ജനാധിപത്യസംഗമം : ഫാസിസത്തിനെതിരെ ജനാധിപത്യശക്തികളുടെ ഐക്യവേദി

പ്രൊഫ സാറാജോസഫ് (ചെയര്‍ പേഴ്‌സന്‍) സജീവന്‍ അന്തിക്കാട് (കണ്‍വീനര്‍) ഇന്ത്യയിലെ ജനാധിപത്യ മതേതര രാഷ്ട്രീയക്രമം, നാളിതുവരെയില്ലാത്ത വിധം, നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അനവധി ഭാഷകളും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും മതങ്ങളും ജാതികളും വംശീയതകളും രാഷ്ട്രീയ സംഘടനകളും കൊണ്ട് അങ്ങേയറ്റം ബഹുസ്വരതയാര്‍ന്നതും ബൃഹത്തുമാണ് നമ്മുടെ മതേതര ജനാധിപത്യ സമൂഹം. ഈ ബഹുസ്വരജനാധിപത്യക്രമത്തിനു നേരെയാണ് അതിനുള്ളില്‍നിന്നുതന്നെ ഭൂരിപക്ഷ ഹിന്ദു സമൂഹത്തിന്റെ മറവില്‍, 30 -35 ശതമാനം വോട്ടിന്റെ ബലത്തില്‍ അധികാരം കയ്യടക്കി ആധിപത്യത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ്ണ […]

ddപ്രൊഫ സാറാജോസഫ് (ചെയര്‍ പേഴ്‌സന്‍) സജീവന്‍ അന്തിക്കാട് (കണ്‍വീനര്‍)

ഇന്ത്യയിലെ ജനാധിപത്യ മതേതര രാഷ്ട്രീയക്രമം, നാളിതുവരെയില്ലാത്ത വിധം, നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അനവധി ഭാഷകളും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും മതങ്ങളും ജാതികളും വംശീയതകളും രാഷ്ട്രീയ സംഘടനകളും കൊണ്ട് അങ്ങേയറ്റം ബഹുസ്വരതയാര്‍ന്നതും ബൃഹത്തുമാണ് നമ്മുടെ മതേതര ജനാധിപത്യ സമൂഹം. ഈ ബഹുസ്വരജനാധിപത്യക്രമത്തിനു നേരെയാണ് അതിനുള്ളില്‍നിന്നുതന്നെ ഭൂരിപക്ഷ ഹിന്ദു സമൂഹത്തിന്റെ മറവില്‍, 30 -35 ശതമാനം വോട്ടിന്റെ ബലത്തില്‍ അധികാരം കയ്യടക്കി ആധിപത്യത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ്ണ ഫാസിസ്റ്റു ശക്തികള്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വോട്ടര്‍മാരില്‍ 60 ശതമാനത്തിലധികവും ഈ ശക്തികള്‍ക്കെതിരാണെങ്കിലും പൊതുവില്‍ ജനാധിപത്യശക്തികള്‍ക്കിടയില്‍ നിലവിലുള്ള അനൈക്യത്തെ ഉപയോഗപ്പെടുത്തി 2019-ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും കേവലഭൂരിപക്ഷം നേടി അധികാരമുറപ്പിക്കാനും, ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഇന്ത്യന്‍ മതേതര ജനാധിപത്യത്തെ ഹിന്ദുത്വഫാസിസ്റ്റു സമ്പ്രദായത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഈ അവസ്ഥയുടെ ഗുരുതരസ്വഭാവം മനസ്സിലാക്കിക്കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ ശക്തികളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യക്രമവും സംരക്ഷിക്കുന്നതിനു സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപനം സംബന്ധിച്ച് വ്യക്തത രൂപപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെമ്പാടും ജനാധിപത്യശക്തികള്‍ ഒരുവശത്തും മതഫാസിസ്റ്റുകള്‍, സൈനികഫാസിസ്റ്റുകള്‍, കമ്മ്യുണിസ്റ്റുഫാസിസ്റ്റുകള്‍, എന്നിങ്ങനെ ജനാധിപത്യവിരുദ്ധശക്തികള്‍ മറുവശത്തുമായിക്കൊണ്ടുള്ള രാഷ്ട്രീയധ്രുവീകരണമാണ് സാമൂഹ്യപ്രക്രിയകളെ നിയന്ത്രിച്ചുകൊണ്ടിരി ക്കുന്നത്. ഇന്ത്യയിലെ അവസ്ഥയും ഏറെക്കുറെ സമാനമാണ്. ഇവിടുത്തെ മതേതര ജനാധിപത്യ ശക്തികള്‍ക്കെതിരായി അണിനിരന്നിട്ടുള്ള ഫാസിസ്റ്റുശക്തികളില്‍ സൈനികശക്തികള്‍ ഇല്ലെന്നേയുള്ളൂ. മതാധിഷ്ടിത ഫാസിസ്റ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്ന സവര്‍ണഫാസിസ്റ്റുകള്‍ തന്നെയാണ് സമകാലീന ഇന്ത്യ നേരിടുന്ന മുഖ്യ ഭീഷണി. ലോകനിലവാരത്തില്‍ മുഖ്യമതാധിഷ്ടിത ഭീഷണിയായി ഉയര്‍ന്നുവന്നിട്ടുള്ള ഇസ്ലാമികഫാസിസത്തിന്റെ ചെറിയ പ്രതിരൂപങ്ങള്‍ ഇന്ത്യയില്‍ സജീവമാണ്. അവര്‍ പ്രത്യക്ഷത്തില്‍ എടുത്തുപറയാവുന്ന ഭീഷണിയല്ലെങ്കിലും, സവര്‍ണ ഫാസിസ്റ്റുകള്‍ക്ക് കരുത്ത്പകരുന്നതില്‍ അവര്‍ വഹിക്കുന്ന രാസത്വരകത്തിന്റെ പണി ശ്രദ്ധിക്കപ്പെടേണ്ട സംഗതി തന്നെയാണ്.
മതേതരജനാധിപത്യ നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മതവിശ്വാസം പുലര്‍ത്തുകയോ മതങ്ങളുമായി ബന്ധമുള്ള സംഘടനകളിലും വേദികളിലും പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് മതഫാസിസവുമായി ബന്ധപ്പെട്ട സംഗതിയല്ല. അങ്ങിനെ നിലപാടെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ മൃദുഹിന്ദുത്വവാദികള്‍, മൃദുഇസ്ലാമിസ്റ്റുകള്‍ എന്നെല്ലാം മുദ്രകുത്തുന്നത് തെറ്റാണ്. ഹിന്ദുത്വ രാഷ്ട്രവാദവും ഇസ്ലാമികരാഷ്ട്രവാദവും ഉന്നയിക്കുമ്പോഴാണ് മതഫാസിസമാവുന്നത്. ഈ വേര്‍തിരിവ് തിരിച്ചറിയുക പ്രധാനമാണ്.
ലോകത്തിലെന്നപോലെ ഇന്ത്യയിലും കമ്മ്യൂണിസ്റ്റ്ഫാസിസ്റ്റുകള്‍ ഒരു ഭീഷണിയല്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവ പങ്കാളികളാകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഗ്രൂപ്പുകളും ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു എന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ടെങ്കിലും അവരില്‍ പ്രമുഖവിഭാഗങ്ങള്‍, ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നു എന്നു പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ ജനാധിപത്യം ബൂര്‍ഷ്വാ ജനാധിപത്യമാണെന്നും അതു തച്ചുതകര്‍ക്കേണ്ടതാണെന്നും ലക്ഷ്യപ്രഖ്യാപനം നടത്തുന്ന വരാണ്. അവര്‍ തങ്ങളുടെ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യവും പാര്‍ട്ടി സ്വേച്ഛാധിപത്യവും പോലുള്ള ഫാസിസ്റ്റു നിലപാടുകള്‍ അടിസ്ഥാനപരമായി തിരുത്താത്തിടത്തോളം കാലം അത്തരക്കാരുടെ സ്ഥാനം ജനാധിപത്യവിരുദ്ധ ശക്തികളുടെ കൂടെ തന്നെയാണ്.
ജനാധിപത്യത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമായി കാണുന്ന പല രാഷ്ട്രീയപാര്‍ട്ടികളും അധികാരം പങ്കിടാനുള്ള ഒരു ഉപാധി മാത്രമായിട്ടാണ് അതിനെ പരിഗണിക്കുന്നത്. ജനാധിപത്യം വെറുമൊരു ഭരണകൂടരൂപം മാത്രമല്ലെന്നും മനുഷ്യസമൂഹത്തിന്റെ ആരംഭം മുതല്‍ക്കുതന്നെ അതിന്റെ ചാലകശക്തിയായി വര്‍ത്തിച്ചിട്ടുള്ളതും മനുഷ്യസമൂഹം നിലനില്‍ക്കുന്നിടത്തോളം അതിന്റെ അവിഭാജ്യഘടകമായിരിക്കുന്നതുമായ സാമൂഹ്യപ്രക്രിയയാണെന്നു മനസ്സിലാക്കിക്കൊണ്ട്, ജനാധിപ ത്യത്തെ ഒരു രാഷ്ട്രീയസംസ്‌കാരമായി കൂടി അംഗീകരിക്കുമ്പോഴേ എല്ലാത്തരം ഫാസിസ്റ്റുശക്തികളെയും മറ്റു ജനാധിപത്യ വിരുദ്ധശക്തികളെയും നേരിടാന്‍ കെല്‍പ്പുള്ള ജാഗ്രത്തായ പ്രസ്ഥാനമായി ജനാധിപത്യ ശക്തികള്‍ക്ക് വളരാനാവുകയുള്ളൂ.
ജനാധിപത്യ-മതേതര പാര്‍ട്ടികള്‍ വോട്ടുബാങ്ക് ലക്ഷ്യം വെച്ച് ജാതി-മത പ്രീണനങ്ങള്‍ നടത്തിയതും നടത്തുന്നതും ഹിന്ദുത്വഫാസിസത്തിന്റെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ട് രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹികനീതി നടപ്പിലാക്കുന്നതിനുള്ള സമരങ്ങള്‍ ഹിന്ദുത്വഫാസിസത്തിനെ തിരായ സമരത്തിന്റെ ഭാഗമാണ്. സ്ത്രീ-പുരുഷ തുല്യതയ്ക്കുവേണ്ടിയും ജാതിവിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടിയുമുള്ള എല്ലാ ശ്രമങ്ങളും അടിസ്ഥാനപരമായി ഫാസിസത്തിനെതിരാണ്.
2019 ല്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഫാസിസ്റ്റുഭീഷണിക്കെതിരായി എല്ലാ ജനാധിപത്യശക്തികളുടെയും ഐക്യം വളര്‍ത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്വം ജനാധിപത്യ ത്തിന് വേണ്ടി നിലകൊള്ളുന്ന എല്ലാവര്‍ക്കുമുണ്ട്. ഇത്തരമൊരു നിലപാടില്‍ നിന്നുകൊണ്ട് കേരളത്തിലെ സാഹചര്യത്തിന് അനുസൃതമായി എല്ലാ ജനാധിപത്യ ശക്തികളുടെയും ഒരു പൊതുവേദി രൂപീകരിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ജനാധിപത്യ മഹാ സംഗമം എന്ന പരിപാടി മുന്നോട്ടു വെക്കുന്നത്. തൃശ്ശൂര്‍ ജില്ല കേന്ദ്രമാക്കി ആദ്യത്തെ സംഗമം അടുത്ത മാര്‍ച്ചില്‍ 17 ന് തൃശ്ശൂരില്‍ നടത്താന്‍ ഉദ്ദേശി ക്കുന്നു. തുടര്‍ന്ന് എല്ലാ ജില്ലകളിലും പ്രാദേശികതലങ്ങളിലും ഇത്തരം സംഗമങ്ങള്‍ നടത്തുന്ന താണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply