നഗരമധ്യത്തില്‍ മൃഗപീഢനം തുടരുമ്പോള്‍…

മൃഗശാല എന്ന പേരില്‍ തൃശൂരിന്റെ ഹൃദയഭാഗത്ത് നടക്കുന്നത് മൃഗപീഡനം. ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ മൃഗശാലക്ക്. മൃഗങ്ങളുടെ എണ്ണവും ഇനവും വര്‍ദ്ധിച്ചു. ഇവയുടെ ദുരിതാവസ്ഥ കണ്ട് ആനന്ദിക്കാനെത്തുന്നവരുടെ എണ്ണവും പെരുകിവരുന്നു. ‘ഒരു രാജ്യത്തിന്റെ സംസ്‌ക്കാരത്തെക്കുറിച്ചറിയാന്‍ ആ രാജ്യത്തെ ജനങ്ങള്‍ മൃഗങ്ങളോട് എങ്ങിനെ പെരുമാറുന്നു എന്ന് നിരീക്ഷിച്ചാല്‍ മതി ‘ എന്നു പറഞ്ഞത് ഗാന്ധിജി. എങ്കില്‍ സാംസ്‌കാരികനഗരം എന്ന പേരിന് ഒരു അര്‍ഹതയുമില്ലാത്ത നഗരമായി തൃശൂര്‍ മാറും. കാരണം ഇന്ത്യയില്‍തന്നെ ഏറ്റവും മോശപ്പെട്ട അവസ്ഥയാണ് തൃശൂരിലെ മൃഗശാലയുടേത്. ഉരഗങ്ങളും, […]

xx

മൃഗശാല എന്ന പേരില്‍ തൃശൂരിന്റെ ഹൃദയഭാഗത്ത് നടക്കുന്നത് മൃഗപീഡനം. ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ മൃഗശാലക്ക്. മൃഗങ്ങളുടെ എണ്ണവും ഇനവും വര്‍ദ്ധിച്ചു. ഇവയുടെ ദുരിതാവസ്ഥ കണ്ട് ആനന്ദിക്കാനെത്തുന്നവരുടെ എണ്ണവും പെരുകിവരുന്നു. ‘ഒരു രാജ്യത്തിന്റെ സംസ്‌ക്കാരത്തെക്കുറിച്ചറിയാന്‍ ആ രാജ്യത്തെ ജനങ്ങള്‍ മൃഗങ്ങളോട് എങ്ങിനെ പെരുമാറുന്നു എന്ന് നിരീക്ഷിച്ചാല്‍ മതി ‘ എന്നു പറഞ്ഞത് ഗാന്ധിജി. എങ്കില്‍ സാംസ്‌കാരികനഗരം എന്ന പേരിന് ഒരു അര്‍ഹതയുമില്ലാത്ത നഗരമായി തൃശൂര്‍ മാറും. കാരണം ഇന്ത്യയില്‍തന്നെ ഏറ്റവും മോശപ്പെട്ട അവസ്ഥയാണ് തൃശൂരിലെ മൃഗശാലയുടേത്. ഉരഗങ്ങളും, പക്ഷികളും, മൃഗങ്ങളുമായി 52 ഇനങ്ങളിലായി 544 ജീവികള്‍ ഇടുങ്ങിയ കൂടുകളില്‍ അര്‍ദ്ധപ്രാണരായി നരകിക്കുകയാണ്. പിറന്നുവീണ മണ്ണില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അര്‍ഹതയും അവകാശവുമുണ്ടായിരുന്ന ഇവയെ മനുഷ്യന്റെ ആനന്ദത്തിനുവേണ്ടി കൂടുകളില്‍ തളച്ചു. നിലനില്‍ക്കുന്ന മിനിമം നിയമങ്ങള്‍പോലും പാലിക്കപ്പെടാതെ.
ആഗോളതലത്തില്‍ മൃഗശാലകളില്‍ നടക്കുന്ന പീഡനങ്ങള്‍ സജീവവിഷയമായി ഉയര്‍ന്ന് ദശകങ്ങളായി. നിരവധി പ്രക്ഷോഭങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ശേഷം നിലവില്‍ വന്ന വേള്‍ഡ് സൂ കോണ്‍സെര്‍വേഷന്‍ സ്ട്രാറ്റജി മൃഗശാലകള്‍ക്ക് ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിരുന്നു. അവര്‍ മുന്നോട്ടുവെച്ച ആഗോളരേഖ അനുസരിച്ച് ഓരോ ജീവിക്കും ഏറ്റവും ചുരുങ്ങിയ വിധത്തിലെങ്കിലും ലഭ്യമാക്കേണ്ട ആവാസസ്ഥാനത്തിന്റെ വിസ്തൃതിയെക്കുറിച്ചും അനുബന്ധസൗകര്യങ്ങളെക്കുറിച്ചും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതുകൊണ്ട് തൃശൂര്‍ മൃഗശാല അടച്ചുപൂട്ടണമെന്ന് 1995 സെന്‍ട്രല്‍ സൂ അതോറിറ്റി (കേന്ദ്ര മൃഗശാലാ അതോറിറ്റി) ഉത്തരവിട്ടു. എന്നാല്‍ ഈ ജീവികളെയെല്ലാം നഗരത്തിനടുത്തുളള പുത്തൂരിലെ വനപ്രദേശത്തെ വിശാലമായ ആവാസസ്ഥാനത്തേക്ക് മാറ്റുന്നതിനുളള നടപടികള്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ് എന്ന് എല്ലാവര്‍ഷവും സെന്‍ട്രല്‍ സൂ അതോറിറ്റിക്ക് കത്ത് നല്‍കിക്കൊണ്ടാണ് തൃശൂരിലെ മൃഗപീഡനകേന്ദ്രം അതിന്റെ പ്രവര്‍ത്തനം തുടരുന്നത്.
പതിനേഴ് വര്‍ഷം പിന്നിട്ടിട്ടും സ്ഥിതിയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ഒരു മൃഗത്തിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 15- 20 വര്‍ഷമാണ്. ഒരു ജന്മം മുഴുവന്‍ നമ്മുടെ ക്രൂരതക്ക് പാത്രമായി അവര്‍ ഓരോന്നായി മരിച്ചുവീണുകൊണ്ടിരിക്കുന്നു. ഇനിയും ഈ ക്രൂരമായ മൃഗീയവിനോദം തുടരണോ?
വകുപ്പുകള്‍ തമ്മിലുളള തര്‍ക്കമായിരുന്നു ആദ്യം മൃഗശാല പൂത്തൂര്‍ക്ക് മാറ്റുന്നതിനു തടസ്സമായത്. എന്തു ന്യായമാണത്? വകുപ്പുകളുടെ മേല്‍നോട്ടം വഹിക്കാന്‍ ഇവിടെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നില്ലേ? പെന്‍ഷനും ആനുകൂല്യങ്ങളും പറ്റുന്ന മന്ത്രിമാരുണ്ടായിരുന്നില്ലേ? വകുപ്പുകളുടെ തര്‍ക്കം തീര്‍ക്കാനും ഒരുമിച്ചു കൊണ്ടുപോകാനും കഴിഞ്ഞ 17 വര്‍ഷത്തില്‍ ഇവിടെ എത്ര മുഖ്യമന്ത്രിമാര്‍ രണ്ട് മുന്നണികളുടേതുമായി ഉണ്ടായി? നിയമത്തിലെ അവ്യക്തതയാണെങ്കില്‍ പുതിയ നിയമം ഉണ്ടാക്കാന്‍ നിയമസഭ നിറയെ എം. എല്‍. എമാര്‍ ഉണ്ടായിരുന്നില്ലേ? ഇവര്‍ക്കെല്ലാം നേതൃത്വം നല്കാന്‍ ലക്ഷങ്ങള്‍ ആനുകൂല്യം പറ്റുന്ന ഗവര്‍ണര്‍മാരും നമുക്ക് ഉണ്ടായിരുന്നില്ലേ? രണ്ട് വകുപ്പുകള്‍ തമ്മിലുളള തര്‍ക്കം തീര്‍ക്കാന്‍ പറ്റാത്ത അത്രയും വികലവും ദുര്‍ബലവുമാണോ നാമെല്ലാം അഭിമാനപൂര്‍വ്വം പുകഴ്ത്തുന്ന , ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും സാക്ഷരമായ സംസ്ഥാനത്തെ ഭരണസംവിധാനം?
ഇപ്പോള്‍ വകുപ്പുകള്‍ തമ്മിലുളള തര്‍ക്കം തീര്‍ന്നതായും പറയുന്നുണ്ട്. 150 – 200 കോടിയോളം രൂപ ചെലവിടുന്ന ഈ പ്രൊജക്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തങ്ങളുടെ ഇഷ്ടന്മാര്‍ക്ക് (കമ്മീഷന്‍ ലഭ്യമാക്കുന്നവര്‍ക്ക്) കൊടുക്കാന്‍ സാധിക്കാത്തതാണ് പ്രശ്‌നം. പൊതുമേഖലാ സ്ഥാപനങ്ങളെ ഈ പണി ഏല്പിച്ചാല്‍ പലര്‍ക്കും കിമ്പളവും കൈമടക്കും കിട്ടില്ല. അതുകൊണ്ടുതന്നെ ഫയല്‍ ചുവപ്പുനാടയില്‍ കുരുങ്ങി കിടന്ന് ഉറങ്ങി, അല്ല ഉറക്കി.
പുത്തൂരില്‍ മെച്ചപ്പെട്ട സംവിധാനങ്ങളോടെ, പരമാവധി അനുകൂല ആവാസവ്യവസ്ഥ ഒരുക്കിക്കൊണ്ട് സംരക്ഷണകേന്ദ്രം സ്ഥാപിക്കാന്‍ 2012 ആഗസ്റ്റ് 28 ന് കേന്ദ്രമൃഗശാല അതോറിറ്റി അനുമതി നല്കിയതാണ്. തൊട്ടടുത്ത മാസത്തില്‍ തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി അനുമതി ലഭിക്കുന്നതിന് ധനകാര്യവകുപ്പിന് അപേക്ഷ സമര്‍പ്പിച്ച് വനംവകുപ്പ് കാത്തിരിക്കുകയാണ്. ജനകീയ സമ്മര്‍ദ്ദം മൂലം 5 കോടി രൂപ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഈ പ്രൊജക്ടിനായി നീക്കിവെച്ചിരുന്നു. ഏഴുമാസം കഴിഞ്ഞിട്ടും അനുമതി കിട്ടിയില്ല. അതുകൊണ്ടു തന്നെ ടെണ്ടര്‍നടപടികളും ആരംഭിച്ചില്ല.
ഇത്തരം ഒരു ഘട്ടത്തിലാണ് 2013 മാര്‍ച്ച് 16 ന് പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. ടെണ്ടര്‍ നടപടി പോലും പൂര്‍ത്തിയാക്കാതെ ഇത്തരം ഒരു ചടങ്ങ് സംഘടിപ്പിക്കുന്നതിലുളള അനൗചിത്യത്തെക്കുറിച്ച് സര്‍വ്വോദയ മണ്ഡലവും ഫ്രണ്ട്‌സ് ഓഫ് സൂവും മുഖ്യമന്ത്രിയെയും ബന്ധപ്പെട്ടവരെയും രേഖാമൂലം അറിയിച്ചിരുന്നതാണ്. എല്ലാം ഒരാഴ്ചയ്ക്കകം ശരിയാക്കാം എന്ന് പറഞ്ഞാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഒന്നും നടക്കുന്നില്ല എന്നുമാത്രം. മുന്‍സര്‍ക്കാരിന്റെ കാലത്തും രണ്ട് ഉദ്ഘാടന മാമാങ്കങ്ങള്‍ നടന്നു. 2007 ഡിസംബര്‍ 25 നും 2010 ജൂണ്‍ 5 നും. ഓരോ ഉദ്ഘാടനമേളകള്‍ക്കും ലക്ഷങ്ങള്‍ പൊടിച്ചു. ആയിരക്കണക്കിന് നാട്ടുകാര്‍ പ്രതീക്ഷയോടെ പങ്കെടുക്കുകയും ചെയ്തു. ഒന്നും സംഭവിച്ചില്ല.
അതേസമയം പുത്തൂരിലെ നിര്‍ദ്ദിഷ്ട സ്ഥലത്തിന് ചുറ്റുമുളളതും 8 കി. മീ. ചുറ്റളവിലുളളതുമായി സ്ഥലങ്ങളെല്ലാം റിയല്‍ – എസ്റ്റേറ്റ് – ഭൂമാഫിയകള്‍ കയ്യടക്കിക്കഴിഞ്ഞു. വരാന്‍പോകുന്ന വികസനത്തിന്റെ ഗുണഫലങ്ങള്‍ പിടിച്ചെടുക്കാന്‍. ഇവിടങ്ങളില്‍ ജനിച്ചു വളരുന്നവര്‍ക്ക് മൂന്നു സെന്റ് സ്ഥലം വാങ്ങി ഒരു കൂര വയ്ക്കാന്‍ പോലും കഴിയാതായി. ‘വികസന പരിപ്രേഷ്യത്തിന്റെ പ്രതീകമാണ് ഈ നിസ്സഹായരായ നാട്ടുകാര്‍. ‘

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply