ദളിതന്നെ എച്ചിലെടുപ്പിച്ചത് നിങ്ങള്‍ക്ക് പ്രശ്‌നമല്ലായിരുന്നു.

പ്രമോദ് പുഴങ്കര ലോ അക്കാദമി സമരത്തില്‍ ‘തോറ്റമ്പിയില്ലേ, സമരക്കാരെ’ എന്നു ചോദിക്കുന്നവര്‍ അതങ്ങിനെ ചോദിക്കും എന്നതില്‍ അത്ഭുതമില്ലെങ്കിലും ഇടവഴികളില്‍ കമ്മ്യൂണിസ്റ്റുകാര്‍ നയിച്ച സമരങ്ങളുടെ ഇങ്ക്വിലാബ് മുഴക്കം ഇപ്പോഴുമുള്ള ഒരു നാടിന്റെ ഓര്‍മ്മകളെ അത് സങ്കടഭരിതമാക്കുന്നുണ്ട്. മാര്‍ക്ക് തട്ടിപ്പ് നടത്തിയ, വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച, സ്വന്തം നിയമബിരുദം പോലും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന, ദളിത വിദ്യാര്‍ത്ഥികളെക്കൊണ്ട് എച്ചിലെടുപ്പിച്ച, പുലയനെന്നും ചോവനെന്നുമൊക്കെ സ്വന്തം വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ചു വിളിച്ച, ഭൂമി തട്ടിപ്പ് നടത്തിയ, ഒരു പൊതു ട്രസ്റ്റ് വഴി ഉണ്ടാക്കിയ സ്ഥാപനം […]

sfi

പ്രമോദ് പുഴങ്കര

ലോ അക്കാദമി സമരത്തില്‍ ‘തോറ്റമ്പിയില്ലേ, സമരക്കാരെ’ എന്നു ചോദിക്കുന്നവര്‍ അതങ്ങിനെ ചോദിക്കും എന്നതില്‍ അത്ഭുതമില്ലെങ്കിലും ഇടവഴികളില്‍ കമ്മ്യൂണിസ്റ്റുകാര്‍ നയിച്ച സമരങ്ങളുടെ ഇങ്ക്വിലാബ് മുഴക്കം ഇപ്പോഴുമുള്ള ഒരു നാടിന്റെ ഓര്‍മ്മകളെ അത് സങ്കടഭരിതമാക്കുന്നുണ്ട്.
മാര്‍ക്ക് തട്ടിപ്പ് നടത്തിയ, വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച, സ്വന്തം നിയമബിരുദം പോലും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന, ദളിത വിദ്യാര്‍ത്ഥികളെക്കൊണ്ട് എച്ചിലെടുപ്പിച്ച, പുലയനെന്നും ചോവനെന്നുമൊക്കെ സ്വന്തം വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ചു വിളിച്ച, ഭൂമി തട്ടിപ്പ് നടത്തിയ, ഒരു പൊതു ട്രസ്റ്റ് വഴി ഉണ്ടാക്കിയ സ്ഥാപനം സകല തട്ടിപ്പും കാണിച്ചു സ്വന്തമാക്കിയ ഒരു സവര്‍ണ്ണ/നായര്‍ കുറ്റവാളി കുടുംബത്തിനും, അക്കൂട്ടത്തിലെ അധമയായ ഒരു സ്ത്രീക്കുമെതിരെ നിങ്ങള്‍ നടത്തിയ സമരം തോറ്റു തുന്നം പാടിയില്ലെ എന്നാണവര്‍ ആക്രോശിക്കുന്നത്. ഞങ്ങള്‍ അവരുമായി നടത്തിയ ചില ഒത്തുതീര്‍പ്പുകള്‍ക്കപ്പുറം ഒന്നും സാധ്യമല്ല എന്ന് അന്നേ പറഞ്ഞില്ലേ എന്നാണവര്‍ ഗോഷ്ടി കാണിക്കുന്നത്.
ശരിയാണ്, കൂടുതലായി ഏറെയൊന്നും നടന്നില്ല. ഒത്തുതീര്‍പ്പില്‍ സര്‍ക്കാര്‍ കൂടി ഭാഗഭാക്കായി എന്ന അത്ര മോശമല്ലാത്ത ഒരു സംഗതിയൊഴിച്ചാല്‍.
പക്ഷേ ഒന്നുണ്ട്, നിങ്ങള്‍, കേരളം ഭരിക്കുന്ന സര്‍ക്കാരിലെ മുഖ്യകക്ഷിയായ സി പി എമ്മാണ് ആ സമരത്തെ ലജ്ജാകരമായ തോല്‍വിയിലേക്ക് തള്ളിവിടാനുള്ള എല്ലാ ഹീനശ്രമങ്ങളും നടത്തിയത്. അത് രാഷ്ട്രീയ എതിരാളികളെ തോല്‍പ്പിക്കലാണെന്നും ചരിത്രത്തിലെ സമരവിജയങ്ങളെല്ലാം തങ്ങള്‍ക്ക് മാത്രമാണെന്നുമുള്ള സഹതാപര്‍ഹമായ മിഥ്യാബോധത്തിലേക്ക് എത്തിയതുകൊണ്ടാണത്. ജാതീയതയുടെ നാറുന്ന തുപ്പല്‍ പുരട്ടിയ വാക്കുകള്‍ ഒരു ദളിതന്റെ ആത്മാഭിമാനത്തിന്റെ മുഖത്തേക്കും പാടവരമ്പിലൂയര്‍ത്തിയ ഒരു കൊടിയേ നോക്കി ഞങ്ങടെ കൊടി, ഞങ്ങടെ പാര്‍ടി എന്ന് പറഞ്ഞ, ഇതാ ഞങ്ങടെ സഖാക്കന്‍മാര്‍, നേതാക്കന്മാര്‍ എന്ന് വിളിച്ച ചേറ്റില്‍ ജീവിച്ച്, ചേറുപുരണ്ട കഞ്ഞികുടിച്ച്, ചേറ്റുപാടത്തെ കുടിലുകളില്‍ ആരുമറിയാതെ മരിച്ച ആയിരക്കണക്കിന് മനുഷ്യരുടെ സമരവീര്യത്തിന്റെ സത്യസന്ധതയിലേക്കുമാണ് പതിച്ചത്. വിസ്മയമതാ ചുറ്റിലും മണ്ണിന്‍/വിസ്മൃതശ്മശാനങ്ങളില്‍ നിന്നും, നൂണുപൊന്തുന്നു പന്തവുമേന്തി/ഞാനറിയുന്നോര്‍/ഞാനറിയാത്തോര്‍…ഭൂതവര്‍ത്തമാനങ്ങള്‍തന്‍ ഗൂഢ/പ്രേതശാലതന്നസ്ഥികൂടങ്ങള്‍…
അങ്ങനെയൊരു ആക്ഷേപം വന്നപ്പോള്‍ ഇക്കാലത്തുമങ്ങനെയോ എന്നൊന്നമ്പരുക്കുക പോലും ചെയ്യാതെ, വരൂ തറവാടികളെ ഞങ്ങളുടെ നയശാലകളിലേക്ക്, ഇരിക്കൂ ചായയോ കാപ്പിയോ, മുട്ടുവേദനയിപ്പോഴുമുണ്ടോ, കുഴമ്പും തൈലവും മുടക്കണ്ട,കുട്ടികളല്ലെ വാശി കാണിക്കും, മറ്റവന്മാരെ കാര്യമാക്കണ്ട, എന്നൊക്കെ രാജ്യതന്ത്രത്തിന്റെ എഞ്ചുവടികള്‍ ഉരുക്കഴിക്കുകയായിരുന്നു നിങ്ങള്‍ ചെയ്തത്. നായന്‍മാരുടെ പടത്തലവന്റെ പേരിലല്ല, പാവങ്ങളുടെ പടത്തലവനെന്നു വിളിക്കുന്ന ഒരു സഖാവിന്റെ പേരിലുള്ള, നാട്ടിലെ പട്ടികജാതി കോളനിയിലെ കര്‍ഷകത്തൊഴിലാളി കൂടി പിരിച്ചുനല്‍കി ഉണ്ടാക്കിയ സ്വന്തമെന്ന് കരുതുന്ന ഒരു പാര്‍ടി ആപ്പീസിലേക്കാണ് നിങ്ങള്‍ ജാതിക്കോമരങ്ങള്‍ക്ക് മാന്യമായ ചര്‍ച്ചയൊരുക്കിയത്. ദളിതന്നെ എച്ചിലെടുപ്പിച്ചത് നിങ്ങള്‍ക്കിപ്പോഴും വെറുമൊരു പോലീസ് കേസാണ്. അങ്ങനെ വിളിച്ചവര്‍ക്ക് വരമ്പത്താണ് കൂലിയെന്ന് നിങ്ങള്‍ താക്കീതു നല്‍കുന്നില്ല. വിരട്ടാന്‍ നോക്കേണ്ടെന്ന് നിങ്ങളുടെ മുഖ്യമന്ത്രി പറയുന്നില്ല. പിതൃശൂന്യ നായരെ എന്നാരും ഉറക്കത്തില്‍പ്പോലും മന്ത്രിക്കുന്നില്ല. പകരം മാതൃകാവിദ്യാലയമായിരുന്നു എന്റെ വിദ്യാലയം എന്ന നഴ്‌സറി പാട്ടും പാടി, കക്ഷത്ത് നായര്‍ നല്കിയ നിയമബിരുദദാനത്തിന്റെ സാക്ഷ്യപത്രവും വെച്ച് കളമൊഴീഞ്ഞു നിങ്ങളുടെ ക്ഷോഭിക്കുന്ന യുവത്വം. (വ്യാജക്ഷോഭത്തില്‍ തിളയ്ക്കുന്ന കമ്മ്യൂണിസ്റ്റ് സോമയാജികള്‍ CPI ക്കാരുടെ കക്ഷത്തുമുണ്ടെ നായര്‍ നല്‍കിയ ദാനപത്രങ്ങള്‍ ധാരാളം)
രാജിവെച്ചാല്‍ തിരിച്ചു കയറും എന്നും മാറ്റി നിര്‍ത്തുന്നതാണ് ഫലപ്രദമെന്നുമൊക്കെയുള്ള വാദങ്ങള്‍ നിങ്ങള്‍ ഒരു ചളിപ്പുമില്ലാതെ ആവര്‍ത്തിച്ചു. തൂക്കിക്കൊല്ലാന്‍ പറ്റുമോ എന്ന് നിങ്ങള്‍ തിരിച്ചു ചോദിക്കാന്‍ തുടങ്ങി. നിങ്ങളുടെ പക്ഷവും പക്ഷപാതവും ലജ്ജാഹീനമായി പുറത്തെടുത്തു. ജാതിവെറിയുടെ ആരോപണം നേരിട്ട ഒരാളെ, ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരം എന്ന് വിളിച്ച് നിങ്ങള്‍ നടത്തുന്ന ടി വി ചാനലില്‍ പരിപാടി നടത്താന്‍ ആരോപണമുക്തയാകുന്നതുവരെ വിളിക്കില്ല എന്നുപറയാനുള്ള ധാര്‍മികത പോലും നിങ്ങള്‍ കാണിച്ചില്ല. കാരണം ദളിതന്നെ എച്ചിലെടുപ്പിച്ചത്, പുലയാ നിനക്കു മാത്രമേയുള്ളൂ കുഴപ്പം എന്ന് ചോദിച്ചത് നിങ്ങള്‍ക്ക് പ്രശ്‌നമല്ലായിരുന്നു.
ഉമ്മഞ്ചാണ്ടിക്കും നിങ്ങള്‍ക്കും ഒരേ വ്യവസായി കാബിനറ്റ് റാങ്ക് നല്‍കാവുന്ന തരത്തില്‍ സ്വീകാര്യനാവുന്നതിന്റെ മൂലധന രാഷ്ട്രീയം മാത്രമാണ് അതിന്റെ അടുക്കളയില്‍ വേവുന്നതെന്ന് നിങ്ങള്‍ പരസ്യമായി പറഞ്ഞു. സ്വഭാവ സര്‍ടിഫിക്കറ്റ് നോക്കിയാണോ ആളുകളെ പരിപാടിക്ക് വിളിക്കുന്നതെന്ന് പരിഹസിച്ചു. ദളിത പീഡനം നിങ്ങള്‍ക്ക് വെറുമൊരു സ്വഭാവപ്രശ്‌നം മാത്രമായി. Politicaleconomy എന്ന വാക്ക് ഇ എം എസ് അക്കാദമിയിലെ ഏതോ മുറിയില്‍ ഒളിച്ചിരുന്നു. അതിന് പേടിയായി തുടങ്ങിയിരുന്നു.
പ്രശ്‌നം ആഴ്ച്ചകള്‍ പിന്നിട്ടപ്പോള്‍ അതില്‍ ഭൂമി തട്ടിപ്പ് വിവാദമായിട്ടും അപൂര്‍വമായൊരു പ്രതികാരണത്തിന് തയ്യാറായപ്പോള്‍ നിങ്ങളുടെ നേതാവ് വിജയന്‍ അലസമായ മറവികളില്‍ ചാഞ്ഞിരുന്നു. ഏതോ ഒരു പിള്ളയെന്ന് അയാള്‍ പുച്ഛിച്ചു. വിദ്യാഭ്യാസ ട്രസ്റ്റിന് നല്‍കിയ ഭൂമി ദുരുപയോഗം ചെയ്തതിന്റെ പേരില്‍ അത് തിരിച്ചുപിടിക്കണമെന്ന ആവശ്യത്തോടും അത്തരമൊരു ട്രസ്റ്റെങിനെ ഒരു കുടുംബ ട്രസ്റ്റായെന്നുമുള്ള പ്രശ്‌നങ്ങളില്‍ ഒരന്വേഷണം പോലും നടത്താന്‍ തയ്യാറാകാതെ, സര്‍ സി പി പിടിച്ച് സര്‍ക്കാരില്‍ ചേര്‍ത്ത ഭൂമി ഏതോ പിള്ളയുടെ മക്കള്‍ക്കിപ്പോള്‍ തീര്‍ച്ചുനല്‍കാനാവില്ലെന്ന തട്ടിപ്പ് മറുപടി നിങ്ങള്‍ പറഞ്ഞു, യഥാര്‍ത്ഥ ആവശ്യത്തില്‍ നിന്നും അപഹാസ്യമായി നിങ്ങള്‍ ഒഴിഞ്ഞു മാറി. പരിതാപകരമായ വിധത്തില്‍ ക്ഷുദ്രന്‍മാരായ ഒരാള്‍ക്കൂട്ടം അതിനുവേണ്ടി കയ്യടിച്ചപ്പോള്‍ ആ ഊര്‍ജത്തില്‍ നിങ്ങള്‍ വീണ്ടും വെല്ലുവിളിച്ചു.
എല്ലാ പ്രശ്‌നങ്ങളെയും നിങ്ങള്‍ അപഹസിക്കുകയായിരുന്നു. ഇത്രയൊക്കെയേ നടക്കൂ എന്ന് നിങ്ങള്‍ തീരുമാനിച്ചു. നിങ്ങളുടെ തീട്ടൂരത്തില്‍ എസ് എഫ് ഐക്കാര്‍ സമരം നിര്‍ത്തി. ആറ് മണിക്ക് പെണ്‍ ഹോസ്റ്റലുകള്‍ അടക്കുമെന്ന ഒത്തുതീര്‍പ്പില്‍ ഒപ്പിടുമ്പോള്‍ പുറത്ത് സമരം ചെയ്യുന്ന ഹോസ്റ്റല്‍ അന്തേവാസിനികളോടുകൂടെ ആലോചിക്കാനുള്ള സമരമര്യാദകള്‍ നിങ്ങള്‍ കാട്ടിലെറിഞ്ഞു. സമരം വിജയിച്ചെന്നു നിങ്ങള്‍ ആര്‍പ്പുവിളിച്ചു. ആറ് മണിക്കപ്പുറം പെണ്ണുങ്ങള്‍ക്ക് മാനം പോകുന്ന നാട്ടില്‍ നിങ്ങളുടെ ധര്‍മ്മരാജാവ് വാഴുന്നു!
എന്താവശ്യമാണ് നേടിയതെന്ന് നിങ്ങളവരെ അപഹസിക്കുന്നു. നിങ്ങള്‍ക്കിതൊന്നും ആവശ്യമല്ലേ? അനീതിയുടെ പേക്കൂത്തില്‍ നിങ്ങള്‍ക്കൊരു എതിര്‍പ്പുമില്ലേ? ജാതിവിവേചനത്തിനും അധിക്ഷേപത്തിനും കേസ് കൊടുക്കാന്‍ വൈകിയതെന്തെ എന്ന് നിങ്ങള്‍ മുഖം കൊട്ടുന്നു. ഒരു വിദ്യാര്‍ത്ഥി സംഘടനയില്‍ അംഗമായാല്‍ ഉടനെ പൊഴീഞ്ഞുപോയ്‌ക്കൊളും ജാതിയുടെ വീര്‍പ്പുമുട്ടലും ഉള്‍വലിയലും എന്ന് നിങ്ങള്‍ ആരെയാണ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്? വീണ്ടും വീണ്ടും നിങ്ങളുടെ സവര്‍ണ, മധ്യവര്‍ഗ പോരാളികള്‍ അവരെ അവഹേളിക്കുകയാണ്; നീ വലിയ നേതാവല്ലേ, എന്തേ പിന്നെ വൈകിയതെന്ന്? കൊടുത്ത പരാതികളുടെ കഥ നിങ്ങളുടെ കൂവിയാര്‍ക്കലില്‍ നിങ്ങള്‍ ഒതുക്കുന്നു. പൊലീസിന്റെ തരാതര വേഗങ്ങളില്‍ നിങ്ങള്‍ എത്ര തൃപ്തരാണ്‍
തോറ്റെന്നു പുച്ഛിക്കുന്ന ഓരോ ആവശ്യത്തെയും നിങ്ങള്‍ക്കൂടിയാണ് തോല്‍പ്പിച്ചത്. ആ തോല്‍വിയില്‍ വലിയൊരു രാഷ്ട്രീയ വഞ്ചനയുണ്ട്. നിങ്ങളെ നിങ്ങളാക്കിയ മനുഷ്യര്‍ പതിറ്റാണ്ടുകല്‍ക്കിപ്പുറവും മനുഷ്യന്‍ എന്ന പേര് വിളിച്ചുകിട്ടാന്‍ സമരം ചെയ്യേണ്ട ഗതികേടുള്ളപ്പോള്‍, നിങ്ങള്‍ ധനികരുടെ ലാവണങ്ങളിലേക്ക് മക്കളെ ശുപാര്‍ശ ചെയ്തയക്കുകയായിരുന്നു. ആ ധനികരാരും നിങ്ങളുടെ അച്ഛന്റെ പരിചയക്കാരായിരുന്നില്ല. ആത്മാഭിമാനത്തിനും ധനികഹുങ്കിനുമെതിരെ സമരം ചെയ്യുന്ന മനുഷ്യരുടെ രാഷ്ട്രീയവിശ്വാസത്തിന്റെ മുതുകത്ത് ചവിട്ടിക്കയറി നിങ്ങളുണ്ടാക്കിയ ബന്ധങ്ങളാണ്.
മനുഷ്യനാഗരികതയുടെ മഹായനങ്ങളില്‍ ഇത് പുതുമയല്ല.
കൊട്ടാരങ്ങള്‍, പല്ലക്കുകള്‍, രാജാക്കന്മാര്‍, അടിമകള്‍, പാടവരമ്പില്‍ ചവിട്ടിതാഴ്ത്തിയ പുലയര്‍, മുറിച്ചെറിഞ്ഞ മുലകള്‍ ഇതെല്ലാം ഇവിടെയുണ്ടായിരുന്നു. തകര്‍ത്തിട്ടും തകരാത്ത മുതുകുമായി നിവര്‍ന്നുനിന്ന മനുഷ്യരാണ് അതിനെ ചെറുത്തത്.
ഇന്നിപ്പോള്‍ ജാതിവ്യവസ്ഥയുടെ കാവല്‍ക്കാരായ സംഘപരിവാറുകാര്‍ സമരങ്ങളില്‍ നുഴഞ്ഞുകയറുമ്പോള്‍ വെല്ലുവിളി വലുതാണ്. എങ്കിലും ഒന്നുറപ്പാണ്, നിങ്ങളും പോകും. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ വെറും ധനികരാഷ്ട്രീയ കൂട്ടുകെട്ടായി മാറ്റിയ നിങ്ങളും പോകും. തോറ്റില്ലേ എന്നാര്‍ത്തുവിളിക്കുന്ന നിങ്ങളുടെ കങ്കാണികളും പോകും. എങ്കിലും വെല്ലുവിളികളുടെ നാറുന്ന പൂരം കഴിഞ്ഞിരിക്കുമ്പോള്‍, ആകിലും,സ്വയം വാലിനാല്‍ക്കുത്തി/ച്ചാകുമാ കരിന്തേളിനെപ്പോലെ ഒരു സാധ്യതയുണ്ടോ എന്നോര്‍ക്കണം. കാരണം ഒരു ജനതയുടെ സമരം അവരുടെതന്നെ ചരിത്രത്തെ അവകാശപ്പെടുന്ന നിങ്ങളെപ്പോല ഒരു കൂട്ടത്തോടാകേണ്ടിവരുന്നത് ഒരു രാഷ്ട്രീയദുരന്തമാണ്.

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply