ഡിങ്കിനിയുടെ മാസ് എന്‍ട്രിയില്‍ പെരുത്ത് സന്തോഷം
ദിവ്യ ദിവാകരന്‍ (2014 ല്‍ എഴുതിയത്.) സിനിമകളില്‍ എപ്പോഴും പ്രാധാന്യം നായകന് . നായിക പ്രാധാന്യമുള്ള സിനിമകള്‍ ഇറങ്ങുന്നത് വളരെ അപൂര്‍വം. ഇതെന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യത്തിനു ഒരുപാട് ന്യായീകരണങ്ങള്‍ ഉത്തരങ്ങളായി ലഭിക്കുന്നു. സ്ത്രീയുടെ ലോകം എപ്പോഴും ഇടുങ്ങിയതാണ്. പുരുഷന്റെ ലോകം വിശാലമാണ് . സ്ത്രീയുടെതിനേക്കാള്‍ വിപുലമായ അനുഭവസമ്പത്ത് പുരുഷനുണ്ട്. അതുകൊണ്ട് തന്നെ അവനെ കേന്ദ്രീകരിച്ചു കഥകള്‍ ഉണ്ടാകുന്നു. സിനിമകള്‍ ഉണ്ടാകുന്നു. അങ്ങനെയങ്ങനെ.. ശരി .. ശരി … സമ്മതിച്ചിരിക്കുന്നു . പക്ഷെ എന്റെ സംശയം അതല്ല . […]
ദിവ്യ ദിവാകരന്‍ (2014 ല്‍ എഴുതിയത്.)
സിനിമകളില്‍ എപ്പോഴും പ്രാധാന്യം നായകന് . നായിക പ്രാധാന്യമുള്ള സിനിമകള്‍ ഇറങ്ങുന്നത് വളരെ അപൂര്‍വം. ഇതെന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യത്തിനു ഒരുപാട് ന്യായീകരണങ്ങള്‍ ഉത്തരങ്ങളായി ലഭിക്കുന്നു. സ്ത്രീയുടെ ലോകം എപ്പോഴും ഇടുങ്ങിയതാണ്. പുരുഷന്റെ ലോകം വിശാലമാണ് . സ്ത്രീയുടെതിനേക്കാള്‍ വിപുലമായ അനുഭവസമ്പത്ത് പുരുഷനുണ്ട്. അതുകൊണ്ട് തന്നെ അവനെ കേന്ദ്രീകരിച്ചു കഥകള്‍ ഉണ്ടാകുന്നു. സിനിമകള്‍ ഉണ്ടാകുന്നു. അങ്ങനെയങ്ങനെ..
ശരി .. ശരി … സമ്മതിച്ചിരിക്കുന്നു . പക്ഷെ എന്റെ സംശയം അതല്ല . ഇന്നാട്ടില്‍ ഇറങ്ങുന്ന ബാലരമ ,ബാലമംഗളം ,ബാലഭൂമി ഇത്യാതി ബാല പ്രസിദ്ധീകരണങ്ങളില്‍ മുഴുവന്‍ ആണ്‍ മൃഗങ്ങളും , ആണ്‍ കുട്ടിച്ചാത്തന്മാരും ആണ്‍ ലൊട്ടുലൊടുക്കന്‍മാരും മാത്രം നിറഞ്ഞു നില്ക്കുന്നത് എന്തുകൊണ്ടാണ് ??? കപീഷ് ,കിഷ്‌കൂ ,സൂത്രന്‍, പീലു ,തുമ്പന്‍, മീശ മാര്‍ജാരന്‍… അങ്ങനെ പോകുന്നു ആണ്‍ മൃഗ കഥാപാത്രങ്ങളുടെ പട്ടിക . പേരിനു പോലും ഒരു മൃഗ നായികയെ കാണാന്‍ കിട്ടാറില്ല . (കാലിയ കാക്ക , പെണ്ണ് ആണെന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത് . പക്ഷെ , ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഒരു സുപ്രഭാതത്തില്‍ ബാലരമ വായിക്കുമ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. കാലിയ പെണ്ണല്ല .ആണാണ് ! ) ഇതെന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ചോദിച്ചാല്‍ ബാല പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാരെങ്കിലും ഉത്തരം തരുമോ എന്ന് അറിയില്ല. എന്തായാലും ആണ്‍ മൃഗങ്ങള്‍ക്ക് പെണ്‍ മൃഗങ്ങളെക്കാള്‍ അനുഭവ സമ്പത്ത് കൂടുതലുണ്ട്, അവരുടെ ലോകം വിശാലമാണ് , പെണ്‍ മൃഗങ്ങളെല്ലാം വീട്ടില്‍ ചട്ടിയും കലവും കഴുകി ഇരിക്കുന്നത് കൊണ്ടാണ് അവര്‍ക്ക് കഥകളില്‍ ഇടം കിട്ടാതെ പോകുന്നത് എന്നൊന്നും ആരും വാദിക്കില്ലെന്നു പ്രതീക്ഷിക്കുന്നു.
മൃഗങ്ങളുടെ കാര്യവും പോട്ടെ … ഡിങ്കന്‍, മായാവി ,വിക്കി ,ലുട്ടാപ്പി ,പുട്ടാലൂ ……. ഇത്യാതി അത്ഭുദ സൃഷ്ടികള്‍ക്കിടയില്‍ പോലും ഒരു സീറ്റ് പെണ്ണിന് വേണ്ടി സംവരണം ചെയ്തിട്ടില്ല . സങ്കല്പ സൃഷ്ടികള്‍ മാത്രമായ ഈ ജീവികളുടെ ലോകത്തും ഒന്ന് ചാടിയാല്‍ യൂട്രസ് സ്ലിപ് ആകുന്ന പെണ്ണുങ്ങള്‍ ആണുള്ളതെന്നും അതുകൊണ്ടാണ് അവരെ പരാക്രമങ്ങള്‍ കാണിക്കാനോ കുന്തത്തില്‍ കയറാനോ അനുവദിക്കാത്തത് എന്നും രജത്കുമാരാന്‍മാര്‍ പറയുമോ ആവോ ?
അപ്പോള്‍ …. മനുഷ്യ സ്ത്രീയുടെ മേല്‍ ആരോപിക്കപ്പെടുന്ന ‘ബയോളജിക്കല്‍ പരിമിതികള്‍’ കൊണ്ടല്ല പെണ്‍വര്‍ഗം മൊത്തത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്നത് എന്ന് ഇതില്‍ നിന്നും വ്യക്തം . പെണ്ണിന്റെ കഴിവ് കേടോ ആണിന്റെ കഴിവ് കൂടുതലോ അല്ല കാരണം . സമൂഹത്തിനു മൊത്തത്തില്‍ ‘ആണോമാനിയ’ എന്ന മനോരോഗമാണ് . (‘മെയിലോ മാനിയ’ എന്ന വാക്ക് ഉപയോഗിക്കുന്നില്ല .കാരണം ‘കിംഗ് ‘ സിനിമയിലെ മമ്മൂട്ടി കഥാപാത്രം പറയുന്ന ‘മെഗലോമാനിയ ‘ യായി അത് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട് . ‘നീയൊരു പെണ്ണാണ് , വെറും പെണ്ണ് . ഇനി ഒരു ആണിന്റെ നേരെയും നിന്റെ ഈ കൈ പൊങ്ങരുത് ‘ എന്നൊക്കെ നായകന്‍ ആക്രോശിക്കുന്നത് കാണുമ്പോള്‍ ഈ ‘മെഗലോ മാനിയ’ തന്നെയല്ലേ ‘മെയിലോ മാനിയ’ – അതു താനല്ലയോ ഇത് – എന്ന് വര്‍ണ്യത്തിലാശങ്ക തോന്നാനും സാധ്യതയുണ്ട് .) ഇന്ന് വരെ ആരും കണ്ടിട്ടില്ലാത്ത ദൈവത്തെ പോലും ആണാക്കി വച്ചിരിക്കുന്നത് ഈ ആണോ മാനിയ രോഗം കൊണ്ട് മാത്രമാണ് . ഹിന്ദു ,ക്രിസ്ത്യന്‍ ,മുസ്ലിം മതങ്ങളിലെ പുരുഷാധിപത്യം സഹിക്കവയ്യാതെ ചില FB പെണ്ണുങ്ങള്‍ കൂട്ടമായി ‘ഡിങ്കോയിസ’ ത്തില്‍ ചേര്‍ന്നിട്ടുണ്ട്.
എന്നാല്‍ അവിടെയും ദൈവം ‘ആണ് ‘തന്നെ . ഒരു ഡിങ്കി ഭഗവതിയെ ആരാധിക്കാമെന്നു ഒരുത്തിയും മോഹിക്കേണ്ട .
ബൈബിളിലും ഖുറാനിലും രാമായണത്തിലുമുള്ള അതേ പുരുഷാധിപത്യ മൂല്യങ്ങള്‍ തന്നെയാണ് ‘വിശുദ്ധ ബാലമംഗളത്തിലും’ ഉള്ളതെന്ന് അഞ്ചു വയസ്സ് മുതല്‍ ബാലമംഗളം വായിച്ചിട്ടുള്ള ആര്‍ക്കും അറിയാം . ശിക്കാരി ശംഭു ,ജമ്പന്‍, ഗരുഡ് ,തലമാറട്ടെ ദാമു, ശുപ്പാണ്ടി ,പപ്പൂസ് , മല്ലനുണ്ണി, തുടങ്ങിയ പുരുഷ കേസരികളുടെ ഇടയില്‍ തതുല്യരായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകാത്തത് എന്ത് കൊണ്ട് എന്ന് ചോദിക്കാന്‍ തന്നെ അവകാശം ഉണ്ടോ എന്നറിയില്ല . പിന്നെ വേണമെങ്കില്‍ പെണ്ണുങ്ങള്‍ക്ക് സമാധാനിക്കാന്‍ വേണ്ടി രാജുവിന്റെ നിഴലായി ഒരു രാധയും കുട്ടൂസന്റെ നിഴലായി ഒരു ഡാകിനിയും ഉണ്ട് . തന്റേടത്തോടെ ജീവിച്ചിരുന്ന കുറെ പെണ്ണുങ്ങളെ കത്തോലിക്കാ സഭ, ദുര്‍മന്ത്രവാദിനികള്‍ എന്ന് വിളിച്ച് ചുട്ട് കൊന്നത് കൊണ്ട് ,മന്ത്രവാദിനികള്‍ക്ക് ചരിത്രത്തില്‍ നിഷേധിക്കാനാവാത്ത ഒരു സ്ഥാനമുണ്ട് . അവരുടെ ആ രക്തസാക്ഷിത്വങ്ങള്‍ കൊണ്ട് മാത്രമാകാം ഡാകിനി അമ്മൂമ്മക്ക് ബാലരമയില്‍ ഒരു ഇടം കിട്ടിയത് .
അപ്പോള്‍ പറഞ്ഞു വന്നത് ഇതാണ്. ഫെമിനിസ്റ്റ് റീഡിങ്ങും പെണ്ണെഴുത്തുമൊക്കെ ആദ്യം തുടങ്ങേണ്ടത് പോസ്റ്റ് മോഡേണ്‍ നോവലുകളിലും ബുദ്ധി ജീവി കൃതികളിലും ഒന്നുമല്ല, ദേ…. ഇമ്മാതിരി ബാല പ്രസിദ്ധീകരണങ്ങളിലാണ് . കാരണം ഈ കഥകളൊക്കെ വായിക്കുന്ന ഓരോ കുട്ടിയുടെയും അബോധമനസ്സില്‍ രൂപപ്പെടുന്നത് ഈ പ്രപഞ്ചത്തിന്റെ കേന്ദ്രം തന്നെ ആണ്‍വര്‍ഗമാണ് എന്ന ധാരണയാണ് . ആണ്‍ കുട്ടിയില്‍ ആധിപത്യ മനോഭാവവും പെണ്‍കുട്ടിയില്‍ വിധേയത്വ മനോഭാവവും ചെറുപ്പം മുതലേ ഉണ്ടാക്കുന്നതില്‍ ഈ പ്രസിദ്ധീകരണങ്ങള്‍ക്കും ഒരു പങ്കില്ലേ ? കുട്ടികളൊന്നും ഇപ്പോള്‍ വായിക്കാറില്ല . അവര്‍ കാര്‍ടൂണ്‍ ചാനലുകള്‍ക്ക് മുന്നിലാണ് എന്ന് പറയാന്‍ വരട്ടെ … ഈ കാര്‍ടൂണ്‍ ചാനലുകളിലും നിറഞ്ഞ് നില്ക്കുന്നത് ആണോമാനിയ തന്നെയല്ലേ ? ടോം ആന്‍ഡ് ജെറി മുതല്‍ കൊച്ചു ടി വി കാര്‍ടൂണുകള്‍ വരെ . പിന്നെ സൂപ്പര്‍ മാന്‍ സ്‌പൈഡര്‍ മാന്‍ ശക്തിമാന്‍ അങ്ങനെ ‘മാന്‍’ മാരുടെ മാത്രം ഒരു ലോകം . ബാല പ്രസിദ്ധീകരണങ്ങളിലെ പ്രമുഖരായ കഥാപാത്രങ്ങളും കാര്‍ടൂണ് കളായി അവതരിക്കുന്നുണ്ട്. കൊച്ചു കുട്ടികളുടെ കണ്‍ മുന്നില്‍ സൃഷ്ടിക്കപെട്ടിട്ടുള്ള ലിംഗ വിവേചനത്തിന്റെ ഈ ലോകം തകര്‍ക്കാതെ , ഇന്നാട്ടില്‍ സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ പുരുഷ സമത്വവും ഒക്കെ കൊണ്ടുവരാമെന്ന് വിചാരിക്കുന്നത് ഒരു വലിയ വിഡ്ഢിത്തം മാത്രമല്ലേ ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in