നിലനില്‍പ്പിന്റെ മാനിഫെസ്റ്റോവിന് ഒരാമുഖം

‘ഒരു മാതൃക സ്ഥായിയായുള്ളതല്ലായെങ്കില്‍, അത് ഒരു ദുരന്തമായിരിക്കും’. കേരള വികസന മാതൃകയെ സംബന്ധിച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്‍ എം. എ. ഉമ്മന്‍ തയ്യാറാക്കിയ ഒരു ചെറുകുറിപ്പ് ആരംഭിക്കുന്നതിങ്ങനെയാണ്. കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡല്‍ വികസനം വന്‍തോതിലുള്ള പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്ന വസ്തുത ഇന്ന് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കുപോലും നിത്യജീവിതത്തില്‍ അനുഭവവേദ്യമാകുന്ന തരത്തില്‍ പ്രകടമാണ്. എങ്കില്‍ കൂടിയും വികസനത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ നാമിപ്പോഴും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത് 90കള്‍ക്ക് മുമ്പ് നാം എത്തിപ്പെട്ട ‘സുവര്‍ണ്ണ നാളുകളെ’ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ […]

mmm

‘ഒരു മാതൃക സ്ഥായിയായുള്ളതല്ലായെങ്കില്‍, അത് ഒരു ദുരന്തമായിരിക്കും’. കേരള വികസന മാതൃകയെ സംബന്ധിച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്‍ എം. എ. ഉമ്മന്‍ തയ്യാറാക്കിയ ഒരു ചെറുകുറിപ്പ് ആരംഭിക്കുന്നതിങ്ങനെയാണ്. കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡല്‍ വികസനം വന്‍തോതിലുള്ള പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്ന വസ്തുത ഇന്ന് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കുപോലും നിത്യജീവിതത്തില്‍ അനുഭവവേദ്യമാകുന്ന തരത്തില്‍ പ്രകടമാണ്. എങ്കില്‍ കൂടിയും വികസനത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ നാമിപ്പോഴും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത് 90കള്‍ക്ക് മുമ്പ് നാം എത്തിപ്പെട്ട ‘സുവര്‍ണ്ണ നാളുകളെ’ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ തന്നെയാണ്. ബൗദ്ധികമായ ചലനാത്മകത നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ ലക്ഷണമായിക്കൂടി ഇതിനെ പരിഗണിക്കേണ്ടിവരും.
തീര്‍ച്ചയായും ആരോഗ്യ-വിദ്യാഭ്യാസ-സേവന മേഖലകളില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായ ഉയര്‍ന്ന പദവി കൈവരിക്കുവാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. ഉയര്‍ന്ന സാക്ഷരത, കുറഞ്ഞ ശിശുമരണനിരക്ക്, ശക്തമായ പൊതുവിതരണ സമ്പ്രദായം, ധനിക-ദരിദ്ര അനുപാതങ്ങളിലെ വിള്ളല്‍ കുറവ്, സ്ത്രീപ-പുരുഷ അനുപാതത്തിലെ സമാനത തുടങ്ങി കേരളത്തിന് എടുത്തുപറയാവുന്ന നിരവധി നേട്ടങ്ങള്‍ നാം നേടിയെടുത്തിട്ടുണ്ട്. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ വന്‍തോതിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുവാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്. ഡോക്ടര്‍-രോഗി അനുപാതത്തിന്റെ കാര്യത്തിലും റോഡുകളിലെ കാര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഒക്കെത്തന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായ ഉയര്‍ന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. കേരളത്തിലെ പാര്‍പ്പിടങ്ങളുടെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. 2032 ആകുമ്പോഴേക്കും കേരളത്തില്‍ ഉണ്ടായിരിക്കേണ്ടതെന്ന് അനുമാനിക്കുന്ന അത്രയും പാര്‍പ്പിടങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്!
കേരള മോഡല്‍ വികസനത്തെ സംബന്ധിച്ച് നാം കേട്ടുകൊണ്ടിരിക്കുന്ന വായ്ത്താരികള്‍ ഇവയൊക്കെയാണെങ്കിലും കേരളം എത്തിപ്പെട്ടുവെന്ന് ഇപ്പോഴും നാം മേനിനടിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ അതേരീതിയില്‍ തുടരുന്നില്ലെന്നും വലിയൊരു തിരിച്ചുപോക്കിലേക്കാണ് കേരളം എത്തിപ്പെട്ടിരിക്കുന്നതെന്നും ഉള്ള സ്ഥിതി വിവരക്കണക്കുകളാണ് സാമ്പത്തിക വിദഗ്ദ്ധന്മാര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ദേശീയ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവാണെങ്കിലും കേരളത്തിലെ ശിശുമരണ നിരക്ക് കഴിഞ്ഞ കുറച്ചുകാലങ്ങളായി നേരിയ തോതില്‍ വര്‍ദ്ധിച്ചികൊണ്ടിരിക്കുന്നതും, ധനിക-ദരിദ്ര അനുപാതത്തിലെ വിടവ് ഭീമമായ തോതില്‍ കൂടിക്കൊണ്ടിരിക്കുന്നതും, പുതുതായി ജനിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ കുറവുകളും, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ പ്രതിശീര്‍ഷ ചെലവുകളിലെ വര്‍ദ്ധനവും ഒക്കെത്തന്നെ കേരള വികസന മാതൃകയുടെ സ്ഥായിത്വമില്ലായ്മയെ സ്ഥിരീകരിക്കുന്നവയാണ്. കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞും മൂന്നാം മേഖലയെന്ന് വിശേഷിക്കപ്പെടുന്ന സേവനമേഖലകളില്‍ ഊന്നല്‍ നല്‍കിയും നാം വളര്‍ത്തിയെടുത്ത ‘വികസന സംസ്‌കാരം’ ഒരു ജനതയെന്ന നിലയില്‍ നമ്മെ വലിയൊരു ദുരന്തത്തിലേക്കാണ് നയിക്കുന്നത് എന്ന വസ്തുത തിരിച്ചറിയാന്‍ സമയമായിരിക്കുന്നു. ഭക്ഷ്യമേഖലയിലെ പരാശ്രിതത്വവും ജൈവാംശം നഷ്ടപ്പെട്ട മണ്ണും കുടിവെള്ളമടക്കമുള്ള അടിസ്ഥാന വിഭവങ്ങളുടെ ലഭ്യതക്കുറവും, കാലാവസ്ഥയില്‍ സംഭവിച്ച മാറ്റങ്ങളും, യുവജനങ്ങള്‍ക്കിടയില്‍ ഭീതിദമായി പടര്‍ന്നുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും ഒക്കെത്തന്നെ നാളിതുവരെ തുടര്‍ന്നുവന്ന വികസന ബോദ്ധ്യങ്ങളെ കീഴ്‌മേല്‍ മറിച്ചു പരിശോധിക്കുവാന്‍ സമയമായിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നവയാണ്. അതേസമയം, കേരളത്തിന്റെ വിഭവ സാധ്യതകളെ സംബന്ധിച്ച ധാരണകളോ, പാരിസ്ഥിതികമായ സങ്കീര്‍ണ്ണതകളോ ഒന്നും പരിഗണിക്കാതെ ‘വികസന’ത്തെ സംബന്ധിച്ച സാമ്പ്രദായിക ധാരണകളുമായി മുന്നോട്ടുപോകുവാന്‍ തന്നെയാണ് കേരളത്തിലെ ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികളും തീരുമാനിച്ചിരിക്കുന്നത്. സമ്പത്തും വിഭവങ്ങളും അധികാരങ്ങളും ഏതാനും ചിലരുടെ കൈകളിലേക്ക് കേന്ദ്രീകരിച്ചുകൊണ്ട് നടപ്പാക്കുന്ന ‘പുറന്തള്ളല്‍ വികസന’ത്തിന്റെ നടത്തിപ്പുകാരായി ചുരുങ്ങുകയാണ് മേല്‍പ്പറഞ്ഞ രാഷ്ട്രീയ കക്ഷികളെല്ലാം തന്നെ. കേരള സമൂഹത്തിന്റെ പുരോഗതി എത്തരത്തിലായിരിക്കണം എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുംമുമ്പ് നാം എത്തിനില്‍ക്കുന്ന പ്രതിസന്ധികളുടെ ആഴത്തെ സംബന്ധിച്ച് കുറേക്കൂടി വ്യക്തമായ ബോദ്ധ്യങ്ങള്‍ നമുക്കുണ്ടാകേണ്ടതുണ്ട്.
ഒരു സമൂഹത്തിന്റെ സ്ഥായിയായ പുരോഗതിയുടെ അടിസ്ഥാന ഘടകം ഭക്ഷ്യമേഖലയിലെ സ്വയംപര്യാപ്തതയാണ്. കാര്‍ഷിക ഉത്പാദന മേഖലയെപൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞുകൊണ്ടുള്ള കേരള വികസന മാതൃക പരാജയപ്പെടുന്നതിന് പിന്നിലെ സുപ്രധാന കാരണവും ഇതുതന്നെ. അരി, പഴം-പച്ചക്കറികള്‍, പാല്‍, മുട്ട, മാംസം തുടങ്ങി സകലമാന ഭക്ഷ്യവസ്തുക്കള്‍ക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചു നില്‍ക്കേണ്ട ഗതികെട്ട അവസ്ഥയിലേക്കാണ് അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ഒറ്റ ഉദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം. 1970-71 കാലഘട്ടത്തില്‍ കേരളത്തിലെ മുഖ്യവിളകളില്‍ അരിയുടെ പങ്ക് 29.6% വും കപ്പയുടെ പങ്ക് 10.3% വും ആയിരുന്നത് 2005-06 ആയപ്പോഴേക്കും യഥാക്രമം 9.1%വും 3.1%വും ആയി മാറി. നികത്തപ്പെട്ട നെല്‍വയലുകളുടെയും കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ട കൃഷി ഭൂമിയുടെയും കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 1960-62 കാലയളവില്‍ 7.90ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന നെല്‍പ്പാടങ്ങള്‍ അരനൂറ്റാണ്ടിനുള്ളില്‍ 1.91ലക്ഷം ഹെക്ടറായി ചുരുങ്ങിയതിനെ നാം വികസനമെന്ന് വിളിക്കുന്നു. ദീര്‍ഘ വീക്ഷണമില്ലാത്തതും അശാസ്ത്രീയവുമായ ഭൂവിനിയോഗം സാമാന്യ കര്‍ഷകരെ കൃഷിഭൂമിയില്‍ നിന്ന് അന്യവല്‍ക്കരിക്കുകയും വന്‍കിട തോട്ടം ഉടമകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. റബ്ബര്‍ അടക്കമുള്ള വാണിജ്യ വിളകളുടെ വര്‍ദ്ധനവ് പോലും വന്‍കിട തോട്ടം മേഖലകളെ കേന്ദ്രീകിരച്ചായിരുന്നുവെന്നത് നമ്മുടെ ഭരണാധികാരികള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ‘ഉള്‍ക്കൊള്ളല്‍ വികസന’ത്തിന്റെ പുറംപൂച്ചുകള്‍ വെളിപ്പെടുത്തുന്നവയാണ്.
സാമൂഹ്യ സമത്വത്തിന്റെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തികച്ചും അഭിമാനകരമായ ഒരവസ്ഥയായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്. ധനിക-ദരിദ്ര അനുപാതത്തിലെ വിടവ് വളരെക്കുറവായിരുന്നു സംസ്ഥാനത്തിലേതെന്നത് കേരള വികസന മാതൃക ഉയര്‍ത്തിക്കാട്ടുന്ന സാമൂഹ്യ നീതി ഉറപ്പുവരുത്തുന്നുവെന്ന തോന്നലുകളുണ്ടാക്കാന്‍ പര്യാപ്തമായിരുന്നു. എന്നാല്‍ ചെറിയൊരു കാലയളവുമാത്രം നിലനിന്നിരുന്ന ഈയൊരു പ്രതിഭാസം 90കള്‍ക്കുശേഷം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുതകളെ ശരിയായ രീതിയില്‍ മനസിലാക്കാന്‍ നാമിനിയും ശ്രമിച്ചിട്ടില്ല എന്നുവേണം കരുതാന്‍. പ്രതിശീര്‍ഷ വരുമാനത്തിലും ഉപഭോഗത്തിലും കേരളത്തിലെ ജനസംഖ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകമായ ഇടിവ് ഒരുവേള മുന്‍കാല നേട്ടങ്ങളെ മുഴുവന്‍ തകിടം മറിക്കുന്നതായിരിക്കും. വരുമാനത്തിലെ വര്‍ദ്ധിച്ചുവരുന്ന അന്തരം സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് കാരണമാകുന്നുണ്ടെന്ന വസ്തുതയും ഈയവസരത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. സമൂഹത്തിലെ സാമ്പത്തിക അസമത്വത്തെ അളക്കുന്നതിനുള്ള ജിനി ഗുണകം (Gini Coefficient) കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ വന്‍തോതില്‍ ഉയരുകയുണ്ടായെന്ന് (41%) സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഛത്തീസ്ഗഢിന് (44%) താഴെ മാത്രമാണ് കേരളത്തിന്റെ സ്ഥാനമെന്നത് നമ്മുടെ ഗാരവമായ പരിഗണനയ്ക്ക് വിഷയമാകേണ്ടതാണ്. ഉയര്‍ന്ന സാക്ഷരതയും രാഷ്ട്രീയ ബോദ്ധ്യങ്ങളും മറ്റ് സാമൂഹ്യനേട്ടങ്ങളും നിലനില്‍ക്കുമ്പോള്‍ തന്നെയും ഇത്രയും ഭീമമായ അസമത്വം വളര്‍ന്നുവരാനിടയായതെങ്ങിനെയെന്ന പരിശോധന നടത്തേണ്ടതുണ്ട്.
ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവരില്‍ ആദിവാസികളുടെയും(38.7%) ദളിത് വിഭാഗങ്ങളുടെയും(38%) മുസ്ലിംങ്ങളുടെയും(28%) നിരക്ക് മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ കൂടുതലാണെന്ന് പുതുതായി നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ സവിശേഷമായ ചുവടുവെപ്പുകള്‍ നടത്തിയിരുന്ന കേരളത്തിന്റെ നേട്ടങ്ങള്‍ താല്ക്കാലികം മാത്രമായിരുന്നുവെന്ന് തോന്നിപ്പിക്കുംവിധമാണ് ഈ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ സംഭവഗതികള്‍. ശിശുമരണ നിരക്കില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ താഴെയാണ് കേരളം സ്ഥിതി ചെയ്യുന്നതെങ്കിലും ഈ കണക്കുകളില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 90കളുടെ മധ്യത്തില്‍ 10/1000 എന്ന നിലയിലായിരുന്നു ശിശുമരണ നിരക്ക് എങ്കില്‍ പുതിയ കണക്കുകള്‍ 14/1000 എന്നായി ഉയര്‍ന്നിരിക്കുന്നു. ആരോഗ്യമേഖലയില്‍ വന്‍നിക്ഷേപം നടത്തിയ സംസ്ഥാനമാണ് കേരളം. എന്നിരുന്നാലും രോഗാതുരത (Morbidity) കൂടിയ സംസ്ഥാനമായി അത് മാറിക്കൊണ്ടിരിക്കുന്നു. 15-45 വയസിനിടയിലുള്ള സ്ത്രീകളിലെ അനീമിയ (വിളര്‍ച്ച) 22.7%ത്തില്‍ നിന്നും 32.3% ആയി ഉയര്‍ന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ്. കേരളത്തിലെ ഒരു പൗരന്‍ ആരോഗ്യമേഖലയില്‍ ചെലവഴിക്കുന്ന പണത്തിന്റെ കാര്യത്തിലും വന്‍വര്‍ദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. 1987ല്‍ 89രൂപയാണ് ഒരു വ്യക്തി ആരോഗ്യാവശ്യങ്ങള്‍ക്കായി ചെലവഴിച്ചിരുന്നതെങ്കില്‍ 2004 ആയപ്പോഴേക്കും ഇത് 1,722 രൂപയായി ഉയര്‍ന്നു. പൊതുവില്‍ സംഭവിച്ച പണപ്പെരുപ്പവുമായി ഇതിന് ബന്ധമില്ല എന്ന വസ്തുതയും നാം ഓര്‍ക്കേണ്ടതുണ്ട്. ആരോഗ്യമഖലയിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ കുറക്കുകയും ഔഷധ കമ്പനികളെയും സ്വകാര്യ ആശുപത്രി വ്യവസായങ്ങളെയും പ്രോത്സാഹിപ്പിച്ചതും ഒക്കെത്തന്നെ ഇതിന് കാരണമായിട്ടുണ്ട്. 1983-84 കാലയളവില്‍ ആരോഗ്യമേഖലയിലെ പൊതുചെലവ് 11.67% ആയിരുന്നുവെങ്കില്‍ 2004-05 ആയപ്പോഴേക്കും അത് 6.3% ആയി വെട്ടിച്ചുരുക്കുകയുണ്ടായി. വിദ്യാഭ്യാസ മേഖലയിലും ഇത്തരത്തിലുള്ള വെട്ടിച്ചുരുക്കലുകള്‍ വലിയതോതില്‍ നടക്കുകയുണ്ടായി. സംസ്ഥാനത്തിന്റെ മൊത്തം ഗാര്‍ഹിക ഉത്പാദനത്തിന്റെ (NSDP) 6% വിദ്യാഭ്യാസത്തിനായി ചെലവഴിക്കണം എന്ന ദേശീയ നയത്തെ അവഗണിച്ചുകൊണ്ട് കേരളത്തില്‍ 4% മാത്രമേ ചെലവഴിക്കപ്പെടുന്നുള്ളൂ എന്നത് യാഥാര്‍ത്ഥ്യമാണ്.
അതേസമയം സ്വകാര്യമേഖലയില്‍ വന്‍ഫീസ് പറ്റിക്കൊണ്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ-ആരോഗ്യ രംഗത്ത് പൊതു മേഖലയില്‍ നിന്നും സാധാരണക്കാരായ ജനങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സേവനങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടുകാലമായി നാം അരങ്ങേറ്റിക്കൊണ്ടിരുന്നത്.
വ്യാവസായിക വികസനത്തിന്റെ പേരില്‍ കേരളത്തില്‍ അവതരിപ്പിക്കപ്പെട്ട രാസവ്യവസായങ്ങള്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലോ തൊഴില്‍ മേഖലയിലോ ഗണ്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് മാത്രമല്ല അക്കാര്യത്തിലെ ദീര്‍ഘവീക്ഷണമില്ലായ്മ വന്‍തോതിലുള്ള പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് കാരണമായി മാറിയിട്ടുണ്ടെന്ന് ഇന്ന് നാം തിരിച്ചറിയുന്നു. കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാണെന്ന ഒറ്റക്കാരണത്താലായിരുന്നു രാസവ്യവസായങ്ങള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. രാസവ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്‌കൃത വിഭവങ്ങള്‍ നല്‍കാന്‍ കേരളത്തിന് സാധ്യമായിരുന്നില്ല. വൈദ്യുത മേഖലയിലെ ധാരാളിത്തത്തിന്റെ കാലം അസ്തമിച്ചതോടുകൂടി ഈ വ്യവസായങ്ങളൊക്കെയും സംസ്ഥാനത്തിന് ഭാരമായി മാറിക്കഴിഞ്ഞിരുന്നു. അതോടൊപ്പം തന്നെ പെരിയാറടക്കമുള്ള നദികള്‍ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ വിഷലിപ്തമാക്കി മാറുന്ന കാഴ്ചകളാണ് ഇക്കാലയളവില്‍ നാം കണ്ടത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനെന്ന പേരില്‍ പ്രകൃതി വിഭവങ്ങള്‍ വന്‍കിട കമ്പനികള്‍ക്ക് തുച്ഛവിലയ്ക്ക് നല്‍കിയപ്പോള്‍ തകര്‍ക്കപ്പെട്ടത് ലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍ ചെയ്തിരുന്ന പരമ്പരാഗത തൊഴില്‍ മേഖലയായിരുന്നു എന്ന സത്യം തിരിച്ചറിയുമ്പോഴേക്കും നമ്മുടെ വിഭവങ്ങള്‍ മുഴുവനായും കൊള്ളയടിക്കപ്പെട്ടുകഴിഞ്ഞിരുന്നു. മാവൂരില്‍ സ്ഥാപിച്ച ഗ്വാളിയോര്‍ റയണ്‍സ് കമ്പനി കേരളത്തിലെ ഈറ്റക്കാടുകള്‍ മുഴുവന്‍ നശിപ്പിക്കുകയും പരമ്പരാഗത ഈറ്റത്തൊഴില്‍ മേഖലയെ നാമാവശേഷമാക്കുകയും ചാലിയാര്‍ പുഴയെ മലീമസമാക്കുകയും ചെയ്തപ്പോള്‍ അതിനെതിരെ ഒരു ജനതയ്ക്ക് പ്രക്ഷോഭരംഗത്തേക്കിറങ്ങേണ്ടിവന്നു. പ്ലാച്ചിമടയില്‍ കൊക്കകോളയ്ക്കും കാതിക്കുടത്ത് എന്‍ജിഎല്ലിനും എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് വ്യാവസായിക വികസനത്തിന് വേണ്ടിയായിരുന്നു. ജനങ്ങളുടെ കുടിവെള്ളവും കൃഷിഭൂമിയും മലീമസമാക്കുന്ന പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്ന ഈ കോര്‍പ്പറേറ്റ് നീരാളികളെ കുടഞ്ഞെറിയാന്‍ ഒടുവില്‍ പ്രദേശവാസികള്‍ക്ക് സ്വയം സംഘടിതരാകേണ്ടിവന്നു. തോട്ടവല്‍ക്കരണത്തിന്റെയും അമിതമായ കീടനാശിനി പ്രയോഗത്തിന്റെയും ഇരകളായി മാറി ജീവിതം തന്നെ നരകതുല്യമായി മാറിയത് ഒരു പ്രദേശത്തെ മുഴുവന്‍ ജനതയുമാണ്. ഇത് കാസറഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ മാത്രം കാര്യമല്ല. യാതൊരു നിയന്ത്രണവുമില്ലാത്ത രാസവള-കീടനാശിനി പ്രയോഗങ്ങളുടെ ഇരകളായി കേരളത്തിലെ മുഴുവന്‍ ജനങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. രാസവിഷ കൃഷികള്‍ മണ്ണിനെയും മനുഷ്യനെയും ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് ആരംഭത്തില്‍ത്തന്നെ മുറവിളി കൂട്ടിയിരുന്നവരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും ശാസ്ത്രബോധമില്ലാത്തവരെന്ന് പരിഹസിക്കുകയും ചെയ്തു. ഹരിതവിപ്ലവത്തിന്റെ പേരില്‍ മണ്ണിലേക്ക് രാസവിഷങ്ങള്‍ ഒട്ടും ആലോചനയില്ലാതെ ഒഴുക്കിവിട്ട് മണ്ണിന്റെ ഉര്‍വ്വരത പൂര്‍ണ്ണമായും നശിപ്പിച്ചതിനുശേഷം ഒടുവില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നു. ടാറ്റയ്ക്കും ഹാരിസണും പോബ്‌സണും കേരളത്തിലെ വനഭൂമിയും മലകളും തീരെഴുതിക്കൊടുത്തപ്പോള്‍ ജനങ്ങള്‍ക്ക് നഷ്ടമായത് അവര്‍ക്ക് സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന ശുദ്ധജലവും ശുദ്ധവായുവും കിടപ്പാടവുമായിരുന്നു. ഈ കൊള്ളക്കൊടുക്കലുകള്‍ക്ക് കൂട്ടൂനില്‍ക്കാന്‍ കേരളത്തിലെ എല്ലാ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ടായിരുന്നു എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.
കേരളത്തിന്റെ സാമ്പത്തിക മേഖലയെ നിര്‍ണ്ണായകമായ തോതില്‍ സ്വാധീനം ചെലുത്തിവരുന്ന ഗള്‍ഫ് പണത്തിന്റെ കാര്യത്തിലും വലിയതോതിലുള്ള പ്രതിസന്ധി ഉടലെടുക്കുന്ന അവസ്ഥയാണുള്ളത് എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്, കുടിയേറ്റം എന്നത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വൈകിയ വേളയിലാണ് കേരളത്തില്‍ ആരംഭിച്ചതെങ്കിലും തൊഴില്‍ തേടിയുള്ള കേരളീയരുടെ അലച്ചില്‍ അമ്പതുകളുടെ മധ്യത്തോടെ പതുക്കെ ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങി. ആദ്യകാല കുടിയേറ്റങ്ങള്‍ പൊതുവില്‍ രാജ്യത്തിനകത്തുതന്നെയായിരുന്നുവെങ്കിലും 80കളുടെ ആരംഭത്തോടെ ചിത്രം മാറിമറിയാന്‍ തുടങ്ങി. ഗള്‍ഫ് മേഖലകളിലേക്കുള്ള മലയാളികളുടെ കുടിയേറ്റം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ തന്നെ വന്‍തോതിലുള്ള മാറ്റങ്ങള്‍ക്ക് കാരണമായി മാറി. ഏറ്റവും പുതിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏതാണ്ട് 2.28 ദശലക്ഷം ജനങ്ങള്‍ ഇന്ന് വിദേശത്ത് ജോലി ചെയ്തുവരുന്നുണ്ട്. മുഖ്യമായും ഗള്‍ഫ് മേഖലയെ കേന്ദ്രീകരിച്ചുള്ള ഈ കുടിയേറ്റത്തിലൂടെ കേരളത്തിലേക്കെത്തുന്ന പണത്തിന്റെ തോത് 40,000- 50000 കോടി രൂപയോളം വരും. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 31%ത്തോളം വരും ഇതെന്ന് കേരള മൈഗ്രേഷന്‍ സര്‍വ്വേ – 2011 ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക വ്യാവസായിക മേഖലകളിലും മൂന്നാം മേഖലയെന്ന് വിശേഷിക്കപ്പെടുന്ന സേവന മേഖലകളിലും തൊഴില്‍ വളര്‍ച്ച താരതമ്യേന കുറവായതിന്റെ ഫലമായാണ് ഇത്തരത്തിലുള്ള കുടിയേറ്റം വ്യാപകമായതെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം കേരളത്തിലേക്ക് പ്രതിവര്‍ഷം ഒഴുകിയെത്തുന്ന ഇത്രയും ഭീമമായ തുക (സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ചെലവിന്റെ ഇരട്ടിയോളം വരും ഇത്) നിര്‍മ്മാണാത്മക മേഖലകളിലേക്ക് തിരിച്ചുവിടുന്നതില്‍ സര്‍ക്കാരുകളും ആസൂത്രണ വിദഗ്ദ്ധരും പരാജയപ്പെട്ടതായി നമുക്ക് കാണാം. കാര്‍ഷികോത്പാദന മേഖലയുടെയോ ചെറുകിട വ്യവസായങ്ങളുടെയോ വളര്‍ച്ചയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമായിരുന്ന ഈ പണം പ്രത്യുത്പാദനപരമല്ലാത്ത രീതിയില്‍ കെട്ടിടനിര്‍മ്മാണത്തിലും ഉപഭോഗ വസ്തുക്കളുടെ വാങ്ങിക്കൂട്ടലുകളിലും മറ്റുമായി ചെലവഴിക്കപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. ഗള്‍ഫ് പണത്തിന്റെ ആധിപത്യത്തില്‍ കേരളത്തില്‍ വളര്‍ന്നുവന്ന ഉപഭോക്തൃ സംസ്‌കാരം സമൂഹത്തില്‍ വലിയതോതില്‍ അസമത്വം സൃഷ്ടിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു (കേരള മൈഗ്രേഷന്‍ സര്‍വ്വേ-2011, സിഡിഎസ് പഠനം). കേരളത്തില്‍ നിന്ന് പുറത്തേക്കൊഴുകിയതിന് സമാനമായ രീതിയില്‍ ഏകദേശം അത്രതന്നെ ആളുകള്‍ കേരളത്തിലേക്ക് തൊഴില്‍ തേടി എത്തുന്ന കാഴ്ചയും നാം കാണുന്നു. ബംഗാള്‍, ഒറീസ്സ, ആസാം, ഝാര്‍ഘണ്ട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി ഏതാണ് 30ലക്ഷം ആളുകള്‍ ഇപ്പോള്‍ കേരളത്തില്‍ പണിയെടുക്കുന്നുണ്ട്. പ്രതിവര്‍ഷം 20000-30000 കോടി രൂപ ഈ തൊഴിലാളികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതായും കണക്കുകള്‍ പറയുന്നു.
കണക്കിലെ കളികള്‍ ഇങ്ങനെയൊക്കയാണെങ്കിലും ആഗോളതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പുതിയൊരു വെല്ലുവിളി കൂടി കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് നേരെ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പുനഃസംഘാടനം കേരളത്തിന്റെ മണി ഓര്‍ഡര്‍ എക്കണോമിയെ പ്രതികൂലമായി ബാധിക്കാന്‍ പോകുകയാണ് എന്നത് ഉത്കണ്ഠയോടെ മാത്രമേ നോക്കിക്കാണാന്‍ സാധിക്കൂ. സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ സ്വദേശി പൗരന്മാര്‍ക്ക് മാത്രമായി പല തൊഴില്‍ മേഖലകളും നിഷ്‌കര്‍ഷിച്ചിരിക്കുന്നത് ലക്ഷങ്ങളുടെ തൊഴില്‍ നഷ്ടത്തിന് കാരണമാകും. ചെറിയൊരു കാലയളവില്‍ കേരളത്തിലേക്ക് തിരിച്ചുവരാന്‍ പോകുന്ന ഈ തൊഴിലില്ലാപ്പടയെ കേരളത്തിന്റെ സമ്പദ്ഘടനയും കേരളീയ സമൂഹവും എങ്ങിനെയാണ് ഉള്‍ക്കൊള്ളാന്‍ പോകുന്നതെന്നത് ഗൗരവമായ ചോദ്യമാണ്. കേരളത്തിലെ ഒരു രാഷ്ട്രീയകക്ഷിയും ഈയൊരു വിഷയത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിച്ചിട്ടില്ല എന്നതാണ് വസ്തുത.
കാര്‍ഷിക മേഖലയിലെ തകര്‍ച്ച, ഭക്ഷ്യ സ്വയംപര്യാപ്തതയില്ലായ്മ, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ പുതുതായി കണ്ടുവരുന്ന ആശാസ്യമല്ലാത്ത ഗതിവിഗതികള്‍ എന്നിവയ്ക്കു പുറമെ, കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തിലേറെയായി നാം തുടര്‍ന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ദുരന്തഫലങ്ങള്‍ കൂടി ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. താളം തെറ്റിയ മഴക്കാലം, കൊടുംവരള്‍ച്ച, മാലിന്യപ്പെരുപ്പം തുടങ്ങി അന്തമില്ലാത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. തോട്ടവല്‍ക്കരണത്തിനും വ്യാവസായികാവശ്യങ്ങള്‍ക്കും വേണ്ടി നാം നശിപ്പിച്ച വനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. വെള്ളവും ഭക്ഷണവും ലഭിക്കാതെ വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുമ്പോള്‍ വിനയാകുന്നത് സാധാരണ കര്‍ഷകര്‍ക്ക്. യാതൊരു തത്വദീക്ഷയുമില്ലാതെ കെട്ടിപ്പൊക്കിയ മണിമന്ദിരങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമായി ജലസംഭരണികളായ കുന്നുകളും പുഴകളും ഏതാണ്ട് പൂര്‍ണ്ണമായും നാം നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. 11 ലക്ഷം ആളില്ലാ വീടുകള്‍ കേരളത്തില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ 7ലക്ഷത്തോളം ജനങ്ങള്‍ അന്തിയുറങ്ങാന്‍ കൂരയില്ലാതെ നില്‍ക്കുന്നതും ഈ നാട്ടില്‍ തന്നെ. പാരിസ്ഥിതിക ബോദ്ധ്യങ്ങളെ ആര്‍ഭാടങ്ങളായി പരിഗണിക്കുന്ന രാഷ്ട്രീയ മൂഢത്തരങ്ങളാണ് ഇന്ന് കേരളത്തെ നയിച്ചുകൊണ്ടിരിക്കുന്നത് എന്നത് അങ്ങേയറ്റം ഭയാനകമായ സംഗതിയാണ്. കട്ടുമുടിക്കാന്‍ കാടുകളും കുന്നുകളും തീരുമെന്നായപ്പോള്‍ കടലും തീരവുമായി അവരുടെ അടുത്ത ലക്ഷ്യം. വിഴിഞ്ഞവും അഴീക്കലും ഒക്കെ അദാനിക്കും മറ്റുള്ളവര്‍ക്കുമായി പകുത്തുനല്‍കാന്‍ കേരളത്തിലെ രാഷ്ട്രീയമേലാളന്മാര്‍ ഒരുമിച്ച് മത്സരിക്കുകയായിരുന്നു.
കേരളത്തിന്റെ പാരിസ്ഥിതിക സങ്കീര്‍ണ്ണതകളെ പരിഗണിക്കാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജൈവവൈവിധ്യങ്ങളുടെ നാശത്തിലേക്കും താപനിലയിലെ വര്‍ദ്ധനവിനോടൊപ്പം സമുദ്രനിരപ്പ് ഉയരുന്നതിലേക്കും കാര്‍ഷിക ഉത്പാദന മേഖലയുടെ തകര്‍ച്ചയിലേക്കും കേരളത്തെ പതുക്കെ കൊണ്ടുചെന്നെത്തിക്കുകയാണ്. ഭൂപരിഷ്‌കരണ നിയമങ്ങള്‍ നടപ്പിലാക്കുകയും ജന്മി-കുടിയാന്‍ വ്യവസ്ഥകള്‍ ഇല്ലാതാക്കുകയും ചെയ്തുവെങ്കിലും കേരളത്തിലെ ആദിവാസി – ദളിത് വിഭാഗങ്ങളുടെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യാതൊരുതാല്‍പര്യവും ഇല്ല എന്നതിനുള്ള തെളിവുകളാണ് മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലും അടക്കം കേരളത്തിലെ ആദിവാസി – ദളിത് വിഭാഗങ്ങള്‍ നടത്തിവരുന്ന സമരങ്ങള്‍.
ഉയര്‍ന്ന സാക്ഷരതയും ജീവിതനിലവാരവും ഉണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ സ്ത്രീകളുടെ പദവികളെ സംബന്ധിച്ച് ഗൗരവമായ അന്വേഷണങ്ങളും സൂക്ഷ്മപഠനങ്ങളും നടക്കേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു. കേരളത്തിലെ ‘കാണാതായിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടികളുടെ’ എണ്ണം സ്ഥിതിഗതികള്‍ സുഖകരമല്ല എന്ന ഓര്‍മ്മപ്പെടുത്തലുകളിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. 1991 മുതല്‍ 2011 വരെയുള്ള ജനസംഖ്യാ കണക്കെടുപ്പില്‍ 0-6 വരെയുള്ള കുട്ടികളില്‍ പെണ്‍കുട്ടികളുടെ എണ്ണം 958-960നും ഇടയ്ക്കാണ് എന്ന വസ്തുത വരാനിരിക്കുന്ന തലമുറയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവരുത്തും എന്നതാണ് കാണിക്കുന്നത്. മൊത്തം ജനസംഖ്യയില്‍ സ്ത്രീകളുടെ സംഖ്യ 1084 എന്ന നിലയിലാണെങ്കില്‍ കൂടിയും മൂന്ന് തുടര്‍ച്ചയായ സെന്‍സസുകളിലും പെണ്‍കുഞ്ഞുങ്ങളുടെ സംഖ്യ കുറഞ്ഞുവരുന്നത് ആശാവഹമായ സംഗതിയല്ല. തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ സാന്നിദ്ധ്യം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണെന്നതും പൊതുരംഗങ്ങളില്‍ നിന്ന് സ്ത്രീകളെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്താനുള്ള പ്രവണത ഏറിവരുന്നുണ്ടെന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. ജനസംഖ്യയില്‍ 52%ത്തോളം വരുന്ന സ്ത്രീകളില്‍ നിന്നും സംസ്ഥാന രൂപീകരണത്തിന് ശേഷം ഒരൊറ്റ വനിതാ മുഖ്യമന്ത്രിയും കേരളം ഭരിച്ചിട്ടില്ല എന്നതും സംസ്ഥാന നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം 6% മുതല്‍ 14% വരെ മാത്രമായിരുന്നുവെന്നതും ഒക്കെ കേരളത്തിന്റെ ഉയര്‍ന്ന സാമൂഹ്യജീവിത നിലവാരത്തെ സ്ത്രീകളുടെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതിലേക്ക് പരിഭാഷപ്പെടുത്താന്‍ സഹായിച്ചിട്ടില്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്.
90കളുടെ ആരംഭത്തോടെ ഇന്ത്യയില്‍ ആരംഭിച്ച സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പ്രതിഫലനമെന്ന നിലയിലും ഈ പ്രശ്‌നങ്ങളെ കാണാവുന്നതാണ്. ആഗോള-ഉദാര-സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയില്‍ ചെറിയതോതിലെങ്കിലും നിലനിന്നിരുന്ന പൊതു ഉടമസ്ഥതയെയും സാമൂഹിക നീതിയെ അടിസ്ഥാനമാക്കിയുള്ള നയസമീപനങ്ങളെയും പൂര്‍ണ്ണമായും തകര്‍ത്തെറിഞ്ഞതായി കാണാം. അതേ സമയം സാമ്പത്തിക ഇടപാടുകളിലെ ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങള്‍ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതിനായി തന്നെ അവതരിക്കപ്പെട്ടതാണെന്ന വസ്തുത നാം മനസിലാക്കേണ്ടതുണ്ട്. മുതലാളിത്ത വികസന പ്രതിസന്ധികളുടെ ഓരോ ഘട്ടത്തിലും ഇത്തരത്തിലുള്ള ഉത്തേജക നയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുതന്നെയാണ് മുതലാളിത്ത സമ്പദ്ഘടന നേരിട്ടിരുന്ന പ്രതിസന്ധികളെ അവര്‍ കാലാകാലങ്ങളായി മറികടക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ കേരളം നേരിടുന്ന വികസന പ്രതിസന്ധി സംസ്ഥാനത്തിന്റെ മാത്രം സവിശേഷ സാഹചര്യമായി തെറ്റിദ്ധരിക്കപ്പെടേണ്ടതില്ല. ഇന്ത്യയുടെ പ്രത്യേക സന്ദര്‍ഭത്തില്‍ അങ്ങിനെ തോന്നാമെങ്കില്‍ കൂടിയും. സാമ്പത്തിക വളര്‍ച്ച, വികസനം എന്നിവയെ സംബന്ധിച്ച് നാളിതുവരെ നാം പിന്തുടര്‍ന്നുപോരുന്ന കാഴ്ചപ്പാടുകളില്‍ തന്നെ അലിഞ്ഞുചേര്‍ന്ന പ്രതിസന്ധിയാണ് പ്രത്യക്ഷരൂപത്തില്‍ ഇന്ന് നമ്മുടെ മുന്നില്‍ അവതരിച്ചിരിക്കുന്നത്. നിയോ ക്ലാസിക്കല്‍ സമ്പദ്ശാസ്ത്രത്തിന്റെ അടിത്തറയില്‍ തന്നെ ഒളിഞ്ഞുകിടക്കുന്ന ഈ പ്രതിസന്ധി അനിവാര്യമായ തിക്തഫലങ്ങളോടെ വര്‍ത്തമാന കാലത്ത് ഉറവെടുത്തിരിക്കുന്നു എന്നുമാത്രം.
നിരന്തര വളര്‍ച്ച എന്ന മിഥ്യ
ലോകത്തെയാകമാനം ഒരു ദുര്‍ഭൂതം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക വികസനം എന്ന ദുര്‍ഭൂതം. വ്യാവസായിക യുഗത്തിന്റെ രണ്ട് നൂറ്റാണ്ടിനിടയില്‍ ലോകത്തിന്റെ പൊതുമതമായി മാറാന്‍ ഇതിനു സാധിച്ചു. ‘നിരന്തര വളര്‍ച്ച’, ‘ദ്രുത വികസനം’, ‘ഭൗതിക പുരോഗതി’ തുടങ്ങിയവയായി മനുഷ്യകുലത്തിന്റെ പൊതുമന്ത്രങ്ങള്‍. മുതലാളിത്ത സാമ്പത്തിക വികസനത്തിന്റെ രണ്ട് നൂറ്റാണ്ട് പക്ഷേ ലോകത്തിന് സമ്മാനിച്ചതെന്താണ് എന്ന് പുനപ്പരിശോധനയ്ക്ക് വിധേയമാക്കേണ്ട സമയമായിരിക്കുന്നു. അന്തമില്ലാത്ത സാമ്പത്തിക വളര്‍ച്ചയെന്ന സ്വപ്നം നമ്മെക്കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്, മാനവരാശിക്ക് സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന എല്ലാത്തരം പാരിസ്ഥിതിക സേവനങ്ങളുടെയും നാശത്തിലേക്കാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. മനുഷ്യന് സുലഭമായി ലഭിച്ചുകൊണ്ടിരുന്ന ശുദ്ധജലം ഇന്ന് കിട്ടാക്കനിയായി മാറിയിരിക്കുന്നു. മലിനീകരിക്കപ്പെടാത്ത വായുവും മണ്ണും ഇന്ന് സ്വപ്നമായി മാറിയിരിക്കുന്നു. എന്തും വിലകൊടുത്തു വാങ്ങിക്കാമെന്ന മുതലാളിത്ത ധാര്‍ഷ്ട്യത്തിന്റെ അടിവേരില്‍ത്തന്നെ പുതിയ പ്രതിസന്ധികള്‍ പരിക്കേല്‍പിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളുടെയും രൂപത്തില്‍ അത് മാനവരാശിക്കും ജീവലോകത്തിനും മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്. പരിഹാരങ്ങള്‍ സംബന്ധിച്ച എല്ലാ നിര്‍ദ്ദേശങ്ങളും നിലനില്‍ക്കുന്ന സമ്പദ്ഘടനയുടെ അജയ്യത ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി മാത്രമുള്ള വിഫലശ്രമങ്ങള്‍ മാത്രമായി മാറുന്നു. ആഗോളതലത്തില്‍ വിവിധ ലോകരാഷ്ട്രങ്ങള്‍ എത്തിപ്പെട്ടിട്ടുള്ള സാമ്പത്തിക തകര്‍ച്ചകളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളോ ആഴത്തിലുള്ള അപഗ്രഥനങ്ങളോ അല്ല നടക്കുന്നത്. ‘എല്ലാം ശരിയാകും’ എന്ന പാഴ്‌വാക്കുകള്‍ മാത്രമാണ് ചുറ്റിലുമുയരുന്നത്.
പ്രകൃതി വിഭവങ്ങള്‍ അനന്തമാണെന്നും അവ ഉപയോഗിച്ച് വലിച്ചെറിയാനുള്ളതാണെന്നും ഉള്ള ബോധ്യത്തില്‍ നിന്നുമാണ് നിയോ ക്ലാസിക്കല്‍ സാമ്പത്തിക ദര്‍ശനം തന്റെ അടിത്തറശക്തിപ്പെടുത്തുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവികബന്ധത്തെ അത് അട്ടിമറിക്കുകയും പ്രകൃതിയെ നിരന്തരചൂഷണത്തിന് വിധേയമാക്കുകയും ചെയ്തു. സഹകരണത്തെയും സഹവര്‍ത്തിത്വത്തെയും അടിസ്ഥാനപ്പെടുത്തി ജീവിച്ചുവന്ന മനുഷ്യനെ മത്സരത്തിലേക്കും കീഴ്‌പ്പെടുത്തുന്നതിലേക്കും ഈ സാമ്പത്തിക ദര്‍ശനം നയിച്ചു. മനുഷ്യന്റെ പൊതുവായ വികാസവും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന അതിന്റെ നാട്യങ്ങളെ പ്രത്യയശാസ്ത്ര ഭേദമില്ലാതെ സ്വീകരിക്കുവാന്‍ ലോകത്തിലെ മുഴുവന്‍ ഭരണാധികാരികളും തയ്യാറായി എന്നതുകൊണ്ടുതന്നെ മുതലാളിത്ത ഉത്പാദന-ഉപഭോഗ രീതികള്‍ അജയ്യമെന്ന നിലയില്‍ ലോകം കീഴടക്കുകയായിരുന്നു. ചെറു ന്യൂനപക്ഷത്തിന്റെ താല്‍പര്യസംരക്ഷണം മാത്രമേ ആര്‍ത്തിയെയും മത്സരത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള ഈയൊരു സമ്പദ് ദര്‍ശനത്തിലൂടെ സാധ്യമാകൂ എന്ന് വ്യാവസായിക യുഗത്തിന്റെ ഈ രണ്ട് നൂറ്റാണ്ടുകള്‍ക്കിടയില്‍ വളര്‍ന്നുവന്ന കോര്‍പ്പറേറ്റ് ഭീമന്മാരുടെ ആസ്തികളും എണ്ണവും നമുക്ക് ചൂണ്ടിക്കാണിച്ചുതരുന്നു. അതേസമയം നിരന്തമായ ഭൗതിക വളര്‍ച്ചയെയും ഉപഭോഗത്തെയും ആധാരമാക്കിയുള്ള മുതലാളിത്ത സാമ്പത്തികശാസ്ത്രത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് കാലം തെളിവുനല്‍കുന്നു. ഭൂമിയുടെ തന്നെ ജൈവികവും ഭൗതികവുമായ പരിമിതികള്‍ നിരന്തര വളര്‍ച്ച എന്ന സ്വപ്നത്തിന് ഭംഗം വരുത്തിയിരിക്കുന്നു. വ്യാവസായിക വികസനത്തിന്റെ ആണിക്കല്ലെന്ന് വിശേഷിപ്പിക്കുന്ന എണ്ണയും മറ്റ് ഖനിജ ധാതുക്കളും ഇന്ന് ഉത്പാദന പാരമ്യതയില്‍ എത്തിയിരിക്കുകയാണ്. എണ്ണയെയും മറ്റ് ഖനിജ ഇന്ധനങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തിക വികസനം അധിക കാലം മുന്നോട്ടുപോകുകയില്ലെന്ന് ലോകം പൊതുവില്‍ അംഗീകരിച്ചിരിക്കുന്നു. ഉത്പാദനത്തിലെ പാരമ്യത എന്നത് എണ്ണയുടെ മാത്രം കാര്യമല്ല എന്നുകൂടി നാം അറിയേണ്ടതുണ്ട്. ശുദ്ധജല ലഭ്യതയിലും, കൃഷി യോഗ്യമായ മണ്ണിന്റെ കാര്യത്തിലും ആധുനിക മനുഷ്യന്റെ നിത്യോപയോഗത്തിലുള്ള ധാതുക്കളുടെ കാര്യത്തിലും ഒക്കെത്തന്നെ ഈ പാരമ്യത പ്രകടമാണ്. വിഭവ ദൗര്‍ലഭ്യത്തിന്റേതായ പുതിയൊരു പ്രതിസന്ധിയിലേക്കാണ് മുതലാളിത്ത സാമ്പത്തിക വികസനം ലോകത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. പ്രതിസന്ധിയുടേതായ ഈ പുതിയ കാലഘട്ടത്തില്‍ ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും പരിമിതികള്‍ തിരിച്ചറിഞ്ഞുകൊണ്ട് പുതിയൊരു സാമ്പത്തിക ദര്‍ശനം കെട്ടിപ്പടുക്കുവാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. അതിന്റെ ആദ്യപടിയെന്ന നിലയില്‍ അധികാരവും സമ്പത്തും കേന്ദ്രീകരിച്ചുനിര്‍ത്തുന്ന അധികാര ഘടനയില്‍ തന്നെയുള്ള പൊളിച്ചെഴുത്താണ് വേണ്ടത്. പ്രതിസന്ധികള്‍ സൃഷ്ടിച്ച അതേ വ്യവസ്ഥിതിയില്‍ നിന്നുകൊണ്ട് അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്താനാകുമെന്ന് കരുതുന്നത് മൗഢ്യമാണ്. പ്രകൃതിയുടെയും സംസ്‌കാരങ്ങളുടെയും ഭൂവിഭാഗങ്ങളുടെയും മേല്‍ അധിനിവേശം നടത്തി കൊള്ളയടി തുടരുന്ന ഒരു സാമ്പത്തിക ദര്‍ശനത്തിന്റെ തിരസ്‌കരണത്തിലൂടെ മാത്രമേ അത് സാധ്യമാകു.
വിപണി മത്സരത്തെയും ഊഹക്കച്ചവടത്തെയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ലോക സമ്പദ് വ്യവസ്ഥ ആഗോളതലത്തില്‍ തന്നെ പ്രതിസന്ധിയിലാണെന്ന് നാം കാണുന്നു. അടുത്തകാലത്തായി ഗ്രീസില്‍ നടന്ന സാമ്പത്തിക പ്രതിസന്ധി ലോകത്തിലെ ഇതര രാഷ്ട്രങ്ങളിലേക്ക് കൂടി വൈകാതെ പടരുമെന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2007ല്‍ അമേരിക്കയില്‍ ആരംഭിച്ച സാമ്പത്തികമാന്ദ്യം നീണ്ടുനില്‍ക്കുന്ന പ്രതിഭാസമായി മാറുകയാണ്. 1930കളില്‍ സംഭവിച്ചതിലും ഗുരുതരമായ പ്രതിസന്ധികളിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വിവിധ ലോക രാഷ്ട്രങ്ങള്‍ കടക്കെണിയില്‍ പെട്ടുഴലുകയാണെന്നുമുള്ള വാര്‍ത്തകള്‍ പരമാവധി ജനങ്ങളില്‍ നിന്നുമറച്ചുവെക്കാന്‍ വികസന വക്താക്കളും അവരുടെ പിണിയാളുകളായ മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിയോ ലിബറല്‍ നയങ്ങളിലൂടെയും ആഗോളവത്കരണത്തിലൂടെയും ലോകത്തെമ്പാടുമുള്ള പ്രകൃതി വിഭവങ്ങള്‍ തങ്ങളുടെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങള്‍ ആഗോള കോര്‍പ്പറേറ്റ് കമ്പനികള്‍ 90കളുടെ ആരംഭത്തോടെ ശക്തിപ്പെടുത്തുകയായിരുന്നു. ആഗോളവത്കരണ നയങ്ങളുടെ ഈ രണ്ടരപ്പതിറ്റാണ്ടിനിടയില്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് വന്‍വിലയാണ് നല്‍കേണ്ടിവന്നത്. ആഭ്യന്തര മൊത്ത ഉത്പാദനത്തിലെ പെരുക്കങ്ങളുടെയും ഉയര്‍ന്ന വളര്‍ച്ചാനിരക്കിന്റെയും കണക്കുകള്‍ ചൂണ്ടിക്കാട്ടി ലോകം വികസനക്കുതിപ്പിലേക്കാണെന്ന പ്രതീതി ജനിപ്പിക്കുവാനും തങ്ങളുടെ വിഭവ ചൂഷണങ്ങള്‍ക്ക് മറയിടാനും ആഗോള സാമ്പത്തിക ശക്തികള്‍ക്ക് സാധിച്ചു. പക്ഷേ, വിഭവ പരിമിതിയെന്ന പുതിയ പ്രതിസന്ധി ഇന്ന് ലോക സമൂഹത്തെ നോക്കി വെല്ലുവിളിക്കുകയാണ്. എണ്ണയ്ക്കു വേണ്ടിയുള്ള യുദ്ധങ്ങളും ജലകലാപങ്ങളും പ്രകൃതി വിഭവങ്ങളുടെ കൊള്ളയും കൊണ്ട് ഭീഷണമായയ ഒരു ഭാവിയാണ് മുതലാളിത്ത വികസനത്തിന്റെ രണ്ട് നൂറ്റാണ്ട് വരാനിരിക്കുന്ന തലമുറകള്‍ക്ക് മുന്നില്‍ അവശേഷിപ്പിച്ചിരിക്കുന്നത്. ഭാവി തലമുറകള്‍ക്ക് കൂടി ഉപയോഗപ്പെടേണ്ട ഊര്‍ജ്ജവും വെള്ളവും മറ്റ് പ്രകൃതി വിഭവങ്ങളും കൊള്ളയടിച്ച് ഭൗതികസുഖങ്ങളില്‍ ആറാടുന്ന പുത്തന്‍ യയാതി സംസ്‌കാരത്തിന് അറുതിവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വികസനമെന്ന പേരില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നവയെല്ലാം വിനാശമാണെന്ന തിരിച്ചറിവില്‍ നിന്ന് നമുക്ക് ആരംഭിക്കാം.
പാരിസ്ഥിതിക വിവേകം-സാമൂഹ്യനീതി-
സ്ഥായിയായ പുരോഗതി
ലോകത്തിലെ സകലമാന മനുഷ്യരുടെയും ഭൗതികവികസനത്തിന്റെ ഫലമായല്ല ഇന്ന് നാം കാണുന്ന പാരിസ്ഥിതിക പ്രതിസന്ധികളും വിഭവ ദാരിദ്ര്യവും സംഭവിച്ചിട്ടുള്ളത്, മറിച്ച്, ഒരു ചെറു ന്യൂനപക്ഷത്തിന്റെ ആര്‍ത്തിയെ തൃപ്തിപ്പെടുത്തുന്നതിനാണ് എന്ന ബോധ്യം നമുക്കുണ്ടാകേണ്ടതാണ്. വിഭവങ്ങളുടെ തുല്യമായ വിതരണം എന്നത് മുതലാളിത്ത സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഒന്നല്ല. അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണം മാത്രമാണ് അവയുടെ അന്തിമ ലക്ഷ്യം. നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരങ്ങള്‍ ആത്യന്തികമായി കുടികൊള്ളുന്നത് നിലവിലുള്ള അധികാരഘടനകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതായിരിക്കും. പൗരന്റെ അടിസ്ഥാനാവശ്യങ്ങളെ പരിഗണിച്ചും പ്രകൃതിയുടെ പരിമിതികള്‍ ഉള്‍ക്കൊണ്ടും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അറ്റുപോയ ബന്ധത്തെ വിളക്കിച്ചേര്‍ത്തും സ്ഥായിയായ പുരോഗതി കൈവരിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തുക എന്നതായിരിക്കും മനുഷ്യാന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്ന പുരോഗമന ശക്തികള്‍ക്ക് ഇനിയങ്ങോട്ട് നിര്‍വ്വഹിക്കാനുള്ളത്. സ്ഥായിയായ പുരോഗതി ലക്ഷ്യംവെച്ചുകൊണ്ടുള്ള ഒരു സമൂഹ നിര്‍മ്മാണത്തിനായുള്ള ശ്രമങ്ങള്‍ക്ക് മുമ്പ് ഉത്തരം ലഭിക്കാന്‍ പ്രയാസമുള്ള ചില ചോദ്യങ്ങള്‍ നാം നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട്. വ്യക്തിതലത്തില്‍ നിന്നുയര്‍ന്ന് കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമേ ഒരുവേള ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നമുക്ക് കണ്ടെത്താനാകൂ. 1. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ് എന്ന വസ്തുത നാം അംഗീകരിക്കുന്നുവെങ്കില്‍, പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം എത്തരത്തിലായിരിക്കണം? 2. ജീവജാതികള്‍ തമ്മിലുണ്ടായിരിക്കേണ്ട പരസ്പര സഹകരണത്തെയും നീതിയെയും നാം അംഗീകരിക്കുന്നുവെങ്കില്‍ പാരിമാണികമായ മൂല്യത്തിന്റെ (ഝൗമിശേമേശേ്‌ല ഢമഹൗല) അളവുകോല്‍ എന്തായിരിക്കണം? 3. പ്രകൃതിയെ പ്രതിസന്ധിയില്‍ ആഴ്ത്താതെ എത്രമാത്രം ഊര്‍ജ്ജം നമുക്ക് സ്വീകരിക്കാന്‍ സാധിക്കും?
‘ഓരോത്തരും അവരുടെ കഴിവിനനുസരിച്ച്, ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച്’ എന്ന എഗാലിറ്റേറിയന്‍ സ്വപ്നത്തെ മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരിക്കേണ്ട അവിച്ഛേദ്യ ബന്ധവുമായി കൂട്ടിച്ചേര്‍ത്തുമാത്രമേ വരുംനാളുകളിലെ വികസന സങ്കല്പങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കൂ. പ്രകൃതി വിഭവങ്ങള്‍ അനന്തമായി ലഭ്യമാണെന്ന തെറ്റിദ്ധാരണകള്‍ക്ക് അറുതിവരുത്തിയേ മതിയാകൂ. പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലും പ്രാദേശിക ആസൂത്രണത്തിലും അധിഷ്ഠിതമായ വികേന്ദ്രീകൃതമായ ഒരു അധികാര വ്യവസ്ഥതന്നെയായിരിക്കും പ്രതിസന്ധിയുടെ ഈയൊരു കാലഘട്ടത്തില്‍ നമ്മെ മുന്നോട്ടുനയിക്കുന്നത്. പ്രകൃതിയുമായി മനുഷ്യനുണ്ടായിരിക്കേണ്ട ബന്ധത്തെ തിരിച്ചുപിടിക്കുക എന്നത് പിന്‍വലിയലായോ തിരിച്ചുപോക്കായോ അല്ല പരിഗണിക്കേണ്ടത്. മറിച്ച്, വിവേകപൂര്‍ണ്ണവും ഉത്തരവാദിത്വബോധമുള്ളതും ആയ ഒരു സമൂഹരചനയ്ക്കായുള്ള വിപ്ലവാത്മകമായ മുന്നോട്ടുപോക്കായി കാണണം. അധികാര വ്യവസ്ഥയിലും സമ്പദ്ദര്‍ശനത്തിലും ഉത്പാദനത്തിലും ഉപഭോഗത്തിലും നൈതികതയെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. ആത്യന്തികമായി അടിസ്ഥാന വിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ള ഈയൊരു മുന്നേറ്റത്തിന് പ്രത്യേകം തയ്യാറാക്കപ്പെട്ട കുറിപ്പടികളോ ചേരുവകളോ ഇല്ലെന്ന വസ്തുതയാണ് നാം ആദ്യം മനസിലാക്കേണ്ടത്. എല്ലാത്തരം പ്രതിസന്ധികള്‍ക്കും നമ്മുടെ കൈകളില്‍ ഉത്തരങ്ങളുണ്ടെന്ന മിഥ്യാബോധത്തെ ദൂരെക്കളയുകയും കൂട്ടുത്തരവാദിത്വത്തിന്റെയും സംവാദത്തിന്റെയും തലങ്ങളിലൂടെ സാധ്യമായ പരിഹാരങ്ങള്‍ തേടുകയും ചെയ്യുക എന്നതുമാത്രമാണ് നമ്മുടെ മുന്നിലുള്ള വഴി.
കാര്‍ഷിക വ്യവസ്ഥ, ഭക്ഷ്യസംസ്‌കാരം, വിഭവ ലഭ്യത എന്നിവയെ അടിസ്ഥാനപ്പെടുത്തി പ്രാദേശിക തലത്തില്‍ ഉരുത്തിരിയുന്ന ആസൂത്രണങ്ങളും പദ്ധതികളുമാകണം നമ്മുടെ നാടിന്റെ വികസനത്തെ നിര്‍ണ്ണയിക്കുന്നത്. അത്തരമൊരു വികേന്ദ്രീകൃത വ്യവസ്ഥയില്‍ സഹകരണ സംഘങ്ങള്‍ക്കും പസ്പരാശ്രിത കമ്യൂണുകള്‍ക്കും കൂട്ടുകൃഷിക്കളങ്ങള്‍ക്കും, സാംസ്‌കാരിക പഠനകേന്ദ്രങ്ങള്‍ക്കും മുന്‍കൈ ലഭിക്കേണ്ടതുണ്ട്. മനുഷ്യാദ്ധ്വാനത്തിന്റെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്ന, ആവാസ വ്യവസ്ഥകളെ പരിപാലിക്കുന്ന, സ്ഥായിത്വത്തെ മുറുകെപ്പിടിക്കുന്ന, മത-ജാതി-ലിംഗ-വര്‍ണ്ണ-വംശ-ദേശ-ഭാഷാ വൈവിധ്യങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സമൂഹനിര്‍മ്മാണത്തിനുള്ള ശ്രമങ്ങളിലൂടെ ഭാവി തലമുറകള്‍ക്കായുള്ള കരുതലുകള്‍ നമുക്ക് ഇന്നുതന്നെ ആരംഭിക്കാം. രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ നിന്നുള്ള തെരഞ്ഞെടുപ്പുകള്‍ ഒരു താല്‍ക്കാലിക സംഗതി മാത്രമാണെന്ന് തിരിച്ചറിയുക. തിരഞ്ഞെടുപ്പുകള്‍ക്കുള്ള എല്ലാ സാധ്യതകളെയും കൊട്ടിയടച്ചുകൊണ്ടാണ് നാളിതുവരെ നാം വികസനാഘോഷങ്ങള്‍ നടത്തിയതെന്നും അറിയുക. പ്രകൃതിയും മനുഷ്യനും നാളിതുവരെ അനുഭവിച്ചുപോന്നിട്ടില്ലാത്ത പ്രതിസന്ധികളിലേക്ക് ലോകം കടന്നുപോകുമ്പോള്‍ മാനവരാശി നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ചോദ്യങ്ങളുയര്‍ത്താനും ഈ അവസരം നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കേരളം നേരിടുന്ന വര്‍ത്തമാന പ്രതിസന്ധികള്‍ക്ക് സാധ്യമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ജനകീയ പ്രക്ഷോഭരംഗത്തും ബദല്‍ അന്വേഷണ മേഖലയിലും വര്‍ഷങ്ങളായി ഇടപെട്ടുവരുന്ന നിരവധി സംഘടനകളും വ്യക്തികളും ചേര്‍ന്ന് കേരളത്തിന്റെ ഭാവി വികസനത്തിന്റെ രൂപരേഖ തയ്യാറാക്കുകയാണ്. കൃഷി, ഊര്‍ജ്ജം, വ്യവസായം, തൊഴില്‍, ആരോഗ്യം, വിഭവസംരക്ഷണം, നഗരവല്‍ക്കരണം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഗതാഗതം, ജനാധികാരം, ഭരണനവീകരണം തുടങ്ങി നിരവധി മേഖലകളില്‍ അടിയന്തിരമായി നടത്തേണ്ട ഇടപെടലുകളെ സംബന്ധിച്ച് ജനകീയപക്ഷത്തുനിന്ന് മുന്നോട്ടുവെക്കുന്നതാണ് ഈ നിലനില്‍പ്പിന്റെ മാനിഫെസ്റ്റോ.

വിവിധ മേഖലകളിലെ സമര-സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ ശ്രമത്തിലൂടെ തയ്യാറാക്കിയതും 2016 ഏപ്രില്‍ 23, 24 തീയ്യതികളില്‍ കോഴിക്കോട് വെച്ച് നടന്ന ജനകീയ സമരപ്രവര്‍ത്തകരുടെയും ബദല്‍ അന്വേഷകരുടെയും കൂടിച്ചേരലില്‍ ചര്‍ച്ച ചെയ്ത് വിപുലപ്പെടുത്തുകയും ചെയ്ത നിലനില്‍പ്പിന്റെ മാനിഫെസ്റ്റോവിന്റെ ആമുഖം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply