ദലിത് രാഷ്ട്രീയം ജാതി രാഷ്ട്രീയമല്ല ,അത് ദലിത് ജനതകളുടെ മാത്രം രാഷ്ട്രീയവുമല്ല

എസ് എം രാജ് എന്താണ് ദലിത് രാഷ്ട്രീയം എന്ന് പലര്‍ക്കും അറിയില്ല .പലരും മനസിലാക്കിയിട്ടുള്ളത് അത് പട്ടികജാതി പട്ടികവര്‍ഗ്ഗജനവിഭാഗങ്ങള്‍ മാത്രം ചേര്‍ന്ന ,അവരുടെ മാത്രം സവിശേഷമായ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എന്തോ ഒരേര്‍പ്പാടാണ് എന്നാണ് .അതുകൊണ്ട് തന്നെ ദലിത് രാഷ്ട്രീയം എന്ന് കേള്‍ക്കുമ്പോഴേ അതേതാണ്ട് മൂക്കും കണ്ണും പൊത്തി മാത്രം സമീപിക്കേണ്ട ഒന്നായാണ് സവര്‍ണ്ണര്‍ എന്ന് സ്വയം കരുതുന്നവര്‍ വിചാരിക്കുന്നത് .ദലിത് രാഷ്ട്രീയം എന്ന് പറയുന്നത് സംവരണം സംരക്ഷിക്കാനുള്ള ഒരു പാര്‍ട്ടിയാണെന്നും ,സംവരണം തന്നെ അപമാനകരമായ ഒരു […]

amb

എസ് എം രാജ്

എന്താണ് ദലിത് രാഷ്ട്രീയം എന്ന് പലര്‍ക്കും അറിയില്ല .പലരും മനസിലാക്കിയിട്ടുള്ളത് അത് പട്ടികജാതി പട്ടികവര്‍ഗ്ഗജനവിഭാഗങ്ങള്‍ മാത്രം ചേര്‍ന്ന ,അവരുടെ മാത്രം സവിശേഷമായ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എന്തോ ഒരേര്‍പ്പാടാണ് എന്നാണ് .അതുകൊണ്ട് തന്നെ ദലിത് രാഷ്ട്രീയം എന്ന് കേള്‍ക്കുമ്പോഴേ അതേതാണ്ട് മൂക്കും കണ്ണും പൊത്തി മാത്രം സമീപിക്കേണ്ട ഒന്നായാണ് സവര്‍ണ്ണര്‍ എന്ന് സ്വയം കരുതുന്നവര്‍ വിചാരിക്കുന്നത് .ദലിത് രാഷ്ട്രീയം എന്ന് പറയുന്നത് സംവരണം സംരക്ഷിക്കാനുള്ള ഒരു പാര്‍ട്ടിയാണെന്നും ,സംവരണം തന്നെ അപമാനകരമായ ഒരു കാര്യമാണെന്ന് കരുതുന്ന ദലിതര്‍ അതുകൊണ്ട് തന്നെ ദലിത് രാഷ്ട്രീയത്തെ തങ്ങള്‍ക്ക് അയിത്തവും അസ്പ്രശ്യതയും അപമാനവും വരുത്തി വയ്ക്കുന്ന ഒന്നായാണ് സ്വയം കരുതുന്നത് .ഫലമോ ദലിത് രാഷ്ട്രീയം എന്നത് അണികള്‍ ഇല്ലാത്ത ഒന്നായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ കിടക്കുന്നു .വല്ലപ്പോഴും അവിടവിടെ ചില പൂവുകള്‍ വിടരുന്നുവെന്ന് മാത്രം .

ദലിത് എന്ന പദത്തിന് സാമൂഹ്യമായും സാമ്പത്തികവുമായുള്ള വലിയ അര്‍ത്ഥതലങ്ങള്‍ ചരിത്രപരമായി തന്നെയുണ്ട്. സാമൂഹ്യമായി ദലിത് എന്ന പദം ജാതീയമായ പീഡനങ്ങളേയും ,അയിത്തത്തേയും അസ്പ്രശ്യതയേയും സൂചിപ്പിക്കുമ്പോള്‍ എങ്ങനെയാണ് ചിലരെ സമ്പത്തില്‍ നിന്നും ഭൂമിയില്‍ നിന്നും അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തിയതെന്ന് സാമ്പത്തികമായ ദലിതത്വം സൂചിപ്പിക്കുന്നു .അയിത്തവും അസ്പ്രശ്യതയും ഹിന്ദുമതത്തിനു വെളിയില്‍ നൂറ്റാണ്ടുകളോളം അഹിന്ദുക്കളായി ജീവിച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ ജനതകള്‍ മാത്രമായിരുന്നില്ല അനുഭവിച്ചിരുന്നത് .സവര്‍ണ്ണരായ ബ്രാഹ്മണനും ,ക്ഷത്രീയനും വൈശ്യനും ശൂദ്രനും അഹിന്ദുക്കളായ പട്ടികജാതി പട്ടികവര്‍ഗ്ഗ ,ഈഴവ ,മറ്റു പിന്നോക്ക അഹിന്ദുക്കളോട് അയിത്തവും അസ്പ്രശ്യതയും പുലര്‍ത്തിയപ്പോള്‍ സവര്‍ണ്ണരില്‍ സമ്പന്നരും അധികാരം ഉള്ളവരുമായ ത്രൈവര്‍ണ്ണികര്‍ ,ബ്രാഹ്മണര്‍ വൈശ്യര്‍ ക്ഷത്രീയര്‍ മുതലായവര്‍ അവരുടെ തന്നെ ജനങ്ങളായ ശൂദ്രരോട് കടുത്ത അയിത്തവും അസ്പ്രശ്യതയും വിവേചനങ്ങളും നൂറ്റാണ്ടുകളോളം പുലര്‍ത്തിയിരുന്നു .ബ്രാഹ്മണരില്‍ നിന്നും നായന്മാര്‍ അനുഭവിച്ച അപമാനവും അയിത്തവും അസ്പ്രശ്യതയും വിവേചനങ്ങളും ഓര്‍ക്കുമല്ലോ .ശൂദ്രര്‍ ഹിന്ദുക്കളാണ് എന്ന് മേനിനടിക്കുമ്പോള്‍ അവര്‍ സൌകര്യപൂര്‍വ്വം മറക്കുന്നത് നൂറ്റാണ്ടുകളോളം അവര്‍ അനുഭവിച്ച അയിത്തവും അസ്പ്രശ്യതയും ചൂഷണങ്ങളും ആണ്. സാമൂഹ്യമായി പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ അനുഭവിച്ച അത്രയും ജാതി പീഡനങ്ങള്‍ ശൂദ്ര ഹിന്ദുക്കള്‍ അനുഭവിച്ചിട്ടില്ലെങ്കില്‍ പോലും അവര്‍ക്കും സഹിക്കേണ്ടി വന്നിരുന്നു കൊടിയ ജാതി പീഡനങ്ങള്‍ .നായര്‍ സ്ത്രീകളെ ഇഷ്ടാനുസരണം ഭോഗിക്കുകയും അതിലുണ്ടായ കുഞ്ഞുങ്ങളെ തൊട്ടാല്‍ അശുദ്ധനാകുമെന്ന് കരുതുകയും പറയുകയും ചെയ്ത ബ്രാഹ്മണരില്‍ നിന്നും എന്ത് അഭിമാനബോധമാണ് നായര്‍ക്ക് കിട്ടിയിട്ടുണ്ടാവുക എന്ന് വെറുതെ ഒന്ന് ചിന്തിക്കുക . പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ അനുഭവിച്ച സാമൂഹ്യമായുള്ള ദലിതത്വം കുറഞ്ഞ അളവില്‍ ആണെങ്കില്‍ പോലും ഹിന്ദു ശൂദ്രരും അനുഭവിച്ചിരുന്നു .

സാമൂഹ്യമായി ,ജാതീയമായി പഴയ ഹിന്ദു ശൂദ്രര്‍ ഇന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ ഈഴവാദി ജനതകള്‍ക്ക് മേലെ നില്‍ക്കുന്നതിലൂടെ അവര്‍ അവരുടെ പഴയ ശൂദ്രത്വത്തിന്റെ അപമാനങ്ങളെ ഒരു പരിധിവരെ മറികടക്കുകയും അത്തരം അപമാനങ്ങള്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും തങ്ങള്‍ അനുഭവിച്ചിട്ടില്ലെന്ന് ഭാവിക്കുന്നതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട് .എന്നാല്‍ പഴയ ശൂദ്രര്‍ എത്ര സാമൂഹ്യമേല്‍ക്കോയ്മ ഭാവിച്ചാലും അവരില്‍ പലരുടേയും പട്ടികജാതികള്‍ക്ക് തുല്യമായ സാമ്പത്തികാവസ്ഥ അവരെ ഒറ്റികൊടുക്കുക തന്നെ ചെയ്യും .നൂറ്റാണ്ടുകളോളം അവര്‍ അനുഭവിച്ച സാമൂഹ്യപിന്നോക്കാവസ്ഥകള്‍ തന്നെയാണ് ഇന്നവര്‍ അനുഭവിക്കുന്ന സാമ്പത്തിക പിന്നോക്കാവസ്ഥകളുടെ മൂലകാരണം അല്ലാതെ അവര്‍ കരുതുന്നതുപോലെ ദലിതര്‍ സംവരണം വാങ്ങുന്നതുകൊണ്ടല്ല അവര്‍ക്ക് ഭൂമിയില്ലാതെ പഠിക്കാന്‍ പണമില്ലാതെ തെണ്ടികള്‍ക്ക് തുല്യമായി ജീവിക്കേണ്ടി വരുന്നത് .

ഇന്നത്തെ ദലിത് ജനതകള്‍ ചരിത്രപരമായി അവരനുഭിച്ച സാമൂഹ്യവും സാമ്പത്തികവുമായ ദലിതത്വം അതേപടി ഇന്നും അനുഭവിക്കുമ്പോള്‍ ഹിന്ദു ശൂദ്രരരില്‍ നല്ലൊരു ഭാഗവും ഇന്നും സാമ്പത്തികമായ ദലിതത്വം അതേപടി അനുഭവിക്കുന്നവര്‍ തന്നെയാണ് .അധികാരങ്ങളില്‍ നിന്നും ,ഭൂമിയുടെ ഉടമസ്ഥതയില്‍ നിന്നും പാവപെട്ട നായന്മാര്‍ കൃത്യമായും ഒഴിച്ചു നിര്‍ത്തപ്പെട്ടിട്ടുണ്ട് .സാമൂഹ്യമായ മേല്‍ക്കോയ്മ അവര്‍ ഭാവിക്കുമ്പോഴും സമ്പത്തില്‍ നിന്നും അധികാരങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുന്നതു മൂലം അവരിന്നും സാമ്പത്തിക ദലിതത്വം അനുഭവിക്കുന്നുണ്ട് .എന്നാല്‍ സാമൂഹ്യമായി സവര്‍ണ്ണര്‍ എന്ന് കരുതുന്നതിലൂടെ തങ്ങള്‍ അനുഭവിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഹിന്ദുമതം തങ്ങളോട് ചെയ്ത അനീതികള്‍ ആണെന്ന് കാണുന്നതിന് പകരം പാവപെട്ട പട്ടികജാതി പട്ടികവര്‍ഗ്ഗ ജനതകളുടെ മെക്കിട്ട് കയറുകയാണ് ചെയ്ത് വരുന്നത് .സവര്‍ണ്ണരിലെ പാവപെട്ടവരും ദലിതരും സാമ്പത്തികമായി ഒരേ ദലിതത്വം പേറുന്നവര്‍ ആണെന്ന വലിയ സത്യമാണ് സവര്‍ണ്ണരിലെ പാവപെട്ടവര്‍ സൌകര്യപൂര്‍വ്വം മറക്കുന്നത് .തങ്ങളുടെ ദാരിദ്ര്യത്തിനു കാരണം സവര്‍ണ്ണരിലെ സമ്പന്നര്‍ തങ്ങളോടു പുലര്‍ത്തിയ അന്യായങ്ങള്‍ ആണെന്ന് സവര്‍ണ്ണരിലെ പാവപെട്ടവര്‍ എന്ന് തിരിച്ചറിയുമോ അന്നേ അവര്‍ക്ക് മനസിലാകൂ തങ്ങളുടെ ദാരിദ്ര്യം മാറ്റാന്‍ സവര്‍ണ്ണ സമ്പന്നരുടെ രാഷ്ട്രീയം കൊണ്ട് സാധ്യമല്ലെന്നും അതിനു വേണ്ടത് ദലിത് രാഷ്ട്രീയം തന്നെയാണെന്നും . നായരും ദലിതനും പട്ടിണി കിടക്കുന്നുവെങ്കില്‍ അതിന്റെ ചരിത്രപരമായ കാരണം ദലിതരുടെ സംവരണമല്ല മറിച്ച് സവര്‍ണ്ണ ഹിന്ദുക്കളിലെ സമ്പന്നരുടെ ജാതീയമായ പീഡനങ്ങള്‍ ആണെന്ന് എന്നാണോ നായരിലെ പാവപെട്ടവര്‍ തിരിച്ചറിയുന്നത് അന്നവര്‍ മനസിലാക്കും ദലിത് രാഷ്ട്രീയം എന്ന് പറയുന്നത് ദലിതരുടെ മാത്രം രാഷ്ട്രീയമൊ ജാതിവാദമോ അല്ലെന്ന് . ആ വലിയ തിരിച്ചറിവാണ് കേരളത്തിലെ ജനതകള്‍ക്ക് ഇല്ലാതെ പോകുന്നത്.പട്ടിണി കിടക്കുന്ന നായര്‍ക്കും ദലിതനും ഇടയില്‍ ബ്രാഹ്മണ്യത്തിന്റെ മനുസ്മൃതി ഉയര്‍ത്തിയ വലിയ ജാതികോട്ടകള്‍ ഉണ്ട് എന്നാല്‍ തങ്ങളെ ഒന്നിപ്പിക്കുന്ന ദാരിദ്ര്യത്തിന്റെ കാരണവും അതെ മനുസ്മൃതി തന്നെയാണെന്ന് അവര്‍ തിരിച്ചറിയണം .ആ തിരിച്ചറിവാണ് ദലിത് രാഷ്ട്രീയത്തിന്റെ മൂലധനം .ഇടതുപക്ഷ രാഷ്ട്രീയവും ദലിത് രാഷ്ട്രീയവും രണ്ടായി നില്‍ക്കുന്ന തലം ഇതാണ്.ദലിത് രാഷ്ട്രീയം ശത്രുപക്ഷത്ത് നിര്‍ത്തുന്നത് മനുസ്മൃതിയെ ആകുമ്പോള്‍ ഇടതുപക്ഷം അതിനെ കണ്ടില്ലെന്നു നടിക്കുന്നു .ഇടതുപക്ഷം മുതലാളിയുടെ ജാതിയെ വര്‍ഗ്ഗം കൊണ്ടു മറയ്ക്കുമ്പോള്‍ ദലിത് രാഷ്ട്രീയം അതിനെ വെളിപ്പെടുത്തുന്നു തുറന്നെതിര്‍ക്കുന്നു .

ദലിതരുടെ വീട്ടില്‍ ചെന്നാല്‍ വെള്ളം പോലും കുടിക്കാതെ ജാതിമേന്മ കാണിക്കുന്ന പട്ടിണിക്കാരന്‍ നായര്‍ നിലനിര്‍ത്തുന്നത് അയാളുടെ ജാതിമേന്മയല്ല മറിച്ച് സവര്‍ണ്ണ സമ്പന്നജാതിവാദിയുടെ അളിഞ്ഞ ജാതിമേന്മയാണെന്ന് അയാള്‍ തിരിച്ചറിയണം. ആ തിരിച്ചറിവിലാണ് ദലിത് രാഷ്ട്രീയത്തിന്റെ ബീജം കിടക്കുന്നത്.

ഫേസ് ബുക്ക് പോസ്്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply