ചെന്നിത്തല പറയുന്നപോലെയല്ലെങ്കിലും ഇതു ഭീരുത്വം തന്നെ
കണ്ണൂരിലെ പേരാവൂരിന് സമീപം നെടുംപൊയിലില്‍ ക്വാറി ഓഫീസിന് നേരെ നടന്ന മാവോവാദി ആക്രമണം ഭീരുത്വമാണെന്ന് ആഭ്യന്തരമന്ത്രി ചെന്നിത്തലയുടെ അഭിപ്രായം അദ്ദേഹം ഉദ്ദേശിച്ച രീതിയിലല്ലെങ്കിലും ശരിതന്നെ. പോലീസിനെ ഭയപ്പെട്ട് ഭീരുക്കളെപോലെ രാത്രിവന്ന് അക്രമിക്കുന്നത് ഭീരുത്വമാണ് എന്നാകാം അദ്ദേഹം ഉന്നയിച്ചത്. അതിനേക്കാളുപരി ജനങ്ങളേയും ഭരണകൂടത്തേയും മുഖാമുഖം അഭിമുഖീകരിക്കാനുള്ള ഭീരുത്വമാണ് കേരളത്തിലെ മാവോയിസ്‌റ്റുകളുടേത്. ഒന്നാമതായി മാവോ ഊന്നിയിട്ടുള്ളത് ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പിലാണ്. അതിന്റെ ഭാഗമായി സായുധസമരവുമാകാമെന്നും. അതിനുള്ള ആര്‍ജ്ജവമോ ധൈര്യമോ മാവോയിസ്‌റ്റുകള്‍ക്കുണ്ടോ? അതിന് ഇതിനേക്കാള്‍ ബുദ്ധിമുട്ടുണ്ട്. ഇതിനേക്കാള്‍ ധീരതയും രാഷ്ട്രീയബോധവും അനിവാര്യമാണ്. അതിനു […]
കണ്ണൂരിലെ പേരാവൂരിന് സമീപം നെടുംപൊയിലില്‍ ക്വാറി ഓഫീസിന് നേരെ നടന്ന മാവോവാദി ആക്രമണം ഭീരുത്വമാണെന്ന് ആഭ്യന്തരമന്ത്രി ചെന്നിത്തലയുടെ അഭിപ്രായം അദ്ദേഹം ഉദ്ദേശിച്ച രീതിയിലല്ലെങ്കിലും ശരിതന്നെ. പോലീസിനെ ഭയപ്പെട്ട് ഭീരുക്കളെപോലെ രാത്രിവന്ന് അക്രമിക്കുന്നത് ഭീരുത്വമാണ് എന്നാകാം അദ്ദേഹം ഉന്നയിച്ചത്. അതിനേക്കാളുപരി ജനങ്ങളേയും ഭരണകൂടത്തേയും മുഖാമുഖം അഭിമുഖീകരിക്കാനുള്ള ഭീരുത്വമാണ് കേരളത്തിലെ മാവോയിസ്‌റ്റുകളുടേത്.
ഒന്നാമതായി മാവോ ഊന്നിയിട്ടുള്ളത് ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പിലാണ്. അതിന്റെ ഭാഗമായി സായുധസമരവുമാകാമെന്നും. അതിനുള്ള ആര്‍ജ്ജവമോ ധൈര്യമോ മാവോയിസ്‌റ്റുകള്‍ക്കുണ്ടോ? അതിന് ഇതിനേക്കാള്‍ ബുദ്ധിമുട്ടുണ്ട്. ഇതിനേക്കാള്‍ ധീരതയും രാഷ്ട്രീയബോധവും അനിവാര്യമാണ്. അതിനു കഴിയാതെ നടത്തുന്ന ഇത്തരം നടപടികള്‍ ഒരിക്കലും സായുധസമരമല്ല. അക്രമം തന്നെ.
‘ജനങ്ങളും ആദിവാസികളും മാവോവാദികള്‍ക്ക് എതിരാണ്. പലയിടത്തായി അക്രമമോ കല്ലേറോ ഉണ്ടാക്കി അവരുടെ സാന്നിധ്യം അറിയിക്കാനാണ് മാവോവാദികള്‍ ശ്രമിക്കുന്നത്. എന്നാല്‍ ജനപിന്തുണയോടെ അതിനെ ശക്തമായി നേരിടും’ എന്നെല്ലാം ആഭ്യന്തരമന്ത്രി പറയുന്നു. മാവോയിസ്‌റ്റുകള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ അധികം പേര്‍ക്കും എതിര്‍പ്പുണ്ടാകില്ല. ആദിവാസി വിഷയമായാലും ക്വാറിയായാലും കുത്തകകളുടെ ചൂഷണമായാലുമൊക്കെ അതുതന്നെ. അത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് എത്രയോ ജനകീയ സമരങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. എന്തിനേറെ, പ്രധാനമന്ത്രിയടക്കമുള്ളവര്‍ മാവോയിസ്‌റ്റുകള്‍ പറയുന്നത് അംഗീകരിക്കുന്ന നാടാണല്ലോ ഇത്. അവരുന്നയിക്കുന്ന വിഷയങ്ങള്‍ പരിഹരിക്കാനുള്ള നടപടികളെടുക്കണമെന്ന് കേന്ദ്രം തന്നെ നിര്‍ദ്ദേശിച്ചിരുന്നു. എന്തിനേറെ, കഴിഞ്ഞ ദിവസം ചെന്നിത്തല തന്നെ വയനാട്ടില്‍ പോയി ചെയ്യാന്‍ ശ്രമിച്ചതും അതുതന്നെ. നേരത്തെ ആന്ധ്രയിലും ബീഹാറിലുമൊക്കെ ശക്തമായിരുന്ന മാവോയിസ്‌റ്റ് പ്രസ്ഥാനം ക്ഷീമിച്ചതിനു ഒരു കാരണം അവരുന്നയിക്കുന്ന വിഷയത്തില്‍ ചെറിയതോതിലെങ്കിലുമുള്ള സര്‍ക്കാര്‍ ഇടപെടലാണ്. പ്രത്യകിച്ച് ബീഹാറില്‍. ആന്ധ്രയിലും മറ്റും ഭയാനകമായ രീതിയില്‍ വ്യാജ ഏറ്റുമുട്ടലുകളും ഉപയോഗിച്ചു.
അപ്പോഴും ഒരു പ്രധാന വിഷയമുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാവോയിസ്‌റ്റുകള്‍ ജീവിതം ബലികൊടുക്കേണ്ടിവരുക എന്നത് ജനാധിപത്യസംവിധാനത്തിന് ഭൂഷണമല്ല. അവരെ സാമൂഹ്യവിരുദ്ധരെന്നാരോപിക്കുന്നതും ശരിയല്ല.
വിഷയം മാവോയിസ്‌റ്റുകളുടെ ആവശ്യങ്ങളല്ല, അവരുടെ പ്രവര്‍ത്തനരീതി തന്നെ. ലോകം ഇന്നോളം വികസിപ്പിച്ചെടുത്ത ഭരണസംവിധാനങ്ങളില്‍ താരതമ്യേന മെച്ചം ജനാധിപത്യമാണെന്നു വിശ്വസിക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനരീതി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എതാനും പേര്‍ കോണ്‍ട്രാക്ട് പോലെ ഏറ്റെടുത്ത് നടത്തേണ്ടതല്ല വിപ്ലവം. അത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട ഭരണകൂടങ്ങളെല്ലാം പിന്നീട് ഏതുവഴിക്കാണ് പോയതെന്നതിനു എത്രയോ ഉദാഹരണങ്ങള്‍ ലോകത്തുണ്ട്. ബലപ്രയോഗത്തിലൂടെ സൃഷ്ടിച്ച ഭരണകൂടങ്ങളെ നിലനിര്‍ത്താന്‍ അതിനേക്കാള്‍ ബലം പ്രയോഗിച്ച അനുഭവങ്ങളാണെന്നും. മാവോയുടെ നാട്ടില്‍ പോലും നടന്നത് മറ്റെന്താണ്? അടിസ്ഥാനപരമായി കമ്യൂണിസം നേരിടുന്ന പ്രതിസന്ധിയും ജനാധിപത്യമില്ലായ്‌മതന്നെ. മതരാഷ്ട്രമായാലും ഫ്യൂഡലിസമായാലും കമ്യൂണിസമായാലും ലോകം കണ്ട ഭരണകൂടങ്ങലേളക്കാള്‍ മെച്ചം ജനാധിപത്യം തന്നെ. അതിനര്‍ത്ഥം ജനാധിപത്യഭരണകൂടങ്ങള്‍ ജനവിരുദ്ധവും ഫാസിസ്റ്റും ആകാറില്ല എന്നല്ല. അങ്ങനെ സംഭവിക്കാറുണ്ട്. അപ്പോഴും അതിനെതിരായ മുന്നേറ്റങ്ങളും അതിനകത്തുനിന്നുതന്നെ ഉണ്ടാകാറുണ്ട്. അതിനാല്‍തന്നെ അത്തരം സംവിധാനത്തിനകത്തെ സമരങ്ങളും ജനാധിപത്യപരമായിരിക്കണം. അതിന് ജനങ്ങള്‍ക്കിടയില്‍ ക്ഷമയോടെ പ്രവര്‍ത്തിക്കാനും ജനകീയപോരാട്ടങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാനും കഴിയണം. അതിന് ഇത്തരത്തിലുള്ള അക്രമണങ്ങള്‍ക്കാവശ്യമുള്ളതിനേക്കാള്‍ ധൈര്യവും ആര്‍ജ്ജവവും വേണം. അതാണ് മാവോയിസ്‌റ്റുകള്‍ക്കില്ലാത്തത്.
അതോടൊപ്പം മറ്റൊന്നുകൂടി. അതിശക്തമായ നമ്മുടെ ഭരണകൂടത്തെ ആയുധം കൊണ്ട് തകര്‍ക്കുക നടക്കാന്‍ പോകുന്ന കാര്യമല്ല. അതിനേക്കാള്‍ സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ക്കുണ്ടെന്ന് പലപ്പോഴും തെളിഞ്ഞിട്ടുമുണ്ട്. സംഭവിക്കുക ഏതാനും ബലികള്‍. സര്‍ക്കാരും മാവോയിസ്‌റ്റുകളും അതിനു തുല്ല്യ ഉത്തരവാദികളായിരിക്കും.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in