ജനാധിപത്യത്തെ ഗുണപരമായി ഉയര്‍ത്തണം…

ഒരു വശത്ത് അഴിമതി, മറുവശത്ത് രാഷ്ട്രീയ ഫാസിസം, മൂന്നാമത്തേത് വര്‍ഗ്ഗീയ ഫാസിസം. കേരള നിയമസഭയിലേക്ക് ഇക്കുറി മത്സരിക്കുന്ന പ്രധാന മുന്നണികളുടെ രാഷ്ട്രീയ നിലപാടുകളെ ഏറ്റവും ചുരുക്കി ഇങ്ങനെ വിശേഷിപ്പിക്കാം. ഒപ്പം സാമുദായിക ധ്രുവീകരണവും. ഇവയെല്ലാം ജനാധിപത്യവ്യവസ്ഥക്ക് ഭീഷണിയാണെന്ന് പകല്‍ പോലെ വ്യക്തം. ഈ സാഹചര്യത്തില്‍ ഇവയില്‍ നിന്ന് ഏതു തെരഞ്ഞെടുക്കുമെന്ന് ജനാധിപത്യവിശ്വാസികള്‍ സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ? കേരളം ഭരിച്ച മന്ത്രിസഭകളില്‍ ഏറ്റവുമധികം അഴിമതി ആരോപണവിധേയമായത് ഈ മന്ത്രിസഭയണെന്നതില്‍ സംശയമില്ല. അഴിമതി ആരോപണങ്ങള്‍ ആര്‍ക്കുമുന്നയിക്കാം, എന്നാല്‍ അവ തെളിയിക്കപ്പെടുന്നതുവരെ […]

ddd

ഒരു വശത്ത് അഴിമതി, മറുവശത്ത് രാഷ്ട്രീയ ഫാസിസം, മൂന്നാമത്തേത് വര്‍ഗ്ഗീയ ഫാസിസം. കേരള നിയമസഭയിലേക്ക് ഇക്കുറി മത്സരിക്കുന്ന പ്രധാന മുന്നണികളുടെ രാഷ്ട്രീയ നിലപാടുകളെ ഏറ്റവും ചുരുക്കി ഇങ്ങനെ വിശേഷിപ്പിക്കാം. ഒപ്പം സാമുദായിക ധ്രുവീകരണവും. ഇവയെല്ലാം ജനാധിപത്യവ്യവസ്ഥക്ക് ഭീഷണിയാണെന്ന് പകല്‍ പോലെ വ്യക്തം. ഈ സാഹചര്യത്തില്‍ ഇവയില്‍ നിന്ന് ഏതു തെരഞ്ഞെടുക്കുമെന്ന് ജനാധിപത്യവിശ്വാസികള്‍ സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?
കേരളം ഭരിച്ച മന്ത്രിസഭകളില്‍ ഏറ്റവുമധികം അഴിമതി ആരോപണവിധേയമായത് ഈ മന്ത്രിസഭയണെന്നതില്‍ സംശയമില്ല. അഴിമതി ആരോപണങ്ങള്‍ ആര്‍ക്കുമുന്നയിക്കാം, എന്നാല്‍ അവ തെളിയിക്കപ്പെടുന്നതുവരെ ആരും കുറ്റവാളിയല്ല, അതിനാല്‍ മന്ത്രിസ്ഥാനമടക്കമുള്ളവ രാജിവെക്കേണ്ടതില്ല എന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ സാങ്കേതികമായി ശരിയാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ ജനാധിപത്യമര്യാദയും ധാര്‍മ്മികതയും നിലനില്‍ക്കണമെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഈ വാദം അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ പാരമ്പര്യവും ഇതല്ല. തുടര്‍ച്ചയായി അവിമതി ആരോപണങ്ങള്‍ വരുമ്പോള്‍ അതിനിരയാകുന്നവര്‍ താല്‍ക്കാലികമായെങ്കിലും മാറിനില്‍ക്കുക എന്നതാണ് ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ മൂല്യം. ഈ അധികാരമെന്നത് രാജഭരണം പോലെ പരമ്പരാഗതമായി ലഭിക്കുന്നതല്ലല്ലോ. ഒരാള്‍ മാറിനില്‍ക്കുമ്പോള്‍ മറ്റൊരാള്‍ അധികാരമേല്‍ക്കുക. അതല്ലേ ജനാധിപത്യത്തിലെ ശരി? അതു മറന്ന് ഭരിക്കാനായി മാത്രം ജനിച്ചവരാണ് തങ്ങള്‍ എന്നാണ് പല നേതാക്കളും കരുതിയിരിക്കുന്നത്. അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരായവരേയും ദശകങ്ങളായി എം എല്‍ എമാരായവരേയും ഒഴിവാക്കാനുള്ള കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ ശ്രമങ്ങളെ ഇക്കൂട്ടര്‍ ചെറുതിതുതോല്‍പ്പിച്ചതും നാം കണ്ടു. നമ്മുടെ രാഷ്ട്രീയം നേരിടുന്ന മൂല്യച്യുതി തന്നെയാണ് ഈ സംഭവങ്ങള്‍ പ്രകടമാക്കുന്നത്.
ഉമ്മന്‍ ചാണ്ടിയും കൂട്ടരും താല്‍്കകാലിക ലക്ഷ്യങ്ങള്‍ക്കായി ഇത്തരം നിലപാടെടുക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പരിശോധിക്കുന്നതേയില്ല. തങ്ങള്‍ക്കു ശേഷം പ്രളയം എന്നാണല്ലോ അവരുടെ നിലപാട്. ലോകം ഇന്നോളം പരീക്ഷിച്ച അധികാര സംവിധാനങ്ങളില്‍ മെച്ചപ്പെട്ടത് ജനാധിപത്യമാണെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നുണ്ടല്ലോ. അത്തരമൊരു വ്യവസ്ഥയുടെ കടക്കല്‍ ക്തതിവെക്കുന്നതാണ് ഇത്തരം നടപടികള്‍. അഴിമതി ജനാധിപത്യത്തിന്റെ കൂടപ്പിറപ്പാണെന്നാണ് അല്ലെങ്കില്‍ തന്നെയുള്ള പൊതുധാരണ. അതിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന സമീപനമാണിത്. ആരുഭരിച്ചാലും കണക്കാണ്, അഴിമതി മാറാന്‍ പോകുന്നില്ല എന്ന ധാരണ ശക്തമാക്കാനും ജനങ്ങളെ ജനാധിപത്യത്തില്‍ നിന്ന് അകറ്റാനുമാണ് ഇതുപകരിക്കുക. അരാഷ്ട്രീയവാദം ശക്തമാകാനുള്ള ഒരു പ്രധാന കാരണം അതാണ്. ഇതിനൊരറുതി വരുത്താതെ ജനാധിപത്യസംവിധാനം മുന്നോട്ടു പോകില്ല. അക്കര്യത്തില്‍ മുഖ്യ ഉത്തരവാദിത്തം രാഷ്ട്രീയപാര്‍ട്ടികള്‍ക്കുതന്നെയാണ്. അഴിമതിക്കാരെ മാറ്റി നിര്‍ത്തുമെന്നവര്‍ ശക്തമായ തീരുമാനമെടുക്കണം. മറുവശത്ത് ശക്തമായ നിയമനടപടികളും എടുക്കണം. ഡെല്‍ഹി സര്‍ക്കാരിനെ പോലെ ശക്തമായ അഴിമതി നിരോധന ബില്‍ പാസ്സാക്കണം. വിവരാവകാശ നിയമവും സേവനാവകാശനിയമവുമെല്ലാം ശക്തമാക്കണം. വിവരാവകാശനിയമത്തിനു കീഴില്‍ പാര്‍ട്ടികളേയും കൊണ്ടുവരണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെയടക്കം നിര്‍ദ്ദേശിക്കാന്‍ ജനങ്ങള്‍ക്കവസരം വേണം. ഒരു തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പുവരെയുള്ള കാലഘട്ടത്തില്‍ ജനപ്രതിനിധികളെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്കവകാശം ലഭിക്കണം. തിരിച്ചുവിളിക്കാനുള്ള അവകാശവും നടപ്പാക്കണം. ഇത്തരത്തില്‍ അഴിമതി തടയാനുള്ള ശക്തമായ നടപടികളെ കുറിച്ചാലോചിക്കാന്‍ ഈ തെരഞ്ഞെടുപ്പ് വേദിയാകണം. സ്വാഭാവികമായും നേതാക്കളുടെ അഴിമതിക്കുപിന്നാലെ ഉദ്യോഗസ്ഥരുടെ അഴിമതികള്‍ അവസാനിപ്പിക്കാനുമുള്ള നടപടികളും ശക്തമാക്കണം.
മറുവശത്ത് എല്‍ ഡി എഫിനു നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ പല നിലപാടുകളും ജനാധിപത്യത്തിനു സഹായകരമല്ല എന്നു പറയേണ്ടിവരും. ഏറ്റവും പ്രധാനം അക്രമരാഷ്ട്രീയം തന്നെ. രാഷ്ട്രീ എതിരാളികളെ കായികമായി നേരിടുന്ന നയം അവര്‍ അവസാനിപ്പിച്ചേ പറ്റൂ. ഇക്കാര്യത്തില്‍ ബിജെപിയും സിപിഎമ്മും പരസ്പരം പഴി വാരിയെറിയുകയാണ് ചെയ്യുന്നത്. തങ്ങളുടെ പ്രവര്‍ത്തകരാണ് കൂടുതല്‍ കൊല്ലപ്പെട്ടതെന്ന വാദം കേള്‍ക്കുന്നതുതന്നെ എത്രയോ അരോചകമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാഷ്ട്രീസംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറില്‍പരമാണ്. ആ സംഘട്ടനങ്ങളില്‍ ബഹുഭൂരിപക്ഷത്തിലും ഒരു ഭാഗത്ത് സിപിഎം തന്നെയാണ്. ഫാസിസത്തെ ജീവന്‍ കൊടുത്തും നേരിടകയാണ് തങ്ങളെന്ന വാദം എത്രയോ ബാലിശവും കാലഹരണപ്പെട്ടതുമാണ്. ഫാസിസത്തെ നേരിടേണ്ടത് ജനാധിപത്യപരമായാണ്. ബലപ്രയോഗം ഫാസിസത്തെ വളര്‍ത്തുകയേ ഉള്ളു എന്നതിന് കേരളം തന്നെ ഉദാഹരണമാണ്. അടിസ്ഥാനപരമായി ജനാധിപത്യസംവിധാനത്തെ അംഗീകരിക്കാത്തവരാണല്ലോ കമ്യൂണിസ്റ്റുകാര്‍. ഏകപാര്‍ട്ടി ഭരണം ലക്ഷ്യമാക്കുന്ന അവര്‍ ജനാധിപത്യസംവിധാനത്തില്‍ പങ്കെടുക്കുന്നതു പാര്‍ട്ടി വളര്‍ത്താനാണ്. തങ്ങള്‍ക്ക് പൂര്‍ണ്ണ ആധിപത്യമില്ലെങ്കില്‍ ഭരണത്തില്‍ പങ്കാളിയാകില്ല എന്ന നിലപാടില്‍ നിന്ന് ജ്യേതിബാസുവിന്റെ പ്രധാനമന്ത്രിപദ സാധ്യത തള്ളിക്കളഞ്ഞതുതന്നെ ഏറ്റവും നല്ല ഉദാഹരണം. ഈ നിലപാടില്‍ നിന്നു കൊണ്ട് ജനാധിപത്യവ്യവസ്ഥയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് സ്വാഭാവികമായും അക്രമമടക്കമുള്ള നടപടികള്‍ പ്രതീക്ഷിക്കാം. പരമ്പരാഗത രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, സ്വന്തം പാര്‍ട്ടി വിട്ടുപോയി രാഷ്ട്രീപ്രവര്‍ത്തനം നടത്തുന്നവരെ പോലും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ടി പി വധം വെളിവാക്കുന്നു. അതിനുശേഷവും കെ കെ രമയോടെടുക്കുന്ന നിലപാടും നാം കാണുന്നു.
ജനാധിപത്യത്തോടുള്ള ഇരട്ടത്താപ്പവസാനിപ്പിക്കുകയാണ് പ്രധാനം. ഇടതുപക്ഷം വിഭാവനം ചെയ്യുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പായ രാജ്യങ്ങളുടെ അവസ്ഥയെല്ലാം ലോകം കണ്ടു. അതിനേക്കാള്‍ പുരോഗമനപരമായ ജനാധിപത്യത്തെ ബൂര്‍ഷ്വാജനാധിപത്യമെന്നാക്ഷേപിക്കാതെ സജീവമായി ഇടപെടുകയും ഗുണപരമായി കൂടുതല്‍ ശക്തമാക്കുകയുമാണ് ഇടതുപക്ഷം ചെയ്യേണ്ടത്. എന്നാല്‍ അത്തരം ചിന്തയൊന്നും കാണാനില്ല.
കേരളത്തില്‍ സജീവമായി രംഗത്തുള്ള എന്‍ ഡി എയെ നയിക്കുന്നത് ബിജെപിയുടെ സവര്‍ണ്ണ രാഷ്ട്രീയം തന്നെ എന്നു വ്യക്തം. ലോകം കണ്ട ഏറ്റവും ജനാധിപത്യവിരുദ്ധമായ ചാതുര്‍ വര്‍ണ്ണ്യത്തിന്റേയും ജാതിവ്യവസ്ഥയുടേയും തുടര്‍ച്ചതന്നെയാണ് ഈ സവര്‍ണ്ണ രാഷ്ട്രീയവും അതിന് ചാലകശക്തിയായ മുസ്ലിം വിരോധവും. അതേസമയം പിന്നോക്ക – ദളിത് – ആദിവാസി രാഷ്ട്രീയങ്ങളുടെ പ്രതിനിധികളായ വെള്ളാപ്പള്ളി, ടി വി ബാബും, സി കെ ജാനു തുടങ്ങിയവരെ കൂടെകൂട്ടാന്‍ അവര്‍ക്കായിട്ടുണ്ടെന്നത് നിസ്സാരകാര്യമല്ല. ഭരണഘടനതന്നെ മാറ്റി മറിക്കുന്നതിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷം എന്ന ലക്ഷ്യത്തിലേക്കു നീങ്ങുന്ന ബിജെപിക്ക് കേരളവും വളരെ പ്രധാനമാണെന്ന് അവരുടെ സമീപകാലനീക്കങ്ങള്‍ തെളിയിക്കുന്നു. ജനാധിപത്യത്തിന് ഏറ്റവും ഭീഷണിയായ ഈ സംവിധാനത്തെ തടയേണ്ടത് ജനാധിപത്യവാദികളുടെ കടമയാണ്.
തീര്‍ച്ചയായും ജനാധിപത്യസംവിധാനം നേരിടു്‌നന മറ്റൊരു ബീഷണി സാമുദായിക രാഷ്ട്രീയമാണ്. സാമൂഹ്യനീതി എന്ന ലക്ഷ്യത്തിലുറച്ചുനിന്ന് അതു നിഷേധിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടേത് ജനാധിപത്യപരമായ കടമ തന്നെയാണ്. അതേസമയം സാമുദായികമായ വോട്ടുബാങ്കുകള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ തകര്‍ക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ ജീര്‍ണ്ണതും കേരളം നേരിടുന്നു.

മറ്റൊന്ന് സാമൂഹ്യമായി പുറകില്‍ നില്‍ക്കുന്ന വിഭാഗങ്ങളെ അധികാരത്തിനു പുറത്തുന്ിര്‍ത്തുന്നതില്‍ ഇവരെല്ലാം ഒന്നിക്കുന്നു എന്നതാണ്. ഏറ്റവും പ്രധാന ഉദാഹരണം സ്ത്രീകള്‍ തന്നെ. സ്ത്രീസംവരണത്തിനായി വാദിക്കുന്നവര്‍ പോലും സ്വന്തം സ്ഥാനാര്‍ത്ഥിപട്ടികയില്‍ അവര്‍ക്ക് നല്‍കുന്നത് 10 ശതമാനത്തില്‍ താഴെ മാത്രം. മറ്റുള്ളവരുടെ കാര്യം പറയാനില്ലല്ലോ. അതുപോലെതെയാണ് ദളിത്, ആദിവാസി വിഭാഗങ്ങളെ ജനറല്‍ സീറ്റുകളില്‍ മത്സരിപ്പിക്കാതിരിക്കാന്‍ ഇവര്‍ കാണിക്കുന്ന വ്യഗ്രതയും. അതുവഴി ജനാധിപത്യം സമൂഹത്തിന്റെ അടിത്തട്ടിലെത്തുക എന്ന ഗുണപരമായ വളര്‍ച്ചയാണ് തടയപ്പെടുന്നത്. എല്ലാ വിഭാഗങ്ങളിലും പെട്ട ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം.  ദശകങ്ങളോളം അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നവരും അപകടകാരികളാണ്.

ജനാധിപത്യസംവിധാനം ഏറ്റവും ഭേദപ്പെട്ടതാണെന്നു പറയുമ്പോഴും അതിനെ ഗുണപരമായി ഉയര്‍ത്താന്‍ കഴിയില്ലെങ്കില്‍ കൂടുതല്‍ അപകടകരമാകുമെന്നതാണ് ശരി. ഫാസിസ്റ്റുകള്‍ക്കും അഴിമതിക്കാര്‍ക്കുമൊക്കെ ബാലറ്റിലൂടെതന്നെ അധികാരത്തിലെത്താന്‍ കഴിയുന്നത് അതിനാലാണ്. തമ്മില്‍ ഭേദം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതും ഗുണകരമല്ല. തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ജനാധിപത്യ സംവിധാനത്തെ ഗുണപരമായി ഉയര്‍ത്തേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം കൂടുതല്‍ മോശമായ സാമൂഹ്യസംവിധാനത്തിലേക്കായിരിക്കും കാര്യങ്ങള്‍ നീങ്ങുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply