നീല്‍സലാം – ലാല്‍ സലാം : സംവാദത്തിന് ഒരാമുഖം

ദളിത് കാമറ ഓള്‍ ഇന്ത്യാ കിസാന്‍സഭാ ജോയിന്റ് സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമായ വിജു കൃഷ്ണന് ഒരു തുറന്ന കത്ത്. പ്രിയപ്പെട്ട വിജു, ജാതിയുടെ ഉന്മൂലനത്തിനുള്ള പോരാട്ടത്തില്‍ താങ്കളുടെ പാര്‍ട്ടിയുടെ പങ്കിനെക്കുറിച്ച് അര്‍ത്ഥപൂര്‍ണ്ണമായൊരു ചര്‍ച്ച എന്ന ഉദ്ദേശത്തോടെയാണീ കത്തെഴുതുന്നത്. ഈ അസ്മിതായാത്രക്ക് താങ്കള്‍ തന്നെ സി.പി.എം. ന്റേയും അതിന്റെ ബഹുജനസംഘടനകളുടേയും ഒരു സംഘത്തെ നയിക്കുകയുണ്ടായി. ഒരു ദളിത്-അംബേദ്കര്‍ ഐക്യവും നീല്‍സലാം-ലാല്‍സലാം മുദ്രാവാക്യവും കെട്ടിപ്പടുക്കുന്നതില്‍ താങ്കളുടെ പരിശ്രമങ്ങള്‍ എത്രത്തോളം സദുദ്ദേശപരമാണെന്ന് ഞങ്ങള്‍ക്കറിയേണ്ടതുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ […]

salamദളിത് കാമറ

ഓള്‍ ഇന്ത്യാ കിസാന്‍സഭാ ജോയിന്റ് സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമായ വിജു കൃഷ്ണന് ഒരു തുറന്ന കത്ത്.

പ്രിയപ്പെട്ട വിജു,
ജാതിയുടെ ഉന്മൂലനത്തിനുള്ള പോരാട്ടത്തില്‍ താങ്കളുടെ പാര്‍ട്ടിയുടെ പങ്കിനെക്കുറിച്ച് അര്‍ത്ഥപൂര്‍ണ്ണമായൊരു ചര്‍ച്ച എന്ന ഉദ്ദേശത്തോടെയാണീ കത്തെഴുതുന്നത്. ഈ അസ്മിതായാത്രക്ക് താങ്കള്‍ തന്നെ സി.പി.എം. ന്റേയും അതിന്റെ ബഹുജനസംഘടനകളുടേയും ഒരു സംഘത്തെ നയിക്കുകയുണ്ടായി. ഒരു ദളിത്-അംബേദ്കര്‍ ഐക്യവും നീല്‍സലാം-ലാല്‍സലാം മുദ്രാവാക്യവും കെട്ടിപ്പടുക്കുന്നതില്‍ താങ്കളുടെ പരിശ്രമങ്ങള്‍ എത്രത്തോളം സദുദ്ദേശപരമാണെന്ന് ഞങ്ങള്‍ക്കറിയേണ്ടതുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി ദളിതുകള്‍ ഉയര്‍ത്തുന്നത് പോലെത്തന്നെ, എല്ലാ ദളിത് കുടുംബങ്ങള്‍ക്കും 5 ഏക്കര്‍ ഭൂമി എന്നതാണ് ഉന മുന്നേറ്റത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. നിങ്ങളുടെ പാര്‍ട്ടി ഗുജറാത്തില്‍ ഇതിനെ പിന്തുണക്കുമ്പോള്‍ തന്നെ നിങ്ങളധികാരത്തിലുണ്ടായിരുന്ന രണ്ടു സംസ്ഥാനങ്ങളില്‍- കേരളത്തിലും ബംഗാളിലും- നിങ്ങളുടെ പ്രചരണം ഭൂപരിഷ്‌ക്കരണം ദളിതര്‍ക്ക് ഗുണമായിട്ടുണ്ട് എന്നതായിരിക്കേ ഈയിടെ പുറത്തുവന്ന വിവരാവകാശ രേഖ പ്രകാരം ആളൊന്നിന് നല്‍കിയിട്ടുള്ള ഭൂമിയുടെ അളവ് ഏറ്റവും കുറവ് കേരളത്തിലും ബംഗാളിലുമാണെന്നതിനേക്കാള്‍ വലിയ വൈരുദ്ധ്യമില്ല. കേരളത്തില്‍ പ്രതിശീര്‍ഷം 0.41 ഏക്കറും ബംഗാളില്‍ 0.33 ഏക്കറുമാണ് ഇത്. അതേസമയം, ദേശീയ ശരാശരി 0.88 ഏക്കറാണ്.
താങ്കളുടെ പാര്‍ട്ടിയും കോണ്‍ഗ്രസ്സും മാറിമാറി ഭരിക്കുന്ന കേരളത്തില്‍ തൊണ്ണൂറുകള്‍ മുതലിങ്ങോട്ട് ആദിവാസി-ദളിത് ഭൂസമരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. എല്‍.ഡി.എഫ്- യു.ഡി.എഫ് സര്‍ക്കാറുകള്‍ ആദിവാസി-ദളിത് വിഭാഗങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ ലംഘനത്തിന്റെ ഫലമായി 2007 ല്‍ നടന്ന ചെങ്ങറ ഭൂസമരത്തെ ഒരു നിയമ വിരുദ്ധ സമരമായും ഭൂമി കയ്യേറ്റവുമായാണ് നിങ്ങളുടെ പാര്‍ട്ടിയും ഇടതു സര്‍ക്കാരും കണ്ടത്. സമരത്തെ അടിച്ചമര്‍ത്താനും ഭൂമിയില്‍ താമസമാക്കിയ കുടുംബങ്ങളെ ബലമായി ഒഴിപ്പിക്കാനും താങ്കളുടെ പാര്‍ട്ടിയും സര്‍ക്കാരും നിശ്ചയിച്ചുറപ്പിച്ചിരുന്നു. കഴിഞ്ഞ 3 വര്‍ഷമായി മുന്നൂറോളം ആദിവാസി-ദളിത് കുടുംബങ്ങള്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയില്‍ നിലയുറപ്പിച്ചുകൊണ്ട് തുടര്‍ന്നുപോരുന്ന കേരളത്തിലെ അരിപ്പ ഭൂസമരത്തെ പോലും ബി.ജെ.പി, സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഒരു പ്രാദേശിക സഖ്യം തദ്ദേശവാസികളുമായി ചേര്‍ന്ന് ഒരു കാരണവുമില്ലാതെ ആക്രമിച്ചു. അതിനെ പാര്‍ട്ടിനേതാക്കള്‍ പൂര്‍ണ്ണമായി ന്യായീകരിക്കുകയും ചെയ്യുന്നു. അവരുടെ ആവശ്യത്തെ നിങ്ങളുടെ പ്രാദേശിക പാര്‍ട്ടി നേതൃത്വം യാഥാര്‍ത്ഥ്യ ബോധമില്ലാത്തത് എന്നു പറഞ്ഞ് നിരാകരിക്കുന്നു. ആദ്യ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ 1957 ലെ ഭൂപരിഷ്‌ക്കരണ ബില്ലില്‍ പോലും മേല്‍ജാതിക്കാരായ നായര്‍ ജന്മികള്‍ക്ക് നല്‍കിയതിനേക്കാള്‍ കുറഞ്ഞ മുന്‍ഗണന മാത്രമേ കര്‍ഷക തൊഴിലാളികള്‍ക്ക് (അവര്‍ കൂടുതലും ദളിതരായിരുന്നു) നല്‍കിയുള്ളു.
‘കൃഷി ചെയ്യുന്നവര്‍ക്ക് കൃഷിഭൂമി’ എന്നതായിരുന്നു 1957 ന് മുമ്പ് നടന്നിരുന്ന കര്‍ഷക സമരങ്ങളിലെല്ലാം കേട്ട മുദ്രാവാക്യം. അവയില്‍ ധാരാളം ദളിതര്‍ പങ്കെടുക്കുകയും നിരവധി പേര്‍ക്ക് ജീവന്‍ വരെ നഷ്ടപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, ആ സമരങ്ങള്‍ക്കു ശേഷം, ദളിതര്‍ക്കുള്ള ഭൂവിതരണത്തിന് വളരെ കുറഞ്ഞ പ്രാധാന്യം മാത്രമേ ലഭിച്ചുള്ളു. അവര്‍ക്ക് മിച്ചഭൂമി വിതരണത്തെ ആശ്രയിക്കേണ്ടി വന്നു.
എന്നാല്‍ വലിയ പ്ലാന്റേഷനുകള്‍ പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഭൂമി കൈവശം വച്ചു. അതിനുശേഷം യുഡിഎഫ്, എല്‍ഡിഎഫ് ഗവണ്‍മെന്റുകള്‍ നടത്തിയ ഭൂപരിഷ്‌കാരങ്ങള്‍, ഭൂപരിധി നിയമത്തിലൂടെ പ്രബല സമുദായക്കാരെ സഹായിക്കുന്നതിനും (ഭൂമി, പ്ലാന്റേഷനുകളും മതപരവും കുടുംബപരവുമായ ട്രസ്റ്റുകളുമാക്കി മാറ്റി) ആദിവാസി-ദളിത് വിഭാഗങ്ങളെ ചതിക്കുന്നതിനും മാത്രമേ ഉതകിയുള്ളു. അവര്‍ക്ക് ഭൂമി നല്‍കുന്നതിന് പകരം, കോളനികളിലേക്കും ചേരികളിലേക്കും പറഞ്ഞുവിടുകയാണ് ചെയ്തത്.
‘കില’ നടത്തിയ ഒരു പഠനം വെളിപ്പെടുത്തത്, 55% വരുന്ന പട്ടിക ജാതിക്കാര്‍ അതിഭയാനകമായ അവസ്ഥയിലാണ് 26,198 കോളനികളിലായി കഴിയുന്നത് എന്നാണ്. 2011 ലെ സെന്‍സസ് പറയുന്നത് 15 ലക്ഷം ദളിത് കുടുംബങ്ങളില്‍ 12% പഴകിപ്പൊളിഞ്ഞ വീടുകളിലും 43% വാസയോഗ്യം എന്നു മാത്രം പറയാവുന്ന വീടുകളിലുമാണ് കഴിയുന്നത് എന്നാണ്. ജാതിവ്യവസ്ഥയെ തകര്‍ക്കുമെന്നു പറയുന്ന കാര്‍ഷിക വിപ്ലവത്തെക്കുറിച്ച്, വാചാടോപത്തിനപ്പുറം അതെന്തെന്നോ അതെങ്ങനെ നടപ്പിലാക്കുമെന്നോ ഉള്ള സമഗ്രമായൊരു വീക്ഷണം സിപിഎം ഇതുവരെ തന്നിട്ടില്ല. പകരം തങ്ങളുടെ പരാജയങ്ങളെ ഇന്ത്യന്‍ ബൂര്‍ഷ്വാ-ജന്മിത്ത വ്യവസ്ഥിതിയുടെ പരിമിതികള്‍ക്കു കീഴില്‍ ഒളിപ്പിക്കാനാണ് ശ്രമിക്കുന്നത്.
ഇടതുപക്ഷം 34 വര്‍ഷം ഭരിക്കുകയും ദളിതര്‍ക്കും ആദിവാസികള്‍ക്കും ആയുള്ള ഭൂമിയുടെ വിതരണം അതിന്റെ നേട്ടമായി നിങ്ങളുടെ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന ബംഗാളില്‍ പോലും, യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ബുദ്ധിജീവികളും ഗവണ്‍മെന്റും ചേര്‍ന്ന് സംഖ്യകളേയും അര്‍ദ്ധ സത്യങ്ങളേയും വളച്ചൊടിച്ച് കെട്ടുകഥ ചമക്കുകയാണ് ചെയ്യുന്നത്, ‘ഗുജറാത്ത് വികസനം’ എന്ന കെട്ടുകഥ പോലെ. (ഭൂമിയുടെ വിതരണം പ്രതിശീര്‍ഷം 0.33 ഏക്കര്‍ മാത്രമായി കലാശിക്കുകയും അതുമൂലം മതിയായ ഭൂമിയില്ലാതെ കൃഷി ചെയ്തു ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പലരും കൃഷി ഉപേക്ഷിക്കുകയും ദിവസക്കൂലിക്കാരായി അന്യ സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയോ ഭൂമി പഴയ മേല്‍ജാതിക്കാരായ ജന്മിമാര്‍ക്ക് തിരിച്ചു വില്‍ക്കുകയോ ചെയ്യേണ്ടിവരുകയും ചെയ്തു. ഗ്രാമീണ ബംഗാളിലെ 1000 കുടുംബങ്ങളില്‍ 106 എണ്ണവും മുഴുപ്പട്ടിണിയിലോ അരപ്പട്ടിണിയിലോ ആണ്. (ആന്ധ്രയില്‍ ഇത് 1000 ല്‍ 6, ആസാമില്‍ 1000 ല്‍ 17, ബീഹാറില്‍ 1000ല്‍ 20, ഒറീസയില്‍ 1000ല്‍ 48) ഇവരില്‍ ഭൂരിഭാഗവും ദളിതരും പിന്നോക്കക്കാരും മുസ്ലീങ്ങളുമാണ്. 2001 ലെ ദേശീയ സാമ്പിള്‍ സര്‍വ്വേ പ്രകാരം ഇന്ത്യയിലെ 58.3% വരുന്ന കര്‍ഷകത്തൊഴിലാളികളും പാട്ടക്കാരും അടങ്ങുന്ന ഗ്രാമീണ കുടുംബങ്ങള്‍ 6% ഭൂമി കൈവശം വക്കുമ്പോള്‍, ബംഗാളില്‍ 55.4% വരുന്ന ദരിദ്ര കര്‍ഷക കുടുംബങ്ങള്‍ 3.9% ഭൂമി മാത്രമാണ് കൈവശം വക്കുന്നത്. 2001 ല്‍ 39.2% കര്‍ഷക കുടുംബങ്ങള്‍ക്ക് ഭൂമിയേ ഉണ്ടായിരുന്നില്ല. അതേ സര്‍വ്വേ പറയുന്നത് ഭൂമിയില്ലാത്ത കര്‍ഷകരുടെ ആ വര്‍ഷത്തെ അഖിലേന്ത്യാ കണക്ക് 35.1% എന്നാണ്.
മറ്റു പാര്‍ട്ടികളേയും സംഘടനകളേയും പോലെ നിങ്ങളുടെ പാര്‍ട്ടിയും നിര്‍ത്തലാക്കണമെന്നാവശ്യപ്പെടുന്ന ഒന്നാണ് കായികമായ തോട്ടിപ്പണി. പക്ഷേ, നിങ്ങളുടെ പാര്‍ട്ടി ഭരിച്ചിരുന്ന, ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇത് നടപ്പിലായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2015 ജൂലൈ 3 ന് പ്രസിദ്ധീകരിച്ച സോഷ്യോ-എക്കണോമിക് സെന്‍സസ് ഡാറ്റ പ്രകാരം ത്രിപുരയില്‍ 6.9 ലക്ഷം കുടുംബങ്ങള്‍ ഉള്ളതില്‍ 17,332 കുടുംബങ്ങള്‍ തോട്ടിപ്പണി ചെയ്യുന്നവരാണ്. ബീഹാര്‍, യു.പി, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണിത്. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ തോട്ടിപ്പണി ചെയ്യുന്ന 13,687 കുടുംബങ്ങളുണ്ട്. ബംഗാളിലും തോട്ടിപ്പണി ഒരു യാഥാര്‍ത്ഥ്യമാണ്.
ഗുജറാത്ത് മുന്നേറ്റത്തിന്റെ പ്രധാന ഉത്തേജനം, ദളിതര്‍ക്ക് നേരെ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ക്രൂരമായ ഹിംസ പൊതുസ്ഥലത്ത് കെട്ടഴിച്ചു വിടപ്പെട്ടപ്പോഴായിരുന്നു. താങ്കളുടെ പാര്‍ട്ടിക്കും അത്തരത്തില്‍ പാര്‍ട്ടി സംവിധാനങ്ങളും ഭരണകൂട സംവിധാനങ്ങളുമുപയോഗിച്ചുള്ള ക്രൂരമായ ഹിംസയുടെ ചരിത്രമുണ്ട്. 1979 ല്‍ ദളിതരും മറ്റു പാര്‍ശ്വവത്കൃതരുമായ ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ ഭരണകൂടത്താല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. ഭരണത്തിലെത്തുന്നതിനു മുമ്പ് അവരുടെ പുനരധിവാസം നിങ്ങളുടെ പ്രധാന പ്രചരണ വിഷയമായിരുന്നു. അതേ സമയം ഭദ്രലോക് അഭയാര്‍ത്ഥികളുടെ പുനരധിവാസത്തെ ഭരണകൂടം പൂര്‍ണ്ണമായും ഏറ്റെടുത്തു.
ചിത്രലേഖ എന്ന വനിതാ ഓട്ടോ ഡ്രൈവര്‍ താങ്കളുടെ പാര്‍ട്ടിയുടെ ജാതീയ ആക്രമണങ്ങളില്‍ ഇരയാക്കപ്പെട്ടവരുടെ ജീവിക്കുന്ന ഉദാഹരണമാണ്. ഈ എഴുത്ത് എഴുതുന്ന സമയത്തുപോലും താങ്കളുടെ പാര്‍ട്ടിയോടും കേരളത്തിലെ അതിന്റെ സംവിധാനങ്ങളോടും ഉള്ള അവരുടെ സമരത്തോട് മുഖം തിരിക്കുകയാണ് താങ്കളുടെ നേതാക്കള്‍.
2009 ല്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു എന്നതുകൊണ്ട് വര്‍ക്കലയിലെ ദളിത് കോളനികളില്‍ പോലീസ് ക്രൂരമായ അക്രമം അഴിച്ചു വിടുകയുണ്ടായി. നിരപരാധികളായ നിരവധി ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകരെ, യാതൊരു തെളിവുമില്ലാതിരുന്നിട്ടു പോലും, ഒരു കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞ് അറസ്റ്റു ചെയ്തു. ആഭ്യന്തരമന്ത്രിയും പി.ബി.അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍, അവരെ തീവ്രവാദികളായി ചിത്രീകരിക്കുകയാണ് ചെയ്തത്.
കണ്ണന്‍ദേവന്‍ പ്ലാന്റേഷനിലെ ദളിത്‌സ്ത്രീ തൊഴിലാളികള്‍ ബോണസ്സിന്, ചൂഷിതമായ ജോലി സാഹചര്യത്തിനെതിരേയും ന്യായമായ കൂലിക്കും വേണ്ടി, മധ്യസ്ഥ ചര്‍ച്ചകളില്‍ തങ്ങളുടെ നിലപാടിനെ പ്രതിനിധീകരിക്കാത്ത പുരുഷാധിപത്യപരമായ ട്രേഡ് യൂണിയനുകളെ വെല്ലുവിളിച്ചു കൊണ്ട് ”പെമ്പിളൈ ഒരുമൈ” എന്ന ഒരു യൂണിയനുണ്ടാക്കി. സി.ഐ.ടി.യു, എ.ഐ.ടി.യു.സി തുടങ്ങിയ സംഘടനകള്‍ തൊഴിലാളികളോടാലോചിക്കാതെ ഒത്തുതീര്‍പ്പു ശ്രമം തുടങ്ങിയിട്ടും വലിയൊരു വിഭാഗം സ്ത്രീ തൊഴിലാളികള്‍ സമരത്തിനിറങ്ങി. ഇത് തൊഴിലാളികളോടുള്ള നിങ്ങളുടെ പ്രതിബദ്ധതയില്ലായ്മയെ തുറന്നു കാട്ടുന്നതായിരുന്നു. അവര്‍ സ്ത്രീകളുടെ വ്യക്തിപരമായ സാഹചര്യങ്ങളെ ചൂഷണം ചെയ്യുകയും പൊമ്പിളൈ ഒരുമൈയുടെ ഐക്യം തകര്‍ക്കാനായി കുടുംബാംഗങ്ങളേയും ഭര്‍ത്താക്കന്മാരേയും ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. അവര്‍ക്കൊറ്റക്ക് വലിയ പാര്‍ട്ടിക്കെതിരെ പൊരുതാനാവില്ലെന്ന് ബോധ്യപ്പെടുംവരെ സ്ത്രീകളെ ഭീഷണിപ്പെടുത്തിയും ഒറ്റപ്പെടുത്തിയും പീഡിപ്പിച്ചു. ചൂഷിത സാഹചര്യത്തില്‍ പണിയെടുക്കുന്ന പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഈ തൊഴിലാളികള്‍ക്ക് നീതി ഉറപ്പാക്കുന്നതിനു പകരം, തങ്ങളാണ് അവരുടെ രക്ഷകര്‍ എന്ന് പൊതുജനത്തിനു മുമ്പില്‍ കാണിക്കാനും സംഘടനയില്‍ ആളെ കൂട്ടുന്നതിനുവേണ്ടി അവരെ തങ്ങളുടെ യൂണിയനില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയാണ് നിങ്ങള്‍ ചെയ്തത്.
രോഹിതിന്റെ ആത്മഹത്യക്കു ശേഷം അതില്‍ ബി.ജെ.പിക്ക് എതിരായ ഒരു രാഷ്ട്രീയ അവസരമുണ്ടെന്ന് മനസ്സിലാക്കി, മറ്റു പാര്‍ട്ടികളെപ്പോലെ നിങ്ങളും ഉണര്‍ന്നപ്പോള്‍ മുമ്പ് നടന്നിട്ടുള്ള ദളിത് ആത്മഹത്യകളിലൊന്നും ചില ഭംഗിവാക്കുകള്‍ക്കപ്പുറം, എസ്.എഫ്.ഐ സമരം നടത്തിയിട്ടില്ല എന്നതാണ് സത്യം. രോഹിതിന്റെ മരണത്തിന് മുമ്പ് താങ്കളുടെ പാര്‍ട്ടി, അവഗണനക്കും പീഡനത്തിനുമിരയാക്കപ്പെടുന്ന നിപുണരായ വിദ്യാര്‍ത്ഥികളെക്കുറിച്ച് ലേഖനങ്ങളോ പ്രസ്താവനകളോ ഇറക്കിയിട്ടില്ല. അത്തരം സമരങ്ങളില്‍ പങ്കെടുത്തിട്ടുമില്ല. പക്ഷേ, ഇപ്പോള്‍ ഈ മുന്നേറ്റങ്ങള്‍ ദേശീയ ശ്രദ്ധ നേടിയപ്പോള്‍, നിങ്ങള്‍ എല്ലായിടത്തുമുണ്ട്.
സി.പി.എം ന്റെ ജാതി വ്യവസ്ഥയോടുള്ള കാഴ്ചപ്പാട്, തൊട്ടുകൂടായ്മ, സാമൂഹികമായ ഒഴിച്ചുനിര്‍ത്തല്‍ മുതലായവയുടെ വ്യക്തമായ പരിണിത ഫലങ്ങളില്‍ ഊന്നിയുള്ളതാണ്. ഒരു മുഖ്യധാര പാര്‍ട്ടിയും ഇവയെ തുറന്ന് ന്യായീകരിക്കുകയില്ല. അവര്‍ക്ക് താല്പര്യമില്ലെങ്കില്‍ കൂടി പരസ്യമായി അപലപിക്കേണ്ടി വരികയും ചെയ്യും. താങ്കളുടേതടക്കം പല പാര്‍ട്ടികളും തൊട്ടുകൂടായ്മയ്ക്കും സാമൂഹികമായ ഒഴിവാക്കലിനുമെതിരെ സമരങ്ങള്‍ നയിച്ചിട്ടുണ്ടാകും. പക്ഷേ, അതിനപ്പുറം ജാതി വ്യവസ്ഥയെക്കുറിച്ച് ആശയപരവും ചരിത്രപരവുമായ ഒരു വീക്ഷണം താങ്കളുടെ പാര്‍ട്ടിയുടെ രേഖകളില്‍ കണ്ടിട്ടില്ല. നേരെമറിച്ച്, ജാതി വ്യവസ്ഥയുടെ ചരിത്രപരമായ പങ്കിനെ പുരോഗമനപരമായ ഒന്നായിട്ടാണ് വീക്ഷിക്കുന്നത്. ഇ.എം.എസ്സിന്റെ കേരളം-മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകത്തില്‍ ഇന്ത്യന്‍ സമൂഹത്തെ, പ്രത്യേകിച്ച് കേരള സമൂഹത്തെ, വികസിപ്പിക്കുന്നതില്‍ ജാതി വ്യവസ്ഥക്കുള്ള പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്:
”കേരളത്തിന് മാത്രമല്ല, മുഴുവന്‍ ഇന്ത്യക്ക് വേണ്ടിയുള്ള ആര്യ ബ്രാഹ്മണരുടെ വലിയ സംഭാവനയായിരുന്നു ജാതി എന്നത്. ഇന്ത്യയിലെ ജാതി വ്യവസ്ഥക്ക് യൂറോപ്പിലെ അടിമത്ത വ്യവസ്ഥയുടെ അതേ അടിസ്ഥാനം തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് നമ്മള്‍ ജാതി വ്യവസ്ഥയെ എതിര്‍ക്കുകയും വെറുക്കുകയും ചെയ്യുന്നു. അടിമത്ത വ്യവസ്ഥിതിയെപ്പോലെ ജാതി വ്യവസ്ഥയും ലക്ഷക്കണക്കിന് സാധാരണക്കാരെ ചൂഷണം ചെയ്യുകയും അടിച്ചമര്‍ത്തുകയും ചെയ്തു. പക്ഷേ, അടിമത്ത വ്യവസ്ഥയെപ്പോലെ ജാതി വ്യവസ്ഥയും സമൂഹത്തെ അതിന്റെ അസംസ്‌കൃതാവസ്ഥയില്‍ നിന്ന് പുരോഗതിയിലേക്ക് നയിച്ചിട്ടുണ്ട്.”
”പുരാതന ഗ്രീക്ക്, റോമന്‍, ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങള്‍ അടിമത്ത വ്യവസ്ഥിതിയുടെ അടിത്തറയില്‍ പണിതുയര്‍ത്തപ്പെട്ട പോലെ ഹിന്ദു സംസ്‌കാരം പണിതുയര്‍ത്തപ്പെട്ടത് ജാതി വ്യവസ്ഥയുടെ അടിത്തറയിലാണ്. ചണ്ഡാളനേയും ശുദ്രനേയും ചൂഷണം ചെയ്താണ് വൈശ്യര്‍ കൃഷി, വ്യാപാരം എന്നിവ നടത്തി തങ്ങളുടേയും ജനങ്ങളുടേയും സ്വത്ത് വര്‍ദ്ധിപ്പിച്ചത്. ക്ഷത്രിയര്‍ക്ക് യുദ്ധ തന്ത്രജ്ഞത വളര്‍ത്താനും പുതിയ ആയുധങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്കാനും മറ്റു സ്ഥലങ്ങള്‍ ആക്രമിച്ച് സാമ്രാജ്യം സ്ഥാപിക്കാനും കഴിഞ്ഞത് താഴ്ന്ന ജാതിക്കാരുടെ ചൂഷിതാവസ്ഥയെന്ന അടിത്തറയില്‍ നിന്നാണ്. ജാതി വ്യവസ്ഥയാണ്. ഋഷിമാരേയും ബ്രാഹ്മണരേയും വേദങ്ങള്‍, ഉപനിഷത്തുകള്‍, മതങ്ങള്‍, ശാസ്ത്രങ്ങള്‍, കല തുടങ്ങിയവ സൃഷ്ടിക്കാനും പഠിപ്പിക്കാനും പ്രാപ്തരാക്കിയത്. ചുരുക്കത്തില്‍ ഉന്നതമായ ആര്‍ഷഭാരത സംസ്‌കാരം, പുരാതന ഹിന്ദു സാമ്രാജ്യത്വത്തിന്റെ വിദേശികളെ ആകര്‍ഷിച്ച കരകൗശലവസ്തുക്കള്‍, സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ ഇവയെല്ലാം വളര്‍ന്നത് ജാതി വ്യവസ്ഥയുടെ അടിത്തറയിലാണ്.”
എന്നാല്‍ അംബേദ്കര്‍ തന്റെ മൗലിക ഗ്രന്ഥമായ ജാതിയുടെ ഉന്മൂലനത്തില്‍ എങ്ങനെയാണ് ജാതിവ്യവസ്ഥയും അതിന്റെ ശ്രേണീക്രമവും ഏത് സമൂഹത്തിനും ദോഷകരമാവുന്നതെന്നും എങ്ങനെയാണത് ഇന്ത്യന്‍ സമൂഹത്തെ നിശ്ചലമാക്കിയതെന്നും സ്പഷ്ടമാക്കുന്നുണ്ട്.
”തൊഴില്‍ വിഭജനം സ്വാഭാവികമായുള്ളതല്ല. പ്രകൃത്യാ ഉള്ള അഭിരുചികളെ അടിസ്ഥാനമാക്കിയല്ല അത് നടപ്പിലാക്കിയത്. ഒരു വ്യക്തിയുടെ കഴിവിനെ തന്റെ ജീവിത മാര്‍ഗം തെരഞ്ഞെടുക്കുന്നതിനുള്ള അവസ്ഥയിലേക്ക് വളര്‍ത്തുന്നതിന്, വ്യക്തിപരവും സാമൂഹ്യവുമായ ശേഷി ഉണ്ടാവേണ്ടതുണ്ട്. ഈ തത്വം ജാതി വ്യവസ്ഥയില്‍ ലംഘിക്കപ്പെടുകയാണ്. അത് വ്യക്തികള്‍ക്ക് മുന്‍കൂറായി കര്‍ത്തവ്യങ്ങള്‍ നല്‍കുകയാണ്. അവരുടെ വ്യക്തിപരമായ കഴിവിനെ അവഗണിച്ച്, അവരുടെ മാതാപിതാക്കളുടെ സാമൂഹ്യ നിലവാരത്തെ മാത്രം ആസ്പദമാക്കി.
മറ്റൊരു കാഴ്ചപ്പാടില്‍ നോക്കിയാല്‍, ജാതി വ്യവസ്ഥയുടെ ഫലമായുണ്ടായ തൊഴിലുകളുടെ ഈ ശ്രേണീക്രമം സ്പഷ്ടമായും മാരകമായ ഒന്നാണ്. വ്യവസായം ഒരിക്കലും നിശ്ചലമല്ല. അത് ത്വരിതവും അപ്രതീക്ഷിതവുമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്. ഇത്തരം മാറ്റങ്ങളോടൊപ്പം വ്യക്തികള്‍ക്കും അവരുടെ തൊഴിലില്‍ മാറ്റം വരുത്താന്‍ കഴിയും. അങ്ങനെ തൊഴിലില്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ അയാള്‍ക്ക് സ്വന്തം ഉപജീവനം നടത്താന്‍ അസാധ്യമാകും. ആവശ്യമായിടത്ത് ജോലി ചെയ്യാന്‍, പരമ്പരാഗതമായി അവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെങ്കില്‍ ജാതിവ്യവസ്ഥ അവരെ അനുവദിക്കില്ല. ഒരു ഹിന്ദു തന്റെ ജാതിക്ക് നല്‍കിയിട്ടുള്ളതല്ലാത്ത ഒരു പുതിയ ജോലി ചെയ്യുന്നതിനു പകരം പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ജാതി വ്യവസ്ഥയാണ്. തൊഴിലുകളുടെ പുനഃക്രമീകരണത്തിന് അനുവദിക്കാത്ത ജാതി, തൊഴിലില്ലായ്മക്ക് നേരിട്ടുള്ള കാരണമായി മാറുന്നു.”
ബ്രാഹ്മണിസത്തെ അഥവാ ഹിന്ദുയിസത്തെ ഇന്ത്യന്‍ ഫാസിസത്തിന്റെ അടിവേരായി അംബേദ്കര്‍ കരുതിയിരുന്നു. ഈ മതമാണ് ജാതിവ്യസ്ഥ എന്ന ഏറ്റവും ഹീനമായ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥക്കു കാരണം എന്നദ്ദേഹം അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുള്ളതാണ്. ഹിന്ദുയിസത്തിന്റെ വേരുകളില്‍നിന്ന് വളര്‍ന്ന ഒരു ശാഖയാണ് സംഘപരിവാര്‍. അതൊരിക്കലും അതില്‍നിന്നുള്ള വ്യതിചലനമല്ല. അതേസമയം താങ്കളുടെ പാര്‍ട്ടി, ഇതുവരെ ജാതിയെക്കുറിച്ചുള്ള പാര്‍ട്ടി രേഖകളിലോ പാര്‍ട്ടി പരിപാടികളിലോ ബ്രാഹ്മണിസത്തെക്കുറിച്ച് ഒരു വിശകലനം നടത്തിയിട്ടില്ല. പകരം, താങ്കളുടെ പാര്‍ട്ടിയുടെ പൊതു കാഴ്ചപ്പാട്, ഹിന്ദുമതം, മറ്റെല്ലാ മതങ്ങളിലും ഉണ്ടാവുന്നതുപോലെ ജാതി, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയ തിന്മകളുള്ള ഒരു ലിബറല്‍ മതമാണെന്നാണ്. ”കപട ഹിന്ദുത്വം തുറന്നു കാട്ടപ്പെടണം- കാവിപ്പടയുടെ കെട്ടുകഥകളുടെ യാഥാര്‍ത്ഥ്യം” എന്ന ലേഖനത്തില്‍ താങ്കളുടെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി എഴുതിയതില്‍ നിന്ന് ഇത് വ്യക്തമാണ്. ഹിന്ദുമതം ലിബറല്‍ ആയിരുന്നുവെന്നും സംഘപരിവാര്‍ അതില്‍ നിന്നുള്ള വ്യതിചലനമാണെന്നും അതില്‍ വിശദീകരിക്കുന്നുണ്ട്. ആദിശങ്കരനേയും (സമന്വാധിഷ്ഠിതമായ ബുദ്ധമതത്തെ തോല്പിച്ച് ബ്രാഹ്മണിസത്തെ ശക്തിപ്പെടുത്തുന്നതില്‍ ആശയപരമായ നേതൃത്വം വഹിച്ച ആള്‍) വിവേകാനന്ദനേയും (ജാതിവ്യവസ്ഥയെ പിന്തുണക്കുകയും അതിനെ പരിഷ്‌ക്കരിക്കാന്‍ മാത്രം ആഗ്രഹിക്കുകയും മറ്റു മതങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിനെതിരെ മുന്നറിയിപ്പു നല്‍കുകയും ചെയ്തയാള്‍) ഭഗവത് ഗീതയേയും ഉദ്ധരിക്കുന്നുണ്ട് അദ്ദേഹം.
”ഗോള്‍വാള്‍ക്കറാലോ സ്വയം സേവകരുടെ പുതിയ അവതാരങ്ങളാലോ നയിക്കപ്പെടുന്നതിലധികം വിവേകാനന്ദനാലോ ആദിശങ്കരനാലോ നയിക്കപ്പെട്ട ഭൂരിപക്ഷം വരുന്ന വിശാല ഹിന്ദു അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്. വിവിധ നദികള്‍ വിവിധ ചാലുകളിലൂടെ ഒഴുകി ഒരേ സമുദ്രത്തില്‍ എത്തിച്ചേരുന്നതുപോലെ, വിവിധ വ്യക്തികള്‍ വിവിധ വിശ്വാസങ്ങളിലൂടെ ഒരേ ദൈവത്തില്‍ എത്തിച്ചേരുന്നു എന്ന് ആദിശങ്കരന്‍ തുടര്‍ച്ചയായി പറയുന്നുണ്ട്. ”ആരെങ്കിലും സ്വന്തം മതത്തിന്റെ മാത്രം നിലനില്പും മറ്റുള്ളവയുടെ തകര്‍ച്ചയും സ്വപ്നം കാണുന്നുണ്ടെങ്കില്‍ അവരോട് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ സഹതപിക്കുന്നു. മാത്രമല്ല, എത്രതന്നെ എതിര്‍പ്പുണ്ടായാലും എല്ലാ മതങ്ങളുടേയും കൊടികളില്‍ സൗഹാര്‍ദ്ദത്തേയും സമാധാനത്തേയും തകര്‍ക്കാതെ, ഭിന്നതകളില്ലാതെ പരസ്പരം സഹായിക്കുക എന്ന് അധികം താമസിയാതെ എഴുതപ്പെടും എന്നു ചൂണ്ടിക്കാട്ടാന്‍ ഞാനാഗ്രഹിക്കുന്നു; എന്നാണ് വിവേകാനന്ദന്‍ പറയുന്നത്. ഭഗവത്ഗീത പറയുന്നത്- ”ഏത് സ്വര്‍ഗ്ഗീയ രൂപത്തെയാണോ ഒരു ഭക്തന്‍ വിശ്വാസത്തോടെ ആരാധിക്കാന്‍ ആഗ്രഹിക്കുന്നത്, ഞാന്‍ ആ ഭക്തന്റെ വിശ്വാസത്തെ ആ പ്രത്യേക രൂപത്തില്‍ തന്നെ നിലനിര്‍ത്തുന്നു. പശുവിന്റെ നിറമേതായാലും പാല്‍ എപ്പോഴും വെളുത്തത് തന്നെ. ആര്‍.എസ്.എസ്സിന്റെ ഹിന്ദുരാഷ്ട്രം ഇത്തരം ജ്ഞാനങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ്.
സാംസ്‌കാരിക ഇടങ്ങളിലും ദൈനദിന ജീവിതത്തിലും ബ്രാഹ്മണാധിപത്യം നിലനിര്‍ത്തുക എന്നതാണ് അതിനെ സമൂഹത്തില്‍ അടിച്ചേല്‍പിക്കുന്നതിനുള്ള മാര്‍ഗം. മതേതരം എന്നു പറയപ്പെടുന്ന പൊതു സ്ഥാപനങ്ങളില്‍ അല്ലെങ്കില്‍ ഒരു സാധാരണ സമ്പ്രദായം എന്ന നിലയിലൊക്കെ കാണുന്ന ബ്രാഹ്മണ ബിംബങ്ങളുടെ പ്രദര്‍ശനത്തെ താങ്കളുടെ പാര്‍ട്ടി ഒരിക്കലും എതിര്‍ക്കുന്നതായി കണ്ടിട്ടില്ല. ഒരു സംസ്ഥാനോത്സവമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ജനകീയ ചക്രവര്‍ത്തി മഹാബലിയുടെ ആഘോഷമായ ഓണം, ഇന്ന് ഒരു തീവ്ര ബ്രാഹ്മണ ബിംബത്തിന്റേയും വെജിറ്റേറിയനിസത്തിന്റേയും ചിത്രീകരണമാണ്. ബ്രാഹ്മണികമായ ഉത്സവങ്ങളെ, സര്‍വ്വകലാശാല ഇടങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളെ നിങ്ങള്‍ ചോദ്യം ചെയ്യാറില്ല.
ASA പോലുള്ള സംഘടനകള്‍ കാമ്പസുകളില്‍ അത്തരം ആഘോഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് ദീപാവലി പോലുള്ളവ, നടത്തിയ സമരങ്ങള്‍ക്കൊന്നും എസ്.എഫ്.ഐ പിന്തുണ നല്‍കിയിട്ടില്ല. ഈയിടെ രാഷ്ട്രപതി ഭവനില്‍, ഇടതു ഗവണ്‍മെന്റിന്റെ സഹകരണത്തോടെ കൈരളി നടത്തിയ ഓണാഘോഷത്തില്‍, പരിപാടി ആരംഭിച്ചത് ഋഗ്വേദ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ടായിരുന്നു. സി.പി.എം ന്റെ വലിയ നേതാക്കളിലൊരാളും മുന്‍ മുഖ്യമന്ത്രിയുമായ ഇ.കെ.നായനാര്‍ പോപ്പിന് ബൈബിളിനു പകരമായി ഭഗവദ്ഗീത നല്‍കിയത്, അത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ/മതത്തിന്റെ പ്രതിനിധിയാണെന്ന ആധിപത്യ ധാരണയുടെ ഫലമായിട്ടല്ലാതെ മറ്റൊന്നുമല്ല. ഒരു മുസ്ലിംലീംഗ് മന്ത്രി നിലവിളക്ക് കൊളുത്താതിരിക്കുക എന്ന ജനാധിപത്യപരമായ അവകാശം നടപ്പിലാക്കിയതിന്റെ പേരില്‍ താങ്കളുടെ പാര്‍ട്ടിയടങ്ങുന്ന പൊതുസമൂഹത്താല്‍ വേട്ടയാടപ്പെടുകയും വര്‍ഗ്ഗീയവാദി എന്ന് മുദ്ര കുത്തപ്പെടുകയും ചെയ്തു. ഇതെല്ലാം ഹിന്ദുമതം ലിബറലാണെന്നും സംഘ പരിവാര്‍ മാത്രമാണ് എതിര്‍ക്കപ്പെടേണ്ടതെന്നുമുള്ള ധാരണയോട് ചേര്‍ന്ന് നില്‍ക്കുന്നതായി കാണാം. ബ്രാഹ്മണ്യത്തെ മനസ്സിലാക്കാതെയും ഗൗരവമായ വിമര്‍ശനത്തിന് വിധേയമാക്കാതെയും ജാതി ഉന്മൂലനം എങ്ങനെ സാധ്യമാകും?
ദളിത് മുന്നേറ്റങ്ങളും സമരങ്ങളും ഹിന്ദുത്വ ഫാസിസത്തിനും ബ്രാഹ്മണാധിപത്യത്തിന്റെ അടിത്തറക്കും ഗൗരവതരമായ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ, താങ്കളുടെ പാര്‍ട്ടി നേതാക്കളിലോ പാര്‍ട്ടി ബുദ്ധിജീവികളിലോ ജന പ്രതിനിധികളിലോ ഉള്ള ദളിത് പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എല്ലായ്‌പ്പോഴും അവഗണിക്കുകയാണ് താങ്കളുടെ പാര്‍ട്ടി ചെയ്യുന്നത്. ഇതുവരെയുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ മൂന്നിലൊന്നും ബ്രാഹ്മണരായിരുന്നു. മാത്രമല്ല, ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും ഭൂവുടമകളായ പ്രബല ജാതികളില്‍ നിന്നുള്ളവരാണ്. ഇതുവരെ ഒരു ദളിതന്‍ പോലും പോളിറ്റ് ബ്യൂറോയിലുണ്ടായിട്ടില്ല. ഒരു മുസ്ലിമുണ്ടായത് 44 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. നിങ്ങളുടെ ബുദ്ധിജീവികളില്‍ പോലും മിക്കവാറും ബ്രാഹ്മണരോ സവര്‍ണ്ണരോ ആണ്. ദളിതുകള്‍ സംഖ്യാപരമായി യു.പി.ക്കുശേഷം രണ്ടാം സ്ഥാനത്തുള്ള ബംഗാളില്‍ പോലും കേന്ദ്ര നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും ദളിത് പ്രാതിനിധ്യം വളരെ കുറവാണ്. അതേസമയം ന്യൂനപക്ഷമായ ഭദ്രലോക് ബംഗാളിലെ എല്ലാ തലങ്ങളിലും, പൗര സമൂഹത്തിലെന്ന പോലെ താങ്കളുടെ പാര്‍ട്ടി നേതൃത്വത്തിലും ആധിപത്യം പുലര്‍ത്തുന്നു. കേരളത്തില്‍ നിന്നോ ബംഗാളില്‍ നിന്നോ ഉള്ള ദലിത് ജനപ്രതിനിധികള്‍ സംവരണ മണ്ഡലത്തില്‍ നിന്നല്ലാതെ തെരഞ്ഞെടുക്കപ്പെടുന്നതെന്ന്?
ഇന്ത്യയുടെ രാഷ്ട്രീയ പ്രക്രിയയിലേക്ക് പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കിയ ധാരാളം ദളിത് നേതാക്കളും ബുദ്ധിജീവികളും അംബേദ്ക്കറൈറ്റ് പ്രസ്ഥാനങ്ങളിലൂടെ വന്നിട്ടുള്ളപ്പോള്‍ താങ്കളുടെ പാര്‍ട്ടി നേതൃത്വത്തിലും ബുദ്ധിജീവികളിലും ദളിത് പ്രാതിനിധ്യത്തിന്റെ അഭാവത്തിന്റെ കാരണം എന്താണ്?

സ്‌നേഹാദരങ്ങളോടെ ദളിത് കാമറ

(പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply