തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ : സത്യം പുറത്തുവരുമോ?

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആന വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണല്ലോ. ആനയെ അപായപ്പെടുത്താല്‍ ഭക്ഷണത്തോടൊപ്പം ബ്ലെഡ് ചേര്‍ത്ത സംഭവമാണ് അതിനുള്ള പ്രധാന കാരണമായിട്ടുള്ളത്. എന്നാല്‍ വളരെ പ്രസക്തമായ പല കാര്യങ്ങളും മൂടിവെച്ചാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. മറ്റാനകളോടെന്ന പോലെ ഈ ആനയോടും നമ്മള്‍, കപട ആനപ്രേമികള്‍ ഇതിനു മുമ്പു നടത്തിയ. പീഡനങ്ങളും അതിന്റെ പ്രതികാരമായി രാമചന്ദ്രന്‍ നടത്തിയ കൊലകളും ആരും ചര്‍ച്ച ചെയ്യുന്നില്ല. ചര്‍ച്ച ചെയ്താല്‍ മലയാളിയുടെ ആനപ്രേമത്തിന്റെ കാപട്യം പുറത്താകുമെന്നതുതന്നെ പ്രധാന കാരണം. അത്തരം പീഡനങ്ങളുടെ തുടര്‍ച്ചയായേ ഈ […]

thechi2 തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആന വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണല്ലോ. ആനയെ അപായപ്പെടുത്താല്‍ ഭക്ഷണത്തോടൊപ്പം ബ്ലെഡ് ചേര്‍ത്ത സംഭവമാണ് അതിനുള്ള പ്രധാന കാരണമായിട്ടുള്ളത്. എന്നാല്‍ വളരെ പ്രസക്തമായ പല കാര്യങ്ങളും മൂടിവെച്ചാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. മറ്റാനകളോടെന്ന പോലെ ഈ ആനയോടും നമ്മള്‍, കപട ആനപ്രേമികള്‍ ഇതിനു മുമ്പു നടത്തിയ. പീഡനങ്ങളും അതിന്റെ പ്രതികാരമായി രാമചന്ദ്രന്‍ നടത്തിയ കൊലകളും ആരും ചര്‍ച്ച ചെയ്യുന്നില്ല. ചര്‍ച്ച ചെയ്താല്‍ മലയാളിയുടെ ആനപ്രേമത്തിന്റെ കാപട്യം പുറത്താകുമെന്നതുതന്നെ പ്രധാന കാരണം. അത്തരം പീഡനങ്ങളുടെ തുടര്‍ച്ചയായേ ഈ സംഭവത്തേയും കാണാനാകൂ. ‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂരിന്റെ പള്‍സാണ്, ദൈവപുത്രന്‍, ഏതു ആനപ്രേമിയുടേയും മനസ്സില്‍ ദൈവസ്ഥാനമാണ് രാമചന്ദ്രന്’ എന്ന കഴിഞ്ഞ ദിവസത്തെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഉദ്ധരിച്ച് വാര്‍ത്ത ചമക്കുന്ന മാതൃഭൂമി പത്രമടക്കമുള്ള മാധ്യമങ്ങളും പഴയ ചരിത്രം മറച്ചുവെക്കുന്നു. കഴിഞ്ഞ തൃശൂര്‍ പൂരസമയത്ത് ഏഷ്യാനെറ്റ് ന്യൂസിലും സമാനമായ വാര്‍ത്ത വന്നിരുന്നു. ഇക്കുറി തൃശൂര്‍ പൂരത്തിന്റെ തലേദിവസം തെക്കെ ഗോപുരനട, നെയ്തക്കാവ് ഭഗവതിക്കുവേണ്ടി തുറക്കാനെത്തുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണെന്ന വാര്‍ത്തയായിരുന്നു അത്. കേരളത്തിലെ ഏറ്റവുമധികം ഉയരവും ആരാധകരമുള്ള ഈ ആനയുടെ ഗുണഗണങ്ങള്‍ വിശദീകരിച്ച ശേഷം ചാനല്‍ പറഞ്ഞത് വിവിധ കാരണങ്ങളാല്‍ ഈ ആന കഴിഞ്ഞ 10 വര്‍ഷമായി തൃശൂര്‍ പൂരത്തില്‍ പങ്കെടുത്തില്ല എന്നാണ്. അതേകുറിച്ച് ചോദിച്ചപ്പോള്‍ തെച്ചിക്കോട്ടുകാവിലെ ചിലര്‍ പറയുന്നു, ആരൊക്കെയോ പാര വെക്കുന്നു എന്ന്. എന്നാല്‍ എന്താണ് വിവിധകാരണങ്ങള്‍ എന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്ക് അറിയാത്തതാണെന്നു കരുതാനാകില്ല. ഇക്കാലയളവില്‍ ഇടഞ്ഞ് ഏഴോളം പേരെ കൊല്ലപ്പെടുത്തിയ ആനയാണ് രാമചന്ദ്രനെന്നതാണ് യാഥാര്‍ത്ഥ്യം. തിരുവമ്പാടി ചന്ദ്രശേഖരനടക്കം പല കൂട്ടാനകളേയും രാമചന്ദ്രന്‍ കുത്തിയിട്ടുമുണ്ട്. ഒരിക്കല്‍ തത്തമംഗലം വേല കഴിഞ്ഞു മടങ്ങും വഴി മംഗലാംകുന്ന് കര്‍ണന്‍ എന്ന ആനയെയും രാമചന്ദ്രന്‍ കുത്തിയിട്ടുണ്ട്. എന്നാല്‍ അതിനെല്ലാമുള്ള പ്രധാന കാരണം ആരാധകരെന്നവകാശപ്പെടുന്നവരില്‍ നിന്ന് രാമചന്ദ്രന്‍ നേരിട്ട പീഡനവും. പാപ്പാന്മാരുടെ പീഡനമാണ് രാമചന്ദ്രന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് എല്ലാവര്‍ക്കുമറിയാം. കാര്യമായി ആരുമത് പറയുന്നില്ല എന്നു മാത്രം. രാമചന്ദ്രന് നല്‍കാന്‍ തയാറാക്കിയ ഔഷധച്ചോറില്‍ ബ്‌ളേഡ് കഷണങ്ങള്‍ കണ്ടത്തെിയ സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഭക്ഷണത്തില്‍ ബ്‌ളേഡ് പൊട്ടിച്ചിട്ട് ആനയെ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്നാണ് സംശയം. ആനയെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന ആരോപണവുമായി ആനപ്രേമികളുടെ സംഘടനയും രംഗത്തത്തെിയിട്ടുണ്ട്. ബ്‌ളേഡ് കഷണം ആനയുടെ വയറ്റിലത്തെിയാല്‍ മരണം സംഭവിക്കുമെന്ന് പരിശോധനക്കത്തെിയ വെറ്ററിനറി സര്‍വകലാശാലായിലെ ഡോ. ടി.എസ്. രാജീവ് പറഞ്ഞിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും ഏറ്റവുമധികം ഉയരമുള്ള ആനകളില്‍ ഒന്നാണിത്. ഏഷ്യയില്‍ ഉയരത്തില്‍ ഇതിന് രണ്ടാംസ്ഥാനമാണെന്നു പറയപ്പെടുന്നു. ബീഹാറിയായ ഈ ആനയ്ക്ക് 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍നീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടല്‍, ഉറച്ച കാലുകള്‍, എന്നിവയാണ് രാമചന്ദ്രന്റെ പ്രത്യേകതകള്‍. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഈ ആന എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാല്‍ തിടമ്പിറക്കുംവരെയും തല എടുത്തുപിടിച്ചുനില്‍ക്കുമെന്നതാണ് ആകര്‍ഷണീയതയെന്ന് ആനപ്രേമികള്‍ പറയുന്നു. 1964 ല്‍ ജനിച്ച ഈ ആനയെ ബിഹാറിലെ ആനച്ചന്തയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ മോട്ടിപ്രസാദ് എന്നായിരുന്ന് പേര്. പിന്നീട് തൃശ്ശൂരിലെ വെങ്കിടാദ്രിസ്വാമി, രാമചന്ദ്രനെ വാങ്ങിയപ്പോള്‍ ഗണേശന്‍ എന്ന് പേരിട്ടു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങുന്നത്. അന്ന് ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രന്‍ എന്ന പേര് നല്‍കി. എത്ര തുക ചിലവിട്ടാലും ഏറ്റവും വലിയ/പ്രശസ്തനായ ആനയെ തന്നെ തങ്ങളുടെ ഉത്സവങ്ങള്‍ക്ക് അണിനിരത്തുവാന്‍ വിവിധ കമ്മറ്റിക്കാരും കരക്കാരും തമ്മില്‍ മല്‍സരിക്കുകയായിരുന്നു. 2013 ജനുവരി 21നു തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ ഗ്രാമത്തിലെ മാമ്പുള്ളിക്കാവ് ഉത്സവത്തിനു രാമചന്ദ്രനെ രണ്ടു ലക്ഷത്തി അമ്പത്തയ്യായിരം രൂപയ്ക്കാണ് ലേലത്തിനെടുത്തത്. കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളില്‍ എഴുന്നിള്ളിച്ചുള്ള രാമചന്ദ്രന് പല നാടുകളിലും വലിയ ആരാധകവൃന്ദമുണ്ട്. രാമചന്ദ്രന് ഗജരാജകേസരി, ഗജസാമ്രാട്ട്, ഗജചക്രവര്‍ത്തി തുടങ്ങി ഒട്ടേറെ ബഹുമതികളും കിട്ടിയിട്ടുണ്ട്.ചക്കുമരശ്ശേരി, ചെറായി തുടങ്ങിയ സ്ഥലങ്ങളില് നടക്കുന്ന തലപൊക്ക മത്സരങ്ങളില് വിജയ കിരീടം ചൂടിയിട്ടുള്ള രാമചന്ദ്രന് ഇത്തിത്താനം ഗജമേളയടക്കം ഉള്ള പ്രമുഖ ഗജ മേളകളിലും വിജയിയായിട്ടുണ്ട്. അതേസമയം മോശപ്പെട്ട വാര്‍ത്തകളും കുറവല്ല. 2013 ജനുവരി 27ന് പെരുമ്പാവൂരിലെ കുറുപ്പംപടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ കുത്തേറ്റ് മൂന്നു സ്ത്രീകള്‍ മരിച്ചു. എന്നാല്‍ ആ സംഭവത്തിന്റെ യഥാര്‍ത്ഥ കാരണമെന്താണ്? ജനവരി 25ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് ആറു വരെയും രാത്രി 12 മുതല്‍ 26നു പുലരര്‍ച്ചെ അഞ്ചുമണിവരെയും കുന്നംകുളത്തിനടുത്ത് ഈ ആനയെ എഴുന്നള്ളിച്ചിരുന്നു. അതിനു ശേഷം കോട്ടയത്തേക്കു കൊണ്ടുപോയ ഈ ആനയെ 26നു പകലും രാത്രിയും അവിടെയും വിശ്രമമില്ലാതെ എഴുന്നള്ളിച്ച ശേഷമാണു 27നു പുലര്‍ച്ചെ പെരുമ്പാവൂരിലേക്കു കൊണ്ടുവരുന്നത്. 160 കിലോമീറ്ററിലേറെയാണ് ഈ ആന 48 മണിക്കൂറിനുള്ളില്‍ യാത്ര ചെയ്തത്. ആനകള്‍ക്കും ആളുകള്‍ക്കും നില്‍ക്കുവാന്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത ഒരിടത്തായിരുന്നു എഴുന്നള്ളിപ്പ്. ഈ സാഹചര്യത്തില്‍ മറ്റെന്തു സംഭവിക്കും? എന്നാല്‍ ആനയോട് ഈ ക്രൂരത ചെയ്തവരൊന്നും ശിക്ഷിക്കപ്പെട്ടില്ല. അവര്‍ക്കെതിരെയായിരുന്നു കൊലക്ക് കേസെടുക്കേണ്ടിയിരുന്നത്. ഇതിനു മുന്‍പും രാമചന്ദ്രന്‍ ഇടഞ്ഞു ആളുകളെ കൊന്നിട്ടുണ്ട്. 2009ല്‍ ഏറണാകുളത്തപ്പന്‍ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി. 2011ല്‍ കുന്ദുംകുളത്തിനടുത്ത് ഒരു ബാലനെയും ഈ ആന കൊന്നു. ആനയ്ക്കു ചുറ്റും വലിയ ആള്‍ക്കൂട്ടം നിരന്ന് ആഘോഷമായിട്ടായിരുന്നു എഴുന്നള്ളിപ്പ്. പെട്ടെന്ന് ഒരു ബസ്സ് അതുവഴി വന്നു. ആനയ്ക്കും ബസ്സിനുമിടയില്‍ ആളുകള്‍ തിങ്ങി. അതിനിടയില്‍ ആരോ ആനയുടെ കാലിനിടയില്‍ പടക്കം പൊട്ടിച്ചു. പരിഭ്രാന്തനായ ആന മുന്നോട്ട് ചാടി. ആ ചാട്ടത്തില്‍ ബാലന്‍ കൊല്ലപ്പെട്ടു. അവിടേയും വെടിപൊട്ടിച്ചവനെതിരെ ഒരു നടപടിയുമുണ്ടായില്ല. ഇത്രയധികം പേരെ കാലപുരിക്കയച്ച ആനയെ എഴുന്നള്ളിക്കരുത് എന്ന ചട്ടം ലംഘിച്ചാണ് ഇപ്പോഴും രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത്. ആനയായാലും തെരുവുനായ്ക്കളായാലും മനുഷ്യനെ ഉപദ്രവിക്കാന്‍ കാരണം നമ്മുടെ പീഡനങ്ങളാണെന്ന് വ്യക്തം. എന്നിട്ടും നായ്ക്കളെ കൊല്ലാനാവശ്യപ്പെടുന്നവരാണ് നാം. ആനയാകട്ടെ കാട്ടുമൃഗമാണ്. ആരു ശ്രമിച്ചാലും പൂര്‍ണ്ണമായി മെരുക്കാനാവാത്ത മൃഗം. കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്രയോ ഉത്സവപറമ്പുകള്‍ കുരുതിക്കളങ്ങളായി എന്നിട്ടും ആനപ്രേമത്തിന്റെ കപടനാടകം നാം തുടരുന്നു. നിയമങ്ങളെല്ലാം ലംഘിക്കുന്നു. ഒരിക്കല്‍ രാമചന്ദ്രനെ എഴുന്നള്ളിക്കാനാവില്ല എന്നവസ്ഥ വന്നപ്പോള്‍ ഉപേക്ഷിക്കാനുള്ള നീക്കം നടന്നതായി വാര്‍ത്തയുണ്ടായിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ആനയെ തിരിച്ചു കൊണ്ടുവന്നത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ സംഭവത്തെ നോക്കികാണേണ്ടത്. ശരിയായ രീതിയില്‍ അന്വേഷണം നടന്നാല്‍ ഞെട്ടിപ്പിക്കുന്ന ഉത്തരമായിരിക്കും ലഭിക്കാന്‍ സാധ്യത. മിക്കവാറും കള്ളന്‍ കപ്പലില്‍ തന്നെയായിരിക്കും. എന്നാല്‍ അവിടേക്ക് പോലീസ് എത്തുമോ? കാത്തിരുന്നുകാണാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply