നന്ദി പറയേണ്ടത് ഭരണഘടനയോട്, മനുസ്മൃതിയോടല്ല
എസ് എം രാജ് എന്താണ് ആധുനീക വികസനസങ്കല്‍പ്പം എന്നറിയുമ്പോഴാണ് നമ്മള്‍ അംബേദ്കര്‍ കാഴ്ചപ്പാടുകളുടെ ആഴവും പരപ്പും അര്‍ത്ഥപൂര്‍ണ്ണതയും അറിയുക . വികസനത്തിന്റെ (development) സാമ്പത്തിക ശാസ്ത്രം ഇന്ന് ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ച സാമ്പത്തിക ശാസ്ത്രശാഖയാണ് .എന്നാല്‍ വികസനം എന്നതിനെപ്പറ്റി സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ക്ക് വലിയ ധാരണയൊന്നും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു . മുപ്പതുകളിലെ ലോക സാമ്പത്തിക മാന്ദ്യവും ,നാല്‍പതുകളിലെ യുദ്ധാനന്തര ലോക ത്തിന്റെ തിരിച്ചുവരവിനുള്ള യത്‌നങ്ങളും അമ്പതുകളില്‍ സാമ്രാജ്യത്വനുകത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച ഏഷ്യയിലേയും ആഫ്രിക്കയിലേയും […]
എസ് എം രാജ്
എന്താണ് ആധുനീക വികസനസങ്കല്‍പ്പം എന്നറിയുമ്പോഴാണ് നമ്മള്‍ അംബേദ്കര്‍ കാഴ്ചപ്പാടുകളുടെ ആഴവും പരപ്പും അര്‍ത്ഥപൂര്‍ണ്ണതയും അറിയുക . വികസനത്തിന്റെ (development) സാമ്പത്തിക ശാസ്ത്രം ഇന്ന് ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ച സാമ്പത്തിക ശാസ്ത്രശാഖയാണ് .എന്നാല്‍ വികസനം എന്നതിനെപ്പറ്റി സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ക്ക് വലിയ ധാരണയൊന്നും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു . മുപ്പതുകളിലെ ലോക സാമ്പത്തിക മാന്ദ്യവും ,നാല്‍പതുകളിലെ യുദ്ധാനന്തര ലോക ത്തിന്റെ തിരിച്ചുവരവിനുള്ള യത്‌നങ്ങളും അമ്പതുകളില്‍ സാമ്രാജ്യത്വനുകത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിന്‍ അമേരിക്കയിലേയും രാജ്യങ്ങള്‍ തങ്ങള്‍ എന്തുകൊണ്ടാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതെന്ന് ആഴത്തില്‍ ചിന്തിക്കാനും,വിഭവങ്ങളുടെ നടുവില്‍ കിടക്കുമ്പോഴും എങ്ങനെയാണ് തങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുന്നതെന്ന് അന്വേഷിക്കാനും തുടങ്ങിയപ്പോഴാണ് വളര്‍ച്ചയെന്ന (Growth) ചക്കിനു ചുറ്റും കറങ്ങി കൊണ്ടിരുന്ന സാമ്പത്തികശാസ്ത്രം എന്ന കാള വികസനം എന്ന പുതിയ ഒരു സങ്കല്‍പ്പത്തിലേക്ക് മാറി നടക്കാന്‍ തുടങ്ങുന്നത് .അറുപതുകളിലും എഴുപതുകളിലും ഒക്കെയാണ് വികസനം എന്നത് എന്താകണം എന്താകരുത് എന്നൊക്കെയുള്ള തെളിഞ്ഞതും സുവ്യക്തവുമായ കാഴ്ചപ്പാടുകള്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്ക് ഉണ്ടാകുന്നത് .
വികസനമെന്നത് സംരംഭകത്വത്തിന്റെ സാമ്പത്തിക ഭാവനയുടെ ഉപോല്‍പ്പന്നമാണെന്ന ചിന്തയാണ് ഷുംപീറ്റര്‍ മുന്നോട്ടു വച്ചത് .മുതലാളിത്തത്തിന്റെ ചൂഷണങ്ങളെ തുറന്നു കാട്ടികൊണ്ട് സമൂഹത്തിന്റെ വികാസ മാതൃകകളെ കാറല്‍ മാര്‍ക്‌സ് അവതരിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്തുകൊണ്ട് മുതലാളിത്തത്തിന്റെ സുന്ദരമുഖത്തെ അനാവരണം ചെയ്തുകൊണ്ടുള്ള സാമൂഹ്യ സാമ്പത്തിക വികാസത്തെ റോസ്റ്റോ മുന്നോട്ടു വച്ചു . മൂന്നാം ലോകരാജ്യത്തെ ദരിദ്രജനതകളെ ഒരു ശാപമായി കരുതിയിരുന്ന പടിഞ്ഞാറന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരുടെ തലക്കിട്ട് നല്ല കിഴുക്കു കൊടുത്തുകൊണ്ട് കാര്‍ഷീക മേഖലയിലെ തൊഴിലാളികളില്‍ നിന്നാണ് വ്യവാസായിക വിപ്ലവത്തിനുള്ള തൊഴില്‍ ശക്തി വരേണ്ടതെന്ന വലിയ വികസന തത്വത്തെ മുന്നോട്ടു വച്ചത് ആര്‍തര്‍ ലെവിയായിരുന്നു. അദ്ധേഹത്തിന്റെ വികസനസങ്കല്‍പ്പങ്ങളെ ആഴത്തിലും പരപ്പിലും മുന്നോട്ടു കൊണ്ടുപോകാന്‍ ഷുള്‍സിന് കഴിഞ്ഞു .
ആഡം സ്മിത്തും റിക്കാര്‍ഡോയും മാര്‍ക്‌സും കെയിന്‍സും ഒക്കെ മുന്നോട്ടു വച്ച വളര്‍ച്ചയിലധിഷ്ടിതമായ വികസന സങ്കല്‍പ്പത്തെ കൂടുതല്‍ അര്‍ത്ഥ പൂര്‍ണ്ണമായി മുന്നോട്ടു കൊണ്ടുപോയ ലെവിയേയും ഷുള്‍സിനേയും ഒക്കെ ഭാവനാത്മകമായി വീണ്ടും മുന്‍പോട്ടു കൊണ്ടുപോയത് അമര്‍ത്യ സെന്‍ ആയിരുന്നു . അമര്‍ത്യ സെന്‍ വികസനത്തെ നിര്‍വചിച്ചത് ”സ്വാതന്ത്ര്യം ” എന്നായിരുന്നു. എന്തിനുള്ള സ്വാതന്ത്ര്യം . താന്‍ ജീവിക്കുന്ന സമൂഹത്തില്‍ നടക്കുന്ന എല്ലാ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും ക്രീയാത്മകമായി പ്രവര്‍ത്തിക്കാന്‍ പറ്റുന്നതിനുള്ള കഴിവുകള്‍ ആര്ജ്ജിക്കുവാന്‍ ഒരു വ്യക്തിക്ക് കഴിയുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരു സമൂഹത്തില്‍ ഉണ്ടെങ്കില്‍ ആ സമൂഹത്തെ ഒരു വികസിത സമൂഹമായി സെന്‍ കാണുന്നു . ജാതിക്കും മതത്തിനുമൊക്കെ അതീതമായി തുല്യതയോടെ ഒരേ അന്തസും അഭിമാനവുമുള്ള പൌരന്മാരായി രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഓരോ വ്യക്തിക്കും തുല്യ പങ്കാളിത്തം അനുഭവിക്കാനും ദേശീയ ഉല്‍പ്പന്നത്തില്‍ എല്ലാവര്‍ക്കും പങ്കു പറ്റാനും കഴിയുന്ന അവസ്ഥയെയാണ് സെന്‍ വികസനം എന്ന് പറയുന്നത് .
തൊണ്ണൂറുകളില്‍ പോലും സാമ്പത്തിക ശാസ്ത്രവും രാഷ്ട്രതന്ത്രവും അത്തത്ത പൊത്തത്ത എന്ന് പറഞ്ഞുകൊണ്ട് വികസനത്തെ പിടിക്കാന്‍ ഇരുട്ടില്‍ തപ്പി നടന്നപ്പോള്‍ യാതൊരു സംശയവും ഇല്ലാതെ ഒരു വികസന സങ്കല്‍പ്പം നമ്മുടെ ഭരണഘടന പ്രഖ്യാപിച്ചിരുന്നു . ഭരണഘടനയുടെ ആമുഖത്തില്‍ അത് വ്യക്തമാക്കിയിട്ടുമുണ്ട് . ആ ആമുഖം എഴുതി തയ്യാറാക്കിയതില്‍ അംബേദ്കര്‍ക്കുണ്ടായിരുന്ന പങ്കാളിത്തത്തെ ആരും നിഷേധിക്കില്ലല്ലോ . അംബേദ്കറെ ഉണ്ടാക്കിയത് കോണ്‍ഗ്രസ് ആണെന്ന് പറയുന്നവര്‍ ഭരണഘടന വല്ലപ്പോഴും ഒന്നെടുത്ത് നോക്കണം .വോളിയങ്ങള്‍ വോളിയങ്ങളായി പരന്നു കിടക്കുന്ന അംബേദ്കര്‍ ചിന്തകളേയും വല്ലപ്പോഴും ഒന്ന് പൊടിതട്ടി നോക്കണം .എന്നിട്ട് പറയണം അംബേദ്കറെ പോലുള്ള ഒരു ചിന്തകന്റെ പിതൃത്വം അവകാശപ്പെടാന്‍ പറ്റിയ ഒരാളെങ്കിലും കോണ്‍ഗ്രസില്‍ എന്തിന് ആസേതു ഹിമാചലം ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്നുവോ എന്ന് .വിഷയത്തിലേക്ക് വരാം . സാക്ഷാല്‍ അമര്‍ത്യ സെന്‍ എഴുത്തിലൂടെയും പുസ്തകങ്ങളിലൂടെയും പ്രചരിപ്പിച്ച ”വികസനം സ്വാതന്ത്ര്യമാണെന്ന” സങ്കല്‍പ്പം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമാണ് .
തുല്യതയും അവസരസമത്വവും ,അഭിപ്രായ പ്രകടന സ്വാതന്ത്യ്രവും മത സ്വാതന്ത്ര്യവും ആരാധന സ്വാതന്ത്ര്യവും ,ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യവും ജാതിക്കും മതത്തിനും അതീതമായി എല്ലാവര്‍ക്കും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പുവരുത്തുന്ന ഒരിന്ത്യ ,മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും ഉള്ള ഒരിന്ത്യ എല്ലാവര്‍ക്കും ജീവിക്കാനുള്ള മതിയായ സാഹചര്യങ്ങള്‍ ഉള്ള ഒരു സോഷ്യലിസ്റ്റ് ഇന്ത്യ അതാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്ത ഇന്ത്യ . ഇതിനേക്കാള്‍ മഹത്തായ ഒരു വികസന സങ്കല്‍പ്പം ഉണ്ടോ ,ഉണ്ടായിട്ടുണ്ടോ . ഈ നാട്ടിലെ ജനങ്ങള്‍ ആരോടെങ്കിലും നന്ദിയുള്ളവര്‍ ആകണമെങ്കില്‍ അതിലൊരാള്‍ ഡോക്ടര്‍ ബീ ആര്‍ അംബേദ്കര്‍ ആണ് .അത് നാം മറക്കരുത് .ബ്രാഹ്മണ മേധാവിത്വം ഇന്നും അതിന്റെ പാരമ്യതയില്‍ നില്‍ക്കുമ്പോള്‍ പോലും ശൂദ്രര്‍ക്കും പിന്നോക്കക്കാര്‍ക്കും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാന്‍ കഴിയുന്നുവെങ്കില്‍ അതിന് നാം നന്ദി പറയേണ്ടത് അംബേദ്കര്‍ രചിച്ച ഇന്ത്യന്‍ ഭരണഘടനയോടാണ്.അല്ലാതെ സവര്‍ണ്ണ ഹിന്ദുത്വം മുന്നോട്ടു വയ്ക്കുന്ന മനുസ്മൃതിയല്ല .
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in