ദളിത് സ്വത്വമല്ല, ഭൂമിയും അധികാരവും തന്നെയാണ് വിഷയം
എം ഗീതാനന്ദന്‍/ഐ ഗോപിനാഥ് ബാല്യകാലജീവിതം എങ്ങനെയായിരുന്നു? വീട്ടിലാര്‍ക്കെങ്കിലും രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നോ? എന്റെ വീട്ടില്‍ കാര്യമായ രാഷ്ട്രീയപാരമ്പര്യമൊന്നും ഉണ്ടായിരുന്നില്ല. ഉത്തരമലബാറിലെ സാധാരണ ദളിത് പശ്ചാത്തലത്തിലുള്ള വീട്. അച്ഛന് സര്‍ക്കാര്‍ ജോലിയുണ്ടായിരുന്നു എന്നതായിരുന്നു ഒരു പ്രത്യേകത. അതിനാല്‍ തന്നെ ഞങ്ങളുടേത് ചെറുകിട ഇടത്തരം പശ്ചാത്തലമായിരുന്നു. അച്ഛനു ഇടക്കിടെ സ്ഥലം മാറ്റമുണ്ടാകുമായിരുന്നതിനാല്‍ മലബാറില്‍ പല ഭാഗത്തും മാറി മാറി ജീവിക്കേണ്ടിവന്നു. വടകര, വില്ല്യാപ്പിള്ളി, അഞ്ചരക്കണ്ടി, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അങ്ങനെ താമസിച്ചിട്ടുണ്ട്. അച്ഛന്റയച്ഛന്‍ നാട്ടിലെ വലിയ ജന്മി കുടുംബത്തിലെ കുടികിടപ്പുകാരനായിരുന്നു. അച്ഛമ്മയാകട്ടെ […]
ബാല്യകാലജീവിതം എങ്ങനെയായിരുന്നു? വീട്ടിലാര്‍ക്കെങ്കിലും രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നോ?
എന്റെ വീട്ടില്‍ കാര്യമായ രാഷ്ട്രീയപാരമ്പര്യമൊന്നും ഉണ്ടായിരുന്നില്ല. ഉത്തരമലബാറിലെ സാധാരണ ദളിത് പശ്ചാത്തലത്തിലുള്ള വീട്. അച്ഛന് സര്‍ക്കാര്‍ ജോലിയുണ്ടായിരുന്നു എന്നതായിരുന്നു ഒരു പ്രത്യേകത. അതിനാല്‍ തന്നെ ഞങ്ങളുടേത് ചെറുകിട ഇടത്തരം പശ്ചാത്തലമായിരുന്നു. അച്ഛനു ഇടക്കിടെ സ്ഥലം മാറ്റമുണ്ടാകുമായിരുന്നതിനാല്‍ മലബാറില്‍ പല ഭാഗത്തും മാറി മാറി ജീവിക്കേണ്ടിവന്നു. വടകര, വില്ല്യാപ്പിള്ളി, അഞ്ചരക്കണ്ടി, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അങ്ങനെ താമസിച്ചിട്ടുണ്ട്. അച്ഛന്റയച്ഛന്‍ നാട്ടിലെ വലിയ ജന്മി കുടുംബത്തിലെ കുടികിടപ്പുകാരനായിരുന്നു. അച്ഛമ്മയാകട്ടെ വലിയ തന്റ്ടിയായരുന്നു. സത്യത്തില്‍ അതിനാലായിരുന്നു അച്ഛന്‍ ഭേദപ്പെട്ട അവസ്ഥയിലെത്തിയത്. ഞങ്ങള്‍ ഏഴുമക്കളായിരുന്നു. അച്ഛന് സര്‍ക്കാര്‍ ജോലിയുണ്ടായിരുന്നെങ്കിലും ഈ വലിയ കുടുംബത്തെ പോറ്റുക എളുപ്പമായിരുന്നില്ല. മിക്കപ്പോഴും വാടകവീടുകളില്‍ താമസിക്കേണ്ടിവന്നിരുന്നു. പൊതുപ്രവര്‍ത്തനമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അച്ഛന്‍ പുരോഗമനവാദി തന്നെയായിരുന്നു. സ്വാമി ആനന്ദതീര്‍ത്ഥന്റെ അനുയായി കൂടെയായിരുന്നു. അങ്ങനെയാണ് ഗീതാനന്ദന്‍ എന്ന പേരുതന്നെ വരുന്നത്.
ജാതീയമായ വിവേചനത്തിന്റെ എന്തെങ്കിലും അനുഭവം ബാല്യത്തില്‍ നേരിട്ടിട്ടുണ്ടോ?
അച്ഛന്‍ രജിസ്‌ട്രേഷന്‍ വകുപ്പിലായിരുന്നതിനാല്‍ നാട്ടില്‍ ഒരു പ്രാദേശിക അധികാരിയായിരുന്നു എന്നു പറയാം. വലിയ കണിശക്കാരനും ആദര്‍ശക്കാരനുമായിരുന്നു അച്ഛന്‍. അഴിമതിയോ കൈക്കൂലിയോ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. അച്ഛന്റെ ആ ജോലി കാരണം ഞങ്ങള്‍ക്ക് പ്രകടമായ രീതിയില്‍ കാര്യമായ ജാതീയവിവേചനം നേരിടേണ്ടി വന്നിട്ടില്ല. ഓര്‍മ്മയിലുള്ള ഒരു സംഭവം വടകരയില്‍ വെച്ചാണ്. തിരുവെള്ളൂര്‍ ക്ഷേത്രത്തില്‍ ഞാനിറങ്ങി കുളിച്ചത് ചിലര്‍ വലിയ പ്രശ്‌നമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അച്ഛനെ കുറിച്ചറിഞ്ഞപ്പോള്‍ നിശബ്ദരായി.
പൊതുകാര്യങ്ങളിലും രാഷ്ട്രീയത്തിലുമൊക്കെ താല്‍പ്പര്യം വന്നതെപ്പോഴാണ്?
പത്താം ക്ലാസ്സായപ്പോഴാണ് സാമൂഹ്യപ്രശ്‌നങ്ങളെ കുറിച്ചൊക്കെ ചിന്തിക്കാനാരംഭിച്ചത്. പ്രീഡിഗ്രി ആയപ്പോഴേക്കും നന്നായി വായിക്കാനും സ്വയം ചോദ്യങ്ങള്‍ ഉന്നയിക്കാനും തുടങ്ങിയിരുന്നു. അപ്പോള്‍തന്നെ റബല്‍ ചിന്തകളും ആരംഭിച്ചു. അക്കാലത്തും കണ്ണൂരില്‍ അക്രമരാഷ്ട്രീയം സജീവമായിരുന്നു. കൂട്ടുകാര്‍ മിക്കവാറും എസ് എഫ് ഐ ക്കാരായിരുന്നു. ഞാനാകട്ടെ കാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. അതിനിടെ അച്ഛന്‍ റിട്ടയറായി നാട്ടില്‍ സ്ഥിരമാക്കി. ഞാന്‍ പയ്യന്നൂരില്‍ ഹോസ്റ്റലില്‍ നിന്നു ബി എസ് സി സുവോളജിക്കു പഠിച്ചു. ആദ്യമൊക്കെ ഡോക്ടറാകാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ വായനയും സാമൂഹ്യതാല്‍പ്പര്യങ്ങളും വര്‍ദ്ധിച്ചതോടെ അതില്‍ താല്‍പ്പര്യം കുറഞ്ഞു. അതേസമയം കാക്കനാടനേയും മറ്റും വായിച്ച് അസ്തിത്വചിന്തകളിലേക്കും ആകര്‍ഷിക്കപ്പെട്ടിരുന്നു. ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യത്തെ കുറിച്ചും ചിന്തിച്ചിരുന്നു. അതിനിടയില്‍ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന ജോണ്‍ സി ജേക്കബ്ബുമായി അടുത്തു. പാരിസ്ഥിതികപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മികച്ച ഒരു ഗ്രൂപ്പുതന്നെ ജോണ്‍സിക്കൊപ്പം ഉണ്ടായിരുന്നു. പ്രകൃതിസംരക്ഷണ സഹവാസക്യാമ്പുകളും യാത്രകളും ധാരാളമായിരുന്നു. ഒപ്പം അവര്‍ പ്രസിദ്ധീകരിച്ചിരുന്ന മൈന മാസികയിലും എഴുതാന്‍ തുടങ്ങി. പയ്യന്നൂര്‍ കേന്ദ്രീകരിച്ച് റാഡിക്കലായ വലിയൊരു സുഹൃത് സംഘം തന്നെ രൂപം കൊണ്ടു. കേരളത്തിലെ ആദ്യകാല ഫിലിം സൊസൈറ്റിയായ സര്‍ഗ്ഗയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു.
തുടര്‍ പഠനം എങ്ങനെയായിരുന്നു?
ഡിഗ്രി കഴിഞ്ഞപ്പോള്‍ എം ബി ബി എസിനു സീറ്റു ലഭിച്ചു. എന്നാല്‍ അതില്‍ താല്‍പ്പര്യം നഷ്ടപ്പെട്ടിരുന്നു. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടും. തുടര്‍ പഠനത്തില്‍ കുടുംബത്തിന് കാര്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ തന്നെ സ്വയം തീരുമാനമെടുക്കുകയായിയരുന്നു. കൊച്ചിയില്‍ മറൈന്‍ സയന്‍സിനു ചേര്‍ന്നു. ഹോസ്റ്റലിലായിരുന്നു താമസം. എസ് എഫ് ഐക്കാരുടേയും ദളിത് ആക്ടിവിസ്റ്റുകളുടേയും കേന്ദ്രമായിരുന്നു ഹോസ്റ്റല്‍. നിരന്തരമായ സംവാദങ്ങളുടെ ദിനങ്ങളായിരുന്നു പിന്നീട്. നല്ല വായനയും ഉണ്ടായിരുന്നു. ഒപ്പം സംഘര്‍ഷങ്ങളും പോലീസ് നടപടികളുമൊക്കെ ഉണ്ടായിരുന്നു. എന്നെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ആ രണ്ടു വര്‍ഷങ്ങളായിരുന്നു. അതേസമയത്തുതന്നെ ജോലിക്കായുള്ള ശ്രമവും തുടങ്ങി. ബിരുദാനന്തര പഠനത്തില്‍ കൂടെയുണ്ടായിരുന്നവര്‍ ഭൂരിഭാഗവും റിസര്‍ച്ച് ചെയ്യാന്‍ താല്‍പ്പര്യമുള്ളവരായിരുന്നു. എനിക്കാ താല്‍പ്പര്യമൊക്കെ നഷ്ടപ്പെട്ടു. സത്യത്തില്‍ പഠിപ്പു കഴിയുന്നതിനു മുമ്പെ മൂന്നു ജോലികളാണ് കിട്ടിയത്. സെക്രട്ടറിയേറ്റ് അസിസ്റ്റന്റിന്റേത് തെരഞ്ഞെടുത്തു.
തലസ്ഥാനനഗരജീവിതം സംഭവബഹുലമായിരുന്നിരിക്കണം.
അതെ, അടിയന്തരാവസ്ഥ കാലമായിരുന്നു അത്. അടിയന്തരാവസ്ഥ നേരില്‍ കണ്ടു എന്നുതന്നെ പറയാം. ജോലിക്കാരുടെ അച്ചടക്കവും അക്കാലത്തുപോലും അഴിമതി നടത്തുന്നവരേയും കണ്ടു. ഒപ്പം ഇടതുരാഷ്ട്രീയത്തിന്റെ ദൗര്‍ബ്ബല്ല്യങ്ങളും. അക്കാലത്താണ് സിപിഐ എം എല്‍ പ്രവര്‍ത്തകരമായി പരിചയപ്പെട്ടത്. പലരും മിസ തടവു കഴിഞ്ഞ് വന്നവരായിരുന്നു. ചര്‍ച്ചകളും വായനയുമായിരുന്നു പ്രധാന പരിപാടി. 1978ഓടെ ആ ജോലി രാജിവെച്ച് ഏജീസ് ഓഫീസില്‍ ചേര്‍ന്നു. അതോടെ രാഷ്ട്രീയ നിലപാടുകള്‍ വികസിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇടതുപക്ഷ യൂണിയന്റെ സജീവപ്രവര്‍ത്തകനായി. ഒരു ദശകത്തോളം യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. അതേസമയം ഈ സമയത്തുതന്നെ സിപിഐ എം എല്‍ പ്രവര്‍ത്തകരും ദളിത് പാന്തേഴ്‌സ് പ്രവര്‍ത്തകരുമായും പരിചയപ്പെടാനിടയായി. ഇപ്പോള്‍ കേരളത്തില്‍ സജീവചര്‍ച്ചാവിഷയമായ വര്‍ഗ്ഗവും ജാതിയുമായിരുന്നു അന്നത്തേയും പ്രധാന ചര്‍ച്ച. അംബേദ്കറിനെ കുറിച്ചൊക്കെ മനസിലാക്കാന്‍ തുടങ്ങിയത് അന്നായിരുന്നു. നക്‌സലുകളാകട്ടെ ആദ്യകാലത്തെ ഉശിരന്‍ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം തളര്‍ന്ന അവസ്ഥയിയിലായിരുന്നു. എങ്കിലും അണ്ടര്‍ ഗ്രൗണ്ടിലുള്ള അഖിലേന്ത്യാനേതാക്കളടക്കം അവിടെ വന്നിരുന്നു. രാജ്യത്തേയും വിദേശത്തേയും സംഭവവികാസങ്ങളൊക്കെ അവരില്‍ നിന്നറിഞ്ഞു. ചൈനയിലും റഷ്യയിലും മറ്റും നടക്കുന്ന മാറ്റങ്ങളെല്ലാം ചര്‍ച്ചാവിഷയമായി. നഗരത്തില പല ലോഡ്ജുകളിലും രാഷ്ട്രീയ – സാംസ്‌കാരിക – ദളിത് പ്രവര്‍ത്തകരും എഴുത്തുകാരും നിരവധി താമസിച്ചിരുന്നു. ഞാന്‍ പ്രധാനമായും അടുത്തത് നക്‌സല്‍ പ്രവര്‍ത്തകരോടും ദളിത് പ്രവര്‍ത്തകരോടുമായിരുന്നു. നക്‌സല്‍ നേതാവായിരുന്ന മോഹന്‍ കുമാര്‍, നക്‌സലൈറ്റും ആദിവാസി പ്രവര്‍ത്തകനുമായിരുന്ന സലിംകുമാര്‍, ഫൈനാര്‍ട്‌സ് കോളേജിലെ നന്ദകുമാര്‍, വി പത്മനാഭന്‍ എന്നിങ്ങനെ തുടങ്ങി കവി അയ്യപ്പന്‍, അടൂര്‍, കാവാലം എന്നിവരുടെ സിനിമാ – കവിതാ പ്രവര്‍ത്തനങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നു. സലിംകുമാറില്‍ നിന്നു ലഭിച്ച കെ വേണുവിന്റെ വസന്തത്തിന്റെ ഇടിമുഴക്കം എന്ന ലഘുലേഖ ഏറെ ചിന്തിപ്പിച്ചു. സലിംകുമാറിന് ചാരുമഞ്ജുദാറിന്റെ ചില ലേഖനങ്ങള്‍ ഞാന്‍ തര്‍ജ്ജമ ചെയ്തു കൊടുത്തിരുന്നു. സിപിഐ എംഎല്‍ പ്രസിദ്ധീകരണമായ കോമ്രേഡ് വായിക്കാനാരംഭിച്ചത് അന്നായിരുന്നു. ചൈനയില്‍ നടക്കുന്ന രണ്ടുലൈന്‍ സമരത്തെ കുറിച്ച് കൂടുതലറിഞ്ഞത് അങ്ങനെയായിരുന്നു. അംബേദ്കറിസം, മാര്‍ക്‌സിസം, മാവോയിസം ഇവയായിരുന്നു പ്രധാന വായനയും ചര്‍ച്ചകളും. എക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയും സ്ഥിരമായി വായിച്ചു. ദളിന്ത് പാന്തര്‍ പാര്‍ട്ടിയുടേയും മഹാരാഷ്ട്രയിലെ സത്യശോധക് പാര്‍ട്ടിയുടേയും പ്രവര്‍ത്തനങ്ങളും അടുത്തറിഞ്ഞു. തിരുവനന്തപുരത്തുനിന്ന് സംഘചേതന പ്രസിദ്ധീകരിച്ച മേരി ടെയ്‌ലറുടെ അടിയന്തരാവസ്ഥയിലെ ജയിലനുഭവങ്ങളായ ഇന്ത്യന്‍ തടവറയില്‍ അഞ്ചുവര്‍ഷങ്ങള്‍ എന്ന പുസ്തകത്തിന്റെ വില്‍പ്പനക്കായി ഇക്കാലത്ത് കേരളം മുഴുവന്‍ സഞ്ചരിച്ചിരുന്നു. സച്ചിദാനന്ദന്‍ ഒരുപാട് അഡ്രസ്സുകള്‍ തന്നു. യാത്രകളില്‍ കൂടുതല്‍ ബന്ധപ്പെട്ടത് നക്‌സലൈറ്റുകളും അനുഭാവികളുമായിട്ടായിരുന്നു. ഏജീസ് ഓഫീസ് ജീവനക്കാരനായിരുന്ന എം സുകുമാരനുമായി അന്ന് നല്ല അടുപ്പമായിരുന്നു. കേരളം സൈഡ് ലൈന്‍ ചെയ്ത എഴുത്തുകാരനാണ് അദ്ദേഹം
എങ്ങനെയാണ് പൂര്‍ണ്ണമായും ഒരു നക്‌സലൈറ്റാകുന്നത്?
അന്ന് ഏറ്റവുമധികം ആകര്‍ഷിച്ചത് നക്‌സല്‍ നേതാവായിരുന്ന കെ വേണുവിന്റെ നിലപാടുകളായിരുന്നു. മാര്‍ക്‌സിസ്റ്റായിരിക്കുമ്പോള്‍ തന്നെ ജനകീയാധികാരത്തെ കുറിച്ചും ഉപരിഘടനയുടെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ വേണു അന്നേ പറഞ്ഞിരുന്നു. 83ല്‍ വേണുവിന്റെ ക്ലാസ്സും കേള്‍ക്കാനിടയായി. പതുക്കെ പതുക്കെ ഞാന്‍ റാഡി്ക്കല്‍ ലെഫ്റ്റാകുകയാണെന്ന് തിരിച്ചറിഞ്ഞു. മറുവശത്ത് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു എങ്കിലും മുഖ്യധാരാ ഇടതുപക്ഷത്തോടുള്ള താല്‍പ്പര്യം കുറഞ്ഞു. ഒരേ സമയം ദളിത്, യുണിയന്‍, നക്‌സല്‍ ബന്ധങ്ങളുടെ കാലമായിരുന്നു അത്. എന്നാല്‍ അധികം വൈകാതെ സിപിഐ എം എല്‍ ആണ് തട്ടകം എന്നു തിരിച്ചറിഞ്ഞു. 84ല്‍ തന്നെ സി ആര്‍ സി സി പി ഐ എം എല്‍ സജീവപ്രവര്‍ത്തകനായി. 85ലെ പ്ലീനത്തില്‍ പങ്കെടുക്കുകയും ചെയ്തു.
സിപിഐഎംഎല്ലിലും രൂക്ഷമായ രണ്ടുലൈന്‍ സമരം നടന്നിരുന്ന കാലമായിരുന്നില്ലേ അത്?
അതെ, പാര്‍ട്ടിയില്‍ രൂക്ഷമായ രീതിയില്‍ രണ്ടുലൈന്‍ സമരം നടന്നിരുന്ന കാലമായിരുന്നു. ആശയസമരത്തില്‍ കെ വേണുവിനോടൊപ്പം ഉണ്ടായിരുന്നത് ന്യൂനപക്ഷമായിരുന്നു. പാര്‍ട്ടി പിന്തുടര്‍ന്നിരുന്ന യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരെ പുത്തന്‍ അന്വേഷണങ്ങള്‍ നടത്തിയിരുന്ന ഈ വിഭാഗത്തോടായിരുന്നു എനിക്കു താല്‍പ്പര്യം. വിപ്ലവരാഷ്ട്രീയം ഉയര്‍ത്തിപിടിക്കുമ്പോഴും ജനാധിപത്യത്തിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ച് വേണുവിഭാഗം ഗൗരവത്തോടെ അന്വേഷിച്ചിരുന്നു. വര്‍ഗ്ഗനിലപാടുകളില്‍ കുടുങ്ങികിടക്കാതെ ദേശീയത, ജാതി, സ്ത്രീ തുടങ്ങിയ വിഷയങ്ങളൊക്കെ അഭിസംബോധന ചെയ്യാനും തയ്യാറായി. ഇന്ത്യന്‍ വിപ്ലവം ദേശീയവിമോചനപോരാട്ടങ്ങളുടെ സമുച്ചയമാണെന്ന നിലപാടായിരുന്നു വേണു വിഭാഗത്തിന്റേത്. എന്തായാലും പ്ലീനത്തോടെ പാര്‍ട്ടി പിളര്‍ന്നു. ഞാനതോടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. യൂണിയന്‍ ഉത്തരവാദിത്തം രാജിവെച്ചു. 86നുശേഷം ജോലിക്കുപോയില്ല. 91ല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
നക്‌സല്‍ പ്രവര്‍ത്തനം എത്രകാലം നീണ്ടുനിന്നു?
90കളില്‍ അന്താരാഷ്ട്രതലത്തിലുണ്ടായ മാറ്റങ്ങള്‍ കാര്യങ്ങളാകെ മാറ്റി മറിച്ചു. കിഴക്കന്‍ യൂറോപ്പിലെ സംഭവവികാസങ്ങളും ചൈനയിലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയും മറ്റും കാണാതിരിക്കാന്‍ ഞങ്ങള്‍ക്കു കഴിയുമായിരുന്നില്ല.. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം നടന്നത് ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു. എന്നിട്ടും കണ്ണടച്ചിരുട്ടാക്കാന്‍ മറ്റു കമ്യൂണിസ്റ്റുകളെപോലെ ഞങ്ങള്‍ തയ്യാറായില്ല. പാര്‍ട്ടി തന്നെ പിരിച്ചുവിടുന്നതിലേക്കായിരുന്നു ആ ചര്‍ച്ചകള്‍ എത്തിച്ചേര്‍ന്നത്. തീര്‍ച്ചയായും മറ്റു പലരേയും പോലെ എനിക്കും വലിയൊരു ആഘാതം തന്നെയായിരുന്നു അത്. സാമൂഹ്യവിപ്ലവത്തിന്റെ പുതിയൊരു അന്വേഷണമാണ് തകര്‍ന്നത്. എന്നാല്‍ ഞാനടക്കം മിക്കവാറും പേര്‍ അതിനെ അതിജീവിക്കുകയും പുതിയ അന്വേഷണങ്ങളില്‍ സജീവമാകുകയും ചെയ്തു. മുഖ്യമായും ദളിത് – ആദിവാസി വിഷയങ്ങളിലായിരുന്നു എനിക്കു താല്‍പ്പര്യം. പാര്‍ട്ടിക്കുള്ളില്‍ ഉള്ളപ്പോള്‍ തന്നെ നടന്നിരുന്ന ആ അന്വേഷണം വീണ്ടും തുടര്‍ന്നു. പാര്‍ട്ടിയിലുള്ളപ്പോള്‍ തന്നെ മഹാരാഷ്ട്രയില്‍ നിന്നുള്ള സഖാവ് വികാസിന്റെ നേതൃത്വത്തില്‍ നടന്ന ശംബുകന്‍ നാടകക്യാമ്പ് ചിന്താമണ്ഡലത്തിലുണ്ടാക്കിയ വിപ്ലവം വളരെ വലുതായിരുന്നു. മാര്‍ക്‌സിസത്തില്‍ വിശ്വസിച്ചുതന്നെ താഴെക്കിടയില്‍ നിന്ന് ജനാധിപത്യത്തെ കുറിച്ചുള്ള അന്വേഷണം തുടര്‍ന്നു. അതിനിടയില്‍ ഇപ്പോള്‍ മഹാരാഷ്ട്രയിലെ ജയിലില്‍ കഴിഞ്ഞ മുരളി കണ്ണമ്പിള്ളി നേതൃത്വം നല്‍കിയ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു. സിആര്‍സിയില്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട് നടന്ന ആശയസമരത്തില്‍ വേണുവിനെതിരെ പോരാടിയതില്‍ പ്രമുഖന്‍ മുരളിയായിരുന്നു. അതേസമയം മുരളി അംബേദ്കറെ നന്നായി പഠിക്കുകയും ദളിത് പ്രശ്‌നങ്ങള്‍ ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആത്യന്തികമായി യാഥാസ്ഥിതിക മാര്‍ക്‌സിസത്തെ വലിച്ചെറിയാന്‍ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറായിരുന്നില്ല. പാര്‍ട്ടി മുന്നോട്ടുവെക്കുന്ന പുത്തന്‍ ജനാധിപത്യ വിപ്ലവ പരിപാടി ജാതി വിരുദ്ധ നവോത്ഥാനത്തിന്റെ കടമ ഉള്‍ക്കാള്ളുന്നില്ല എന്ന നിലപാടില്‍ നിന്ന് അവരുമായി വേര്‍പിരിഞ്ഞു.അങ്ങനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് വിടപറയുന്നതും പൂര്‍ണ്ണമായും ദളിത് – ആദിവാസി മേഖലകളില്‍ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതും. ആ വിഭാഗം പിന്നീട് മാവോയിസ്റ്റുകളായി മാറുകയും ചെയ്തു.
ഇന്ന് ആ വിഷയത്തെ എങ്ങനെ നോക്കികാണുന്നു?
അംബേദ്കറൈറ്റുകളും മാര്‍ക്‌സിസ്റ്റുകളും പുനപരിശോധനക്ക് തയ്യാറാകണം. പരമ്പരാഗത മാര്‍ക്‌സിസം കൊണ്ട് അഭിമുഖീകരിക്കാവുന്നതല്ല ജാതിയടക്കമുള്ള ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളും വൈവിധ്യങ്ങളും. മറുവശത്ത് അംബേദ്കറുടെ കാലത്തെ ജാതിയല്ല ഇന്ന് നിലനില്‍ക്കുന്നത് എന്നതും പ്രധാനമാണ്. ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുക എന്ന സ്റ്റേറ്റ് സെന്‍ട്രിക് നിലപാട് പുനപരിശോധിച്ചേ തീരു. മാര്‍ക്‌സിസം മുതലാളിത്തത്തിന്റെ വൈരുദ്ധ്യമായി കാണുന്നത് ലേബറും കാപ്പിറ്റലുമാണ്. എന്നാല്‍ അതു ശരിയല്ല. ഉടമസ്ഥത പൊതുവല്‍ക്കരിച്ചാലും പ്രശ്‌നപരിഹാരമാകില്ല എന്നു ലോകമെമ്പാടും തെളിഞ്ഞുകഴിഞ്ഞു. ഭരണകൂടവും സിവില്‍ സൊസൈറ്റിയും തമ്മിലാണ് പ്രധാന വൈരുദ്ധ്യം. സോഷ്യലിസത്തിലും അങ്ങനെതന്നെ. സത്യത്തില്‍ മാര്‍ക്‌സ് അതു മനസ്സിലാക്കിയിരുന്നു. എല്ലാ വിപ്ലവങ്ങളും ഭരണകൂടത്തെ ശക്തിപ്പെടുത്തിയിട്ടേുള്ളു എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയില്‍ ജനാധിപത്യവും അങ്ങനെതന്നെ. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ആയുധങ്ങളുമെല്ലാമടങ്ങുന്ന സംവിധാനത്തിനകത്താണ് ജനാധിപത്യം നിലനില്‍ക്കുന്നത്. ഭരണകൂടവും സിവില്‍ സൊസൈറ്റിയുമായുള്ള വൈരുദ്ധ്യം തിരിച്ചറിഞ്ഞാണ് ഭരണകൂടത്തെ ഇല്ലാതാക്കുന്നതിനെ കുറിച്ച് മാര്‍ക്‌സ് പറഞ്ഞത്. സിവില്‍ സൊസൈറ്റിയാകട്ടെ ജാതി, ലിംഗ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണ്. അംബേദ്കര്‍ ഭരണകൂടവും സിവില്‍ സൊസൈറ്റിയുമായുള്ള വൈരുദ്ധ്യം വേണ്ടത്ര പരിഗണിച്ചില്ല. അതിനാലാണ് വിഷയത്തെ ദളിതരുടെ അധികാരത്തിലെ പങ്കാളിത്തത്തിലെ പ്രശ്‌നമാക്കി ചുരുക്കിയത്. സത്യത്തില്‍ ജാതിയും മതവും വംശീയതയുമൊന്നും സ്റ്റേറ്റില്‍ നിന്ന് വേര്‍പ്പെട്ടതല്ല. അവയും ഭരണകൂടരൂപമാണ്. അതിനാല്‍തന്നെ ജാതി നശീകരണം ഭരണകൂടത്തെ ദുര്‍ബ്ബലപ്പെടുത്തുന്നതാണ്. അംബേദ്കര്‍ ഇക്കാര്യം സചിപ്പിക്കുന്നു എങ്കിലും പ്രധാന രാഷ്ട്രീയ പരിപാടിയായി കാണുന്നില്ല എന്ന പരിമിതിയുണ്ട്.
പാര്‍ട്ടി വിട്ടതിനുശേഷമുള്ള പ്രവര്‍ത്തനങ്ങളുടെ ദിശ എന്തായിരുന്നു?
ഭരണകൂടം സായുധമാണ്. എന്നാല്‍ വ്യക്തി സായുധമല്ല. മനുസ്മൃതിയുടേതാണ് ഈ ബ്രാഹ്മണിക്കല്‍ ആശയം. ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിയുമായി ബന്ധപ്പെട്ടാണ് ഈ ആയുധീകരണവും നിരായുധീകരണവും നിലനില്‍ക്കുന്നത്. ഭരണകൂടത്തിന് ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപകരണമാണത്. അതിനെ മറി കടക്കാന്‍ ജാതി മുന്നണിയോ സ്വത്വവാദമോ പോര. അംബേദ്കര്‍ ഇക്കാര്യമെല്ലാം വിശകലനം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളെ ഇന്ന് സംവരണത്തിലേക്കു വെട്ടിചുരുക്കിയിരിക്കുകയാണ്. ഭരണകൂടത്തെ നിരായുധീകരക്കുന്ന വിഷയം ചര്‍ച്ചയിലില്ല. പ്രതേക നിയോജകമണ്ഡലം ഒരുദാഹരണം മാത്രം. ഭരണകൂടത്തിന്റെ ഒപ്രസീവ് രൂപങ്ങളെ സ്ത്രീകളുടേയും അയിത്തജാതിക്കാരുടേയും ഭിന്നലിംഗക്കാരുടേയും പക്ഷത്തുനിന്ന് നിരന്തരമായി ചോദ്യം ചെയ്യപ്പെടണം. അതിന്റെ അന്വേഷണമാണ് പിന്നീട് ഞാന്‍ നടത്താന്‍ ശ്രമിച്ച രാഷ്ട്രീയപ്രവര്‍ത്തനം. ഇത് കേവലം തിയറിയല്ല, പ്രാക്ടീസിലൂടെ ഉരുത്തിരിയേണ്ടതാണ്. പ്രതേക ഐഡന്റിറ്റികള്‍ ഉണ്ടാക്കിയ സിസ്റ്റത്തെ തന്നെ നിരാകരിക്കണം. ആദിവാസി സ്വയം ഭരണമെന്ന ആശയം അതിന്റെ ഭാഗമാണ്. ജനാധിപത്യബദലാണത്. ആദിവാസി, ദളിത്, സ്ത്രീ ബോധങ്ങളൊന്നും കേവല സ്വത്വബോധങ്ങളല്ല, ഇത്തരത്തിലുള്ള നിരാകരണങ്ങള്‍ക്കും ബദലുകള്‍ക്കുള്ള രാഷ്ട്രീയപ്രവര്‍ത്തനമാകണം. മുത്തങ്ങ അതിനുള്ള ശ്രമമായിരുന്നു.
ഗാന്ധിയുടെ അഹിംസ അത്തരത്തിലുള്ള നിരാകരണമാണോ?
ഹിംസാത്മകമായ സ്റ്റേറ്റിനെ നിരാകരിക്കാതെ അഹിംസയെ കുറിച്ച് പറയാനാകില്ല. അങ്ങനെ ചെയ്തതാണ് ഗാന്ധിക്കു പറ്റിയ തെറ്റ്. അടിമുടി ആയുധവല്‍ക്കരിച്ചിരിക്കുന്ന സ്റ്റേറ്റിനെ നിരായുധീകരിക്കുന്നതിനെ കുറിച്ച് ഗാന്ധി പറയുന്നില്ല. പകരം വ്യക്തികളുടെ നിരായുധീകരണത്തെ കുറിച്ചാണ് പറഞ്ഞത്. പിന്നെ എങ്ങനെ അദ്ദേഹം യഥാര്‍ത്ഥ അഹിംസാ വാദിയാകും? ജനങ്ങളെ ആയുധവല്‍ക്കരിക്കാനും ഭരണകൂടത്തെ നിരായുധീകരിക്കാനും ഒരു വിപ്ലവവും തയ്യാറായിട്ടില്ല എന്നതാണ് സത്യം. പരമാവധി പോയത് മാവോ ആയിരുന്നു. എന്നാല്‍ സാംസ്ാകരിക വിപ്ലവം പിന്‍വലിച്ച മാവോയും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. ഭരണകൂടത്തെ നിരാകരിക്കുന്ന പരീക്ഷണങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. സത്യത്തില്‍ ലോകമിന്ന് രണ്ടായി വിഭജിച്ചിരിക്കുകയാണ്. ഒന്ന് പ്രത്യയശാസ്ത്രവും ഭരണകൂടവും ബുദ്ധിജീവികളുമെല്ലാമടങ്ങുന്ന നാഗരികലോകം. സോഷ്യലിസത്തിലും അതുണ്ടായിരുന്നു. ഈ ലോകം വലിയ പ്രതിസന്ധിയിലാണ്. യുദ്ധവും കൂട്ടക്കൊലകളും പ്രതികാരങ്ങളുമൊക്കയാണവിടെ നടക്കുന്നത്. മറുവശത്ത് ഓട്ടോണമിയുടേയും അതിനായി പോരാടുന്നവരുടേയും ലോകവുമുണ്ട്. ജാതിയുടേയും ഗോത്രത്തനിമയുടേയും പേരില്‍ മാത്രമല്ല, ജൈവികമായി പല രീതിയിലും ഈ ലോകം ഉരുത്തിരിയുന്നു. ആ ദിശയിലാണ് കേരളത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
അതില്‍ നിന്നുള്ള അനുഭവങ്ങള്‍ ഗുണാത്മകമാണോ?
അധികാരരൂപങ്ങളുടെ നിരാകരണത്തിലൂടെ ബദലുകള്‍ക്കായുള്ള അന്വേഷണം തന്നെയാണ് തുടരുന്നത്. ആദിവാസി മേഖലയിലെ പുതിയ സോഷ്യല്‍ ഫോര്‍മേഷനുകള്‍, ആദളവാസി ഗോത്രമഹാസഭയും പ്രക്ഷോഭങ്ങളുമെല്ലാം അതിന്റെ ഭാഗമായിരുന്നു. ജാതിക്കും ഗോത്രത്തിനും സ്വത്വവാദത്തിനമെല്ലാം അതീതമായ അന്വേഷണങ്ങളായിരുന്നു അവ. വംശീയതയുടെ രൂപത്തിലാണത് ഉന്നയിക്കപ്പെട്ടതെന്ന് തോന്നാമെങ്കിലും അതിന്റെ തന്നെ നിരാകരണം കൂടിയാണത്. പഴയ നവോത്ഥാനത്തിന്റെ പുതിയ രൂപവുമല്ല. എന്തൊക്കെ പറഞ്ഞാലും പഴയ മുന്നേറ്റങ്ങളെല്ലാം ജാതിസ്വത്വങ്ങളെ ശക്തിപ്പെടുത്തിയിരുന്നു. ഇപ്പോഴാകട്ടെ സാമൂഹ്യ രാഷ്ട്രീയ ബന്ധങ്ങളെ അഴിച്ചുപണിയുന്ന വിഷയമാണ് ഉന്നയിക്കപ്പെടുന്നത്. സ്വത്വവാദമല്ല, ഭൂമി, അധികാരം, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങളാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. ഇന്ത്യയിലെ തന്നെ എല്ലാ ഗോത്രവര്‍ഗ്ഗ മൂവ്‌മെന്റുകളില്‍ നിന്നെല്ലാം വ്യത്യസ്ഥമാണിത്. അതോടൊപ്പം, നിലനില്‍ക്കുന്ന സംഘടനാ രൂപങ്ങളേയും ഞങ്ങള്‍ നിരാകരിക്കുന്നു. ഞങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് സംഘടനയല്ല, ജൈവരൂപമാണിത്. ആദിവാസി ഊരുകള്‍ ഉദാഹരണം. ഭൂമി, അധികാരം, ജീവിതപരിസരം എന്നിവയെ അധാരമാക്കി അടിത്തട്ടിലെ ഏകോപനമാണത്. അവിടെ മേല്‍ക്കമ്മിറ്റികളോ കീഴ്കമ്മിറ്റികളോ ഇല്ല. വളരെ അയഞ്ഞ സംഘടനാ രൂപം മാത്രം. ഓരോ ഊരുകൂട്ടവും പ്രതിനിധികളെ തെരഞ്ഞെടുത്ത് അയക്കുന്നു. മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളും. ഇത്തരം സമൂഹങ്ങളുടെ ഫെഡറല്‍ അസംബ്ലിയാണ് ഗോത്രമഹാസഭ. സ്ത്രീ പുരുഷ സമത്വവും തിരിച്ചുവിളിക്കാനുള്ള അവകാശവുമൊക്കെ അവിടെയുണ്ട്. പിരിച്ചുവിടാനുള്ള അവകാശമില്ലതാനും. ഇന്ത്യയിലെ ഗോത്രസമൂഹങ്ങളെല്ലാം ഏതെങ്കിലും ഒരു ഗോത്രത്തിന്റേതു മാത്രമാണ്. ഇതാകട്ടെ എല്ലാ ഗോത്രസമൂഹങ്ങളുടേയും ഐക്യരൂപമാണ്. അതിനാല്‍ തന്നെയാണ് ഇതൊരു ജൈവരൂപമാണെന്നു പറയുന്നത്. അവ മൂവ്‌മെന്റാണെങ്കില്‍ ഇതു ജീവിതമാണ്. പാലസ്തീന്‍ പ്രസ്ഥനമുള്‍പ്പെടെയുള്ള വിമോചനപ്രസ്ഥാനങ്ങളുടെ കാലഘട്ടത്തില്‍ ഇത്തരം ജനകീയ ബദലുകള്‍ വളര്‍ന്നു വന്നതായി കാണാന്‍ കഴിയും. 1936ലെ സ്പാനിഷ് ആഭ്യന്തര യുദ്ധകാലഘട്ടത്തില്‍വികേന്ദ്രീകൃതമായ അധികാരരൂപങ്ങള്‍ വളര്‍ന്നുവന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഈ ചിന്താപദ്ധതിയില്‍ സ്ത്രീകളുടെ സ്ഥാനമെന്താണ്?
ദളിതരേയും ആദിവാസികളേയും പോലെതന്നെയാണ് ഇന്നത്തെ അവസ്ഥയില്‍ സ്ത്രീകളും. കുടുംബം എന്ന സ്ഥാപനത്തിലെ അടിമകള്‍ തന്നെയാണവര്‍. അതിനാല്‍ കുടുംബത്തിന്റെ നിരാകരണ വിഷയവും ഉയര്‍ന്നു വരുന്നു. എന്നാല്‍ ശെിഴഹല ംീാലി അഭിമുഖീകരിക്കുന്ന പ്രശ്ങ്ങള്‍ ആരും ഗൗരവമായി ചര്‍ച്ച ചെയ്യുന്നതേയില്ല. അതേസമയം സ്ത്രീകളെ പുരുഷന്മാരാക്കുകയല്ല വേണ്ടത്. അവര്‍ക്കും പ്രതേക നിയോജകമണ്ഡലം ആവശ്യമാണ്. ദളിതരേയും ആദിവാസികളേയും പോലെ. അതുപോലെ സ്‌ത്രൈണശക്തിക്ക് പ്രതേക പദവി നല്‍കുന്ന ജനാധിപത്യരൂപങ്ങളും ഉണ്ടാകണം.
താങ്കളുടെ പൊതുജീവിതത്തിലെ ഏറ്റവും പ്രധാന അധ്യായം മുത്തങ്ങയായിരിക്കുമല്ലോ? അതേകുറിച്ച്…
കൊളോണിയല്‍ കാലം മുതലെ കടന്നാക്രമണത്തിനു വിധേയവരാണ് വയനാട്ടിലെ ആദിവാസികള്‍. കോളോണിയല്‍ ശക്തികള്‍ നാട്ടുരാജാക്കന്മാരുടെ പിന്തുണയോടെ അവരുടെ ആവാസകേന്ദ്രങ്ങള്‍ കയ്യേറുകയായിരുന്നു. വനസമ്പത്ത് കയ്യടക്കല്‍ തന്നെയായിരുന്നു പ്രധാന ലക്ഷ്യം. സ്വാതന്ത്ര്യനന്തരം നമ്മുടെ സര്‍ക്കാരും പ്രതേകിച്ച് വനം വകുപ്പ് ചെയ്തതും മറ്റൊന്നായിരുന്നില്ല. ഭൂപരിഷ്‌കരണം നടപ്പാക്കിയ കാലത്തുപോലും ആദിവാസികളുടെ പ്രശ്‌നം ചര്‍ച്ചയായില്ല. അത് തെറ്റായി പോലും ആരും കണ്ടില്ല. കാരണം അവര്‍ക്കും മൗലികാവകാശങ്ങള്‍ ഉണ്ടെന്ന ധാരണ പോലും ആര്‍ക്കും ഉണ്ടായിരുന്നില്ല. അംബേദ്കറുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഭരണഘടയില്‍ അതൊക്കെ പറഞ്ഞിരുന്നെങ്കിലും പ്രായോഗികമാക്കാന്‍ ആരും മിനക്കെട്ടില്ല. വനത്തില്‍ ആദിവാസികളുടെ അവകാശം അംഗീകരിക്കാതിരുന്ന പോലെ കടലില്‍ മത്സ്യത്തൊഴിലാളികളുടേയും ഭൂമിയില്‍ ദളിതരുടേയും അവകാശങ്ങളും അംഗീകരിക്കപ്പെട്ടില്ല. ഇപ്പോഴും അതില്‍ കാര്യമായ മാറ്റമില്ല. ആദിവാസി സ്വയംഭരണം കേരളത്തില്‍ സാധ്യമല്ല എന്ന നിലപാടുതന്നെ അതിന്റെ ഭാഗമാണ്. വാസ്തവത്തില്‍ ആദിവാസി സമൂഹത്തെ ഏറ്റവുമധികം ഓരങ്ങളിലേക്കുമാറ്റിയത് കേരളത്തിലായിരുന്നു. വനങ്ങളെല്ലാം നശിപ്പിച്ച് എസ്റ്റേറ്റുകള്‍ സ്ഥാപിച്ചപ്പോള്‍ തന്നെ ആദിവാസി കോളനികള്‍ ഏറെക്കുറെ നശിപ്പിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ശവമടക്കാന്‍ പോലും ഭൂമിയില്ലാത്തവരായി അവര്‍ മാറിയിരുന്നു. ഈ വിഭാഗങ്ങളെ ഊരുകള്‍ എന്ന നിലയില്‍ ക്രമീകരിക്കാനുള്ള ശ്രമമായിരുന്നു മുത്തങ്ങയില്‍ നടന്നത്. എണ്ണൂറോളം പേരായിരുന്നു ആദ്യമവിടെയെത്തി കുടില്‍ കെട്ടിയത്. പുഴയും മീനും കാടും ആകാശവുമൊക്കെയായി അതുവരെ നഷ്ടപ്പെട്ടിരുന്ന ലോകമായിരുന്നു അവരവിടെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചത്. കോളനിവല്‍ക്കരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനം. അവരുടെ എല്ലാ ചോദനകളും സര്‍ഗ്ഗശേഷിയും ഉത്തേജിക്കപ്പെടുകയായിരുന്നു. കേരളത്തിലെ മുഖ്യധാരയിലെ എല്ലാവരും ചേര്‍ന്ന് അതില്ലാതാക്കുകയായിരുന്നു. അല്ലെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു.
ആദിവാസികള്‍ മുഖ്യധാരയിലെത്തുകയാണ് വേണ്ടതെന്ന ശക്തമായ വാദം നിലനില്‍ക്കുന്നില്ലേ?
മുഖ്യധാരയിലക്ക് ആദിവാസികള്‍ വരാത്തതാണ് പ്രശ്‌നമെന്നാണ് പലരുടേയും വാദം. വന്നാലത്തെ അവസ്ഥയെന്താണ്? കൊച്ചി നഗരത്തില്‍ ഹോസ്റ്റല്‍ ലഭിക്കാതെ ആദിവാസികുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത അവസ്ഥ നാം കണ്ടതല്ലേ? പ്രതേകിച്ച് പ്രബുദ്ധ മഹാരാജാസില്‍. കേരളത്തില്‍ 13000 ത്തോളും പ്ലസ് ടു കഴിഞ്ഞ ആദിവാസിവിദ്യാര്‍ത്ഥികള്‍ക്ക് ആകെയുള്ളത് 3 ഹോസ്റ്റലാണ്. പരമാവധി 150 പേരെ ഉള്‍ക്കൊള്ളാനാകും. പിന്നെയുള്ളത് എസ് സി ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ചില ഹോസ്റ്റലുകളിലെ ചെറിയ ശതമാനം സീറ്റുകളും ചില മോഡേണ്‍ റസിഡന്‍സ് സ്‌കൂളുകളുമാണ്. തൊഴില്‍ മേഖലയിലെ കാര്യവും വ്യത്യസ്ഥമല്ല. കേരളത്തില്‍ എസ് സി എസ് ടി വിഭാഗങ്ങളില്‍ ഡിഗ്രിയെടുത്തവര്‍ 55000ത്തോളം പേരുണ്ട്. ഇവര്‍ക്കാകെ ആശ്രയം പിഎസ്‌സി മാത്രമാണ്. സ്വകാര്യമേഖലകളില്‍ സംവരണമില്ലല്ലോ. ഏറ്റവും വലിയ അനീതി നടക്കുന്നത് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളവും പെന്‍ഷനും നല്‍കുന്ന എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണമില്ല. കേരളത്തിലെ നാല് പ്രബല സമുദായ മാനേജ്മെന്റുകളുടെ കൈവശമാണ് എയ്ഡഡ് സ്ഥാപനങ്ങളുടെ 90%വും. എയ്ഡഡ് മേഖലയില്‍ ഇന്ന് രണ്ട് ലക്ഷം ജീവനക്കാരുണ്ട്. അതില്‍ 586 പേര്‍ (0.29 %) മാത്രമാണ് ടഇ/ടഠ പ്രാതിനിധ്യം. ഭരണഘടനാനുസൃത സംവരണപ്രകാരം ഈ വിഭാഗങ്ങള്‍ക്ക് 20,000 ഉദ്യോഗങ്ങള്‍ ലഭ്യമാകേണ്ടതാണ്. പ്രതിവര്‍ഷം പതിനായിരം കോടി രൂപയാണ് സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ ശമ്പളം, പെന്‍ഷന്‍ എന്നിവക്കായി ചെലവഴിക്കുന്നത്. അതിന്റെ വിഹിതവും ഇവര്‍ക്ക് നിഷേധിക്കുന്നു. എയ്ഡഡ് മാനേജ്മെന്റുകള്‍ കോഴ വാങ്ങി നിയമിച്ച 4000 അദ്ധ്യാപകരെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമിച്ചത് മൂലം സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടായ സംവരണനഷ്ടവും ചില്ലറയല്ല.. മറുവശത്ത് ക്രയവിക്രയത്തിനും ബാങ്ക് ലോണിനും മറ്റും ഭൂമിയില്ലാത്തതിനാല്‍ സംരംഭങ്ങള്‍ ആരംഭിക്കാനോ എന്തിന് ഗള്‍ഫില്‍ പോകാനോ പോലും ഇവര്‍ക്കാവുന്നില്ല. ഇതെല്ലാം മറച്ചുവെച്ചാണ് നമ്മള്‍ കേരള മോഡലിനെ കുറിച്ച് ഊറ്റം കൊള്ളുന്നത്. മുഖ്യധാരയെ കുറിച്ച് പറയുന്നത്. മറുവശത്ത് അവരുടെ ലീവിംഗ് സ്‌പെയസ് മുഴുവന്‍ മുഖ്യധാരക്കാര്‍ കയ്യടക്കുകയും ചെയ്തു. നിയമവും വികസനവും ഫണ്ടിംഗും മീഡിയാ ആക്ടിവിസവുമൊക്കെ ഏറെ നടന്നെങ്കിലും എന്താണ് അവസ്ഥയെന്ന് അട്ടപ്പാടി മറുപടി പറയും. ചെറിയതോതില്‍ നടക്കുന്ന പുനരധിവാസങ്ങളാകട്ടെ ഇവരെ ഛിന്നഭിന്നമാക്കുന്നു. ആറളം ആദിവാസി പുനരധിവാസം പോലും പൂര്‍ണ്ണമായും ആദിവാസി താല്‍പ്പര്യത്തിന് അനുസൃതമാണെന്ന് പറയാനാകില്ല.
അടുത്തയിടെ ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം പ്രത്യേക നിയോജകമണ്ഡലം എന്നാവശ്യപ്പെട്ട് എറണാകുളത്ത് താങ്കളുടേയും സണ്ണി കപിക്കാടിന്റേയും നേതൃത്വത്തില്‍ ഒരു പരിപാടി നടന്നിരുന്നല്ലോ. പൂനാപാക്ട് ദിനത്തിലായിരുന്നു അത്. ഒരുകാലത്ത് തള്ളിക്കളയപ്പെട്ട പ്രത്യേക നിയോജകമണ്ഡലം എന്ന ആവശ്യം ഇപ്പോള്‍ ഉന്നയിക്കുന്നതിന്റെ സാംഗത്യം എന്താണ്?
അയിത്തത്തിനും ജാതിവിവേചനത്തിനും വിധേയരായ തദ്ദേശീയ ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥ കണക്കിലെടുത്ത്, സാമുദായികമായി വേര്‍തിരിക്ക പ്പെട്ടവര്‍ രാഷ്ട്രീയമായി വേര്‍തിരിക്കപ്പെടണമെന്ന് ഡോ. അംബേദ്കര്‍ ദീര്‍ഘവീക്ഷണത്തോടെ ആവശ്യപ്പെട്ടിരുന്നു. ജാതിവ്യവസ്ഥയുടെ ക്രൂരവും ഭയാനകവുമായ സംവിധാനത്തിന്റെ ഇരകളായ ദലിതരെ സംഘടിതരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ജനാധിപത്യസംവിധാനത്തില്‍ സാമൂഹികനീതിയും വിഭവാധികാരവും ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക നിയോജകമണ്ഡലം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്നെ പൂനാ കരാറിലൂടെ ഈ ആശയം അട്ടിമറിക്കപ്പെട്ടു. വാസ്തവത്തില്‍ ദലിത്, ആദിവാസി, സ്ത്രീകളെ തെരഞ്ഞെടുക്കാനും രാഷ്ട്രീയമായി പ്രതിനിധാനം ചെയ്യാനും പ്രബലരും സംഘടിതരുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ജനസംഖ്യാനുപാതികമായ സംവരണത്തിലൂടെ ജാതിഹിന്ദുക്കള്‍ക്ക് പാര്‍ശ്വവല്‍കൃതരുടെയും മേല്‍ സമ്പൂര്‍ണ്ണമായ അധികാരം ഉറപ്പാക്കുകയായിരുന്നു ചെയ്തത്. ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുന്ന ജാതിവാദ ദേശീയതയും ഹിന്ദു ഫാസിസവും അനുദിനം ശക്തിപ്പെടുന്നതിന് കാരണം അംബേദ്കറുടെ ജാതിനശീകരണത്തെ സംബന്ധിച്ച ദര്‍ശനം നിരാകരിച്ചതാണ്. ഈ സാഹചര്യത്തിലാണ് ദലിതര്‍, ആദിവാസികള്‍, മത-വംശീയ ന്യൂന പക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയ പാര്‍ശ്വവല്‍കൃതര്‍ പ്രത്യേക നിയോജകമണ്ഡലത്തെക്കുറിച്ച് ആവശ്യം ഉയര്‍ത്തേണ്ടത് അനിവാര്യമായിരിക്കുന്നത്.
താങ്കളും സണ്ണി കപിക്കാടും നേതൃത്വം നല്‍കുന്ന ഭൂ അധികാര സംരക്ഷണസമിതി പ്രഖ്യാപിച്ചിട്ടുള്ള ചലോ തിരുവനന്തപുരം മാര്‍ച്ചിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?
ഐക്യകേരളം രൂപം കൊണ്ട് ആറ് ദശകം കഴിഞ്ഞിട്ടും കേരളത്തിലെ ആദിവാസികള്‍, ദലിതര്‍, ദലിത് ക്രൈസ്തവര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍, പരമ്പരാഗത തൊഴില്‍ സമൂഹങ്ങള്‍, സ്ത്രീകള്‍, ലൈംഗികന്യൂനപക്ഷങ്ങള്‍, പിന്നോക്ക സാമുദായിക വിഭാഗങ്ങള്‍, ഭാഷാ-വംശീയ-മതന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ക്ക് രാഷ്ട്രീയ സാമൂഹിക അധികാരത്തില്‍ ഒരിടവുമില്ല. പ്രകൃതി-വനം-മണ്ണ്-തണ്ണീര്‍തടങ്ങള്‍ കടല്‍ തുടങ്ങിയ മേഖലകളെ ആശ്രയിച്ച് ജീവിച്ചുവന്ന ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ ഇന്ന് കോളനികള്‍, ചേരികള്‍, പുറമ്പോക്കുകള്‍ തുടങ്ങിയവയിലേക്ക് ഒതുക്കപ്പെട്ടിരിക്കുകയാണ്. പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുകയും തദ്ദേശീയ ജനതയെ അടിമയാക്കുകയും ചെയ്ത വൈദേശികശക്തികളുടെ നയങ്ങള്‍ തെന്നയാണ് ജനാധിപത്യ സര്‍ക്കാരുകളും തുടര്‍ന്നുവന്നത്. ഏറെ കൊട്ടിഘോഷിച്ച ഭൂപരിഷ്‌കരണ നടപടികളാകട്ടെ വന്‍കിട എസ്റ്റേറ്റുകളെയും ഭൂവുടമകളെയും ബാധിച്ചില്ല. ജാതിവ്യവസ്ഥയ്ക്ക് പോറല്‍പോലും ഏല്‍പിച്ചില്ല. വനം-പ്രകൃതി-മണ്ണ് എന്നിവയെ ആശ്രയിച്ച് ജീവിച്ചുവന്ന ആദിവാസി ദലിത് പാരമ്പര്യസമൂഹങ്ങളുടെ വിഭവാധികാരം സംരക്ഷിക്കാന്‍ യാതൊരുവിധ നിയമനിര്‍മ്മാണവും നടന്നില്ല. ഭൂമിയില്‍ സ്ഥിരാവകാശം കിട്ടിയവരാകട്ടെ കൃഷിഭൂമിയെ വില്‍പനച്ചരക്കാക്കി മാറ്റുകയും ചെയ്തു. കേരളത്തിലെ കൃഷിഭൂമിയില്‍ ഇപ്പോഴും കോര്‍പ്പറേറ്റുകളും ഭൂമാഫിയകളും കുത്തക നിലനിര്‍ത്തുകയാണ്. റവന്യൂഭൂമിയുടെ 58 % (ഏതാണ്ട് 5 ലക്ഷം ഏക്കര്‍) ഹാരിസണ്‍ ടാറ്റ തുടങ്ങിയ വന്‍കിടക്കാര്‍ വ്യാജരേഖകളിലൂടെ കൈവശം വച്ചുവരികയാണെ് സര്‍ക്കാര്‍ നിയോഗിച്ച രാജമാണിക്യം റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നു. ഭൂപരിഷ്‌കരണത്തിന് ശേഷവും ദളിതരും മറ്റു പാര്‍ശ്വവല്‍കൃതരും 3 സെന്റിലേക്കും 5 സെന്റിലേക്കുമാണ് ആട്ടിപ്പായിക്കപ്പെട്ടത്. ലൈഫ് എന്ന പുതിയ പദ്ധതിയിലൂടെ ഭൂരഹിതര്‍ക്ക് 3 സെന്റ് ഭൂമിയും ഭവന രഹിതര്‍ക്ക് 327 സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ള 5 ലക്ഷത്തോളം ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് പാര്‍ശ്വവല്‍കൃതരെ വീണ്ടും കോളനിവല്‍ക്കരിക്കാനുള്ള നടപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഈ സാഹചര്യത്തിലാണ് ഭൂ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചലോ തിരുവനന്തപുരം പ്രസ്ഥാനത്തിലൂടെ പാര്‍ശ്വവല്‍കൃതരുടെ വിഭവാധികാരത്തിനും കേരളത്തെ ജനാധിപത്യവല്‍ക്കരിക്കാനു മുള്ള ഒരു നവജനാധിപത്യപ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. നിലനില്‍ക്കുന്ന കേരള മോഡല്‍ പൊളിച്ചെഴുതുക എന്ന ആവശ്യമാണ് മാര്‍ച്ചിലൂടെ ഉന്നയിക്കപ്പെടുക.
ചങ്ങറ ഭൂസമരം ഈ പ്രശ്‌നങ്ങളെല്ലാം ഉന്നയിക്കുന്നില്ലേ?
ദളിത് – ആദിവാസി വിഭാഗങ്ങളുടെ ഒരു സ്വയംഭരണ മേഖല എന്തായിരിക്കണമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ചങ്ങറ. കോളോണിയല്‍ മോഡല്‍ ഓഫ് പ്രൊഡക്ഷന്‍ നമ്മുടെ പരിസ്ഥിതിയേയും പാരിസ്ഥിതിക സമൂഹങ്ങളേയും തകര്‍ത്തിരുന്നു. അതിന്റെ ഭാഗമായി വളര്‍ന്ന എസ്റ്റേറ്റ് എക്കോണമിയെ ചോദ്യം ചെയ്യുകയാണ് ചങ്ങറ. സമരത്തിന് നേതൃത്വം നല്‍കുന്ന സാധുജനപരിപാലനസംഘം ബുദ്ധദര്‍ശനത്തിന്റെ അടിത്തറയില്‍ ജാതിക്കതീതമായി സമൂഹത്തിന്റെ അടിത്തട്ടിലെ വിഭാഗങ്ങളില്‍ പൊതുബോധം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ഇന്നോളം കേരളത്തില്‍ നടന്ന ദളിത് സമരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി വിഭവാധികാരത്തിനായുള്ള സമരമാണ് ചങ്ങറയിലേത്. കൊളോണിയല്‍ ഭരണം വെട്ടിമുറിച്ചവരെ തിരിച്ചുപിടിക്കുക എന്നതുതന്നെയാണ് അതിന്റെ രാഷ്ട്രീയം. 10 വര്‍ഷം കഴിഞ്ഞട്ടും ചങ്ങറ പരീക്ഷണം വിജയകരമായി മുന്നോട്ടുപോകുക തന്നെയാണ്. അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്.
ഏറെകാലം താങ്കളുടെ സഹപ്രവര്‍ത്തകയായിരുന്ന സികെ ജാനുവിന്റെ കൂറുമാറല്‍ ഗോത്രമഹാസഭയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും ബാധിച്ചിട്ടുണ്ട്. അത് സ്വാഭാവികമാണല്ലോ. എന്നാല്‍ ഗോത്രമഹാസഭ അതെല്ലാം മറികടക്കുമെന്നതില്‍ സംശയം വേണ്ട
സിപിഎം നേതൃത്വത്തിലുള്ള എ കെ എസിന്റെ പ്രവര്‍ത്തനങ്ങളോ?
ആദിവാസി മേഖലയിലെ പുത്തനുണര്‍വ്വിനെ തകര്‍ക്കാനും വോട്ടുബാങ്ക് നിലനിര്‍ത്താനുമെന്നല്ലാതെ മറ്റെന്താണ് അവരുടെ ലക്ഷ്യം.
അടുത്തയിടെ നിങ്ങളുടെ വേദികളിലെ സ്ഥിരസാന്നിധ്യമല്ലോ ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി…
കേരളത്തില്‍ ആദിവാസി – ദളിത് വിഭാഗങ്ങളുടെ ഭൂസമരങ്ങള്‍ ആരംഭിച്ച് 20 വര്‍ഷം കഴിഞ്ഞു. എന്നാല്‍ ജാതി നശീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നില്ല. ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നത് ജാതികോളനികളാണെന്നത് സമരം ചെയ്യുന്നവരും കാര്യമായി എടുത്തിരുന്നില്ല. അതിനാല്‍ തന്നെ ഭൂസമരങ്ങള്‍ ജാതിനിര്‍മ്മാര്‍ജ്ജനത്തിലെത്തിയിരുന്നില്ല. ജിഗ്നേഷ് മേവാനി പശുവിന്റെ വാല്‍ നിങ്ങളെടുത്ത് ഞങ്ങള്‍ക്ക് ഭൂമി നല്‍കൂ എന്നു പറഞ്ഞപ്പോള്‍ ഉന്നയിക്കാന്‍ ശ്രമിച്ചത് ഈ വിഷയമായിരുന്നു. തീര്‍ച്ചയായും അത് ഞങ്ങള്‍ക്കും ഉള്‍ക്കാഴ്ച നല്‍കി. അതേസമയം കേവലസ്വത്വവാദത്തിലോ വര്‍ഗ്ഗനിലപാടിലോ അല്ല ജിഗ്നേഷ് ഇതുന്നയിച്ചത്.
മേവാനി ഗുജറാത്തില്‍ മുസ്ലിം വിഭാഗങ്ങളുമായി ഐക്യപ്പെടുമ്പോള്‍ നിങ്ങളങ്ങനെ ചെയ്യുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നല്ലോ.
കേരളത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് ദളിത് ആദിവാസി വിഭാഗങ്ങളെപോലെ ഗുരുതരമായ ഭൂപ്രശ്‌നമല്ല പ്രധാനമായുള്ളത്. അവര്‍ക്ക് താരതമ്യേന സമ്പത്തും അധികാരത്തിലെ പങ്കാളിത്തവുമുണ്ട്. ന്യൂനപക്ഷം എന്ന രീതിയിലുള്ള ഭീഷണികളാണ് അവര്‍ നേരിടുന്നത്. ഗുജറാത്തില്‍ സ്ഥിതി വ്യത്യസ്ഥമാണ്. അവിടെ മുസ്ലിംവിഭാഗങ്ങള്‍ ഇവിടത്തേക്കാള്‍ വളരെ പുറകിലാണ്. അതേസമയം ഭൂ അധികാര സംരക്ഷണ സമിതിയില്‍ ഭൂസമരങ്ങളെ പിന്തുണക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന മുസ്ലിം സംഘടനകളും ഭാഗഭാക്കാണ്.
കേരളത്തിലെ പ്രമുഖ ദളിത് ചിന്തകന്‍ കെ കെ കൊച്ച് താങ്കളുടെ പ്രവര്‍ത്തനങ്ങളെ അതിരൂക്ഷമായി വിമര്‍ശിക്കുന്നത് ശ്രദ്ധിച്ചിരുന്നോ?
ശ്രദ്ധിക്കാറുണ്ട്. അടുത്തയിടെ അദ്ദേഹത്തിന്റെ ആത്മകഥയിലും ഇക്കാര്യം പറഞ്ഞിരുന്നു. ആ ആത്മകഥ കുറെയേറെ ഫിക്ഷനാണ്. അതില്‍ വസ്തുനിഷ്ഠതയോ സത്യസന്ധതയോ ഇല്ല. ചെറിയ ചെറിയ വിഷയങ്ങളെ ആത്മിനിഷ്ഠമായി പര്‍വ്വതീകരിച്ച് അവതരിപ്പിക്കുകയാണ് കൊച്ച്. അതേസമയം ഇവിടെ 2000 മുതല്‍ നടക്കുന്ന എല്ലാ ഭൂസമരങ്ങളുടേയും എതിര്‍പക്ഷത്തായിരുന്നു അദ്ദേഹം. കൊച്ച് നടത്തുന്ന ജാഞാനാന്വേഷണങ്ങള്‍ കൊണ്ടും എഴുത്തുകൊണ്ടും ദളിതര്‍ക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല.
ആദ്യകാല സ്വാധീനമായിരുന്ന കെ വേണുവിന്റെ രാഷ്ട്രീയ പരിണാമങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
വേണുവിന്റെ ജനാധിപത്യപരീക്ഷണങ്ങള്‍ വളരെ പ്രസക്തമാണ്. കമ്യൂണിസ്റ്റുകള്‍ സോഷ്യല്‍ ഫാസിസ്റ്റുകളാകുന്നതിനെ കുറിച്ചും അദ്ദേഹം കൃത്യമായി പറയുന്നു. അതേസമയം സൊസൈറ്റിയുടെ ട്രാന്‍സ്‌ഫെര്‍മേഷന്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. അതിനൊപ്പം സഞ്ചരിച്ച് രാസത്വരകം പോലെ ഇടപെടാനും അദ്ദേഹത്തിനാകുന്നില്ല. ഇന്നദ്ദേഹം സ്തംഭനാവസ്ഥിലാണ്. ലോകത്ത് ഇപ്പോള്‍ നടക്കുന്ന പല മാറ്റങ്ങളും വിപ്ലവകരമാണ്. എന്നാല്‍ സോഷ്യല്‍ പ്രാക്ടീസ് നിര്‍ത്തിയ അദ്ദേഹത്തിനത് മനസ്സിലാകുന്നില്ല. പകരം സിദ്ധാന്തത്തിന് അമിതപ്രാധാന്യം നല്‍കുന്നു. അതുകൊണ്ട് സമൂഹത്തിന്, പ്രതേകിച്ച് പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് എന്തു ഗുണം?
ആദിവാസിമേഖലകളിലെ മാവായിസ്റ്റ് സാന്നിധ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്?
ഇന്ത്യയിലെ ആദിവാസികള്‍ നേരിടുന്ന ഏറ്റവും വലിയ വിഷയം കുത്തകകള്‍ക്കായുള്ള കുടിയൊഴിക്കലാണ്. പ്രശ്‌നം വിഭവക്കൊള്ളതന്നെ. അതുപോലും തിരിച്ചറിയാതെ പഴയ രാഷ്ട്രീയപരിപാടിയുമായാണ് മാവോയിസ്റ്റുകള്‍ കാടുകയറിയിരിക്കുന്നത്. ഛത്തിസ്ഗഡിലും മറ്റും ആദിവാസികളെ മുഴുവന്‍ അപ്രസക്തമാക്കി ഭരണകൂടവും മാവോയിസ്റ്റുകളും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭരണകൂടവുമായി എന്തിനുവേണ്ടിയാണ് അവരേറ്റുമുട്ടുന്നത്? കേരളത്തെ സംബന്ധിച്ച് അവരൊരു സാന്നിധ്യമേയല്ല. ഇല്ലാത്തത് പെരുപ്പിച്ച് കാണിച്ച് ആദിവാസികള്‍ക്കെതിരെ പോലീസ് നടപടികള്‍ ക്ഷണിച്ചുവരുത്തുകയാണ് ഇവിടെ അവര്‍ ചെയ്യുന്നത്. ആദിവാസികള്‍ക്കുവേണ്ടിയല്ല അവര്‍ കേരളത്തിലെ കാടുകളെ യുദ്ധക്കളമാക്കുന്നത്. ആദിവാസി – ദളിത് വിഭാഗങ്ങളുടെ ഭൂമിക്കായുള്ള സമരമുന്നണിയിലൊന്നും ഇവരുടെ സാന്നിധ്യമില്ല. സായുധസമരത്തെ കുറിച്ചു പറയുന്ന ഇവരെന്തുകൊണ്ടാണ് എസ്റ്റേറ്റുകള്‍ കയ്യടക്കിയിരിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെ ആയുധമെടുക്കുന്നില്ല.. എന്തായാലും ആദിവാസികള്‍ അവര്‍ക്കൊപ്പം പോകുകയുമില്ല. അതേസമയം ഛത്തിസ്ഗഡിലും മറ്റും ശ്രമിച്ച രീതിയില്‍ സല്‍വാ ജുദം പോലുള്ള സേനകള്‍ ഉണ്ടാക്കാന്‍ ഇവിടേയും ഭരണകൂടം ശ്രമിക്കാം. ആദിവാസികളെ തമ്മിലടിപ്പിക്കുന്ന അത്തരമൊരു അപകടത്തിലേക്കാണ് ഇവര്‍ കാര്യങ്ങളെ എത്തിക്കുക. ഭരണകൂടത്തിന്റെ പോലീസ് കെണിയിലാണ് മാവോയിസ്റ്റുകള്‍ പെട്ടിരിക്കുന്നത്. മാവോയിസ്റ്റ് പേരുപറഞ്ഞ് ആദിവാസിമേഖലളില്‍ ക്യാമ്പുകള്‍ സ്ഥാപിച്ച് അവരുടെ സമരങ്ങളെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം. എത്രയും വേഗം പോലീസും മാവോയിസ്റ്റുകളും കാടുവിട്ടുപോകുകയാണ് വേണ്ടത്.
മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ചത്. (2017 നവംബര്‍ 12)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in