നായര്‍ സ്ത്രീകളോ!! എന്നാല്‍ സ്ത്രീവിരുദ്ധത പോരട്ടേ…

ഷഫീക് സുബൈദ ഹക്കീം ജനാധിപത്യം എന്നത് ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് മാത്രമുള്ളതോ ഏതെങ്കിലും വിഭാഗങ്ങള്‍ക്കെതിരാ യിട്ടുള്ളതോ ആണെന്ന് കരുതുന്നില്ല. എല്ലാവര്‍ക്കും ലഭിക്കേണ്ട മിനിമം നീതിയും മര്യാദയുമാണ് അത്. അധികാരത്തിന്റെയും അവകാശങ്ങളുടെയും മാനിക്കപ്പെടലിന്റെയും തുല്യമായ വിതരണത്തിലും കൊടുക്കല്‍വാങ്ങലുകളിലുമാണ് അത് നിലനില്‍ക്കുന്നത്. ജാതീയ ഉച്ചനീചശ്രേണീബദ്ധമായ ഒരു സമൂഹത്തില്‍ അത് ലഭിക്കുന്നില്ല എന്നിടത്താണ് ജനാധിപത്യത്തിനുവേണ്ടിയുള്ള സമരങ്ങള്‍ ആരംഭിക്കുന്നത്; അത് തൊഴിലാളികളായാലും ദളിതരായാലും സ്ത്രീകളായാലും മുസ്ലീങ്ങളായാലും ആദിവാസികളായാലും ക്രിസ്ത്യാനികളായാലും ട്രാന്‍സ്‌ജെണ്ടേഴ്‌സ് ഉള്‍പ്പെടെയുള്ള ലൈംഗികസ്വത്വങ്ങളായാലും ഒക്കെ തന്നെയും. ഇത് സവര്‍ണ സ്ത്രീകളുടെ അല്ലെങ്കില്‍ സമുദായങ്ങളുടെ വിഷയങ്ങളില്‍ […]

sഷഫീക് സുബൈദ ഹക്കീം

ജനാധിപത്യം എന്നത് ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് മാത്രമുള്ളതോ ഏതെങ്കിലും വിഭാഗങ്ങള്‍ക്കെതിരാ യിട്ടുള്ളതോ ആണെന്ന് കരുതുന്നില്ല. എല്ലാവര്‍ക്കും ലഭിക്കേണ്ട മിനിമം നീതിയും മര്യാദയുമാണ് അത്. അധികാരത്തിന്റെയും അവകാശങ്ങളുടെയും മാനിക്കപ്പെടലിന്റെയും തുല്യമായ വിതരണത്തിലും കൊടുക്കല്‍വാങ്ങലുകളിലുമാണ് അത് നിലനില്‍ക്കുന്നത്. ജാതീയ ഉച്ചനീചശ്രേണീബദ്ധമായ ഒരു സമൂഹത്തില്‍ അത് ലഭിക്കുന്നില്ല എന്നിടത്താണ് ജനാധിപത്യത്തിനുവേണ്ടിയുള്ള സമരങ്ങള്‍ ആരംഭിക്കുന്നത്; അത് തൊഴിലാളികളായാലും ദളിതരായാലും സ്ത്രീകളായാലും മുസ്ലീങ്ങളായാലും ആദിവാസികളായാലും ക്രിസ്ത്യാനികളായാലും ട്രാന്‍സ്‌ജെണ്ടേഴ്‌സ് ഉള്‍പ്പെടെയുള്ള ലൈംഗികസ്വത്വങ്ങളായാലും ഒക്കെ തന്നെയും.
ഇത് സവര്‍ണ സ്ത്രീകളുടെ അല്ലെങ്കില്‍ സമുദായങ്ങളുടെ വിഷയങ്ങളില്‍ വരുമ്പോള്‍ മാത്രം ബാധമാകണ്ട എന്നുള്ള തീര്‍പ്പുകളും അതിനെ തുടര്‍ന്നുണ്ടാകുന്ന ആക്രമണങ്ങളും ആര് നടത്തിയാലും അംഗീകരിക്കാനാവില്ല തന്നെ. ഇത്രയും ആമുഖമായി പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം പ്രചരിപ്പിക്കപ്പെട്ട (ഈ കുറിപ്പിനോടൊപ്പം കൊടുത്തിട്ടുള്ള) ചിത്രവുമായി ബന്ധപ്പെട്ടാണ്. കാരണം അത്രമാത്രം ക്രൂരമായിരുന്നു ഈ ചിത്രം. അത്രമാത്രം ചരിത്രവിരുദ്ധവും സ്ത്രീവിരുദ്ധവുമായ അപഹാസ്യത്തെ/അവഹേളനത്തെ അത് ഉള്‍ക്കൊള്ളുന്നു. മാത്രവുമല്ല ഇത്രയും നഗ്‌നമായ സ്ത്രീവിരുദ്ധതയും ആണ്‍കോയ്മാ ആഘോഷവും തെളിഞ്ഞു നിന്നിട്ടും സോഷ്യല്‍ മീഡിയയില്‍ സ്ത്രീപക്ഷവാദികളായ/അവകാശ സംരക്ഷകരായ ആര്‍ക്കും തന്നെ (അത് ഇടത്/സെക്കുലറിസ്റ്റുകള്‍, ഫെമിനിസ്റ്റ്, ദളിത്, ദളിത് ഫെമിനിസ്റ്റ്, മുസ്ലീം രാഷ്ട്രീയ അവകാശപ്രവര്‍ത്തകരുള്‍പ്പെടെ) അത് അലോസരമൊന്നുമുണ്ടാക്കിയില്ല എന്നത് ഭയപ്പെടുത്തുന്നതാണ്.
എന്തുകൊണ്ടാണ് ഇത്രമേല്‍ സ്ത്രീവിരുദ്ധമായ ഈ പോസ്റ്റിന് ഇത്രയധികം പിന്തുണയും പ്രചാരണവും ലഭിച്ചത്? അത്രക്കും രാഷ്ട്രീയപരമായ എന്ത് കോപ്പാണ് ഈ ചിത്രം പ്രദാനം ചെയ്യുന്നത്? സവര്‍ണ സ്ത്രീകള്‍ക്കെതിരെയാണെങ്കില്‍ സ്ത്രീവിരുദ്ധത കപ്പല്‍ കയറുമെന്നാണോ? സവര്‍ണ സ്ത്രീകള്‍ക്കെതിരെയാണെങ്കില്‍ ജനാധിപത്യ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കണ്ട/മാനിച്ചുകൊടുക്കണ്ട എന്നാണോ? ഈ ഒരു സമുദായത്തില്‍ ജനിച്ചു എന്നുള്ളതുകൊണ്ട് അവരിതൊന്നും അര്‍ഹിക്കുന്നില്ല എന്നുമാണോ? (നായര്‍ ജനവിഭാഗം സവര്‍ണരാണോ ശൂദ്രരാണോ എന്നൊക്കെയുള്ള ചര്‍ച്ചയ്ക്കുവേണ്ടിയല്ല ഇതെഴുതുന്നത് എന്ന് സൂചിപ്പിക്കട്ടെ.) സവര്‍ണ സമുദായം നടത്തിയ ജനാധിപത്യ അവകാശ സമരങ്ങളെ അവഹേളിക്കുകയും തള്ളിക്കളയുകയും ചെയ്യാമെന്നാണോ? നായര്‍സമൂഹം ബ്രാഹ്മണസമൂഹത്തില്‍ നിന്നും അനുഭവിച്ചുവന്ന അടിച്ചമര്‍ത്തലുകളെയും അപമാനങ്ങളെയും അതിന്റെ ചരിത്രത്തെയും ആര്‍ക്കും അവഹേളിച്ചും നിന്ദിച്ചും ആനന്ദിക്കാമെന്നാണോ? ഇതാണോ അവകാശബോധം? ഇതാണോ ജനാധിപത്യം? കഷ്ടം എന്നേ പറയാനാവൂ.
സ്വത്വം, കര്‍തൃത്വം, സമരം, സ്ത്രീ, ലിംഗചിന്തകള്‍, അധീശത്വം, സദാചാരം, എന്നിങ്ങനെ ഇന്ന് സാമൂഹ്യമായി ഉയര്‍ന്നുവന്നിട്ടുള്ള പലേവിഷയങ്ങളിലും ഉറച്ച നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളവരാണ് ഇത് ഷെയര്‍ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ഒക്കെ ചെയ്തത് എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയവും ഭയാനകവും വിഷമകരവുമായ കാര്യം. ഈ ചിത്രം വന്നത് സ്വതന്ത്ര ചിന്തകര്‍ എന്ന ഗ്രൂപ്പില്‍ നിന്നാണ് എന്നറിയാന്‍ കഴിയുന്നു. അവരുടെയും ഇടതുപക്ഷക്കാരുടെയും വിമര്‍ശനമെന്നപേരിലുള്ള ഇത്തരം പ്രകടനപരതയില്‍ ഒട്ടും തന്നെ അത്ഭുതം തോന്നുന്നില്ല. ഇത്തത്തിലുള്ള ഞണുക്കുവിദ്യകളിലൂടെ ഹിന്ദുത്വത്തെ ദാ ഇപ്പോ പഠിപ്പിച്ചുകളായാമെന്ന് ധരിച്ചുവശായിരിക്കുന്നവരാണവര്‍. എന്നാല്‍ കൂടുതല്‍ വിഷമിപ്പിക്കുന്നത് സ്വത്വവാദധാരയിലുള്ളവരില്‍ നിന്നും ഫെമിനിസ്റ്റുകളുടെ പക്ഷത്തുനിന്നും ഇതിന് ലഭിച്ച പിന്തുണയോ അല്ലെങ്കില്‍ കുറ്റകരമായ മൗനമോ ആണ്. ഇത് വിമര്‍ശനാവബോധങ്ങളുടെ സത്യസന്ധതയെ തന്നെ ചോദ്യം ചെയ്യുന്ന സംഗതിയാണ്.
അങ്ങേയറ്റം സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവും ചരിത്രവിരുദ്ധവും ജനാധിപത്യവിരുദ്ധവുമൊക്കെയാണ് ഈ ചിത്രം. ചരിത്രത്തില്‍ എല്ലാക്കാലത്തും എല്ലാ മനുഷ്യര്‍ക്കും വിവിധങ്ങളായ അടിച്ചമര്‍ത്തുലുകളും വിധേയപ്പെടലുകളും മതപരമായും ആചാരപരമായും അനുഷ്ഠാനപരമായും അല്ലാതെയുമൊക്കെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. കേരളത്തില്‍ ഒരു പ്രബലജാതിയാണ് നായര്‍ സമൂഹമെങ്കിലും അവര്‍ക്കും ബ്രാഹ്മണമേധാവിത്വത്തെ, അതിന്റെ ഹിംസാത്മക ഇടപെടലുകളെ ജാതി ശ്രേണിയിലെ തങ്ങളുടെ കീഴ്സ്ഥാനത്തുനിന്നുകൊണ്ട് സഹിക്കേണ്ട ഒരു കാലമുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ കാണും വിധമുള്ള സംബന്ധം നായര്‍സമുദായം ഇന്നനുഭവിക്കുന്നില്ല. അത് അത്ര പെട്ടന്നപ്രത്യക്ഷമായതല്ല. അതിന് നിരവധിയായ വിയര്‍പ്പൊഴുക്കിയിട്ടുമുണ്ട് അതിലെ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന മനുഷ്യര്‍. ചട്ടമ്പിസ്വാമികളുടെയും തുടര്‍ന്നു നടന്ന സമരങ്ങളുടെയും (ഒത്തുതീര്‍പ്പുകളുടെയും) ഒക്കെയായ ചരിത്രം കൂടിയാണ് കേരള ചരിത്രമെന്ന പേരില്‍ നമ്മള്‍ പഠിക്കുന്നത്, പഠിക്കേണ്ടത്.
ഒരു സമുദായവും അതിന്റെ ചില ഗതികേടുകളിലെത്തിച്ചേരുന്നത് ചില ചരിത്ര സാഹചര്യങ്ങളിലായിരിക്കും. ആരും ബോധപൂര്‍വ്വം ഉണ്ടാക്കുന്ന ഒരു വൈയ്യക്തിക പ്രശ്‌നമല്ലല്ലോ സാമൂഹിക പ്രശ്‌നങ്ങളും സാമൂഹിക അനാചാരങ്ങളും. അന്ന് ആ സ്ത്രീകള്‍ അനുഭവിച്ച അസ്വാതന്ത്ര്യവും പീഡനവും ഒന്നോര്‍ത്തു നോക്കു. എത്രമാത്രം അപമാനമായിരിക്കുമത്. ആ സമുദായത്തിലെ പുരുഷന്‍മാരൊക്കെ ബ്രാഹ്മണര്‍ക്കുമുമ്പില്‍ അനുഭവിച്ച പവറില്ലായ്മ!! അതിനൊക്കെ എതിരായി സമരങ്ങള്‍ കണ്ട നാടാണ് നമ്മുടേത്. മേലാള സമുദായത്തില്‍ നടന്ന സമങ്ങള്‍ സമരങ്ങളല്ലാതാവുന്നില്ലല്ലോ. അവിടുത്തെ സ്ത്രീകളുടെ വിമോചന സ്വപ്നങ്ങള്‍ അത് ഒരു പ്രശ്‌നമല്ലാതായിത്തീരുന്നുമില്ലല്ലോ. കേവലം മറ്റു ചില പ്രശ്‌നങ്ങള്‍ക്ക് ‘നിങ്ങളുടെ ചരിത്രം ഞങ്ങളെ കൊണ്ട് വിളമ്പിക്കരുത്’ എന്നുള്ള ഭീഷണിപോലെ ഇത്തരം ചരിത്ര സന്ദര്‍ഭങ്ങളെ നെഗറ്റീവ് ആയി ഉപയോഗിക്കുന്നത് അത്ര ശരിയാണെന്ന് തോന്നുന്നില്ല എന്ന് മാത്രമല്ല അങ്ങേയറ്റം ഹിംസാത്മകവുമാണ്. പച്ചക്കുള്ള ജനാധിപത്യവിരുദ്ധ ആക്രമണമാണത്.
ഈ സമരങ്ങളെയത്രയും വളരെ നിസ്സാരമായി കാണാനും തങ്ങള്‍ക്കിഷ്ടമല്ലാത്ത മറ്റു പ്രവണതകള്‍ക്കെതിരെ ഇത്തരത്തില്‍ ഹീനമായി ചിത്രീകരിക്കാനും സാധിക്കുന്നത് സത്യസന്ധതയില്ലായ്മയെയാണ് തുറന്ന് കാണിക്കുന്നത്. എല്ലാ മനുഷ്യരും നടത്തുന്ന ജനാധിപത്യ/അവകാശ സമരങ്ങളും വിലപ്പെട്ടതാണ്. മാനിക്കപ്പെടേണ്ടതാണ്. ജനാധിപത്യത്തിന്റെ അഭാവം അനുഭവിക്കുന്ന, അടിച്ചമര്‍ത്തലും അപമാനവും നിരന്തരം സഹിക്കേണ്ടിവരുന്ന, ജനാധിപത്യ അവകാശങ്ങള്‍ക്കായി, ജാതിവെറിക്കെതിരെ പോരാടുന്ന ഒരാളും ഒരു മനുഷ്യരുടെയും ജനാധിപത്യ സമരങ്ങളെയും അവകാശങ്ങളെയും തള്ളിക്കളയാന്‍ പാടില്ല (കഴിയുകയുമില്ല). കാരണം, അവര്‍ക്കറിയാം അതിന്റെ വേദന. (കീബോര്‍ഡും ഫോട്ടോഷോപ്പും കിട്ടുമ്പോള്‍ ചെയ്യാന്‍ പറ്റുന്ന ഇമ്മാതിരി രസതള്ളലുകളല്ല അത്. അതിനത്ര രസമില്ലെന്നുമാത്രമല്ല, നല്ല വേദനയുമുണ്ട്.) ഇവിടെയാണ് ഈ ചിത്രത്തിലെ സ്ത്രീവിരുദ്ധത കണ്ടില്ലെന്ന് നടിക്കുന്ന മേല്‍സൂചിപ്പിച്ച വിഭാഗങ്ങളില്‍പ്പെട്ടവരുടെ മൗനങ്ങള്‍ വിഷമിപ്പിക്കുന്നത്. കാരണം അത് അത്ര നിഷ്‌കളങ്കമല്ല തന്നെ.
ഒരു സമുദായത്തിലെ മനുഷ്യരുടെ ചരിത്രത്തെയും സമരത്തെയും കളിയാക്കുന്നു എന്നതുമാത്രമല്ല ഈ ചിത്രത്തിലുള്ളത്. മറിച്ച് അങ്ങേയറ്റം മസ്‌കുലാനിറ്റിയെ ആഘോഷിക്കുന്ന സ്ത്രീവിരുദ്ധമായ സദാചാര ബോധവും ഈ ചിത്രം വിളമ്പരം ചെയ്യുന്നുണ്ട് എന്നതാണ്. സത്യത്തില്‍ ഈ ചിത്രം ഷെയര്‍ ചെയ്തവരില്‍ (ലൈക്ക് ചെയ്തവരില്‍) പ്രമുഖമായ ഒരു വിഭാഗം ചുംബനസമരത്തില്‍ പങ്കെടുത്തവരില്‍ നിന്നുമുണ്ടായിട്ടുണ്ട് എന്ന് കാണുമ്പോള്‍ വാസ്തവത്തില്‍ ഞെട്ടലുണ്ടാവുകയാണ് ചെയ്തത്.
സംബന്ധം ചെയ്യാന്‍ വരുന്ന ബ്രാഹ്മണന് സ്ത്രീയെ വിട്ടുകൊടുത്ത് കാത്തിരിക്കാന്‍ തയ്യാറാണ് (#ഞലമറ്യഠീണമശ)േ എന്ന് പറഞ്ഞ് ദയനീയമായി മാറി നില്‍ക്കുന്ന നായര്‍ പുരുഷന്‍ ആണ് ഇതിലെ ഒരു ചിത്രീകരണം. നിങ്ങള്‍ ഇങ്ങനെ ചെയ്യുന്ന ‘പെങ്കോന്തന്‍മാര’ല്ലേ എന്ന ധ്വനിയാണ് ഈ കളിയാക്കല്‍ ഉല്‍പാദിപ്പിക്കുന്നത്. ”ഭര്‍ത്താവ് നിലനില്‍ക്കെ സവര്‍ണ പുരുഷന്‍മാരെ കിടപ്പറയിലേയ്ക്ക് സ്വീകരിക്കാന്‍ തയ്യാറായ ‘പിഴകളല്ലെ’ നിങ്ങള്‍, അതുകൊണ്ട് ‘കുലസ്ത്രീ’ ചമയുന്ന നിങ്ങളുടെ ചരിത്രമൊന്നും ഞങ്ങളെ കൊണ്ട് പറയിക്കേണ്ട!!!’ എന്നതാണ് ഇതിലെ വേറൊരു ധ്വനി. ഇത് പച്ചക്ക് പറയുന്ന ഈ ചിത്രത്തെ കപടസദാചാരത്തിനെതിരെ വാളെടുത്തവര്‍ തന്നെ ആഘോഷിക്കുന്നു എന്ന വിരോധാഭാസമാണ് ഇവിടെ ഹൈലൈറ്റ്. ‘സ്വന്തം സ്ത്രീയെ’ വേറൊരാള്‍ക്കും വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത ‘ധീരകേസരികളാണ്’ നിങ്ങളും എന്നാണോ പറഞ്ഞുവരുന്നത്? :ഉ എന്നാലത് തുറന്നുതന്നെ പറയാനുള്ള സത്യസന്ധതകാണിക്കണം. :ജ പൊതുബോധ സദാചാര നിഷ്‌കര്‍ഷതയ്ക്കുള്ളില്‍ നിന്നല്ലാതെ വേറെ എന്താഘോഷമാണിത്? ഇങ്ങനെയൊക്കെ തന്നെയല്ലേ ഇന്ത്യയില്‍ വിശേഷിച്ചും കേരളത്തിലങ്ങോളമിങ്ങോളം സദാചാര കൊലപാതകങ്ങളും മറ്റും അരങ്ങേറിയത്.
സങ്കികളെ ബോധ്യപ്പെടുത്താനാണിതെന്നാണ് വാദം. അതെത്രമാത്രം ശരിയാവും? സങ്കികളും യാഥാസ്ഥിതിക ബോധങ്ങളും പലതും ചോദിക്കും. അവര്‍ക്ക് ഇത്തരം ചരിത്രത്തിന്റെ ബാധ്യതകളില്ല. കാരണം അവര്‍ സമരം നടത്തുന്നില്ല. നടത്താനൊട്ട് ഉദ്ദേശിക്കുന്നുമില്ല. അവര്‍ക്കെതിരെ നമുക്ക് നടത്താനുള്ളതാണ് സമരം. നമ്മളാണ് സമരം നടത്തുന്നത്. അപ്പോള്‍ നമ്മള്‍ തന്നെ അവരെ ‘ബോധ്യപ്പെടുത്താന്‍’/’മറുപടികൊടുക്കാന്‍’ ഇതര സമരങ്ങളുടെ ചരിത്രത്തെയും മനുഷ്യരെയും അപമാനിക്കാന്‍ തയ്യാറാവുന്നു. ഒരു മല്‍പ്പിടുത്തം നല്ലതാണ് ഗോദയില്‍. ഗോദയ്ക്കു പുറത്ത് മനുഷ്യര്‍ ജീവിക്കുന്നവരാണ്, അപമാനിക്കപ്പെടവുന്നവരാണ്, ആക്രമിക്കപ്പെടുന്നവരാണ്, അടിച്ചമര്‍ത്തപ്പെടുന്നവരാണ്, കഷ്ടപ്പെടുന്നവരാണ്. അങ്ങനെ പലേ സ്വത്വങ്ങളിലും ജീവിക്കുന്നവരാണ്. നമ്മള്‍ കളിയാക്കുന്നത് അത്തരം ജീവിതങ്ങളെയാണ്. അതിന് നമുക്കെന്തധികാരം?
ഓ!!! നായരാണോ… അവര്‍ക്കെന്ത് ചരിത്രം. അവര്‍ സവര്‍ണരല്ലേ എന്ന് ലളിതമായി പറഞ്ഞുകടന്നുപോകാനാവില്ല ഒരാള്‍ക്കും. നായര്‍ എന്ന് വിളിക്കുന്നത് തന്നെ തെറിപ്രയോഗമായി പലപ്പോഴും കാണപ്പെട്ടിട്ടുണ്ട്. ഇവിടെ എനിക്കെപ്പോഴും സംശയം (വേദന) തോന്നിയിട്ടുള്ള കാര്യം, നായര്‍ മനുഷ്യരോട് എന്തിനാണ് നമ്മള്‍ വെറുപ്പ് (അണ്ടര്‍ലൈന്‍) വെച്ചുപുലര്‍ത്തേണ്ടത് എന്നാണ്? നായര്‍ എന്ന് മാത്രമല്ല, സവര്‍ണ മനുഷ്യരോട് വെറുപ്പാണോ വെച്ചുപുലര്‍ത്തേണ്ടത് എന്നാണ്? അതിനോട് വിയോജിക്കാനേ തോന്നുന്നുള്ളു. ഒരു മനുഷ്യരോടും സമുദായത്തോടും (ബ്രാഹ്മണ സമുദായത്തോടുപോലും) അതിലെ മനുഷ്യരോടും തീര്‍ച്ചയായും വെറുപ്പല്ല വെച്ചുപുലര്‍ത്തേണ്ടത് എന്നാണ് എന്റെ അഭിപ്രായം. മറിച്ച് അവരുടെ അധീശത്വത്തോടും അധീശാധികാരങ്ങളോടും അധീശബോധത്തോടുമാണ് വെറുപ്പുണ്ടാകേണ്ടത്, പോരാടേണ്ടത്. അത് അവര്‍ തന്നെ മാറാന്‍ വേണ്ടിയാണ്. അവരെ ഇല്ലായ്മ ചെയ്യാനല്ല.
അംബൈദ്ക്കറൈറ്റുകളായിട്ടുള്ളവര്‍ ഈ ചിത്രത്തിന് ലൈക്ക് അടിക്കാന്‍ പ്രേരിപ്പിച്ച ഘടകന്താണെന്ന് ഇപ്പോഴും മനസിലാകുന്നില്ല. അദ്ദേഹം (ഒപ്പം നിരവധി ദളിത് നവോത്ഥാന നേതാക്കളും) പറഞ്ഞത് മാറ്റം വരേണ്ടത് ദളിതര്‍ക്കല്ല, ജാതി എന്ന ഉച്ചനീചശ്രേണീകൃത വ്യവസ്ഥയെ സൂക്ഷിക്കുന്ന അതിന്റെ ഫലങ്ങളനുഭവിക്കുന്ന മേല്‍ജാതി മനുഷ്യര്‍ക്കാണ്. അവര്‍ മാറേണ്ടതുണ്ട് എന്നാണ് അംബേദ്ക്കര്‍ പറഞ്ഞത്, അല്ലാതെ അവരോട് വെറുപ്പ് വളര്‍ത്താനും, അവരെ ഇല്ലാതാക്കാനും, അവഹേളിക്കാനും, പക വീട്ടാനുമൊന്നുമല്ല. (അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് ജനാധിപത്യ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കേണ്ടതുതന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ. ഭരണഘടനയ്ക്ക് തന്നെ രൂപം നല്‍കാന്‍ ഇറങ്ങിത്തിരിക്കുമായിരുന്നില്ലല്ലോ. ഇതിനര്‍ത്ഥം ഞാന്‍ ഭരണഘടനാവാദിയാണ് എന്നല്ല. സാധ്യതകളെ കുറിച്ച് പറഞ്ഞതാണ്.)
അദ്ദേഹത്തിന്റെ കൃതികളില്‍ ഒരിടത്തും മനുഷ്യരെ അവഹേളിക്കുകയോ കളിയാക്കുകയോ ചെയ്യുന്നതായി തോന്നിയിട്ടില്ല, കാര്യകാരണ സഹിതം ജാതി സമ്പ്രദായം എന്തുകൊണ്ട് ഇല്ലാതാകണമെന്നാണ് അദ്ദേഹം വാദിച്ചത്, വിശദീകരിച്ചത്. അദ്ദേഹത്തില്‍ നിന്ന് മനുഷ്യനെ വെറുക്കാനല്ല ഞാന്‍ പഠിച്ചത് മനുഷ്യരെയും എല്ലാറ്റിനെയും സ്‌നേഹിക്കാനാണ്. അദ്ദേഹം അവസാനം പരിവര്‍ത്തിക്കപ്പെട്ടത്, മനുഷ്യനെ സനേഹിക്കാന്‍ പഠിപ്പിച്ച ബുദ്ധമതത്തിലേയ്ക്കാണല്ലോ.
ഈ ചിത്രം നിര്‍മിക്കപ്പെട്ടതും വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടതും ഒട്ടനവധി ഭയത്തെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഒരു സമുദായത്തിലെ മനുഷ്യര്‍ അവര്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സവര്‍ണരാണ്, അധികാരമുള്ളവരാണ്, തര്‍ക്കമില്ല ചരിത്രത്തിലെ ഒരു കാലഘട്ടത്തില്‍ അവരനുഭവിച്ച അടിച്ചമര്‍ത്തലിന്റെയും യാതനകളുടെയും അവമതിപ്പിന്റെയും വേദനകളുടെയും ഒക്കെയായ അനുഭവങ്ങളെയാണ് ഇത്തരത്തില്‍ കളിയാക്കുന്നത്.
ഒരു സമുദായത്തിലെ സ്ത്രീകളുടെ ആ അവസ്ഥയെ ഇത്തരത്തില്‍ ഹീനമായി കളിയാക്കുന്നത് ജനാധിപത്യമാകുന്നതെങ്ങനെ? കീഴാളരോടുള്ള ഐക്യപ്പെടല്‍, അല്ലെങ്കില്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശനം എന്ന ആവശ്യത്തോടുള്ള ഐക്യപ്പെടല്‍ മറ്റൊരു സമുദായത്തിലെ ജനാധിപത്യ സമരങ്ങളെ പുച്ഛിക്കുന്ന, അതിലെ മനുഷ്യരെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്ന ഇത്തരം ‘ഭാവനകള്‍’ കൊണ്ടുവേണമെന്ന സ്വതന്ത്ര ചിന്തകരെന്നവകാശപ്പെടുന്നരുള്‍പ്പെടെയുള്ളവരുടെ ബോധ്യമല്ല കീഴാള/ജനാധിപത്യസമരങ്ങള്‍ക്കുള്ളത് (അല്ലെങ്കില്‍ വേണ്ടത്) എന്ന് തന്നെ ഉറച്ച് വിശ്വസിക്കുന്നു. കാരണം ഈ ഭാവനകള്‍ മറ്റൊരുതരത്തില്‍ ജാതിവെറിതന്നെയാണ്. സ്ത്രീവിരുദ്ധത തന്നെയാണ്.
കണ്ണിന് കണ്ണ് ,പല്ലിന് പല്ല് എന്ന പ്രതികാര വാഞ്ജയോടെയല്ല ഇവിടെ കീഴാള സമുദായങ്ങള്‍, സ്വത്വങ്ങള്‍ സമരങ്ങള്‍ നടത്തുന്നത്; നടത്തേണ്ടത്. അവരുടെ അവകാശങ്ങള്‍ക്കായി നിലയുറപ്പിച്ചിരിക്കുന്നത്. മറിച്ച് ആര്‍ക്കും ഈ ഗതികേടുണ്ടാവരുതേ, ഒരു മനുഷ്യരുടെയും ജീവനും പൊലിഞ്ഞുപോകരുതേ, ഒരു സ്ത്രീയും ഒരു മനുഷ്യരും അവഹേളിക്കപ്പെടരുതേ എന്ന ആഗ്രഹത്തോടെയാണ്. അതില്‍ ജാതിമതഭേദം ഇല്ലതന്നെ. മനുഷ്യരെ വെറുക്കാനല്ല, എല്ലാ മനുഷ്യരെയും എല്ലാ ജീവജാലങ്ങളെയും സ്‌നേഹിക്കാനാണ് നമ്മളൊക്കെ സമരം ചെയ്യുന്നത്. (വ്യക്തിപരമായ വെറുപ്പിനെയും വിദ്വേഷത്തെയുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അത് സഹജമാണ്. മറിച്ച് സമുദായമെന്ന നിലയില്‍, സമൂഹമെന്ന നിലയില്‍.) വെറുപ്പ് തെറ്റായ കീഴ്‌വഴക്കങ്ങളോടും പ്രവണതളോടും അധികാരഹുങ്കിനോടും ജാതിവംശവര്‍ണവര്‍ഗ വെറിയോടുമൊക്കെയാണ്. അതിന്റെ ഇരകളായ മനുഷ്യരെ (സവര്‍ണായാലും അവര്‍ണായാലും) വെറുക്കേണ്ട ആവശ്യം തന്നെ വരുന്നില്ല.
അതുകൊണ്ട് ക്ഷമിക്കണം ‘ബ്രോ’സ് നിങ്ങളുടെ ഈ വംശീയ കളിയാക്കലുകളില്ലല്ല ജനാധിപത്യസമരങ്ങള്‍ ഉറച്ചു നില്‍ക്കുന്നത്, നില്‍ക്കേണ്ടത്, എല്ലാ വംശീയ ബോധങ്ങളെയും തള്ളിക്കളയുന്ന എല്ലാ മനുഷ്യര്‍ക്കും തുല്യതയുള്ള സാഹോദര്യത്തിന്റെ വിതാനത്തിലാണ്. സ്‌നേഹത്തിന്റെ വിതാനത്തിലാണ്. നാരായണഗുരുവിന്റെ, സഹോദരന്‍ അയ്യപ്പന്റെ, അയ്യങ്കാളിയുടെ, വൈക്കം മൗലവിയുടെ, വി.ടി ഭട്ടതിരിപ്പാടിന്റെ, മുലമുറിച്ച് നല്‍കിയ നങ്ങേലിയുടെ മേല്‍മുണ്ട് സമരം നടത്തിയ നൂറുകണക്കിന് സ്ത്രീപോരാളികളുടെ പോരാട്ട ചരിത്രം പഠിപ്പിക്കുന്നതതാണ് ബ്രോസ്…
ചആ: സംബന്ധമെന്ന സംവിധാനത്തില്‍ നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്വയംഭണത്തെ കുറിച്ചും കര്‍തൃത്വത്തെ കുറിച്ചും ക്ലാസെടുക്കുന്നവരോട്, ബ്രാഹ്മണപുരുഷന്‍മാരുടെ ഇടയില്‍ നിന്നുള്ള ചോയിസിനെ കുറിച്ചാണ് നിങ്ങള്‍ പറയുന്നതെന്ന മിനിമം ധാരണയെങ്കിലും പറയുമ്പോള്‍ ഉണ്ടാവണം. അതിനു പുറത്തേക്ക് അവളൊന്ന് ഇറങ്ങുമ്പോള്‍ അറിയാം ഈ സ്വയംഭരണവും കര്‍തൃത്വവുമൊക്കെ എന്തായിത്തീരുമെന്ന്.

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply