ദലിത് രാഷ്ട്രീയം എന്തുകൊണ്ട് കേരളത്തില്‍ വേരുപിടിക്കുന്നില്ല
എസ് എം രാജ് മായാവതി ബാംസെഫിന്റെ (BAMSEF) ഓഫീസില്‍ താമസിക്കുന്ന സമയത്ത് മകളെ ഒരു IAS കാരിയാക്കണം എന്നായിരുന്നു അവരുടെ അച്ഛന്‍ ആഗ്രഹിച്ചത് .എന്നാല്‍ കാന്‍ഷിറാം മായാവതിയില്‍ ഭാവിയിലെ ദലിത് നേതാവിനെ കണ്ടെത്തിയിരുന്നു . പിതാവിന്റെ ആഗ്രഹത്തിനും രാഷ്ട്രീയ ഗുരുനാഥന്റെ ആഗ്രഹത്തിനും നടുവില്‍ ചാഞ്ചാടി നിന്ന മായാവതിയോട് കാന്‍ഷിറാം പറഞ്ഞത് എന്തിനു നീ IAS കാരിയാകണം ,നൂറുകണക്കിന് IAS കാരെ നിയമിക്കുന്ന മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ നിനക്കാകാന്‍ കഴിയുമ്പോള്‍ എന്നായിരുന്നു . കാന്‍ഷിറാം മായാവതിക്കൊരു വെറും വാക്കും സ്വപ്നവും […]
എസ് എം രാജ്
മായാവതി ബാംസെഫിന്റെ (BAMSEF) ഓഫീസില്‍ താമസിക്കുന്ന സമയത്ത് മകളെ ഒരു IAS കാരിയാക്കണം എന്നായിരുന്നു അവരുടെ അച്ഛന്‍ ആഗ്രഹിച്ചത് .എന്നാല്‍ കാന്‍ഷിറാം മായാവതിയില്‍ ഭാവിയിലെ ദലിത് നേതാവിനെ കണ്ടെത്തിയിരുന്നു . പിതാവിന്റെ ആഗ്രഹത്തിനും രാഷ്ട്രീയ ഗുരുനാഥന്റെ ആഗ്രഹത്തിനും നടുവില്‍ ചാഞ്ചാടി നിന്ന മായാവതിയോട് കാന്‍ഷിറാം പറഞ്ഞത് എന്തിനു നീ IAS കാരിയാകണം ,നൂറുകണക്കിന് IAS കാരെ നിയമിക്കുന്ന മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ നിനക്കാകാന്‍ കഴിയുമ്പോള്‍ എന്നായിരുന്നു . കാന്‍ഷിറാം മായാവതിക്കൊരു വെറും വാക്കും സ്വപ്നവും നല്‍കുകയായിരുന്നില്ല മറിച്ച് അദ്ദേഹം പറഞ്ഞയിടത്ത് അവരെ എത്തിക്കുക തന്നെ ചെയ്തു. ജാതീയമായ പീഡനങ്ങള്‍ മറ്റൊരിടത്തും കാണാത്ത രീതിയില്‍ ദലിതര്‍ അനുഭവിക്കുന്ന ഉത്തര്‍പ്രദേശില്‍ ദലിത് രാഷ്ട്രീയം വളര്‍ത്താന്‍ മായാവതിക്കും കാന്‍ഷി റാമിനും കഴിഞ്ഞു . നിരക്ഷരരായ അനുയായികളില്‍ നിന്നും രാഷ്ട്രീയ ബോധമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു എന്നത് ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ് .സാക്ഷരരായ ദലിതുകള്‍ ഏറ്റവും കൂടുതലുള്ള, രാഷ്ട്രീയ ബോധമുള്ള ദലിതരുള്ള കേരളത്തില്‍ എന്തുകൊണ്ട് ദലിത്പക്ഷ രാഷ്ട്രീയം വളര്‍ന്നു വരുന്നില്ല .
ദലിതരില്‍ ഭൂരിപക്ഷവും പാരമ്പര്യമായി തന്നെ ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ആണ് . ജാതിയും മതവും ജാതിവാലും പൂണൂലും ആവശ്യാനുസരണം സവര്‍ണ്ണസഖാക്കള്‍ ഉപയോഗിക്കുമെങ്കിലും ഒരൊറ്റ ദലിതരും ജാതിയോ മതമോ ഈ മണ്ണില്‍ ഉള്ളതായി എന്തിന് ഉണ്ടായിരുന്നതായിപോലും പറയില്ല ഭാവിക്കില്ല. ജാതിരഹിത മതരഹിത വ്യക്തിത്വം എല്ലായ്‌പ്പോഴും പൊതുഇടങ്ങളില്‍ നിലനിര്‍ത്തുക എന്നത് ജീവിത വ്രതമായ എടുത്തിട്ടുള്ളവരാണ് ദലിത് സഖാക്കളില്‍ ഏറെക്കുറെ എല്ലാവരും .പഠിക്കുമ്പോഴും പിന്നീട് സര്‍ക്കാര്‍ ജോലിക്കാര്‍ ആകുമ്പോഴും കമ്യൂണിസ്റ്റ് പ്രേതം അവരെ വിടാതെ പിന്തുടരും .എത്ര ഉച്ചാടനം ചെയ്താലും വിട്ടുപോകാത്ത ഒഴിയാബാധയായി അതവര്‍ക്കൊപ്പം നില്‍ക്കുന്നു .ഉത്തര്‍പ്രദേശിലെ ദലിത് രാഷ്ട്രീയത്തിന്റെ തുടക്കകാലങ്ങളില്‍ മായാവതിക്കും കാന്‍ഷിറാമിനും പുറകില്‍ ആളും അര്‍ത്ഥവുമായി നിന്നത് അവിടുത്തെ ദലിത് സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്നു.എന്നാല്‍ അത്തരത്തില്‍ ഒന്ന് കേരളത്തില്‍ നടക്കാനുള്ള വിദൂരമായ സാധ്യതപോലും ഉള്ളതായി തോന്നുന്നില്ല .കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും തറവാട്ടിലേ തീന്മേശയില്‍ ഒപ്പമിരുത്തി ചോറുകൊടുക്കാന്‍ സവര്‍ണ്ണര്‍ തയ്യാറാകുന്ന ഒരൊറ്റ ദലിത് നേതാവിനേയും ഉണ്ടാക്കാന്‍ ഇക്കാലമത്രയും കഴിഞ്ഞിട്ടും കേരളത്തിനു കഴിഞ്ഞിട്ടില്ല എന്നത് സൂചിപ്പിക്കുന്നത് ദലിത് ജനതകള്‍ ഇന്നും കുഴികുത്തി ഇലയിട്ട് തിന്നുന്നവര്‍ മാത്രമാണ് എന്ന് തന്നെയാണ് .
ദലിത് രാഷ്ട്രീയത്തെ പിന്നോട്ട് കൊണ്ടുപോകുന്ന മറ്റൊരു പ്രധാനകാരണം ദലിതരേ ജാതികുടത്തിലടച്ച് അതിന്മേല്‍ നിധികാക്കുന്ന ഭൂതങ്ങളെപോലെ ഇരിക്കുന്ന ജാതി സംഘടനകള്‍ ആണ് .ജാതിക്കും മതത്തിനും അതീതരായി ദലിത് ജനതകള്‍ ഒരൊറ്റ സമുദായം ആണെന്ന വലിയ ചരിത്രബോധം ചെറുതായി പോലും തലയില്‍ കയറിയിട്ടില്ലാത്ത ദലിത് ജാതി മത സംഘടനകള്‍ ദലിത് രാഷ്ട്രീയത്തെ വന്ധ്യംകരിക്കുന്നതില്‍ ഒരര്‍ത്ഥത്തില്‍ മത്സരിക്കുകയാണ് .പട്ടികജാതി പട്ടികവര്‍ഗ്ഗ സാമാജികര്‍ എങ്ങനെയാണോ പൂനാ പാക്റ്റ് സന്തതികള്‍ ആയി
നില്‍ക്കുന്നത് അതുപോലെ തന്നെയാണ് ദലിത് സംഘടനകള്‍ സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി നില്‍ക്കുന്നത്. കേരളത്തിലെ സവര്‍ണ്ണ രാഷ്ട്രീയം തറവാട്ടു സ്വത്തായി കൊണ്ടുനടക്കുന്ന എയ്ഡഡ് സംവിധാനത്തിനെതിരേ വലിയ ബഹുജന രാഷ്ട്രീയ സമരം നടത്തേണ്ട ദലിത് സംഘടനകള്‍ തന്നെ പിച്ചക്കാരുടേതിനു സമാനമായി ഒന്നോ രണ്ടോ കോളേജുകള്‍ വാങ്ങി സവര്‍ണ്ണ വൈകൃതത്തി നൊപ്പം അഴിമതിക്കും
കോഴക്കും കൊടി പിടിക്കുന്നു എന്നത് തന്നെ ഇത്തരം ജാതി സംഘടനകളുടെ രാഷ്ട്രീയ പാപ്പരത്വത്തെയാണ്
വെളിപ്പെടുത്തുന്നത് .ജാതിക്കും മതത്തിനുമതീതമായി ദലിത്
സ്വത്വ ബോധമുള്ള ഒരു രാഷ്ട്രീയ സമുദായമായി ദലിതരെ
മാറ്റുവാന്‍ ഈ ജാതി മത സംഘടനകള്‍ക്ക് പറ്റിയില്ല .അത്തരം വിശാല വീക്ഷണമുള്ള നേതാക്കള്‍ അവരില്‍ നിന്നും ഉണ്ടായതുമില്ല .
ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തുടങ്ങിയിട്ട് നൂറു വര്‍ഷം പോലുമാകാത്ത ദലിത് ജനതകള്‍ ഇന്ന് ബ്രാഹ്മണരേക്കാള്‍ വലിയ ഹൈന്ദവര്‍ ആയി നടിക്കുകയാണ് . ഹിന്ദുത്വം ശരീരത്തിലും മനസിലും നിറയ്ക്കുമ്പോള്‍ ദലിതര്‍ മറന്നുപോകുന്ന രണ്ടുകാര്യങ്ങള്‍ ഉണ്ട് .ഒന്ന് നൂറ്റാണ്ടുകളോളം തങ്ങളെ ക്രൂരമായി പീഡിപ്പിച്ചവരിലാണ് അവര്‍ അവരുടെ സഹോദരരെ കാണുന്നത് എന്നതാണ്. മറ്റൊന്ന് സ്വന്തം പൈതൃകവും ചരിത്രവും മറക്കുകയും തങ്ങളുടെ തന്നെ സഹോദരര്‍ ആയ ദലിത് ക്രിസ്ത്യാനിയോട് അടങ്ങാത്ത പകയും വിദ്വേഷവും വെച്ചു പുലര്‍ത്തുകയും ചെയ്യുന്നു എന്നതാണ് .ഈ മിഥ്യയായ ഹൈന്ദവ ബോധം ദലിതരുടെ ഐക്യത്തെ തടയുന്നു എന്ന് മാത്രമല്ല അവരെ ഹിന്ദുത്വവര്‍ഗ്ഗീയതയുടെ പാളയത്തിലെ ചണ്ടാളര്‍ ആക്കുകയും ചെയ്യുന്നു .ബ്രാഹ്മണര്‍ മതം മാറിയവരാണ് തങ്ങളെന്ന മത ന്യൂനപക്ഷങ്ങളുടെ ഭാവവും ,ഞങ്ങളിപ്പോള്‍ തനി നമ്പൂതിരിമാര്‍ തന്നെയാണെന്ന പഴയ അയിത്തക്കാരായ പിന്നോക്കാരുടെ നാട്യവും കൂടി ചേര്‍ന്നപ്പോള്‍ പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന മട്ടിലായി കേരളത്തിലെ ദലിത് രാഷ്ട്രീയം.
പ്രായോഗികതലത്തില്‍ ഈ വിഷയത്തെ സമീപിക്കുമ്പോള്‍ എന്തുകൊണ്ട് ദലിത് രാഷ്ട്രീയത്തിനൊപ്പം ആളുകള്‍ നില്‍ക്കുന്നില്ല എന്ന് വ്യക്തമായി കാണാന്‍ കഴിയും. സാധാരണക്കാര്‍ ഒരു പാര്‍ട്ടിയില്‍ നില്‍ക്കുന്നത് അവരുടെ ദൈനംദിന കാര്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരാശ്രയം എന്ന നിലയില്‍ ആണ്. ഉദാഹരണത്തിന് പോലീസ് സ്റ്റേഷനിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഓഫീസിലോ ഒരു കാര്യം സാധിക്കാനാണ് ജനങ്ങള്‍ പൊതുവേ രാഷ്ട്രീയക്കാര്‍ക്ക് ഒപ്പം നില്‍ക്കുന്നത് .ഈ കാര്യത്തിന് സാധാരണക്കാര്‍ക്ക് ദലിത് പാര്‍ട്ടികള്‍ ഉപകാരപ്പെടാറില്ല .അതുകൊണ്ട് തന്നെ കക്ഷത്തിലുള്ളത് കളയാന്‍ ആരും തയ്യാറാവില്ല എന്ന് വ്യക്തമാണല്ലോ .ഈയൊരവസ്ഥ മാറണമെങ്കില്‍ ദലിത് ജനതകള്‍ ജാതി ഉപജാതി മത വൈരങ്ങളും മിഥ്യയായ ജാതിയഭിമാനങ്ങളും മാറ്റി വെച്ചുകൊണ്ട് ഒരു രാഷ്ട്രീയ സമുദായമായി ,സമുദായ ശക്തിയായി കേരളത്തിലെ പൊതുസമൂഹത്തില്‍ സ്വയം അടയാളപ്പെടുത്തുക തന്നെവേണം .അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവര്‍ക്ക് മുന്‍പില്‍ ഇല്ല . ഏതെങ്കിലും ദലിത് ജാതി സംഘടനയോ അതിന്റെ നേതാക്കളോ എന്തെങ്കിലും മാറ്റം ഈ നാട്ടില്‍ ഉണ്ടാക്കും എന്നാരെങ്കിലും സ്വപ്നം കാണുന്നുവെങ്കില്‍ അത് മലര്‍പൊടി ക്കാരന്റെ ദിവാസ്വപ്നം മാത്രമായിരിക്കും .ജനാധിപത്യത്തില്‍ രാഷ്ട്രീയാധികാരം ഇല്ലാത്തവര്‍ മരിച്ചവര്‍ക്ക് തുല്യമാണ് . ജീവിക്കുമ്പോഴും ചീയാന്‍ മാത്രമായിരിക്കും അവരുടെ വിധി .സമ്പത്തിനു മുകളില്‍ പട്ടിണി കിടക്കുന്നവരാണ് ദലിത് ജനതകള്‍. രാഷ്ട്രീയഐക്യമുള്ള ഒരു സമുദായം ആകുക എന്നതാണവരുടെ സമ്പത്ത് .അതാ ജനത മറക്കരുത് .
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in