തടയാനാകുമോ മോദിയുടെ പടയോട്ടം?
ലോകസഭാതെരഞ്ഞെടുപ്പ് ആസന്നമായതോടെ വിജയം അത്രയെളുപ്പമല്ല എന്നു മനസ്സിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെങ്ങുമുള്ള തന്റെ പടയോട്ടം ആരംഭിച്ചിരിക്കുകയാണ്. സമീപകാലത്തുനടന്ന നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങളും ലോകസഭാ തെരഞ്ഞെടുപ്പു സര്‍വ്വേഫലങ്ങളും അദ്ദേഹത്തേയും പാര്‍ട്ടിയേയും ഞെട്ടിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ നുണപ്രചരണങ്ങളുമായാണ് അ്‌ദ്ദേഹം പടയോട്ടം ആരംഭിച്ചിരിക്കുന്നത്. ആക്രമണത്തിന്റ കുന്തമുന തിരിച്ചിരിക്കുന്നത് സ്വാഭാവികമായും കോണ്‍ഗ്രസ്സിനു നേരെതന്നെയാണ്. കേരളത്തില്‍ സിപിഎമ്മിനെ കടന്നാക്രമിച്ചപോലെ മറ്റു പാര്‍ട്ടികള്‍ക്ക് ശക്തിയുള്ളയിടങ്ങളില്‍ അവരേയും അദ്ദേഹം ആക്രമിക്കുന്നു. അതേസമയം തങ്ങള്‍ തമിഴരാണെന്നും ഹിന്ദുക്കളല്ല എന്നും മുദ്രാവാക്യമുയര്‍ത്ത് തമിഴ് ജനത മോദിയെ പ്രതിരോധിക്കുന്ന കാഴ്ചയും കണ്ടു. തങ്ങള്‍ […]
ലോകസഭാതെരഞ്ഞെടുപ്പ് ആസന്നമായതോടെ വിജയം അത്രയെളുപ്പമല്ല എന്നു മനസ്സിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെങ്ങുമുള്ള തന്റെ പടയോട്ടം ആരംഭിച്ചിരിക്കുകയാണ്. സമീപകാലത്തുനടന്ന നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങളും ലോകസഭാ തെരഞ്ഞെടുപ്പു സര്‍വ്വേഫലങ്ങളും അദ്ദേഹത്തേയും പാര്‍ട്ടിയേയും ഞെട്ടിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ നുണപ്രചരണങ്ങളുമായാണ് അ്‌ദ്ദേഹം പടയോട്ടം ആരംഭിച്ചിരിക്കുന്നത്. ആക്രമണത്തിന്റ കുന്തമുന തിരിച്ചിരിക്കുന്നത് സ്വാഭാവികമായും കോണ്‍ഗ്രസ്സിനു നേരെതന്നെയാണ്. കേരളത്തില്‍ സിപിഎമ്മിനെ കടന്നാക്രമിച്ചപോലെ മറ്റു പാര്‍ട്ടികള്‍ക്ക് ശക്തിയുള്ളയിടങ്ങളില്‍ അവരേയും അദ്ദേഹം ആക്രമിക്കുന്നു. അതേസമയം തങ്ങള്‍ തമിഴരാണെന്നും ഹിന്ദുക്കളല്ല എന്നും മുദ്രാവാക്യമുയര്‍ത്ത് തമിഴ് ജനത മോദിയെ പ്രതിരോധിക്കുന്ന കാഴ്ചയും കണ്ടു.
തങ്ങള്‍ ദേശഭക്തിയേയും ദേശസ്‌നേഹത്തേയും കുറിച്ച് സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഒരു കുടുംബത്തെ കുറിച്ചാണ് ചിന്തിക്കുന്നതെന്നാണ് മോദിയുടെ പ്രധാന ആരോപണം. പോയ നാലരവര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്തു ദേശഭക്തിയും ദേശസേവനവുമാണ് ഉണ്ടായിട്ടുള്ളത്? ദേശസേവനം എന്നാല്‍ ദേശത്തിന്റെ അതിരുകളെ സേവിക്കലോ അതിരുകള്‍ക്കുള്ളിലെ ജനങ്ങളെ സേവിക്കലോ എന്നതാണ് പ്രശ്‌നം. ഒരു വശത്ത് വര്‍ഗ്ഗീയ വികാരം ഇളക്കിവിട്ട് കൃത്രിമമായ ദേശഭക്തി സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് ജനങ്ങളുടെ ജീവിതം ദുരിതമയമാകുകയായിരുന്നു എന്നതല്ലേ സത്യം? ബീഫിന്റെ പേരിലും മസ്ജിദിന്റെ പേരിലും മറ്റു പലതിന്റെ പേരിലും മുസ്ലിംവിഭാഗത്തെ പ്രതിസ്ഥാനത്തു നിര്‍ത്തി ദേശഭക്തി സൃഷ്ടിക്കുക എന്ന സ്ഥിരം തന്ത്രം ഇപ്പോഴും മോദിയും കൂട്ടരും കൈവിട്ടിട്ടില്ല. ഒപ്പം തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ഭരണഘടനാ മൂല്യങ്ങളെ പോലും അട്ടിമറിച്ച് സാമ്പത്തിക സംവരണവും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. ജനാധിപത്യത്തേയും ഫെഡറലിസത്തേയും മതേതരത്വത്തേയും സാമൂഹ്യനീതിയയും നിരന്തരമായി വെല്ലുവിളിച്ചാണ് അദ്ദേഹം ദേശഭക്തിയെ കുറിച്ച് പറയുന്നത്. മറുവശത്ത് നോട്ടുനിരോധനം, ജി എസ് ടി പോലുള്ള നടപടികളിലൂടെ ജനജീവിതം ദുരിതമാക്കിയിരിക്കുന്നു. തൊഴിലില്ലാപടയുടെ എണ്ണം അനുദിനം പെരുകുന്നു. സിബിൈയേയും റിസര്‍വ്വ് ബാങ്കിനേയുമൊക്കെ വെല്ലുവിളിക്കുന്നു. അദാനിമാര്‍ക്കായി എന്തും എഴുതി കൊടുക്കുന്നു. നട്ടെല്ലൊടിഞ്ഞ കര്‍ഷകര്‍ നട്ടെല്ലുയര്‍ത്തി നിന്ന് സര്‍ക്കാരിനെ ചോദ്യം ചെയ്യാനാരംഭിച്ചിരിക്കുന്നു. ഏതാനും സൗജന്യപദ്ധതികളോടെയും വന്‍ പദ്ധതികളുടെ ഉദ്ഘാടനങ്ങളോടേയും ജനരോഷത്തെ തണുപ്പിക്കാനുള്ള ശ്രമമാണ് തന്റെ പടയോട്ടത്തില്‍ മോദി ശ്രമിക്കുന്നത്. അതിനായി എല്ലാവരുടെയും കൂടെ എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യം ഫലിക്കുമെന്നാണ് അദ്ദേഹത്തിന്റെ ധാരണ..
മറുവശത്ത് കോണ്‍ഗ്രസ്സിനെതിരെ തന്റെ സ്ഥിരം തുറുപ്പുചീട്ടും മോദി ഉപയോഗിക്കുന്നു. അത് കോണ്‍ഗ്രസ്സിലെ കുടുംബാധിപത്യത്തെ കുറിച്ചാണ്. പ്രിയങ്കയുടെ രംഗപ്രവേശനത്തോടെ ഈ ആരോപണം അദ്ദേഹം ശക്തമാക്കിയിരിക്കുന്നു. തീര്‍ച്ചയായും ഈ ആരോപണത്തില്‍ ശരിയുണ്ട്. നെഹ്‌റു കുടുംബത്തെ മാറ്റിനര്‍ത്തി കോണ്‍ഗ്രസ്സിന് മുന്നോട്ടുപോകുക എളുപ്പമല്ല. അപ്പോളും പ്രകടമായ മാറ്റങ്ങള്‍ കാണാതിരുന്നു കൂട. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ രാജീവ് ഗാന്ധി നേരിട്ടു പ്രധാനമന്ത്രിയായ സാഹചര്യമല്ലല്ലോ ഇപ്പോള്‍. സുവര്‍ണ്ണാവസരം കിട്ടിയിട്ടും പ്രധാനമന്ത്രിയാകാതെ സോണിയ മാറിനിന്നു. രാഹുലും ഏറെകാലം രാഷ്ട്രീയം പയറ്റിയാണ് കോണ്‍ഗ്രസ്സ് പ്രസിഡന്റാകാനും വേണമെങ്കില്‍ പ്രധാനമന്ത്രിയാകാനും തയ്യാറായത്. മുമ്പത്തെ രാഹുലല്ല ഇപ്പോഴത്തെ രാഹുലെന്നും അദ്ദേഹമിന്ന് ഇരുത്തം വന്ന രാഷ്ട്രീയക്കാരനാണെന്നും എതിരാളികള്‍ പോലും സമ്മതിക്കുന്നു. മോദിയെപോലെയല്ല, ആധുനിക രാഷ്ട്രീയ ചിന്തകളെ ഉള്‍ക്കൊള്ളുന്ന ഒരാളാണ് ഇന്ന് രാഹുല്‍. ഈ സാഹചര്യത്തില്‍ ഇനിയും കുടുംബാധിപത്യമെന്ന ആരോപണം വിലപോകാനിടയില്ല.
കോണ്‍ഗ്രസ് കര്‍ഷകരെ ശ്രദ്ധിക്കുന്നില്ല, അഞ്ച് വര്‍ഷം അവര്‍ കര്‍ഷകരെ ദുരിതത്തിലാക്കി, പരാജയത്തിന് വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്നു, മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ വിഭജിക്കുന്നു, സ്ത്രീകളുടെ സുരക്ഷ ഗൗരവമായി കാണുന്നില്ല, മുത്തലാഖിനെതിരെയുള്ള നിയമം പാസ്സാക്കാന്‍ അനുവദിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളും മോദി നിരന്തരമായി ഉന്നയിക്കുന്നു. 2004 മുതല്‍ 2014 വരെ രാജ്യത്ത് അഴിമതിയുടെ കുംഭകോണമായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നു. മറുവശത്ത് തങ്ങള്‍ പാവപ്പെട്ടവര്‍ക്ക് പ്രയോജനകരമായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ കൊണ്ടുവന്നു, 70 വര്‍ഷം വൈദ്യുതി എത്താതിരുന്ന ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു, സ്ത്രീകളുടെ സുരക്ഷയ്ക്കായി ശക്തമായ നിയമം കൊണ്ടുവന്നു, ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ സ്വീകരിച്ചു, കര്‍ഷകരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു, ഭരണം അഴിമതിമുക്തമാക്കി എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍.
തന്റെ പ്രസംഗപരമ്പരകളില്‍ മോദി എന്‍ഡിഎ വിരുദ്ധരാഷ്ട്രീയ സഖ്യത്തെ രൂക്ഷമായി പരിഹസിക്കുന്നു. രാഷ്ട്രീയ സഖ്യം ആദര്‍ശത്തിന്റെ പേരിലാകണം. ഇപ്പോള്‍ മോദി വിരോധത്തിന്റെ പേരിലാണ് സഖ്യം രൂപവല്‍കരിക്കുന്നത്. ഇതാദ്യമാണ് ഒരുവ്യക്തിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തുന്നത്. കോണ്‍ഗ്രസിലെ അസംതൃപ്തി മൂലം വേറിട്ടുപോയ പാര്‍ട്ടികളെല്ലാം ഇപ്പോള്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി ഒന്നിക്കുകയാണ് എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ദളിത-ഒബിസി വിരുദ്ധ മനോഭാവമാണ് കോണ്‍ഗ്രസിന്റേതെന്നും വീരബലിദാനികളെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം ആരോപിക്കുന്നത് ആരേയും ചിരിപ്പിക്കും. കണ്‍മുന്നിലെ ഫാസിസത്തെ തിരിച്ചറിഞ്ഞ് സമീപകാലത്ത് ശക്തമാകുന്ന പ്രതിപക്ഷ ഐക്യം അദ്ദേഹത്തെ വിറളി പിടിപ്പിക്കുന്നു എന്നു സാരം. ഒരര്‍ത്ഥത്തില്‍ മോദി പറയുന്നത് ശരിയാണ്. ഫാസിസം എപ്പോഴും രംഗപ്രവേശം ചെയ്യുന്നത് ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചാണ്. അതിനാല്‍ തന്നെ അതിനെതിരായ ജനാധിപത്യ ഐക്യം രൂപം കൊള്ളണം. അക്കാര്യത്തില്‍ വീഴ്ച പറ്റാതിരിക്കാനും മോദിതന്നെ പറഞ്ഞപോലെ അദ്ദേഹത്തെ ഫോക്കസ് ചെയ്തുതന്നെ രംഗത്തിറങ്ങുകയുമാണ് പ്രതിപക്ഷം ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ അദ്ദേഹം പുറത്തിറക്കിവിട്ടിട്ടുള്ള അശ്വമേധത്തെ തടയാനാകൂ.
കേരളത്തിലെത്തി അനൗപചാരികമായി തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച മോദി സ്വാഭാവികമായും കോണ്‍ഗ്രസ്സിനൊപ്പം സിപിഎമ്മിനേയും കടന്നാക്രമിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ തകര്‍ക്കാനാണ് സിപിഎം ശ്രമമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ശബരിമല സംഭവവികാസങ്ങളെ വോട്ടാക്കി മാറ്റാനുള്ള ശ്രമമാണതെന്ന് വ്യക്തം. കേരളത്തില്‍ സ്ത്രീശാക്തീകരണ ചര്‍ച്ചകള്‍ സജീവമായതിനാലാവണം അതേകുറിച്ച് പറയാന്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും അവകാശമില്ല എന്നദ്ദേഹം പറഞ്ഞത്. മുത്തലാഖ് ബില്ലിനെ ഒരുമിച്ച് എതിര്‍ത്തവരാണ് അവര്‍. ഒപ്പം ഒരു വനിതാ മുഖ്യമന്ത്രിയെ സൃഷ്ടിക്കാന്‍ സിപിഎമ്മിനായോ എന്നുമദ്ദേഹം ചോദിച്ചു.
തീര്‍ച്ചയായും കുശാഗ്രബുദ്ധിമാനായ രാഷ്ട്രീയനേതാവാണ് മോദി. കൂടെ ചാണക്യനായ അമിത്ഷായും. അതിനാല്‍ തന്നെ ഇവരാരംഭിച്ചിരിക്കുന്ന പടയോട്ടം തടയുക എളുപ്പമല്ല. അതിനു പറ്റണമെങ്കില്‍ തമിഴ് നാട്ടില്‍ കണ്ടപോലെ ശക്തമായ ഹിന്ദുത്വരാഷ്ട്രീയ വിരോധവും വിശാലമായ പ്രതിപക്ഷ ഐക്യവും ആവശ്യമാണ്. അതു സാധ്യമാകുമോ എന്ന് വരുംദിനങ്ങള്‍ തെളിയിക്കു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in