ജയരാജന്‍ പി എസ് ആകുമ്പോള്‍..

പ്രൈവറ്റ് സെക്രട്ടറിയായി ആരെ തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം മുഖ്യമന്ത്രിക്കുണ്ടെങ്കിലും ഇതല്‍പ്പം കടന്ന കയ്യായി പോയി. കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ വിഷയമായി കണ്ണൂര്‍ മോഡല്‍ അക്രമരാഷ്ട്രീയം മാറിയ സാഹചര്യത്തിലാണ് കണ്ണൂരില്‍ നിന്നുതന്നെയുള്ള മുതിര്‍ന്ന നേതാവ് എം വി ജയരാജനെ പി എസ് ആക്കാനുള്ള തീരുമാനം മുഖ്യമന്ത്രി എടുത്തിരിക്കുന്നത്. വേണ്ടിവന്നാല്‍ പോലീസ് സ്‌റ്റേഷനിലടക്കം ബോംബുണ്ടാക്കുമെന്നു പ്രഖ്യാപിക്കുകയും സ്റ്റേഷന്റഎ മതിലെടുത്തു ചാടുകയും പ്രകോപനപരമായ രീതിയില്‍ പ്രസംഗിക്കുകയും ചെയ്യുന്ന ഒരാളാണ് ജയരാജന്‍. പാര്‍ട്ടിയില്‍തന്നെ ഈ പദവിക്കനുയോജ്യരായി എത്രയോ പേരുള്ളപ്പോള്‍ ഈ തെരഞ്ഞെടുപ്പ് ഭരണത്തില്‍ […]

m v

പ്രൈവറ്റ് സെക്രട്ടറിയായി ആരെ തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം മുഖ്യമന്ത്രിക്കുണ്ടെങ്കിലും ഇതല്‍പ്പം കടന്ന കയ്യായി പോയി. കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ വിഷയമായി കണ്ണൂര്‍ മോഡല്‍ അക്രമരാഷ്ട്രീയം മാറിയ സാഹചര്യത്തിലാണ് കണ്ണൂരില്‍ നിന്നുതന്നെയുള്ള മുതിര്‍ന്ന നേതാവ് എം വി ജയരാജനെ പി എസ് ആക്കാനുള്ള തീരുമാനം മുഖ്യമന്ത്രി എടുത്തിരിക്കുന്നത്. വേണ്ടിവന്നാല്‍ പോലീസ് സ്‌റ്റേഷനിലടക്കം ബോംബുണ്ടാക്കുമെന്നു പ്രഖ്യാപിക്കുകയും സ്റ്റേഷന്റഎ മതിലെടുത്തു ചാടുകയും പ്രകോപനപരമായ രീതിയില്‍ പ്രസംഗിക്കുകയും ചെയ്യുന്ന ഒരാളാണ് ജയരാജന്‍. പാര്‍ട്ടിയില്‍തന്നെ ഈ പദവിക്കനുയോജ്യരായി എത്രയോ പേരുള്ളപ്പോള്‍ ഈ തെരഞ്ഞെടുപ്പ് ഭരണത്തില്‍ കണ്ണൂരിന്റെ സ്വാധീനം കൂടുതല്‍ ഉറപ്പിക്കാനാണെന്നു വ്യക്തം. തീര്‍ച്ചയായും കണ്ണഊരിലും കേരളമെമ്പാടും സമാധാനം പുനസ്ഥാപിക്കാന്‍ ഗുണകരമാകില്ല ഈ തീരുമാനമെന്നു വ്യക്തം.
ഒരര്‍ത്ഥത്തില്‍ ഇത് സ്വാഭാവികം മാത്രം. സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്ന, പിന്നീട് പാര്‍ട്ടി വിട്ട ഒരാള്‍ കഴിഞ്ഞ ദിവസം പറഞ്ഞതു കേട്ടു ഞെട്ടിപ്പോയി. പുറത്തേക്ക് എന്തുപറഞ്ഞാലും കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം കേരളമാകെ വ്യാപിപ്പിക്കാനാണ് പാര്‍ട്ടിക്കു താല്‍പ്പര്യമെന്ന്. പാര്‍ട്ടിക്കകത്തെ രഹസ്യസര്‍ക്കുലറുകളില്‍ കണ്ണൂരിലെ അക്രമങ്ങള്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്കു സഹായകരമാണെന്നാണ് വിലയിരുത്തലത്രെ. ബിജെപി അത്തരമൊരു നിലപാടിലാണെന്നത് പരസ്യമായ രഹസ്യമാണ്. ഇപ്പോള്‍ പ്രത്യകിച്ചും. അക്രമത്തിന്റെ പേരില്‍ സമൂഹം രണ്ടായി വിഭജിക്കപ്പെടുന്നത് ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യുമെന്നതാണ് വസ്തുത. നഷ്ടമുണ്ടാകുക മറ്റു പാര്‍ട്ടികള്‍ക്കായിരിക്കും. ആ നഷ്ടം തടയാനാണ് കോണ്‍ഗ്രസ്സും ലീഗുമൊക്കെ കണ്ണൂരില്‍ ഈ വഴിതന്നെ തെരഞ്ഞെടുക്കുന്നത്. ചുരുക്കത്തില്‍ കണ്ണൂരിലെ സമാധാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ്. കഴിയുമെങ്കില്‍ കേരളം മുഴുവന്‍ കണ്ണൂര്‍ വ്യാപിപ്പിക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. അതിന്റെ സൂചനതന്നെയാണ് ഈ നിയമനവും. ആലപ്പുഴയിലും പാലക്കാടും തൃശൂരുമൊക്കെ ആ പാതയിലാണുതാനും. അവസാനമിതാ സിപിഎം യുവനേതാവ് ഷംസീറിനെതിരേയും കൊലവിളിയുയര്‍ന്നിരിക്കുന്നു. കഴിഞ്ഞില്ല, മുഖ്യമന്ത്രിയുടെ ഹൈദരബാദ് സന്ദര്‍ശനത്തിനെതിരേയും.
അവസാനമായിതാ മുഖ്യമന്ത്രിയുടേയും ബിജെപി അധ്യക്ഷന്‍ കുമ്മനത്തിന്‍രേയും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. മുഖ്യമന്ത്രിക്ക് നാല് കമാന്‍ഡോകളെ കൂടി ഉള്‍പ്പെടുത്തി സുരക്ഷ സംഘത്തെ വിപുലീകരിക്കുന്നു. ആര്‍.എസ്.എസ് ഉള്‍പ്പടെയുള്ള സംഘടനകളില്‍ നിന്ന് ഭീഷണിയുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് അധിക സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഉജ്ജയിനിലെ ആര്‍എസ്എസ് പ്രാദേശിക നേതാവ് കുന്ദന്‍ ചന്ദ്രാവത് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചതും മംഗളൂരു സന്ദര്‍ശിക്കുന്നതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചതുമാണ് സുരക്ഷാ വര്‍ദ്ധനവിനു കാരണമായത്. സ്വാഭാവികമായും അതിന്റെ പ്രതിഫലനം മറുഭാഗത്തും കാണുമല്ലോ.
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി പ്രസംഗം നടത്തിയ ആര്‍.എസ്.എസ് നേതാവിനെതിരെ സംസ്ഥാന പൊലീസ് കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടരി കോടിയേരി ആവശ്യപ്പെട്ടിട്ടുണ്ട്. അതു വേണ്ടതുതന്നെ. അതേസമയം സംഭവത്തിനെതിരെ കേരളത്തിലുടനീളം നടന്ന പ്രതിഷേധങ്ങലിലെല്ലാം പ്രധാന മുദ്രാവാക്യം ആര്‍ എസ് എസ് – ബി ജെ പി നേതാക്കളെ കോടിമുണ്ടു പുതപ്പിച്ചു കിടത്തുമെന്നായിരുന്നു എന്നതും മറക്കരുത്. ഇ.എം.എസ് ദിനമായ മാര്‍ച്ച് 19 മുതല്‍ എ.കെ.ജി ദിനമായ മാര്‍ച്ച് 22 വരെ ഏരിയ തലത്തില്‍ ബഹുജനസംഗമം നടത്താനാണ് പാര്‍ട്ടിതീരുമാനം. അതേസമയം തനിക്ക് കേരളത്തില്‍നിന്ന് ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചതായി ചന്ദ്രാവത് പറഞ്ഞു. എന്തായാലും കുന്ദന്‍ ചന്ദ്രാവതിനെതിരെ ആര്‍ എസ് എസ് നടപടിയെടുത്തിട്ടുണ്ട്. അത്രയും നന്ന്. എന്നാല്‍ അതിനിടയില്‍ ആലപ്പുഴയില്‍ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ക്ഷേത്രോത്സവത്തോടനുബന്ധിച്ച കലാപരിപാടി കാണാനെത്തിയ ഡിവൈഎഫ്‌ഐ ലജനത്ത് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും വലിയകുളം തൈപ്പറമ്പില്‍ നൌഷാദ്‌നദീറ ദമ്പതികളുടെ മകനുമായ മുഹസിന്‍ (19) ആണ് വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ ആലിശേരി ക്ഷേത്രപ്പറമ്പില്‍ കുത്തേറ്റ് മരിച്ചത്. നദാപുരത്ത് ഇരുകൂട്ടരും പരസ്പരം ഓഫീസുകള്‍ അക്രമിച്ചു.
സാധാരണനിലയില്‍ അണികള്‍ പ്രകോപിതരാകുമ്പോള്‍ നേതാക്കള്‍ നിയന്ത്രിക്കുകയാണല്ലോ പതിവ്. കേരളത്തില്‍ ബിജെപി, സിപിഎം കാര്യത്തില്‍ നേതാക്കള്‍ തന്നെയാണ് പ്രകോപനം സൃഷ്ടിക്കുന്നത്. മംഗ്ലൂരു സംഭവവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്റേയും പിണറായിയുടേയും വാചകങ്ങള്‍ തന്നെ ഉദാഹരണം. മംഗ്ലൂരില്‍ പോയി സുരേന്ദ്രന്‍ ആവശ്യപ്പെട്ടത് അക്രമം അഴിച്ചുവിടാന്‍ തന്നെയായിരുന്നു. പിറ്റേന്ന് അതിനു മറുപടിയായി പിണറായി വിജയന്‍ പ്രസംഗിച്ചതും മറ്റൊന്നുമായിരുന്നില്ല. കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 16 ശതമാനം വോട്ട് കിട്ടിയിട്ടുണ്ട്, എന്നാല്‍ 2 ശതമാനം മാത്രം വോട്ട് ഉണ്ടായിരുന്ന കാലത്തു അടിക്കു തിരിച്ചടിയും കൊലക്കു തിരിച്ചും കൊടുത്തിട്ടുണ്ട് എന്നാല്‍ ഇപ്പോള്‍ അടിക്കു പകരം അടിയോ കൊലക്കു പകരം കൊലയോ ഇല്ല പക്ഷെ നിങ്ങളെ ഞങ്ങള്‍ വെറുതെ വിടില്ല.. നിങ്ങള്‍ കര്‍ണാടകയില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാകും, നിങ്ങള്‍ ആന്ധ്രയില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാകും, നിങ്ങള്‍ മധ്യപ്രദേശില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാവും നിങ്ങള്‍ ദില്ലിയില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാകും – എന്നൊക്കെയായിരുന്നു സുരേന്ദ്രന്‍ തട്ടിവിട്ടത്.
പിണറായിയോ? ആര്‍.എസ്.എസിന്റെ വിരട്ട് തന്റെ മുന്നില്‍ ചെലവാകില്ലെന്നും കത്തിക്കും വടിവാളിനും നടുവിലൂടെ നടന്നുനീങ്ങിയവനാണ് താനെന്നുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. തല നേതാക്കള്‍ക്കു പണയം വെച്ച് അണഇകള്‍ക്ക് മറ്റെന്തുവേണം? മറ്റൊന്നു കൂടി പിണരായി പറഞ്ഞു. കേരളത്തില്‍ ആകെ 600 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെന്നും അതില്‍ 205 പേരും ആര്‍.എസ്.എസിന്റെ കത്തിക്ക് ഇരയായവരാണെന്നുമാണത്. ബാക്കി 395 എണ്ണത്തെ പറ്റി അദ്ദേഹം നിശബ്ദനായി. ഈ പ്രസംഗങ്ങള്‍ക്കു രണ്ടുദിവസം മുമ്പ് കണ്ണൂരില്‍ സമാധാനത്തിനായി മുഖ്യമന്ത്രിയടക്കം പങ്കെടുത്ത ഉന്നതതല ചര്‍ച്ചകള്‍ നടന്നിരുന്നു എന്നതാണ് തമാശ. ഇരുകൂട്ടരും സമാധാനം ആഗ്രഹിക്കുന്നില്ല എന്നതിനു ഇതിനേക്കാള്‍ വലിയ തെളിവു വേണോ? അതിനാല്‍ തന്നെ കണ്ണൂര്‍ ഒരു കാലത്തും ശാന്തമാകില്ല എന്നുതന്നെ ഉറപ്പിക്കാം. ഇന്ത്യയില്‍തന്നെ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനം കേരളവും ജില്ല കണ്ണൂരാണ്. അവിടെ അക്രമിച്ചതാര്, കൊല്ലപ്പെട്ടതാര് എന്ന ചോദ്യത്തിനു വലിയ പ്രസക്തിയില്ല. കാരണം അതു മാറി മാറി വരും. ഇക്കുറി ബിജെപിക്കാരനാണ് കൊല്ലപ്പെട്ടതെങ്കില്‍ അടുത്തത് സിപിഎംകാരനാകാം. പരസ്പരം കൊന്നവരുടെ പേരെഴുതി സ്‌കോര്‍ ബോര്‍ഡ് വെച്ച സംഭവവും വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ണൂരിലുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനില്‍ക്കുകയും അവയുടെ എണ്ണം പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്യുന്ന പാര്‍ട്ടികളുടെ നാടാണിത്. അവിടങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കുക എളുപ്പമല്ല. എന്തിന് തിരഞ്ഞടുപ്പില്‍ പോളിംഗ് ഏജന്റാകാന്‍ പോലും പറ്റില്ല. ബൂത്ത് പിടിക്കലും പുതുമയല്ല. അവിടെ മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങള്‍ പൂര്‍ണ്ണമായും തടയപ്പെടുന്നു. അതിനാരെങ്കിലും ശ്രമിച്ചാല്‍ ചിലപ്പോള്‍ തലപോകും. അല്ലെങ്കില്‍ ഊരുവിലക്ക്. ഇലയനങ്ങണമെങ്കില്‍ പാര്‍്ട്ടിയുടെ അനുമതി വേണം. പാര്‍ട്ടിഗ്രാമങ്ങളിലെ വിവാഹങ്ങള്‍ പോലും തീരുമാനിക്കുന്നത് നേതാക്കളാണ്. കുറച്ചു ദിവസം മുമ്പ് കണ്ണൂരില്‍ നിന്ന് ഐഎസ് ബന്ധമാരംഭിച്ച് ഏതാനും പേരെ അരസ്റ്റ് ചെയ്തപ്പോള്‍ ഒരു സീനിയര്‍ നേതാവ് പറഞ്ഞത് അത് പാര്‍ട്ടി ഗ്രാമങ്ങള്‍ തകര്‍ക്കാനുള്ള നീക്കമാണെന്നായിരുന്നു.
തീര്‍ച്ചയായും ഇതിനൊരു ആശയപരമായ അടിത്തറയുണ്ട്. ഹിന്ദുരാഷ്ട്രത്തില്‍ വിശ്വസിക്കുന്ന ബിജെപിയും വര്‍ഗ്ഗരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന സിപിഎമ്മും ഫലത്തില്‍ ഏകപാര്‍ട്ടി സര്‍വ്വാധിപത്യമാണ് ഉയര്‍ത്തിപിടിക്കുന്നത്. ഇന്ത്യയിയല്‍ ഇപ്പോഴത് സാധ്യമല്ലാത്തതിനാല്‍ ജനാധിപത്യസംവിധാന്തതിലൊക്കെ പങ്കെടുക്കുന്നു എ്ന്നു മാത്രം. എങ്കിലും ഇരുവരും തങ്ങളുടെ ആശയങ്ങളുടെ പരീക്ഷണശാലയായി കണ്ണൂരിനെ മാറ്റിയെടുക്കുകയാണ്. തലേദിവസം വരെ എതിരാളികളായിരുന്നവര്‍ പിറ്റേന്നുമുതല്‍ സഹപ്രവര്‍ത്തകരായി മാറാനും കാരണമതാണ്. ബിജെപിയില്‍ നിന്ന് സിപിഎമ്മിലെത്തിയ അതിലൊരുവന്‍ കഴിഞ്ഞ ദിവസം വര്‍ഗ്ഗീയവിഷം തുപ്പിയതും കേരളം കണ്ടു. ഇരുകൂട്ടര്‍ക്കും വളര്‍ച്ചയാണ് എന്നതിനാല്‍തന്നെ ഇതിങ്ങനെ മുന്നോട്ടുപോകുകതന്നെ ചെയ്യും. ഇരുപാര്‍ട്ടികളുടേയും സംസ്ഥാനതലത്തില്‍ കണ്ണൂര്‍ ലോബിക്കാണ് സ്വാധീനം എന്നതും ശ്രദ്ധേയം. തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനകളേയും കണ്ണൂര്‍ മോഡലില്‍ വളര്‍ത്തിയെടുക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അങ്ങനെയാണ് കലാലയങ്ങള്‍ പോലും ചെങ്കോട്ടകളും കാവികോട്ടകളുമാകുന്നത്. മാര്‍ക്‌സിനെ കുറിച്ചോ വിവേകാനന്ദനെ കുറിച്ചോ അല്ല ചെഗ്വരയേയും ഭഗത് സിംഗിനേയും കുറിച്ചാണ് വിദ്യാര്‍ത്ഥികള്‍ സംസാരിക്കുന്നത്. ഗാന്ധിയും അംബേദ്കറുമൊക്കെ ഇരുകൂട്ടര്‍ക്കും അപ്രിയരാണുതാനും. ഒരു വശത്ത് ഹൈന്ദവഫാസിസവും മറുവശത്ത് രാഷ്ട്രീയഫാസിസവും ഉയര്‍ത്തിപിടിക്കുന്ന ജനാധിപത്യവിരുദ്ധശക്തികളാണ് ഏറ്റുമുട്ടുന്നത്. മാത്രമല്ല ഒരു കൊല ശരിയും മറ്റെ കൊല തെറ്റുമാണെന്നു പറയുന്ന, അടിമത്തം ആന്തരവല്‍ക്കരിച്ചവരുടെ എണ്ണം കൂടുന്നതും ഈ കൊലകള്‍ക്ക് ശക്തിയേകുന്നു. അവരില്‍ ബുദ്ധിജീവികളും പുരോഗമവാദികളുമായി നടിക്കുന്നവരും നിരവധിയാണ്. അങ്കചേകവന്മാരിലും സര്‍ക്കസിലും കളരിയിലുമൊക്കെ ഇതിന്റെ ഉത്ഭവം തിരയുന്ന നരവംശ ഗവേഷകരുണ്ട്. കളരികളിലും നടന്നിരുന്നത് ഇത്തരത്തിലുള്ള ബലികളാണല്ലോ. കൊല്ലപ്പെടുന്നവരെല്ലാം, ഏതു പാര്‍ട്ടിയായാലും പിന്നോക്കക്കാരാണെന്ന വസ്തുതയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടുന്നവരില്‍ ഒരുകൂട്ടര്‍ കേന്ദ്രത്തിലും ഒരു കൂട്ടര്‍ സംസ്ഥാനത്തും ഭരണത്തിലുമാണെന്നതാണ് ഏറ്റവംു വലിയ രാഷ്ട്രീയദുരന്ത്. എന്നിട്ടും ഇരുകൂട്ടരും പരസ്പരമാക്രോശിച്ച് അക്രമത്തിന്റെ പാത തുടരുകയാണ്. കാരണം അതാണ് ഇരുകൂട്ടരുടേയും വളര്‍ച്ച എന്നതുതന്നെ. അവിടെയാണ് രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന തിരി്ചചറിവിന്റെ പ്രസക്തി. ഒരു ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അര്‍ഹത ഇരുകൂട്ടര്‍ക്കുമില്ല എന്ന തിരിച്ചറിവാണ് ഇപ്പോള്‍ മലയാളിക്കു വേണ്ടത്. ഈ ഫാസിസ്റ്റ് സംഘടനകളെ ഒറ്റപ്പെടുത്താന്‍ തയ്യാറാകുകയാണ് ഇപ്പോള്‍ ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply