ദയാബായി – ചൂഷിതര്‍ക്കു സാന്ത്വനം ഈ ‘പച്ചവിരല്‍’

ഐ.ഗോപിനാഥ് വര്‍ഷങ്ങള്‍ക്കു മുമ്പ് ദയാബായിയുടെ ജീവിതത്തെ കുറിച്ച്, ‘പച്ചവിരല്‍’ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ എഴുതിയത്. സംസ്‌കാരസമ്പന്നമായ കേരളം എന്നും എന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. 24കാരനായ സത്‌നാംസിംഗിനെ ഇല്ലാതാക്കിയ നാടിനുവേണ്ടി ഞങ്ങള്‍ മാപ്പുചോദിക്കുന്നു. ദൈവത്തിന്റെ നാട് എന്നത് പരസ്യവാചകത്തില്‍ മാത്രമായെന്നു തോന്നുന്നു. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ നിന്ന് പിടിക്കപ്പെട്ട് ദൂരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ സത്‌നാംസിഗിന്റെ ബീഹാറിലെ വസതിയിലെത്തി, മാതാപിതാക്കളുടെ മുന്നില്‍ തൊഴുകൈയോടെ നിന്ന് മാപ്പിരന്നത് ദയാബായി. ഓരോ മലയാളിക്കും വേണ്ടിയാണ് ദയാബായി മാപ്പ് പറഞ്ഞത്. ദയാബായി അങ്ങനെയാണ്. അല്ലെങ്കില്‍ […]

dd

ഐ.ഗോപിനാഥ്

വര്‍ഷങ്ങള്‍ക്കു മുമ്പ് ദയാബായിയുടെ ജീവിതത്തെ കുറിച്ച്, ‘പച്ചവിരല്‍’ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ എഴുതിയത്.

സംസ്‌കാരസമ്പന്നമായ കേരളം എന്നും എന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. 24കാരനായ സത്‌നാംസിംഗിനെ ഇല്ലാതാക്കിയ നാടിനുവേണ്ടി ഞങ്ങള്‍ മാപ്പുചോദിക്കുന്നു. ദൈവത്തിന്റെ നാട് എന്നത് പരസ്യവാചകത്തില്‍ മാത്രമായെന്നു തോന്നുന്നു. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ നിന്ന് പിടിക്കപ്പെട്ട് ദൂരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ സത്‌നാംസിഗിന്റെ ബീഹാറിലെ വസതിയിലെത്തി, മാതാപിതാക്കളുടെ മുന്നില്‍ തൊഴുകൈയോടെ നിന്ന് മാപ്പിരന്നത് ദയാബായി. ഓരോ മലയാളിക്കും വേണ്ടിയാണ് ദയാബായി മാപ്പ് പറഞ്ഞത്.
ദയാബായി അങ്ങനെയാണ്. അല്ലെങ്കില്‍ കോട്ടയത്ത ജനിച്ച് ബീഹാറില്‍ കന്യാസ്ത്രീയാകാന്‍പോയ മേഴ്‌സി എന്ന പെണ്‍കുട്ടി ആദിവാസികളുടെ പ്രിയപ്പെട്ട ദയാബായി ആകുമായിരുന്നില്ലല്ലോ. മനുഷ്യനായ ദൈവമാണ് എന്റെ മുന്നിലുള്ളത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ അവനെ കണ്ടെത്തുന്നു. അവന്റെ സഹനങ്ങളെ, അനീതികള്‍ക്കിരയായവനിലേക്കും പാവപ്പെട്ടവനിലേക്കും ദുരിതമനുഭവിക്കുന്നവനിലേക്കും എത്തുന്ന അവന്റെ തിരിച്ചറിവിനെ. അവന്‍ പിറന്നത് ഇവര്‍ക്കുവേണ്ടിയാണ്. അതുകൊണ്ട് എന്റെ ക്രിസ്മസ് ദാരിദ്രത്തിന്റെ ഉത്സവമാണ്.”
ഒരു വശത്ത് ഹസാരിബാഗിലെ കൃസ്ത്യന്‍ കോണ്‍വെന്റിലെ ധാരാളിത്തത്തിലും പകിട്ടിലും രമിക്കുന്ന ക്രിസ്മസ്.. മറുവശത്ത് കോണ്‍വെന്റ് മുറ്റത്ത് തമ്പടിച്ച ആദിവാസികളുടെ ദാരിദ്ര്യത്തിന്റെ യും പട്ടിണിയുടേയും ക്രിസ്മസ്.. അതേറെ നേരം കണ്ടുനില്ക്കാന്‍ 22കാരി ദയാബായിക്കു കഴിഞ്ഞില്ല. ആ ക്രിസ്മസ് രാത്രിയില്‍ മദര്‍ സൂപ്പീരിയറിന്റെ മുറിയില്‍ മുട്ടി ദയാബായി പറഞ്ഞു.. മതി, എനിക്കവരുടെ കൂടെ പോണം.
1941ല്‍ പാലായിലെ പൂവരണിയില്‍ ജനിച്ച മേഴ്‌സി 1958ലായിരുന്നു ബീഹാറിലെ ഹസാരിബാഗ് കോണ്‍വെന്റില്‍ കന്യാസ്ത്രീയാകാന്‍ ചേര്‍ന്നത്. പരിശീലനം പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ 1965ല്‍ അവര്‍ കോണ്‍വെന്റ് വിടുകയായിരുന്നു. ബീഹാറിലെ പലോമ ജില്ലയില്‍ പൂര്‍ണ്ണമായും ഗോത്രവര്‍ഗ്ഗമേഖലയായ മഹോഡ ഗ്രാമത്തിലെ ഹെസ്‌കൂളില്‍ ഒന്നരകൊല്ലം അധ്യാപികയായി പ്രവര്‍ത്തിച്ചതോടെ കോണ്‍വെന്റ് വിടാനുള്ള തന്റെ തീരുമാനം ശരിയായിരുന്നു എന്നവര്‍ തിരിച്ചറിഞ്ഞു. ചൂഷണത്തിനും പീഡനത്തിനും വിധേയരായ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളുടെ ദുരന്തങ്ങള്‍.. ഇവരോടൊപ്പം ജീവിക്കല്ലല്ലാതെ, ഇവര്‍ക്കുവേണ്ടി ജീവിക്കലല്ലാതെ മറ്റെന്താണ് ക്രിസ്തുവിലേക്കുള്ള പാത. വസ്ത്രധാരണം പോലും ദയാബായി മാറ്റി തികച്ചും ആദിവാസി ശൈലിയില്‍. കഴുത്തിലും കൈകളിലും സ്റ്റീല്‍ റിങ്ങിട്ട്, വലിയൊരു പൊട്ടും തൊട്ട്, കടും നിറത്തിലുള്ള ഒരു പഴഞ്ചന്‍ കോട്ടന്‍ സാരി ചുറ്റിയെടുത്ത്.. കുളിക്കുമ്പോള്‍ ഒരു ആദിവാസി സ്ത്രീ, അണിഞ്ഞിരിക്കുന്ന ബ്രായെ കുറിച്ച് ചോദിച്ചപ്പോള്‍ അതും അവര്‍ ഉപേക്ഷിച്ചു. ഒപ്പം ബ്രായണിയുന്നത് പഠിപ്പിച്ചുതരാമെന്നു പറഞ്ഞ് ആദിവാസി പെണ്‍കുട്ടികളെ കൊണ്ടുപോയി ലൈംഗികചൂഷണം ചെയ്യുന്നവര്‍ക്കെതിരായ സമരവും ആരംഭിച്ചു അതിനിടയില്‍ ആദിവാസി വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ മുതല്‍ പോലീസുകാരും എം.എല്‍.എമാരുംവരെ എത്രയോ പേര്‍ ദയാബായിക്കുനേരേയും അക്രമണത്തിനു മുതിര്‍ന്നു. എന്നാല്‍ ദയാബായിക്കുമുന്നില്‍ അവരെല്ലാം തോറ്റു. അങ്ങനെ ദയാബായി അവര്‍ക്കു കുരക്കുന്ന പെണ്‍പട്ടിയായി. എന്നാല്‍ ദളിതരുടെ കൊലപാതകങ്ങളടക്കമുള്ള സംഭവങ്ങളില്‍ നീതി ലഭിക്കും വരെ പോരാടിയപ്പോള്‍ അവര്‍ കടിക്കും പട്ടിതന്നെയാണെന്ന് സവര്‍ണ്ണവര്‍ഗ്ഗം തിരിച്ചറിഞ്ഞു.
ദളിതരുടേയും ആദിവാസികളുടേയും കൂടെ കഴിയുകയും അവരുടെ രീതിയില്‍ വസ്ത്രമണിയുകയും ചെയ്യുന്നതിന് സമൂഹത്തിലെ മാന്യന്മാരുടെ ഭാഗത്തുനിന്നു നേരിടേണ്ടിവന്ന അവഹേളനങ്ങള്‍ എത്ര ഒരിക്കല്‍ ട്രെയിന്‍ യാത്രയില്‍ മലയാളിയാണെന്നറിയാതെ മലയാളി ദമ്പതികള്‍ പറഞ്ഞ അധിക്ഷേപത്തിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്ന ദയാബായി പാവപ്പെട്ടവനെ അധിക്ഷേപിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാരന് ഭാഷ, ജാതി, മത, വര്‍ഗ്ഗ അന്തരങ്ങള്‍ ഇല്ലെന്നു പറയുന്നു. എന്നാല്‍ ഓരോ അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴും തന്റെ ജീവിതദൗത്യത്തെ കൂടുതല്‍ കൂടുതല്‍ ഉറപ്പിക്കുകയായിരുന്നു ദയാബായി.
പെന്‍ഷനുവേണ്ടിയല്ല സമരം ചെയ്തതെന്നുപറഞ്ഞ് സ്വാതന്ത്ര്യസമര പെന്‍ഷന്‍ ഉപേക്ഷിച്ച പിതാവ് മാത്യു തന്നെയായിരുന്നു ദയാബായിയുടെ ആദ്യവഴികാട്ടി. പിന്നെ ലോകമെമ്പാടും പ്രത്യേകിച്ച് ലാറ്റിനമേരിക്കയില്‍ ശക്തിപ്പെട്ട വിമോചന ദൈവശാസ്ത്രം. നിരവധി പ്രദേശങ്ങളില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണം അവരും നേരിട്ടു. എന്നാല്‍ മനുഷ്യനായി പരിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു ദയാബായിയുടെ പോരാട്ടങ്ങളുടെ സന്ദേശം. ചിലപ്പോള്‍ ദയാബായിയെ നക്‌സലൈറ്റാക്കാനും അധികാരികള്‍ മടിച്ചില്ല. ആദിവാസികോളനികളില്‍ മാത്രമായിരുന്നില്ല അവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നത്. ഏറെ കാലം മുംബൈ ചേരികളില്‍, 1971ല്‍ ബംഗ്ലാദേശ് യുദ്ധകാലത്ത് കല്‍ക്കട്ടയില്‍, വാതക ദുരന്തത്തെ തുടര്‍ന്ന് ഭോപ്പാലില്‍, കൊടുങ്കാറ്റും പേമാരിയും തകര്‍ത്താടിയ ആന്ധ്രയില്‍, വെള്ളപ്പൊക്ക ദുരന്തങ്ങളെ തുടര്‍ന്ന് ഹരിയാനയില്‍, സിക്കു വിരുദ്ധ കലാപങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍, മേധാ പഠ്ക്കറോടൊപ്പം സര്‍ദാര്‍ സരോവറില്‍, മുസ്ലിം കൂട്ടകൊലയെ തുടര്‍ന്ന് ഗുജറാത്തില്‍, മധ്യപ്രദേശിലെ ചിന്ത്വാഡയില്‍ ബറൂള്‍ എന്ന ഗോത്രഗ്രാമത്തില്‍ പിതാവ് പോലും ഒരിക്കല്‍ ചോദിച്ചു, ‘ഇത്രക്കുവേണോ മോളേ” ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ക്രൂശിതനായ ക്രിസ്തുവിനെ ചൂണ്ടികാട്ടി ‘പപ്പാ, ഇത്രക്ക വേണമായിരുന്നോ’ എന്നായിരുന്നു ദയാബായിയുടെ തിരിച്ചുള്ള ചോദ്യം.. തീര്‍ച്ചയായും ആ യഥാര്‍ത്ഥ ഗാന്ധിയന്‍ ഉള്ളാലെ അഭിമാനം കൊണ്ടിരിക്കും
സാമൂഹ്യപ്രവര്‍ത്തനത്തിന് തന്നെ തേടിവന്ന മുഴുവന്‍ പുരസ്‌കാരങ്ങളും പെന്‍ഷന്‍ നിരസിച്ച പിതാവിനെപോലെ അവരും നിരസിച്ചു. റോമിലെത്തിയപ്പോള്‍ ദയാബായി പോയത് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലോ പോപ്പല്‍ പാലസിലോ ആയിരുന്നില്ല, മറിച്ച് ബുദ്ധിസ്റ്റ് മെഡിറ്റേഷന്‍ സെന്ററിലേക്കായിരുന്നു. ഫ്രാങ്ക്ഫര്‍ട്ടിലെ അന്താരാഷ്ട്ര മനുഷ്യാവകാശ സമ്മേളനത്തിലും വിയന്നയിലെ പരിസ്ഥിതി സമ്മേളനത്തിലും മുംബൈയിലെ വേള്‍ഡ് സോഷ്യല്‍ ഫോറത്തിലും അവഗണിക്കപ്പെടുന്നവരുടെ ശബ്ദം ദയാബായിയിലൂടെ മുഴങ്ങി. അവിടേയും അവര്‍ ആദിവാസിവേഷത്തിലായിരുന്നു.. ചിലരെങ്കിലും അപ്പോള്‍ അര്‍ദ്ധനഗ്‌നനായ ഫക്കീറിനെ ഓര്‍ത്തിരിക്കും. ഇപ്പോള്‍ ബറൂളില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ കൂടെ മുഖ്യമായും ജൈവകൃഷി, ജലസംരക്ഷണ മേഖലകളിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ദയാബായിയുടെ ജീവിതം പുസ്തകരൂപത്തില്‍ ലഭ്യമാണ്. പച്ചവിരല്‍. സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുള്ളവരുടെ ആത്മകഥകളിലൂടെ സമീപകാലത്ത് സമ്പന്നമായ മലയാളത്തിന് വിലപ്പെട്ട ഒരു കൃതി കൂടി. വര്‍ഷാവസാനം പുറത്തിറങ്ങിയിട്ടും പോയ വര്‍ഷത്തില്‍ ശ്രദ്ധേയമായ രീതിയില്‍ വിറ്റഴിഞ്ഞ കൃതി. മുത്തങ്ങയില്‍ പോലീസ് നടത്തിയ ആദിവാസി നരനായാട്ടിനെ തുടര്‍ന്ന്് പോലീസിനെ ജനാധിപത്യവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പുസ്തകം രചിച്ച് കോണ്‍സ്റ്റബിള്‍ വില്‍സന്‍ ഐസകാണ് രചയിതാവ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply