ത നോട്ടുകള്‍ അടങ്ങിയ ബാഗ് അപ്പോള്‍ തന്നെ കൈമാറുന്നു. എനിക്ക് ആ വീഡിയോ പെട്ടെന്ന് തന്നെ പുറത്തു വിടാമായിരുന്നു.
പക്ഷെ താങ്കളെ എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട്, അമിത് ഷാക്ക് അടുപ്പമുള്ള കുറ്റവാളികള്‍ക്ക് പകരം ക്യൂവില്‍ നിന്നവരെ താങ്കള്‍ ശിക്ഷിച്ചു മുഖം രക്ഷിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാന്‍ അത് അറിയപ്പെടുന്ന രണ്ടു മൂന്നു സീനിയര്‍ പത്രപ്രവര്‍ത്തകര്‍ക്ക് കാണിച്ചു കൊടുക്കും. അവര്‍ ആരൊക്കെയെന്നു താങ്കള്‍ക്ക് ഞാന്‍ അറിയിക്കുകയും ചെയ്യാം. അവരില്‍ നിന്ന് താങ്കള്‍ക്കു അതിന്റെ സത്യസ്ഥിതി ബോധ്യപ്പെടാം.
ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മേല്‍ ഇന്നലെ മുതല്‍ താങ്കള്‍ കൊണ്ട് വന്ന നിയന്ത്രണം അവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നു എന്ന്! താങ്കള്‍ക്കു വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് താങ്കളെ അറിയുന്ന ആരും വിശ്വസിക്കില്ല. താങ്കളുടെ ശേഷിയിലും കഴിവിലും ബുദ്ധിശക്തിയിലും ശത്രുക്കള്‍ക്ക് പോലും എതിരഭിപ്രായം ഉണ്ടാവില്ല
അതുകൊണ്ട് ഇങ്ങനെ ഒരു സാധ്യത താങ്കള്‍ മുന്‍കൂട്ടി കണ്ടില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
ഒരു കാര്യം ചെയ്യുമ്പോള്‍ താങ്കളുടെ മനസ്സില്‍ അതിന്റെ ആദ്യാവസാനം വരെയുള്ള സമ്പൂര്‍ണ്ണ ബ്ലുപ്രിന്റ് ഇല്ലാതെ താങ്കള്‍ നീങ്ങുകയില്ല എന്ന് എനിക്ക് നന്നായി അറിയാം. അതിന്റെ വരുംവരായ്മകള്‍ മുഴുവന്‍ താങ്കള്‍ മനസ്സില്‍ കണക്കു കൂട്ടും. ഗുജറാത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ മുഴുവന്‍ നിയന്ത്രിക്കുന്നത് ബി.ജെ.പിക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്.
നവംബര്‍ എട്ടിന് രാത്രി ഒമ്പത് മണി മുതല്‍ പിറ്റേ ദിവസം രാവിലെ അഞ്ച് മണി വരെ ഗുജറാത്തിലെ ജില്ലാ ബാങ്കുകള്‍ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ക്ക് പകരം ചെറിയ നോട്ടുകള്‍ കൈമാറ്റം ചെയ്യുകയായിരുന്നു. റിസര്‍വ് ബാങ്ക് വഴി താങ്കള്‍ രാജ്യത്തെ എല്ലാ ബാങ്കുകളിലെയും എട്ടാം തീയതിയിലെ കാഷ് ബാലന്‍സ് നോട്ടിന്റെ വിശദാംശങ്ങള്‍ (denominations) അടക്കം ചോദിച്ചു അറിഞ്ഞിരുന്നല്ലോ.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ താങ്കള്‍ക്കു കാര്യങ്ങള്‍ പരിശോധിക്കാന്‍ എളുപ്പമായിരിക്കും. ഞാന്‍ പറഞ്ഞ ആരോപണത്തില്‍ മേല്‍പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴമ്പില്ല എന്ന് തെളിയിച്ചാല്‍ പരസ്യമായി മാപ്പ് പറയാന്‍ ഞാന്‍ തയ്യാറാണ്.
നോട്ട്‌നിരോധനം കൊണ്ട് വന്‍സ്രാവുകളും തിമിംഗലങ്ങളും വലയില്‍ കുടുങ്ങാതെ രക്ഷപ്പെട്ടു എന്ന ആരോപണത്തില്‍ കഴമ്പ് ഇല്ല എന്ന് തെളിയിക്കാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരു കോടിക്ക് മേല്‍ പണം വെളിപ്പെടുത്തിയവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ താങ്കള്‍ക്കു ധൈര്യമുണ്ടോ?
ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയിലുള്ള ആദ്യ മുന്നൂറ് കമ്പനികളുടെ ചെയര്‍മാന്‍, എംഡി, ഡയറക്ടര്‍മാര്‍, എന്നിവരില്‍ ആരും ഈ ലിസ്റ്റില്‍ ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പാണ്. നാലായിരം രൂപയ്ക്കു വേണ്ടി വിശപ്പും ദാഹവും സഹിച്ചു ക്യൂ നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ മെഴ്‌സിഡസ്, ബി.എം.ഡബ്ല്യു, ഔഡി, വോള്‍വോ, പോര്‍ഷെ , റെയ്ഞ്ച് റോവര്‍ വാഹനങ്ങളില്‍ വന്ന ആരെയും ഒരു ബാങ്കിന് മുമ്പിലും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല.
താങ്കളുടെ അഭിപ്രായത്തില്‍ കള്ളപ്പണം കുന്നുകൂട്ടിയവര്‍ മുഴുവനും ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നില്‍ക്കുന്ന ആളുകളാണ്, അല്ലാതെ മേല്‍പ്പറഞ്ഞ കാറുകളില്‍ നടക്കുന്ന സമ്പന്നരല്ല.
മേല്‍പ്പറഞ്ഞ മുന്നൂറു കമ്പനികള്‍ക്ക് പുറമേ ബില്‍ഡര്‍മാര്‍, സര്‍ക്കാര്‍ കരാറുകാര്‍, ഇരുമ്പയിര് അടക്കം ഖനനം ചെയ്യുന്ന ആളുകള്‍, മറ്റു വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന് എത്ര പേര്‍ നിരോധനത്തിന് ശേഷം ബാങ്കുകളില്‍ പണം നിക്ഷേപിച്ചു എന്നറിയാന്‍ ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.
ഒരു ലക്ഷം കോടിയില്‍ ഏറെ വിലമതിക്കുന്ന ഭൂമി താങ്കളില്‍ നിന്ന് സൗജന്യമായി നേടിയെടുക്കുകയും ഏഴായിരം ആളുകള്‍ക്ക് പോലും തൊഴിലവസരം ഉണ്ടാക്കാന്‍ സാധിക്കാത്തവരുമായ പത്തു പന്ത്രണ്ടു വമ്പന്‍ വ്യവസായികള്‍ എത്ര പണം നിക്ഷേപിച്ചു എന്നറിയാനും ക്യൂവില്‍ നിന്ന് ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് അവകാശമുണ്ട്.
ഈ കാര്യത്തില്‍ വ്യക്തമായ വിവരം നല്‍കാന്‍ താങ്കള്‍ക്കു സാധിക്കുന്നില്ലെങ്കില്‍ ഈ രാജ്യത്തെ കള്ളപ്പണത്തിന്റെ പകുതിയില്‍ ഏറെ നിയന്ത്രിക്കുന്ന പത്തു പന്ത്രണ്ടു ഭീമന്‍ വ്യവസായികള്‍ക്ക് താങ്കള്‍ ഈ വിവരം മുന്‍കൂട്ടി ചോര്‍ത്തി നല്‍കി എന്ന് വിശ്വസിക്കേണ്ടി വരും.
മേല്‍വിവരങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടുന്നതിലൂടെ ആരാണ് മുന്നൂറും നാനൂറും കോടി നിക്ഷേപം നടത്തിയതെന്നും നിയമവിധേയമായ സ്രോതസ്സ് കാണിക്കാത്തവരുടെ നേരെ എന്ത് നടപടിയും പിഴയും ആണ് ഈടാക്കിയതെന്നും ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയും. നവംബര്‍ ആദ്യവാരത്തില്‍ നടന്ന സ്വര്‍ണ്ണം വാങ്ങല്‍ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ താങ്കള്‍ തയ്യാറാവുമോ?
പ്രിയ നരേന്ദ്രഭായ്, മുകളില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാനും സുതാര്യമായി വെളിപ്പെടുത്താനും താങ്കള്‍ തയ്യാറായാല്‍ മാത്രമേ നോട്ടു നിരോധനം രാജ്യത്തിന് വേണ്ടിയായിരുന്നോ അതോ താങ്കള്‍ക്കും താങ്കളുടെ കൂടെ നില്‍ക്കുന്ന ഏതാനും ആളുകള്‍ക്ക് വേണ്ടിയായിരുന്നോ എന്ന് ഈ രാജ്യത്തിന് ബോധ്യമാവുകയുള്ളൂ.

സ്‌നേഹപൂര്‍വ്വം
യതിന്‍ ഓസ
മൊഴിമാറ്റം: മുഹമ്മദ് ബഷീര്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply